TMJ
searchnav-menu
post-thumbnail

Outlook

ജാഗ്രത വെറുപ്പിന്റെ പര്യായമാകരുത് 

29 Dec 2025   |   6 min Read
സിദ്ധാർത്ഥ് കെ

“ഒരു മനുഷ്യനെ സ്നേഹിക്കാനായി പ്രേരിപ്പിക്കാൻ നിയമത്തിന് കഴിഞ്ഞേക്കില്ല, പക്ഷേ മനുഷ്യനെ തല്ലിക്കൊല്ലുന്നത് തടയാൻ അതിന് കഴിയും, അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.”

അമേരിക്കൻ മനുഷ്യാവകാശ പോരാളി മാർട്ടിൻ ലൂഥർ കിംഗ് 1963ല്‍ വെസ്റ്റേൺ മിഷിഗൺ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ്, മനുഷ്യരെ സംരക്ഷിക്കാൻ നിയമങ്ങൾക്കുള്ള പ്രസക്തി വ്യക്തമാക്കിയത്. അമേരിക്കയിൽ ഭരണകൂടം തന്നെ മനുഷ്യരെ അകറ്റി ഇരുത്തുകയും മനുഷ്യർക്കിടയിലെ വെറുപ്പ് കടുപ്പിക്കുകയും ചെയ്യുന്ന റേഷ്യൽ സെഗ്രിഗേഷൻ നിയമങ്ങൾ നിലനിന്നിരുന്ന കാലമാണത്. 1964ലെ പൗരാവകാശ നിയമം പ്രാബല്യത്തിൽ വരാത്ത കാലം. 1955ൽ അലബാമയിലെ മോണ്ട്ഗോമറിയിൽ ഒരു ബസ്സിൽ വെള്ളക്കാരുടെ സീറ്റിൽ ഉറച്ചിരുന്ന റോസാ പാർക്സ് എന്ന സ്ത്രീരത്നത്തെ വെറുപ്പിനാലും നിയമത്താലും പിടിച്ചു പുറത്താക്കിയിരുന്ന കാലം. നിറത്തിന്റെ പേരിൽ മനുഷ്യരെ അകറ്റിമാറ്റിയതിന് 381 ദിവസങ്ങൾ ബസ്സുകൾ ബഹിഷ്കരിച്ച് നിയമങ്ങളെ വെല്ലുവിളിച്ചിരുന്ന കാലവും അത് തന്നെയായിരുന്നു.

മാർട്ടിൻ ലൂഥർ കിംഗ് പോരാടിയിരുന്ന കാലം കഴിഞ്ഞ് ആയിരക്കണക്കിന് നിയമങ്ങൾ നിർമ്മിതമായിരിക്കുന്നു. ഇന്ത്യൻ പീനൽ കോഡിനും ക്രിമിനൽ പ്രൊസീജിയർ കോഡിനും ഇന്ത്യൻ എവിഡൻസ് ആക്റ്റിനും പകരമായി ഭാരതീയ ന്യായസംഹിതയും ഭാരതീയ നാഗരിക സുരക്ഷാസംഹിതയും ഭാരതീയ സാക്ഷ്യ അധിനിയമവും നിലവിൽ വന്നിരിക്കുന്നു. കൊലപാതകം, കരുതിക്കൂട്ടിയുള്ള നരഹത്യ, കലാപം, നിയമവിരുദ്ധമായ സംഘംചേരൽ എന്നിവയ്ക്കുള്ള ശിക്ഷ കടുപ്പിച്ചുകഴിഞ്ഞു. ഇതിനുപുറമേ ബിഎൻഎസ് സെക്ഷൻ 103(2) ആൾക്കൂട്ട കൊലപാതകത്തെയും സമാനമായ വെറുപ്പ് കൃത്യങ്ങളെയും പ്രത്യേക കുറ്റകൃത്യമായി പരിഗണിച്ച് ശിക്ഷ നൽകാനായി നിയമപരമായി തയ്യാറെടുത്തിരിക്കുന്നു. തെഹ്സീൻ പൂനെവാല v/s ഇന്ത്യൻ യൂണിയൻ എന്ന 2018ലെ കേസിൽ, ആൾക്കൂട്ട കൊലപാതകങ്ങളെ അവസാനിപ്പിക്കാനായി സുപ്രീംകോടതിയും ഇടപെട്ടിരുന്നു. ജില്ലകൾതോറും നോഡൽ ഓഫീസർമാരെ നിയമിക്കുക, ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും നീതിയും എത്രയും വേഗം വാങ്ങി നൽകുക, സാമൂഹ്യ മാധ്യമങ്ങളെ വെറുപ്പ് വേട്ടയ്ക്ക് അവസരം നൽകാത്ത വിധത്തിൽ പരിണമിപ്പിക്കുക തുടങ്ങിയ പരിഹാര നടപടികൾ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. രാജസ്ഥാൻ, പശ്ചിമബംഗാൾ, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളും, വിവിധങ്ങളായ നിയമനിർമാണങ്ങൾ ഏറ്റെടുത്ത് നടത്തിയിരുന്നു. എന്നാൽ ഇതൊക്കെ നടന്ന കാലത്ത് തന്നെയാണ് കേരളത്തിൽ ഒരു തൊഴിലാളി, പാലക്കാട് വാളയാറിൽ വച്ച്, വെറുപ്പിനാൽ സംഘടിപ്പിക്കപ്പെട്ട ആൾക്കൂട്ടത്താൽ കൊല ചെയ്യപ്പെടുന്നത്. 

