TMJ
searchnav-menu
post-thumbnail

Outlook

ചാർളി കിർക്കും തീവ്രവാദങ്ങളും; കേരളത്തിലെ പ്രതിധ്വനികൾ

25 Sep 2025   |   9 min Read
അരവിന്ദ് വി എസ്

മേരിക്കയിൽ യാഥാസ്ഥിതിക മുന്നേറ്റങ്ങളിൽ നിന്നും ഉയർന്നുവന്ന താരം ചാർളി കിർക് വെടിയേറ്റ് മരിച്ചിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. മരണത്തെത്തുടർന്ന് ചാർളി കിർക്കിനെയും അദ്ദേഹത്തിന്റെ നിലപാടുകളെയും സാമൂഹ്യ മാധ്യമങ്ങളിൽ വിമർശിച്ച പല സാധാരണക്കാരെയും പ്രമുഖ മാധ്യമ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരെയും ജോലിയിൽ നിന്നും പുറത്താക്കാൻ വലിയ സമ്മർദം യാഥാസ്ഥിതിക ആൾക്കൂട്ടങ്ങളിൽ നിന്നും ഉണ്ടാകുകയും അത് പ്രാവർത്തികമാകുകയും ചെയ്തു. സോഷ്യൽ മീഡിയ കൂട്ടായ്മകൾ വെള്ളക്കാർക്ക് എതിരെ വംശീയ കുറ്റങ്ങളിൽ ഏർപ്പെടാൻ മുറവിളി ഉണ്ടാകുന്നുണ്ട് എന്ന് യാഥാസ്ഥിതികർ വിചിത്രമായ വാദങ്ങൾ ഉന്നയിച്ചു. സമൂഹ മാധ്യമങ്ങളിൽ ചാർളി കിർക്കിനെയും യാഥാസ്ഥിതികരെയും വിമർശിക്കുന്നവരെ നിയന്ത്രിക്കണം എന്നുള്ളതടക്കമുള്ള ആവശ്യങ്ങൾ അവർ ഉയർത്താൻ തുടങ്ങി. സോഷ്യൽ മീഡിയയെ നിയന്ത്രിക്കണം എന്നുള്ളത് യാഥാസ്ഥിതിക കൂട്ടായ്മകളുടെ കാലങ്ങളായുള്ള ആവശ്യങ്ങളിലൊന്നാണ്. 

ചാർളി കിർക്കും തീവ്രവാദവും

എന്താണ് ചാർളി കിർക്കിനെ സവിശേഷമാക്കുന്നത്? എന്താണ് അദ്ദേഹത്തിന്റെ പ്രാധാന്യം? ഇന്ത്യൻ സാഹചര്യത്തിൽ അത്തരമൊരു വ്യക്തിയെയും അവർ മുന്നോട്ട് വയ്ക്കുന്ന വാദങ്ങളെയും മനസിലാക്കാൻ എങ്ങനെ സാധിക്കും? 

ചാർളി കിർക് | PHOTO: WIKI COMMONS
ചാർളി കിർക്കിന്റെ പ്രാഥമിക സവിശേഷത അയാൾ അമേരിക്കയിലെ വെളുത്ത വർഗക്കാരുടെ അധീശത്വത്തിൽ വിശ്വസിക്കുന്ന ഒരു ക്രൈസ്തവ വിശ്വാസിയാണെന്നതാണ്. താൻ ക്രൈസ്തവനാണെന്നും, ക്രിസ്തു ലോകത്തിന്റെ മുഴുവൻ രാജാവാണെന്നും എല്ലാ മനുഷ്യരും ക്രൈസ്തവ മൂല്യങ്ങളിലേക്ക് വരുമ്പോൾ സമൂഹം മെച്ചപ്പെടും എന്നും അയാൾ വിശ്വസിച്ചിരുന്നു. ക്രൈസ്തവ സ്വത്വ മുന്നേറ്റങ്ങളെയും ക്രൈസ്തവ തീവ്ര വാദത്തെയും കുറിച്ച് പഠിച്ച മൈക്കിൾ ബർകുൻ 1997 ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ അത് വെള്ളക്കാരുടെ അധീശത്വത്തെ ക്രൈസ്തവ വിശ്വാസങ്ങളിലൂടെ ന്യായീകരിക്കപ്പെട്ടതാണ് എന്ന് കണ്ടെത്തിയിരുന്നു. ഇത്തരം മുന്നേറ്റങ്ങൾ നടത്തിയ പ്രസിദ്ധീകരണങ്ങളെയും ലഖു ലേഖകളെയും നോട്ടീസുകളെയും മത ഗ്രന്ഥങ്ങളെയും ചരിത്രപരമായി പഠിച്ചതിന് ശേഷമാണ് അദ്ദേഹം ഈ നിഗമനത്തിൽ എത്തിയത്. അമേരിക്കയിലെ ഇത്തരം മുന്നേറ്റങ്ങൾക്ക് 19-20 നൂറ്റാണ്ടുകളിലെ ബ്രിട്ടീഷ് ഇസ്രായേലിസവുമായിട്ടാണ് ബന്ധം എന്നും അദ്ദേഹം സൂചിപ്പിച്ചു. അമേരിക്കയിൽ ഉണ്ടായി വന്ന വെള്ളക്കാരുടെ എല്ലാത്തരം തീവ്രവാദ കൂട്ടായ്മകൾക്കും കാരണമായത് ഇത്തരം ക്രൈസ്തവ തീവ്രവാദ വിശ്വാസധാരകളായിരുന്നു. പോസി കോമിറ്റേറ്റസ്, ദി ആര്യൻ നേഷൻസ്, ദി ക്ലൂ ക്ലക്സ് ക്ലാൻ അതിന്റെ മറ്റു അനുബന്ധ സംഘടനകൾ എന്നിവയെല്ലാം ഉടലെടുത്തത് ക്രൈസ്തവ തീവ്രവാദ പ്രത്യയശാസ്ത്രങ്ങളിലൂടെയാണ്. 

