TMJ
searchnav-menu
post-thumbnail

Outlook

സിനിമയും ലഹരിയും സമൂഹവും

12 Mar 2025   |   6 min Read
ഡോ എൽസി ഉമ്മൻ

കേരളത്തിൽ അടുത്തിടെയായി അക്രമങ്ങളും കൊലപാതങ്ങളും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. അക്രമം എന്നത് പ്രതിവിധിയായി മാറിയ സാഹചര്യത്തിലൂടെ കടന്നുപോകുകയാണോ കേരളം എന്ന സംശയമുളവാക്കുന്ന സംഭവപരമ്പരകളാണ് ഉണ്ടായത്. ഇത്തരം അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും പിന്നിൽ കുട്ടികളുടെയും യുവാക്കളുടെയും മാനസിക നിലയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളാണോ കാരണം, അവരെ അതിലേക്ക് നയിക്കുന്ന സാമൂഹികസാഹചര്യങ്ങൾ, മാധ്യമ ഇടപെടലുകൾ തുടങ്ങി ഇതിലെ വിവിധ വശങ്ങളെ കുറിച്ച്  കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോക്ടർ എൽസി ഉമ്മൻ വിശദീകരിക്കുന്നു
ഡോക്ടർ എൽസി ഉമ്മൻ- ഹൃദ്യ

വെഞ്ഞാറമൂട് കൊലപാതകത്തിനും താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ മരണത്തിനും ശേഷം യുവാക്കളുടെയും കുട്ടികളുടെയും മാനസിക നിലയെ സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്. എന്താണ് താങ്കളുടെ നിരീക്ഷണം?

