കല്‍ക്കൂമ്പാരങ്ങള്‍ക്കടിയിലെ ക്രിസ്തു
ഞങ്ങള്‍ രോഷാകുലരാണ്, ഞങ്ങള്‍ തകര്‍ന്നവരാണ്. ആഹ്ലാദത്തിന്റേതാകേണ്ട ഈ വേള ഞങ്ങള്‍ക്ക് പക്ഷെ ദുഃഖാചരണമാണ്. ഞങ്ങള്‍ ഭയചകിതരാണ്. ഇരുപതിനായിരത്തിലേറെപ്പേര്‍ വധിക്കപ്പെട്ടു, ആയിരങ്ങള്‍ ഇപ്പോഴും തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കടിയില്‍. അതിനിഷ്ഠൂരമായി കൊലചെയ്യപ്പെട്ട ഒമ്പതിനായിരത്തോളം വരുന്ന കുഞ്ഞുങ്ങള്‍. തങ്ങളുടെ ജന്മദേശത്തുനിന്നും പിഴുതെറിയപ്പെട്ട 1.9 ദശലക്ഷത്തോളം ജനങ്ങള്‍, നാമാവശേഷമായ നൂറായിരക്കണക്കിന് വീടുകള്‍. ഞങ്ങള്‍ക്കറിയാവുന്ന ഗസ്സ ഇന്നില്ല. ഇത് ഉന്മൂലനമാണ്, ഇത് വംശഹത്യയാണ്. ലോകവും, ക്രിസ്തീയസഭകളും ഇത് കണ്ടുകൊണ്ടിരിക്കുന്നു. ഗസ്സയിലെ ജനങ്ങള്‍ തങ്ങള്‍ കശാപ്പുചെയ്യപ്പെടുന്നതിന്റെ തത്സമയ ദൃശ്യങ്ങള്‍ പുറത്തേക്കയച്ചുകൊണ്ടിരിക്കുകയാണ്. ലോകം ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരിക്കാം, പക്ഷേ കാര്യങ്ങളെല്ലാം അതേമട്ടില്‍ തുടരുന്നു.
ഇവിടെ ഞങ്ങള്‍ ചോദിച്ചുപോവുകയാണ്, ബെത്‌ലഹേമിന്റെയും, റാമള്ളയുടെയും, ജെനീനിന്റെയുമൊക്കെ വിധിയും ഇതായിരിക്കുമോ? ഇതേ അന്ത്യമാണോ ഞങ്ങളെയും കാത്തിരിക്കുന്നത്? ലോകം ദീക്ഷിക്കുന്ന മൗനം ഞങ്ങളെ മുറിപ്പെടുത്തുന്നു. തുറങ്കലടക്കപ്പെട്ട ഒരു ജനതയുടെ നേര്‍ക്ക് നടത്തുന്ന ഈ വംശഹത്യയ്ക്ക് പച്ചക്കൊടി കാട്ടാന്‍ സ്വതന്ത്രലോകമെന്നറിയപ്പെടുന്ന രാഷ്ട്രങ്ങളിലെ നേതാക്കന്മാര്‍ നിരനിരയായി നില്‍ക്കുകയാണ്. അവര്‍ അതിനാവശ്യമായ എല്ലാ മറയും ഒരുക്കുന്നു. അതിന് വരുന്ന ചിലവ് ആദ്യമേതന്നെ അവര്‍ എഴുതിയെടുത്തു എന്ന് മാത്രമല്ല, അതിന്റെ യാഥാര്‍ഥ്യത്തെയും പശ്ചാത്തലത്തെയും മറച്ചുവെച്ചുകൊണ്ട് ഈ അപരാധത്തിനൊരു രാഷ്ട്രീയ മൂടുപടം നല്‍കുകയും ചെയ്തു. എന്നാല്‍ പാശ്ചാത്യസഭയുംകൂടി രംഗത്ത് വരുമ്പോള്‍ ഈ നരമേധത്തിന് ദൈവശാസ്ത്രത്തിന്റേതായ മറ്റൊരു മാനംകൂടി ചാര്‍ത്തപ്പെടുകയാണ്.
