
മാറുന്ന തൊഴിലിടങ്ങളും അമിത ജോലിഭാരവും
ഏണ്‍സ്റ്റ് & യങ് എന്ന ബഹുരാഷ്ട്ര കമ്പനിയിലെ 26-കാരിയായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്‍ അമിത ജോലിഭാരം സൃഷ്ടിച്ച സമ്മര്‍ദ്ദം താങ്ങാനാവാതെ മരണമടഞ്ഞ സംഭവം പരക്കെ ചര്‍ച്ചയായിരിന്നു. ജോലി സമ്മര്‍ദ്ദത്തെ നേരിടാന്‍ ചെറുപ്പക്കാരായ പ്രൊഫഷണലുകള്‍ ദൈവത്തില്‍ അഭയം തേടണമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമനെ പോലുള്ളവര്‍ അഭിപ്രായപ്പെട്ടിരിന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മാറുന്ന തൊഴില്‍ സാഹചര്യങ്ങളെ പറ്റി ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കണ്‍സല്‍ട്ടന്‍റ് ആയ ജേക്കബ് സന്തോഷ് എഴുതുന്നു.
സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക മണ്ഡലങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ ഭാഗമായി തൊഴിലിടങ്ങളും മാറുന്നത് സ്വാഭാവികമാണ്. മാറിയ ലോക ക്രമത്തില്‍ ലോക കമ്പോളത്തില്‍ നിന്നും വിലപേശി സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്നത് പോലെ തൊഴിലാളികളെ തങ്ങളുടെ ആവശ്യം അനുസരിച്ച് തൊഴില്‍ദാതാക്കള്‍ക്ക് കുറഞ്ഞ ചിലവില്‍ കൂടുതല്‍ ലാഭം കണക്കാക്കി ഉപയോഗപ്പെടുത്താനുള്ള സൗകര്യവും ഇന്ന് നിലവിലുണ്ട്. അതേ സമയം തങ്ങളുടെ അദ്ധ്വാനശക്തി വിലപേശി വില്‍ക്കാനുള്ള ശേഷി തൊഴിലെടുക്കുന്നര്‍ക്ക് ലഭ്യവുമല്ല.
ഇതിന് രണ്ട് വശങ്ങള്‍ ഉണ്ട്. നമ്മുടെ നാട്ടില്‍ ഉത്പാദിപ്പിക്കുന്ന വ്യവസായികവും അല്ലാത്തതും ആയ ഉല്‍പ്പന്നങ്ങള്‍ ലോകവിപണിയില്‍ എളുപ്പത്തില്‍ വില്‍ക്കാനും, അത് പോലെ ഇവിടെ നിലവില്‍ ലഭ്യമല്ലാത്ത വസ്തുക്കള്‍ ലോകവിപണിയില്‍ നിന്നും ഇവിടെ വില്‍ക്കല്‍-വാങ്ങലുകള്‍ നടത്താനും ഇന്ന് എളുപ്പത്തില്‍ സാധിക്കുന്നു. അത് പോലെ തന്നെ ഉള്ള മാറ്റങ്ങള്‍ തൊഴില്‍ മേഖലയിലും ഉണ്ടായി. അങ്ങനെ വന്നപ്പോള്‍ തൊഴിലാളി എന്നത് ഉത്പാദനത്തിന് ആവശ്യമായ മറ്റേതൊരു അസംസ്‌കൃത വസ്തുവിനേയും പോലെ ഒരു കമ്മോഡിറ്റി ആയി മാറും എന്നത് സ്വാഭാവികമാണ്. ഈ ഒരു പശ്ചാത്തലത്തില്‍ വേണം ഇന്ന് ബാങ്കിങ്ങ്, ഐ ടി, അക്കൗണ്ടിങ്ങ് തുടങ്ങിയ മേഖലകളില്‍ പണിയെടുക്കുന്ന ജീവനക്കാര്‍ നേരിടുന്ന പ്രതിസന്ധികളെ വിലയിരുത്താനാവുക.