മനുഷ്യഹൃദയങ്ങളെ സ്തംഭിപ്പിക്കുകയും ഭീതിപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്ന കൊലപാതങ്ങളായിരുന്നു വെഞ്ഞാറമൂട്ടിൽ നടന്നത്. പ്രത്യേകിച്ചും പ്രകോപനമൊന്നും കൂടാതെ തന്നെ സാമ്പത്തിക പ്രതിസന്ധി എന്ന പേര് പറഞ്ഞു തന്റെ പ്രിയപ്പെട്ടവരെ കൊലപ്പെടുത്താൻ ഈ ചെറുപ്പക്കാരന് എന്താണ് സംഭവിച്ചത്. ഇപ്രകാരം കൊല ചെയ്യുവാൻ ഇയാൾക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങൾ ഉണ്ടോ? സ്വബോധമുള്ള ഒരാൾ ചെയ്യുന്ന പ്രവർത്തിയാണോ ഇത്? ഇത്ര കഠിനഹൃദയനായ വ്യക്തിയായിരുന്നോ ഇയാൾ ? എന്നിങ്ങനെ വിവിധതരത്തിലുള്ള ചോദ്യങ്ങൾ ഈ വാർത്ത വായിച്ച പലരെയും അലട്ടിയിട്ടുണ്ട്. ഒരാൾ കുറ്റകൃത്യം ചെയ്യുമ്പോൾ താൻ ചെയ്യുന്നത് ഒരു കുറ്റമാണെന്ന തിരിച്ചറിവ് ആ കുറ്റവാളിക്ക് ഉണ്ടെങ്കിൽ മനോരോഗത്തിന്റെയോ മറ്റെന്തിന്റെയോ പേരിൽ ആയാലും ശിക്ഷ അനുഭവിക്കേണ്ടിവരും എന്ന കാര്യം ആദ്യമേ സൂചിപ്പിക്കട്ടെ. അതുകൊണ്ട് മനോരോഗം ഉണ്ടെന്ന ഒരൊറ്റ കാരണം കൊണ്ട് ഒരാൾക്ക് ശിക്ഷയിൽ നിന്നും രക്ഷപ്പെടാം എന്ന് വിചാരിക്കരുത്. തന്നെയുമല്ല ഒരാൾ കുറ്റം ചെയ്യുമ്പോൾ അയാളുടെ മാനസികനില എന്തെന്ന് ആ ആളിന് കോടതിയിൽ തെളിയിക്കുക എന്നത് ബുദ്ധിമുട്ടുള്ള സംഗതിയാണ്. പലപ്പോഴും നിയമപാലകർ പോലും തെറ്റിദ്ധരിക്കുന്ന മേഖലയാണിത്. ഇത് പലപ്പോഴും അനാസ്ഥയ്ക്കും തുടർന്നുണ്ടാകുന്ന ദുരന്തങ്ങൾക്കും കാരണമാകുകയും ചെയ്യുന്നത് നാം മുൻപ് കണ്ടിട്ടുള്ളതാണ്. 
ഇത്തരം സംഭവങ്ങളിൽ കണ്ടുവരുന്ന പൊതുവായ കാരണങ്ങൾ എന്തെന്ന് ചുരുക്കി പറയാം. പലപ്പോഴും ഒരു കാരണം മാത്രമായിരിക്കുകയില്ല ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. സമ്മർദ്ദങ്ങളും മാത്സര്യവും നിറഞ്ഞുനിൽക്കുന്ന ഈ ലോകത്ത് ആൾക്കൂട്ടത്തിൽ തനിയെ ആയിപ്പോയ അനേകർ നമ്മുടെ ഇടയിലുണ്ട്. പുറമേ നിന്ന് നോക്കുമ്പോൾ പലരും ശക്തമായ മാനസിക പിന്തുണ ലഭിക്കുന്ന ഒരാൾ എന്ന് തോന്നുമെങ്കിലും യഥാർത്ഥത്തിൽ ഒറ്റപ്പെട്ടവർ ആവും അവർ എന്നതാണ് പ്രത്യേകത. ബന്ധങ്ങളുടെ കെട്ടഴിഞ്ഞവർക്ക് എന്തും ചെയ്യുവാനുള്ള സ്വാതന്ത്ര്യം ലഭ്യമാണ്. അത് അവരെ കൊണ്ടുചെന്നെത്തിക്കുന്നത് പലപ്പോഴും ലഹരി ഉപയോഗത്തിലും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിലും കുത്തഴിഞ്ഞ മനോനിലയിലേക്കും ആയിരിക്കും. തങ്ങളുടെ പല വ്യക്തിത്വ വൈകല്യങ്ങളെയും മറച്ചു പിടിച്ച് സമർത്ഥമായി സമൂഹത്തെ പറ്റിച്ച് അവരുടേതായ ലോകത്തിൽ ജീവിക്കുന്നവരുമുണ്ട്. പൊലീസ് അധികാരികളും പലപ്പോഴും ഒരാളെ കാണുന്നതിന്റെ അടിസ്ഥാനം തന്നെ അയാൾ മുൻപേ എന്തെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരുന്നോ എന്നതിനെ ആശ്രയിച്ചായിരിക്കും. അവിടെ അയാൾ ഒരു ക്ലീൻ ഇമേജുള്ള ആളായിരിക്കും. എന്നാൽ ഉള്ളിലെ കുറ്റവാസന അവർ എപ്പോഴെങ്കിലും പുറത്തെടുക്കുക തന്നെ ചെയ്യും. സാമൂഹികവിരുദ്ധ വ്യക്തിത്വം എന്നത് ഒരു മനോനിലയാണ്. തന്നോട് മാത്രമായിരിക്കും ഇവർക്ക് പ്രതിജ്ഞാബദ്ധത.

