TMJ
searchnav-menu
post-thumbnail

Outlook

അമേരിക്കയുടെ എഐ ആധിപത്യത്തിനെതിരെ ചൈനയുടെ നോക്ക് ഔട്ട് പഞ്ച്  

04 Feb 2025   |   9 min Read
കെ പി സേതുനാഥ്

ബോക്‌സിങ്ങിലെ സ്ഥിരം പ്രയോഗങ്ങളില്‍ ഒന്നാണ് 'നോക്ക് ഔട്ട് പഞ്ച്'. ഒറ്റയടിക്ക് എതിരാളിയെ തറ പറ്റിക്കുക എന്ന് മലയാളം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധിയുടെ മേഖലയില്‍ ഇതുവരെ നടന്ന സിദ്ധാന്തങ്ങളെയും, പ്രയോഗങ്ങളെയും ഒറ്റയടിക്ക് തറപറ്റിക്കുന്ന ഒന്നായി ചൈനീസ് നിര്‍മ്മിത എഐ സ്റ്റാര്‍ട്ടപ്പായ ഡീപ്സീക്കിന്റെ അവതാരത്തെ കാണാനാവുമോ?ഡീപ്സീക്കി(DeepSeek)ന്റെ വരവ് ഉയര്‍ത്തിയ ആരവങ്ങള്‍ കെട്ടടങ്ങുന്നതിന് തൊട്ടുപിന്നാലെ മറ്റൊരു ചൈനീസ് ടെക് കമ്പനിയായ ആലിബാബയും അവരുടെ എഐ മോഡല്‍ Qwen 2.5 ന്റെ പുതിയ മോഡല്‍ പുറത്തിറക്കി. വളരെയധികം പ്രശംസ നേടിയ DeepSeek-V3 നെ Qween 2.5 മറികടന്നുവെന്ന് അവര്‍ അവകാശപ്പെട്ടു.

'GPT-4o, DeepSeek-V3, Llama-3.1-405B എന്നിവയെയെല്ലാം Qwen 2.5-Max മറികടക്കുന്നു,'  എന്നാണ് ആലിബാബയുടെ ക്ലൗഡ് യൂണിറ്റ് അതിന്റെ ഔദ്യോഗിക WeChat അക്കൗണ്ടില്‍ പറയുന്നത്.  ഡീപ്സീക്ക്-ആര്‍1 പുറത്തിറങ്ങി രണ്ട് ദിവസത്തിന് ശേഷം, ടിക്ടോക്കും അവരുടെ മുന്‍നിര എഐ മോഡലിലേക്കുള്ള അപ്ഡേറ്റ് പുറത്തിറക്കുകയും അത് ഓപ്പണ്‍എഐയുടെ o1-നെ മറികടന്നുവെന്ന് അവകാശപ്പെടുകയും ചെയ്തു. നിരവധി മാനദണ്ഡങ്ങളില്‍ തങ്ങളുടെ ആര്‍1 മോഡല്‍ ഓപ്പണ്‍എഐയുടെ o1-നെ വെല്ലുന്നതാണെന്ന് ഡീപ്സീക്കിന്റെ അവകാശവാദം അതും ആവര്‍ത്തിച്ചു. ഒന്നിന് പുറകെ ഒന്നായുള്ള ചൈനീസ് കമ്പനികളുടെ പ്രഖ്യാപനങ്ങള്‍ എഐയുമായി ബന്ധപ്പെട്ട വര്‍ത്തമാനങ്ങളുടെ രൂപഭാവങ്ങള്‍ മാറ്റുമെന്ന് കരുതേണ്ടിയിരിക്കുന്നു.

REPRESENTATIVE IMAGE | WIKI COMMONS
എഐയുടെ വരവിനെ ആഘോഷമാക്കിയ ചാറ്റ്ജിപിടി മുതല്‍ ജമിനി വരെയുള്ളവക്ക് ലഭിച്ച വരവേല്‍പ്പില്‍ നിന്നും തുലോം ഭിന്നമായിരുന്നു ഡീപ്സീക്കിന്റെ കാര്യത്തില്‍ സംഭവിച്ചത്. അവിശ്വസനീയതയും, ആകാംക്ഷയും, ഉത്കണ്ഠയും, ഒരളവുവരെ ഭയാശങ്കകളും ചേര്‍ന്ന ഒരു ഭാഷയിലാണ് ഡീപ്സീക്കിന്റെ വരവിനെ പൊതുവെ നമുക്ക് പരിചിതമായ മാധ്യമങ്ങളില്‍ അവതരിപ്പിക്കപ്പെട്ടത്. ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ട എഴുത്തിന്റെ ഭാഷയില്‍ പ്രകടമാവുന്ന വംശീയതയെ പറ്റി വിഖ്യാത പണ്ഡിതനും, എഴുത്തുകാരനുമായ സി എല്‍ ആര്‍ ജെയിംസ് നടത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍ക്ക് സമാനമാണ് മുഖ്യധാര മാധ്യമങ്ങളില്‍ ഡീപ്സീക്കിന്റെ വരവിനെക്കുറിച്ചുള്ള എഴുത്തുകളിലും കാണാനാവുക. വെസ്റ്റ് ഇന്‍ഡീസില്‍ നിന്നുള്ള കറുത്തവരായ ക്രിക്കറ്റ് കളിക്കാരുടെ മികച്ച പ്രകടനം 'അസാധാരണം', 'അവിശ്വസനീയം' തുടങ്ങിയ നിരവധി വിശേഷണങ്ങളാല്‍ സമ്പന്നമാവുമ്പോള്‍ സായിപ്പന്മാരായ കളിക്കാരുടെ പ്രകടനം തികച്ചും സ്വാഭാവികമെന്ന ഭാഷയില്‍ എഴുതപ്പെടുന്നതിനെ പറ്റി ജെയിംസ് നിരീക്ഷിക്കുന്നു. കറുത്തവരായ കളിക്കാരുടെ കഴിവും, ശേഷിയും അബദ്ധത്തില്‍ സംഭവിക്കുന്നതാണെന്ന ഒരു മുന്‍വിധി കളിയെഴുത്തിന്റെ ഭാഷയില്‍ സ്വാഭാവികമായി രൂപപ്പെടുന്നതില്‍ അന്തര്‍ലീനമായ വംശീയതയുമായി (കളിയെഴുത്തുകളുടെ ഭാഷയില്‍ ഇപ്പോഴും തുടരുന്ന) അദ്ദേഹം ബന്ധിപ്പിക്കുന്നു. അതിനോട് ഏറെ സമാനതയുള്ളതാണ് ചൈനീസ് എഐയെ കുറിച്ചുള്ള മുഖ്യധാരാ ആഖ്യാനങ്ങളും. മലയാള മനോരമ ദിനപത്രത്തിലെ (29-01-25) 'എഐ വിപ്ലവമോ ചൈനീസ് ചട്ടുകമോ' എന്ന തലക്കെട്ട് അതിന്റെ നല്ല ഉദാഹരണം. ഇതൊക്കെയാണെങ്കിലും DeepSeek-V3, എതിരാളിയായ ChatGPT-യെ മറികടന്ന് ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ ലഭ്യമായ ഏറ്റവും മികച്ച സൗജന്യ ആപ്ലിക്കേഷനായി മാറി.