വ്യവസായവല്‍ക്കരണവും തുടര്‍ന്ന് ഉണ്ടായ മാറ്റങ്ങളും
നമുക്ക് അറിയാവുന്നത് പോലെ കൃഷിയും മറ്റുമായി കഴിഞ്ഞിരുന്ന മനുഷ്യന്‍ പതിയെ വ്യവസായിക വളര്‍ച്ചയിലേക്ക് വന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ അതിന്റെ വേഗത വര്‍ദ്ധിച്ചു. യൂറോപ്പില്‍ പ്രത്യേകിച്ച് ഇംഗ്ലണ്ടില്‍ ഇതിന്റെ ഫലമായി ധാരാളം വ്യാവസായിക വളര്‍ച്ചയുണ്ടായി. തുടര്‍ന്ന് അമേരിക്കയിലും മറ്റ് പടിഞ്ഞാറന്‍ യൂറോപ്പ്യന്‍ രാജ്യങ്ങളിലും ഇത് വ്യാപിച്ചു. ഇന്ത്യ-ചൈന പോലുള്ള രാജ്യങ്ങളില്‍ ഇത് സംഭവിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആണ്. മെഷീനുകള്‍ ഉപയോഗിച്ച് ഉത്പാദനക്ഷമത വര്‍ദ്ധിപ്പിച്ചു. മുന്‍പ് മനുഷ്യന്‍ സ്വന്തം കായികശക്തി മാത്രം ഉപയോഗിച്ചിരുന്ന പ്രവര്‍ത്തനം കാലഹരണപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. അതോടെ വ്യവസായ മേഖലയില്‍ സ്‌കില്‍ഡും (നിപുണതയും) അല്ലാത്തതും ആയ തൊഴിലവസരങ്ങള്‍ ഉണ്ടായി.REPRESENTATIVE IMAGE |WIKI COMMONS
തൊഴിലിടങ്ങളില്‍ തൊഴില്‍ സമയവും, മതിയായ വേതനവും ഉറപ്പാക്കാന്‍ നിയമമോ വ്യവസ്ഥയോ ഒന്നും അന്ന് ഉണ്ടായിരുന്നില്ല. തൊഴില്‍ മേഖലയിലെ ചൂഷണം ചോദ്യം ചെയ്യാനും പുത്തന്‍ സാമ്പത്തിക ക്രമത്തില്‍ തൊഴിലെടുക്കുന്നവരുടെ അവകാശങ്ങളും, ക്ഷേമവും ഉറപ്പ് വരുത്താനും തൊഴിലാളികളുടെ കൂട്ടായ്മകള്‍ രൂപീകൃതമായി. അതിന്റെ എല്ലാം പരിണിതഫലമാണ് കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് വ്യവസ്ഥിതിയില്‍ അധിഷ്ടിതമായ ഭരണകൂടങ്ങള്‍ കിഴക്കന്‍ യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയും റഷ്യയിലും മറ്റും സ്ഥാപിക്കപ്പെട്ടത്. മെയ് ഒന്ന് ലോക തൊഴിലാളി ദിനം ആയി ലോകം 1889 മുതല്‍ ആചരിച്ചു വരുന്നു. 1889-ല്‍ പാരിസില്‍ കൂടിയ രാജ്യാന്തര സോഷ്യലിസ്റ്റ് കോണ്‍ഗ്രസാണ് മേയ് ഒന്ന് ലോക തൊഴിലാളി ദിനമായി ആചരിക്കണമെന്നും അന്ന് അവധിയായിരിക്കണമെന്നും നിര്‍ദേശിച്ചത്. ഇന്ന് ലോകത്തിലെ എണ്‍പതിലേറെ രാജ്യങ്ങളില്‍ മേയ് ദിനം അവധിയാണ്. എന്നാല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുടേയും ആഗോളവല്‍ക്കരണത്തിന്റെയും സ്വാധീനത്തില്‍ ക്രമേണ ലോക തൊഴിലാളി കൂട്ടായ്മ പോലുള്ള സംവിധാനങ്ങള്‍ അപ്രസക്തമായി.