മാർട്ടിൻ ലൂഥർ കിംഗ് | PHOTO : WIKI COMMONS
നിയമലംഘന പ്രസ്ഥാനത്തെയും നിസ്സഹകരണ പ്രസ്ഥാനത്തെയും ഗാന്ധി വിവക്ഷിച്ചത്, അന്യായമായ നിയമങ്ങളെ ധാർമികമായി ലംഘിക്കുന്നതിലൂടെ ന്യായമായ നിയമങ്ങൾ രൂപപ്പെടുത്താം എന്നാണ്. പക്ഷേ, പുതിയകാലത്ത് നിയമം രൂപപ്പെടുത്തുന്നത് നിയമലംഘനത്തെ നീതീകരിക്കാനാണോ എന്ന് സംശയിക്കേണ്ടിവരുന്നു. സാമൂഹ്യധ്രുവീകരണം തുടരാൻ നിയമത്തിന്റെ ലൂപ്ഹോളുകളെക്കാൾ കൂടുതൽ മെച്ചപ്പെട്ട വഴി, നിയമത്തിൻ്റെ നടപ്പാക്കൽ വിടവുകൾ മെച്ചപ്പെടുത്തുകയാണ് എന്നാണ് ജാതി എന്ന സാമൂഹ്യസ്ഥാപനം തീരുമാനിച്ചിട്ടുള്ളത്. ഞങ്ങൾ നിയമം നിർമ്മിച്ചില്ലേ എന്ന് ഭരണകൂടത്തിന് വാദിക്കാൻ അവസരം നൽകുകയും, അതേസമയം തന്നെ വംശീയവെറുപ്പുവേട്ടകൾ നിറയുകയും ചെയ്യുന്ന സാധ്യതയായി അത് പരിണമിക്കുന്നു. 

