TMJ
searchnav-menu
post-thumbnail

Outlook

കന്യാസ്ത്രീകളുടെ അറസ്റ്റും സംഘപരിവാരവും

10 Aug 2025   |   7 min Read
മുഹമ്മദ് ഹനീൻ

തന്യൂനപക്ഷങ്ങൾക്ക് എതിരെ രാജ്യവ്യാപകമായി നിരന്തരം നടക്കുന്ന അവസാനിക്കാത്ത അതിക്രമങ്ങളിൽ ഒന്നായിരുന്നു മലയാളികളായ രണ്ട് കന്യാസ്ത്രീകൾക്ക് എതിരെ ഛത്തീസ്ഗഡിൽ വച്ചുണ്ടായത്. ഗ്രീൻ ഗാർഡൻസ് സന്യാസ സഭാംഗങ്ങളായ സിസ്റ്റർ പ്രീതി മേരിക്കും സിസ്റ്റർ വന്ദന ഫ്രാൻസിസിനുമാണ് ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് ബജ്‌രംഗ്ദളിന്റെ ആക്രമണമേറ്റ് 9 ദിവസത്തോളം ജയിലിൽ കഴിയേണ്ടി വന്നത്. ആഗ്രയിലേക്ക് പോകാനായി ആദിവാസി പെൺകുട്ടികൾ അടക്കമുള്ള നാല് പേരുമായി റയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോഴായിരുന്നു സംഘപരിവാർ പ്രവർത്തകർ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കന്യാസ്ത്രീകൾക്കും യുവതികൾക്കും എതിരെ അക്രമം നടത്തിയത്. മതപരിവർത്തന കുറ്റം ആരോപിക്കപ്പെടുമ്പോഴും 18 വയസ്സ് പൂർത്തിയായ പെൺകുട്ടികളുടെ കുടുംബം ക്രിസ്തീയ വിശ്വാസം കാലങ്ങളായി പേറുന്നവരാണ് എന്നതാണ് വസ്തുത.

യുവതികൾ റയിൽവേ സ്റ്റേഷനിൽ വച്ച് ടിടിആറിനോട് തങ്ങളുടെ ടിക്കറ്റ് കന്യാസ്ത്രീകളുടെ കൈയിലാണ് എന്ന് പറഞ്ഞതോടെയാണ് പ്രശ്‌നം വഷളാകുന്നത്. ടിടിആറും റെയിൽവെ പോലീസും പ്രാദേശിക ബജ്‌രംഗ്ദൾ പ്രവർത്തകരെ വിവരമറിയിക്കുകയും മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെയും കൂടെ വന്ന യുവാവിനെയും ആൾകൂട്ട മർദ്ദനത്തിനും വിചാരണയ്ക്കും ഇരയാക്കി. ഭരണകൂടവും സംഘപരിവാറും തമ്മിലുള്ള ബന്ധമാണ് ഇവിടെ വ്യക്തമാവുന്നത്. ഇത് നിർബന്ധിത മതപരിവർത്തനമാണെന്ന് തീരുമാനിക്കേണ്ടത് ഭരണകൂട സംവിധാനങ്ങളാണോ അതോ സംഘപരിവാരമാണോ? റയിൽവേ - പോലീസ് സംവിധാനങ്ങൾ ഇത്തരം സന്ദർഭങ്ങളിൽ നിയമപരമായി മുന്നോട്ട് പോകാതെ പ്രാദേശിക ജാതി - വർഗീയ സംഘങ്ങളെ ഇപ്പോഴും ആശ്രയിക്കുന്നത് ഇന്ത്യയിൽ ആഴത്തിൽ വേരോടിയ ഫ്യൂഡൽ ബന്ധങ്ങൾ മൂലമാണ്. ആദിവാസി യുവതികളോട് കന്യാസ്ത്രീകൾക്ക് എതിരെ മൊഴി കൊടുക്കാൻ സംഘപരിവാർ പ്രവർത്തകർ നിർബന്ധിച്ചിരുന്നു. അത് പറ്റില്ലെന്ന് പറഞ്ഞ യുവതികളെ മർദ്ദിക്കുകയും ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞും തീവ്ര ഹിന്ദുത്വസംഘം ഭീഷണിപ്പെടുത്തി. കാര്യങ്ങൾ ഇത്രയൊക്കെ ആണെങ്കിലും; ആദിവാസി സ്ത്രീകളോടും അവരുടെ സഹോദനോടും ക്രൂരമായ മർദ്ദനം അഴിച്ചുവിട്ട ബജ്‌രംഗ്ദൾ പ്രവർത്തകർക്ക് എതിരെ രണ്ട് ആഴ്ച പിന്നിട്ടിട്ടും ഇത് വരെ കേസ് എടുക്കുകയോ അവരെ പേരിന് പോലും ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. അക്രമാസക്ത ഹിന്ദുത്വം ഇന്ത്യയിൽ അത്രയധികം നീതികരിക്കപ്പെട്ട് കഴിഞ്ഞു എന്നതാണ് ഈ സംഭവങ്ങൾ വ്യക്തമാകുന്നത്. സർക്കാർ സംവിധാനങ്ങൾ ഭരണകാര്യങ്ങൾ നടപ്പാക്കാൻ സംഘപരിവാറിനെ പോലുളള ഫ്യൂഡൽ സംവിധാനത്തെ ആശ്രയിക്കുന്നതും അവർ നടപ്പാക്കുന്ന ശിക്ഷാരീതികളെ ശരിവയ്ക്കുകയും ചെയ്യുന്ന പ്രാകൃതരീതിയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. സ്വാഭാവിക നീതി അപ്രത്യക്ഷമാകുന്ന ഇത്തരം സംഭവങ്ങൾ സമകാലിക ഇന്ത്യയിൽ നിത്യസംഭവമായതിനാൽ നമ്മുടെയൊക്കെ രക്തത്തിന്റെ തിളനില വളരെ ഉയർന്നിട്ടുണ്ട്. 