REPRESENTATIVE IMAGE | WIKI COMMONS
അവർക്ക് സ്വന്തക്കാരെന്നോ പരിചയക്കാരെന്നോ ബന്ധുക്കളെന്നോ പരിചയമില്ലാത്തവരെന്നോ വ്യത്യാസമില്ല. അത് പ്രകടിപ്പിക്കേണ്ട അവസരത്തിൽ അനുകൂല സാഹചര്യത്തിൽ അവരത് പുറത്തെടുക്കുക തന്നെ ചെയ്യും. അല്ലാതെ ദിവസവും സമൂഹത്തിൽ ഇറങ്ങി ഗുണ്ടായിസം കാണിക്കണമെന്നില്ല എന്ന് സാരം. ഇത്തരം സാമൂഹികവിരുദ്ധ മനോഭാവമുള്ളവർക്ക് പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായാൽ  അവരത് പുറത്തിറക്കിയാണ് പതിവ്. മറ്റൊരു കൂട്ടർ മറ്റു വ്യക്തിത്വ വൈകല്യങ്ങൾ ഉള്ളവരാണ്. പാസീവ് അഗ്രസ്സീവ്, പ്രത്യാഘാതം ആലോചിക്കാതെ എടുത്തുചാട്ടം ഉള്ളവർ ,സംശയമുള്ളവർ  മുതലായവയാണ് ഉദാഹരണം. പാസീവ് അഗ്രസീവ് എന്നത് തങ്ങളുടെ പ്രതികൂല വികാരങ്ങളെ തുറന്നു പ്രകടിപ്പിക്കാതെ മറ്റൊരു രീതിയിൽ പ്രകടിപ്പിക്കുന്നവരാണ്. ഇനിയുള്ളത് ചില മനോരോഗങ്ങളാണ്. അത് സാമ്പത്തിക ബുദ്ധിമുട്ടുകൾ സാമൂഹികമായി ഒറ്റപ്പെടുത്തിയവർ. വൈകല്യങ്ങൾ മൂലം സമൂഹത്തെ അഭിമുഖീകരിക്കാൻ മടിയുള്ളവർ, പ്രതിസന്ധികളെ നേരിടുന്നവർ, ആക്ഷൻ സിനിമകളൊക്കെ കണ്ട് അതിൽ അഭിരമിച്ച് അതിൽ അകപ്പെട്ടിരിക്കുന്നവർ, ലഹരിക്ക് അടിമപ്പെട്ടവർ മുതലായവരാണ്. ഇതിലും പുറമേ ഇത്തരം സംഭവങ്ങളിൽ പെട്ടന്നുള്ള കാരണം കൂടി ഉണ്ടാകാം.  ചുരുക്കത്തിൽ മാനസിക വൈകല്യമുള്ള ഒരാളെ അക്രമകാരി ആക്കുന്നത് അവരുടെ സാമൂഹിക, ഗാർഹിക, സാമ്പത്തിക, വ്യക്തിപരമായ കാരണങ്ങൾ എല്ലാം കൂടി ഒത്തുചേരുമ്പോഴാണ് എന്ന് പറയാം. ഇത്തരത്തിലുള്ളവർ തങ്ങളുടെ കുട്ടിക്കാലം മുതൽ തന്നെ എന്തെങ്കിലും ഒക്കെ വ്യത്യാസങ്ങൾ കാണിച്ചു തുടങ്ങുന്നവരാകയാൽ മാതാപിതാക്കളും അധ്യാപകരും സുഹൃത്തുക്കളും സമൂഹവുമെല്ലാം ജാഗ്രതയോടെ ഇരിക്കണമെന്ന് ഈ സംഭവം നമ്മെ ഓർമിപ്പിക്കുന്നുണ്ട്.

സാമൂഹിക സാഹചര്യങ്ങളും പലതരത്തിലുള്ള സമ്മർദ്ദങ്ങളും ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നുണ്ടോ? 