പുതിയ തൊഴില്‍ സാഹചര്യങ്ങള്‍
മുകളില്‍ സൂചിപിച്ചത് പോലെ വ്യാവസായിക വളര്‍ച്ചയും തുടര്‍ന്നുണ്ടായ ചലനങ്ങളും സൃഷ്ടിച്ച മാറ്റങ്ങള്‍ പുതിയൊരു ലോക ക്രമത്തിന് വഴി മരുന്നിട്ടു എന്നത് പോലെ ഇന്ന് തൊഴില്‍ രംഗത്ത് വന്നിട്ടുള്ള ചലനങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ശരിയായ പഠനം നടത്തി ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടലുകള്‍ അനിവാര്യം ആണ്. തൊഴിലാളി സമൂഹം അനേകം വര്‍ഷത്തെ സമരങ്ങളിലൂടേയും സാമൂഹിക ഇടപെടലുകളിലൂടേയും നേടിയെടുത്ത അവകാശങ്ങള്‍ എവിടെ നഷ്ടപ്പെട്ടുവെന്ന് പരിശോധിക്കുമ്പോള്‍ പരിഗണിക്കേണ്ട സംഗതികള്‍;
1) മാറിയ സാമ്പത്തിക സാമൂഹിക വ്യവസ്ഥയില്‍ തൊഴിലാളി-തൊഴിലുടമ ബന്ധം, ട്രേഡ് യൂണിയനുകളുടേയും, സര്‍ക്കാര്‍ നിയന്ത്രണങ്ങളുടേയും പരിമിതികള്‍.
2) ലോക തൊഴിലാളി കമ്പോളം വിരല്‍ത്തുമ്പില്‍ ആയി മാറിയതിന്റെ ഫലമായി രൂപം കൊണ്ട അനിയന്ത്രിതമായ കച്ചവടം താത്പര്യങ്ങളുടെ കടന്നു കയറ്റം.
3) എച്ച് ആര്‍ മാനേജ്മെന്റ് എന്നത് അതിന്റെ സത്തയില്‍ നിന്ന് തെന്നിമാറി, തൊഴില്‍ ചൂഷണം മാത്രമായി മാറുന്ന സാഹചര്യം.
4) സാമ്പത്തിക അരക്ഷിതാവസ്ഥ നേരിടുന്ന തൊഴിലാളി സമൂഹം.WORKER'S PROTEST | PHOTO: FACEBOOK
മറ്റ് വിദേശ രാജ്യങ്ങളിലെ തൊഴില്‍ മാര്‍ക്കറ്റില്‍ നമുക്ക് മുന്നേറാനുള്ള അവസരം, നിലവിലുള്ള തൊഴിലാളി ക്ഷേമ പദ്ധതികള്‍, നിയമങ്ങള്‍ നടപ്പാക്കല്‍, എന്നീ മേഖലകളില്‍ നിന്നെല്ലാമുള്ള സര്‍ക്കാര്‍ സംവിധാനം പിന്‍വലിഞ്ഞതിന്റെ ഫലമായി തൊഴില്‍ അവകാശ സംരക്ഷണങ്ങള്‍ പതിനെട്ടാം നൂറ്റാണ്ടിലെ അവസ്ഥയിലേക്ക് തിരിച്ചു പോയി.
തിരുത്തലുകള്‍
ഓട്ടോമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള സംഗതികള്‍ തൊഴിലിടങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ ചിന്തകള്‍ക്ക് അതീതമാണ്. ഈ മാറ്റങ്ങളിലെ ഗുണപരമായ കാര്യങ്ങള്‍ ഉപയോഗപ്പെടുത്തുകയും അല്ലാത്തവയെ ഇല്ലായ്മ ചെയ്യുകയും എന്നതാണ് ഇന്നത്തെ ആവശ്യം. ഇതിലേക്ക് ഭരണകൂടത്തിന്റെ ശ്രദ്ധ കൊണ്ട് വരാന്‍ ആവശ്യമായ ഇടപെടലുകള്‍ ഉണ്ടാവണം. ഒരു ഉദാഹരണത്തിലൂടെ ഇക്കാര്യം കുറച്ച് കൂടി വ്യക്തമാക്കാം.