ഗസ്സ | PHOTO: PTI
ഭരണകൂട ദൈവശാസ്ത്രം (state theology) - അതായത് വര്‍ണവെറി (racism), മുതലാളിത്തം (capitalism), ഏകാധിപത്യം (totalitarianism) തുടങ്ങിയവയാല്‍ പരുവപ്പെട്ട നിലവിലെ സാമൂഹികരാഷ്ട്രീയസ്ഥിതിയെ ന്യായീകരിക്കുന്ന ദൈവശാസ്ത്രം- ദൈവശാസ്ത്രമായി നിര്‍വചിക്കപ്പെടുന്ന ആശയത്തെപ്പറ്റി നമ്മെ പഠിപ്പിച്ചത് ദക്ഷിണാഫ്രിക്കയിലെ നമ്മുടെ പ്രിയ സുഹൃത്തുക്കളാണ്. ദൈവശാസ്ത്രസങ്കല്പങ്ങളെ ദുരുപയോഗിച്ചും, ബൈബിള്‍പാഠങ്ങളെ സ്വന്തം രാഷ്ട്രീയോദ്യേശങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തിയുമാണ് ഭരണകൂട ദൈവശാസ്ത്രം പ്രവര്‍ത്തിക്കുന്നത്. ഇവിടെ പലസ്തീനില്‍ നമ്മുടെ സ്വന്തം വിശുദ്ധ ഗ്രന്ഥമായ ബൈബിള്‍ തന്നെ നമുക്കെതിരെ ആയുധമാക്കപ്പെടുന്നു. പലസ്തീനില്‍ ഞങ്ങള്‍ സാമ്രാജ്യത്വത്തെ പറ്റി സംസാരിക്കാറുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഇവിടെ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത് അധീശത്വം (superiority), മേധാവിത്വം (supremacy), തിരഞ്ഞെടുക്കപ്പെട്ടവര്‍ എന്ന ചിന്ത (chosenness), തങ്ങള്‍ വിശേഷാവകാശങ്ങള്‍ക്കര്‍ഹരെന്ന ഭാവം (entitlement) എന്നിവയെ മറച്ചുപിടിക്കുന്ന സാമ്രാജ്യത്വത്തിന്റെ ദൈവശാസ്ത്രമാണ് (theology of empire). സുവിശേഷപ്രഘോഷണം (mission), സുവിശേഷവല്‍ക്കരണം (evangelism), പ്രവചനങ്ങളുടെ പൂര്‍ത്തീകരണം, വിമോചനം (freedom), സ്വാതന്ത്ര്യം (liberty) തുടങ്ങിയ വാക്കുകള്‍ പലപ്പോഴും സാമ്രാജ്യത്വ ദൈവശാസ്ത്രത്തിന് ആകര്‍ഷകമായ കുപ്പായമാകാറുണ്ട്. സാമ്രാജ്യത്വ ദൈവശാസ്ത്രം ദൈവനിശ്ചയം (ദൈവം അറിഞ്ഞുകൊണ്ട് സംഭവിക്കുന്നത്) എന്ന പേരില്‍ അടിച്ചമര്‍ത്തലിനെ പൊതിഞ്ഞുപിടിക്കുന്ന ശക്തമായ ഒരുപകരണമായിത്തീരുന്നു. അത് ഒരു ദേശത്തെപ്പറ്റി അവിടുത്തെ ജനതയെ അദൃശ്യവല്‍ക്കരിച്ചുകൊണ്ട് സംസാരിക്കുന്നു. അത്തരമൊരു ദൈവശാസ്ത്രം ഞങ്ങള്‍-നിങ്ങള്‍ എന്നീ വേര്‍തിരിവുകള്‍ നിര്‍മ്മിക്കുന്നു. ഇവിടെ ഒരു ജനത അതും വെറുമൊരു ജനതയല്ല, ഒരു സവിശേഷജനത തന്നെ ഉണ്ടായിരുന്നുവെന്ന ഉത്തമബോധ്യമുണ്ടായിട്ടും സാമ്രാജ്യത്വ ദൈവശാസ്ത്രം ഒരു ദേശത്തെ വീണ്ടും സങ്കല്‍പ്പിക്കുന്നത് അതില്‍നിന്നും മനുഷ്യത്വത്തെ തല്ലിക്കെടുത്തിയും (dehumanise), അതിനെ പൈശാചികവല്‍ക്കരിക്കുകയും (demonise) ചെയ്തുകൊണ്ടാണ്.
1948 ലെ വംശീയ ഉന്മൂലനത്തെ അത്ഭുതമായും, ദിവ്യാത്ഭുതമായും എങ്ങനെ വ്യാഖ്യാനിച്ചുവോ അതേരീതിയിലാണ് സാമ്രാജ്യത്വ ദൈവശാസ്ത്രം ഗസ്സയെ ഒഴിപ്പിക്കുന്നതിനുവേണ്ടി ആഹ്വാനം ചെയ്യുന്നത്. ഞങ്ങള്‍ പലസ്തീനികളോട് ഇപ്പോള്‍ ഈജിപ്തിലേക്ക് പോകാനാണ് സാമ്രാജ്യത്വ ദൈവശാസ്ത്രം ആവശ്യപ്പെടുന്നത്. അല്ലെങ്കില്‍ ജോര്‍ദാനായിരിക്കാം. ഇനി എന്തുകൊണ്ട് കടലിലേക്കായിക്കൂടാ? സമരിയായിലേക്കുള്ള വഴിയില്‍വെച്ച് ശിഷ്യന്മാര്‍ യേശുവിനോട് പറഞ്ഞ വാക്കുകളാണ് എനിക്കോര്‍മ്മ വരുന്നത്, 'കര്‍ത്താവേ, സ്വര്‍ഗത്തില്‍നിന്ന് അഗ്‌നി ഇറങ്ങി ഇവരെ നശിപ്പിക്കട്ടെ എന്ന് ഞങ്ങള്‍ പറയട്ടെയോ?' ഇതാണ് സാമ്രാജ്യത്വത്തിന്റെ ദൈവശാസ്ത്രം, ഇതേവാക്കുകളാണ് ഇന്ന് ഞങ്ങള്‍ക്ക് നേരെ പ്രയോഗിക്കപ്പെടുന്നത്.
