ജിഎസ്ടി ട്രിബ്യൂണല്‍ നിയമക്കുരുക്കില്‍ ആകുമോ? ആശങ്കയില്‍ വാണിജ്യ വ്യവസായ മേഖല
ജിഎസ്ടി നിലവില്‍ വന്ന് ആറ് വര്‍ഷം പിന്നിടുമ്പോഴും തര്‍ക്കപരിഹാരത്തിനായി അപ്പല്ലേറ്റ് ബോഡി ആയി നിശ്ചയിക്കപ്പെട്ട ജിഎസ്ടി ട്രിബ്യൂണല്‍ ഇതുവരെ സ്ഥാപിതമായില്ല എന്നത് തീര്‍ത്തും ആശങ്കകരമായ വിഷയമാണ്. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ ഉയര്‍ന്നുവന്നിട്ടുള്ള ഓര്‍ഡറുകളിന്‍മേലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിലവില്‍ ഒരു സംവിധാനവും ഇല്ലാത്ത അവസ്ഥയാണ്. ഇതിനു പരിഹാരം എന്ന നിലയില്‍ ആണ് 2023 ജൂലൈ 11 ന് ഡല്‍ഹിയില്‍ നടന്ന 50-ാം മത് ജിഎസ്ടി കൗണ്‍സില്‍ യോഗം. എത്രയും പെട്ടെന്ന് ട്രിബ്യൂണല്‍ നിലവില്‍ വരുത്താന്‍ ആയി ജിഎസ്ടി നിയമ ഭേദഗതി 2023 ആഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുത്താനും, തുടര്‍ന്ന് ജിഎസ്ടി അപ്പല്ലേറ്റ് ട്രിബ്യൂണല്‍ (അപ്പോയ്ന്റ്‌മെന്റ് ആന്‍ഡ് കണ്ടീഷന്‍സ് ഓഫ് സര്‍വീസ് ഓഫ് പ്രസിഡന്റ് ആന്‍ഡ് മെംബേര്‍സ്) റൂള്‍സ് 2023 കൊണ്ടുവരാനും നിര്‍ദേശിച്ചത്.
എന്താണ് നിലവിലെ തടസ്സങ്ങള്‍
ജിഎസ്ടി ട്രിബ്യൂണല്‍ നിലവില്‍ വരാനുള്ള എല്ലാ കടമ്പകളും കടന്നു എന്ന് ആശ്വസിക്കാന്‍ ആയോ എന്ന് പരിശോധിച്ചാല്‍ ഇല്ല എന്ന് പറയേണ്ടി വരും. ആദ്യമേ തന്നെ പറയട്ടെ, ജിഎസ്ടി ട്രിബ്യൂണല്‍ സ്ഥാപിക്കുന്ന സെക്ഷന്‍ 109, 2017 ല്‍ ഇറങ്ങിയ ജിഎസ്ടി ആക്ട് പ്രകാരം പറഞ്ഞിരുന്നത് ജിഎസ്ടി ട്രിബ്യൂണലില്‍ ഒരു ജുഡീഷ്യല്‍ മെമ്പര്‍, സംസ്ഥാന ജിഎസ്ടി യില്‍ നിന്നും ഒരു മെമ്പര്‍, സെന്‍ട്രല്‍ ജിഎസ്ടി യില്‍ നിന്നും ഒരു മെമ്പര്‍ എന്നാണ്. ഇതു കൂടാതെ ജിഎസ്ടിക്ക് മുന്നേ പ്രാബല്യത്തില്‍ ഉണ്ടായിരുന്ന നിയമം അനുസരിച്ച് പത്തു വര്‍ഷത്തില്‍ കൂടുതല്‍ പ്രാക്ടീസ് ഉള്ള അഭിഭാഷകര്‍ക്ക് ട്രിബ്യൂണല്‍ മെമ്പര്‍ ആകാന്‍ അര്‍ഹത ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ജിഎസ്ടി ആക്ടില്‍ അഭിഭാഷകരെ ട്രിബ്യൂണല്‍ മെമ്പര്‍ ആകാന്‍ അനുവദിക്കുന്ന നിയമം ഉണ്ടായിരുന്നില്ല. ഈ വിഷയങ്ങള്‍ തര്‍ക്കമായി ഉന്നയിച്ച് മദ്രാസ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത പെറ്റീഷന്‍ (Revenue Bar Association Vs. Union of India) ജിഎസ്ടി ആക്ടിന്റെ പ്രസ്തുത സെക്ഷന്‍ നിയമ സാധ്യത ഇല്ലാത്തതായി പ്രഖ്യാപിച്ചു. ജിഎസ്ടി ട്രിബ്യൂണലുകളില്‍ ടെക്‌നിക്കല്‍ മെമ്പര്‍ തസ്തിക ജുഡീഷ്യല്‍ മെമ്പര്‍മാരെക്കാള്‍ കൂടുതല്‍ ആകരുതെന്നും, അര്‍ഹരായുള്ള അഭിഭാഷകര്‍ മെമ്പര്‍മാര്‍ ആകുന്നതില്‍ തെറ്റില്ലെന്നും ഹൈക്കോടതി വിധിച്ചു. ഈ വിധിക്കെതിരെ ദീര്‍ഘകാലത്തെ കാത്തിരിപ്പിനുശേഷം ഗവണ്‍മെന്റ് അപ്പീല്‍ സുപ്രീം കോടതി മുമ്പാകെ ഫയല്‍ ചെയ്യുകയും, ഇതില്‍ ഇപ്പോഴും തീരുമാനം ആയിട്ടില്ല.
50th GST COUNCIL MEET | PHOTO: PTI
മുകളില്‍ സൂചിപ്പിച്ചതുപോലെ വിഷയം സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോള്‍ ആണ് ഫിനാന്‍സ് ആക്ട് 2023 സെക്ഷന്‍ 109 ഭേദഗതി ചെയ്തത്. ശ്രദ്ധേയമായ വിഷയം ഗവണ്‍മെന്റ് 2023 ലെ ഫിനാന്‍സ് ബില്ല് അവതരിപ്പിച്ചപ്പോള്‍ ഇങ്ങനെയൊരു ഭേദഗതി ഉണ്ടായിരുന്നില്ല. പുതിയ ഭേദഗതി പ്രകാരം ജിഎസ്ടി ട്രിബ്യൂണല്‍ ഒരു പ്രിന്‍സിപ്പല്‍ ബെഞ്ച്, പിന്നെ സ്റ്റേറ്റ് ബെഞ്ചുകള്‍ എന്നീ രീതിയില്‍ സ്ഥാപിതമാവാന്‍ തീരുമാനമായിരിക്കുന്നു. ജിഎസ്ടി ട്രിബ്യൂണലില്‍ രണ്ട് ജുഡീഷ്യല്‍ മെമ്പര്‍മാരും ഒരു സ്റ്റേറ്റ് മെമ്പറും ഒരു സെന്‍ട്രല്‍ ജിഎസ്ടി മെമ്പറും ഉണ്ടായിരിക്കും. ഈ ഭേദഗതി ഇപ്പോഴും മെമ്പര്‍മാര്‍ ആവാനുള്ള അഭിഭാഷകരുടെ അവകാശത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. സുപ്രീം കോടതി ഈ വിഷയത്തില്‍ എന്ത് തീരുമാനമെടുത്താലും അത് ജിഎസ്ടി ട്രിബ്യൂണലിന്റെ ഘടനയെ ബാധിക്കും.
