TMJ
searchnav-menu
post-thumbnail

Outlook

മരണത്തിൽ അഭയം തേടുന്ന കുട്ടികൾ

18 May 2023   |   4 min Read
നാസിർ കെ സി

ദി ക്ലബ്ബ് എന്ന പേരിൽ 2015 ൽ ഇറങ്ങിയ ഒരു സിനിമയുണ്ട്. പൗരോഹിത്യ വേലകളിൽനിന്നു മാറ്റി നിർത്തപ്പെട്ട പാതിരിമാരെ താമസിപ്പിക്കുന്ന ഒരു ഇടമാണ് ഇതിലെ ക്ലബ്ബ്. അഡോപ്ഷനു വേണ്ടി കുട്ടികളെ തട്ടിയെടുക്കുന്നവരും ലൈംഗികാരോപണം നേരിടുന്നവരുമായ പാതിരിമാരെയാണ് അവിടെ താമസിപ്പിക്കുന്നത്. ഈ വീടിനു മുമ്പിൽ ഒരു ചെറുപ്പക്കാരൻ സ്ഥിരമായി വന്ന് ശാപവചനങ്ങൾ ഉരുവിടുകയും പുലമ്പുകകയും ചെയ്യുമായിരുന്നു. ചെറുപ്പത്തിൽ ലൈംഗിക ചൂഷണത്തിന് ഇരയായ ആ ചെറുപ്പക്കാരന്റെ മനോനില തെറ്റിപ്പോയിട്ടുണ്ടാവണം. എങ്കിലും പാതിരിമാരുടെ ഹോസ്റ്റലിനു മുമ്പിൽ അവൻ സ്ഥിരമായി വരുമായിരുന്നു. ഒരനുഷ്ഠാനം പോലെ എല്ലാ ദിവസവും അവൻ അവിടെയെത്തി പാതിരിമാരെ ചീത്ത പറഞ്ഞുകൊണ്ടിരുന്നു.

പഴയ സാഹിത്യത്തിലും സിനിമയിലുമെല്ലാം ഇത്തരം രംഗങ്ങളുണ്ട്. അനാഥാലയത്തിൽ പീഡിതരാകുന്ന കുട്ടികളുടെ കഥകളാണ് പലതും. കഞ്ഞി ആവശ്യത്തിന് കിട്ടുകയില്ലെങ്കിലും പീഡനത്തിന് ഒരു കുറവും ഉണ്ടാകുമായിരുന്നില്ല. ഇന്ത്യയിലും ഇത്തരം സ്ഥാപനങ്ങൾക്കും കേസുകൾക്കും യാതൊരു പഞ്ഞവുമില്ല. ഇപ്പോഴിതാ തിരുവനന്തപുരത്ത് മറ്റൊരു പെൺകുട്ടിയുടെ മരണം. ഒരു മുസ്ലിം മത പാഠശാലയിൽ ഒരു മുസ്ലിം പെൺകുട്ടി മരിച്ചപ്പോൾ ക്രിസ്ത്യാനികളുടെ മതസ്ഥാപനങ്ങളെ ഓർക്കുന്നതെന്തിനാണെന്ന് ചിലപ്പോൾ നിങ്ങൾ ആലോചിക്കുന്നുണ്ടാകും. ഇത് ഒറ്റയ്‌ക്കൊരു പ്രശ്‌നമല്ല, അനന്തമായി തുടർന്നു വരുന്ന ഒരു പ്രശ്നത്തിന്റെ ഇങ്ങേയറ്റമാണ്. ഇത് ഇനിയും തുടരും. അറബിക് കോളജിലും യതീംഖാനയിലും മാത്രമല്ല. എല്ലാ മതങ്ങളുടെയും അനാഥമന്ദിരങ്ങളിൽ ഈ സാധ്യത നിലനിൽക്കുന്നുണ്ട്.

അനാഥക്കുട്ടികളോടുള്ള കാരുണ്യത്തിന്റെ പേരിലാണ് ക്രിസ്ത്യൻ, ഇസ്ലാം മതവിഭാഗങ്ങൾ ഇത്തരം അഗതി/അനാഥമന്ദിരങ്ങൾ നടത്തുന്നത്. ഇവരുടെ കാരുണ്യങ്ങൾ മതിയായി എന്നു പറയാനുള്ള സമയമായിരിക്കുന്നു. കാരുണ്യത്തേക്കാളധികം കച്ചവടമാണ് അതിന്റെ പ്രധാന ലക്ഷ്യം. കരുണയോളം കച്ചവടം ചെയ്യാൻ കഴിയുന്ന മറ്റൊരു വസ്തുവില്ല. അനാഥരായിപ്പോകുന്നവർ ഏതെങ്കിലും മതത്തിന്റെ ബാധ്യതയാകേണ്ടതില്ല. സർക്കാരാണ് അവരെ പരിപാലിക്കേണ്ടത്. മത സ്ഥാപനങ്ങളല്ല. ജനാധിപത്യത്തിന്റെ സാധ്യതകൾ ഉപയോഗിച്ചു കൊണ്ട് നടത്തുന്ന കാരുണ്യ മത്സരങ്ങൾ അവസാനിപ്പിക്കാൻ സമയമായിരിക്കുന്നു.