അറസ്റ്റിലാക്കപ്പെട്ട കന്യാസ്ത്രീകൾ | PHOTO: WIKI COMMONS
ഇന്ത്യയിൽ മതപരിവർത്തന നിരോധന നിയമത്തിന്റെ നിരന്തരമായ വേട്ടയ്ക്ക് ഇരയാക്കപ്പെടുന്നവരാണ് ന്യൂനപക്ഷ വിഭാഗമായ ക്രിസ്ത്യൻ സമുദായം. ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ഗുജറാത്ത്, ഒഡീഷ, മധ്യപ്രദേശ്, ഹിമാചൽപ്രദേശ്, ഉത്തരാഘണ്ഡ്, ഹരിയാന, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മതപരിവർത്തന വിരുദ്ധ നിയമങ്ങൾ നിലവിൽ വന്നിട്ടുള്ളത്. ഒരു മതത്തിൽ നിന്നും മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് തടയുന്നതിനോ നിയന്ത്രിക്കുന്നതിനോ വേണ്ടി നടപ്പിൽവരുത്തിയിട്ടുള്ള നിയമങ്ങളെയാണ് മതപരിവർത്തന നിരോധന നിയമങ്ങൾ എന്ന് വിളിക്കുന്നത്. നിർബന്ധിത മതപരിവർത്തന നിരോധന നിയമങ്ങൾ എന്ന് പൊതുവെ അറിയപ്പെടുന്നെങ്കിലും “മത സ്വാതന്ത്ര്യനിയമം(Right to freedom of religion)” എന്നാണ് മിക്കവാറും സംസ്ഥാനങ്ങളിലും ഈ നിയമത്തിന് പേര് നൽകപ്പെട്ടിരിക്കുന്നത്. 

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ്, കൊളോണിയൽ ഭരണകാലത്ത് തന്നെ ഇവിടെയുള്ള ചില നാട്ടുരാജ്യങ്ങളിൽ മതപരിവർത്തനങ്ങൾ നിയന്ത്രിക്കാൻ ഉദ്ദേശിച്ചുള്ള നിയമങ്ങൾ നിലവിലുണ്ടായിരുന്നു. അത്തരം പ്രദേശങ്ങളിൽ മിഷൻ പ്രവർത്തനങ്ങൾ നടത്താൻ മിഷനറിമാർക്ക് ലൈസൻസ് നിർബ്ബന്ധിതമാക്കിയിരുന്നു. റായ്ഗഡ് സ്റ്റേറ്റ് കൺവെർഷൻ ആക്ട് 1936, സർഗുജ സ്റ്റേറ്റ് അപ്പോസ്റ്റസി ആക്ട് 1942, ഉദയ്പൂർ സ്റ്റേറ്റ് ആന്റി കൺവെർഷൻ ആക്ട് 1946 എന്നിവ ഉദാഹരണങ്ങളാണ്. 

