സഖാവ് വി എസും കേരളീയ മുഖ്യധാര രാഷ്ട്രീയത്തിലെ ഇടത് നിലനില്‍പ്പും !
കേരളത്തിന്റെ ഭൂരിപക്ഷ മനസ്സ് ഇന്നത്തെ പോലെ എന്നും വലതുപക്ഷ മനസ്സായിരുന്നു. സമൂഹത്തിലെ ഏറ്റവും പിന്നണിയില്‍ ഉള്ള ജനങ്ങളെ, തൊഴിലാളികളെ സംഘടിപ്പിച്ച് 1957 ല്‍ ഇ.എം.എസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് അവരെ ഞെട്ടിച്ചു. വിമോചന സമരം നടത്തി ആ സര്‍ക്കാരിനെ അട്ടിമറിച്ച ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 5% വോട്ടു വര്‍ദ്ധിച്ചു എങ്കിലും ദയനീയമായി തോല്‍ക്കാനായിരുന്നു വിധി. കാരണം സാമുദായിക സംഘടനകള്‍ ഭൂരിപക്ഷവും അപ്പുറമാണ്. 64 ല്‍ പാര്‍ട്ടി പിളര്‍ന്നു. 67 ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജയിച്ചത് മുസ്ലീം ലീഗ് പോലുള്ള അടക്കമുള്ള ഒരു പിടി പാര്‍ട്ടികളെ ഒപ്പം ചേര്‍ത്ത് സപ്തകക്ഷി ഉണ്ടാക്കി ആയിരുന്നു. സ്വാഭാവികമായും അത്തരമൊരു ഏച്ചുകെട്ടിയ മുന്നണി തകര്‍ന്നു. സി പി എം അന്നു പുതിയ പാര്‍ട്ടിയാണ് എന്നോര്‍ക്കണം. പിന്നെ 80 വരെ പാര്‍ട്ടി അധികാരത്തിന് പുറത്താണ്.
1980 ജനുവരിയില്‍ ല്‍ കോണ്‍ഗ്രസ് A ഗ്രൂപ്പ് നേതാക്കളായ എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, വക്കം പുരുഷോത്തമന്‍, ആര്യാടന്‍, പിസി ചാക്കോ, തുടങ്ങി കെ.എം മാണി, ആര്‍.ബാലകൃഷ്ണപിള്ള തുടങ്ങിയവരെ വരെ ഒപ്പം കൂട്ടിയാണ് ആ മന്ത്രിസഭ ഉണ്ടാവുന്നത്. 1980 പകുതിയോടെ സഖാവ് വി എസ് അച്യുതാനന്ദന്‍ കേരള പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയി മാറുന്നു. മുള്ളു മുരിക്ക് കാഞ്ഞിര കുറ്റികളെ ചേര്‍ത്ത 80 ലെ നായനാര്‍ മന്ത്രിസഭ രണ്ടു കൊല്ലം എത്തും മുന്നെ തകരുന്നു. 1982 ല്‍ കരുണാകരന്‍ മന്ത്രിസഭ വരുന്നു. ആ സമയത്താണ് സഖാവ് വി എസ് നേതൃത്വം നല്‍കിയ സിപിഎം എന്ന പാര്‍ട്ടി തീപന്തമായി മാറിയത്. പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങള്‍ ഒക്കെ കേരളം പിടിച്ചു കുലുക്കാന്‍ പോന്ന കരുത്തുറ്റ സംഘടന ആയി മാറുന്ന കാലമാണിത്. സമരവേലിയേറ്റം ഉണ്ടാകുന്നു. ഇക്കാലയളവില്‍ കരുത്തുറ്റ വലിയ നേതാക്കളായ എം.വി രാഘവന്‍ അടക്കമുള്ളവരുടെ പുറത്താക്കലിനെ അതിനേക്കാള്‍ കരുത്തനായ സഖാവ് വി എസിന്റെ നേതൃത്വം അതിജീവിക്കുന്നു.
