TMJ
searchnav-menu
post-thumbnail

Outlook

ലവ് ജിഹാദിൽ നിന്നും ലാൻഡ് ജിഹാദിലെത്തുന്ന വർഗീയതയുടെ ഘോഷയാത്രകൾ

23 Jun 2023   |   3 min Read
മിസ്‌രിയ ചന്ദ്രോത്ത്

നാധിപത്യം ഇന്ത്യയുടെ ഡിഎൻഎ യുടെ ഭാഗമാണെന്നും മത-ജാതി-ലിംഗ-ഭൂമിശാസ്ത്രപരമായ വിവേചനങ്ങളെല്ലാം ഭരണഘടനാപരമായി തന്നെ വിലക്കിയ രാജ്യമാണ് ഇന്ത്യ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി വാഷിങ്ടണിൽ ഊറ്റം കൊള്ളുമ്പോൾ സങ്കൽപ്പവും യാഥാർത്ഥ്യവും തമ്മിലുള്ള അതിർവരമ്പുകൾ കെട്ടുകഥ മാത്രമാവുന്നുവെന്നു തോന്നിപ്പോകുന്നു. മതപരമായ ധ്രുവീകരണവും അതിന്റെ അടിസ്ഥാനത്തിലുള്ള ശത്രു നിർമ്മിതികളും രാഷ്ട്രീയധികാരം കൈവരിക്കുന്നതിനുള്ള ഡിഎൻഎ ആയി ഏറ്റവും ഫലപ്രദമായ നിലയിൽ ഉപയോഗപ്പെടുത്തിയ ഒരു വ്യക്തി ജനാധിപത്യത്തെയും വിവേചനമില്ലായ്മകളെയും പറ്റി ഒരു അല്ലലുമില്ലാതെ സംസാരിക്കുന്നത് സാധാരണഗതിയിൽ അത്ഭുതപ്പെടുത്തും. എന്നാൽ വാഷിങ്ടണിലെ കെട്ടുകാഴ്ചകൾ കൊണ്ട് മാത്രം മറക്കാൻ പറ്റാത്ത നിലയിൽ ഹിംസയും, ഭീതിയും നിത്യ യാഥാർത്ഥ്യമായ ഇന്ത്യയിലെ വിശാലമായ ഭൂപ്രദേശങ്ങളും ജനനിബിഡമായ തെരുവുകളും അത്ഭുതങ്ങളുടെ സാധ്യത മുളയിലേ നുള്ളുന്നു. 


നരേന്ദ്ര മോഡി, ജോ ബൈഡെൻ | PHOTO: PTI

ഉത്തരകാശിയിലെ പുരോള ജില്ല ഒരു ഉദാഹരണം. രാജ്യത്തെ വർഗീയമായി ഭിന്നിപ്പിക്കുന്നതിനുള്ള അജണ്ട നടപ്പിലാക്കുന്നതിന്റെ പരീക്ഷണശാലയായി അത് മാറിയിട്ടുണ്ട്. ലവ് ജിഹാദ് ടു ലാൻഡ് ജിഹാദ് എന്ന ക്യാമ്പയിൻ അതിന്റെ തെളിവാണ്. പുരോളയിൽ ഇക്കഴിഞ്ഞ ജൂൺ 15 ന് വിശ്വഹിന്ദുപരിഷത്തിന്റെയും (VHP) ബജരംഗ് ദളിന്റെയും നേതൃത്വത്തിൽ ലവ് ജിഹാദിനെതിരെ നടത്താനിരുന്ന മഹാപഞ്ചായത്തിന് കോടതി ഇടപെടൽ മൂലം അനുമതി നിഷേധിക്കുവാൻ ഭരണകൂടം നിർബന്ധിതമായി. മഹാപഞ്ചായത്തിന് മുൻപ് പുരോളയിലെ എല്ലാ മുസ്ലിം വ്യാപാരികളും ഒഴിഞ്ഞു പോകണമെന്നുള്ള അന്ത്യശാസനം നൽകിയിട്ടുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ എന്നത്തേയും പോലെ വിദ്വേഷ ക്യാമ്പയിനുകൾ നിറഞ്ഞു. ജിഹാദികൾക്കെതിരെയുള്ള പോരാട്ടമായും, ദേവഭൂമിയെ ശുദ്ധീകരിക്കുന്ന പ്രക്രിയായും മഹാപഞ്ചായത്തിനെ വിശേഷിപ്പിച്ചു. ലവ് ജിഹാദ്, നർകോടിക് ജിഹാദ്, എന്നിവയ്ക്ക് ശേഷമുള്ള പുതിയ പ്രയോഗങ്ങളായ ലാൻഡ് ജിഹാദ്, വ്യാപാർ ജിഹാദ്, മസാർ (ഖബർ) ജിഹാദ് തുടങ്ങിയവ മഹാപഞ്ചായത്തിന്റെ പേരിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