'ദി ക്ലബ്' സിനിമയിലെ രംഗം 
ആളുകൾക്ക് ദാരിദ്ര്യവും ദൈന്യതയും ഉണ്ടാവുന്നത് സ്വാഭാവികമാണ്. അത് അവരുടെ കുറ്റമല്ല. അത് പരിഹരിച്ചു കിട്ടാനുള്ള അവകാശം അവർക്കുണ്ട്. അവകാശങ്ങൾ ലഭിക്കേണ്ടത് സർക്കാരിൽ നിന്നാണ്. സഹായം സ്വീകരിക്കുന്നവന്റെ ആത്മാഭിമാനത്തിന് ക്ഷതമേൽക്കാതെ അവന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുന്നത് അപ്പോൾ മാത്രമാണ്. അല്ലാത്തപ്പോൾ കൊടുക്കുന്നവൻ മുകളിലും വാങ്ങുന്നവൻ താഴെയുമായിത്തീരുന്നു. മതപരിവർത്തനം പോലെയുള്ള ആരോപണങ്ങൾ ഉയരുന്നത് ഈ സാഹചര്യത്തിലാണ്. മത സംഘടനകൾക്കും മതവിശ്വാസികൾക്കും അവരുടെ ആശയത്തിന്റേയും ഭക്തിയുടേയും പേരിൽ അഗതികൾക്ക് സഹായം ചെയ്യണം എന്നു നിർബന്ധമാണെങ്കിൽ അത് സർക്കാരിന്റെ മേൽനോട്ടത്തിലുള്ള ഒരു സമിതിയെ ചുമതലപ്പെടുത്താവുന്നതാണ്. അപ്പോൾ കൊടുക്കാൻ മനസ്സുള്ളവന് കൊടുക്കുകയും ചെയ്യാം, ആവശ്യക്കാർക്ക് സഹായം ലഭിക്കുകയും ചെയ്യും.

മംഗല്യ സഹായങ്ങൾ

നമ്മുടെ മാധ്യമങ്ങളിൽ നല്ല മാർക്കറ്റുള്ള വാർത്തകളാണ് വിവാഹ ധനസഹായങ്ങളുടെ വാർത്തകൾ. പള്ളിയങ്കണത്തിൽ ഹിന്ദു പെൺകുട്ടിയുടെ വിവാഹം. സ്വന്തം പെൺമക്കളോടൊപ്പം അനാഥപെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കൽ തുടങ്ങിയവയ്ക്ക് വലിയ വൈകാരിക മൂല്യമുണ്ട്. വാസ്തവത്തിൽ ഇതിൽ വലിയ കാരുണ്യത്തിന്റെ തലവുമുണ്ട്. നിലവിലെ സാഹചര്യത്തിൽ ഒരു പെൺകുട്ടിയുടെ വിവാഹം ഒരു വലിയ ബാധ്യതയാണ്. അതു നടന്നു കിട്ടുക വഴി കുടുംബത്തിനുണ്ടാകുന്ന ആശ്വാസം ചെറുതല്ല. എന്നാൽ വിവാഹം എന്ന സാമൂഹ്യ ആചാരത്തെ ഒരു ബാധ്യതയാക്കി നിലനിർത്തുന്നതിനെയാണ് ഈ കാരുണ്യം പരോക്ഷമായി പിന്തുണയ്ക്കുന്നത്. മതാചാരങ്ങൾക്കും സാമൂഹ്യാചാരങ്ങൾക്കും വിരുദ്ധമായി ഒരാണും പെണ്ണും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചാൽ ഈ കാരുണ്യവാന്മാർ അതിനോട് എടുക്കുന്ന നിലപാട് എന്തായിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. മത ബദ്ധമായ എല്ലാ കാരുണ്യങ്ങളിലും ഇങ്ങനെയൊരു കൈപ്പും കലർപ്പുമുണ്ട് എന്നതാണ് വസ്തുത. ആളുകൾ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുമ്പോൾ, സമൂഹം അതിൽ വലുതായി ഇടപെടാതിരിക്കുമ്പോൾ വിവാഹം ഒരു ബാധ്യത അല്ലാതായി മാറും. കാരുണ്യത്തിന് അതിൽ ഒന്നും ചെയ്യാനില്ല എന്ന സ്ഥിതി വരും.