കഴിഞ്ഞ കുറച്ചുകാലമായിട്ട് രക്ഷാകർതൃത്വത്തിൽ വന്നിട്ടുള്ള ചില മാറ്റങ്ങളെ കൂടി ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. അതായത് ഒരു കൂട്ടു കുടുംബ വ്യവസ്ഥിതിയായിരുന്നപ്പോൾ കുട്ടികൾക്ക് സ്കൂളിൽ നിന്നും തിരിച്ചു വന്നു കഴിഞ്ഞാൽ ഇടപഴകാൻ അവരുടെ കുടുംബത്തിലെ മുതിർന്നവരും മറ്റ് വിനോദ സംവിധാനങ്ങളുമെല്ലാം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മൊബൈലുമായാണ് കുട്ടികൾ മുറിയിലേക്ക് കയറുന്നത് തന്നെ. രണ്ട് തരം പാരൻ്റിങ് ഇപ്പോൾ കണ്ടുവരുന്നുണ്ട്. ഒന്ന് ഒട്ടും തന്നെ കുട്ടികളെ ശ്രദ്ധിക്കാതെയിരിക്കുന്ന അവസ്ഥ. രക്ഷിതാക്കൾ രണ്ട് പേരും ഉദ്യോഗസ്ഥരായിരിക്കും അല്ലെങ്കിൽ ജോലി ചെയ്യുന്നവരാകാം, തിരക്ക് പിടിച്ച് ഓടുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് വേണ്ട രീതിയിലുള്ള വൈകാരിക പിന്തുണ അല്ലെങ്കിൽ ഇമോഷണൽ നർച്ചറിങ് കൊടുക്കാൻ പറ്റാത്ത സാഹചര്യമുള്ള രക്ഷിതാക്കൾ. വീട്ടിൽ ബന്ധങ്ങൾ തന്നെ ശിഥിലീകരിച്ച അവസ്ഥ , സിംഗിൾ പാരൻ്റിങ് നയിക്കുന്നവർ അല്ലെങ്കിൽ വേർപിരിഞ്ഞ രക്ഷിതാക്കൾ, രക്ഷിതാക്കളിൽ രണ്ട് പേരും അല്ലെങ്കിൽ ഒരാളോ ലഹരി ഉപയോഗിക്കുന്നത്, രക്ഷിതാക്കളിൽ ഒരാൾക്കോ രണ്ട് പേർക്കോ മാനസിക പ്രശ്നങ്ങൾ ഉള്ള അവസ്ഥ, ഇവരാൽ വളർന്നു വരുന്ന അല്ലെങ്കിൽ ശരിയായ ചുറ്റുപാടിൽ വളർന്നുവരാത്ത കുട്ടികളുണ്ട്. അത്തരമൊരു പാരൻ്റിങ് ഒരു വശത്ത്, മറുവശത്ത് അമിതമായ ലാളന നൽകി വളർത്തുന്ന അവസ്ഥ. ക്വാളിറ്റി ടൈം കുട്ടികളുമൊത്ത് ചെലവിടാൻ പറ്റാതെ വരുമ്പോൾ അവരുടെ ഇഷ്ടത്തിനുള്ളതെല്ലാം വാങ്ങിച്ചു കൊടുത്താൽ അതാണ് പാരൻ്റിങ് എന്നും സ്നേഹമെന്നും ധരിക്കുന്ന രക്ഷിതാക്കളുണ്ട്. ഇത് രണ്ടും നമ്മുടെ സമൂഹത്തിന് ദോഷം ചെയ്യുകയേയൊള്ളു. ഇപ്പോഴെല്ലാവരും 2K കിഡ്സിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. അവിടെ ന്യൂ ജെൻ പാരൻ്റിങ് രീതി നമ്മൾ നോക്കേണ്ടിയിരിക്കുന്നു. അവിടെ കുട്ടികൾ എന്തും കിട്ടി ശീലിച്ചവരായിരിക്കും. അവരിൽ ക്ഷമയില്ലായ്മ പ്രകടമാകുന്നുണ്ട്. പല വീടുകളിലും ഓൺലൈൻ പർച്ചേഴ്സിങ്ങും പണമിടപാടുമെല്ലാം കൈകാര്യം ചെയ്യുന്നത് കുട്ടികളാണ്. അതായത് കുട്ടികൾക്ക് പാരൻ്റ്സിൻ്റെ അക്കൗണ്ടിലേക്ക് വരെ ആക്സസിബിലിറ്റിയുണ്ട് എന്നർത്ഥം. അത്തരമൊരു അവസ്ഥയിൽ എന്തും കിട്ടി ശീലിച്ച കുട്ടികൾക്ക് അത് കിട്ടാതെ വരുമ്പോൾ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകും. വീട്ടിൽ നിന്നും നോ കേൾക്കാത്ത ഒരാൾ പുറത്തേക്ക് ഇറങ്ങിയാൽ അയാളുടെ പെൺസുഹൃത്ത് നോ പറഞ്ഞാൽ പ്രകോപിതനാകും. വെഞ്ഞാറമൂട് വിഷയത്തിലും അത് സംഭവിച്ചു. അതുകൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള പാരൻ്റിങ് രീതി പ്രശ്നമാകുന്നത്.