തദ്ദേശീയരായ ആദിവാസികളെ അവരുടെ ഭൂമിയിൽ നിന്നും ആട്ടിയോടിക്കുക, വെള്ളക്കാരുടെ കൃഷിയിടങ്ങളിലേക്ക് അടിമകളായി കൊണ്ടുവന്ന ആഫ്രിക്കൻ വർഗക്കാരെയും അവരുടെ പുതിയ തലമുറകളെയും ശിക്ഷിക്കുക, വധിക്കുക അവരുടെ സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്യുക, അവരെ കൂട്ടക്കുരുതി നടത്തുക, അബോർഷൻ നടത്തി എന്ന് ആരോപിച്ചുകൊണ്ട് ആരോഗ്യ പ്രവർത്തകരെ വധിക്കുക, കുടിയേറ്റക്കാരായ ക്രൈസ്തവരായ വെള്ളക്കാർക്ക് എന്തും ചെയ്യാൻ കഴിയുമായിരുന്ന ആദ്യ കുടിയേറ്റ കാലത്തെയും ആഫ്രിക്കൻ അടിമവൽക്കരണ കാലത്തെയും മഹത്വവത്കരിക്കുക എന്നിവയായിരുന്നു അവരുടെ പ്രവർത്തനങ്ങൾ. അദ്യകാലങ്ങളിലെ ഇതേ ബ്രിട്ടീഷ് ഇസ്രയേലിസം ജൂതരോട് വളരെ മൃദു സമീപനമാണ് കൈകൊണ്ടിരുന്നതെങ്കിലും പിന്നീട് അമേരിക്കയിൽ ജൂതരെ സാത്താന്റെ സന്തതികളായിട്ടാണ് അത് കണ്ടത്. അമേരിക്കയിലേക്ക് കുടിയേറിയ ജൂതരും ഇവരുടെ അതിക്രമങ്ങൾക്ക് ഇരയായിരുന്നു. സഭയും അതിന്റെ അനുബന്ധ സംഘടനകളായ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ്, ആര്യൻ നേഷൻസ് എന്നിവയെല്ലാം ഇത്തരത്തിൽ സമൂഹത്തിൽ പ്രവർത്തിച്ചിരുന്നു. 1990കളിൽ നവ ഉദാരവത്കരണ നയങ്ങൾ നടപ്പാക്കിയ അമേരിക്കൻ സർക്കാരുകൾക്കതിരെ ഇവർ വലിയ മുന്നേറ്റങ്ങൾ സംഘടിപ്പിച്ചിരുന്നു. 

ക്ലൂ ക്ലക്സ് ക്ലാൻ | PHOTO: WIKI COMMONS
ദി ക്ലൂ ക്ലക്സ് ക്ലാൻ എന്ന വെള്ളക്കാരുടെ ക്രൈസ്തവ തീവ്രവാദ സംഘടനയെക്കുറിച്ചു പഠിച്ച റോറി മെക്വെയുടെ 2009 ലെ പഠനം വ്യക്തമാക്കുന്നത് സമാനമായ വാദങ്ങളാണ്. അമേരിക്കയിലേക്ക് കുടിയേറിയ വെള്ളക്കാരായ ഇംഗ്ലീഷ് സാക്സോൺ പ്രൊട്ടസ്റ്റന്റ് കൂട്ടായ്മകളാണ് അമേരിക്കൻ വെളുത്ത വർഗക്കാരുടെ ക്രൈസ്തവ തീവ്ര വാദ സംഘടനകൾ ആരംഭിച്ചത് എന്നാണ് അവർ കണ്ടെത്തിയത്. ഇതേ ഇംഗ്ലീഷ് സാക്സോൺ പ്രൊട്ടസ്റ്റന്റുകാർ തങ്ങൾ ഇസ്രായേലിൽ അന്യം നിന്നുപോയ വംശ പരമ്പരയുടെ തുടർച്ചക്കാരാണ് എന്ന് വിശ്വസിച്ചിരുന്നു എന്ന് മൈക്കിൾ ബർകുൻ സൂചിപ്പിച്ചിരുന്നു. മറ്റു സാമൂഹിക വിഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി താരതമ്യേന മെച്ചപ്പെട്ട രീതിയിൽ ഭൂമി അടക്കമുള്ള വിഭവങ്ങളും സമ്പത്തും കൈവശം ഉണ്ടായിരുന്ന വിഭാഗങ്ങളായിരുന്നു ഇവർ. ഈ ക്രൈസ്തവ തീവ്രവാദം അമേരിക്കയിൽ ഇപ്പോൾ പുതിയൊരു തരം തദ്ദേശീയ വാദമായി മാറിയിരിക്കുകയാണ്. യൂറോപ്പിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറുകയും സഭയുടെയും ക്രൈസ്തവ തീവ്രവാദത്തിന്റെയും വ്യവസായ-ആയുധബലത്തിന്റെയും ശക്തിയിൽ അവിടെ പുതിയൊരു തദ്ദേശീയ സംസ്കാരം വ്യാജമായി നിർമിച്ചെടുക്കുകയുമാണ് അവർ ചെയ്തത്. ഇപ്പോൾ അമേരിക്കയിലെ തദ്ദേശീയ മുന്നേറ്റം നയിക്കുന്നത് ഈ വെള്ളക്കാരാണ്. എന്നാൽ യഥാർത്ഥ തദ്ദേശീയ ഗോത്ര വിഭാഗങ്ങളുടെ ഭൂമിയും വിഭവങ്ങളും കയ്യേറിയിട്ടാണ് വെളുത്ത വംശജർ ഇത് സാധിച്ചെടുത്തത്. മായൻ, ആസ്‌ടെക്, ഒൽമെക്, സപൊട്ടേക്, മിക്സ്റ്റെക്, ടോൾടെക്, ചെറോക്കീ, നവാഹോ, അപ്പാച്ചെ, സിയൂക്സ്, ഇന്യുട്, ഇൻകാ, മാപ്പുചെ, മ്യുസ്കാ, ഗൊരാനി എന്നിങ്ങനെ അനേകം തദ്ദേശീയരെ വിഭവങ്ങളിൽ നിന്നും പല രീതിയിൽ ആട്ടിയോടിച്ചാണ് ഈ വിഭാഗങ്ങൾ പതുക്കെ വെളുത്ത വർഗക്കാരുടെ അധീശത്വം സ്ഥാപിച്ചത്. 

