TMJ
searchnav-menu
post-thumbnail

Outlook

ഗ്രീൻ എനർജിയിൽ അമേരിക്കയെ കടത്തി വെട്ടി ചൈന

01 Oct 2025   |   4 min Read
ഗായത്രി സേതുമാധവൻ

പേമാരിയും, ഉഷ്ണ തരംഗവും മാത്രമല്ല കാലാവസ്ഥാ മാറ്റം. ജിയോപൊളിറ്റിക്സിന്റെ ഒരു പ്രധാന മേഖലയായി കാലാവസ്ഥാ മാറ്റം മാറിയിരിക്കുന്നു. അമേരിക്കയും, ചൈനയും തമ്മിലുള്ള ഉരസലുകളിൽ ഒരു പ്രധാന വിഷയമായി ഇക്കാര്യം പ്രവർത്തിക്കുന്നു. സംശയമുള്ളവർ അടുത്ത കാലത്ത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും നടത്തിയ ചില പ്രസ്താവനകൾ പരിശോധിച്ചാൽ മതി. ലോകത്തിലെ തന്നെ എറ്റവും വലിയ ശക്തികളായ അമേരിക്കയും ചൈനയും മറ്റെല്ലാത്തിനെയും പോലെ എതിരഭിപ്രായത്തോടെയാണ് കാലാവസ്ഥാ മാറ്റത്തെയും നോക്കികാണുന്നത്. കനത്ത ചൂട്, വരൾച്ച, കൊടുങ്കാറ്റുകൾ, വെള്ളപ്പൊക്കങ്ങൾ, കനത്ത മഴ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്തത്ര പ്രകൃതി ദുരന്തങ്ങളാണ് ദിനംപ്രദി കൂടിവരുന്നത്. ഈ പശ്ചാത്തലത്തിൽ, ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളും മലിനീകരണ കേന്ദ്രങ്ങളുമായ ചൈനയും അമേരിക്കയും തമ്മിലുള്ള സമീപന വ്യത്യാസങ്ങൾ വലിയ ചർച്ചയാവുകയാണ്.  

പുനരുപയോഗ ഊർജ്ജം വേണ്ട രീതിയിൽ ഉപയോഗിക്കുന്നത് ചൈനയാണ്. അതേസമയം പുനരുപയോഗ ഊർജ്ജം തട്ടിപ്പയാണെന്നാണ് ട്രംപിന്റെ വാദം. കാലാവസ്ഥാ നയങ്ങളോട് പരസ്യമായി വിരോധം പുലർത്തുന്ന ആളാണ് ട്രംപ്. കഴിഞ്ഞ സെപ്റ്റംബർ 23ന് നടന്ന UN പൊതുസഭയിൽ കാലാവസ്ഥാ മാറ്റം ലോകം കണ്ട ഏറ്റവും വലിയ നുണ അഥവാ “the greatest con job” എന്നാണ് ട്രംപ് പറഞ്ഞത്. ഐക്യരാഷ്ട്ര സഭയിലെ ട്രംപിന്റെ പ്രസംഗം, അദ്ദേഹത്തിന്റെ സ്വതസിദ്ധമായ കോമാളിത്തവും, വിവരക്കേടും, സാമൂഹ്യ വിരുദ്ധതയും നിറഞ്ഞതായിരുന്നു എന്നതിൽ ആർക്കും സംശയമില്ല. എങ്ങനെയാണ് പുനരുപയോഗ ഊർജ്ജങ്ങൾ അഴിമതിയും തട്ടിപ്പുമാവുന്നത്? ട്രംപിനെ പോലൊരാൾക്ക് എങ്ങനെയാണ് ഇത്രയും ജന പിന്തുണ നേടാൻ കഴിയുന്നത് എന്നത് മാത്രമാണ് സംശയം. അദ്ദേഹത്തിന്റെ പ്രസംഗം കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞപ്പോഴേക്കും പുതിയ കാലാവസ്ഥാ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനിടയിൽ ചൈനീസ് പ്രസിഡണ്ട് ഷീ ജിൻപിങ് 2035 ആവുമ്പോഴേക്കും തങ്ങളുടെ രാജ്യം ഹരിതഗൃഹ വാതകങ്ങളുടെ അളവ് 7 മുതൽ 10% വരെ കുറയ്ക്കുമെന്ന് അറിയിച്ചു. ഇതിൽ നിന്ന് തന്നെ എങ്ങനെയാണ് രണ്ട് രാജ്യങ്ങളും കാര്യങ്ങൾ നോക്കി കാണുന്നത് എന്നത് വ്യക്തമാണ്. എന്നാൽ പുനരുപയോഗ ഊർജ്ജ നയങ്ങളുടെ പ്രാഥമിക ഉദ്ദേശം, പരിസ്ഥിതിയെ സഹായിക്കുക എന്നതല്ലെന്നും, മറിച്ച് രാജ്യങ്ങൾക്ക് ലാഭം ഉണ്ടാകാൻ വേണ്ടി ഉള്ളതാണെന്നുമാണ് ട്രംപ് പറയുന്നത്. 