ഭാരതീയ ന്യായസംഹിതയിലെ 103 (2) സെക്ഷനിൽ പറയുന്നത്, "വംശം, ജാതി, സമൂഹം, ലിംഗം, ജനനസ്ഥലം, ഭാഷ, വ്യക്തിപരമായ വിശ്വാസം അല്ലെങ്കിൽ മറ്റേതെങ്കിലും [സമാന] കാരണത്താൽ അഞ്ചോ അതിലധികമോ വ്യക്തികൾ ഒരുമിച്ച് കൊലപാതകം നടത്തുമ്പോൾ, അത്തരം ആൾക്കൂട്ടത്തിലെ ഓരോ അംഗത്തിനും വധശിക്ഷയോ ജീവപര്യന്തം തടവോ ഏഴ് വർഷത്തിൽ കുറയാത്ത തടവോ, പിഴയടക്കം, ലഭിക്കും” എന്നാണ്. ഇതിൽ തന്നെ മതം എന്ന സാമൂഹ്യഭേദം ഉൾപ്പെടുത്തിയിട്ടില്ല, പകരം വ്യക്തിപരമായ വിശ്വാസമാണ് ഉൾപ്പെടുത്തിയത്. അതുകൊണ്ട്, മുസ്ലിം ആയാൽ കിട്ടാത്ത നിയമപരിരക്ഷ, പശുവിനെ സംരക്ഷിക്കണമെന്നോ നുഴഞ്ഞുകയറ്റക്കാരെ തടയണമെന്നോ ഉള്ള വ്യക്തിപരമായ വിശ്വാസങ്ങൾക്ക് പരിരക്ഷ ലഭിക്കാൻ സാധ്യത നൽകും. ബിഎൻഎസ് നിലവിൽ വന്ന 2023ൽ ഇന്ത്യയിൽ നടന്നത് 32 കലാപ നീക്കങ്ങളാണെങ്കിൽ, 2024ൽ 59 ആയി എണ്ണം വർദ്ധിക്കുകയാണ് ചെയ്തത് എന്ന് മുംബൈ ആസ്ഥാനമായ സെന്റർ ഫോർ സ്റ്റഡി ഓഫ് സൊസൈറ്റി ആൻഡ് സെക്യുലറിസം (CSSS) എന്ന സ്ഥാപനം നടത്തിയ പഠനം വ്യക്തമാക്കുന്നു. പ്രതിവർഷം കുറഞ്ഞത് 13 എണ്ണമെന്ന നിലയിലേക്ക് ആൾക്കൂട്ടക്കൊലകൾ വർദ്ധിക്കുകയും ചെയ്യുന്ന അപകടകരമായ ഭീഷണിയും നിയമനിർമാണത്തിന് ശേഷം ഉടലെടുക്കുന്നു. CSSS നടത്തിയ പഠനം വ്യക്തമാക്കുന്നത്, മിക്കവാറും കലാപ നീക്കങ്ങൾ ആസൂത്രണം ചെയ്യപ്പെടുന്നത് മതപരമായ ആഘോഷങ്ങളുടെയും ഘോഷയാത്രകളുടെയും ഇടയിലാണ് എന്നാണ്.

REPRESENTATIVE IMAGE | PHOTO WIKI COMMONS
2025 ഡിസംബർ 17നാണ് പാലക്കാട് വച്ച് റാം നാരായണൻ എന്ന കുടിയേറ്റ തൊഴിലാളിയെ മർദ്ദിച്ചുകൊന്നത്. കഞ്ചിക്കോട് കിൻഫ്ര പാർക്കിൽ ജോലിക്ക് എത്തിയതാണ് ഛത്തീസ്ഗഡ് സ്വദേശിയായ റാംനാരായണൻ. താമസസ്ഥലത്ത് നിന്ന് പുറത്തിറങ്ങിയ അദ്ദേഹം തിരികെ റൂമിലേക്കുള്ള വഴിതെറ്റിയാണ് വാളയാർ അട്ടപ്പള്ളം മാതാളിക്കാട് പ്രദേശത്തേക്ക് എത്തുന്നത്. റൂം അന്വേഷിച്ച് കാറ്റാടിയന്ത്രത്തിന്റെ ദിശ നോക്കി സംഭ്രമിച്ച് നടക്കുന്ന റാംനാരായണിനെ കണ്ട് ഒരുകൂട്ടം പരിസരവാസികൾ മോഷണക്കുറ്റം ആരോപിച്ച് പിടികൂടി മർദ്ദിക്കുകയായിരുന്നു. ദീർഘനേരം മർദ്ദനമേറ്റ് കുഴഞ്ഞുവീണ അദ്ദേഹത്തെ നാലു മണിക്കൂറിനു ശേഷമാണ് പോലീസ് എത്തി ആശുപത്രിയിൽ എത്തിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു.

മർദ്ദനമേറ്റ് ഇടുപ്പിനും കൈയ്ക്കും തലയിൽ ചെവിയോട് ചേർന്നും സാരമായ പരിക്കുണ്ടായിരുന്നു. പുറംമുഴുവൻ വടികൊണ്ട് അടിച്ചതിന്റെ ചതവുകളും കണ്ടെത്തിയിരുന്നു. മാത്രമല്ല, റാം നാരായണനെ മർദ്ദിക്കുന്ന ചിത്രങ്ങളും വീഡിയോയും പ്രചരിച്ചിരുന്നു.