ആദ്യകാലത്ത് ആധുനികവത്കരണത്തെയും ജനാധിപത്യ ശ്രമങ്ങളെയും വലിയ രീതിയിൽ എതിർത്തുവന്ന ഈ തീവ്രവാദശക്തികൾ ഇപ്പോൾ തീവ്ര വലതുപക്ഷം എന്ന പുതിയ നാമത്തിൽ പല സംഘടനകളായി ഒരു പ്രത്യയശാസ്ത്ര കുടക്കീഴിൽ പ്രവർത്തിക്കുന്നവരാണ്. വെളുത്ത വർഗക്കാരായ ക്രൈസ്തവരുടെ അധീശത്വത്തിൽ വിശ്വസിക്കുക, മെറിറ്റ് വാദം, സംവരണ നയങ്ങളോടുള്ള വെറുപ്പ്, കുടിയേറ്റ വിരുദ്ധത, മുസ്ലിം വെറുപ്പ്, ആഫ്രിക്കൻ അമേരിക്കകാരോടുള്ള വെറുപ്പ്, യാഥാസ്ഥിതിക ക്രൈസ്തവ കുടുംബ മൂല്യങ്ങളിലുള്ള അചഞ്ചലമായ വിശ്വാസം, അതിന്റെ ഭാഗമായ ലിംഗ ന്യൂന പക്ഷങ്ങളോടും ക്യുവെർ സമൂഹങ്ങളോടുമുള്ള വെറുപ്പ്, സ്ത്രീ വിരുദ്ധത, അബോർഷൻ വിരുദ്ധത എന്ന പല ധാരകളായുള്ള ആശയങ്ങളിൽ പ്രവർത്തിക്കുന്ന അനേകം ചെറു സംഘടനകൾ ചേർന്ന വലിയ ഐക്യ മുന്നേറ്റമാണ് ഇന്നിത്. വലിയ വ്യവസായ ഭീമന്മാരുടെ കോടിക്കണക്കിന് വരുന്ന പണവും വിവിധ തരം ക്രൈസ്തവ സഭകളുടെ പിന്തുണയും ഇവർക്കുണ്ട്. ഇത്തരം സംഘടനകളിൽ ഒന്നാണ് “ടെർണിങ് പോയിന്റ്” എന്ന ചാർളി കിർക് സഹ സ്ഥാപകനായ സന്നദ്ധ സംഘടന. നിലവിൽ അദ്ദേഹത്തിന്റെ ഭാര്യ ഈ സംഘടനയുടെ തലപ്പത്തേക്ക് അവരോധിക്കപ്പെട്ടിരിക്കുന്നു. മുൻപ് സൂചിപ്പിച്ച അതെ യാഥാസ്ഥിതിക മൂല്യങ്ങളാണ് ഇതേ സംഘടനയും മുന്നോട്ട് വക്കുന്നത്. ആഫ്രിക്കൻ അമേരിക്കൻ അടിമകളെയും തദ്ദേശീയരെയും അടിച്ചമർത്തിയിരുന്ന ഒരു സുവർണ ഭൂത കാലത്തേക്കുള്ള 'തിരിച്ചു പോക്ക് ' എന്നുള്ള നിലയിലാണ് സത്യത്തിൽ ആ പേര് തന്നെ രൂപപ്പെടുന്നത്. 

REPRESENTATIVE IMAGE | PHOTO: WIKI COMMONS
ക്രൈസ്തവ തീവ്രവാദത്തിന്റെ പുതിയ കാലത്തെ മാറ്റങ്ങളുടെ സവിശേഷത

ആദ്യകാലങ്ങളിൽ ആധുനിക ഭരണകൂടത്തെയും അതിന്റെ ജനാധിപത്യ ശ്രമങ്ങളെയും എതിർത്തിരുന്ന ഈ തീവ്രവാദധാരകൾ ഇന്ന് തീവ്ര വലതുപക്ഷം എന്ന പേരിൽ ആധുനിക ഭരണകൂടത്തിന്റെയും ഭാഗമായി വിലപേശലിലും ചർച്ചയിലും ഏർപെട്ടുകൊണ്ടിരിക്കുകയാണ്. ഭരണകൂടത്തിന്റെ നയങ്ങളിൽ ഇടപെടുക അതിന്റെ നയങ്ങളെ താരതമ്യേന മെച്ചപ്പെട്ട വിഭവാധികാരമുള്ള വെളുത്ത വർഗ്ഗക്കാരായ ക്രൈസ്തവ യാഥാസ്ഥിതികർക്ക് അനുകൂലമായും അവരുടെ മൂല്യങ്ങൾക്ക് അനുകൂലമായും നിയന്ത്രിക്കുക എന്നിവയാണ് ഇവർ ചെയ്തുവരുന്നത്. അതുവഴി അത്തരം വിഭാഗങ്ങൾക്ക് കൂടുതൽ വിഭവാധികാരവും സാമൂഹിക അധികാരവും നേടിയെടുക്കാൻ കഴിയുന്ന രീതിൽ നയങ്ങളെ മാറ്റുവാനും അവർക്ക് കഴിയുന്നുണ്ട്. അതിൽപ്പെട്ട ഒരു സംഘടനയിൽ ഒന്നാണ് ചാർളി കിർകിന്റെ 'റ്റേർണിങ് പോയിന്റ് '. മഹത്വ വത്കരിക്കപ്പെട്ട പഴയ കാലത്തേക്ക് തിരിച്ചുപോകാൻ ആധുനിക ഭരണകൂടത്തെ തയ്യാറാക്കുവാനാണ് അവർ ശ്രമിക്കുന്നത്.

