ചാലക്കുടി ലോക്സഭ മണ്ഡലം; മത്സരം കടുക്കുമോ ?
(ഭാഗം പന്ത്രണ്ട്)
യുഡിഎഫ് ആഭിമുഖ്യം പുലര്‍ത്തുന്ന മണ്ഡലമായാണ് പൊതുവെ ചാലക്കുടി അറിയപ്പെടുന്നത്. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സിനിമാതാരം ഇന്നസെന്റ് വിജയിച്ചിട്ടുള്ള ചരിത്രവും ചാലക്കുടിക്കുണ്ട്. യുഡിഎഫിനു വേണ്ടി സിറ്റിംഗ് എംപി ബെന്നി ബെഹനാന്‍ വീണ്ടും രംഗത്തിറങ്ങുമ്പോള്‍ എല്‍ഡിഎഫിനു വേണ്ടി മുന്‍ മന്ത്രിയും എംഎല്‍എ യുമായ രവീന്ദ്രനാഥാണ് മത്സരരംഗത്തുള്ളത്. NDA മുന്നണിക്കായി BDJS സ്ഥാനാര്‍ത്ഥി കെ എ ഉണ്ണികൃഷ്ണനും 20-20 യുടെ സ്ഥാനാര്‍ത്ഥിയായി അഡ്വ. ചാര്‍ളി പോളും ചേരുമ്പോള്‍ ചാലക്കുടിയുടെ തെരഞ്ഞെടുപ്പ് ചിത്രം ഏതാണ്ട് പൂര്‍ത്തിയാവും.
എറണാകുളം, തൃശൂര്‍ ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ചാലക്കുടി ലോക്സഭ മണ്ഡലം. തൃശൂര്‍ ജില്ലയിലെ കൈപ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂര്‍ എന്നിവയും എറണാകുളം ജില്ലയിലുള്‍പ്പെടുന്ന പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട് എന്നീ നിയമസഭ മണ്ഡലങ്ങളും അടങ്ങിയതാണ് ചാലക്കുടി മണ്ഡലം. ഇതില്‍ കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍, കുന്നത്തുനാട് എന്നീ മണ്ഡലങ്ങള്‍ എല്‍ഡിഎഫിന്റെ കയ്യിലാണെങ്കില്‍, ചാലക്കുടി, പെരുമ്പാവൂര്‍, അങ്കമാലി, ആലുവ എന്നീ നാല് സീറ്റുകളിലും യുഡിഎഫാണ് വിജയിച്ചിട്ടുള്ളത്.
ബെന്നി ബെഹനാന്‍ | PHOTO: FACEBOOK
2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 40.2 % വോട്ട് ഷെയര്‍ യുഡിഎഫ് നേടിയപ്പോള്‍ എല്‍ഡിഎഫിന് 35.8% വോട്ട് വിഹിതം മാത്രമേ നേടാനായുള്ളൂ. കേരളത്തിലാകെ ഒരിടതുപക്ഷ തരംഗം ആഞ്ഞുവീശീയപ്പോഴും ഈ നിയമസഭ മണ്ഡലങ്ങളില്‍ അത് അത്ര കാര്യമായി ബാധിച്ചിട്ടില്ല എന്നാണ് ഈ മണ്ഡലങ്ങളിലെ വോട്ട് വിഹിത കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് അനുകൂല സാഹചര്യത്തില്‍ ചാലക്കുടി ലോക്‌സഭ മണ്ഡലത്തില്‍ ബെന്നി ബെഹനാന്‍ 1,32,274 വോട്ടിന്റെ കൂറ്റന്‍ ഭൂരിപക്ഷമാണ് നേടിയത്.
ഉമ്മന്‍ ചാണ്ടിയുടെ മരണത്തിനുശേഷം നേതൃത്വമില്ലാത്ത A ഗ്രൂപ്പിന്റെ നേതൃത്വം ഏറ്റെടുക്കുവാനും സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി ബെന്നി ബെഹനാന്‍ ഇത്തവണ ലോക്‌സഭ മത്സരങ്ങളില്‍ നിന്നും മാറി നില്‍ക്കുമെന്നും പകരം അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ ചാലക്കുടി മണ്ഡലത്തില്‍ മല്‍സരിക്കുമെന്നും അങ്കമാലി നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ബെന്നി ബെഹനാന്‍ മത്സരിച്ച് പാര്‍ട്ടിയില്‍ എ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കും എന്നൊക്കെയുള്ള ചര്‍ച്ചകള്‍ ആദ്യ സമയത്ത് നടന്നുവെങ്കിലും സിറ്റിംഗ് എംപിമാര്‍ മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ് തീരുമാനം ബെന്നി ബെഹനാനും ബാധകമാവുകയായിരുന്നു.