REPRESENTATIVE IMAGE: WIKI COMMONS
ലോകം ഞങ്ങളെ തുല്യരായി ഗണിക്കുന്നില്ല എന്ന് ഈ യുദ്ധം സ്ഥിരീകരിക്കുകയാണ്. ഒരുപക്ഷെ ഞങ്ങളുടെ തൊലിയുടെ നിറമായിരിക്കാം കാരണം. അല്ലെങ്കില്‍ ഒരു രാഷ്ട്രീയ സമവാക്യത്തിന്റെ തെറ്റായ വശത്തായതായിരിക്കാം കാരണം. ക്രിസ്തുവിലുള്ള നമ്മുടെ ബന്ധുത്വം പോലും ഞങ്ങള്‍ക്ക് തുണയായില്ല. അതിനാലായിരിക്കണം ഒരു ഹമാസ് പോരാളിയെ പിടിക്കാന്‍ നൂറ് പലസ്തീനികളെ കുരുതികൊടുത്താലും വേണ്ടില്ല എന്നവര്‍ പറയുന്നത്. അവരുടെ കണ്ണില്‍ ഞങ്ങള്‍ മനുഷ്യരല്ല, പക്ഷെ ദൈവദൃഷ്ടിയില്‍ അങ്ങനെയല്ല എന്നാര്‍ക്കും ഞങ്ങളോട് പറയാനാവില്ല. പാശ്ചാത്യലോകത്തിന്റെ കപടനാട്യവും, വര്‍ണ്ണവെറിയും വ്യക്തമാണ്, നടുക്കുന്നതുമാണ്. പലസ്തീനികളുടെ വാക്കുകള്‍ അവര്‍ സംശയത്തോടും, വൈമനസ്യത്തോടും കൂടിയേ ശ്രവിക്കാറുള്ളൂ. ഞങ്ങളെ തുല്യരായി പരിഗണിക്കാറില്ല. എങ്കിലും വ്യാജവാര്‍ത്താവിതരണത്തിന്റെയും, നുണയുടെയും ചരിത്രമാവോളമുള്ള മറുപക്ഷത്തിന്റെ വാക്കുകള്‍ക്ക് മിക്കവാറും എല്ലായ്‌പ്പോഴും തന്നെ അപ്രമാദിത്വം കല്പിക്കപ്പെടുന്നു.
മനുഷ്യാവകാശങ്ങളെയും, അന്താരാഷ്ട്രനിയമങ്ങളെയും പറ്റിയുള്ള നിങ്ങളുടെ പ്രഭാഷണങ്ങള്‍ ഇനിയൊരിക്കല്‍പോലും എനിക്ക് കേള്‍ക്കേണ്ട എന്ന് ഒരാശയക്കുഴപ്പവുമില്ലാതെ ഞങ്ങളുടെ യൂറോപ്യന്‍ സുഹൃത്തുക്കളോടായി പറയുകയാണ്. നിങ്ങളുടെ തന്നെ യുക്തിയില്‍ ഈ നിയമാവകാശങ്ങള്‍ ഞങ്ങള്‍ വെള്ളക്കാരല്ലാത്തവര്‍ക്ക് ബാധകമല്ല എന്നാണെന്ന് തോന്നുന്നു. ഈ യുദ്ധത്തില്‍ പാശ്ചാത്യലോകത്തിലെ നിരവധി ക്രിസ്ത്യാനികള്‍ സാമ്രാജ്യത്വത്തിന് വേണ്ടുന്ന ദൈവശാസ്ത്രമുണ്ടെന്ന് ഉറപ്പുവരുത്തി. ഈ യുദ്ധം ആത്മരക്ഷക്കെന്നാണ് ഞങ്ങളോട് പറഞ്ഞത്. അങ്ങനെയെങ്കില്‍ ഞാന്‍ ചോദിക്കുകയാണ്, ഒമ്പതിനായിരം കുഞ്ഞുങ്ങളുടെ വധം എങ്ങനെയാണ് ആത്മരക്ഷയാകുന്നത്? 1.9 ദശലക്ഷം പലസ്തീനികളുടെ പറിച്ചുമാറ്റല്‍ എങ്ങനെയാണ് ആത്മരക്ഷയാകുന്നത്?