ചാർളി കിർകിന്റെയും അയാൾ ഉൾപ്പെടുന്ന ഈ പുതിയ തീവ്ര വലതുപക്ഷത്തിന്റെയും വാദങ്ങളുടെ പൊതു സവിശേഷത അത് വെളുത്തവർഗക്കാർക്ക് സമൂഹത്തിൽ ഇപ്പോഴും ലഭ്യമാകുന്ന സ്വീകാര്യതയെയും മറ്റുള്ള വിഭാഗങ്ങൾക്ക് നേരിടേണ്ടി വരുന്ന വിവേചനങ്ങളെയും ഒരിക്കലും പ്രശ്നവത്കരിക്കില്ല എന്നുള്ളതാണ്. അതായത് വിഭവങ്ങളും അവസരങ്ങളും നേടുവാനുള്ള നിരന്തരമായ മത്സരത്തിൽ വെളുത്ത വർഗക്കാർക്ക് ലഭിക്കുന്ന സ്വീകാര്യതയും അല്ലാത്തവർക്ക് ലഭിക്കുന്ന വിവേചനവും സംബന്ധിച്ച ചർച്ചകളിൽ നിന്ന് അയാൾ വ്യതിചലിക്കുകയും മറിച്ചു വെളുത്ത വർഗക്കാർക്ക് വിഭവങ്ങളും അവസരങ്ങളും നേടാൻ കഴിയുന്നില്ല എന്നുള്ള തീർത്തും വംശീയമായ വെറുപ്പ് ഉത്പാദിപ്പിക്കാനുതകുന്ന 'വ്യാജ ഇരവാദം' ഉയർത്തുകയും ചെയ്യും. അമേരിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുമായും ചർച്ച പരിപാടികൾ സംഘടിപ്പിക്കുകയും വെളുത്തവർഗക്കാരായ മത്സരാർത്ഥികൾക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നു എന്ന് വാദിക്കുകയും ചെയ്യുന്നതാണ് അയാളുടെ പ്രധാന രീതി. അതിന് വേണ്ടി ഇതേ സാമൂഹിക വിവേചനങ്ങളുടെ കാരണങ്ങൾ കൊണ്ട് അവസരങ്ങൾ നിഷേധിക്കപ്പെടുന്ന വിഭാഗങ്ങളെ കഴിവ് കെട്ടവർ എന്ന് അധിക്ഷേപിക്കുന്നതും അയാളുടെ രീതിയാണ്. അതിന് വേണ്ടി ആഫ്രിക്കൻ അമേരിക്കൻ വംശജർ പ്രധാനപ്പെട്ട തൊഴിൽ മേഖലകളിൽ കുറവാണ് എന്ന സ്റ്റാറ്റിസ്റ്റിക്കൽ റെക്കോഡുകളെ ആശ്രയിക്കുകയും ചെയ്യുന്നു. വെളുത്ത വർഗ്ഗക്കാരായ ആൾക്കൂട്ടങ്ങളുടെ ഇടയിൽ ഇത്തരം കണക്കുകൾ നിരത്തി ആഫ്രിക്കൻ വംശജർ കഴിവ് കെട്ടവരാണ് എന്ന് വാദിക്കുന്നത് അയാളുടെ രീതിയാണ്. ഇത്തരം വാദങ്ങൾക്ക് വേണ്ടി കോടതി വ്യവഹാരങ്ങളെയും വിധികളെയും ഉപയോഗിക്കുന്ന രീതിയും അയാൾക്കുണ്ട്. സ്വതന്ത്രമായി മത്സരിക്കാനുള്ള വെള്ളക്കാരന്റെ അവകാശം നിയന്ത്രിക്കപ്പെടുന്നു എന്ന വാദമാണ് ഇത്തരം കോടതി വ്യവഹാരങ്ങളിൽ നിന്നും അയാൾ നിരന്തരം ഉണ്ടാക്കി എടുക്കുന്നത്.

REPRESENTATIVE IMAGE | PHOTO: WIKI COMMONS
ആധുനിക ഭരണകൂടവുമായുള്ള കൊടുക്കൽ വാങ്ങൽ

മെറിറ്റ് വാദം ശക്തമാക്കുക, സർക്കാരിന്റെ സംവരണ പ്രാതിനിധ്യ നയങ്ങളെയും, വെൽഫെയർ നയങ്ങളെയും ആക്രമിക്കുക, ദുർബല വിഭാഗങ്ങൾക്ക് വേണ്ടിയുള്ള ധന സഹായങ്ങൾ വെട്ടിച്ചുരുക്കാൻ സമ്മർദം ചെലുത്തുക എന്നീ പ്രവർത്തനങ്ങളൊക്കെ ഇത്തരം മുന്നേറ്റങ്ങളുടെ സവിശേഷതകളാണ്. അബോർഷൻ അവകാശങ്ങളിൽ നിന്നും സർക്കാരിനെ പിന്തിരിപ്പിക്കുക, അതിനു വേണ്ടിയുള്ള ധനസഹായങ്ങൾ നിർത്തലാക്കാൻ ആവശ്യപ്പെടുക എന്നിവയും ഇത്തരം സംഘടനകൾ ചെയ്തുവരുന്നതാണ്. ലിംഗ ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ള അവകാശങ്ങളെക്കുറിച്ചു തെറ്റിദ്ധാരണ ഉണ്ടാക്കുക എന്നിവയും ഇവർ ചെയ്തു പോരുന്നു. ഈ വിഭാഗങ്ങളുടെ പ്രത്യയശാസ്ത്രങ്ങളെ താരതമ്യം ചെയ്യുമ്പോൾ മനസിലാകുന്ന വസ്തുതകൾ ഗൗരവതരമായ ശ്രദ്ധ ഇത്തരം മുന്നേറ്റങ്ങൾക്ക് കൊടുക്കണം എന്ന് മനസിലാക്കിത്തരും.

പ്രാഥമികമായ വസ്തുത അമേരിക്കയിലെ താരതമ്യേന മെച്ചപ്പെട്ട രീതിയിൽ ഭൂവിഭവവും അധികാര പ്രാതിനിധ്യവും സ്വത്തുടമസ്ഥതയും ലഭ്യമായ വംശീയ വിഭാഗമായ വെളുത്തവർഗക്കാരായ ക്രൈസ്തവരുടെ താല്പര്യങ്ങളാണ് ഇവർ മുന്നോട്ട് വക്കുന്നത് എന്നതാണ്. ആദ്യകാലത്തേതിൽ നിന്ന് വ്യത്യസ്തമായി ഇവർ ഭരണകൂടത്തെ പ്രത്യക്ഷത്തിൽ എതിർക്കാതെ അതിന്റെ വ്യവസ്ഥയുമായും പെരുമാറ്റ രീതികളുമായും ഇഴകിചേർന്ന് സർക്കാരിനോട് വിലപേശലിൽ ഏർപ്പെടാൻ തുടങ്ങിയിരിക്കുന്നു. മുൻപ് സൂചിപ്പിച്ച വംശീയ സാമൂഹിക വിഭാഗങ്ങൾക്ക് കൂടുതൽ അവസരങ്ങൾക്കും വിഭവങ്ങൾക്കും വേണ്ടിയുള്ള മത്സരത്തിൽ വിജയത്തിന് സഹായിക്കുന്നതിന് അനുകൂലമാകുന്ന രീതിയിലുള്ള നയങ്ങൾ രൂപപ്പെടുത്താൻ അവർ നിരന്തരം ശ്രമിക്കുന്നു. അത്തരം വിഭാഗങ്ങളുടെ യാഥാസ്ഥിതിക മൂല്യ വ്യവസ്ഥ ഈ നയങ്ങളിൽ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നു. മറ്റു വിഭാഗങ്ങളുടെ സമാനമായ മത്സരത്തെ എളുപ്പമാക്കാൻ ശ്രമിക്കുന്ന സർക്കാർ നയങ്ങളെ തടസപ്പെടുത്താൻ ശ്രമിക്കുന്നു. ഇത്തരത്തിലാണ് ഇവരുടെ പ്രവർത്തനങ്ങൾ പുതിയ കാലത്ത് സംഭവിക്കുന്നത്.