രണ്ട് ജില്ലകളിലായി തീരദേശം മുതല്‍ നഗര കേന്ദ്രീകൃതവും വ്യാവസായിക പ്രാധാന്യമുള്ളതുമായ നിയമസഭ മണ്ഡലങ്ങള്‍ ഉള്‍ച്ചേര്‍ന്ന ചാലക്കുടി ലോക്‌സഭ മണ്ഡലത്തിലെ പ്രചാരണ വിഷയങ്ങളും വൈവിധ്യമാര്‍ന്നതാണ്. 20-20 പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന കുന്നത്തുനാട് മണ്ഡലം ചാലക്കുടി മണ്ഡലത്തിലാണെന്നത് മത്സരം കൂടുതല്‍ കടുക്കുമെന്നുള്ള വിശകലനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എന്നാല്‍ 20-20 സാധ്യതകളെ പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തെ മുഖ്യമന്ത്രി ചിരിച്ചുതള്ളുകയാണ് ചെയ്തത്.
കെ എ ഉണ്ണികൃഷ്ണനും | PHOTO: FACEBOOK
കരുണാകരന്റെ തട്ടകം എന്നറിയപ്പെടുന്ന മുകുന്ദപുരം മണ്ഡലമാണ് മണ്ഡലപുനര്‍നിര്‍ണയത്തിന് ശേഷം ചാലക്കുടി ലോക്സഭ മണ്ഡലം ആയത്. കോണ്‍ഗ്രസിന്റെ സാവിത്രി ലക്ഷ്മണന്‍ ജയിച്ചിരുന്ന മണ്ഡലത്തില്‍ 2004 ല്‍ പദ്മജ വേണുഗോപാല്‍ മത്സരിച്ചപ്പോഴാണ് ഇടതുപക്ഷ തരംഗത്തില്‍ ലോനപ്പന്‍ നമ്പാടന്‍ ജയിക്കുന്നത്. 2009 ലെ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം യുഡിഎഫിലെ കെ പി ധനപാലന്‍ 50.4% വോട്ട് വിഹിതം നേടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുപി ജോസഫിനെ പരാജയപ്പെടുത്തി. ശേഷം നടന്ന 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ എംപി ആയിരുന്ന പിസി ചാക്കോയുമായി തൃശൂര്‍, ചാലക്കുടി മണ്ഡലം വെച്ചുമാറല്‍ പരീക്ഷണം നടത്തിയ യുഡിഎഫിന് അത്തവണ ചാലക്കുടി മണ്ഡലത്തില്‍ പിസി ചാക്കോയും തൃശൂര്‍ മണ്ഡലത്തില്‍ കെപി ധനപാലനും പരാജയപ്പെടുന്ന അവസ്ഥയുണ്ടായി. സിനിമാതാരം ഇന്നസെന്റാണ് 2014 ല്‍ ഇടതുസ്വതന്ത്രനായി കുടം അടയാളത്തില്‍ മത്സരിച്ച് ജയിച്ചത്. അത്തവണ ഇടതുപക്ഷം 40.5% വോട്ട് വിഹിതം നേടിയപ്പോള്‍ യുഡിഎഫ് 39% വും ബിജെപി ക്ക് 10.5% വോട്ട് വിഹിതവും നേടി.