വിവിധ സമ്മർദ്ദങ്ങൾ കൊണ്ട് സംസ്ഥാന അതിർത്തികൾ കടന്ന് ഛത്തീസ്ഗഡിൽ നിന്ന് കേരളത്തിൽ തൊഴിൽ അന്വേഷിച്ച് വന്ന ഒരു മനുഷ്യൻ. കുടുംബവും കുട്ടികളും നിരവധി ആശ്രിതരുമുള്ള ഒരു തൊഴിലാളി. അദ്ദേഹത്തെ നാം മനുഷ്യത്വമില്ലാതെ, തല്ലുന്നത് തടയാനായി ആരും കൈ ഉയർത്താതെ, കൂട്ടം കൂടി തല്ലുന്നവനെ കൂടുതൽ ശക്തിയിൽ തല്ലാൻ തയ്യാറായി, തെരുവിൽ കൊല്ലപ്പെടാൻ വിധിക്കുകയായിരുന്നു. റാം നാരായണിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത പോലീസ് ഫോറൻസിക് സർജൻ ഡോ ഹിതേഷ് എഴുതിയ കുറിപ്പ് ചർച്ചയായിരുന്നു. മൃതദേഹം കണ്ടാൽ കരച്ചിൽ വരുംവിധത്തിൽ, അടികൊള്ളാതെ ശരീരത്തിൽ ഒരിഞ്ചുപോലും ബാക്കിയുണ്ടായിരുന്നില്ല എന്ന് അദ്ദേഹം പറയുന്നു. റാംനാരായണനെ തല്ലിക്കൊന്ന പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പ്രധാനമാണ്. അതിൽ ഭൂരിപക്ഷവും സംഘപരിവാറുകാരാണെന്ന് വ്യക്തമായിട്ടുണ്ട്. പക്ഷേ കൊലപാതകികളുടെ രാഷ്ട്രീയം മുഴുവൻ മനുഷ്യരിലേക്കും മുഴുവൻ രാഷ്ട്രീയത്തിലേക്കും അരിച്ചിറങ്ങാൻ തുടങ്ങുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിനെ തടസ്സപ്പെടുത്തുക എന്നത് അനിവാര്യമാണ്.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കുടിയേറ്റ തൊഴിലാളി കേരളത്തിൽ കൊല്ലപ്പെടുന്നത് ഇത് അഞ്ചാമത്തെ തവണയാണ്. സൗത്തേഷ്യയിലെ തന്നെ ഏറ്റവും മികച്ച സാമൂഹ്യ സൂചകങ്ങളുള്ള ഒരു സംസ്ഥാനം, സമ്പൂർണ്ണ സാക്ഷരതയും ഡിജിറ്റൽ സാക്ഷരതയും നേടിയ പ്രദേശം. പക്ഷേ ഏറ്റവും ക്രൂരമായ, ചുറ്റുമുള്ള ആൾക്കൂട്ടത്താൽ പ്രചോദിതമായതും അതേസമയം തന്നെ ഏറ്റവും സംഘടിതമായതുമായ അഞ്ചു കൊലപാതകങ്ങൾ. 2016ൽ കോട്ടയം ചിങ്ങവനത്ത് വച്ച് കൈലാസ് ജ്യോതി ബോറ എന്ന 29കാരനായ അസം സ്വദേശി കൊല്ലപ്പെട്ടിരുന്നു. 'ആൾക്കൂട്ടം' അദ്ദേഹത്തിന്റെ കൈകാലുകൾ കെട്ടിയിട്ട് രണ്ടു മണിക്കൂറിലധികം കൊടുംവെയിലിൽ കിടത്തിയാണ് തല്ലിക്കൊന്നുകളഞ്ഞത്. കൈലാസ് ജ്യോതി ബോറയുടെ മൃതശരീരത്തിൽ 56 മുറിവുകൾ ഉണ്ടായിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.