REPRESENTATIVE IMAGE | PHOTO: WIKI COMMONS
കേരളത്തിലെ സാന്നിധ്യങ്ങൾ

കേരളത്തിൽ ഒരു ക്രൈസ്തവ തീവ്രവാദ പ്രസ്ഥാനമുണ്ടോ? അതിന് അമേരിക്കൻ വെളുത്ത വർഗക്കാരുടെ ഈ തീവ്രവാദ പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടോ? തീർച്ചയായും വ്യാപകമായ രീതിയിൽ കൂട്ടകുരുതികൾ നടത്താൻ കഴിയുന്ന രീതിയിൽ സായുധമായി സംഘടിക്കപെട്ട ക്രൈസ്തവ തീവ്രവാദ പ്രസ്ഥാനങ്ങൾ കേരളത്തിൽ ഇല്ല എന്നുള്ളത് വസ്തുതയാണ്. എന്നാൽ അമേരിക്കൻ തീവ്രവാദ പ്രസ്ഥാനങ്ങളുടെ പ്രവർത്തന മാതൃകകളും അവരുടെ പ്രത്യയശാസ്ത്രവും പരിശോധിക്കുമ്പോൾ അതിന്റെ മാതൃകകളുടെ സാന്നിധ്യം കേരളത്തിൽ ഉണ്ടെന്ന് പ്രത്യക്ഷത്തിൽ തന്നെ മനസിലാകും. 

നിലവിൽ രൂപപ്പെട്ട ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷൻ എന്ന (CASA) എന്ന സംഘടന പ്രത്യക്ഷത്തിൽ തന്നെ ഈ ക്രൈസ്തവ തീവ്രവാദ പ്രത്യയശാസ്ത്രങ്ങളുടെ പ്രത്യക്ഷ ഉദാഹരണമാണ്. ചാർളി കിർകിന്റെ വധം കേരളത്തിൽ സമാനമായ ഇരവാദ രാഷ്ട്രീയത്തിലൂടെ പ്രചരിപ്പിക്കുന്നതിൽ ഇവർ മുൻപന്തിയിലാണ്. 2019 ൽ നിലവിൽ വന്നതാണ് ഈ സംഘടന. യഹോവ സാക്ഷികൾ ഒഴിച്ചുള്ള സീറോ മലബാർ സഭ, ലാറ്റിൻ, ഓർത്തഡോക്സ്, യാക്കോബൈറ്റ് വിഭാഗങ്ങളിലുള്ള വിശ്വാസികൾ ചേർന്ന ഒന്നാണ് ഇത്. 17 ക്രൈസ്തവ സംയുക്ത സംഘടകൾ ഇവർക്ക് കീഴിൽ ഉണ്ടെന്ന് അവരുടെ വെബ്സൈറ്റ് അവകാശപ്പെടുന്നു. ഇത്തരം സഭകൾ നേരിട്ട് ഈ സംഘടനകളുടെ ഭാഗമല്ലെങ്കിലും പല പുരോഹിതരും, വിരമിച്ച പൊലീസ്, ഇന്റലിജൻസ് ഉദ്യോഗസ്ഥരും, അഭിഭാഷകരും, ഡോക്ടർമാരും, അടക്കം പലരും അവരുടെ ഉപദേശക സമിതിയിൽ ഉണ്ടെന്നും സംഘടന അവകാശപ്പെടുന്നു. ഈ സംഘടന പ്രധാനമായും മുസ്ലിം വെറുപ്പ് ഉല്പാദിപ്പിക്കുന്നതിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. മുൻ ഇറാക്ക് പ്രസിഡന്റ് ആയിരുന്ന സദ്ദാം ഹുസൈന്റെ 2006ലെ വധവും അതിനെത്തുടർന്ന് മുൻ മുസ്ലിം ലീഗ് നേതാവ് ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന ഹർത്താലിനെതിരെയുള്ള ചില ക്രൈസ്തവരുടെ പ്രതിഷേധമാണ് ഈ സംഘടനയുടെ ഉൽഭവത്തിന് കാരണം എന്ന് അവരുടെ വെബ്സൈറ്റ് വ്യക്തമാക്കുന്നു.
REPRESENTATVE IMAGE | PHOTO: WIKI COMMONS
മുസ്ലിം വെറുപ്പും ലിംഗ ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പും ഉൽപാദിപ്പിക്കുന്നതിലാണ് ഈ സംഘടന കേന്ദ്രീകരിച്ചിരിക്കുന്നത്. വിശേഷിച്ചും മുസ്ലിം ജനവിഭാഗങ്ങളോടും അവരുടെ വിശ്വാസപരമായതും സാംസ്‌കാരികമായതുമായ ഘടകങ്ങളോട് വെറുപ്പ് ഉത്പാദിപ്പിക്കുക. ഉദാഹരണം ഹലാൽ ഭക്ഷണത്തിനെതിരെ വെറുപ്പ് ഉത്പാദിപ്പിക്കുക, ലവ് ജിഹാദ് എന്ന ഹിന്ദുത്വ പ്രചാരണം ഏറ്റുപിടിക്കുക പ്രചരിപ്പിക്കുക തുടങ്ങിയവയിലാണ് ഈ സംഘടനാ പ്രത്യക്ഷത്തിൽ പ്രവർത്തിക്കുന്നത്. യാഥാസ്ഥിതിക ക്രൈസ്തവ വിശ്വാസങ്ങളിലുള്ള അചഞ്ചലമായ വിശ്വാസം വൈവിധ്യങ്ങളോടുള്ള വെറുപ്പ് എന്നിവയും ഇവരുടെ പ്രത്യയശാസ്ത്ര മാതൃകകളാണ്. എന്നാൽ അമേരിക്കൻ സംഘടനകളിൽ നിന്ന് വ്യത്യസ്തമായി ഈ സംഘടനകൾക്കു ഇന്ത്യയിലെ ബ്രാഹ്‌മണ അധീശത്വ സംഘടനയായ ആർ.എസ്.എസിനോട് അചഞ്ചലമായ വിധേയത്വവുമുണ്ട്. ആർ എസ് എസ് മാതൃകയിൽ ഒരു ക്രൈസ്തവർക്ക് ഒരു സംഘടന വേണമെന്ന ആഗ്രഹമാണ് കാസയുടെ ഉത്ഭവത്തിന് പിന്നിൽ എന്ന് സംഘടന വ്യക്തമാക്കുന്നു. “ഞങ്ങളുടെ രാജ്യം ഞങ്ങളുടെ വിശ്വാസം” എന്നതാണ് കാസയുടെ മുദ്രാവാക്യം എന്ന് സംഘടന വ്യക്തമാക്കുന്നെങ്കിലും ഇസ്രയേൽ ക്രൈസ്തവരുടെ വിശുദ്ധ രാജ്യമാണെന്ന സങ്കൽപം പല പോസ്റ്ററുകളിലൂടെ സംഘടന പ്രചരിപ്പിക്കുന്നുണ്ട്. ഇത് മൈക്കിൾ ബർകുൻ സൂചിപ്പിച്ച ബ്രിട്ടീഷ് ഇസ്രയേലിസത്തിന്റെ സ്വാധീനവുമാണ്. അത്തരത്തിൽ പരിശോധിക്കുമ്പോൾ ഈ സംഘടനാ പ്രത്യക്ഷത്തിൽ തന്നെ അമേരിക്കൻ വെളുത്ത വർഗക്കാരുടെ അധീശത്വ മാതൃകകൾ പിന്തുടരുന്നവരാണ് എന്ന് മനസിലാകും. 

ചരിത്രപരമായ സമാനതകൾ

എന്നാൽ വെബ്സൈറ്റ് വിശദീകരിക്കുന്നത് പോലെ കൊച്ചിയിൽ സദ്ദാം ഹുസ്സൈൻ പ്രതിഷേധ ഹർത്താൽ മാത്രമാണോ കാസയുടെ ഉത്ഭവത്തിന് കാരണമായത്. ചരിത്രപരമായ പരിശോധനയിൽ അത് അങ്ങനെ അല്ല എന്ന് വ്യക്തമാകും. 

ക്രൈസ്തവ സമുദായത്തിലെ പ്രബലവിഭാഗങ്ങളിൽ ഇത്തരം തീവ്ര യാഥാസ്ഥിതിക പ്രത്യയശാസ്ത്രങ്ങളുടെ സ്വാധീനം ചരിത്രപരമായി ഉണ്ടായിരുന്നു എന്നുവേണം കരുതാൻ. അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം കീഴാളരായ ആദിവാസി വിഭാഗങ്ങളോട് കുടിയേറ്റ ജനത ചെയ്ത അതിക്രമങ്ങളുടെ തെളിവുകളാണ്. അതിലൊരു വലിയ വിഭാഗം ക്രൈസ്തവർ പ്രബല വിഭാഗങ്ങളുമായിരുന്നു. അമേരിക്കയിൽ സംഭവിച്ചതിന് സമാനമായി കീഴാളരായ ആദിവാസികളുടെ കൈവശം ഉണ്ടായിരുന്ന വനഭൂമി പല രീതിയിൽ കൈവശപ്പെടുത്തിയതിന്റെയും തട്ടിച്ചെടുത്തതിന്റെയും ചരിത്രം കൂടി അടങ്ങുന്നതാണ് അത്. 1991ൽ കേരളത്തിലെ വന നശീകരണത്തെക്കുറിച്ചു പഠിച്ചു ലേഖനം എഴുതിയ മാർക്കസ് മോഞ്ച്‌ വ്യക്തമാക്കുന്നത് ക്രൈസ്തവരായ കുടിയേറ്റക്കാരും ക്രൈസ്തവ സഭയും റവന്യു ഡിപ്പാർട്മെന്റും ഒത്തുചേർന്നാണ് ആദിവാസികളുടെ ഭൂമി വലിയ തോതിൽ കയ്യടക്കിയത് എന്നാണ്. കയ്യേറിയവർ വന ഭൂമിയിൽ പള്ളികൾ സ്ഥാപിച്ചെന്നും പള്ളിയുടെ സാന്നിധ്യത്തിൽ ഭൂമിയെക്കുറിച്ചുള്ള വിവരക്കൈമാറ്റവും, ആദിവാസി വിരുദ്ധവും കയ്യേറ്റക്കാർക്ക് അനുകൂലമായ റവന്യു വകുപ്പിന്റെ ഇടപെടലുകളും കൂടുതൽ ഭൂമി കയ്യേറുന്നതിലേക്ക് എത്തിച്ചു എന്നും അദ്ദേഹം സൂചിപ്പിക്കുന്നു. കയ്യേറ്റങ്ങൾക്കും പാട്ടത്തിനെടുക്കപ്പെട്ട ആദിവാസി ഭൂമിക്കും ഉടമസ്ഥാവകാശം ഉണ്ടാക്കിയെടുക്കാൻ ഇത് കുടിയേറ്റക്കാരെ സഹായിച്ചു എന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം ചരിത്രപരമായ തെളിവുകൾ അമേരിക്കൻ ചരിത്രത്തിന്റെ മാതൃകകൾ കേരളത്തിലും ആവർത്തിച്ചിട്ടുണ്ടെന്ന് കാണിച്ചു തരുന്നു. 