സ്വാതന്ത്ര്യാനന്തര ഇന്ത്യയയിൽ പ്രൈവറ്റ് ബില്ലുകൾ വഴി മതപരിവർത്തനത്തിന് നിരോധനവും നിയന്ത്രണവും ഏർപ്പെടുത്താനുള്ള നിയമം കൊണ്ടുവരാനുള്ള നീക്കങ്ങൾ പലപ്പോഴായി നടന്നിട്ടുണ്ടെങ്കിലും വിജയിച്ചിട്ടില്ല. 1960ൽ പിന്നാക്ക സമുദായ മത സംരക്ഷണ ബിൽ എന്ന പേരിൽ ഹൈന്ദവ വിഭാഗങ്ങളിൽപ്പെട്ടവർ ഇന്ത്യയ്ക്ക് വെളിയിൽനിന്നുള്ള മതങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നത് തടയാൻ ലക്ഷ്യം വച്ചുള്ള ബിൽ അവതരിപ്പിക്കപ്പെടുകയുണ്ടായി. 1979ലും അപ്രകാരമൊരു ബിൽ അവതരിപ്പിക്കപ്പെടുകയുണ്ടായി.

REPRESENTATIVE IMAGE | PHOTO: WIKI COMMONS
ഇത്തരം നീക്കങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ് 2015ൽ രാജ്യവ്യാപകമായ മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽ കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെ സുപ്രീം കോടതിയെ സമീപിക്കുകയുണ്ടായെങ്കിലും ഹർജ്ജി കോടതി തള്ളി. വീണ്ടും ഇതേ ആവശ്യവുമായി അതേ വ്യക്തി തന്നെ 2022ൽ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജിയിലെ അപരമത വിദ്വേഷം പ്രചരിപ്പിക്കുന്ന ആരോപണങ്ങൾക്ക് എതിരെ കോടതി രൂക്ഷഭാഷയിൽ വിമർശിച്ചതിനെ തുടർന്ന്, ഹർജ്ജിക്കാരൻ ഹർജ്ജി പിൻവലിക്കുകയാണുണ്ടായത്. ഇത്തരമൊരു കേന്ദ്രനിയമം നിർമ്മിക്കുക സാധ്യമല്ലെന്നും, ഭരണഘടന പ്രകാരം (State List, Entry 1, Schedule7th) ആവശ്യമെങ്കിൽ സംസ്ഥാനങ്ങൾക്ക് നിയമനിർമ്മാണം നടത്താമെന്നുമായിരുന്നു കേന്ദ്ര നിയമമന്ത്രാലയം സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്.

മൗലികാവകാശമായ ആർട്ടിക്കിൾ 25 ഇന്ത്യൻ പൗരന് നൽകുന്ന മതസ്വാതന്ത്യത്തിന് നൽകുന്ന അവകാശമാണ് രാജ്യവ്യാപകമായി ബിജെപിക്ക് ഇത് പോലുള്ള ഒരു നിയമം നടപ്പാക്കുന്നതിന് വിനയാകുന്നത്. ബാംഗ്ലൂർ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ, ക്രിസ്ത്യാനികൾക്ക് എതിരായി നടക്കുന്ന പീഡനങ്ങൾ, മതപരിവർത്തന നിരോധന നിയമങ്ങൾക്ക് രാജ്യത്ത് ഉണ്ടാക്കുന്ന ഭരണഘടനാ ലംഘനങ്ങൾ, മനുഷ്യാവകാശ പ്രശ്നങ്ങൾ, മൗലികാവകാശ നിഷേധങ്ങൾ എന്നിവയ്ക്ക് എതിരെ സുപ്രീം കോടതിയിൽ നിയമപോരാട്ടത്തിലാണ്. പക്ഷെ ഈ കേസിൽ കേരളത്തിൽ നിന്നുള്ള ഒരൊറ്റ സഭ പോലും കക്ഷി ചേർന്നിട്ടില്ല.