അസ്മിയ 

ആൾക്കൂട്ടക്കൊലകൾ

രണ്ടു പേർ പ്രണയിക്കുന്നിടത്ത് മൂന്നാമൻ തലയിടുന്ന അപൂർവ്വം ദേശങ്ങളിലൊന്നാണ് ഇന്ത്യ. സാക്ഷര കേരളവും ഈ പൊതുധാരയോടൊപ്പം ചേർന്നാണ് നടപ്പ്. സദാചാരക്കേസുകളിൽ പിടിക്കപ്പെടുന്നവരിൽ ഹിന്ദുക്കളും മുസ്ലിംങ്ങളും മറ്റു മതസ്ഥരും ഒക്കെയുണ്ട്. എന്നാൽ അവരെ കൈകാര്യം ചെയ്യുന്നവരുടെ കൂട്ടത്തിൽ മറ്റു മതസ്ഥരേക്കാൾ കൂടുതൽ മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരുടെ സാന്നിധ്യം കൂടുതലായി കാണുന്നുണ്ട്. ആൾക്കൂട്ടങ്ങൾ നിയമം കൈയിലെടുക്കുന്നതിന്റെ പ്രത്യക്ഷ ഇരകൾ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ദളിതുകളും മുസ്ലിങ്ങളുമാണ്. മോഷണം, പശുക്കടത്ത്, പശു മാംസം കഴിക്കൽ, സമുദായം മാറിയുള്ള പ്രണയം/ ലൗവ് ജിഹാദ്, ഇങ്ങനെയുള്ള പേരു കളിൽ ആൾക്കൂട്ടം നിരന്തരം ഇവരെ കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്നു. ആൾക്കൂട്ട വിചാരണയുടെ ഈ ഇരകളാണ് നിസ്സഹായരായ മനുഷ്യരെ വേട്ടയാടുന്ന വേട്ടപ്പട്ടികളായി ഇവിടെ മാറുന്നത്.

അട്ടപ്പാടി മുതൽ നിലമ്പൂർ വരെ

മോഷണക്കുറ്റം ചുമത്തി മധു എന്ന ചിത്തഭ്രമം ബാധിച്ച ചെറുപ്പക്കാരനെ തല്ലിക്കൊന്ന കേസ് കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച ഒന്നാണ്. അയാളെ വേട്ടയാടിപ്പിടിച്ച വീരശൂര പരാക്രമികളിൽ മുസ്ലിം ചെറുപ്പക്കാരായിരുന്നു ഭൂരിപക്ഷം. മോഷണത്തെ ചെറുക്കുന്ന സാമൂഹ്യ ദൗത്യത്തിൽ പങ്കെടുത്ത് അവരെല്ലാം ജയിലിൽ പോയി. സാധാരണ നിലയ്ക്ക് വലിയ കുറ്റകൃത്യങ്ങളൊന്നും ചെയ്യാതെ കുടുംബം നോക്കി കഴിയേണ്ട ഈ യുവാക്കൾ അവനവന്റെ ജീവിതവും കുടുംബത്തിന്റെ ജീവിതവും തകർത്ത് ഇപ്പോൾ അഴിക്കുള്ളിൽ കഴിയുന്നു. അൽപം ബോധവും പൊക്കണവുമുള്ള ഒരാൾ പിന്നീട് അതു പോലൊരു കേസിൽ ചെന്നു ചാടാൻ സാധ്യതയില്ല. അത്രമാത്രം ചർച്ച ചെയ്യപ്പെട്ടതാണ് ആ കേസ്.