REPRESENTATIVE IMAGE | PHOTO: WIKI COMMONS
എന്നാൽ അത് കേവലം ഭൂമി പിടിച്ചടക്കലിൽ മാത്രമല്ല മറിച്ചു സർക്കാരിന്റെ ആധുനികവൽക്കരണ നയങ്ങളോടുള്ള പ്രതിഷേധത്തിലും ക്രൈസ്തവ സഭകൾ ഇതേ നയം തുടർന്നിരുന്നു എന്ന് വേണം മനസിലാക്കാൻ. വിദ്യാഭ്യാസ ബില്ലുവഴി എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങൾ സർക്കാർ നടപ്പാക്കുന്നതിനെതിരെ സഭ നടത്തിയ വിമോചന സമരം സമാനമായ പ്രത്യയ ശാസ്ത്ര ധാരകളിൽ ഊന്നുന്നതായിരുന്നു. സഭ സ്ഥാപനങ്ങളായ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കാർ പിടിച്ചടക്കാൻ പോകുന്നു എന്ന “ഇര വാദം” വിശ്വാസികൾക്കിടയിൽ പ്രചരിപ്പിച്ചുകൊണ്ടാണ് അവർ അത് നടപ്പാക്കിയത്. പിന്നീട് സഭയുടെ ഇത്തരം വാദങ്ങൾ മാറി മാറി വന്ന സർക്കാരുകൾ നയങ്ങളിൽ പ്രതിഫലിപ്പിക്കുകയും എയ്ഡഡ് മേഖലയിൽ സർക്കാർ വേതനം നൽകുകയും അവിടെ നിയമനം നടത്താനുള്ള അധികാരം സഭക്കും മാനേജ്മെന്റിനും നൽകപ്പെടുകയും ചെയ്തു. സർക്കാർ വേതനം നൽകുന്ന എയ്ഡഡ് മേഖലയിൽ പല സാമുദായിക വിഭാഗം മനുഷ്യരുടെ പ്രാതിനിധ്യം തടയുക എന്ന ലക്ഷ്യമാണ് സഭ ഇതിലൂടെ വിജയിപ്പിച്ചെടുത്തത്. ആധുനികവത്കരണത്തെയും അധികാരവികേന്ദ്രീകരണത്തെയും വൈവിധ്യങ്ങളെയും എതിർക്കുന്ന നയം സഭ കൈകൊണ്ടതിന് സമകാലീന കാലത്തും തെളിവുകളുണ്ട്. കേരളത്തിലെ പശ്ചിമ ഘട്ട മേഖലകളിലെ വനപ്രദേശങ്ങൾ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും അവിടെ വനാവകാശ നിയമം നടപ്പാക്കണമെന്നും നിർദേശിച്ച പശ്ചിമ ഘട്ട പരിസ്ഥിതി വിദഗ്ധ സമിതിക്കെതിരെ കുടിയേറ്റ ജനതയുടെ പേരിൽ തെറ്റിദ്ധാരണ ജനകമായ ഇരവാദം പ്രചരിപ്പിച്ചത് കഴിഞ്ഞ ഒരു പതിറ്റാണ്ട് മുൻപാണ്. പിന്നീട് ആ റിപ്പോർട്ട് ഉപേക്ഷിക്കുകയും വനാവകാശ സംരക്ഷണ നിയമം നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ട് പോകുകയുമാണ് ചെയ്തത്. 

ഇത്തരത്തിൽ ചരിത്രപരമായും സമകാലീനമായും കീഴാളർക്ക് എതിരെയും ദുർബല വിഭാഗങ്ങൾക്ക് എതിരെയും ഭരണകൂട നയങ്ങളെ സ്വാധീനിക്കുന്ന കാര്യത്തിൽ ക്രൈസ്തവ തീവ്രവാദത്തിന് സമാനമായ പ്രത്യയശാസ്ത്രപരമായ അറിവുകളുടെ സ്വാധീനങ്ങളുടെ സാന്നിധ്യം കേരളത്തിൽ ഉണ്ടായിരുന്നു. പതിറ്റാണ്ടുകളുടെ വ്യത്യാസത്തിൽ ഇടതുവലതു രാഷ്ട്രീയ കക്ഷികൾ എല്ലാം തന്നെ നയങ്ങൾ രൂപീകരിക്കുമ്പോൾ ഇത്തരം പ്രത്യശാസ്ത്രങ്ങളാൽ സ്വാധീനിക്കപ്പെട്ടിരുന്നു. വിമോചന സമരം നടത്തിയപ്പോൾ കോൺഗ്രസ് പാർട്ടിയും വലതുപക്ഷവുമാണ് ഇത്തരം പ്രത്യയശാസ്ത്രങ്ങളോടൊപ്പം നിന്നതെങ്കിലും ഇപ്പോൾ വനാവകാശ നിയമത്തിനെതിരെയും ഗാഡ്‌ഗിൽ കമ്മിറ്റി നിർദേശങ്ങൾക്ക് എതിരെയും മുന്നേറ്റം നടത്താൻ ഇടതുപക്ഷം കൂടി ഐക്യപ്പെടുന്ന കാഴ്ച കാണാനാകും. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാൻ സഹായകമായിരുന്ന 1975ലെ ആദിവാസി ഭൂമി സംരക്ഷണ നിയമം ഇടതുപക്ഷം കുടിയേറ്റക്കാർക്ക് അനുകൂലമായി ഭേദഗതി ചെയ്തത് കഴിഞ്ഞ രണ്ട് പതിറ്റാണ്ട് മുൻപാണ്. സർക്കാർ സംവിധാനങ്ങളിലെ പ്രാതിനിധ്യ അവകാശങ്ങളെ അട്ടിമറിക്കാൻ കഴിയുന്ന സവർണ സംവരണം അഥവാ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണം നടപ്പാക്കിയെടുത്തത് ഇടതുപക്ഷ സർക്കാർ ആണ്. 