ബാംഗ്ലൂർ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ | PHOTO: WIKI COMMONS
ക്രൈസ്തവ സഭകളുമായി ചേർന്ന് സംഘപരിവാർ കേരളത്തിൽ വേരോട്ടം ഉണ്ടാകാൻ ശ്രമിക്കുന്നതിനിടയിലാണ് കന്യാസ്ത്രീ വിഷയം വന്ന് ചാടുന്നത്. സഭയ്ക്ക് ഒപ്പം നിന്ന് കേരളത്തിൽ ഇസ്ലാമോഫോബിയ വളർത്തിയ സംഘപരിവാറിന്റെ തലയ്ക്കിട്ടുള്ള അടിയായിരുന്നു ഛത്തീസ്ഗഢ് സംഭവം. ആദ്യഘട്ടത്തിൽ ഒന്നും മിണ്ടാതെ ഇരുന്ന ബിജെപിക്ക്, കേരളത്തിലെ സംഘപരിവാർ വിരുദ്ധമായ പൊതുജനവികാരത്തിൽ സഹികെട്ട്, ഇടപെടൽ നടത്തിയതായി ഭാവിക്കേണ്ടി വരികയായിരുന്നു. അതോടൊപ്പം, തൃശൂർ മാതൃക കേരളത്തിൽ ഭാവിയിൽ ബിജെപിക്ക് ഉണ്ടാക്കാൻ പോകുന്ന സീറ്റ് വർധനവെന്ന കിനാശേരിയും ഇതിന് ഒരു കാരണമാണ്. കേരളാ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ “തനിക്ക് ഈ കന്യാസ്ത്രീകൾ മതപരിവർത്തനം നടത്തിയതായി തോന്നുന്നില്ല, ഇവർ നിരപരാധിയാണെന്ന” പ്രസ്താവന സംഘപരിവാരത്തിന്റെ പൊതു നിലപാടിന് എതിരായിരുന്നു. രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന മാനിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇതിന് സമാനമായ നിലപാട് സ്വീകരിച്ചിരുന്നു. കന്യാസ്ത്രീകൾ ജയിൽ മോചിതരാവും, ഞങ്ങൾ അതിൽ ഇടപെടും എന്ന ഉറപ്പ് അമിത് ഷാ കേരളത്തിലെ സഭാപിതാക്കൻമാർക്ക് നൽകിയിരുന്നു. ഈ പ്രസ്താവന ഇന്ത്യൻ നീതിന്യായ സംവിധാനവുമായി ബന്ധപ്പെട്ട ഗുരുതരമായ ചില ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. കോടതികൾ ഒരു സ്വതന്ത്രസംവിധാനമാണെന്ന ഭരണഘടനാ നിർവചനത്തെയാണ് അമിത്ഷായുടെ ഈ സ്റ്റേറ്റ്മെന്റ് ചോദ്യം ചെയ്യുന്നത്. കോടതിയിൽ നടക്കുന്ന കേസുകളിൽ, ഭരിക്കുന്ന പാർട്ടിക്ക് ഇടപെടാൻ സാധിക്കുമെന്നും തങ്ങളുടെ തീരുമാനപ്രകാരമാണ് ഈ കേസുകൾ ഒക്കെ നടക്കുന്നത് എന്നും സർക്കാരാണ് ആരൊക്കെ ശിക്ഷിക്കപ്പെടണമെന്നും രക്ഷിക്കപ്പെടണമെന്നും തീരുമാനിക്കുന്നത് എന്നും ഈ വാക്കുകളിൽ നിന്നും വ്യക്തമാണ്. മലേഗാവ് സ്ഫോടനത്തിൽ ഉൾപ്പെട്ടിട്ടുള്ള ഹിന്ദുത്വ ഭീകരവാദി പ്രജ്ഞാസിങ് ഠാക്കൂർ ഉൾപ്പെടെയുള്ള ഒൻപത് പ്രതികളെ വെറുതെവിട്ട മുംബൈ എൻഐഎ കോടതിയുടെ ജുഡീഷ്യൽ കർസേവയിലും നാം ഇത് പരോക്ഷമായി അനുഭവിച്ചിരുന്നു.

