ക്യാമ്പസ് ആഘോഷങ്ങള്‍: ആള്‍ക്കൂട്ടവും ആണ്‍നോട്ടങ്ങളും
സമകാലിക ക്യാമ്പസ് എന്താണ് എന്ന് ചോദിച്ചാല്‍ ഒരുത്തരമേയുള്ളൂ ആഘോഷങ്ങളുടെ ക്യാമ്പസ്. കേരളത്തിലെ കോളേജ് ക്യാമ്പസ്സുകളില്‍ നടക്കുന്ന ആഘോഷങ്ങളിലെ ചില പ്രവണതകളെ വിമര്‍ശനാത്മകമായി വിലയിരുത്താനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്. കേരളത്തിലെ ക്യാമ്പസ്സുകളില്‍ അവസാനം ഉണ്ടായ വലിയ രാഷ്ട്രീയ ഉണര്‍വ് 2016 ല്‍ രോഹിത് വെമുല മരിച്ചതിനെ തുടര്‍ന്നായിരുന്നു. ജാതി എന്ന സംവര്‍ഗത്തെ മുന്‍നിര്‍ത്തിയുള്ള സംവാദത്തിന് ആ കാലത്ത് ക്യാമ്പസുകള്‍ തയ്യാറായി. ആ സംവാദാത്മകതയ്ക്ക് ശേഷമുള്ള ക്യാമ്പസ് ഒറ്റവാക്കില്‍ പറഞ്ഞാല്‍ ആഘോഷത്തിന്റെ ക്യാമ്പസ് ആണ്.
നിരവധി ആഘോഷങ്ങള്‍ നടക്കുന്ന നമ്മുടെ സമൂഹത്തിന്റെ ഒരു പരിച്ഛേദം തന്നെയാണ് ക്യാമ്പസ്. ഓണം, ക്രിസ്തുമസ്, ന്യൂഇയര്‍ തുടങ്ങിയ പരമ്പരാഗതമായ ആഘോഷങ്ങളുടെ കൂടെ പുതുതായി സ്ഥാനം പിടിച്ച പ്രധാന ആഘോഷങ്ങളാണ് ഹോളിയും വാലന്റൈന്‍സ് ഡേയും. വിവിധ സംസ്‌കാരങ്ങളുടെ കൊടുക്കല്‍ വാങ്ങലുകള്‍ പുതിയ ആഘോഷങ്ങളില്‍ പ്രകടമാണ്. പൊതുവെ പരിചയമില്ലാത്ത ഹാലോവീന്‍ പോലും ചില ക്യാമ്പസ്സുകളില്‍ ആഘോഷിക്കുന്നുണ്ട്. ഈ ബഹുസ്വരത അത്രകണ്ട് ഉള്‍ക്കൊണ്ടത് ആഘോഷങ്ങളോടുള്ള ആഭിമുഖ്യം കൊണ്ടുകൂടിയാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇങ്ങനെയുള്ള പൊതുവായ ആഘോഷങ്ങള്‍ കൂടാതെ നിരവധി ആഘോഷങ്ങള്‍ വേറെയുമുണ്ട്. അതില്‍ പ്രധാനമാണ് വിദ്യാര്‍ത്ഥികളുടെ ബര്‍ത്ത്ഡേ ആഘോഷങ്ങള്‍. കൂടാതെ അധ്യാപകരുടെ ബര്‍ത്ത് ഡേ ആഘോഷങ്ങള്‍, എത്നിക്ഡേ തുടങ്ങി ഏതെങ്കിലും തരത്തിലുള്ള ആഘോഷങ്ങള്‍ ഇല്ലാത്ത ദിവസങ്ങള്‍ നന്നേ കുറയും ക്യാമ്പസുകളില്‍. ഇങ്ങനെ നിരവധി ആഘോഷങ്ങളുടെ ഒരു ഇടമാണ് സമകാലിക ക്യാമ്പസുകള്‍ എന്ന് കാണാം. സന്തോഷങ്ങള്‍ അന്വേഷിക്കുക എന്നത് മനുഷ്യന്റെ സഹജമായ വാസനയാണ്. ഈ സഹജവാസനയുടെ പ്രകടനങ്ങളായി പ്രാഥമികമായി ആഘോഷങ്ങളെ കാണാവുന്നതാണ്. പക്ഷെ ഈ ആഘോഷങ്ങള്‍ക്കകത്ത് വ്യവസ്ഥാപരമായ മറ്റുപല പ്രവണതകളും നമുക്ക് കണ്ടെത്താവുന്നതാണ്.