വിമോചന സമരം | PHOTO: FACEBOOK
1987 ആവുമ്പോള്‍ മുള്ളു മുരിക്കുകള്‍ ഇല്ലാതെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉണ്ടാകുന്നു. ഇന്നും നമ്മള്‍ കാണുന്ന സി പി എം നേതൃത്വം നല്‍കുന്ന LDF എന്ന മുന്നണി ഉണ്ടാവുമ്പോള്‍ പാര്‍ട്ടി സെക്രട്ടറി വി എസാണ്. 1987 ലെ തിരഞ്ഞെടുപ്പാണ് സാങ്കേതികമായല്ലാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 57 ന് ശേഷം ജയിച്ച ആദ്യ തിരഞ്ഞെടുപ്പ്. സഖാവ് നായനാരുടെ ജനകീയ ഭരണവും സഖാവ് വി എസിന്റെ കരുത്തുറ്റ പാര്‍ട്ടി നേതൃത്വവുമായി ആ സര്‍ക്കാരിന്റെ നാലാം വര്‍ഷം 1990 ല്‍ ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ LDF മലപ്പുറം ഒഴികെ 13 ജില്ലകളും തൂത്തുവാരി. പാറശ്ശാല മുതല്‍ മഞ്ചേശ്വരം വരെ ജനങ്ങളെ അണിനിരത്തി DYFI മനുഷ്യ ചങ്ങല തീര്‍ത്തു പുതിയ സമര മുഖം തുറന്നതൊക്കെ വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടി സെക്രട്ടറി ആയിരുന്ന കാലത്തായിരുന്നു. അത് കാലാവധി തീരും മുന്നെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ LDF നെ പ്രേരിപ്പിച്ചു. എന്നാല്‍ രാജീവ് വധം തുടര്‍ഭരണം എന്ന ആ സ്വപ്നം തല്ലി തകര്‍ത്തു.
അതിനെ തുടര്‍ന്ന് വിഎസിന് പാര്‍ട്ടിയില്‍ തന്നെ തിരിച്ചടി നേരിട്ടു. 1992 ല്‍ തുടര്‍ന്ന് വി എസിന് പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വന്നു. സഖാവ് നായനാര്‍ പാര്‍ട്ടി സെക്രട്ടറിയായി. എന്നാല്‍ നിയമസഭയില്‍ സഖാവ് നായനാര്‍ ഒഴിഞ്ഞു സഖാവ് വി എസ് പ്രതിപക്ഷ നേതാവായി. വി എസ് എന്ന സമര നേതാവിന്റെ ജീവിതത്തിലെ പുതിയ അധ്യായം തുറന്നു. സമരവേലിയേറ്റത്തില്‍ കരുണാകരന്‍ സര്‍ക്കാര്‍ ആടി ഉലഞ്ഞു. ഒപ്പം കോണ്‍ഗ്രസിലെ പ്രശ്‌നം കുടി ആയപ്പോള്‍ കരുണാകരന്‍ രാജിവച്ചു. ആന്റണി മുഖ്യമന്ത്രി ആയി.
1996 ലെ തിരഞ്ഞെടുപ്പില്‍ LDF വിജയിച്ചെങ്കിലും മുഖ്യമന്ത്രി ആകും എന്ന് കരുതിയിരുന്ന പ്രതിപക്ഷ നേതാവ് വി എസ് PJ ഫ്രാന്‍സിസ് എന്ന ഒരു ലോക്കല്‍ കോണ്‍ഗ്രസ് നേതാവിനോട് മാരാരികുളം എന്ന തട്ടകത്തില്‍ ആയിരത്തില്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.
പാര്‍ട്ടിയിലും ഭരണത്തിലും നേതൃ സ്ഥാനം നഷ്ടപ്പെട്ട ആ സമയം മറ്റേതു നേതാവായിരുന്നെങ്കിലും 73 വയസ്സ് എന്ന ആ പ്രായത്തില്‍ പ്രൈം ടൈം അവസാനിച്ചു പോകേണ്ടതായിരുന്നു.