സാമ്രാജ്യത്വത്തിന്റെ മറയില്‍ അധിനിവേശം ചെയ്യുന്നവനെ ഇരയായും, അധിനിവേശക്കിരയായവനെ കയ്യേറ്റക്കാരനായും അവര്‍ മാറ്റുന്നു. അവര്‍ രാഷ്ട്രത്തെപ്പറ്റി സംസാരിക്കുമ്പോള്‍ ഇതേ ഗസ്സക്കാരുടെ തന്നെ പട്ടണങ്ങളുടെയും, ഗ്രാമങ്ങളുടെയും അവശിഷ്ടങ്ങള്‍ക്കുമുകളില്‍ പണിതുയര്‍ത്തിയ രാഷ്ട്രത്തെ പറ്റിയായാണ് അവര്‍ സംസാരിക്കുന്നതെന്ന് നാം മറന്നുപോയോ? പറയൂ, നാം മറന്നുപോയോ? അവര്‍ മറന്നുപോയോ?
ഈ നരഹത്യയില്‍ സഭ വഹിക്കുന്ന പങ്ക് ഞങ്ങളെ രോഷാകുലരാക്കുന്നു. പ്രിയ സുഹൃത്തുക്കളെ, തെളിച്ചു തന്നെ പറയട്ടെ, നിങ്ങളുടെ മൗനവും ഈ തെറ്റില്‍ നിങ്ങളെ പങ്കുകാരാക്കുന്നു. വെടിനിര്‍ത്തലും, അധിനിവേശത്തിന്റെ അന്ത്യവും ആവശ്യപ്പെടാതെ നടത്തുന്ന പൊള്ളയായ സമാധാനാഹ്വാനങ്ങളും, പ്രത്യക്ഷമായ യാതൊരു നടപടിക്കും മുതിരാതെ പുറപ്പെടുവിക്കുന്ന ഉപരിപ്ലവമായ സഹാനുഭൂതിയുടെ വാക്കുകളും ഈ അപരാധത്തിന്റെ ഗണത്തില്‍ പെടുന്നതാണ്. ഗസ്സ ഇന്ന് ലോകസാന്മാര്‍ഗികതയുടെ തന്നെ സൂചകമായി മാറിയിരിക്കുന്നു എന്നാണ് എനിക്ക് നിങ്ങള്‍ക്ക് തരാനുള്ള സന്ദേശം. ഒക്ടോബര്‍ ഏഴിന് മുമ്പും ഗസ്സ നരകമായിരുന്നു. അന്നും ലോകം മൗനം പൂണ്ടിരുന്നു. അവര്‍ ഇപ്പോഴും ആ മൗനം തുടരുന്നതില്‍ നാം അത്ഭുതപ്പെടേണ്ടതുണ്ടോ?
ഗസ്സയില്‍ സംഭവിക്കുന്നത് നിങ്ങളെ നടുക്കുന്നില്ലെങ്കില്‍, ഉള്ളുലയ്ക്കുന്നില്ലെങ്കില്‍, നിങ്ങളുടെ മനുഷ്യത്വത്തിന് തന്നെ എന്തോ പ്രശ്‌നമുണ്ട്. ഈ വംശഹത്യയും, ബൈബിളിനെ തന്നെ ആയുധമാക്കി ഈ അതിക്രമത്തെ ന്യായീകരിക്കുന്ന പ്രവണതയും ക്രിസ്ത്യാനികളായ നമ്മെ രോഷാകുലരാക്കുന്നില്ലെങ്കില്‍ നമ്മുടെ ക്രിസ്തീയ സാക്ഷ്യത്തിനുതന്നെ എന്തോ പ്രശ്‌നമുണ്ട്. മാത്രമല്ല, സുവിശേഷം നല്‍കുന്ന സന്ദേശത്തിന്റെ വിശ്വാസയോഗ്യതയെ തന്നെയാണ് നാം പ്രതിസന്ധിയിലാക്കുന്നത്. ഇതൊരു വംശഹത്യയാണെന്ന് വിളിച്ചുപറയാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അതിന്റെ കുറ്റം നിങ്ങളുടെ മേലാണ്. നിങ്ങള്‍ പൂര്‍ണ്ണമനസ്സോടെ പുല്‍കുന്ന പാപവും അന്ധകാരവും. ചില സഭകള്‍ വെടിനിര്‍ത്തലിന് പോലും ആഹ്വാനം ചെയ്യാന്‍ തയ്യാറായിട്ടില്ല. അവരോടെനിക്ക് സഹതാപം തോന്നുന്നു.
ഞങ്ങള്‍ തിരിച്ചുവരും. ഈയൊരു കനത്ത പ്രഹരത്തിനിരയായെങ്കിലും ഞങ്ങള്‍ പലസ്തീനികള്‍ അതില്‍ നിന്നും വിടുതല്‍ നേടും, ഞങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കും. പലസ്തീനികളായ ഞങ്ങളെന്നും ചെയ്തിരുന്നതുപോലെ ഈ സംഹാരമധ്യത്തില്‍ നിന്നും ഞങ്ങള്‍ വീണ്ടും എഴുന്നേറ്റ് നില്‍ക്കും. ഏറെ കാലത്തിനുശേഷം കിട്ടിയ ഏറ്റവും വലിയ ആഘാതമാണിതെങ്കില്‍ പോലും ഞങ്ങള്‍ തിരിച്ചുവരും.