കന്യാസ്ത്രീകളുടെ കേസിൽ ശിക്ഷിച്ചിട്ട് രക്ഷിക്കുന്ന ദൈവത്തിന്റെ റോളായിരുന്നു ബിജെപിക്ക്. സംഘപരിവാർ കുടുംബത്തിലെ ബജ്റംഗ്ദൾ കന്യാസ്ത്രീകളെ ആൾക്കൂട്ട വിചാരണയ്ക്കും അക്രമത്തിനും ഇരയാക്കിയ ശേഷം; അവർ നൽകിയ കേസിൽ ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഢ് ഗവൺമെന്റിന്റെ പോലീസ് തയ്യാറാക്കിയ എഫ്ഐആർ പ്രകാരം ഒൻപത് ദിവസം ജയിലിൽ അടച്ച് ശിക്ഷിച്ചു. ഇതേ സംഘപരിവാരത്തിൽപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വരവ് രക്ഷകവേഷത്തിലേതായിരുന്നു.

REPRESENTATIVE IMAGE | PHOTO: WIKI COMMONS
കേരളത്തിലെ ചില ക്രൈസ്തവ സഭാപിതാക്കന്മാർക്ക് കന്യാസ്ത്രീ വിഷയം ബിജെപിയുമായുള്ള ബന്ധത്തെ ബാധിക്കുമോ എന്ന ഭയമുണ്ടായിരുന്നു. അദ്യം വളരെ മയത്തിൽ പ്രതികരിച്ച സഭാപിതാക്കൻമാർക്ക് പിന്നീട് ജനരോഷത്തെ തുടർന്ന് സംഘപരിവാറിന് എതിരെ തുറന്ന നിലപാട് സ്വീകരിക്കേണ്ടി വന്നു. പക്ഷെ ആ നിലപാടിന് അധികം ആയുസ്സ് ഉണ്ടായില്ല. കന്യാസ്ത്രീകൾ ജയിൽ മോചിതമായതോടെ ഫാ. ജോസഫ് പാംപ്ലാനി, ആൻഡ്രൂസ് താഴത്ത് ഉൾപ്പെടെയുള്ളവർ അമിത് ഷായ്ക്കും മോദിക്കും നന്ദി പറഞ്ഞു രംഗത്ത് വരികയുണ്ടായി. താമരശേരി രൂപത നടത്താനിരുന്ന പ്രതിഷേധ പരിപാടി ജാമ്യം കിട്ടിയതോടെ റദ്ദാക്കപ്പെട്ടു. മാരാർജി ഭവനിലേക്ക് നന്ദിപ്രകടനത്തിന്റെ ഭാഗമായി കേക്കുമായി വൈദികർ പോയി. ക്രിസ്ത്യൻ മിഷനറി പ്രവർത്തകർക്ക് നേരെ ദിനംപ്രതി അക്രമങ്ങൾ സംഘപരിവാരത്തിൽ നിന്നും വർദ്ധിച്ചു വരുന്ന സാഹചര്യമുണ്ടായിട്ടും; സഭ ഇതിനെ ഛത്തീസ്ഗഡിലെ രണ്ട് കന്യാസ്ത്രീകൾക്ക് എതിരെയുള്ള ഒറ്റപ്പെട്ട പ്രശ്നമായി മാത്രമാണ് കാണുന്നത്.