2018ൽ കൊല്ലം അഞ്ചലിൽ വച്ച് മാണിക് റോയ് എന്ന പശ്ചിമബംഗാൾ സ്വദേശി കൊല്ലപ്പെട്ടിരുന്നു. കോഴിയെ മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് അദ്ദേഹത്തെ 'നാട്ടുകാർ' കൂട്ടംചേർന്ന് തല്ലിക്കൊന്നത്. “ഞായറാഴ്ച വൈകിട്ട്, കോഴിയെ കൊടുക്കുന്നുണ്ടോ എന്ന് ചോദിച്ച് മാണിക് വീട്ടിൽ വന്നിരുന്നു. 450 രൂപ വില പറഞ്ഞുറപ്പിച്ച്, നൂറുരൂപ റൊക്കം തന്ന്, ബാക്കി നാളെ പണി കഴിഞ്ഞു വരുമ്പോൾ തരാമെന്നേറ്റാണ് പോയത്. എൻ്റെ വീട്ടിൽ നിന്നും സാധനം വാങ്ങി പോയ മനുഷ്യനെയാണ് അവർ തല്ലിക്കൊന്നുകളഞ്ഞത്” എന്ന് ദുഃഖത്തോടെ, അഞ്ചൽ സ്വദേശിയായ സരോജിനി മാധ്യമങ്ങളോട് പറയുന്നുണ്ട്.

2023ൽ ബീഹാറിൽ നിന്നുള്ള രാജേഷ് മാഞ്ചി മലപ്പുറം കൊണ്ടോട്ടിക്കടുത്ത് കിഴിശ്ശേരിയിൽവച്ച് കൊലചെയ്യപ്പെട്ടു. മോഷണക്കുറ്റം ആരോപിച്ച് കൈകൾ പിന്നിലേക്ക് കെട്ടിയിട്ട് പ്ലാസ്റ്റിക് പൈപ്പുകളും മരക്കഷണങ്ങളും ഉപയോഗിച്ച് രണ്ട് മണിക്കൂറോളം മർദ്ദിച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. മോഷണം നടത്തിയെന്ന് ആരോപിച്ചായിരുന്നു മരണത്തിലേക്ക് നയിച്ച കടുത്ത 'ആൾക്കൂട്ട'മർദ്ദനം അരങ്ങേറിയത്.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
2024ൽ എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ വാളകത്ത് വച്ച് അശോക് ദാസ് എന്ന 24 കാരനായ അരുണാചൽ പ്രദേശ് സ്വദേശി കൊലചെയ്യപ്പെട്ടു. സുഹൃത്തിനെ കാണാൻ എത്തിയ അശോക് ദാസിനെ ചുറ്റും കൂടിയവർ ചേർന്ന് ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് വിചാരണ നടത്തി മാരകമായി മർദ്ദിച്ചാണ് കൊലപ്പെടുത്തിയത്.

സംഘം ചേർന്ന് മർദ്ദിച്ചവശരാക്കിയ കുടിയേറ്റ തൊഴിലാളികൾ ഇതിലും എത്രയോ അധികം വരും. സംസ്ഥാനങ്ങളുടെ അതിർത്തികൾക്കും രാഷ്ട്രാതിർത്തികൾക്കും അപ്പുറത്തുനിന്ന് കേരളത്തിലേക്ക് വന്ന് കേരളം പണിതൊരുക്കുന്ന നൂറുകണക്കിന് മനുഷ്യരാണ് മലയാളി വെറുപ്പിന്റെ, വംശീയമായ മിഥ്യാഭിമാനത്തിന്റെ, വർഗീയമായ പിത്തലാട്ടങ്ങളുടെ ഇരകളായി മാറിയത്. മലപ്പുറത്ത് അരീക്കോട് ചെമ്രകാട്ടൂരില്‍ ഒരു ഫുട്ബോള്‍ മത്സരത്തിനിടയിൽ ഐവറി കോസ്റ്റ് സ്വദേശിയായ ദിയറസൂബ ഹസൻ ജൂനിയറെന്ന താരത്തെയും വളഞ്ഞിട്ട് ആക്രമിച്ചിരുന്നു. ബ്ലാക്ക് മങ്കി എന്നുവിളിച്ച് വംശീയാധിക്ഷേപം നടത്തുകയും തുടരെ തുടരെ കല്ലെറിയുകയും ആൾക്കൂട്ടമായി വന്ന് മർദ്ദിക്കുകയും ചെയ്തു എന്നായിരുന്നു അദ്ദേഹം പോലീസിന് പരാതി നൽകിയത്. 