എന്നാല്‍ സഖാവ് വിഎസ് പുനര്‍ജനിച്ചു. മങ്കൊമ്പില്‍ 97 ല്‍ കര്‍ഷക സംഘം നെല്‍വയല്‍ സംരക്ഷണ സമരവുമായി വന്നപ്പോള്‍ വി എസ് ആ കര്‍ഷക സമരത്തിന്റെ സമരമുഖമായി. മാതൃഭൂമിയും മനോരമയും സഖാവ് വിഎസ് നടത്തിയ ആ സമരത്തെ വെട്ടിനിരത്തല്‍ എന്ന് പറഞ്ഞ് കൊത്തിക്കീറി. വിഎസ് വെറുക്കപ്പെട്ടവനായി. സാമ്പത്തിക പ്രതിസന്ധി വരിഞ്ഞു മുറുക്കിയപ്പോള്‍ നായനാര്‍ സര്‍ക്കാര്‍ 2001 ല്‍ തകര്‍ന്നടിഞ്ഞു. 100 സീറ്റ് നേടി ആന്റണി അധികാരത്തില്‍ വന്നു.
PHOTO: FACEBOOK
കരുണാകരനെയോ ഉമ്മന്‍ചാണ്ടിയേയോ പോലെ ആയിരുന്നില്ല ആന്റണി. കടക്കല്‍ തന്നെ കോടാലി കൊണ്ട് വെട്ടാന്‍ ആന്റണി മിടുക്കന്‍ ആയിരുന്നു. LDF ന് പരമ്പരാഗത പിന്തുണ നല്‍കുന്ന വിഭാഗങ്ങളെ മുഖ്യധാരയില്‍ ഒറ്റപ്പെടുത്തുക എന്നതാണ് ആന്റണിയുടെ തന്ത്രം. 95 ല്‍ അധികാരത്തില്‍ വന്നപ്പോള്‍ അദ്ദേഹം ചാരായ നിരോധനം കൊണ്ടു വന്നു. ആ തൊഴിലുമായി ബന്ധപ്പെട്ടു ജീവിക്കുന്ന പതിനായിരങ്ങള്‍ സാമ്പത്തികമായി തകര്‍ന്നു. സാമ്പത്തികമായി തകര്‍ന്നതിലേറെയായി അവരെ അവരുടെ കുടുംബങ്ങളെ കേരളീയ പൊതു സമൂഹത്തിന് മുന്നില്‍ കൊള്ളരുതാത്തവരാക്കി അവതരിപ്പിച്ചു. അവരുടെ പണം വേണ്ട എന്നു പറഞ്ഞു. പ്രധാനമായും ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന ഈഴവ സമുദായത്തില്‍ പെട്ടവരായിരുന്നു ആ തൊഴിലില്‍ ഉണ്ടായിരുന്നത്.
2001 ല്‍ അധികാരത്തില്‍ വന്ന ആന്റണി ആദ്യം തന്നെ ലക്ഷ്യമിട്ടത് സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും ആയിരുന്നു. ചാരായ തൊഴിലാളികളെ പോലെ അവരെയും പൊതു സമൂഹത്തില്‍ മോശക്കാരാക്കി. ഒരു പണിയും ചെയ്യാതെ ജനങ്ങളുടെ പണം മൊത്തം വിഴുങ്ങുന്ന കുളയട്ടകളായി അവരെ അവതരിപ്പിച്ചു. അവരെ വെറുക്കപ്പെട്ടവരാക്കി. അത് പോലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ഉയര്‍ന്നു വന്ന ആന്റണി വിദ്യാര്‍ഥി രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞു എന്ന് മാത്രമല്ല വിദ്യാര്‍ത്ഥി രാഷ്ട്രീയം എന്നതിനെതിരെയും തൊഴില്‍ സമരങ്ങള്‍ക്കെതിരെയും പൊതുബോധം പടച്ചു വിട്ടു. ചുരുക്കത്തില്‍ ഇടത് ആഭിമുഖ്യം പുലര്‍ത്തുന്നവരെ പൊതു സമൂഹത്തില്‍ ഒറ്റപ്പെടുത്തുക പരിഹാസ്യരാക്കുക എന്ന നയമായിരുന്നു അത്. ഗോളവല്‍ക്കരണം പ്രത്യക്ഷ മാറ്റങ്ങള്‍ കൊണ്ടു വന്നു തുടങ്ങിയ ആ കാലമായിരിക്കാം ഇടതുപക്ഷത്തെ സംബന്ധിച്ചിടുത്തോളം ഏറ്റവും അധികമായി വിമോചന സമരകാല ശേഷം പൊതുബോധം ഉണര്‍ന്ന കാലം.