ഡൊണാൾഡ് ട്രംപ് | PHOTO: WIKI COMMONS
അമേരിക്കൻ ഊർജ്ജ സംവിധാനത്തിൽ ഫോസിൽ ഇന്ധനങ്ങൾ (കൽക്കരി, എണ്ണ, പ്രകൃതിവാതകം) ആദ്യകാലം മുതലേ ആധിപത്യം സ്ഥാപിച്ചിരുന്നു. എന്നാൽ പുനരുപയോഗ ഊർജ്ജങ്ങളുടെ അളവ് ഫോസിൽ ഇന്ധനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ വളരെ കുറവാണ്. 1970കളിലെ എണ്ണ പ്രതിസന്ധിക്ക് (fuel crisis) ശേഷമാണ് അമേരിക്ക ഊർജ്ജത്തിനായുള്ള ശ്രമങ്ങൾ നടത്തി തുടങ്ങിയത്. 1979ൽ പ്രസിഡണ്ട് ജിമ്മി കാർട്ടർ വൈറ്റ് ഹൗസിൽ സോളാർ പാനലുകൾ പോലും സ്ഥാപിചിരുന്നു. അതെ അമേരിക്കയാണ് ഇന്ന് പുനരുപയോഗ ഊർജ്ജങ്ങൾ തട്ടിപ്പാണെന്ന് പറയുന്നത്. ബൈഡന്റെ Inflation Reduction Act (2022) നിലവിൽ വന്നതോടെ പുനരുപയോഗ ഊർജ്ജം, ഇലക്ട്രിക് വാഹനങ്ങൾ, ക്ലീൻ ടെക്നോളജി എന്നിവയിൽ റെക്കോർഡ് ഫെഡറൽ നിക്ഷേപങ്ങളാണ് ഉണ്ടായത്. എന്നാൽ ട്രംപിന്റെ കീഴിൽ (2017-2021, 2025-), പുനരുപയോഗ ഊർജം "വിശ്വസനീയമല്ല" എന്ന അവകാശവാദത്തോടെ, കൽക്കരി, എണ്ണ, വാതകം എന്നിങ്ങനെയുള്ള ഫോസിൽ ഇന്ധന വികസനത്തിലേക്ക് നയം മാറിയിരുന്നു. ഒബാമയുടെ കാലത്താണ് പുനരുപയോഗ ഊർജ്ജത്തിന് വേണ്ടി ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത്. പാരിസ് എഗ്രിമെന്റിൽ അമേരിക്ക പങ്കാളി ആയതും അദ്ദേഹത്തിന്റെ കാലത്താണ്. കൂടാതെ പുനരുപയോഗ ഊർജ്ജത്തിനുള്ള നികുതി ക്രെഡിറ്റുകൾ നടപ്പാക്കിയതും ഒബാമയാണ്. നിലവിൽ ഫോസിൽ ഇന്ധനങ്ങളുടെ ഏറ്റവും വലിയ ഉൽ‌പാദകരും ഉപഭോക്താക്കളും അമേരിക്കയാണ് എന്നതും യാധാർഥ്യമാണ്. 