രോഹിത് വെമുല | PHOTO: PTI
വിദ്യാര്‍ഥികള്‍ എന്ന ആള്‍ക്കൂട്ടം
കര്‍ത്തൃത്വം രൂപപ്പെടുന്നതിനെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങള്‍ ശ്രദ്ധിക്കാം ( Ellemers, Spears & Doosje,2002). നമ്മള്‍ അംഗമായുള്ള വിവിധ ഗ്രൂപ്പുകള്‍ നമ്മുടെ കര്‍ത്തൃത്വത്തെ വ്യത്യസ്തമായ രീതിയില്‍ സ്വാധീനിക്കും. ഏറ്റവും അര്‍ത്ഥവത്തും കൃത്യമായി നിര്‍വചിക്കപ്പെട്ടതുമായ ഗ്രൂപ്പുകളിലെ അംഗത്വത്തിലൂടെ രൂപപ്പെടുന്നതടക്കം നമുക്ക് എല്ലാവര്‍ക്കും പലതരത്തിലുള്ള സാമൂഹിക കര്‍ത്തൃത്വങ്ങള്‍ ഉണ്ടായിരിക്കും. ഈ സാമൂഹിക കര്‍ത്തൃത്വങ്ങള്‍ നമ്മുടെ പെരുമാറ്റങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നു. അതേസമയം ഗ്രൂപ്പ് അംഗത്വം വ്യക്തികള്‍ സ്വാംശീകരിക്കുന്നില്ലെങ്കില്‍ അവര്‍ വ്യക്തികളായി തന്നെ നിലനില്‍ക്കുകയും ചെയ്യുന്നു. ക്യാമ്പസ്സിലെ വിദ്യാര്‍ത്ഥികളില്‍ കൃത്യമായി നിര്‍വ്വചിച്ചുവെക്കാവുന്ന ഒരു കേന്ദ്ര കര്‍ത്തൃത്വം ഇല്ല. 'വിദ്യാര്‍ത്ഥികള്‍' എന്ന കര്‍ത്തൃത്വം തന്നെ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് പറയാന്‍ കഴിയില്ല. കാരണം പഠനത്തെ കേന്ദ്രമാക്കി ജീവിതത്തെ ക്രമപ്പെടുത്തുന്ന വിദ്യാര്‍ത്ഥികള്‍ ക്യാമ്പസ്സില്‍ ചെറിയ ഒരു ശതമാനം മാത്രമേ കാണുകയുള്ളൂ. പ്രത്യേകിച്ചും ഡിഗ്രി പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളില്‍ അവരുടെ ജീവിതത്തിലെ ഒരേട് മാത്രമാണ് പഠനം. കൂടാതെ വിദ്യാര്‍ത്ഥി സംഘടനകള്‍, എന്‍. എസ്. എസ്, വിവിധ ക്ലബുകള്‍ എന്നിവയിലെ അംഗത്വവും പ്രവര്‍ത്തനങ്ങളും അവരുടെ കര്‍ത്തൃത്വത്തിലേക്ക് സ്വാധീനശേഷിയോടെ സ്വാംശീകരിക്കപെടുന്നുമില്ല. ഈ സാമൂഹിക രൂപങ്ങള്‍ അയഞ്ഞ കര്‍ത്തൃത്വങ്ങളായി മാത്രമേ അവരില്‍ സ്വീകരിക്കപ്പെടുന്നുള്ളൂ. ഇലക്ഷന്‍ അടുക്കുമ്പോള്‍ മാത്രമേ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പോലും വിദ്യാര്‍ത്ഥികള്‍ സജീവമാകുന്നുള്ളൂ. കൃത്യമായ കര്‍ത്തൃത്വത്തിലേക്ക്/ കര്‍ത്തൃത്വങ്ങളിലേക്ക് സ്വാംശീകരിക്കപ്പെടാതെ നില്‍ക്കുന്നതാണ് സമകാലിക ക്യാമ്പസിലെ ഒരു സാധാരണ വിദ്യാര്‍ത്ഥിയുടെ ജീവിതം. ഇങ്ങനെയുള്ള സ്ഥായിയല്ലാത്ത കര്‍ത്തൃത്വങ്ങളാണ് ക്യാമ്പസ്സിലെ ആള്‍ക്കൂട്ടമായി രൂപപ്പെടുന്നത്. ഈ ആള്‍ക്കൂട്ടങ്ങളുടെ ഒരു പ്രധാന സവിശേഷത അവയുടെ ക്ഷണികപ്രതികരണം (impulsivity) ആണ്. സമൂഹമാധ്യമങ്ങള്‍ രൂപപ്പെടുത്തുന്ന ആള്‍ക്കൂട്ടം സ്ഥായിയല്ലാത്ത കര്‍ത്തൃത്വങ്ങളുടെ ആള്‍ക്കൂട്ടമായി വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് ആലോചിക്കുക പ്രധാനമാണ്. ഒരു ദിവസം ശരാശരി മൂന്നും മണിക്കൂറോളം സൈബര്‍ ഇടത്തില്‍ ചിലവഴിക്കുന്നവരാണ് ഇന്നത്തെ വിദ്യാര്‍ത്ഥികള്‍. സമൂഹ്യമാധ്യമങ്ങളായ ഇന്‍സ്റ്റാഗ്രാം, വാട്സ്ആപ്, യൂട്യൂബ് എന്നിവയാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നത്. രാവിലെ ഉണരുന്നതുമുതല്‍ ഉറങ്ങുന്നതുവരെ അവരുടെ മൂര്‍ത്തമായ സാമൂഹിക ജീവിതത്തിന്റെ നീട്ടിവെച്ച ഒരു ഇടമായി സൈബര്‍ സ്പെയ്സ് ഉണ്ട്. അതേസമയം വളരെകുറച്ചുപേര്‍ പഠനവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ പലതരം വിവരശേഖരത്തിനായും സൈബര്‍ സ്പെയ്സ് ഉപയോഗപ്പെടുത്തുന്നുണ്ട്. ഇങ്ങനെ കോളേജിലെ സമയത്തുതന്നെ ചിലപ്പോഴൊക്കെയും അതുകഴിഞ്ഞാല്‍ നല്ലൊരു സമയവും വിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമങ്ങളിലും സൈബര്‍ സ്പെയ്സിലെ മറ്റിടങ്ങളിലുമാണ് എന്ന് കാണാവുന്നതാണ്. ഇവിടെയെല്ലാം യുവാക്കളുമായി ബന്ധപ്പെട്ട പലതരം വിവരങ്ങളിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ കടന്ന് പോവുന്നത്. അവരുടെ സന്തോഷങ്ങളും ദുഖങ്ങളും നിരാശകളും സ്വപ്നങ്ങളും എല്ലാം പങ്കുവെച്ചും വിളിച്ചുപറഞ്ഞും ഒന്നിലും എവിടെയും അധികനേരം തങ്ങിനില്‍ക്കാതെ പലതരം ആളുകളിലൂടെയും അവരുടെ അനുഭവങ്ങളിലൂടെയും സഞ്ചരിക്കുന്നവരാണ് ഭൂരിപക്ഷം വിദ്യാര്‍ഥികളും. വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയുടെ അളവ് (span of attention) താരതമ്യേന കുറയുന്നു എന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരു കാര്യത്തില്‍ ദീര്‍ഘനേരം ചിലവഴിക്കാനുള്ള അവരുടെ ശേഷിയെ അത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വിവിധ കാര്യങ്ങളില്‍ ആലോചനയ്ക്കോ വിശകലനങ്ങള്‍ക്കോ ഉള്ള സമയം ലഭിക്കാതെ പെട്ടെന്നുള്ള പ്രതികരണങ്ങളിലേക്കും പ്രവര്‍ത്തികളിലേക്കും ഇതവരെ നയിക്കുന്നുമുണ്ട്. ക്യാമ്പസ്സുകളില്‍ വിദ്യാര്‍ത്ഥികളുടെ വാട്സ്ആപ് ഗ്രൂപ്പുകള്‍ സജീവമാണ്. ഇങ്ങനെ ഒരു സമാന്തരവിനിമയ ഇടം അവര്‍ക്കുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ കോളേജ് സമയത്തെ വിനിമയം മാത്രമല്ല അവരെ രൂപപ്പെടുത്തുന്നത് മറിച്ച് സമൂഹമാധ്യമങ്ങളിലെ വിനിമയം കൂടിയാണ്. സൈബര്‍ സ്പേസിന്റെ സ്വാധീനത്താല്‍ രൂപപ്പെടുന്ന കര്‍ത്തൃത്വം ബഹുമുഖവും സ്ഥായിയല്ലാത്തതും സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറുന്ന തരത്തില്‍ അയവുള്ളതുമായിട്ടാണ് പൊതുവെ നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. ഒരു സ്‌ക്രീനിലെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ്യവല്‍ക്കരിക്കപ്പെടുന്നതാണ് വികേന്ദ്രീകൃത്യമായ കര്‍ത്തൃത്വം എന്ന് ടര്‍ക്ക്ള്‍ (1999) നിരീക്ഷിക്കുന്നുണ്ട്. ഈ രീതിയില്‍ വിദ്യാര്‍ഥികളുടെ കര്‍ത്തൃത്വം സജീവമായ മാധ്യമബന്ധത്തിലൂടെ രൂപപ്പെടുന്നതാണ് എന്നുപറയാം. ഇതുവരെയുള്ള വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ ക്യാമ്പസിലെയും സൈബര്‍ സ്പെയ്സിലെയും വിനിമയങ്ങളിലൂടെ രൂപപ്പെടുന്ന കര്‍ത്തൃത്വം തീര്‍ച്ചയായും ആള്‍ക്കൂട്ടത്തിന്റെതാണ് എന്ന് നമുക്ക് മനസ്സിലാക്കാം.