എഐ-യുടെ കുത്തക അവകാശപ്പെട്ടിരുന്ന അമേരിക്കന്‍ കമ്പനികളെ ഡീപ്സീക്കിന്റെ വരവ് ഞെട്ടിച്ചുവെന്ന കാര്യത്തില്‍ സംശയമില്ല. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകളുടെ പൊതുസ്വാഭാവത്തില്‍ ഈ ഞെട്ടല്‍ കാണാനാവും. 'മാഗ്‌നിഫിഷ്യന്റ് സെവന്‍' എന്നറിയപ്പെടുന്ന അമേരിക്കന്‍ ടെക് കമ്പനികളുടെ ഓഹരികള്‍ ഇടിഞ്ഞത് അതിന്റെ മറ്റൊരു തെളിവാണ്.

ഞെട്ടലിന്റെ തുടര്‍ച്ചയെന്ന നിലയില്‍ അവിശ്വനീയതയെ കാണാനാവും. ഞെട്ടലും, അവിശ്വസനീയതയും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതിന് രണ്ടു പ്രധാന കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും. കമ്പ്യൂട്ടര്‍ ചിപ്പുകളുടെ കാര്യത്തില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്കുകളെ മറി കടക്കാന്‍ ചൈനീസ് കമ്പനി പ്രകടിപ്പിച്ച ശേഷിയാണ് ഒന്നാമത്തെ കാരണം. അമേരിക്കയില്‍ ടെക് കമ്പനികള്‍ ചെലവഴിച്ച പണവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ തുച്ഛമായ തുകയാണ് ഡീപ്സ്പീക്കിനായി വിനിയോഗിച്ചതെന്നതാണ് രണ്ടാമത്തെ കാര്യം. അവ രണ്ടും മുന്‍നിര അമേരിക്കന്‍ ടെക് കമ്പനികളെ ഞെട്ടിച്ചുവെന്ന് മാത്രമല്ല അവര്‍ പിന്തുടരുന്ന ബിസിനസ് മോഡലിന്റെ കാര്യത്തില്‍ ദൂരവ്യാപകമായ പുനര്‍ വിചാരങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതമാക്കുന്ന സാഹചര്യവും സൃഷ്ടിക്കുന്നു.

REPRESENTATIVE IMAGE | WIKI COMMONS
പ്രമുഖ പാശ്ചാത്യ വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് ഇതു സംബന്ധിച്ചു നല്‍കിയ റിപ്പോര്‍ട്ടുകള്‍ മേല്‍പ്പറഞ്ഞ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു. ചൈനീസ് സ്റ്റാര്‍ട്ടപ്പായ ഡീപ്സീക്ക് പുറത്തിറക്കിയ അവരുടെ ഏറ്റവും പുതിയ എഐ മോഡലുകള്‍ അമേരിക്കയിലെ പ്രമുഖ മോഡലുകള്‍ക്ക് തുല്യമോ അവയേക്കാള്‍ മികച്ചതോ ആണെന്നും അമേരിക്കന്‍ മോഡലുകളെക്കാള്‍ കുറഞ്ഞ വിലയുള്ള ചൈനീസ് മോഡല്‍ സാങ്കേതിക ലോകക്രമത്തെ തകിടം മറിക്കുമെന്ന് ഭീഷണി ഉയര്‍ത്തുന്നതായും അവരുടെ റിപ്പോര്‍ട്ട് പറയുന്നു. കുറഞ്ഞ ചെലവില്‍ കൂടുതല്‍ കാര്യക്ഷമതയുള്ള ഉല്‍പ്പന്നം 'ഭീഷണി' ആവുന്നത് ആര്‍ക്കാണ് എന്ന ചോദ്യത്തിലേക്ക് നമുക്ക് പിന്നീട് വരാം. ഡീപ് സീക്കിന്റെ ഏറ്റവും പുതിയ പതിപ്പായ വി3-ക്ക് വളരെ കുറഞ്ഞ കമ്പ്യൂട്ടിങ്  പവര്‍ മാത്രമേ ആവശ്യമുള്ളൂ എന്ന് വെളിപ്പെട്ടതോടെയാണ് ഈ കമ്പനി ആഗോള എഐ വൃത്തങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചതെന്ന് റോയിട്ടേഴ്സ് പറയുന്നു.

അതോടൊപ്പം നേരത്തെ സൂചിപ്പിച്ചതുപോലെ അമേരിക്കയില്‍ ടെക് വ്യവസായം പിന്തുടരുന്ന ബിസിനസ് മോഡലിനെ പറ്റിയും, അമേരിക്കയിലെ ടെക് കമ്പനികള്‍ എഐ നിക്ഷേപത്തില്‍ കോടിക്കണക്കിന് ഡോളര്‍ വകയിരുത്തുന്നതിന് പിന്നിലെ യുക്തിയെക്കുറിച്ചും സംശയങ്ങള്‍ ഉടലെടുക്കുന്നതായും അവര്‍ പറയുന്നു.

റോയിട്ടേഴ്സ് റിപ്പോര്‍ട്ടിലെ മറ്റുള്ള പ്രധാന പോയിന്റുകള്‍ ഇവയാണ്.

