സഖാവ് കാനം പ്രത്യാശയുടെ പ്രകാശം പരത്തിയ നേതാവ്
സഖാവ് കാനത്തിന്റെ അപ്രതീക്ഷിത വിയോഗം കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിനും മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ക്കും വലിയൊരു നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം സുഖംപ്രാപിച്ച് സാധാരണജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് സഖാക്കളും സുഹൃത്തുക്കളും പ്രതീക്ഷിച്ചിരുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയും കമ്യൂണിസ്റ്റ് തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെയും കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളിലൊരാളായാണ് കാനം രാജേന്ദ്രന്‍ വളര്‍ന്നുവന്നത്. വളരെ ചെറുപ്പത്തില്‍തന്നെ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരോത്സുകമായ നേതൃത്വവുമായി അടുത്തിടപഴകാനും ഒന്നിച്ചു പ്രവര്‍ത്തിക്കാനും അവസരം ലഭിച്ച ആളാണ് കാനം. 25-ാം വയസ്സില്‍ തന്നെ സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. എം.എന്‍-നെയും ടി.വിയെയും ബാലറാമിനെയും പോലുള്ള സഖാക്കളുമൊന്നിച്ച് പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകുകയെന്നത് ചെറിയകാര്യമല്ല.
1960-കളുടെ ആരംഭത്തില്‍ സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഭിന്നിപ്പുകളാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരിതിരിവും പിളര്‍പ്പുമുണ്ടാക്കിയത്. സോവിയറ്റ് പാര്‍ട്ടിയും ചൈനീസ് പാര്‍ട്ടിയും തമ്മിലാരംഭിച്ച ആശയസമരങ്ങളാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്തും ആശയപരമായ പക്ഷംപിടിക്കലിനും ധ്രുവീകരണത്തിനും ഇടയാക്കിയത്. അവിഭക്തപാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടായതോടെ സി.പി.ഐയും സി.പി.ഐ(എം) ഉം തുടര്‍ന്ന് സി.പി.എം.എല്‍ പാര്‍ട്ടികളുമായി ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വ്യത്യസ്ത കൈവഴികളിലായി. കേരളത്തിലാണെങ്കില്‍ സി.പി.ഐ വലതുമുന്നണിയുടെ ഭാഗമായിത്തീരുകയും ചെയ്തു.
കാനം രാജേന്ദ്രൻ | PHOTO: FACEBOOK
അടിയന്തിരാവസ്ഥയെ തുടര്‍ന്നുള്ള അത്മവിമര്‍ശനങ്ങളും ജനതാ ഗവണ്‍മെന്റിന്റെ വര്‍ഗപരമായ നിലപാടുകളെ സംബന്ധിച്ച സംവാദങ്ങളുമാണ് സി.പി.ഐ(എം)ന്റെ ജലന്ധര്‍ കോണ്‍ഗ്രസിലും സി.പി.ഐയുടെ ഭട്ടിന്‍ഡ കോണ്‍ഗ്രസിലും ഗൗരവാവഹമായി ചര്‍ച്ചചെയ്യപ്പെട്ടത്. ഇതിന്റെയൊക്കെ ഫലമായിട്ടാണ് ബൂര്‍ഷ്വാപാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള മുന്നണികള്‍ക്ക് പകരം ഇടതുപക്ഷജനാധിപത്യമുന്നണി കെട്ടിപ്പടുക്കാനുള്ള രാഷ്ട്രീയതീരുമാനം ഇരുകമ്യൂണിസ്റ്റ് പാര്‍ട്ടികളും മുന്നോട്ടുവെക്കുന്നത്. ഭട്ടിന്‍ഡ കോണ്‍ഗ്രസിന്റെ സ്പിരിട്ടില്‍ നിന്നാണ് സി.പി.ഐ ഇടതുപക്ഷമുന്നണിയുടെ ഭാഗമായി മാറുന്നത്. ജലന്ധര്‍ കോണ്‍ഗ്രസിന്റെയും ഭട്ടിന്‍ഡ കോണ്‍ഗ്രസിന്റെയും രാഷ്ട്രീയധാരണകളില്‍ നിന്നാണ് ഇരുകമ്യൂണിസ്റ്റ് പാര്‍ട്ടികളും യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള വഴി വെട്ടിത്തുറക്കുന്നത്.