REPRESENTATIVE IMAGE | WIKI COMMONS
ആണ്‍നോട്ടങ്ങളുടെ ക്യാമ്പസ് ആഘോഷങ്ങള്‍
ആഘോഷങ്ങളുടെ ഇടമാണ് ഇന്നത്തെ ക്യാമ്പസ് എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. ഈ ആഘോഷങ്ങളിലെ ചില പ്രവണതകളെ വിലയിരുത്തേണ്ടതുണ്ട്. ആഘോഷങ്ങളില്‍ പെണ്‍കുട്ടികളുടെ സാന്നിധ്യം എടുത്തുപറയേണ്ടതാണ്. ആ അര്‍ത്ഥത്തില്‍ ആഘോഷങ്ങള്‍ ജനാധിപത്യപരമാണ് എന്ന് പറയാം. പക്ഷെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പങ്കാളിത്തത്തില്‍ കൂടുതല്‍ ജനാധിപത്യം നിര്‍മിച്ചു എന്ന് മനസ്സിലാക്കുമ്പോഴും ആഘോഷങ്ങള്‍ അടിസ്ഥാനപരമായി ആണ്‍കുട്ടികളുടേത് തന്നെയാണ്. ഇത് മനസ്സിലാക്കാന്‍ നമ്മുടെ പ്രത്യക്ഷകാഴ്ചകളുടെ സൂക്ഷ്മദര്‍ശനം ആവശ്യമാണ്. സൈക്കോഅനാലിസിസ് ഉപയോഗിച്ചുകൊണ്ട് എങ്ങനെ ആണധികാരവ്യവസ്ഥയുടെ അബോധം സിനിമയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് 'ആണ്‍നോട്ടം' എന്ന സങ്കല്‍പ്പനത്തിലൂടെ മള്‍വി (1975) വിശദീകരിക്കുന്നുണ്ട്. ഒരു ആണാധികാര വ്യവസ്ഥയില്‍ സ്ത്രീ നിലനില്‍ക്കുന്നത് പുരുഷന്റെ അപരത്വത്തിന്റെ സൂചികയായിട്ടാണ്. അര്‍ത്ഥത്തെ ഉല്‍പ്പാദിപ്പിക്കുന്നവരല്ലാതെ, അര്‍ത്ഥത്തെ വഹിക്കുന്നവരായി നിലനില്‍ക്കുന്ന സ്ത്രീകളുടെ നിശബ്ദമായ പ്രതിച്ഛായയ്ക്ക് മുകളില്‍ പുരുഷന് തന്റെ ഫാന്റസികളെയും അഭിനിവേശങ്ങളെയും ഭാഷാപരമായ ആധിപത്യത്തിലൂടെ പ്രകടിപ്പിക്കാവുന്ന ഒരു പ്രതീകവ്യവസ്ഥയുമായി ഇത് ബന്ധിപ്പിക്കപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്നു എന്ന് മള്‍വി നിരീക്ഷിക്കുന്നു. ക്യാമ്പസ് പുതിയ കാലത്ത് ഒരു മാധ്യമ ഇടമായി കൂടി നിലനില്‍ക്കുന്നതുകൊണ്ട് മള്‍വിയുടെ നിരീക്ഷണം ക്യാമ്പസിനെ സംബന്ധിച്ചിടത്തോളം പ്രസക്തമാണ്. വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ഇന്‍സ്റ്റാഗ്രാമും, യൂട്യൂബും