REPRESENTATIVE IMAGE | WIKI COMMONS
ലഹരിയാണ് പ്രധാന പ്രശ്നം എന്ന നിലയിൽ ചർച്ചകൾ മുന്നേറുന്നുണ്ട്. എന്താണ് നിരീക്ഷണം?

ലഹരി ഉറപ്പായിട്ടും പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. നമ്മുടെ തലച്ചോറിൻ്റെ മുൻവശത്തുള്ള പ്രീഫ്രോണ്ടൽ കോർട്ടക്സ് ആണ് നല്ലത് ഏതാണ്, മോശമേതാണ് എന്ന് ഒരു മനുഷ്യന് തിരിച്ചറിവ് നൽകുന്നത്. ഒരാളോട് നമുക്ക് ദേഷ്യമോ വൈരാഗ്യമോ വന്നാൽ ആ ആളോട് അത് കാണിക്കരുത്, അത് അടിയിലോ കൊലപാതകത്തിലോ അവസാനിപ്പിക്കരുത് എന്നും നിയമത്തിന് മുന്നിൽ അത് തെറ്റാണെന്നും പരിഷ്കൃത മനുഷ്യന് ചേർന്നതല്ലായെന്നും ഉള്ള തിരിച്ചറിവ് കൊണ്ട് ഒരു വ്യക്തി അവനവനെ തന്നെ നിയന്ത്രിക്കുന്നു. അതാണ് സാധാരണ ഗതിയിൽ ഒരു പരിഷ്കൃത മനുഷ്യനിൽ നിന്നും നമ്മൾ പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ ചിന്തയെ എടുത്തു മാറ്റുകയാണ് ലഹരി ചെയ്യുന്നത്. പ്രത്യാഘാതം ആലോചിക്കാതെ എടുത്തു ചാടാനുള്ള ത്വരയും താൽക്കാലികമാണെങ്കിലും അമിത ആത്മവിശ്വാസവും ലഹരി നൽകുന്നു. ലഹരി ഉപയോഗിക്കുമ്പോൾ സ്വാഭാവികമായും അക്രമത്തിനും കൊലപാതകത്തിനുമുള്ള വാസന കൂടുന്നതായാണ് എല്ലാ പഠനങ്ങളും സൂചിപ്പിക്കുന്നത്.

AIIMS study says one-third of Delhi street kids use drugs, alcohol |  IndiatodayREPRESENTATIVE IMAGE | WIKI COMMONS
കേരളത്തിൽ പലതലത്തിലുള്ള കൊലപാതകങ്ങൾ തുടരെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രത്യേകമായി എന്തെങ്കിലും കാരണങ്ങൾ, കാലാനുസൃത മാറ്റങ്ങൾ ഇതിന് കാരണമായിട്ടുണ്ടോ? 