ലവ് ജിഹാദ് നിയമ പ്രകാരം രാജ്യത്തു കേസുകൾ ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ പറയുകയും എന്നാൽ അതിന് നേർവിപരീതമായി തെരുവുകളിൽ പ്രചാരണ കോലാഹലങ്ങൾ നടത്തുകയും ചെയ്യുന്ന പ്രക്രിയയുടെ മാതൃകയായിരുന്നു പുരോള മോഡൽ. പുരോള മോഡലിനെതിരെ പ്രതിപക്ഷത്തെ മുഖ്യകക്ഷികൾ പോലും പ്രതികരിക്കുവാൻ തയ്യാറല്ല എന്ന സാഹചര്യത്തിലാണ് PUCL പോലുള്ള സംഘടനകളും, അപൂർവാനന്ദ, അശോക് വാജ്പേയ് തുടങ്ങിയയവരും വിഷയത്തിൽ അടിയന്തിരമായി ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടു സുപ്രീം കോടതിയിയെയും ഹൈക്കോടതിയെയും സമീപിക്കുന്നത്. തുടർന്ന് ക്രമസമാധാനം നിലനിർത്തണമെന്ന ഉത്തരാഖണ്ഡ് ഹൈക്കോടതി നിർദേശം പാലിച്ചാണ് മഹാപഞ്ചായത്തിനുള്ള അനുമതി ഭരണകൂടം നിഷേധിച്ചത്. അത് ഹിന്ദുക്കൾക്ക് നേരെയുള്ള വൻ ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് VHP ഉന്നയിക്കുന്ന വാദം. വിദ്വേഷ പ്രസംഗങ്ങൾക്കും പ്രചാരണങ്ങൾക്കും എതിരെ സ്വമേധയാ (Sue motu) കേസ്സെടുക്കുവാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കഴിയണമെന്ന സുപ്രീം കോടതി നിർദേശം നിലനിൽക്കുമ്പോഴാണ് പുരോള പോലുള്ള സംഭവങ്ങൾ നിർബാധം അരങ്ങേറുന്നത്. 