അതിലൂടെ പങ്കുവെയ്ക്കപ്പെടുന്ന അനന്തമായ റീല്‍സും സ്റ്റോറിയും എല്ലാം ചേരുന്ന സൈബര്‍ സ്പേസ് ആത്യന്തികമായി കാഴ്ചയുടെ ഇടമാണ്. സാമൂഹികമാധ്യമങ്ങള്‍ കാഴ്ചയ്ക്ക് നമ്മുടെ സംവേദനപ്രക്രിയയില്‍ വലിയ അപ്രമാദിത്യം നേടിക്കൊടുത്തിട്ടുണ്ട്. ആഹ്ലാദം കാഴ്ചയുമായി വലിയ അടുപ്പത്തില്‍ ആയിട്ടുണ്ട്. ആദിമമായ ലൈംഗികാഹ്ലാദത്തിന്റെ വഴികൂടിയാണ് കാഴ്ചയുടെ ഈ അപ്രമാദിത്വത്തിലൂടെ അറിയാതെ വീണ്ടെടുക്കപ്പെടുന്നത്. കാഴ്ചയുടെ ഈ ഇടം ആണ്‍ നോട്ടത്തിന്റെ ഇടമാണ്. കോളേജുകളില്‍ ആഘോഷങ്ങള്‍ക്ക് പൊതുരീതികളുണ്ട്. ഡ്രസ്സ് കോഡുകള്‍, ശബ്ദത്തിന്റെ അതിപ്രസരം, അവസാനം DJ. ഇത് ആഘോഷങ്ങളുടെ വാര്‍പ്പ് മാതൃകയാണ്. പല ആഘോഷങ്ങള്‍ക്കും അകമ്പടിയായി വാഹനഘോഷയാത്ര കാണാറുണ്ട്. അത് പൂര്‍ണ്ണമായും ആണ്‍കുട്ടികളുടെ പുത്തന്‍ ആചാരമാണ്. ഇതെല്ലാം ചേരുമ്പോള്‍ ക്യാമ്പസ് ആഘോഷങ്ങള്‍ക്ക് 'സിനിമാറ്റിക് ക്വാളിറ്റി' ലഭിക്കുകയും പെണ്‍കുട്ടികള്‍ ഒരു 'വസ്തുവായി' ആണ്‍കുട്ടികളുടെ കാഴ്ചയില്‍ പരിണമിക്കുകയും ചെയ്യുന്നു. ആണ്‍വിദ്യാര്‍ത്ഥികള്‍ ആഘോഷങ്ങളില്‍ ഒച്ചകള്‍കൊണ്ട് തങ്ങളുടെ അധികാരത്തെ ഉറപ്പിക്കുന്നു. അങ്ങനെ ഒച്ച ആദിമമായ ആണ്‍നോട്ടത്തിന്റെ സാംസ്‌കാരികപരിണാമം സംഭവിച്ച രൂപമായി മാറുന്നു. ഈ രീതിയില്‍ ആഘോഷങ്ങള്‍ ആത്യന്തികമായി ആണ്‍നോട്ടങ്ങള്‍ ആയിമാറുന്നു. ഇങ്ങനെ ക്യാമ്പസ്സ് ആഘോഷങ്ങളെ ആണധികാരപ്രയോഗത്തിന്റെ സാംസ്‌കാരിക ഇടങ്ങളായി കൂടി വായിക്കാവുന്നതാണ്. മാധ്യമങ്ങള്‍കൂടി രൂപപ്പെടുത്തുന്ന ആള്‍ക്കൂട്ടത്തിലാണ് ഈ ആണ്‍നോട്ടം സംഭവിക്കുന്നത്. സമകാലിക ക്യാമ്പസ്സില്‍ ആണ്‍കുട്ടികള്‍ ന്യൂനപക്ഷമാണ്. പെണ്‍കുട്ടികള്‍ ഭൂരിപക്ഷമായിട്ടും ആണധികാരവ്യവസ്ഥ തന്നെ തുടരുന്നു എന്ന് ആഘോഷങ്ങളിലെ ആണ്‍നോട്ടങ്ങള്‍ കാണിക്കുന്നു.