ഇതിനൊപ്പം പൊതുസമൂഹം മനസ്സിലാക്കേണ്ടുന്ന മറ്റൊരു കാര്യം; കഴിഞ്ഞ വർഷം 824 ആക്രമണങ്ങളാണ് ക്രിസ്ത്യാനികൾക്ക് എതിരെ രാജ്യവ്യാപകമായി ഉണ്ടായത്. ഇതിൽ ഭൂരിഭാഗം അക്രമപ്രവർത്തനങ്ങളും സംഘപരിവാർ ശക്തികളുടെ ഭാഗത്ത് നിന്നാണ്. അക്രമിക്കപ്പെട്ടവരിൽ മലയാളികളായ നിരവധി വൈദികരും ഉൾപ്പെട്ടിട്ടുണ്ട്. എന്നിട്ടും എന്ത് കൊണ്ട് അവരുടെ ആരുടെയും പ്രശ്നം കേരളത്തിന്റെ പൊതുസമൂഹത്തിലേക്ക് ഇത് പോലെ ചർച്ചയാകുന്നില്ല? അതിനുള്ള ഉത്തരം ഈ കന്യാസ്ത്രീകൾ സുറിയാനി ക്രിസ്ത്യാനികൾ എന്ന സവർണ്ണ ക്രൈസ്തവർ ആണെന്നുള്ളതാണ്. അത് കൊണ്ട് കൂടിയാണ് ഈ പ്രശ്നത്തിന് ശേഷമുള്ള പ്രശ്നം താങ്കളുടെ പ്രശ്‌നമല്ലെന്ന നിലപാടിൽ, സഭാനേതൃത്വങ്ങൾ ജാമ്യത്തിന് ശേഷം സമര ആഹ്വാനങ്ങൾ പിൻവലിക്കുന്നതും മോഡി സ്തുതിയിലേക്ക് പിൻമടക്കം നടത്തുന്നതും. കള്ളക്കേസിൽ കുടുക്കി പാർക്കിൻസൺസ് രോഗബാധിതനായ മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയെ സംഘപരിവാര ഭരണകൂടം ജയിലിലിട്ട് കൊന്നപ്പോഴും; കേരളത്തിലെ സഭകൾക്ക് ഇത് തങ്ങളുടെ പ്രശ്നമല്ലെന്ന് തോന്നാനുള്ള ഒരു കാരണം ഈ സവർണ്ണ - അവർണ്ണ ബോധമാണ്.

ഫാദർ സ്റ്റാൻ സ്വാമി | PHOTO: WIKI COMMONS
ക്രൈസ്തവ സഭകൾ സംഘപരിവാറുമായി എത്ര ഒട്ടിനിൽക്കാൻ ശ്രമിച്ചാലും സംഘപരിവാർ അതിന്റെ ഡിഎൻഎയിൽ ഉള്ള ന്യൂനപക്ഷ വിരോധം പ്രകടമാക്കുക തന്നെ ചെയ്യും. അതിനുള്ള ഉദാഹരണമാണ് രാജ്യവ്യാപകമായി മതപരിവർത്തനത്തിന്റെ പേരിൽ ക്രിസ്ത്യൻ മിഷനറിമാർക്ക് എതിരെയുള്ള ആക്രമണങ്ങൾ. 2014ൽ നിന്നും 2025ലേക്ക് വരുമ്പോൾ അക്രമങ്ങളുടെ എണ്ണം തീവ്രമായി കൂടി വരികയാണ്. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഛത്തീസ്ഗഡിലെ ദുരദർഭ ഗ്രാമത്തിലെ പത്ത് കുടുംബങ്ങളിലെ 45 അംഗങ്ങളെ മതംമാറിയെന്ന് ആരോപിച്ച്, സംഘപരിവാർ ഭീകരർ മർദ്ദിക്കുകയും ഗ്രാമത്തിൽ നിന്ന് അവരെ പുറത്താക്കുകയും ചെയ്തിരുന്നു. തിരിച്ച് ഹിന്ദുമതത്തിലേക്ക് വന്നാൽ അല്ലാതെ ഗ്രാമത്തിൽ പ്രവേശിപ്പിക്കില്ലെന്നാണ് സംഘപരിവാർ തിട്ടൂരം. ദുരദർഭ ഗ്രാമത്തിൽ നിന്നും 21 മൈൽ അകലെയുള്ള കരിഗുണ്ടാം ഗ്രാമത്തിലും ഏപ്രിൽ മാസത്തിൽ സമാനമായ പ്രശ്‌നം നടന്നതായി ക്രിസ്ത്യൻ ഡെയിലി റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ 7 മാസത്തിനുള്ളിൽ 330ൽ അധികം അക്രങ്ങളാണ് ക്രിസ്ത്യാനികൾക്ക് എതിരായി രാജ്യത്ത് നടന്നിട്ടുള്ളത്. കോസ കവാസിയെന്ന ബസ്തർ സ്വദേശിയായ ആദിവാസിയെ ക്രിസ്തുമതം സ്വീകരിച്ചതിന്റെ പേരിൽ സംഘപരിവാരം സ്വന്തം ഭാര്യക്ക് മുന്നിലിട്ട് അടിച്ചു കൊലപ്പെടുത്തിയത് കഴിഞ്ഞ വർഷം മെയിലാണ്. സഭാവസ്ത്രങ്ങളോ മതചിഹ്നങ്ങളോ പൊതുമധ്യത്തിൽ ധരിക്കാൻ പറ്റാത്ത അവസ്ഥപോലും ഛത്തീസ്ഗഡിൽ ക്രിസ്ത്യാനികളെ സംബന്ധിച്ച് നിലനിൽക്കുന്നുണ്ട്. ജയിൽ മോചിതരായ കന്യാസ്ത്രീകളെ സ്വീകരിക്കാനായി എത്തിയ സഹപ്രവർത്തകർ പോലും സംഘപരിവാരത്തെ പേടിച്ച് സിവിൽ ഡ്രസിലാണ് ജയിലിന് പുറത്ത് കാത്ത് നിന്നത്. മതസ്വാതന്ത്ര്യവും, ആവിഷ്ക്കാര സ്വാതന്ത്ര്യവും, വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാപരമായി അനുവദിക്കപ്പെട്ടിട്ടുള്ള നാട്ടിൽ ന്യൂനപക്ഷങ്ങൾ ഒരു കാലത്തും സുരക്ഷിതമല്ലായിരുന്നു. 2008ൽ കാന്ധമാലിൽ ക്രിസ്ത്യാനി ആയതിന്റെ പേരിൽ സംഘപരിവാർ ഫാസിസ്റ്റുകൾ 500 പേരെയാണ് കൊലപ്പെടുത്തിയത്. 6500 വീടുകൾ തകർക്കപ്പെടുകയും 65000ത്തോളം മനുഷ്യർ തെരുവിലാക്കപ്പെടുകയും ചെയ്തു. നിരന്തരം ബുൾഡോസർ രാജിന് ഇരയാക്കപ്പെടുന്ന മുസ്ലിങ്ങളുടെ അവസ്ഥയും ഇതിൽ നിന്നും ഒട്ടും വിഭിന്നമല്ല.