അപ്പോഴാണ് നിലമ്പൂരിൽ സമാനമായ ഒരു കേസ് ആവർത്തിക്കപ്പെടുന്നത്. മോഷ്ടാവായ അന്യസംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നു എന്നാണു വാർത്ത. കൊല്ലപ്പെട്ടയാൾ മോഷണം നടത്താൻ വന്നതായിരിക്കാം. മോഷണം കൈകാര്യം ചെയ്യാൻ ഇവിടെ നിയമസംവിധാനങ്ങളുണ്ട്. ജീവിതത്തിന്റെ നിർഭാഗ്യങ്ങളിൽ പെട്ട് മോഷണത്തിനിറങ്ങുന്നവരാണ് ബഹുഭൂരിപക്ഷവും. ഒരു പക്ഷേ, അയാൾ രാത്രി അത്താഴം കഴിച്ചിട്ടുണ്ടാവില്ല. ദിവസങ്ങളായി പട്ടിണിയാവാം. ഒരു മോഷ്ടാവിനെ പിടികൂടിയാൽ ആദ്യം ചെയ്യേണ്ടത്, നീ വല്ലതും കഴിച്ചിരുന്നോ എന്നു ചോദിക്കുകയാണ്. അതിനു പകരം നിസ്സഹായനായ ഒരു മനുഷ്യനെ ഒരു വലിയ ആൾക്കൂട്ടം തല്ലിക്കൊല്ലുന്നത് ഒടുങ്ങാത്ത ക്രൂരതയാണ്. അപരനോട്, ദരിദ്രനോട്, നമ്മുടെ സ്വത്വബോധത്തിന് പുറത്തു നിൽക്കുന്നവരോട് ഒക്കെ നാമീ ക്രൂരത കാണിക്കുന്നുണ്ട്. തികഞ്ഞ അജ്ഞതയും തനതായ ക്രൗര്യവും ചേർന്നാണ് ചിലർ ഇത്തരം കൊടും കൃത്യങ്ങൾ ചെയ്യുന്നത്. മറ്റു പലതും ഉപദേശിക്കുന്ന കൂട്ടത്തിൽ, സ്വർഗ്ഗത്തിലേക്ക് ആളുകളെ വലിച്ചിഴയ്ക്കുന്ന തിരക്കിലാണെങ്കിലും ഭൂമിയിൽ മറ്റു മനുഷ്യരോട് എങ്ങനെ പെരുമാറണം എന്നുകൂടി പുരോഹിതൻമാരേ, നിങ്ങൾ നിങ്ങളുടെ അനുയായികളെ പഠിപ്പിക്കണം. നിങ്ങൾ പറഞ്ഞാലേ അവർ അനുസരിക്കുകയുള്ളു. ഞങ്ങൾ പറയുമ്പോൾ അവർ പൊങ്കാലയുമായി പുറകെ വരും.


മധു

മതപാഠശാലകളിലെ മാനസിക സമ്മർദ്ദം എന്തുകൊണ്ട്?

കഴിഞ്ഞ ദിവസമാണ് അറബിക് കോളജിൽ വിദ്യാർഥിനിയായ ഒരു പെൺകുട്ടി സ്വയം ഹത്യ നിർവഹിച്ചത്. താങ്ങാനരുതാത്ത വിധം മാനസിക സമ്മർദ്ധവും പീഡനവുമനുഭവിച്ചാണ് ആ കുട്ടി മരണം തെരഞ്ഞെടുക്കാൻ നിർബന്ധിക്കപ്പെട്ടത് എന്നു മനസ്സിലാക്കുന്നു. വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് കുട്ടികൾ ഇതിനു മുമ്പും ആത്മഹത്യ ചെയ്തിട്ടുണ്ട്. മത സ്ഥാപനങ്ങളിൽ മാത്രമല്ല, പൊതു സ്ഥാപനങ്ങളിലും. പഠനം നൽകുന്ന സമ്മർദ്ധം മുതൽ സാമ്പത്തിക പ്രയാസം വരെയുള്ള കാര്യങ്ങൾ കുട്ടികളെ പലപ്പോഴും ആത്മഹത്യയിലേക്ക് തള്ളിവിട്ടിട്ടുണ്ട്. അസ്മിയയെ ഇതിന് പ്രേരിപ്പിച്ചത് എന്താണ് എന്ന് ഇപ്പോഴും വ്യക്തമല്ല എന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ മത സ്ഥാപനങ്ങൾ പലപ്പോഴും കുട്ടികൾക്ക് താങ്ങാൻ പറ്റാത്ത സമ്മർദ്ധങ്ങൾ നൽകുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. അരക്ഷിത വിഭാഗത്തിൽ നിന്ന് ചേക്കേറുന്ന പെൺകുട്ടികൾ പലപ്പോഴും മറ്റുള്ളവരുടെ അമിതമായ അധികാര പ്രയോഗങ്ങൾക്ക് വിധേയമാകുന്നുണ്ട്. സർക്കാർ ഇത്തരം സ്ഥാപനങ്ങളെ കണിശമായി നിയന്ത്രിക്കണം. സാമ്പത്തിക പ്രയാസങ്ങൾ, കുടുംബപരമായ അരക്ഷിതാവസ്ഥകൾ മുതലായ കാരണങ്ങൾ കൊണ്ട് കുട്ടികൾ ഇത്തരം സ്ഥാപനങ്ങളിൽ ചെന്നെത്താതെ നോക്കേണ്ടത് സർക്കാരാണ്. അത് ഇനി വൈകിപ്പിക്കരുത്. നമ്മുടെ സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ ഇനിയും കരുത്താർജിക്കേണ്ടിയിരിക്കുന്നു.


#outlook
Leave a comment