REPRESENTATIVE IMAGE | WIKI COMMONS
ആഘോഷങ്ങളും സംഘര്‍ഷങ്ങളും
ക്യാമ്പസ്സുകളില്‍ നടക്കുന്ന ചെറുതും വലുതുമായ സംഘര്‍ഷങ്ങള്‍ ഭാവുകത്വപരമായി ആഘോഷങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നു. രാഷ്ട്രീയസംഘര്‍ഷങ്ങള്‍ കുറയുകയും പെട്ടെന്ന് രൂപപ്പെടുന്ന ആള്‍ക്കൂട്ട സംഘര്‍ഷങ്ങളുടെ എണ്ണം കൂടുകയും ചെയ്തിട്ടുണ്ട് ക്യാമ്പസ്സില്‍. ഓരോ വര്‍ഷവിദ്യാര്‍ഥികളും ഒരു കൂട്ടമായി മാറി പരസ്പരം സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്ന പ്രവണത ക്യാമ്പസ്സില്‍ വര്‍ധിച്ചിട്ടുണ്ട്. ഈ സംഘര്‍ഷങ്ങളെയെല്ലാം ആണ്‍വിദ്യാര്‍ത്ഥികളുടെ സംഘര്‍ഷങ്ങള്‍ എന്നുതന്നെ വായിക്കേണ്ടതുണ്ട്. ക്യാമ്പസ്സുകളില്‍ രണ്ടുദിവസം തുടര്‍ച്ചയായി സംഘര്‍ഷത്തിലേര്‍പ്പെട്ട് പരസ്പരം പോരടിച്ച വിദ്യാര്‍ത്ഥികളുടെ ആള്‍ക്കൂട്ടത്തിന് തൊട്ടടുത്ത ദിവസത്തെ ഒരാഘോഷപരിപാടിയിലേക്ക് അത്ഭുതപ്പെടുത്തുന്ന അനായാസേന കാലെടുത്തുവെയ്ക്കാന്‍ കഴിയുന്നത് സാധാരണനിലയില്‍ വിശദീകരിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു പെരുമാറ്റമാണ്. സംഘര്‍ഷങ്ങള്‍ ആണധികാരപ്രകടനത്തിന്റെ ഇടം ആയിരിക്കുന്നതുപോലെ ആഘോഷങ്ങളും സമാനമായ ഇടം ആയി നിലനില്‍ക്കുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇങ്ങനെ സംഘര്‍ഷങ്ങളുടെയും ആഘോഷങ്ങളുടെയും പാരസ്പര്യം രൂപപ്പെടുന്നുവെന്നുള്ളത് അവ രണ്ടിലും ഒളിഞ്ഞിരിക്കുന്ന ആണധികാരത്തിന്റെ സാന്നിധ്യം കൊണ്ടുതന്നെയാണ് എന്ന് വായിച്ചെടുക്കേണ്ടിയിരിക്കുന്നു. ആഘോഷങ്ങള്‍ക്കിടയില്‍ തന്നെ പലപ്പോഴും രൂപപ്പെടുന്ന സംഘര്‍ഷങ്ങള്‍ ഈ സാന്നിധ്യത്തിന് ഒന്നുകൂടി അടിവരയിടുന്നു. പൊതുവെ ജനാധിപത്യത്തിന്റെ ഇടങ്ങളായി നിലകൊള്ളുമ്പോഴും ക്യാമ്പസുകള്‍ സൂക്ഷ്മമായതും ഒളിഞ്ഞിരിക്കുന്നതുമായ ആണധികാര പ്രയോഗത്തിന്റെ ഇടങ്ങളായിതന്നെ നിലനില്‍ക്കുന്നു എന്നത് ഇനിയും തുടരേണ്ട ജനാധിപത്യവല്‍ക്കരണ ശ്രമങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ഒപ്പം ആഘോഷങ്ങളിലെ ആണ്‍നോട്ടങ്ങള്‍ ലിംഗനീതിയുടെ രാഷ്ട്രീയത്തെ നേര്‍പ്പിക്കുകയും ചെയ്യുന്നു എന്നുകൂടി മനസ്സിലാക്കാം.
സഹായകപഠനങ്ങള്‍
Ellemers, N., Spears, R., Doosje, B.(2002). Self and Social identity. Annual reviews psychology, 53, 163-86.
Mulvi, L. (1974). Visual pleasure and narrative cinema. Screen, 16(3), 6-18.
Turkle, S. (1999). Cyberspace and identity. Contemporary sociology, 28(6), 643-648.