ജിമെ കവാസി, കൊല്ലപ്പെട്ട കോസ കവാസിയുടെ ഭാര്യ | PHOTO: WIKI COMMONS
ക്രിസ്തുമത വിശ്വാസികൾ രാജ്യത്തെ ഒരു പ്രധാന ജനസംഖ്യാ വിഭാഗം അല്ലാതിരുന്നിട്ടും ഹിന്ദുത്വ വർഗ്ഗീയ ഫാഷിസ്റ്റുകൾ തുടക്കമിട്ടിരിക്കുന്ന ക്രിസ്ത്യാനികൾക്ക് എതിരായ നഗ്നവും ആക്രമാസക്തവുമായ ന്യൂനപക്ഷ വേട്ടയുടെ അനിവാര്യ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സന്നദ്ധ സേവന രംഗത്ത് വിദേശഫണ്ടും CSR ഫണ്ടും ഉപയോഗിച്ച് വനവാസി കല്യാൺ, സേവാഭാരതി എന്നിവയെ ആഴത്തിൽ വേരോടിക്കാൻ RSS തീരുമാനിച്ചതിന്റെ ഭാഗം കൂടിയാണ് ഇത്. 

ഉത്തർ പ്രദേശ്, ബീഹാർ, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിൽ ഗ്രാമീണ നഗര തൊഴിലില്ലായ്മ മൂർച്ഛിക്കുകയും പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ കാർഷിക പ്രതിസന്ധി അതിരൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യമാണ് ഉയർന്നു വരുന്നത്. ഇത് മോദി സർക്കാരിന് എതിരാവുകയാണ്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ BJPക്ക് ഉത്തർ പ്രദേശിൽ ഭൂരിപക്ഷം നഷ്ടപ്പെടുകയും രാമക്ഷേത്രം പണിതിട്ടും അയോദ്ധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ തോൽക്കുകയുമാണ് ഉണ്ടായത്. ഇത് RSSനെ ചൊടിപ്പിക്കുകയും അവരെ പുതിയ പദ്ധതിയുടെ രൂപീകരണത്തിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. 