പക്ഷെ ഈ പാതകത്തിന് കൂട്ടുനില്‍ക്കുന്ന നിങ്ങളെയോര്‍ത്ത് ഞാന്‍ വിഷമിക്കുന്നു. ഈ പാപത്തില്‍ നിന്ന് നിങ്ങള്‍ എന്നെങ്കിലും മുക്തി നേടുമോ? നിങ്ങളുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും, വംശഹത്യയ്ക്ക് ശേഷം നിങ്ങള്‍ പ്രകടിപ്പിക്കുന്ന ഞെട്ടലുമൊന്നും ഒരു വ്യത്യാസവും വരുത്തില്ല. നടുക്കത്തിന്റെ വാക്കുകള്‍ വന്നു തുടങ്ങിയിട്ടുണ്ടെന്ന് എനിക്കറിയാം, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ആളുകള്‍ അകമഴിഞ്ഞ് സംഭാവന ചെയ്യുമെന്നും എനിക്കറിയാം. പക്ഷെ നിങ്ങളുടെ വാക്കുകള്‍ക്ക് ഒന്നും മാറ്റാന്‍ കഴിയില്ല. ഖേദപ്രകടനങ്ങള്‍ മതിയാവില്ല നിങ്ങള്‍ക്ക്. ഞാന്‍ പറയട്ടെ, ഈ നരഹത്യയ്ക്ക് ശേഷം നിങ്ങള്‍ നടത്തുന്ന ക്ഷമാപണം ഞങ്ങള്‍ സ്വീകരിക്കുകയുമില്ല. ചെയ്തത് ചെയ്തുകഴിഞ്ഞിരിക്കുന്നു.
ഗസ്സയില്‍ ഒരു നരനായാട്ട് നടന്നുകൊണ്ടിരുന്നപ്പോള്‍ ഞാനെവിടെയായിരുന്നു എന്ന് ഒരു കണ്ണാടിയുടെ മുന്നില്‍ ചെന്ന് നിന്ന് നിങ്ങള്‍ സ്വയം ചോദിക്കണം.
ഇന്ന് ഞങ്ങളുടെ കൂടെയായിരിക്കുന്ന സുഹൃത്തുക്കളോട് പറയട്ടെ, ഞങ്ങളോടൊപ്പമായിരിക്കുവാന്‍ നിങ്ങള്‍ നിങ്ങളുടെ കുടുംബങ്ങളെയും, സഭകളെയും വിട്ടിവിടെ വന്നിരിക്കുകയാണ്. നിങ്ങള്‍ അനുഗമനം എന്ന വാക്കിന്റെ തന്നെ സാക്ഷാത്കാരമാണ്. വലിയ വിലകൊടുക്കേണ്ടി വരുന്ന ഐക്യദാര്‍ഢ്യം. യേശുവിന്റെ വചനം ഓര്‍മ്മ വരുകയാണ്, 'ഞങ്ങള്‍ കാരാഗൃഹത്തിലായിരുന്നു, നിങ്ങള്‍ ഞങ്ങളെ സന്ദര്‍ശിച്ചു.' നിങ്ങളുടെ ഈ സാന്നിദ്ധ്യം മറ്റുള്ളവര്‍ പുലര്‍ത്തുന്ന മൗനത്തില്‍ നിന്നും, ഈ കുറ്റത്തിലെ അവരുടെ പങ്കുകൊള്ളലില്‍ നിന്നും എത്ര അകലെയാണ്! ഐക്യദാര്‍ഢ്യം എന്ന സങ്കല്പത്തെ നിങ്ങള്‍ അര്‍ത്ഥപൂര്‍ണമാക്കുന്നു. നിങ്ങളുടെ ഈ സന്ദര്‍ശനം ഞങ്ങളുടെ മനസ്സില്‍ നിന്നും ഒരിക്കലും മായാത്ത ഒരു മുദ്ര പതിപ്പിച്ചിരിക്കുകയാണ്. ഞങ്ങള്‍ പരിത്യക്തരല്ല എന്ന് നിങ്ങളിലൂടെ ദൈവം ഞങ്ങളോട് പറയുകയാണ്. കത്തോലിക്കാ സഭയിലെ ഫാദര്‍ റാമി ഇന്ന് രാവിലെ പറഞ്ഞതുപോലെ, നിങ്ങള്‍ ബെത്‌ലഹേമില്‍ കിഴക്കുനിന്നും വന്ന മൂന്ന് ജ്ഞാനികളെ പോലെ സമ്മാനങ്ങളുമേന്തിയാണ് വന്നത്. പക്ഷെ പൊന്നും കുന്തിരിക്കവും മീറയെയുംകാള്‍ അനര്‍ഘമാണ് നിങ്ങള്‍ കൊണ്ടുവന്നിരിക്കുന്ന സ്‌നേഹത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും ഈ സമ്മാനങ്ങള്‍. അത് ഞങ്ങള്‍ക്കനുഭവവേദ്യമാകുന്നുണ്ട്. ഞങ്ങള്‍ക്കെത്രയും