TMJ
searchnav-menu
post-thumbnail

Outlook

കാലാവസ്ഥാ വ്യതിയാനം ഒരു യാഥാര്‍ത്ഥ്യം

13 May 2024   |   4 min Read
മിസ്‌രിയ ചന്ദ്രോത്ത്

(ഭാഗം രണ്ട്)

മു
മ്പെങ്ങും അനുഭവിച്ചിട്ടില്ലാത്ത കഠിനമായ ചൂട് കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപൊയ്ക്കൊണ്ടിരുന്നത്. പലയിടങ്ങളിലായി വേനല്‍മഴ ലഭിക്കുന്ന മുറയ്ക്ക് ആ ചൂടിന് ശമനമുണ്ടെങ്കിലും, കേരള ദുരന്ത നിവാരണ അതോറിറ്റി കേരളം അനുഭവിച്ച കഠിനമായ ചൂടിനെ ദുരന്തമായി കണ്ടുകൊണ്ട് വകുപ്പുമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. കേരളത്തിലെ ആരോഗ്യ-കാലാവസ്ഥാ-കാര്‍ഷിക മേഖലകളെ സമഗ്രമായി തന്നെ ബാധിച്ച ഈ ചൂട് വരുംകാലങ്ങളിലും ആവര്‍ത്തിക്കാനാണ് സാധ്യത എന്നതിനെ മുന്‍നിര്‍ത്തി വേണം ഇതിനെതിരെ പ്രതിരോധം തീര്‍ക്കാന്‍.

കേരളത്തില്‍ ആദ്യമായി ചൂട് മൂലം ഒരു മരണം റിപ്പോര്‍ട്ട് ചെയ്തത് 2016 ലാണ്. 2024 ല്‍ ഇതുവരെ കേരളത്തില്‍ ചൂട് മൂലം 2 മരണങ്ങളാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തീവ്ര കാലാവസ്ഥാ ദുരന്തങ്ങള്‍ കാരണം ആഗോളതലത്തില്‍ 12,000 പേരുടെ മരണങ്ങള്‍ ഇക്കൊല്ലം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വേനല്‍ക്കാലത്ത് കേരളത്തില്‍ അങ്ങോളമിങ്ങോളം കണ്ടുവന്ന കുഴഞ്ഞുവീഴല്‍ മരണങ്ങള്‍ ഒന്നുംതന്നെ ഈ പരിധിയില്‍ വരുന്നതല്ല, എങ്കിലും അമിതമായ ചൂടിനെ പ്രതിരോധിക്കുന്നതിലുള്ള വീഴ്ച ഒരു കാരണമായേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജീവിതശൈലീ രോഗങ്ങളുടെ തലസ്ഥാനം കൂടിയായ കേരളത്തില്‍ ചൂടിനെ പ്രതിരോധിക്കുന്നതില്‍ അലംഭാവം കാണിച്ചാല്‍ വലിയവില നല്‍കേണ്ടി വരുമെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അന്തരീക്ഷത്തിലുള്ള താപനിലയല്ല ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് അമിതമായ ചൂടിനെ പരിശോധിക്കുമ്പോള്‍ പരിഗണിക്കേണ്ട അളവുകോല്‍. അത് അന്തരീക്ഷത്തിലെ ആര്‍ദ്രതയുമായാണ് (humidity) ബന്ധപ്പെട്ട് കിടക്കുന്നത്. ദീര്‍ഘമായ സമുദ്രതീരമുള്ള കേരളത്തില്‍ ഉയര്‍ന്ന ആര്‍ദ്രതയാണ് ഉണ്ടാവുക. താപനിലയും ആര്‍ദ്രതയുമൊക്കെയായി ബന്ധപ്പെട്ടിട്ടുള്ള ഹീറ്റ് ഇന്റക്സ് (heat index) ആണ് ആരോഗ്യരംഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഗണിക്കേണ്ട അളവുകോല്‍. അത് ഇകുറി കേരളത്തിന്റെ പല ഭാഗങ്ങളിലും 50 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 55 ഡിഗ്രി സെല്‍ഷ്യസ് വരെ കണക്കാക്കിയിട്ടുണ്ട്. ഈ ഉയര്‍ന്ന നിലയിലുള്ള heat index ഓരോ ആളുകളെയും വ്യത്യസ്തമായ രീതിയിലാണ് ബാധിക്കുന്നത്. അത് ഓരോ ആളുകളുടെ ശരീര പ്രകൃതിക്കനുസരിച്ച് വ്യത്യസ്തമായിരിക്കും. മാത്രമല്ല ഇത്രയും ഉയര്‍ന്ന heat index ല്‍ ജീവിച്ച് പരിചയമില്ലാത്തതും മലയാളികള്‍ക്ക് ഒരു വെല്ലുവിളിയാണ്്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങള്‍ കേവലം കേരളത്തിനെ മാത്രമല്ല ബാധിക്കുന്നത് എന്നും, കാലാവസ്ഥാ വ്യതിയാനത്തിലേക്കുള്ള കാരണങ്ങള്‍ കേവലം കേരളത്തില്‍ മാത്രം കേന്ദ്രീകരിച്ചുള്ളതല്ല എന്നുമുള്ള വസ്തുതകളൊക്കെ നിലനിര്‍ത്തിക്കൊണ്ടുതന്നെ കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍  പ്രതിരോധം തീര്‍ക്കുക എന്നുള്ളതാണ് നമുക്ക് മുന്നിലുള്ള വെല്ലുവിളി.