പൊതുവെ സമൂഹം ഇപ്പോൾ വളരെ സ്വാർത്ഥരാണ്. എല്ലാവരും അവരവരുടെ കാര്യത്തിൽ മാത്രം ശ്രദ്ധിക്കുന്നവരാണ്. പണ്ടുകാലത്ത് ഒരു വീട്ടിൽ അക്രമം നടന്നാൽ സമീപവാസികൾ ആദ്യമേ ഓടിയെത്തും. ഒന്ന് നിലവിളിച്ചാൽ പോലും ഓടിയെത്തും. ഇപ്പോൾ ആ രീതിയിലുള്ളൊരു സംസ്കാരം പോയ്മറഞ്ഞു എന്ന് തന്നെ പറയാം. ഇപ്പോൾ ആർക്കും മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നതിൽ താൽപര്യമില്ല. അതവരുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തലാകും എന്ന ചിന്ത അതിന് കാരണമാണ്. ആ തലത്തിൽ അത് പ്രോത്സാഹിപ്പിക്കാനോ ചെയ്യാനോ ആരും മുതിരാറില്ല. അതുകൊണ്ട് തന്നെ വെഞ്ഞാറമൂട് അക്രമം ഉണ്ടായപ്പോൾ ആരും തന്നെ അത് ആദ്യം അറിഞ്ഞില്ല. പരസ്പരമുള്ള ബന്ധം കുറഞ്ഞുവരുന്നു, മനുഷ്യർ ഒരുപാട് സ്വാർത്ഥരായി മാറിയിരിക്കുന്നു, എപ്പോഴും സ്വന്തം ലോകത്തേക്ക് ചുരുങ്ങി പോകുന്നു അത്തരമൊരു രീതി പാരൻ്റിങ്ങിൽ വന്നിരിക്കുന്ന മാറ്റം പോലെ തന്നെ കാലാനുസൃതമായി വന്നിരിക്കുന്ന മറ്റൊരു മാറ്റമാണ്. പൊതുവെ ആളുകൾക്ക് പണ്ടത്തേക്കാളും സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും കൂടുതലാണ്. മനോരോഗങ്ങൾ മാത്രമല്ല, വ്യക്തിത്വ വൈകല്യങ്ങൾ തന്നെ മുൻകാലത്തേ അപേക്ഷിച്ച് കൂടുതലാണ്. ഇതെല്ലാം തന്നെ കാലാനുസൃതമായി വന്ന മാറ്റങ്ങളാണ്.