REPRESENTATIONAL IMAGE: PTI

വിദ്വേഷ പ്രസ്താവനകൾക്കെതിരെ കർശന നടപടികൾ ഉത്തരാഖണ്ഡ് ഗവണ്മെന്റെ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ചീഫ് സെക്രട്ടറി കോടതിയിൽ നേരിട്ട് ഹാജരാവണമെന്നും 2022 മെയ് മാസത്തിൽ സുപ്രീം കോടതിയിൽ ജസ്റ്റിസ് എ എം ഖാൻവിൽക്കർ നിർദേശിക്കുകയുണ്ടായി. ഈ അവസ്ഥയിലേക്ക് ഉത്തരാഖണ്ഡ് എത്തുന്നത് മുഖ്യമന്ത്രി അടക്കമുള്ളവരുടെ അറിവോടു കൂടിയാണെന്ന് സംശയിച്ചാൽ അതിശയിക്കേണ്ടതില്ല. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയാണ് മസാർ (ഖബർ ) ജിഹാദിനെ പറ്റി ആദ്യമായി പറയുന്നത്. സംസ്ഥാനത്തെ വനമേഖലയിൽ അനധികൃത കയ്യേറ്റത്തിലൂടെ നിർമ്മിച്ച ആയിരക്കണക്കിന് മസാറുകൾ (ഖബറുകൾ) ഉണ്ടെന്നും അവയെ ഒഴിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. RSS പ്രസിദ്ധീകരണമായ ഓർഗനൈസറിലാണ് മുഖ്യമന്ത്രി ഈ പരാമർശങ്ങൾ ആദ്യമായി നടത്തുന്നത്. ഏതാനും മാസങ്ങൾക്കു മുൻപ് ഉത്തരകാശിയിലെയും, ചമോലി ജില്ലയിലെയും, ഹരിദ്വാറിലെയും ലവ് ജിഹാദ് കേസുകളുടെ റിപ്പോർട്ട് മുഖ്യമന്ത്രി പോലീസിനോട് അവശ്യപ്പെട്ടു. ഇതായിരുന്നു ലവ് ജിഹാദ് ഉത്തരാഖണ്ഡ് രാഷ്ട്രീയത്തിലേക്ക് പെട്ടന്ന് ഉയർന്നു വരാനുണ്ടായ കാരണം.

2023 മെയ് 26 നു പുരോള ജില്ലയിലെ 14 വയസുള്ള ഒരു ഹിന്ദു പെൺകുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച കേസ്സിലെ പ്രതികളിൽ ഒരു മുസ്ലിം യുവാവ് ഉൾപ്പെട്ടതാണ് ജില്ലയിൽ പെട്ടന്നുണ്ടായ സംഘർഷാവസ്ഥക്ക് കാരണം. കേസിൽ പൊലീസ് സ്റ്റേഷനിൽ വ്യാജമായ പരാതി കൊടുക്കണമെന്ന് സമ്മർദമുണ്ടായെങ്കിലും ലവ് ജിഹാദ് ഉൾപ്പെടെയുള്ള ആരോപണങ്ങൾ നിഷേധിച്ചു കൊണ്ടുള്ള പരാതിയാണ് പൊലീസിന് കൊടുത്തിട്ടുള്ളത് എന്നും പെൺകുട്ടിയുടെ അമ്മാവൻ വ്യക്തമാക്കിയിട്ടുണ്ട്. ആ പരാതിയിൽ POCSO പ്രകാരം രണ്ടു പ്രതികളെ അറസ്റ്റ് ചെയുകയും ചെയ്തു. സംഘപരിവാർ തുടക്കം മുതലേ ഈ സംഭവത്തിന് വർഗീയത കലർത്തുകയാണെന്നും പിരിഞ്ഞു പോയ മുസ്ലിങ്ങളെല്ലാം തിരിച്ചുവരണമെന്നും പിന്നീട് അദ്ദേഹം അഭ്യർത്ഥിച്ചിട്ടുമുണ്ട്. അപ്പോഴേക്കും ലവ് ജിഹാദുമായി ബന്ധപ്പെട്ടുത്തി കേസ് റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. തുടർന്നാണ് ദർശൻ ഭാരതിയുടെ നേതൃത്വത്തിലുള്ള ദേവ് ഭൂമി അഭിയൻ എന്ന സംഘടന ഈ സംഭവത്തിൽ ഇടപെടുന്നത്. വംശഹത്യയടക്കമുള്ള ശിക്ഷക്ക് അർഹരാണ് മുസ്ലിം ജനത തുടങ്ങിയ വിവാദ പ്രസ്താവനകൾ നടത്തുന്ന വ്യക്തിയാണ് ദർശൻ ഭാരതി. അവർ നടത്തിയ പ്രതിഷേധ ജാഥയിൽ മുസ്ലിം വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ വ്യാപകമായ കല്ലേറുകളും അക്രമങ്ങളും ഉണ്ടായാതായി ആരോപണമുണ്ട്. 