ലോകമെമ്പാടുമുള്ള നിര്‍മ്മിത ബുദ്ധി (AI) മേഖലയെ പിടിച്ചുലയ്ക്കുന്ന ഡീപ് സീക്ക് (DEEPSEEK):

2022 അവസാനത്തില്‍ ഓപ്പണ്‍എഐ (OpenAI) യുടെ ചാറ്റ് ജിപിടി (ChatGPT) പുറത്തിറങ്ങിയത് ചൈനീസ് ടെക് സ്ഥാപനങ്ങള്‍ക്കിടയില്‍ തര്‍ക്കത്തിന് കാരണമായി. അവര്‍ കൃത്രിമബുദ്ധി ഉപയോഗിച്ച് സ്വന്തം ചാറ്റ്‌ബോട്ടുകള്‍ സൃഷ്ടിക്കാന്‍ തിടുക്കം കൂട്ടി. എന്നാല്‍ ചൈനയിലെ സെര്‍ച്ച് എഞ്ചിന്‍ ഭീമനായ Baidu (9888.HK) ChatGPTക്ക് തത്തുല്യമായ ചൈനീസ് ചാറ്റ്‌ബോട്ട് പുറത്തിറക്കിയെങ്കിലും ഫലം നിരാശയായിരുന്നു. AI കഴിവുകളുടെ കാര്യത്തില്‍ അമേരിക്കയുടെയും, ചൈനീസ് സ്ഥാപനങ്ങളുടെയും ഇടയിലുള്ള വിടവിനെ ചൊല്ലി ചൈനയില്‍ കടുത്ത നിരാശ ബാധിച്ചു.

REPRESENTATIVE IMAGE | WIKI COMMONS
ഡീപ് സീക്കിന്റെ മോഡലുകളുടെ ഗുണനിലവാരവും, ചെലവിലെ കാര്യക്ഷമതയും ഈ കഥയെ തലകീഴായി മാറ്റി. സിലിക്കണ്‍ വാലി എക്‌സിക്യൂട്ടീവുകളുടെയും, യുഎസ് ടെക് കമ്പനി എഞ്ചിനീയര്‍മാരുടെയും പ്രശംസ പിടിച്ചുപറ്റിയ രണ്ട് മോഡലുകളായ ഡീപ് സീക്ക്-വി3, ഡീപ് സീക്ക്-ആര്‍1 എന്നിവ ഓപ്പണ്‍എഐയുടെയും മെറ്റയുടെയും ഏറ്റവും നൂതന മോഡലുകള്‍ക്ക് തുല്യമാണെന്ന് ചൈനീസ് സ്റ്റാര്‍ട്ടപ്പ് പറഞ്ഞു. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ DeepSeek-R1, OpenAI 01 മോഡലിനേക്കാള്‍ 20 മുതല്‍ 50 മടങ്ങ് വരെ വിലകുറഞ്ഞതാണെന്ന് DeepSeek-ന്റെ ഔദ്യോഗിക WeChat അക്കൗണ്ടിലെ ഒരു പോസ്റ്റ് പറയുന്നു.

എന്നാല്‍ ചില അമേരിക്കന്‍ വിദഗ്ദ്ധര്‍ DeepSeek-ന്റെ ഈ വിജയഗാഥയെക്കുറിച്ച് പരസ്യമായി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍, സ്‌കെയില്‍ എഐയുടെ സിഇഒ അലക്‌സാണ്ടര്‍ വാങ് പറഞ്ഞത് ഡീപ്‌സീക്കിന് 50,000 എന്‍വിഡിയ എച്ച്100 ചിപ്പുകള്‍ ഉണ്ടെന്നും, അത്തരം ചിപ്പുകള്‍ ചൈനീസ് കമ്പനികള്‍ക്ക് വില്‍ക്കുന്നത് അമേരിക്കയുടെ കയറ്റുമതി നിയന്ത്രണങ്ങളുടെ ലംഘനമായതിനാല്‍ അവയുടെ ഉറവിടം  വെളിപ്പെടുത്താനാവില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഈ ആരോപണത്തെക്കുറിച്ച് അഭിപ്രായം ചോദിച്ച അഭ്യര്‍ത്ഥനയോട് ഡീപ്‌സീക്ക് ഉടന്‍ പ്രതികരിച്ചില്ല. ഡീപ്‌സീക്കിന്റെ V3 മോഡലിനായുള്ള മൊത്തം പരിശീലന ചെലവുകള്‍ അജ്ഞാതമാണെന്നും എന്നാല്‍ കമ്പ്യൂട്ടിങ് പവറിനായി ഉപയോഗിച്ചതായി കമ്പനി പറയുന്ന 5.58 മില്യണ്‍ ഡോളറിനേക്കാള്‍ വളരെ കൂടുതല്‍ ചെലവഴിച്ചിട്ടുണ്ടാവുമെന്നും ചില വിശകലന വിദഗ്ധര്‍ ഒരു ഗവേഷണ കുറിപ്പില്‍ പറഞ്ഞു. തുല്യമായി പ്രശംസിക്കപ്പെട്ട ആര്‍1 മോഡലിന്റെ പരിശീലന ചെലവുകള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ഡീപ് സീക്കിന് പിന്നില്‍ ആരാണ്?