പുനരുപയോഗ ഊർജ്ജത്തിൽ നിന്നുള്ള ട്രംപ് ഭരണകൂടത്തിന്റെ പെട്ടന്നുള്ള പിൻവാങ്ങൽ, നിലവിലെ യുഎസ് സോളാർ- വിൻഡ് കമ്പനികളുടെ നിലനിൽപ്പിനെ കാര്യമായി ബാധിക്കുന്നുണ്ട്. കമ്പനികൾ ഓരോന്നായി ആസ്തികൾ വിറ്റഴിക്കാൻ തുടങ്ങിയതായി വ്യവസായ വിശകലന വിദഗ്ധരും കമ്പനിയിൽ നിന്നുള്ളവരും പറയുന്നു. ട്രംപിന്റെ വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്റ്റ് (OBBBA), ബൈഡന്റെ കീഴിൽ നടപ്പാക്കിയ ഹരിത ഊർജ്ജ കേന്ദ്രീകൃത നയങ്ങളിൽ നിന്ന് വ്യതിചലിച്ചുകൊണ്ട്, എണ്ണ, വാതകം, കൽക്കരി, ആണവ ഊർജ്ജം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള "ഊർജ്ജ ആധിപത്യ" (energy dominance) അജണ്ടയുടെ ഭാഗമായി മാറിയിരുന്നു. കൂടാതെ സോളാർ, വിൻഡ് പ്രൊജെക്റ്റുകൾക്കുള്ള നികുതി ക്രെഡിറ്റുകൾ പുനഃപരിശോധിക്കുകയും യോഗ്യതാ ഘടകങ്ങൾ കുത്തനെ കുറയ്ക്കുകയും ചെയ്തു. മണ്ടത്തരം ചെയ്ത്  കൊണ്ടാണെങ്കിലും മറ്റുള്ളവരുടെ മുന്നിൽ ആളാവാൻ നോക്കുന്ന ട്രംപിന്റെ നയങ്ങൾ ഭാവിയിൽ അദ്ദേഹത്തിനെ തന്നെ തിരിഞ്ഞ് കൊത്തും. 

REPRESENTATIVE IMAGE | PHOTO: WIKI COMMONS
ചൈനയും, ജപ്പാനുമെല്ലാം 2050ലാണ് ജീവിക്കുന്നതെന്ന് തമാശക്കായി പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ അവയൊന്നും തമാശയല്ല. വികസിത രാജ്യമെന്ന് പറയുന്ന അമേരിക്കയെക്കാൾ പല കാര്യങ്ങളിലും ഇന്ന് ചൈന മുന്നിലാണ്. കഴിഞ്ഞ ദിവസത്തെ ചൈനീസ് പ്രസിഡണ്ട് ഷീ ജിൻപിങ്ന്റെ പ്രഖ്യാപനം പോലും അതിന് ഒരു ഉദാഹരണമാണ്. അതെ സമയം ചൈന തങ്ങളുടെ പുനരുപയോഗ ഊർജ്ജങ്ങളായ സോളാർ- വിൻഡ് എനർജിയിൽ നിന്ന് നൂറുകണക്കിന് ഗിഗാവാട്ട് വർഷംതോറും ഉത്പാദിപ്പിക്കുന്നുണ്ട്.

സോളാർ പാനലുകൾ, ലിഥിയം ബാറ്ററികൾ, വൈദ്യുത വാഹനങ്ങൾ, വിൻഡ്മിൽസ് എന്നിവയുടെ നിർമ്മാണത്തിൽ ഇന്ന് ലോക വിതരണ ശൃംഖലയുടെ 70% - 80% വരെ നിയന്ത്രിക്കുന്നത് ചൈനയാണ്. ഇതിനിടയിലൂടെ ചൈന, ബെൽറ്റ് ആൻഡ് റോഡ് (BRI) പദ്ധതിയിലൂടെ ഇൻഡൊനേഷ്യ പോലുള്ള രാജ്യങ്ങളിൽ വൻ നിക്ഷേപം നടത്തി ചൈനീസ് സാങ്കേതിക വിദ്യയും സാമ്പത്തിക ശക്തിയും വ്യാപിപ്പിക്കുന്നുണ്ട്. 2030ഓടെ ശക്തി വർധിപ്പിക്കാൻ ലക്ഷ്യമിട്ടിരുന്ന സോളാർ/ വിൻഡ് ഊർജങ്ങൾ അതിന് മുന്നേ തന്നെ ചൈന കൈവരിക്കാൻ സാധ്യതയുള്ളതായി വിദഗ്ധർ പറയുന്നു. ചൈനയുടെ വൈദ്യുതി ഉൽപാദനത്തിൽ, ഫോസിൽ ഇന്ധനങ്ങൾ ഇപ്പോഴും ആധിപത്യം പുലർത്തുന്നുണ്ട്. ഉത്പാദനത്തിന്റെ 62-64 ശതമാനവും ഫോസിൽ ഇന്ധനങ്ങളിൽ നിന്നാണ്. അതിൽ കൽക്കരി ആണ് ഉൽപാദനത്തിന്റെ 59% സംഭാവന നൽകുന്നത്. കൂടാതെ വൈദ്യുതി ഉൽപാദനത്തിൽ സൗരോർജ്ജത്തിന്റെയും കാറ്റിന്റെയും പങ്ക് ചൈനയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന്, 2024ൽ സോളാർ/ വിൻഡ് ഊർജ്ജം, വൈദ്യുതി ഉൽപാദനത്തിന്റെ 18% ൽ എത്തിയിരുന്നു. ഇതൊരു വലിയ കണക്ക് തന്നെയാണ്. ചൈനയുടെ മാതൃകയെ പലരും അതി വേഗത്തിൽ മുന്നേറുന്ന മോഡൽ എന്നു വിളിക്കുന്നുണ്ട്. എന്നാൽ അതിനും പല പോരായ്മകൾ ഉണ്ട്. ഇപ്പോഴും കൽക്കരിയെ ആശ്രയിക്കുന്നത് അതിലൊന്നാണ്.