അയോധ്യ റാം മന്ദിർ ഉദ്ഘാടന ദിവസം | PHOTO: WIKI COMMONS
അസം ഉൾപ്പെടെയുള്ള കിഴക്കൻ സംസ്ഥാനങ്ങൾ, ഛത്തീസ്ഗഢ്, ഝാർഖണ്ഡ് , ഒറീസ, തെലങ്കാന, കർണാടക, കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും ഈ നഷ്ടം നികത്തിയെടുക്കാനും ബംഗാളിൽ തൃണമൂലിനെ മുറിച്ചുകടക്കാനുമാണ് അവർ ശ്രമിക്കുന്നത്. ഇതിന് സംഘപരിവാർ ശക്തികളുടെ സന്നദ്ധസംഘടനാ പ്രവർത്തനം, സഹകരണ പ്രസ്ഥാനത്തെ കൈവശപ്പെടുത്തൽ, കാവി മിഷണറി പ്രവർത്തനം, വിദ്യഭ്യാസ സ്ഥാപനങ്ങൾ, ആതുര സേവനം എന്നിവയെ ഉപയോഗിച്ച് ആദിവാസി ദളിത് മേഖലയിൽ സജീവമാകാനാണ് അവർ ശ്രമിക്കുന്നത്. ഇതിന് ക്രിസ്ത്യൻ മിഷണറികൾ, ഇടതുപക്ഷപ്രവർത്തകർ, NGOകൾ, സഹകരണ സംഘങ്ങൾ എന്നിവയെ ആക്രമിച്ച് തകർക്കുക എന്നത് അനിവാര്യമാണ്. എന്നാൽ മാത്രമേ ഈ ഇടങ്ങൾ RSSന് സ്വന്തം പരിവാർ സംഘടനകൾ കൊണ്ട് നിറയ്ക്കാൻ സാധിക്കുകയുള്ളൂ. ഇതിന് പുറമെയാണ് കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇഡിയേയും ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിനെയും ഉപയോഗിച്ച് സഭാമേലധ്യക്ഷമാരെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്തുന്നത്.

സഭാ മേലധ്യക്ഷൻമാരുടെ നീക്കുപോക്കുകൾക്കപ്പുറം ഒരു ജനതയുടെ സംഘടിത ഇടപെടലും നിതാന്ത ജാഗ്രതയുമാണ് കന്യാസ്ത്രീകളുടെ താത്കാലിക മോചനത്തിലേക്ക് എത്തിച്ചത്. തിരഞ്ഞെടുപ്പ് വിലപേശൽ ശേഷിയുള്ളത് കൊണ്ട് നാം ഇനി സുരക്ഷിതമാണെന്ന് കരുതുന്ന പിതാക്കന്മാർ വിചാരധാര ഇടയ്ക്ക് ഒന്ന് തുറന്ന് നോക്കുന്നത് നന്നായിരിക്കും. കമ്യൂണിസ്റ്റുകളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഹിന്ദുത്വത്തിന്റെ ഒന്നാമത്തെ ശത്രുവായി കാണുന്ന ആർഎസ്എസ് നിങ്ങളെ മാത്രം പൂർവിക ബന്ധത്തിന്റെ പേരിൽ വെറുതെ വിടുമെന്ന് കരുതണ്ട. ദിനംപ്രതി രൂക്ഷമായി കൊണ്ടിരിക്കുന്ന രാജ്യത്തെ സാമ്പത്തിക അസമത്വത്തെ മറച്ച് പിടിച്ച് ഈ ഫാസിസ്റ്റ് ശക്തികൾക്ക് മുന്നോട്ട് പോകണം എങ്കിൽ “അപാരനും വിദേശിയും” അത്യന്താപേക്ഷമാണ്. നിലവിലെ മുസ്ലിം, കമ്മ്യൂണിസ്റ്റ് അപരന്മാരെ മതിയാകാതെ വരുമ്പോൾ അരമനയിലേക്കും അവരുടെ ചൂണ്ട് വിരൽ നീളും എന്നത് ഉറപ്പാണ്.

#outlook
Leave a comment