REPRESENTATIVE IMAGE | WIKI COMMONS
ആരോഗ്യരംഗത്ത് കേരളത്തിലുണ്ടായ മുന്നേറ്റം പ്രകടമാണ്. ഇങ്ങനെയൊരു വാദം മുന്നോട്ടുവയ്ക്കുമ്പോള്‍ തന്നെ പലരും പറയുന്നൊരു കാര്യമാണ് ആരോഗ്യരംഗത്തുള്ള മുന്നേറ്റങ്ങള്‍ക്ക് രാജഭരണം തൊട്ടേയുള്ള ചരിത്രപരമായ കാരണങ്ങള്‍ ഉണ്ടെന്നുള്ളത്. തീര്‍ച്ചയായയും ചരിത്രപരമായ എല്ലാ വസ്തുതകളും കേരളം ഇന്നെത്തി നില്‍ക്കുന്ന മുന്നേറ്റങ്ങള്‍ക്ക് കാരണമാണ്. ശിശുമരണ നിരക്കില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പം കേരളം നില്‍ക്കുവാന്‍ ഒരു കാരണം കേരളത്തിലുള്ള വെല്‍ കണക്ടഡ് റോഡ് നെറ്റ്‌വര്‍ക്ക് സൗകര്യങ്ങള്‍ കൂടിയാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതായത് ആരോഗ്യ രംഗത്തുണ്ടാകുന്ന ഏത് മാറ്റങ്ങള്‍ക്കും കാരണം കേരളത്തിന്റെ മറ്റു മേഖലകളില്‍ ഉണ്ടാകുന്ന, അല്ലെങ്കില്‍ സമഗ്രമായ മാറ്റങ്ങള്‍ കൂടിയാണ്. ഈ തരത്തില്‍ കേരളത്തിലെ ആരോഗ്യരംഗം നിലവില്‍ ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അത് നിപയായും വെസ്റ്റ് നെല്‍ പനിയായിട്ടും കേരളത്തില്‍ അലയടിക്കുന്നുണ്ട്. വേനല്‍ക്കാലത്ത് ജലജന്യ രോഗങ്ങള്‍ സാധാരണ കേരളത്തില്‍ പെരുകാറുണ്ട്. ഇപ്പോള്‍ കേരളത്തില്‍ സജീവമായി റിപ്പോര്‍ട്ട് ചെയ്യുന്ന മഞ്ഞപിത്തവും അതില്‍പ്പെട്ടതാണ്. ഇതുവരെ മലപ്പുറം ജില്ലയില്‍ മാത്രം മഞ്ഞപ്പിത്തം മൂലം 3 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വരാനിരിക്കുന്ന മഴക്കാലത്തും ഇത്തരത്തില്‍ പടര്‍ന്നുപിടിക്കുന്ന രോഗങ്ങള്‍ കേരളത്തിന് പ്രതിസന്ധിയാണ്.