സഖാവ് കാനം ഭട്ടിന്‍ഡ കോണ്‍ഗ്രസിന്റെ സ്പിരിട്ട് പൂര്‍ണമായി ഉള്‍ക്കൊണ്ടുള്ള ഇടത് ഐക്യത്തിനും ഇടതുപക്ഷരാഷ്ട്രീയത്തിന്റെ വളര്‍ച്ചയ്ക്കും വേണ്ടി കലവറയില്ലാതെ പരിശ്രമിച്ച നേതാവായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യവും സൗഹാര്‍ദവും ഉറപ്പിക്കാനാവശ്യമായ മുന്‍കൈ പ്രവര്‍ത്തനങ്ങള്‍ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും കാനത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. സി.പി.ഐ, സി.പി.ഐ (എം) വൈരുദ്ധ്യങ്ങള്‍ ഓരോ വിഷയത്തിലും കിളുന്തിയെടുത്ത് ഇടതുപക്ഷത്തിനകത്ത് അഭിപ്രായവ്യത്യാസങ്ങളും യോജിപ്പില്ലായ്മയുമാണെന്ന് വരുത്തിതീര്‍ക്കാനുള്ള മാധ്യമ വേലകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തിയ നേതാവായിരുന്നു കാനം. സ്വന്തം പാര്‍ട്ടിയുടെ അഭിപ്രായം വിട്ടുവീഴ്ചയില്ലാതെ അവതരിപ്പിക്കുമ്പോഴും അത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലുള്ള വിരോധത്തിലേക്ക് വഴിമാറിപ്പോകാതിരിക്കാനുള്ള സൂക്ഷ്മത എല്ലാ ഘട്ടങ്ങളിലും കാനം പുലര്‍ത്തിയിരുന്നു. അതുകൊണ്ടൊക്കെതന്നെ ഇരുകമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും അണികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയായിരുന്നു കാനത്തിനുണ്ടായിരുന്നത്.
PHOTO: WIKI COMMONS
സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സോഷ്യലിസ്റ്റ് ചേരിക്കുമുണ്ടായ തിരിച്ചടികളുടെയും ആഗോളവല്‍ക്കരണനയങ്ങള്‍ സൃഷ്ടിച്ച അരാഷ്ട്രീയവല്‍ക്കരണത്തിന്റെയും വര്‍ഗീയവല്‍ക്കരണത്തിന്റേതുമായ സാഹചര്യങ്ങളില്‍ ഇടതുപക്ഷ ഐക്യത്തിന്റെ പ്രാധാന്യവും മതനിരപേക്ഷ ജനാധിപത്യശക്തികളുടെ വിശാലമായ കൂട്ടായ്മ വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും തിരിച്ചറിഞ്ഞുകൊണ്ടാണ് കാനം ഓരോ ഘട്ടത്തിലും നിലപാടുകള്‍ സ്വീകരിച്ചിരുന്നത്.
ഇടതുപക്ഷത്തിനെതിരെ വരുന്ന വിമര്‍ശനങ്ങളെ ശക്തമായി പ്രതിരോധിക്കുന്നതിലും വിവാദങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന മാധ്യമതന്ത്രങ്ങളെ തുറന്നെതിര്‍ക്കുന്നതിലും കാനം എല്ലാ ഘട്ടത്തിലും കരുത്ത് കാണിച്ചിട്ടുണ്ട്. നിയോലിബറലിസം തൊഴില്‍മേഖലയിലുണ്ടാക്കിയ ഘടനാപരമായ മാറ്റങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടുള്ള ട്രേഡ്യൂണിയന്‍ സംഘാടനാപ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം മുന്‍കൈയെടുത്തിട്ടുണ്ട്. വിവിധ അസംഘടിതമേഖലകളിലും ന്യൂജെന്‍ തൊഴില്‍മേഖലകളിലും തൊഴിലാളികളെ സംഘടിതരാക്കുന്നതിലും അദ്ദേഹം മുന്‍കൈയെടുത്തു. തന്റെ നിലപാടുകളും അഭിപ്രായങ്ങളും ലളിതമായ ഭാഷയില്‍ ശക്തമായി അവതരിപ്പിക്കുന്നതില്‍ കാനത്തിന് അസാമാന്യമായ കഴിവുണ്ടായിരുന്നു. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും പ്രത്യാശയുടെ പ്രകാശം പരത്തിയ നേതാവാണ് സഖാവ് കാനം.