ആവശ്യമായിരുന്നവ. എന്തുകൊണ്ടെന്നാല്‍ മറ്റേത് സമയത്തെയുംകാള്‍ ഈ കാലത്തായിരുന്നു ദൈവത്തിന്റെ മൗനം ഞങ്ങളെ അസ്വസ്ഥപ്പെടുത്തിയിരുന്നത്. കഴിഞ്ഞ രണ്ടു മാസക്കാലയളവിനുള്ളില്‍ വിലാപത്തിന്റെ സങ്കീര്‍ത്തനങ്ങള്‍ ഞങ്ങളുടെ അമൂല്യ സഹചാരിയായി മാറികഴിഞ്ഞിരിക്കുന്നു. ഞങ്ങള്‍ നിലവിളിച്ചു, 'എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ് ഗസ്സയെ തള്ളിക്കളയുന്നതെന്തുകൊണ്ട്? ഗസ്സയില്‍നിന്നും മുഖം മറയ്ക്കുന്നതെന്തുകൊണ്ട്?' ഞങ്ങളുടെ വേദനയിലും, ക്ലേശത്തിലും, വിലാപത്തിലും ഞങ്ങള്‍ ദൈവത്തെ തേടുകയും, ഗസ്സയിലെ നാശക്കൂമ്പാരങ്ങള്‍ക്കടിയില്‍ അവനെ കണ്ടെത്തുകയും ചെയ്തിരിക്കുന്നു. സാമ്രാജ്യത്വത്തിന്റെ ഇതേ ഹിംസയ്ക്കിരയായവനാണ് ഈശോ. ഞങ്ങളുടെ ഈ നാട്ടില്‍ ആയിരിക്കുമ്പോഴാണ് മറ്റുള്ളവര്‍ കണ്ടു നില്‍ക്കുമ്പോള്‍ ഈശോ പീഡിപ്പിക്കപ്പെടുകയും, ക്രൂശിക്കപ്പെടുകയും, രക്തം ചിന്തുകയും ചെയ്തത്. അവസാനം ജീവന്‍ വിട്ടുപിരിയുന്നതിന് മുമ്പ് അവന്‍ യാതനയോടെ നിലവിളിച്ചു, 'എന്റെ ദൈവമേ, നീ എവിടെയാണ്?'
ഇന്ന് ഗസ്സയില്‍ ദൈവം ഈ തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയിലാണ്. ഈ ക്രിസ്തുമസ് കാലത്ത് നാം യേശുവിനെ തേടുമ്പോള്‍ അവനെ റോമിന്റെ ഭാഗത്തായിരിക്കില്ല, മറിച്ച് ഇവിടെ നമ്മുടെ മതിലിന്റെ വശത്തായിരിക്കും കാണാന്‍ സാധിക്കുക. അവന്‍, അധിനിവേശത്തിനിരയായ ഒരു സാധാരണ കുടുംബത്തില്‍, അത്യന്തം ക്ഷതസാധ്യതയോടുകൂടി. കൂട്ടക്കൊലയില്‍ നിന്നും കഷ്ടിച്ച് അതിജീവിച്ചുകൊണ്ട് ഒരു ഗുഹയിലായിരിക്കും ഉണ്ടാവുക. ഇവിടെ അഭയാര്‍ത്ഥികള്‍ക്കിടയില്‍, അഭയാര്‍ത്ഥികുടുംബങ്ങള്‍ക്കിടയില്‍ ആണ് ഇന്ന് നിങ്ങള്‍ക്ക് യേശുവിനെ കണ്ടെത്താന്‍ കഴിയുക. യേശു ഇന്നാണ് പിറക്കുന്നതെങ്കില്‍ ഗസ്സയിലെ നാശാവശിഷ്ടങ്ങള്‍ക്കടിയില്‍ ആണ് അവന്‍ ജനിച്ചുവീഴുക. നാം ഗര്‍വ്വിനെയും സമ്പത്തിനെയും വാഴ്ത്തുമ്പോള്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ യേശു പെട്ടുപോവുകയാണ്. നാം അധികാരത്തെയും പ്രതാപത്തെയും ആയുധത്തെയും ആശ്രയിക്കുമ്പോള്‍, ഇടിച്ചുനിര്‍ത്തപ്പെട്ട കെട്ടിടങ്ങള്‍ക്കടിയില്‍ യേശു ആഴ്ന്നുപോവുകയാണ്. കുഞ്ഞുങ്ങളെ ബോംബിട്ട് നിഗ്രഹിക്കുന്ന പ്രവൃത്തിയെ നീതീകരിക്കുകയും, ന്യായീകരിക്കുകയും, ദൈവശാസ്ത്രവല്‍ക്കരിക്കുകയും ചെയ്യുമ്പോള്‍ കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ക്കും ചരലിനുമടിയില്‍ യേശു ഞെരിഞ്ഞമരുകയാണ്.