REPRESENTATIVE IMAGE | PHOTO: WIKI COMMONS
ഈ രീതിയിൽ വലതു ഇടതു പാർട്ടികളെയും അവരുടെ രാഷ്ട്രീയ നയങ്ങളെയും പരിശോധിക്കുമ്പോൾ മനസിലാകുന്ന കാര്യം അമേരിക്കക്ക് സമാനമായി താരതമ്യേന മെച്ചപ്പെട്ട സാമൂഹിക വികസന സൂചികകൾ ഉള്ള സാമുദായിക വിഭാഗങ്ങളുടെ താല്പര്യങ്ങൾ ഭരണകൂടത്തിന്റെ നയങ്ങളിൽ പ്രതിഫലിക്കുന്നതിന് തെളിവുകളുണ്ട്. വലതു ഇടത്‌ പാർട്ടികൾ ഇത്തരം പ്രത്യയശാസ്ത്രപരമായ അറിവുകൾ അവരുടെ നയങ്ങളിൽ ഉൾകൊള്ളിക്കുന്നുണ്ട്. അത് കൂടുതൽ സ്വത്തുടമസ്ഥതയും അധികാരവും നേടുന്നതിന് ഈ താരതമ്യേന മെച്ചപ്പെട്ട വിഭാഗങ്ങളെ സഹായിക്കുന്നുണ്ട് എന്ന് മാത്രമല്ല അത് കീഴാളരുടെ മത്സരങ്ങളെ തടസപ്പെടുത്തുന്നുമുണ്ട്.

നിഗമനം

കേരളത്തിൽ അമേരിക്കൻ സമൂഹത്തിന് സമാനമായി ഒരു ക്രൈസ്തവ തീവ്രവാദ സ്വഭാവത്തിലുള്ള പ്രത്യയശാസ്ത്രങ്ങളുടെ സ്വാധീനമുണ്ട്. മുസ്ലിം വെറുപ്പ് ഉത്പാദിപ്പിക്കുക എന്നുള്ളതിലാണ് സമകാലീനമായി അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യക്കകത്ത് നിലനിൽക്കുന്ന ബ്രാഹ്മണിക മൂല്യ സങ്കൽപ്പങ്ങളോട് വിധേയത്വം പുലർത്തുന്ന ഒന്നാണ് ഇത്തരം ധാരകൾ. അതുകൊണ്ട് തന്നെ അവർക്ക് അത്തരം പ്രത്യയശാസ്ത്രങ്ങളുമായി താദാത്മ്യം പ്രാപിക്കാൻ കഴിയുന്നുണ്ട്. അമേരിക്കൻ ക്രൈസ്തവ തീവ്രവാദത്തിന് സമാനമായി ഇന്ത്യക്കകത്തെ ബ്രഹ്‌മണിക അധീശത്വത്തിനെ മഹത്വവത്കരിക്കാൻ കഴിയുന്ന ഒരു ഭൂതകാലം ലഭ്യമാണ്, അത് ഒരുപക്ഷെ അമേരിക്കൻ ഭൂതകാലത്തേക്കാൾ പഴമ അവകാശപ്പെടാവുന്നതുമാണ്. സമാനമായി ചില കൂട്ടങ്ങൾ ബിട്ട്രീഷ് ഇസ്രയേലിസത്തിന് സമാനമായി വംശ ശുദ്ധിവാദം നടത്തുണ്ട് എങ്കിലും പൊതുവിൽ ഇത്തരം മുന്നേറ്റങ്ങൾക്ക് ഈ ഭൂതകാലം വ്യാപകമായി അവകാശപ്പെടാൻ തുടങ്ങിയിട്ടില്ല, മറിച്ചു ജാതി മേൽക്കോയ്മ ഇവ അവകാശപെടുന്നുണ്ട്. ഇപ്പോഴുള്ള വനം വകുപ്പുമായുള്ള കുടിയേറ്റ കർഷകരുടെ സംഘർഷങ്ങളിൽ ഒരു പഴയ കുടിയേറ്റത്തിന്റെ പ്രതാപ കാലത്തെക്കുറിച്ചുള്ള സൂചനകൾ കാണാൻ കഴിയും. ഒരുപക്ഷെ ഭാവിയിൽ ഒരു സുവർണ്ണ ഭൂതകാലം ഇവരും വ്യാപകമായി സൃഷ്ടിച്ചെടുത്തേക്കാം. 

ഇടതു വലതു പാർട്ടികളിൽ ഇത്തരം പ്രത്യയശാസ്ത്ര ധാരകളിൽ വിശ്വസിക്കുന്നവരുടെ സാന്നിധ്യവും മുന്നത്തെക്കാൾ ശക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ മാറി മാറി വരുന്ന സർക്കാരുകളെക്കൊണ്ട് വിഭവങ്ങൾക്കും അധികാരത്തിനും വേണ്ടിയുള്ള തങ്ങളുടെ മത്സരങ്ങളെ വിജയിപ്പിക്കുന്ന നയങ്ങൾ സ്വീകരിപ്പിക്കുവാനും മറ്റുള്ള വിഭാഗങ്ങളുടെ മത്സരങ്ങളെ തടസപ്പെടുത്തുന്ന നയങ്ങൾ സ്വീകരിപ്പിക്കുവാനും ഈ കൂട്ടായ്മകൾക്ക് കഴിയുന്നുണ്ട്. അത് തന്നെയാണ് ഇത്തരം തീവ്രവാദ സ്വഭാവത്തിലുള്ള പ്രത്യയ ശാസ്ത്രത്തിന്റെ സാന്നിധ്യം കേരളത്തിൽ ചരിത്രപരമായി ഉണ്ടായിരുന്നു എന്നും ഇപ്പോഴും അവ പ്രബലമാണ് എന്നും സൂചിപ്പിക്കാനുള്ള തെളിവുകൾ. ഇന്ത്യയുടെ ചരിത്രപരമായ സാമൂഹിക ഘടന ഹിന്ദുത്വത്തിൽ കേന്ദ്രീകൃതമാണെങ്കിലും ഈ തീവ്രവാദധാരകൾ അതിൽ നിന്നും വ്യത്യസ്തമാണ് എന്ന് വേണം കരുതാൻ. കാസക്ക് സമാനമായ തീവ്രവാദ സ്വഭാവത്തിലുള്ള പ്രത്യയശാസ്ത്രം ഉൾകൊള്ളുന്ന സംഘടനകൾ ഇനിയും കേരളത്തിൽ ഉയർന്നുവരും എന്നുള്ള കാര്യത്തിൽ തർക്കം ഉണ്ടാകേണ്ടതില്ല.

#outlook
Leave a comment