ബംഗ്ലാദേശിയാണെന്നതിന്റെ പേരിൽ, മുസ്ലിമാണെന്നതിന്റെ പേരിൽ, കുടിയേറ്റക്കാരനാണ് എന്നതിന്റെ പേരിൽ, ദളിതനാണ് എന്നതിന്റെ പേരിൽ, കാരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയാത്തപ്പോഴും, ഇന്ത്യ മുഴുവൻ മനുഷ്യർ കൊല്ലപ്പെടുകയാണ്. ചുറ്റും ജീവിക്കുന്ന മനുഷ്യർ, ഒപ്പം തൊഴിൽ എടുക്കുന്ന മനുഷ്യർ, അങ്ങനെ കൊല്ലാൻ തയ്യാറായ ആൾക്കൂട്ടം ഏറ്റവും പരിചിതമായ ആൾക്കൂട്ടമായാലും അത്ഭുതപ്പെടേണ്ട. ഈ ഹിംസാപദ്ധതി എത്രയും വേഗം ആളുകളെ മൊബിലൈസ് ചെയ്യാൻ ശേഷിയുള്ള, നൂറ്റാണ്ടുകൾ പരിശീലനം നേടിയ പദ്ധതിയാണ്. ജാതിബ്രാഹ്മണ്യത്തിന്റെ ഈ ഹിംസാപദ്ധതി, മുഴുവൻ മനുഷ്യർക്കും അപരത്വം വിധിക്കുമെന്നും, മറ്റുള്ളവരെപ്പോലെ അവരവരെയും ശിക്ഷിക്കാൻ പ്രേരിപ്പിക്കുന്ന പദ്ധതിയാണ്.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
കേരളത്തിൽ ജോലിക്കായി എത്തുന്നവരെ മാറ്റിനിർത്തുന്നതിന്റെ, കൊല്ലുന്നതിന്റെ മാത്രം പ്രശ്നമല്ല ഇത്. വംശീയ-വർഗീയ വെറികളിൽ കേരളീയരായ മനുഷ്യരും നിരവധിതവണ കൊലചെയ്യപ്പെട്ടിട്ടുണ്ട്. ദുരഭിമാനസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിനും, അരിമോഷ്ടിച്ചെന്ന് ആരോപിച്ച് സംഘം ചേർന്ന ജാതിക്രിമിനലുകളാൽ മർദ്ദിച്ച് കൊന്ന മധുവും മനുഷ്യവെറികളുടെ രക്തസാക്ഷികളാണ്.

വാട്സ്ആപ്പ് വഴി നട്ടാൽ കുരുക്കാത്ത നുണകൾ അന്യവൽക്കരിക്കപ്പെടുന്ന മനുഷ്യരെപ്പറ്റി നിർമ്മിച്ചെടുത്ത് പ്രചരിപ്പിക്കുകയും ഓരോ മനുഷ്യരെയും, അവർ ആരായാലും, പരസ്പരം വെറുപ്പിക്കാനും തല്ലി പുറംപൊളിക്കാനും കൊല്ലാനും വരെ തയ്യാറാക്കുന്ന രാഷ്ട്രീയത്തെയാണ് നമ്മൾ കൂടുതൽ ഭയക്കേണ്ടത്. അധികാര സംവിധാനത്തിനും ഭരണകൂടത്തിനും എതിരെ ഉയരേണ്ടിയിരുന്ന സാമൂഹ്യ ജാഗ്രത പരസ്പരം പങ്കുവെക്കുന്ന വെറുപ്പാക്കി മാറ്റാൻ തന്നെയാകണം ജാതിവ്യവസ്ഥ നൂറ്റാണ്ടുകൾ പണിയെടുത്ത് ഇത്രത്തോളം സങ്കീർണ്ണമാക്കി പരുവപ്പെടുത്തിയെടുത്തത്. സാമൂഹ്യ ജാഗ്രത തങ്ങൾക്ക് നേരെ തിരിയാതിരിക്കാനുള്ള സമഗ്രാധികാരികളുടെ, അവർ ഇടപെടുന്ന ഡീപ്പ് സ്റ്റേറ്റിന്റെ, അജണ്ടയാകണം ഇന്ന് മനുഷ്യരെക്കൊണ്ട് ഇങ്ങനെ പ്രവർത്തിപ്പിക്കാൻ ഓവർടൈം പണിയെടുക്കുന്നത്. അവർക്കുവേണ്ടി വെറുപ്പിന്റെ വക്താക്കളെ പോറ്റുന്നത്, വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും അവർ പടർത്തുന്ന വ്യാജം ഏറ്റെടുക്കുന്നത്, നമ്മൾ തന്നെയാണോ എന്നത് സ്വയംവിമർശനമായി പരിശോധിക്കണം. കാരണം, മറ്റുള്ളവരെ തെരുവിൽ കൊലപ്പെടുത്തുന്നവരായി മാറാൻ ചിലപ്പോൾ നമ്മൾക്കും കഴിഞ്ഞേക്കാം, അല്ലെങ്കിൽ റാംനാരായണിനെ പോലെ നമ്മളെയും തെരുവിൽ കൊലപ്പെടുത്താൻ ആൾക്കൂട്ടത്തിന് കഴിഞ്ഞേക്കാം.