സിനിമ ചെലുത്തുന്ന സ്വാധീനത്തെ മറന്നുകൂട. സ്ക്രിപ്റ്റ് തിയറി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അതായത് സിനിമയ്ക്കും സീരീസിനുമെല്ലാം ഒരു സ്ക്രിപ്പ്റ്റുണ്ടാകും. അതായത് നേരത്തെ തന്നെ ഉണ്ടാക്കി വച്ചൊരു ഫ്രെയിം. സിനിമ പോലെ തന്നെ അക്രമാസക്തമായ വീഡിയോ ഗെയിമുകൾ ഇപ്പോൾ വ്യാപകമാണ്. ആദ്യ ലെവലിലെ എതിരാളികളെയെല്ലാം ബോംബു വച്ചോ വെടി വച്ചോ കൊന്ന ശേഷമാണ് ഇത്തരം ഗെയിമുകളിൽ അടുത്ത ലെവലിലേക്ക് കയറ്റം കിട്ടുന്നത്. തുടർച്ചയായി ഇത്തരം അക്രമാസക്തമായ ഗെയിമുകളും സിനിമയും കാണുന്നവർക്ക് ഈ സ്ക്രിപ്റ്റ് തിയറി ബാധകമാകുന്നുണ്ട്. യഥാർത്ഥ ജീവിതത്തിൽ അവർക്ക് സമാനമായ പ്രശ്നങ്ങൾ വരുമ്പോൾ അടുത്ത സ്റ്റെപ്പ് എങ്ങനെയായിരിക്കണം എന്ന ഒരു ഫ്രെയിം അവരുടെ മനസിൽ നിർമിക്കപ്പെട്ടിട്ടുണ്ടാകും. ഈ ഫ്രെയിം വർക്ക് അവരുടെ മനസിലുള്ളതുകൊണ്ട് അതനുസരിച്ച് അവർ യഥാർത്ഥ ജീവിതത്തിലും പെരുമാറാനുള്ള സാധ്യതയുണ്ട്. ഇത്തരം വയലൻസ് തുടർച്ചയായി കാണുന്നതിലൂടെ ഒരു കാര്യത്തോടുള്ള സെൻസിറ്റിവിറ്റി അവർക്ക് നഷ്ടപ്പെടുന്നുണ്ട്. ഏതെങ്കിലുമൊരു കാര്യത്തോട് ഫോബിയയുള്ള ഒരു മനുഷ്യനുണ്ടെങ്കിൽ അവർക്ക് മുന്നിലത് തുടർച്ചയായി തുറന്നു കാട്ടികൊണ്ട് അവർക്കതിനോടുള്ള സെൻസിറ്റിവിറ്റി കുറച്ചു കൊണ്ടുവരുന്നത് സാധാരണയായി ചികിത്സയിൽ തന്നെ അവലംബിക്കുന്ന ഒരു മാർഗമാണ്. അത് തന്നെയാണ് ഇവിടെയും നടക്കുന്നത്. തുടർച്ചയായി വയലൻസ് കണ്ടാൽ അതിനോടുള്ള അറപ്പും വെറുപ്പും ഇല്ലാതാകും. അതിനോടുള്ള സെൻസിറ്റിവിറ്റി നഷ്ടപ്പെടും. പിന്നീട് എന്ത് കണ്ടാലും ദൈനംദിനമായി കണ്ടുവരുന്ന ഒരു പ്രക്രിയ കാണുന്ന പ്രതീതിയേ ഉണ്ടാവൂ. അതുകൊണ്ടാണ് പലപ്പോഴും അക്രമം കാണുമ്പോൾ പലരും വീഡിയോ എടുത്തു കൊണ്ടിരിക്കുന്നതും നിഷ്ക്രിയരായിരിക്കുന്നതും. അത്തരമൊരു മാറ്റം നിലവിൽ ഉണ്ടായിട്ടുണ്ട്.

മാര്‍കോ സിനിമയില്‍ നിന്ന് | PHOTO: WIKI COMMONS
മീഡിയ റിപ്പോർട്ടിങ്ങിന്റെ പ്രശ്നങ്ങൾ ചൂണ്ടികാണിക്കപ്പെടുന്നുണ്ട്. എന്താണ് അഭിപ്രായം?