ഇത്തവണ ഇടതുപക്ഷം പ്രൊഫ. സി രവീന്ദ്രനാഥ് എന്ന മുന്‍ വിദ്യാഭ്യാസ മന്ത്രിയെയാണ് രംഗത്തിറക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ക്ലീന്‍ ഇമേജ് ഇടതുപക്ഷത്തെ തുണയ്ക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടല്‍. കൊടുങ്ങല്ലൂര്‍ കൈപ്പമംഗലം പോലുള്ള ഇടതുകോട്ടയില്‍ നിന്നുള്ള ഭൂരിപക്ഷം ആലുവ, പെരുമ്പാവൂര്‍ തുടങ്ങിയ യുഡിഎഫ് കേന്ദ്രങ്ങളിലെ തിരിച്ചടിയെ മറികടക്കാനുതകും എന്ന വിലയിരുത്തലുകളുണ്ട്. വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ പൊതു വിദ്യാഭ്യാസരംഗത്ത് നടത്തിയ മുന്നേറ്റങ്ങളുടെ അമരക്കാരന്‍ കൂടിയായ പ്രൊഫ. സി രവീന്ദ്രനാഥിന് ലഭിക്കുന്ന സ്വീകാര്യതയും വോട്ടാക്കി മറ്റാനാവുമെന്നും ഇടതുപക്ഷം പ്രതീക്ഷിക്കുന്നു. 28% ത്തോളം വരുന്ന ക്രിസ്ത്യന്‍ വോട്ടും പെരുമ്പാവൂര്‍ മണ്ഡലത്തില്‍ നിര്‍ണായക ശക്തിയുള്ള യാക്കോബായ വിഭാഗത്തിന്റെ പിന്തുണയും ബെന്നി ബെഹനാന്‍ ഉറപ്പിക്കുന്നു എന്ന് യുഡിഎഫ് കേന്ദ്രങ്ങളും പ്രതീക്ഷിക്കുന്നു. 17.5% മുസ്ലിം വോട്ടര്‍മാരും 54.5% ഹിന്ദു വോട്ടര്‍മാരും അടങ്ങുന്നതാണ് ചാലക്കുടി മണ്ഡലം.
പ്രൊഫ. സി രവീന്ദ്രനാഥ് | PHOTO: FACEBOOK
കുന്നത്തുനാട്ടില്‍ എല്‍ഡിഎഫ് എംഎല്‍എ വി പി ശ്രീനിജനും 20-20 നേതൃത്വവുമായി തുറന്നപോരില്‍ ആണെങ്കിലും 20-20 നേതൃത്വത്തിന്റെ ഒന്നാമത്തെ പ്രഖ്യാപിത ശത്രു ബെന്നി ബെഹനാന്‍ തന്നെയാണ്. 20-20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിന്റെ അയല്‍ പഞ്ചായത്തായ വെങ്ങോലയാണ് ബെന്നി ബെഹനാന്റെ പഞ്ചായത്ത്, എന്നതുകൊണ്ടുതന്നെ 20-20 യും ബെന്നി ബെഹനാനും തമ്മിലുള്ള ശത്രുത ഏറെ പഴക്കംചെന്നതാണ്. അതുകൊണ്ടുതന്നെ 20-20 പിടിക്കുന്ന വോട്ടുകള്‍ തീര്‍ച്ചയായും യുഡിഎഫിന്റേതായിരിക്കും. അതെത്ര മാത്രം ആഘാതം ഉണ്ടാക്കുമെന്ന് ഫലം വന്നതിനുശേഷം മാത്രമേ പറയാനാവൂ. തെരഞ്ഞെടുപ്പില്‍ മത്സരിച്ചുകൊണ്ട് പാര്‍ട്ടി വിപുലീകരിക്കുന്ന ഒരു രാഷ്ട്രീയ പദ്ധതിയാണ് 20-20 യെ പോലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ അവരുടെ ശക്തി നിലവിലെ അവസ്ഥയില്‍ വിശകലനം ചെയ്യുന്നതില്‍ വലിയ കാര്യമില്ല എന്നുള്ള റിപ്പോര്‍ട്ടുകളും ഉണ്ട്. ഇലക്ടറല്‍ ബോണ്ട് വിവാദത്തില്‍ 20-20 ലീഡര്‍ സാബു ജേക്കബിന്റെ വിശദീകരണങ്ങള്‍ അവരുടെ അണികള്‍ക്കിടയില്‍ തന്നെ കണ്‍വിന്‍സിങ് ആവുമോയെന്ന് ഇനി കണ്ടറിയേണ്ടതുണ്ട്.
എന്‍ഡിഎ ക്ക് മണ്ഡലത്തില്‍ വലിയ തോതില്‍ വേരോട്ടം ഇല്ലെങ്കിലും കഴിഞ്ഞതവണ ലഭിച്ച 15.7% വോട്ട് വിഹിതം വര്‍ധിപ്പിക്കാനായിരിക്കും ഇത്തവണ അവര്‍ ശ്രമിക്കുക. കുന്നത്തുനാട് പെരുമ്പാവൂര്‍ മേഖലയിലുള്ള സജീവമായ BDJS സാന്നിധ്യം അവര്‍ക്ക് തുണയാകുമെന്നും വിലയിരുത്തല്‍ ഉണ്ട്. എല്ലാ മുന്നണികളും അവരുടെ ഏറ്റവും നല്ല സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ ചാലക്കുടിയില്‍ പോരാട്ടം ഏകപക്ഷീയമാവില്ല എന്നുറപ്പാണ്.