ചൈനീസ് സഹകരണത്തോടെ നിർമ്മിച്ച മൊറോക്കോയിലെ ഒരു സോളാർ ഫാം | PHOTO: WIKI COMMONS
ചൈനയുടെ പോലെ ഏകോപിതമല്ല അമേരിക്ക എന്നതാണ് അവിടുത്തെ പ്രധാന പ്രശ്നം. അമേരിക്കയിൽ സർക്കാരുകളുടെ നയങ്ങളും സ്വകാര്യ മേഖലയുടെ പ്രവർത്തനങ്ങളും ഒന്നിച്ചാണ് നടക്കുന്നത്. ഇത് പലപ്പോഴും ഗവൺമെന്റിന് ഒറ്റക്ക് തീരുമാനം എടുക്കുന്നതിൽ സാവകാശം നേരിടേണ്ടി  വരാറുണ്ട്. പല തീരുമാനങ്ങൾക്കും ഗവൺമെന്റ് പിന്തുണ നൽകുന്നുണ്ടെങ്കിലും, ബിസിനസ് തീരുമാനങ്ങളും നിക്ഷേപകരുടെ ആത്മവിശ്വാസവുമാണ് അമേരിക്കയ്ക്ക് പ്രധാനം. കൂടാതെ ഓരോ തവണയും ഭരണകൂടം മാറുമ്പോൾ പുനരുപയോഗ എനെർജി പോളിസികളും മാറുന്നു. ഒരു ഭരണകൂടം സോളാർ എനെർജിയും ഇലക്ട്രിക് വാഹനങ്ങളും പ്രോത്സാഹിപ്പിക്കുമ്പോൾ, മറ്റൊന്ന് കൽക്കരിക്കും എണ്ണക്കും കൂടുതൽ പിന്തുണ നൽകുന്നു. സ്ഥിരത ഇല്ലായ്മയാണ് അമേരിക്കയുടെ മറ്റൊരു പോരായ്മ ആയി ആളുകൾ പറയുന്നത്.

കാലാവസ്ഥാ മാറ്റം ഒരു രാജ്യത്തെയോ ഒരു പ്രത്യേക ആളെയോ ഒഴിവാക്കുന്നതല്ല, ലോകത്തെ ഒരുപോലെ ബാധിക്കുന്നതാണ്. ഒരാൾ ജയിക്കുകയും മറ്റൊരാൾ തോൽക്കുകയും ചെയ്യുന്നതല്ല ലോകത്തിനാവശ്യം. അതിനാൽ ചൈനയും അമേരിക്കയും ഒരുമിച്ചാൽ മാത്രമേ ലോകത്തിന് ക്ലീൻ എനർജി കൈവരിച്ച് മുന്നോട്ട് നീങ്ങാൻ കഴിയൂ. ഇരു രാജ്യങ്ങളും ഒരുമിച്ച് സഹകരിച്ചാൽ: സാങ്കേതിക വിദ്യ, ഗവേഷണം, അന്താരാഷ്ട്ര ധനസഹായം എന്നിവയിൽ ലോകത്തിന് വലിയ ഗുണം കൈവരിക്കാൻ സാധിക്കും. നിലവിൽ പുനരുപയോഗ ഊർജ്ജ വികസനത്തിൽ ചൈനയും അമേരിക്കയും സ്വീകരിക്കുന്ന വഴികൾ വ്യത്യസ്തമാണ്. കാലാവസ്ഥാ മാറ്റത്തെ നേരിടാൻ സമയപരിധി കുറവാണ്, അതിനാൽ ഇരു രാജ്യങ്ങളുടെ മത്സരത്തിന് പകരം സഹകരണമാണ് വേണ്ടത്. വ്യത്യസ്ത വഴികളിൽ നടന്നാലും ഭാവി തലമുറകൾക്കായി ഒരേ ലക്ഷ്യത്തോടെ ചൈനയും അമേരിക്കയും ഒന്നിക്കേണ്ടതുണ്ട്.

#outlook
Leave a comment