രാജ്യത്ത് ഏതെങ്കിലും നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടിയാല്‍ അത് നിയന്ത്രിക്കാന്‍ പ്രസ്തുത സാധനം ഇറക്കുമതി ചെയ്യുവാന്‍ കസ്റ്റംസ് ഡ്യൂട്ടി പോലെ ഉള്ളവ കുറച്ച് ഇറക്കുമതി കൂട്ടും. അത് പോലെ തിരിച്ചുള്ള ഇടപെടലുകള്‍ നാം കാണുന്നുണ്ട്. അതു പോലെ കര്‍ഷകര്‍ക്ക് അവര്‍ ഉത്പാദിപ്പിക്കുന്ന വിളകള്‍ക്ക് താങ്ങ് വില നല്‍കി സംരക്ഷിക്കുന്നു. ഇതെല്ലാം ഒരു ജനകീയ സര്‍ക്കാരിന്റെ പ്രഥമവും പ്രധാനവും ആയ ഉത്തരവാദിത്വം ആണ്. അത് പോലെ തന്നെ മാറിയ സാമ്പത്തിക ക്രമത്തില്‍ ഇന്ന് നമ്മുടെ തൊഴില്‍ മേഖലയില്‍ സംഭവിച്ചിട്ടുള്ള വിഷയങ്ങളും. ഇവിടേയും സര്‍ക്കാരിന്റെ ഇടപെടലുകള്‍ അനിവാര്യമാകുന്നു.
REPRESENTATIVE IMAGE | WIKI COMMONS
നിര്‍ദേശങ്ങള്‍
തൊഴില്‍ മേഖലയിലെ ചൂഷണം അവസാനിപ്പിക്കാനും വിഷയങ്ങള്‍ പഠിക്കാനും തൊഴിലാളി പ്രതിനിധികള്‍ കൂടി ഉള്‍പ്പെടുന്ന വിദഗ്ദ സമിതിയെ നിയോഗിച്ചു നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ട് വരിക.
കായിക അധ്വാനത്തിനേക്കാള്‍ മാനസികവും ശാരീരികവും ആയി തളര്‍ത്തുന്നതാണ് ഡാറ്റാ മാനേജ്മെന്റ്, ഫൈനാന്‍ഷിയല്‍ അക്കൗണ്ടിങ്ങ് തുടങ്ങിയ മേഖലകളിലെ ജോലികള്‍. ഇവരുടെ പ്രശ്നങ്ങള്‍ പ്രത്യേകം മനസ്സിലാക്കാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, തൊഴിലാളി പ്രതിനിധികള്‍, ഈ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥി പ്രതിനിധികള്‍ തുടങ്ങിയവരുമായി കൂടി ആലോചിച്ച് ആവശ്യമായ മാനദണ്ഡങ്ങള്‍ കൊണ്ട് വരിക.
പരമ്പരാഗത തൊഴിലാളി യൂണിയനുകള്‍ എന്നത് മാറ്റി കാലാനുസൃതമായ തൊഴിലാളി കൂട്ടായ്മകള്‍ക്ക് രൂപം നല്‍കേണ്ടതും അവയ്ക്ക് നിയമപ്രകാരം രജിസ്ട്രേഷന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം.
ഓരോ മേഖലയും ഉപയോഗിക്കപ്പെടുന്ന മാനവവിഭവശേഷിയുടെ അളവും അതിന് നിശ്ചയിക്കപ്പെട്ട മിനിമം വേതനവും നിയമം മൂലം നടപ്പാക്കുക.
വിദ്യാഭ്യാസത്തെ 'മണി മേക്കിംഗ് മെഷീന്‍' എന്നതില്‍ നിന്ന് മാറി ഗുണമേന്മയുള്ള ജീവിതം നയിക്കുന്ന ഉത്തമ പൗരന്‍മാരെ സൃഷ്ടിക്കാനുള്ള അടിസ്ഥാനമാണെന്ന തിരിച്ചറിവ് സമൂഹത്തില്‍ വ്യാപകമാക്കേണ്ടിയിരിക്കുന്നു.