ഹാങ്ഷൗ ആസ്ഥാനമായുള്ള ഒരു സ്റ്റാര്‍ട്ടപ്പാണ് ഡീപ്സീക്ക്. ക്വാണ്ടിറ്റേറ്റീവ് ഹെഡ്ജ് ഫണ്ട് ഹൈ-ഫ്‌ലയറിന്റെ സഹസ്ഥാപകനായ ലിയാങ് വെന്‍ഫെങ് ആണ് ഇതിന്റെ ഓഹരി ഉടമ. ലിയാങ്ങിന്റെ ഫണ്ട് 2023 മാര്‍ച്ചില്‍ അതിന്റെ ഔദ്യോഗിക വീചാറ്റ് അക്കൗണ്ടില്‍ 'വീണ്ടും ആരംഭിക്കുകയാണെന്ന്' പ്രഖ്യാപിച്ചു, വ്യാപാരത്തിനപ്പുറം 'പുതിയതും സ്വതന്ത്രവുമായ ഒരു ഗവേഷണ ഗ്രൂപ്പ്' (ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ്) സൃഷ്ടിക്കുന്നതില്‍ വിഭവങ്ങള്‍ കേന്ദ്രീകരിക്കുന്നതായും അറിയിച്ചു. ആ വര്‍ഷം അവസാനത്തോടെയാണ് ഡീപ്സീക്ക് സൃഷ്ടിക്കപ്പെട്ടത്. ഡീപ്സീക്കില്‍ ഹൈ-ഫ്‌ലയര്‍ എത്ര തുക നിക്ഷേപിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല. ഡീപ്സീക്കിന്റെ അതേ കെട്ടിടത്തിലാണ് ഹൈ-ഫ്‌ലയറിന്റെ ഒരു ഓഫീസ് സ്ഥിതി ചെയ്യുന്നത്, കൂടാതെ ചൈനീസ് കോര്‍പ്പറേറ്റ് റെക്കോര്‍ഡുകള്‍ പ്രകാരം AI മോഡലുകളെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കുന്ന ചിപ്പ് ക്ലസ്റ്ററുകളുമായി ബന്ധപ്പെട്ട പേറ്റന്റുകളും അതിന് സ്വന്തമായുണ്ട്. 2022 ജൂലൈയില്‍ ഹൈ-ഫ്‌ലയറിന്റെ AI യൂണിറ്റ് അതിന്റെ ഔദ്യോഗിക WeChat അക്കൗണ്ടില്‍ 10,000 A100 ചിപ്പുകളുടെ ഒരു ക്ലസ്റ്റര്‍ സ്വന്തമാക്കിയിട്ടുണ്ടെന്നും അത് പ്രവര്‍ത്തിപ്പിക്കുമെന്നും പറഞ്ഞിരുന്നു.

ലിയാങ് വെന്‍ഫെങ് | PHOTO: FACEBOOK
ബീജിങ് ഡീപ്സീക്കിനെ എങ്ങനെ കാണുന്നു:

ചൈനയിലെ ഉന്നത രാഷ്ട്രീയ വൃത്തങ്ങളില്‍ ഡീപ്സീക്കിന്റെ വിജയം ഇതിനകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഡീപ്‌സീക്ക്-ആര്‍1 പൊതുജനങ്ങള്‍ക്കായി പുറത്തിറക്കിയ ജനുവരി 20 ന്, സ്ഥാപകന്‍ ലിയാങ്, ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് ആതിഥേയത്വം വഹിച്ച ബിസിനസുകാരും വിദഗ്ധരും മാത്രം പങ്കെടുത്ത ഒരു സിമ്പോസിയത്തില്‍ പങ്കെടുത്തുവെന്ന് സ്റ്റേറ്റ് ന്യൂസ് ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ കയറ്റുമതി വിലക്കുകളെ മറികടക്കുന്നതിനും എഐ പോലുള്ള തന്ത്രപരമായ വ്യവസായങ്ങളില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമുള്ള ബീജിങ്ങിന്റെ ലക്ഷ്യത്തിന് ഡീപ്സീക്കിന്റെ വിജയം പ്രധാനമാകുമെന്നതിന്റെ സൂചനയാണ് ലിയാങ്ങിന്റെ സമ്മേളനത്തിലെ സാന്നിധ്യം. കഴിഞ്ഞ വര്‍ഷം സമാനമായ ഒരു സിമ്പോസിയത്തില്‍ ബൈഡു സിഇഒ റോബിന്‍ ലി പങ്കെടുത്തിരുന്നു.

റോയിട്ടേഴ്സ് പോലുള്ള മുഖ്യധാരാ പാശ്ചാത്യ മാധ്യമങ്ങളുടെ ഭാഷയിലും, നിഗമനങ്ങളിലും നിന്നും വേറിട്ട വീക്ഷണമാണ് ഇടതുപക്ഷ സാമ്പത്തിക പണ്ഡിതനായ മൈക്കേല്‍ റോബര്‍ട്‌സ് മുന്നോട്ടു വയ്ക്കുന്നത്. അദ്ദേഹം മുന്നോട്ടു വയ്ക്കുന്ന പ്രധാന വാദങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.

മാഗ്‌നിഫിഷ്യന്റ് സെവന്‍ എന്നറിയപ്പെടുന്ന അമേരിക്കന്‍ ഹൈടെക് കമ്പനികള്‍ക്കെതിരായ ടോര്‍പ്പിഡോയാണ് ഡീപ്സീക്ക്. എന്‍വിഡിയയുടെ ഏറ്റവും പുതിയതും മികച്ചതുമായ ചിപ്പുകളും സോഫ്റ്റ്വെയറും ഡീപ്സീക്ക് ഉപയോഗിച്ചില്ല; അമേരിക്കന്‍ എതിരാളികളില്‍ നിന്ന് വ്യത്യസ്തമായി അതിന്റെ AI മോഡലിനെ പരിശീലിപ്പിക്കുന്നതിന് വലിയ ചെലവ് അതിന് ആവശ്യമില്ല; മാത്രമല്ല അത് ഉപയോഗപ്രദമായ നിരവധി ആപ്ലിക്കേഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. 'ഏറ്റവും പ്രധാനമായി, DeepSeek-ന്റെ R1 'ഓപ്പണ്‍ സോഴ്സ്' ആണ്, അതായത് കോഡിങ്ങും പരിശീലന രീതികളും എല്ലാവര്‍ക്കും പകര്‍ത്താനും വികസിപ്പിക്കാനും കഴിയും. ലാഭം പരമാവധിയാക്കാന്‍ OpenAI അല്ലെങ്കില്‍ Google-ന്റെ Gemini ഒരു 'ബ്ലാക്ക് ബോക്സില്‍' പൂട്ടിയിടുന്ന 'പ്രൊപ്രൈറ്ററി' രഹസ്യങ്ങള്‍ക്ക് അത് ഒരു അടിയാണ്. ഔഷധ വ്യവസായത്തില്‍ ജനറിക് മരുന്നുകളും, ബ്രാന്‍ഡഡ് മരുന്നുകളും തമ്മിലാണ് ഇവിടെ സാമ്യം'.