ഇതുകൂടാതെ, ഇന്ത്യയിലൊട്ടാകെ ഉള്ള ട്രിബ്യൂണല്‍ സിസ്റ്റം തന്നെ പല തവണ സുപ്രീം കോടതിയുടെ മുന്‍പില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇന്ത്യന്‍ ഭരണഘടനയുടെ 323A, 323B പ്രകാരം സ്ഥാപിതമാകുന്ന ട്രിബ്യൂണലുകള്‍, അതാതു ഗവണ്മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകളുടെ നിയന്ത്രണത്തിന് വിധേയമാകുമ്പോള്‍ ഒരു ജുഡീഷ്യല്‍ ബോഡി എന്ന നിലയ്ക്കു ട്രിബ്യൂണലിനു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ആവില്ലെന്നും ആയതിനാല്‍ എല്ലാ ട്രിബ്യൂണലുകളും നിയമ മന്ത്രാലയത്തിന് കീഴില്‍ കൊണ്ടുവരണമെന്നും സുപ്രീം കോടതി വിധി കല്പിച്ചിട്ടുണ്ട്. ഇതുകൂടാതെ ട്രിബ്യൂണല്‍ മെമ്പര്‍മാരുടെ നിയമനം, യോഗ്യത, സര്‍വീസ് കാലയളവ്, മറ്റു സര്‍വീസ് വ്യവസ്ഥകള്‍ എന്നിവ തീരുമാനിക്കാന്‍ ഒരു സ്‌പെഷ്യല്‍ ബോഡി വേണമെന്നും 1987 ല്‍ വന്ന സമ്പത് കുമാര്‍ തുടങ്ങി റോജര്‍ മാത്യു (2019 സുപ്രീം കോടതി )വിധികളില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഫലത്തില്‍ ഇപ്പോഴും ട്രിബ്യൂണലിന്റെ നിയമപരമായ നിലനില്‍പ്പ് സംബന്ധിച്ച തര്‍ക്കങ്ങള്‍ പൂര്‍ണമായും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത.
ട്രിബ്യൂണലുകളുടെ ഘടന സംബന്ധിച്ച അവ്യക്തത
നിയമപരമായ തര്‍ക്കങ്ങള്‍ നിലനില്‍ക്കേതന്നെ, വിഭാവനം ചെയ്യുന്ന ജിഎസ്ടി ട്രിബ്യൂണലിന്റെ ഘടന പരിശോധിച്ചാല്‍ അവിടേയും അവ്യക്തത ഉള്ളതായി കാണാം, നിയമ പ്രകാരം, കേരളത്തില്‍ ഒട്ടാകെ മൂന്ന് ജിഎസ്ടി ട്രിബ്യൂണലുകള്‍ ഉണ്ടായിരിക്കും എന്നാണ് പറയപ്പെടുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് (ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും) ആയിരിക്കും ട്രിബ്യൂണലുകള്‍ പ്രവര്‍ത്തിക്കുക എന്നാണ് അറിയുന്നത്. ജിഎസ്ടി ആക്ടില്‍ പറയുന്ന Place of supply വിഷയത്തില്‍ വരുന്ന തര്‍ക്കങ്ങള്‍ ഡല്‍ഹിയിലുള്ള പ്രിന്‍സിപ്പല്‍ ബെഞ്ചായിരിക്കും പരിഗണിക്കുക. തര്‍ക്കപരിധി 50 ലക്ഷം വരെയുള്ള കേസുകള്‍ സിംഗിള്‍ മെമ്പര്‍ പരിഗണിക്കും.
GSaT കൗണ്‍സില്‍, ജിഎസ്ടി ആക്ട്, സെക്ഷന്‍ 110 (4) b (iii) പ്രകാരം പറഞ്ഞിട്ടുള്ള സെലക്ഷന്‍ അംഗമാകാന്‍ മഹാരാഷ്ട്ര ഗവണ്‍മെന്റിന്റെ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പ്രസ്തുത സെക്ഷന്‍ പ്രകാരം ഓരോ സംസ്ഥാനത്തിലെയും ചീഫ് സെക്രട്ടറി അതാത് സംസ്ഥാനത്തിലെ ജിഎസ്ടി ബെഞ്ചിന്റെ രൂപീകരണത്തിന് വേണ്ടിയുള്ള കമ്മിറ്റിയില്‍ അംഗമാണ്. കേരളത്തിലെ സ്റ്റേറ്റ് ബെഞ്ചുകളുടെ രൂപീകരണത്തിനുള്ള സെലക്ഷന്‍ കമ്മിറ്റി നോട്ടിഫൈ ചെയ്തതായി അറിയാന്‍ കഴിഞ്ഞിട്ടില്ല. ഒരു സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി, ജീവനക്കാരെ നിയമിച്ച് ട്രിബ്യൂണല്‍ പ്രവര്‍ത്തന യോഗ്യമാവാന്‍ ഇനിയും രണ്ടു വര്‍ഷമെങ്കിലും എടുക്കും.