മുൻപ് സൂചിപ്പിച്ചതിൽ തന്നെ ഉൾപ്പെടുന്നതാണ് മീഡിയ റിപ്പോർട്ടിങ്. മീഡിയ റിപ്പോർട്ടിങ് രണ്ട് രീതിയിലാണ് ബാധിക്കുന്നത്. ഒന്ന്, ഇത്തരം സംഭവങ്ങൾക്ക് അമിതമായ ഹൈപ്പ് കൊടുക്കുമ്പോൾ സമാന പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നവരിൽ മറ്റൊരാൾ ഇങ്ങനെയാണ് ചെയ്തിരിക്കുന്നത് എന്ന ചിന്തയുണ്ടാക്കും. എല്ലാവരും അങ്ങനെയാണ് എന്നല്ല, നെഗറ്റീവ് കാര്യങ്ങൾ കാണുമ്പോൾ എല്ലാവരെയും അത് ബാധിക്കണമെന്നില്ല. മറിച്ച് വൾനറബിളായിട്ടുള്ള കുറച്ചാളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. അവരെ ഇത് സ്വാധീനിച്ചേക്കും. ആത്മഹത്യകളുടെ കാര്യത്തിലും പലപ്പോഴും അതാണ് സംഭവിക്കുന്നത്. copycat Suicide അഥവാ Contagion Suicide എന്ന് പറയും. ഒരാൾ ചെയ്യുമ്പോൾ സമാന സാഹചര്യത്തിലൂടെ കടന്നുപോകുന്നവർക്ക് അത് ചെയ്യാനുള്ള വ്യഗ്രത വരും. അക്രമത്തിന്റെ കാര്യത്തിലും അങ്ങനെയാണ്. അതിൽ മീഡിയ ചെറുതല്ലാത്ത പങ്കുവഹിക്കാൻ സാധ്യതയുണ്ട്. മുഴുവൻ സമയവും ദൃശ്യങ്ങൾ കാണുമ്പോൾ മുൻപ് സൂചിപ്പിച്ച പോലെ ആളുകൾക്ക് അതിനോടുള്ള സെൻസിറ്റിവിറ്റി ഇല്ലാതാവാൻ സാധ്യത കൂടുതലാണ്. അക്രമത്തെ കുറിച്ചുള്ള  വാർത്തകൾ നൽകുന്നതിന് മാനദണ്ഡങ്ങൾ ഉണ്ട്, അത് പാലിച്ചുകൊണ്ട് വാർത്തകൾ നൽകുന്നത് നല്ലതായിരിക്കും. ഇതിനെ രണ്ട് രീതിയിൽ കാണാം, ഗുണവും ഇവിടെ ഉണ്ടാകുന്നുണ്ട്. ഇത്തരം സംഭവങ്ങൾ എങ്ങനെ സംഭവിക്കുന്നു എന്ന് മനസിലാക്കുകയും തന്റെ കുട്ടിക്കും ഇത്തരം പ്രശ്നങ്ങളുണ്ടെങ്കിൽ അത് തിരിച്ചറിയാനാവണം എന്ന്  ചിന്തിക്കുന്നവരുമുണ്ട്. അടുത്ത കാലത്ത്, ഈ പ്രശ്നങ്ങൾക്ക് ശേഷം വീട്ടിൽ അക്രമാസക്തമാകുന്ന പലകുട്ടികളുടെയും രക്ഷിതാക്കൾ എന്നെ സമീപിച്ചിരുന്നു. മറ്റ് പല ഡോക്ടർമാരുടെ അടുത്തും ഇങ്ങനെ വന്നിട്ടുണ്ടാകാം. ഇത്തരമൊരു തിരിച്ചറിവിനും ബോധവൽക്കരണത്തിനും മീഡിയയുടെ പങ്ക് വലുതാണ്. പക്ഷെ അതിന് മാനദണ്ഡങ്ങൾ പാലിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് മാത്രം. അതുപോലെ തന്നെ കുട്ടികൾക്കുള്ള പെരുമാറ്റ പ്രശ്നങ്ങൾ, വളർന്നുവരുന്ന സാഹചര്യങ്ങളിലെ പ്രശ്നങ്ങളായാലും ജനിതകപരമായാലും അത് തിരിച്ചറിയാൻ സാധിക്കണം. ഒരാളും ഒരു സുപ്രഭാതത്തിൽ ഒരാളെ കൊല്ലുകയോ അക്രമം കാണിക്കുകയോ ചെയ്യില്ല. വാണിങ് സൈൻസ് അല്ലെങ്കിൽ പല ലക്ഷണങ്ങളും അവർ ചെറുപ്പത്തിൽ തന്നെ കാണിച്ചു തുടങ്ങും. അത്തരം ലക്ഷണങ്ങൾ കാണിക്കുന്ന കുട്ടികളെ തിരിച്ചറിഞ്ഞ് അതിന് വേണ്ട ഇടപെടലുകൾ കൃത്യസമയത്ത് ചെയ്യേണ്ടതുമുണ്ട്.





#outlook
Leave a comment