എ കെ ആന്റണി സർക്കാർ | PHOTO: FACEBOOK
എന്നാല്‍ അതിനെ അതിജീവിക്കാന്‍ പുന്നപ്ര വയലാര്‍ സമരം കണ്ട സഖാവ് വിഎസിനെ പോലൊരു നേതാവ് പ്രതിപക്ഷത്തുണ്ടായിരുന്നു. വി എസ് കളം മാറ്റി. പുതിയ കാലത്തെ സമരമുഖങ്ങളും പരമ്പരാഗത സമരങ്ങള്‍ക്കൊപ്പം തുറന്നു. മതികെട്ടാനിലും പ്ലാച്ചിമടയിലും ഒക്കെ അയാള്‍ കൊടുങ്കാറ്റായി അതില്‍ ശരി തെറ്റുകള്‍ ഉണ്ടാകാം. എന്നാല്‍ ജനങ്ങള്‍ അയാള്‍ക്ക് പിന്നില്‍ അണി നിരന്നു. ആന്റണി ഉയര്‍ത്തിയ അരാഷ്ട്രീയ അന്തരീക്ഷത്തെ അദ്ദേഹം രാഷ്ട്രീയം കൊണ്ടു മറികടന്നു. 2006 ലെ വന്‍ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശില്‍പി അദ്ദേഹമായിരുന്നു.
2011 ല്‍ തന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായയുടെ ഒറ്റ ബലത്തില്‍ 88-ാം വയസ്സില്‍ ആ മനുഷ്യന്‍ ഇടതുപക്ഷത്തെ ഭരണത്തിന്റെ തൊട്ടടുത്ത് എത്തിച്ചു.
2016 ല്‍ ആയിരുന്നു അടുത്ത പ്രതിസന്ധി. കേരളത്തിലെ പാര്‍ട്ടിയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ഈഴവ സമുദായത്തിന്റെ സാമുദായിക നേതൃത്വം വഹിക്കുന്ന കരുത്തനായ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ BDJS എന്ന പാര്‍ട്ടി ഉണ്ടാക്കി സംഘപരിവാരത്തിനൊപ്പം ചേര്‍ന്ന് ഇടതുപക്ഷത്തിന് വലിയ ഭീഷണി സൃഷ്ടിച്ചു. എന്നാല്‍ വിഎസ് അച്യുതാനന്ദന്‍ എന്ന തീപ്പന്തം തന്റെ 93-ാം വയസ്സില്‍ വെള്ളാപ്പള്ളിയുടെ തട്ടകമായ കണിച്ചുകുളങ്ങരയില്‍ പോയി വെല്ലു വിളിച്ചപ്പോള്‍ തീര്‍ന്നു പോകാനുള്ള ഗ്യാസേ അതിനുണ്ടായിരുന്നുള്ളൂ. 2019 ല്‍ വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ സഖാവ് വി കെ പ്രശാന്തിന് വേണ്ടി ആയിരുന്നു അദ്ദേഹത്തിന്റെ അവസാന തിരഞ്ഞെടുപ്പു യോഗം. 96-ാം വയസ്സില്‍ 2019 ഒക്ടോബറില്‍ നടന്ന പുന്നപ്ര വയലാര്‍ അനുസ്മരണ ചടങ്ങായിരുന്നു വിശ്രമ ജീവിതത്തിലേക്ക് പോകേണ്ടി വരുന്നതിന് മുന്നുള്ള അദ്ദേഹത്തിന്റെ അവസാന പൊതുപരിപാടി.
വാസ്തവത്തില്‍ ജനാധിപത്യ സംവിധാനത്തില്‍ പ്രായോഗികമായി ഇടത് പക്ഷത്തെ അധികാര രാഷ്ട്രീയത്തിലും മുഖ്യ പ്രതിപക്ഷ കക്ഷിയായും നിലനിര്‍ത്തിയതില്‍ ഒന്നാമത്തെ പേരുകാരന്‍ വിഎസ് തന്നെയാണ്.
100 വയസ് തികയുന്ന മലയാളിയുടെ ഒക്ടോബര്‍ വിപ്ലവത്തിന് ആശംസകള്‍.