REPRESENTATIVE IMAGE | WIKI COMMONS
അമേരിക്കന്‍ ഹൈടെക് കുമിള:

ഏറ്റവും പുതിയ തലമുറ ചിപ്പുകളും എഐ മോഡലുകളും നിര്‍മ്മിക്കുന്നതിനുള്ള വലിയ ചെലവുകള്‍ കാരണം AI വികസനത്തില്‍ തങ്ങള്‍ക്ക് കുത്തകയുണ്ടെന്ന് അമേരിക്കന്‍ സര്‍ക്കാരും ടെക് ഭീമന്മാരും കരുതി. എന്നാല്‍ ഡീപ്സീക്കിന്റെ R1 സൂചിപ്പിക്കുന്നത് കുറഞ്ഞ പണമുള്ള കമ്പനികള്‍ക്കും മത്സരാധിഷ്ഠിത എഐ  മോഡലുകള്‍ വികസിപ്പിക്കാനും, പ്രവര്‍ത്തിപ്പിക്കാനും കഴിയുമെന്നാണ്. മറ്റൊരു കാര്യം എല്ലാത്തരം സെര്‍വറുകളിലും പ്രവര്‍ത്തിക്കുന്നതിനാല്‍ OpenAI പോലുള്ളവയില്‍ നിന്ന് സെര്‍വറുകള്‍ വലിയ 'വാടകയ്ക്ക്' എടുക്കേണ്ടതില്ല. അമേരിക്കന്‍ എഐ കമ്പനികളെയും അവരുടെ നിക്ഷേപകരെയും അലട്ടുന്ന ഒരു പ്രശ്‌നം വലിയ ഡാറ്റ സെന്ററുകള്‍ ഇല്ലാതെ നല്ല നിലയില്‍ വിജയകരമായ ഫലങ്ങള്‍ കൈവരിക്കുവാന്‍ കഴിയുമെന്ന  സാധ്യതയാണ്. ഇതുവരെ, അമേരിക്കന്‍ കമ്പനികള്‍ വലിയ ചെലവുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും അതിനായി വന്‍ തുകകള്‍ സ്വരൂപിക്കാന്‍ ശ്രമിക്കുകയും ചെയ്തു. DeepSeek വാര്‍ത്തകളില്‍ ഇടം നേടിയ ദിവസമാണ് മെറ്റ 65 ബില്യണ്‍ ഡോളര്‍ കൂടി നിക്ഷേപം പ്രഖ്യാപിച്ചു, ദിവസങ്ങള്‍ക്ക് മുമ്പ് പ്രസിഡന്റ് ട്രംപ് സ്റ്റാര്‍ഗേറ്റ് പ്രോജക്റ്റിന്റെ ഭാഗമായി ടെക് ഭീമന്മാര്‍ക്ക് 500 ബില്യണ്‍ ഡോളറിന്റെ സര്‍ക്കാര്‍ സബ്സിഡികള്‍ പ്രഖ്യാപിച്ചിരിന്നു.

സ്വാഭാവികമായും അമേരിക്കയിലെ ഹൈടെക് നിക്ഷേപകര്‍ ആശങ്കാകുലരാണ്. ഈ ചെലവ് അനാവശ്യമാണെന്നും, കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍, DeepSeek-ന് AI ആപ്ലിക്കേഷനുകള്‍ അമേരിക്കന്‍ കമ്പനികളുടെ പത്തിലൊന്ന് ചെലവില്‍ നല്‍കാന്‍ കഴിയുമെങ്കില്‍ അത് അമേരിക്കന്‍ കമ്പനികളുടെ ലാഭക്ഷമതയെ ബാധിക്കുമെന്നും അവര്‍ ആശങ്കപ്പെടുന്നു. AI-യെ ലക്ഷ്യം വച്ചുള്ള അഞ്ച് വലിയ സാങ്കേതിക ഓഹരികള്‍ക്ക് - ചിപ്പ് നിര്‍മ്മാതാവ് Nvidia, 'ഹൈപ്പര്‍സ്‌കെയിലര്‍മാര്‍' എന്ന് വിളിക്കപ്പെടുന്ന ആല്‍ഫബെറ്റ്, ആമസോണ്‍, മൈക്രോസോഫ്റ്റ്, മെറ്റാ പ്ലാറ്റ്ഫോമുകള്‍ - ഒറ്റ ദിവസം കൊണ്ട് അവരുടെ ഓഹരി വിപണി മൂല്യത്തിന്റെ ഏകദേശം 750 ബില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ടു. മാഗ്‌നിഫിഷ്യന്റ് സെവന്‍ നടത്തുന്ന വന്‍ 'സ്‌കെയിലിംഗ്' (വന്‍ശേഷി വികസനം) പ്രയോജനപ്പെടുത്താമെന്ന് പ്രതീക്ഷിക്കുന്ന ഡാറ്റാ സെന്റര്‍ കമ്പനികളുടെയും ജല, വൈദ്യുതി ഓപ്പറേറ്റര്‍മാരുടെയും ലാഭത്തിനും DeepSeek ഭീഷണി ഉയര്‍ത്തുന്നു.

അമേരിക്കന്‍ ഓഹരി വിപണിയിലെ കുതിപ്പ് 'മാഗ്‌നിഫിസന്റ് സെവന്‍' എന്നതില്‍ വളരെയധികം കേന്ദ്രീകരിച്ചിരിക്കുന്നു. അപ്പോള്‍ യുഎസ് ടെക് സ്റ്റോക്കുകളിലെ വന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് കുമിളയെ ഡീപ്സീക്ക് തകര്‍ത്തോ?