SUPREME COURT OF INDIA | PHOTO: WIKI COMMONS
ഇന്ത്യയില്‍ ട്രിബ്യൂണല്‍ സിസ്റ്റം കൊണ്ടുവന്നത് തന്നെ ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും കേസുകള്‍ കെട്ടിക്കിടക്കുന്നത് കുറയ്ക്കാനാണ്. ഹൈക്കോടതിക്ക് സമാന്തരമായ ഒരു കോടതി അതല്ലെങ്കില്‍ ഒരു സബ് ഹൈക്കോടതി എന്ന രീതിയിലാണ് ട്രിബ്യൂണലുകള്‍ സ്ഥാപിക്കപ്പെട്ടത്. എന്നാല്‍ ജിഎസ്ടി ട്രിബ്യൂണലിനെ സംബന്ധിച്ച് നിയമം വന്നതിനു ആറു വര്‍ഷത്തിനുശേഷം രൂപീകരിക്കാന്‍ പോകുന്ന ട്രിബ്യൂണല്‍ കഴിഞ്ഞ ആറു വര്‍ഷമായി കെട്ടികിടക്കുന്ന കേസുകളുടെ ഭാരവുമായിട്ടാണ് തുടങ്ങുന്നത്. ഇതിനര്‍ത്ഥം 2017ലെ ഒരു കേസില്‍ ട്രിബ്യൂണല്‍ വിധി വരുമ്പോഴേക്കും ഏകദേശം 10 വര്‍ഷം കഴിയും. ഇതില്‍ ഏതെല്ലാം കേസുകളില്‍ നികുതിദായകന് എതിരായി വിധി വരുന്നുവോ, അയാള്‍ നികുതി അത്രയും കാലത്തെ പലിശയും ചേര്‍ത്ത് കൊടുക്കാന്‍ ബാധ്യസ്ഥനാണ്. ഇവിടെ പ്രസക്തമായ ഒരു ചോദ്യം ഒരു ഗവണ്‍മെന്റ് സമയബന്ധിതമായ നടപടി എടുക്കാത്തതിന് നികുതി ദായകന്‍ എന്തിന് പലിശ കൊടുക്കണം. അതുകൊണ്ട് ഇനിയും ജിഎസ്ടി ട്രിബ്യൂണല്‍ വൈകുന്ന ഓരോ ദിവസവും നികുതി ദായകന്റെ ബാധ്യതയും കൂടിക്കൊണ്ടിരിക്കുകയാണ്.
മേല്‍പ്പറഞ്ഞ സങ്കീര്‍ണതകളില്‍ നിന്നും പുറത്തു കടന്നു, വാണിജ്യ വ്യവസായ മേഖലയുടെ ആരോഗ്യപരമായ നിലനില്‍പ്പിനും അതോടൊപ്പം ജിഎസ്ടി സംവിധാനം കാര്യക്ഷമമായി മാറി. രാജ്യത്തെ പരോക്ഷ നികുതി മേഖലയെ കാര്യക്ഷമമാക്കി അതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ നിറവേറ്റാനും തര്‍ക്കപരിഹാര വേദിയായി ജിഎസ്ടി ട്രിബൂണല്‍ കുറ്റമറ്റ രീതിയില്‍ എത്രയും വേഗം സ്ഥാപിതമാവേണ്ടതാണ്. അതിന് ഗവണ്‍മെന്റും ജുഡീഷ്യറിയും ഒരേപോലെ സമയബന്ധിതമായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.