ജാതിയടക്കമുള്ള വംശീയനിർമ്മിതികളെ പരുവപ്പെടുത്തിയ, ഇന്നും തുടരുന്ന ഒരു സാമൂഹ്യവ്യവസ്ഥയാണ് റാം നാരായണനെ പോലുള്ള, മധുവിനെ പോലുള്ള രക്തസാക്ഷികളെ സൃഷ്ടിക്കുന്നത്. ജാതിവ്യവസ്ഥയുടെ അവശിഷ്ടമാണ് വാളയാർ എന്ന് കരുതരുത്. കേരളീയ നവോത്ഥാനം ഇതുവരെ കോരിയ വെള്ളം മറ്റെവിടെയോ വച്ച് തിരികെ കിണറിലേക്ക് ഒഴുക്കിക്കളയുന്നുണ്ട് എന്നു കരുതണം. ഹിന്ദുത്വ വംശീയത പുതിയ കാലത്തും ആഴത്തിൽ വേരോടുന്ന പൊതുബോധമായി തുടരുകയാണെന്ന് തിരിച്ചറിയണം.

REPRESENTTIVE IMAGE | PHOTO : WIKI COMMONS
ജാതി ആരെയും ഒരിക്കലും ഒന്നിക്കാൻ അനുവദിക്കില്ല. അത് എപ്പോഴും അന്യതകളെ സൃഷ്ടിക്കുകയും അകറ്റി ഇരുത്തുകയും അപരരോട് വിദ്വേഷം കാണിക്കാനുള്ള മനോഭാവം വളർത്തുകയുമാണ് ചെയ്യുക. കഴിഞ്ഞദിവസം യുപിയിൽ നിന്ന് വന്ന വാർത്ത, ഒരേ പാർട്ടിയിൽ പെട്ട എംഎൽഎമാർ തന്നെ ജാതി തിരിഞ്ഞ് യോഗങ്ങൾ സംഘടിപ്പിച്ചു തുടങ്ങി എന്നതാണ്. പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുന്ന പഞ്ചായത്ത് പ്രസിഡന്റ് ഇരുന്നിരുന്ന കസേരയിൽ ചാണകവെള്ളം തളിക്കുന്ന വാർത്ത എല്ലാ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകൾക്ക് ശേഷവും കേൾക്കുന്നതാണ്. കേരളീയർക്ക് അതിൽ അതിരു കവിഞ്ഞ അത്ഭുതം തോന്നാൻ സാധ്യതയില്ല. മുസ്‌ലിമോ ദളിതോ ആണെന്നതിന്റെ പേരിൽ നേരിട്ട് കൊല്ലാനുള്ള സൗകര്യം ഉത്തരേന്ത്യയിൽ മനുവാദികൾക്ക് ലഭ്യമാകാറുണ്ട്. പക്ഷേ ചിലപ്പോൾ അവരെ പശുക്കടത്തുകാരായി, കള്ളക്കടത്തുകാരായി, കുട്ടികളെ മോഷ്ടിക്കുന്നവരായി അവതരിപ്പിക്കേണ്ടിവരും. കേരളത്തിൽ അതിന്റെ നറേറ്റിവ് അന്യസംസ്ഥാന തൊഴിലാളി, ബംഗ്ലാദേശി, മോഷ്ടാവ് എന്നിവയാണ് എന്നുമാത്രം. സംശയിക്കുന്നതിനും വേർതിരിഞ്ഞ് ഇരിക്കുന്നതിനും തല്ലുന്നതിനും കൊല്ലുന്നതിനുമൊക്കെ നരേറ്റീവുകളിൽ മാത്രമാണ് വ്യത്യാസം.