Why AI-generated stock picks won't beat the market - MarketWatchREPRESENTATIVE IMAGE | WIKI COMMONS
ശതകോടീശ്വര നിക്ഷേപകനായ റേ ഡാലിയോ അങ്ങനെ കരുതുന്നതായി റോബെര്‍ട്‌സ് പറയുന്നു.  പലിശ നിരക്കും, വിലക്കയറ്റവും അപകടരമായ നിലയില്‍ ഉയരുകയാണെങ്കില്‍ അത് കുമിളയെ കുത്തിപ്പൊട്ടിച്ചേക്കാം. '1998 നും 1999 നും ഇടയില്‍ നമ്മള്‍ എവിടെയായിരുന്നോ അതിന് സമാനമാണ്,' ഇപ്പോഴത്തെ അവസ്ഥയെന്ന് ഡാലിയോ പറഞ്ഞു. 'മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ലോകത്തെ മാറ്റിമറിക്കുന്നതിനുള്ള, വിജയകരമായ ഒരു പ്രധാന പുതിയ സാങ്കേതികവിദ്യയുണ്ട്. എന്നാല്‍ അതിനെ നിക്ഷേപ വിജയമാണെന്ന് ചിലര്‍ തെറ്റിദ്ധരിക്കുന്നു.'

ചൈനീസ് കമ്പനികള്‍ക്കെതിരായ ഉപരോധങ്ങളും ചിപ്പ് കയറ്റുമതി നിരോധനങ്ങളും ചൈന കൂടുതല്‍ പുരോഗതി കൈവരിക്കുന്നത് തടയാനായിട്ടില്ലെന്നതാണ് ഇപ്പോള്‍  ട്രംപിന് ഓശാന പാടുന്ന ടെക് പ്രഭുതികളെ പ്രകോപിപ്പിക്കുന്നതെന്ന് റോബര്‍ട്‌സ് പറയുന്നു. ഏറ്റവും ശക്തമായ ചിപ്പുകളും അവ നിര്‍മ്മിക്കാന്‍ ആവശ്യമായ നൂതന ഉപകരണങ്ങളും ലഭ്യമാകാതിരിക്കാന്‍ ബൈഡന്‍ ഭരണകൂടം കൊണ്ടുവന്ന കയറ്റുമതി നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടും, ചൈനയ്ക്ക് AI-യില്‍ സാങ്കേതിക കുതിച്ചുചാട്ടം നടത്താന്‍ കഴിയുമെന്നാണ് deepseek നല്‍കുന്ന സൂചന.

'അനുമാന' (Inference) ചിപ്പുകളുടെ നിര്‍മ്മാണത്തില്‍ Nvidia-യുടെ പ്രധാന  എതിരാളിയായി ചൈനീസ് കമ്പനിയായ Huawei ഉയര്‍ന്നുവന്നിട്ടുണ്ട്. 'ഹുവാവേ മെച്ചപ്പെടുന്നു. വലിയ ടെക് കമ്പനികളോട് അവരുടെ ചിപ്പുകള്‍ വാങ്ങി അനുമാനത്തിനായി ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ പറയുന്നതിനാല്‍ അവര്‍ക്ക് അവസരം ലഭിക്കുന്നു,' ബീജിങ്ങിലെ ഒരു സെമികണ്ടക്ടര്‍ നിക്ഷേപകന്‍ പറഞ്ഞു. ചൈനയുടെ സാങ്കേതികവിദ്യയിലും, സാങ്കേതിക വൈദഗ്ധ്യത്തിലും സര്‍ക്കാര്‍ നടത്തുന്ന ആസൂത്രിത നിക്ഷേപം, സ്വകാര്യ ടെക് ഭീമന്മാരെ ആശ്രയിക്കുന്നതിനേക്കാള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ തെളിവായി അതിനെ കണക്കാക്കപ്പെടുന്നു.

Excluding Huawei from India is part of a policy continuumREPRESENTATIVE IMAGE |  WIKI COMMONS
എന്നിരുന്നാലും, AI ഭീമന്മാര്‍ ഇപ്പോഴും മുന്നോട്ടു തന്നെയാണ്. ഡാറ്റാ സെന്ററുകളിലും കൂടുതല്‍ നൂതനമായ ചിപ്പുകളിലേക്കും കൂടുതല്‍ കൂടുതല്‍ നിക്ഷേപിച്ചുകൊണ്ട്, കമ്പ്യൂട്ടര്‍ ശേഷിയെ ക്രമാതീതമായി ഉപയോഗപ്പെടു ത്തുന്ന 'സ്‌കെയിലിംഗ്' അവര്‍ മുന്നോട്ട് കൊണ്ടുപോകുകയാണ്.  അമേരിക്കന്‍ ടെക് ഭീമന്മാര്‍ പിന്തുടരുന്ന ഈ നയത്തിന്റെ തിക്തഫലങ്ങള്‍ എന്തെല്ലാമാണ്. കംപ്യൂട്ടിങ് ശേഷിയെ ക്രമാതീതമായി വര്‍ധിപ്പിക്കുന്നത് ഊര്‍ജ്ജ-ജല ഉപഭോഗത്തില്‍ വരുത്തുന്ന അസാധാരണമായ വര്‍ധനയും അതിന്റെ ഭവിഷ്യത്തുകളും അവര്‍ കണക്കിലെടുക്കുന്നില്ല.  മുഖ്യധാരാ സാമ്പത്തിക വിദഗ്ധര്‍ 'ബാഹ്യകാര്യങ്ങള്‍' (എക്‌സ്റ്റേണാലിറ്റീസ്) എന്ന് വിളിക്കുന്ന കാര്യങ്ങള്‍ക്ക് ഒരു പരിഗണനയും അവര്‍ നല്‍കുന്നില്ല.