പുഷ്‌കർ സിംഗ് ധാമി | PHOTO: PTI

പുരോളയിലെ ഏകദേശം 400 ഓളം വരുന്ന വ്യപാരസ്ഥാപനങ്ങളിൽ 40-42 സ്ഥാപനങ്ങൾ ആണ് മുസ്ലിം ഉടമസ്ഥതയിൽ ഉള്ളത്. ജൂൺ 15 നു നടത്താനിരുന്ന മഹാപഞ്ചായത്തിന് മുൻപ് ജിഹാദികൾ ഇവിടം വിട്ടുപോകണമെന്നും അല്ലാത്തപക്ഷം ഫലം ഭീകരമായിരിക്കും എന്നുമുള്ള പോസ്റ്ററുകൾ മുസ്ലിം ഉടമസ്ഥതയിലുള്ള കടകൾക്കു മുന്നിൽ പതിച്ചിട്ടുണ്ടായിരുന്നു. അപൂർവാനന്ദ എന്ന സാമൂഹ്യപ്രവർത്തകൻ സുപ്രീംകോടതിക്കും ഹൈക്കോടതിക്കും അയച്ച പരാതിയിൽ ഈ സംഭവത്തിനെയും, മുസ്ലിം വീടുകൾക്കു മുന്നിൽ പതിച്ചുവെച്ച ക്രോസ്സ് അടയാളങ്ങളെയും നാസി ജർമനിയിലെ ജൂതർ അനുഭവിച്ച ഭയാനകമായ അവസ്ഥയുമായാണ് താരതമ്യം ചെയ്യുന്നത്.

ഈ സ്ഥിതിയിൽ BJP ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് മുഹമ്മദ് സഹിദ് മാലിക് അടക്കം 41 ഓളം കുടുംബങ്ങൾ പാരമ്പര്യമായി തങ്ങൾക് കിട്ടിയ ഭൂമിയടക്കം ഉപേക്ഷിച്ച് പോയിരുന്നു. ഉത്തരാഖണ്ഡിൽ നിന്നും ഹിന്ദുരാഷ്ട്ര നിർമ്മാണം തുടങ്ങുമെന്നാണ് സംഘപരിവാർ പ്രചരണം. അതിനായി മുസ്ലിം ജനതയെ ഒഴിപ്പിച്ച് ദേവഭൂമി ശുദ്ധീകരിക്കേണ്ടതുണ്ട്, മുസ്ലിം മതവിശ്വാസികൾക്ക് മക്ക പോലെയാണ് ഈ ദേവഭൂമി, മക്കയിൽ ഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്തത് പോലെ ഇവിടെ മുസ്ലിങ്ങളുടെ സാന്നിധ്യം പാടില്ല എന്നാണ് പ്രചാരണം. 

മണിപ്പൂരിൽ ആറാഴ്ചയിൽ അധികമായി തുടരുന്ന കലാപത്തെ പറ്റി ഇന്ത്യൻ പ്രധാനമന്ത്രി ഒരക്ഷരം ഇതുവരെ സംസാരിച്ചിട്ടില്ല. എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ ബിനലക്ഷ്മി നേപ്രാം അതുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ചോദിക്കുന്നുണ്ട്. How dare you keep silent, Mr. Prime Minister? How can you keep silent? ലവ് ജിഹാദിൽ നിന്നും ലാൻഡ് ജിഹാദിൽ എത്തുമ്പോൾ ഇതേ ചോദ്യം കൂടുതൽ വ്യാപകമാവുന്നു.


#outlook
Leave a comment