വാളയാറിലെ രാംനാരായണന്റെ വധം സംബന്ധിച്ച് വാർത്താസമ്മേളനത്തിൽ പ്രതികരിക്കവേ കേരളത്തിന്റെ കീഴ്‌വഴക്കം എന്തായിരിക്കണമെന്ന ആശയം മുഖ്യമന്ത്രി പങ്കുവച്ചിരുന്നു. കഴിഞ്ഞദിവസമാണ് നേപ്പാൾ സ്വദേശി ദുർഗ്ഗ കാമിക്ക് എറണാകുളം ജനറൽ ആശുപത്രിയിൽ വച്ച് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. മസ്തിഷ്ക മരണം സംഭവിച്ച ചാത്തന്നൂർ സ്വദേശിയായ ഷിജിയുടെ ഹൃദയമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് സർക്കാരിന്റെ ഹെലികോപ്റ്ററിൽ എറണാകുളത്ത് എത്തിച്ച്, ഇന്ത്യയിൽ ആദ്യമായി ഒരു സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. അതു മാതൃകയാക്കണമെന്ന് മുഖ്യമന്ത്രി വിശദമാക്കുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ തൊഴിലെടുക്കാൻ വരുന്ന മനുഷ്യരെ അതിഥി തൊഴിലാളികളായി പരിഗണിക്കണമെന്ന് ആഹ്വാനം ചെയ്തതും ഇതേ മുഖ്യമന്ത്രിയാണ്. 

REPRESENTATIVE IMAGE | PHOTO : WIKI COMMONS
പക്ഷേ, ദാരുണവും അപരിഹാര്യവുമായ തിരിച്ചടികൾ ഇതേ ക്യാമ്പയിനുകൾക്ക് മുകളിലും കേരളത്തിന് ലഭിക്കുകയാണ്. അതുകൊണ്ട് ക്യാമ്പയിൻ കുറേക്കൂടി കടുപ്പിക്കേണ്ടത് അനിവാര്യമാണ്. കൂടുതൽ മെച്ചപ്പെട്ട അർത്ഥതലങ്ങൾ നൽകാൻ കഴിയുന്ന വിധത്തിൽ അതിഥി തൊഴിലാളിയെ അന്തർസംസ്ഥാന തൊഴിലാളിയോ കുടിയേറ്റ തൊഴിലാളിയോ ആയി പരിഗണിക്കേണ്ടിവരും. കാരണം, അതിഥി നമ്മുടെ വീട്ടിലേക്ക് താൽക്കാലികമായി മാത്രം വരേണ്ടയാളാണെന്നും, നമ്മുടെ താൽപര്യക്കുറവ് അറിയിച്ചാൽ ഇറങ്ങിപ്പോകേണ്ട ആളാണെന്നും ജനങ്ങൾ വ്യാഖ്യാനിച്ചെടുത്തു കഴിഞ്ഞു. അവകാശബോധം ഉണർത്തുന്ന, അതേസമയം സാമൂഹ്യമായ അരക്ഷിതാവസ്ഥയെ അടയാളപ്പെടുത്തുക കൂടി ചെയ്യുന്ന, കൂടുതൽ റിയലിസ്റ്റിക്കായ വ്യാഖ്യാനങ്ങൾക്കും പ്രവർത്തനങ്ങൾക്കും മതനിരപേക്ഷ കേരളവും അതിന്റെ സംവിധാനങ്ങളും ജനതയൊന്നാകെയും കൈകോർത്ത് മുന്നേറുമെന്ന് കരുതാം.


#outlook
Leave a comment