ഗോള്‍ഡ്മാന്‍ സാച്ചിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഒരു ChatGPT അന്വേഷണത്തിന് ഒരു Google തിരയല്‍ അന്വേഷണത്തേക്കാള്‍ ഏകദേശം 10 മടങ്ങ് വൈദ്യുതി ആവശ്യമാണ്. AI ചാറ്റ്‌ബോട്ടുകള്‍ ഉപയോഗിക്കുന്ന ഊര്‍ജ്ജത്തെക്കുറിച്ച് ചില മുന്‍കാല കണക്കുകൂട്ടലുകള്‍ നടത്തിയ ഗവേഷകനായ ജെസ്സി ഡോഡ്ജ് വ്യക്തമാക്കുന്നു. 'ChatGPT-യിലേക്കുള്ള ഒരു ചോദ്യം ഏകദേശം 20 മിനിറ്റ് നേരത്തേക്ക് ഒരു ലൈറ്റ് ബള്‍ബ് കത്തിക്കുന്നതിന് തുല്യമായ വൈദ്യുതി ഉപയോഗിക്കുന്നു,'' അദ്ദേഹം പറയുന്നു. ''ദശലക്ഷക്കണക്കിന് ആളുകള്‍ ദിവസവും ഇതുപോലുള്ള എന്തെങ്കിലും ഉപയോഗിക്കുന്നത് എത്രമാത്രം ഊര്‍ജ്ജ ഉപയോഗത്തില്‍ എത്തുമെന്ന് സങ്കല്‍പ്പിക്കാന്‍ കഴിയും.'' കൂടുതല്‍ വൈദ്യുതി ഉപഭോഗം എന്നാല്‍ കൂടുതല്‍ ഊര്‍ജ്ജ ഉല്‍പാദനം, പ്രത്യേകിച്ച് കൂടുതല്‍ ഫോസില്‍ ഇന്ധനം അടങ്ങിയ ഹരിതഗൃഹ വാതക നിര്‍ഗമനം എന്നാണ്. ജലത്തിന്റെ കാര്യവും സമാനമാണ്.  ചിപ്പുകള്‍ സംരക്ഷിക്കുന്നതിനും, മെഗാ ഡാറ്റാ സെന്ററുകളെ 'തണുപ്പിക്കുന്നതിനും AI കമ്പനികള്‍ വന്‍തോതില്‍ വെള്ളം ഉപയോഗിക്കുന്നു. സിലിക്കണ്‍ വാലി കമ്പനികള്‍ ജലവിതരണ സംവിധാനങ്ങളുടെ നിയന്ത്രണം കൂടുതലായി ഏറ്റെടുക്കുന്നു. ഉദാഹരണത്തിന്, മൈക്രോസോഫ്റ്റിന്റെ ChatGPT-3 പരിശീലിപ്പിച്ച മെഷീനുകള്‍ തണുപ്പിക്കാന്‍ ഏകദേശം 7,00,000 ലിറ്റര്‍ വെള്ളം ഉപയോഗിച്ചിരിക്കാമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

ഇതിനെല്ലാം ന്യായീകരണമായി പറയുന്നത് ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സിനായുള്ള (AGI) കുതിപ്പ് എന്നാണ്. അതിനായി ചില 'ട്രേഡ്-ഓഫുകള്‍ ഹ്രസ്വകാലത്തേക്ക് നടത്തേണ്ടി വരുമെന്നാണ് ഓപ്പണ്‍ AI യുടെ സാം ആള്‍ട്ട്മാനെ പോലുള്ളവര്‍ വാദിക്കുന്നത്. പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ AGI സഹായിക്കും. റോബര്‍ട്‌സിന്റെ ഭാഷയില്‍ AI ഡെവലപ്പര്‍മാരുടെ ഹോളി ഗ്രയില്‍ ആണ് AGI. മനുഷ്യബുദ്ധിയെക്കാള്‍ വളരെ ഉയര്‍ന്ന 'സൂപ്പര്‍ ഇന്റലിജന്റ്' ആയി മാറുന്ന AI. മൂലധനത്തിന്റെ കൊടിയദുരന്തസ്വപ്നമായി അതിനെ വിശേഷിപ്പിക്കുന്ന റോബര്‍ട്‌സ് അത് തൊഴിലാളികളുടെ പേടിസ്വപ്നമാണെന്ന് വിലയിരുത്തുന്നു. AGI നേടാനുള്ള ഓട്ടത്തെ മനുഷ്യരാശിക്കു തന്നെ ഭീഷണിയായി ചിലര്‍ കാണുന്നതായും അദ്ദേഹം പറയുന്നു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസറായ സ്റ്റുവര്‍ട്ട് റസ്സലിന്റെ അഭിപ്രായത്തില്‍ ''ആരു വിജയിച്ചാലും ആ പ്രക്രിയയില്‍ മനുഷ്യവംശനാശത്തിന് കാരണമാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് മത്സരത്തില്‍ പങ്കെടുക്കുന്ന സിഇഒമാര്‍ പോലും പ്രസ്താവിച്ചിട്ടുണ്ട്, കാരണം നമ്മളേക്കാള്‍ ബുദ്ധിമാനായ സിസ്റ്റങ്ങളെ എങ്ങനെ നിയന്ത്രിക്കണമെന്ന് നമുക്കറിയില്ല.''

The Important Difference Between Generative AI And AGIREPRESENTATIVE IMAGE | WIKI COMMONS
ഡീപ്സീക്ക് അവരുടെ നിലവിലെ മോഡലുകളില്‍ അത്തരമൊരു പാത പിന്തുടരുന്നില്ലെന്നും റോബര്‍ട്‌സ് പറയുന്നു. DeepSeek-ന്റെ ആവിര്‍ഭാവം തെളിയിച്ചത്, മനുഷ്യരാശിയെയും അതിന്റെ സാമൂഹിക ആവശ്യങ്ങളെയും സഹായിക്കുന്ന ഒരു തലത്തിലേക്ക് AI വികസിപ്പിക്കാന്‍ കഴിയുമെന്നാണ്. ഇത് സ്വതന്ത്രവും തുറന്നതും ഏറ്റവും ചെറിയ ഉപയോക്താവിനും ഡെവലപ്പര്‍ക്കും ലഭ്യമാണ്. ലാഭത്തിനും, ജോലിയുള്‍പ്പടെ മനുഷ്യരുടെ ഉപജീവനമാര്‍ഗം കുറയ്ക്കാനുമായി AI വികസിപ്പിക്കുന്നതിനുപകരം, പൊതു ഉടമസ്ഥതയിലും ആസൂത്രണത്തിലും, എല്ലാവരുടെയും അധ്വാന സമയം കുറയ്ക്കാനും, മനുഷ്യനെ അധ്വാനത്തില്‍ നിന്ന് മോചിപ്പിക്കാനും, മനുഷ്യബുദ്ധിക്ക് മാത്രം നല്‍കാന്‍ കഴിയുന്ന സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്ന തരത്തില്‍ AI വികസനം സാധ്യമാകും, റോബര്‍ട്‌സ് പറയുന്നു.