പെറുവിനോട് ചേര്‍ന്നുകിടക്കുന്ന പസഫിക് സമുദ്രത്തിന്റെ കിഴക്കന്‍ മേഖലകളില്‍ കാണുന്ന പ്രതിഭാസമായ എല്‍ നിനോ ( El Nino) ആണ് ഇക്കുറിയും നമുക്ക് ലഭിച്ച കനത്ത ചൂടിന് കാരണമായ കാലാവസ്ഥാ പ്രതിഭാസം. നിലവില്‍ അവിടെ അതിന്റെ നേര്‍വിപരീതമായ ലാ നിന (La Nina) പ്രതിഭാസം ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കുറി കേരളത്തില്‍ വലിയ തോതിലുള്ള മഴ ലഭിക്കാനുള്ള സാധ്യത കൂടിയുണ്ട്. എല്‍ നിനോ, ലാ നിന എന്നതൊക്കെ മലയാളികളുടെ നിത്യോപയോഗ വാക്കുകളായി മാറിക്കഴിഞ്ഞു. കണ്ണൂര്‍ ജില്ലയിലെ 90 കളിലെ രാഷ്ട്രീയ കൊലപാതകങ്ങളെ പറ്റി പഠിച്ച പൊലിസിന്റെ റിപ്പോര്‍ട്ടില്‍ കൊലപാതകപരമ്പരകളെല്ലാം എല്‍ നിനോ വര്‍ഷങ്ങളിലായിരുന്നുവെന്ന കണ്ടെത്തല്‍ ഉണ്ടായിരുന്നു. എല്‍നിനോ മൂലം കാര്‍ഷിക വിളകള്‍ക്ക് കടുത്ത നാശ നഷ്ടങ്ങളുണ്ടാകുന്നതും അത് സൃഷ്ടിക്കുന്ന മാനസികാവസ്ഥയും ഈ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കുള്ള കാരണങ്ങളായി അക്കാലത്ത് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിന്റെ ശാസ്ത്രീയത എന്ത് തന്നെയായാലും മലയാളിയുടെ ജീവിതത്തിന്റെ സകല മേഖലകളിലും ഈ പ്രതിഭാസങ്ങള്‍ ബാധിച്ചിട്ട് ഏറെ നാളായി.

REPRESENTATIVE IMAGE | WIKI COMMONS
ഈ കടുത്ത ചൂടില്‍ ഉത്പാദനത്തിലുണ്ടായ ഗണ്യമായ കുറവ് കാര്‍ഷികമേഖലയില്‍ മുരടിപ്പ് സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തിന്റെ ഉത്പാദനത്തില്‍ ഏറ്റവും മുന്നിട്ടുനില്‍ക്കുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ ഉത്പാദനത്തിലുണ്ടാകുന്ന കുറവ് സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം കണക്കാക്കാനിരിക്കുന്നേയുള്ളൂ. കഴിഞ്ഞതവണ വേനല്‍ മഴയിലുണ്ടായ കുറവ് കനത്ത ജലദൗര്‍ലഭ്യതയിലേക്കാണ് കേരളത്തെ കൊണ്ടെത്തിച്ചത്. അത് കാര്‍ഷിക മേഖലയെ കാര്യമായ തോതില്‍ ബാധിച്ചിട്ടുണ്ട്. ഇടുക്കിയിലെ വാട്ടര്‍ റിസര്‍വോയറില്‍ 37% വെള്ളം മാത്രമേ ഉള്ളൂ. പലയിടങ്ങളിലെ കിണറുകളിലും ബോര്‍വെല്ലുകളിലും വെള്ളം വറ്റുന്ന സ്ഥിതിയും ഈ വേനല്‍ക്കാലത്ത് കൂടുതലായുണ്ട്.

ഫെബ്രുവരി 1 മുതല്‍ മെയ് 5 വരെ കേരളത്തില്‍ ഉണ്ടായിട്ടുള്ള കഠിനമായ ചൂടില്‍ ഏകദേശം 100.58 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍. ഏകദേശം 25,000 കര്‍ഷകരെയാണ് നേരിട്ട് ദുരന്തം ബാധിച്ചിട്ടുള്ളത്. ഇടുക്കിയില്‍ മാത്രം 42.43 കോടിയുടെ കാര്‍ഷിക നഷ്ടങ്ങളുണ്ടാവുകയും 12,578 കര്‍ഷകരെ നേരിട്ട് ബാധിക്കുകയും ചെയ്തു. ഇതിന്റെ കൂടെ കേരളത്തില്‍ മാര്‍ച്ച് 1 മുതല്‍ മെയ് 6 വരെ രേഖപ്പെടുത്തിയ വേനല്‍ മഴയില്‍ 65% ത്തിന്റെ കുറവ് കൂടി ഉണ്ടെന്ന് വായിക്കുമ്പോഴാണ് കാര്‍ഷിക മേഖലയിലെ നഷ്ടങ്ങളുടെ വ്യാപ്തി മനസ്സിലാകുന്നത്. വേനല്‍മഴയില്‍ 82% കുറവാണ് ഇടുക്കി ജില്ലയില്‍ മാത്രം രേഖപ്പെടുത്തിയിട്ടുള്ളത്. പാലക്കാട് 87% വും തൃശ്ശൂരില്‍ 84 % കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കേരളത്തിലെമ്പാടുമുള്ള കര്‍ഷകരെ വ്യപകമായ തോതില്‍ ബാധിച്ചു.