ഈ കല്‍കൂമ്പാരങ്ങള്‍ക്കടിയിലാണ് യേശു. ഇതാണവന്റെ പുല്‍ക്കൂട്. അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കും, പീഡിതര്‍ക്കും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും, സ്വദേശത്തുനിന്നും പിഴുതുമാറ്റപ്പെട്ടവര്‍ക്കുമിടയിലാണവന്‍. ഇതാണവന്റെ പുല്‍ക്കൂട്. കഴിഞ്ഞ കുറച്ചു ദിവസമായി നാശാവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ട ക്രിസ്തുബിംബത്തെ ഞാന്‍ നിരീക്ഷിക്കുകയും ധ്യാനിക്കുകയും ചെയ്യുകയായിരുന്നു. ദൈവം തന്നെയാണ് ഇതേ രൂപത്തില്‍ തന്നെ നമ്മോടൊപ്പമായിരിക്കുന്നത്. ഇതാണ് മനുഷ്യനായി അവതരിച്ച ഈശോ. അലങ്കോലപ്പെട്ട, രക്തപങ്കിലമായ, ദരിദ്രമായ അവസ്ഥ. ഇത് തന്നെയാണ് മനുഷ്യാവതാരം.
ഈ ശിശുവാണ് നമ്മുടെ പ്രതീക്ഷയും, പ്രചോദനവും. കൊല്ലപ്പെട്ട ഓരോ കുഞ്ഞുങ്ങളിലും, കല്ലിനും മണ്ണിനുമടിയില്‍ നിന്നും പൊക്കിയെടുത്ത ഓരോ കുരുന്നുശരീരത്തിലും നാം യേശുവിനെ നോക്കുകയും കാണുകയും ചെയ്യുന്നു. ലോകം ഗസ്സയിലെ ഈ കുട്ടികളെ നിഷേധിക്കുമ്പോള്‍ യേശു പറയുന്നു, 'എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്തുകൊടുത്തപ്പോള്‍ എനിക്ക് തന്നെയാണ് ചെയ്ത് തന്നത്.' 'നിങ്ങള്‍ എനിക്ക് തന്നെയാണ് ചെയ്തത്.' അവര്‍ തന്റെ സ്വന്തമാണെന്ന് പറയുകമാത്രമല്ല യേശു ചെയ്യുന്നത്, അവരിലൊരുവന്‍ തന്നെയാണ് അവന്‍. ഗസ്സയിലെ കുഞ്ഞുങ്ങളാണ് യേശു. തിരുക്കുടുംബത്തെ നോക്കുമ്പോള്‍, പറിച്ചുമാറ്റപ്പെട്ട, അലഞ്ഞുഴലാന്‍ വിധിക്കപ്പെട്ട, വീടുകള്‍ നഷ്ടപ്പെട്ട, ഹതാശരായ ഓരോ കുടുംബങ്ങളിലും നമുക്കവരെ കാണാം. ഒരു ഗ്യാരേജിലെ ആര്‍ക്കുംവേണ്ടാത്ത കടലാസുപെട്ടികളെയെന്ന ലാഘവത്തോടെ ലോകം ഗസ്സയിലെ ജനങ്ങളുടെ ഭാവിയെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ ക്രിസ്തുമസ് ആഖ്യാനത്തിലെ ദൈവം ആ ഹതഭാഗ്യരുടെ വിധിയാണ് പങ്കിടുന്നത്. അവന്‍ അവരോടൊപ്പം സഞ്ചരിക്കുന്നു, തന്റെ സ്വന്തമെന്ന് അവരെ വിശേഷിപ്പിക്കുന്നു.