കുറഞ്ഞ ഡാറ്റ, കുറഞ്ഞ കമ്പ്യൂട്ടിങ് പവര്‍, ചെലവിന്റെ ഒരു ഭാഗം എന്നിവ ഉപയോഗിച്ച് ഡീപ്സീക്കിന്റെ മോഡല്‍ ഓപ്പണ്‍എഐയുടെ മികച്ച പ്രകടനത്തെ മറികടന്നു. അതിലും ശ്രദ്ധേയമായ കാര്യം, ഡീപ്‌സീക്കിന്റെ മോഡല്‍ ഓപ്പണ്‍ സോഴ്സ് ആണ്, അതായത് ആര്‍ക്കും ഇത് ഉപയോഗിക്കാനും പരിഷ്‌ക്കരിക്കാനും നിര്‍മ്മിക്കാനും കഴിയും. ഇത് ഓപ്പണ്‍എഐയുടെ അടച്ചിട്ട, ലാഭം അടിസ്ഥാനമാക്കിയുള്ള സമീപനത്തിന് തികച്ചും വിരുദ്ധമാണ്. കുത്തക നിയന്ത്രണം തേടുന്ന യുഎസ് ടെക് കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി, ഡീപ്‌സീക്ക് AI-യെ വൈദ്യുതി, ഇന്റര്‍നെറ്റ് എന്നിവയെ പോലെ എല്ലാവര്‍ക്കും പ്രാപ്യമായ ഒരു അടിസ്ഥാന ഉപകരണം എന്ന നിലയിലാണ് കാണുന്നതെന്ന് ഗാരി വില്‍സണ്‍ എന്ന എഴുത്തുകാരന്‍ വിലയിരുത്തുന്നു. കോര്‍പ്പറേറ്റ് ഭരണാധികാരികള്‍ AI തൊഴിലാളികളെ നിരീക്ഷിക്കണമെന്നും, വേതനം കുറയ്ക്കണമെന്നും, യൂണിയനുകള്‍ തകര്‍ക്കണമെന്നും, അല്ലെങ്കില്‍ ജോലി പൂര്‍ണ്ണമായും മെഷീനുകളിലേക്ക് മാറ്റണമെന്നും ആഗ്രഹിക്കുന്നു. അതിന് വിരുദ്ധമായ ഒരു സമീപനമായി അദ്ദേഹം ഇതിനെ കാണുന്നു.

What is Generative AI?REPRESENTATIVE IMAGE | WIKI COMMONS
സിഡ്നി സര്‍വകലാശാലയിലെ മെഷീന്‍ ലേണിങ് അസോസിയേറ്റ് പ്രൊഫസറും സിഡ്നി AI സെന്ററിന്റെ ഡയറക്ടറുമായ ടോങ്ലിയാങ് ലിയു-വിന്റെ അഭിപ്രായത്തില്‍ ഡീപ്സീക്ക് ഇനി പറയുന്ന സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നു.

ഡീപ്സീക്കിന്റെ മോഡലുകളും സാങ്കേതിക വിദ്യകളും സൗജന്യ എംഐടി ലൈസന്‍സിന് കീഴില്‍ പുറത്തിറക്കിയിട്ടുണ്ട്. അതായത് ആര്‍ക്കും അവ ഡൗണ്‍ലോഡ് ചെയ്യാനും പരിഷ്‌ക്കരിക്കാനും കഴിയും. സ്വതന്ത്രമായി ലഭ്യമാവുന്ന മോഡലുകളുടെ ആവിര്‍ഭാവം ലാഭം നഷ്ടപ്പെട്ടേക്കാവുന്ന AI കമ്പനികള്‍ക്ക് അതൊരു മോശം വാര്‍ത്തയാണ്. എന്നാല്‍, വിശാലമായ AI ഗവേഷണ സമൂഹത്തിന് അതൊരു ശുഭ വാര്‍ത്തയും. നിലവില്‍, AI ഗവേഷണങ്ങള്‍ക്ക് വലിയ അളവിലുള്ള കമ്പ്യൂട്ടിങ്  ഉറവിടങ്ങളിലേക്ക് പ്രവേശനം ആവശ്യമാണ്. സര്‍വകലാശാലകളില്‍ (അല്ലെങ്കില്‍ വലിയ ടെക് കമ്പനികള്‍ അല്ലാത്തവയില്‍)   പ്രവര്‍ത്തിക്കുന്ന എന്നെ പോലുള്ള ഗവേഷകര്‍ക്ക് പരീക്ഷണങ്ങളും, മറ്റും നടത്താനുള്ള അവസരങ്ങള്‍ അതിനാല്‍ പരിമിതമാണ്. കൂടുതല്‍ കാര്യക്ഷമമായ മോഡലുകളും, സാങ്കേതിക വിദ്യകളും സാഹചര്യം മാറ്റുന്നു. പരീക്ഷണവും വികസനവും അപ്പോള്‍ നമുക്ക് കൂടുതല്‍ എളുപ്പമായേക്കാം. ഉപഭോക്താക്കള്‍ക്ക്, AI-ലഭ്യമാകുന്നതിനുള്ള ചെലവ് കുറയും. സബ്സ്‌ക്രിപ്ഷന്‍ ഫീസായി 'ക്ലൗഡില്‍' പ്രവര്‍ത്തിക്കുന്നതിനുപകരം, ലാപ്ടോപ്പുകള്‍ അല്ലെങ്കില്‍ ഫോണുകള്‍ പോലുള്ള സ്വന്തം ഉപകരണങ്ങളില്‍ കൂടുതല്‍ AI മോഡലുകള്‍ പ്രവര്‍ത്തിപ്പിക്കാനാകും.

ഡീപ്സീക്ക് (Deepseek) മായി ചൈന ലോകത്തിനെ അത്ഭുതപ്പെടുത്തിയപ്പോള്‍ ലോകത്തിലെ ഐടി വ്യവസായത്തിന്റെ കേന്ദ്രമായി ഇന്ത്യയെ സ്ഥാനത്തും അസ്ഥാനത്തും ഉയര്‍ത്തിക്കാട്ടി മേനി നടിക്കുന്ന ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം കുംഭമേളയില്‍ ആള് കൂടുന്നതിനെ പറ്റി ഊറ്റം കൊള്ളുകയായിരുന്നു എന്ന കാര്യവും പറയാതെ വയ്യ.





#outlook
Leave a comment