REPRESENTATIVE IMAGE | WIKI COMMONS
കേരളത്തിലെ ഏലം കൃഷിയുടെ 79.90 % വും ഇടുക്കി ജില്ലയിലാണ്. ഈ വേനല്‍ക്കാലത്ത് 60 % വിളയുല്പാദനത്തില്‍ കുറവുണ്ടായിരിക്കുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. 75% ത്തോളം ഏലം വാടി പോയിരിക്കുന്നു. ഏലം കൃഷിക്ക് ഏറ്റവും അനുയോജ്യമായ താപനില എന്നത് 22 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. എന്നാല്‍ ഇത്തവണ ഇടുക്കിയിലെ താപനില 37 ഡിഗ്രി സെല്‍ഷ്യസ് കടന്നിരിക്കുന്നു. കൂടാതെ ഇടുക്കിയില്‍ മാത്രം 120 ദിവസത്തോളം തുടര്‍ച്ചയായി മഴ ലഭിക്കാത്ത വേനല്‍ കാലവുമായിരുന്നു ഇത്. വൈദ്യുതിയുടെ ലോ വോള്‍ട്ടേജ് കൂടിയാകുമ്പോള്‍ 
കര്‍ഷകര്‍ക്ക് ജലസേചനത്തിന് ഒരു മാര്‍ഗ്ഗവുമില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏലം കര്‍ഷകര്‍ക്ക് മാത്രം 12.05 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് 1,722.58 ഹെക്ടര്‍ കൃഷിയിടത്തോളം വരും.

പൈനാപ്പിള്‍ കൃഷിയില്‍ മാത്രം ഉത്പാദനത്തില്‍ 50 % ത്തിന്റെ കുറവുണ്ടായിട്ടുണ്ട്. ഫലത്തിന്റെ വലുപ്പത്തിലും കുറവ് സംഭവിച്ചു. ഈ കുറവ് ഗുണമേന്മയെ നേരിട്ട് ബാധിക്കുന്നതാണ്. ഇത്തരത്തില്‍ 40% നഷ്ടമാണ് ഈ മേഖലയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വാഴകൃഷിയില്‍ 40 കോടിയുടെയും നെല്‍കൃഷിയില്‍ 22.02 കോടിയുടെയും കുരുമുളക് കൃഷിയില്‍ 16.97 കോടിയുടെയും നഷ്ടങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പാലുല്‍പ്പാദനമേഖലയിലും കനത്ത പ്രതിസന്ധിയാണ് നിലവിലുള്ളത്. പാലുല്പാദനത്തിലെ ഗണ്യമായ കുറവും പശുക്കളുടെ മരണവും കേരളം അഭിമുഖീകരിക്കുന്നുണ്ട്.

REPRESENTATIVE IMAGE | WIKI COMMONS
വരള്‍ച്ചാ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് കര്‍ഷകര്‍ക്ക് വേണ്ടത്ര നഷ്ടപരിഹാരം നല്‍കുക എന്നത് മാത്രമാണ് ഇനിയുള്ള ഏക പോംവഴി. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം എന്നുള്ളത് സത്യമാണെന്നും ഇത് ഭാവിയില്‍ വരാനിരിക്കുന്ന ദുരന്തമല്ലെന്നും നമ്മള്‍ മലയാളികള്‍ മനസ്സിലാക്കി പ്രതികരിക്കേണ്ടിയിരിക്കുന്നു. ഈ കനത്ത ചൂടില്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രതിസന്ധി എല്ലാ രാഷ്ട്രീയപാര്‍ട്ടികളും നേരിട്ട് അറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മാനിഫെസ്റ്റോയിലും കാലാവസ്ഥാ വ്യതിയാനത്തെ പരിഗണിച്ചില്ല എന്നുള്ളതും ഈ അവസരത്തില്‍ പറയേണ്ടതുണ്ട്.



#outlook
Leave a comment