അപ്പോള്‍ ദൃഢതയെയാണ് ഈ പുല്‍ക്കൂട് പ്രതിനിധീകരിക്കുന്നത്... യേശുവിന്റെ ദൃഢത അവന്റെ ശാന്തശീലതയിലും, അശക്തിയിലും, ക്ഷതസാധ്യതയിലുമാണുള്ളത്. മനുഷ്യാവതാരത്തിന്റെ മഹത്വം അരികുവല്‍ക്കരിക്കപ്പെട്ടവരുമായുള്ള ഐക്യദാര്‍ഢ്യത്തിലാണ് കുടികൊള്ളുന്നത്. ദൃഢത എന്ന് പറയുമ്പോള്‍, യാതനയുടെയും, നാശത്തിന്റെയും, അന്ധകാരത്തിന്റെയും, മരണത്തിന്റെയും മധ്യേനിന്നും ഉയര്‍ന്നുവന്ന് സാമ്രാജ്യങ്ങളെ വെല്ലുവിളിക്കുകയും, അധികാരത്തോട് സത്യം വിളിച്ചു പറയുകയും, മരണത്തിന്റെയും അന്ധകാരത്തിന്റെയും മുകളില്‍ ശാശ്വത വിജയം വരിക്കുകയും ചെയ്ത ആ ശിശുവാണ് നമ്മുടെ മുന്നിലുള്ള മാതൃക. ഇതേ ശിശുവാണ് ആ വിജയം നേടിയത്. ഇതാണ് പലസ്തീനിലെ ക്രിസ്തുമസ്, ഇതാണ് ക്രിസ്തുമസ് സന്ദേശം. സാന്താക്‌ളോസും, ക്രിസ്മസ് ട്രീകളും, സമ്മാനപ്പൊതികളും, അലങ്കാരദീപങ്ങളുമല്ല ക്രിസ്തുമസ്. ക്രിസ്തുമസ്സിന്റെ പൊരുളിനെ എത്രമാത്രം നാം വളച്ചൊടിച്ചിരിക്കുന്നു. ക്രിസ്തുമസ്സിനെ എങ്ങനെ നാം വാണിജ്യവല്‍ക്കരിച്ചിരിക്കുന്നു. കഴിഞ്ഞ മാസം താങ്ക്‌സ്ഗിവിങ്ങിന്റെ പിറ്റേ തിങ്കളാഴ്ച ഞാന്‍ അമേരിക്കയില്‍ തങ്ങാനിടയായി. അവിടുത്തെ ക്രിസ്മസ് അലങ്കാരങ്ങളുടെയും, ദീപങ്ങളുടെയും, വിപണിയില്‍ കിട്ടുന്ന നിരവധി ക്രിസ്മസ് വസ്തുക്കളുടെയും ബാഹുല്യം എന്നെ അത്ഭുതപ്പെടുത്തി. എനിക്കിങ്ങനെ ചിന്തിക്കാതിരിക്കാനായില്ല: തങ്ങളുടെ രാജ്യത്ത് ക്രിസ്തുമസ് ആഘോഷിച്ചുകൊണ്ട് അവര്‍ ഞങ്ങള്‍ക്ക് നേരെ ബോംബുകളയക്കുന്നു. തങ്ങളുടെ ദേശത്തില്‍ സമാധാനത്തിന്റെ രാജകുമാരനെ വാഴ്ത്തിപ്പാടിക്കൊണ്ട് അവര്‍ ഞങ്ങളുടെ നാട്ടില്‍ യുദ്ധത്തിന്റെ പെരുമ്പറ കൊട്ടുന്നു. ബെത്‌ലഹേമിലെ ക്രിസ്തുമസ്, ക്രിസ്തു പിറന്നുവീണ നാട്ടിലെ ക്രിസ്തുമസ്, ഈ പുല്‍ക്കൂട്ടിലാണ്. ലോകത്തിനു നല്‍കാനുള്ള ഞങ്ങളുടെ സന്ദേശം ഇതാണ്. ആ സന്ദേശം സുവിശേഷത്തിന്റെ സന്ദേശമാണ്. സത്യമായ, യഥാര്‍ത്ഥ സന്ദേശം. അത് മൗനത്തിലാഴ്ന്നിരിക്കാതെ വചനമരുള്‍ചെയ്ത ദൈവത്തിന്റെ, ആ വചനം യേശുവായി രൂപമെടുത്ത ദൈവസന്ദേശം. അധിനിവേശത്തിനിരയായവരുടെയും, അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും ഇടയില്‍ പിറന്നു വീണവന്‍. ഞങ്ങളുടെ വേദനയിലും തകര്‍ച്ചയിലും ഞങ്ങളുടെ മധ്യേയായിരിക്കുന്നവന്‍.
ഇന്ന് ഞങ്ങള്‍ ലോകത്തിന് നല്കാനുദ്ദേശിക്കുന്ന സന്ദേശം ഇതാണ്, അത് മറ്റൊന്നുമല്ല: ഈ വംശഹത്യ ഇപ്പോള്‍ നിലയ്ക്കണം. ഈ നരഹത്യ ഇപ്പോള്‍ അവസാനിപ്പിക്കണം. ഇതാണ് ഞങ്ങളുടെ ആഹ്വാനം. ഞങ്ങളുടെ അപേക്ഷ. ഞങ്ങളുടെ പ്രാര്‍ത്ഥന. ഓ ദൈവമേ, ഞങ്ങളെ കേള്‍ക്കേണമേ. ആമ്മേന്‍.
(പലസ്തീനിലെ ബെത്‌ലഹേം സ്വദേശിയും ദൈവശാസ്ത്ര പണ്ഡിതനുമായ ഡോ. മന്തര്‍ ഇസ്ഹാക് ക്രിസ്മസ് ദിനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം. പ്രസംഗത്തിന്റെ പരിഭാഷ നടത്തിയത് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ സോഷ്യോളജി വിഭാഗത്തില്‍ ഗവേഷകയായ ഗ്രീഷ്മ.)