
വായനയുടെ സങ്കല്പനങ്ങള്‍
വായന എന്നത് കണ്ടുകൊണ്ടുള്ള മനസിലാക്കലാണ്. പുസ്തക വായന മാത്രമല്ല, പ്രകൃതി നിരീക്ഷണവും വായനയാണ്. ഭാഷ വായിക്കാനും അര്‍ത്ഥം മനസിലാക്കാനും ശേഷിയുള്ളവര്‍ക്കേ പുസ്തകങ്ങള്‍ വായിക്കാനാവൂ. എല്ലാവരും തങ്ങള്‍ക്ക് താല്പര്യമുള്ള പുസ്തകങ്ങള്‍ ആണ് വായിക്കുന്നത്. ഭാഷ അറിഞ്ഞാലും എല്ലാ പുസ്തകങ്ങളും എല്ലാവര്‍ക്കും വായിക്കാന്‍ സാധിക്കില്ല. ഒരു ഗണിത ശാസ്ത്ര ഗ്രന്ഥം ഗണിതം അറിയാവുന്നവര്‍ക്കേ വായിക്കാനാവൂ. അതേസമയം ഒരു നോവല്‍ മിക്കവാറും പേര്‍ക്ക് വായിക്കാന്‍ സാധിക്കും. ഒരു കവിത വായിച്ചു മനസിലാക്കാന്‍ നോവലോ കഥയോ നാടകമോ വായിക്കുന്നവര്‍ക്ക് കഴിയണമെന്നില്ല. കവിതയില്‍ ഭാഷയുടെ ഒരു പ്രത്യേക വിന്യാസമുണ്ട്. പത്രം ആര്‍ക്കും വായിക്കാന്‍ പറ്റുന്നത് പത്രത്തിലെ വിഷയങ്ങള്‍ സാധാരണമായതുകൊണ്ടാണ്. എങ്കിലും പത്രം വായിക്കുന്നവരുടെ എണ്ണവും കുറഞ്ഞു വരികയാണ്.
ഏകാന്തത ഇഷ്ടപ്പെടുന്നവരാണ് പുസ്തകവായനക്കാര്‍ എന്ന് തോന്നാറുണ്ട്. കുറഞ്ഞ പക്ഷം പുസ്തകം വായിക്കുമ്പോള്‍ എങ്കിലും നമ്മള്‍ ഏകാകികള്‍ ആയിരിക്കും. If on a winter's night a traveler എന്ന ഇറ്റാലോ കാല്‍വിനോയുടെ നോവല്‍ തുടങ്ങുന്നത് തന്റെ പുസ്തകം വായിക്കുവാന്‍ പോകുന്ന ആള്‍ എന്തൊക്കെ ചെയ്യണം എന്നു പറഞ്ഞു കൊണ്ടാണ്. 'You are about to begin reading Italo Calvino's new novel, If on a winter's night a traveler. Relax. Concentrate. Dispel every other thought. Let the world around you fade. Best to close the door; the TV is always on in the next room. Tell the others right away, 'No, I don't want to watch TV!' Raise your voice-they won't hear you otherwise-'I'm reading! I don't want to be disturbed!' Maybe they haven't heard you, with all that racket; speak louder, yell: 'I'm beginning to read Italo Calvi-no's new novel!' Or if you prefer, don't say anything; just hope they'll leave you alone.
Find the most comfortable position: seated, stretched out, curled up, or lying flat'.
REPRESENTATIVE IMAGE | WIKI COMMONS
പുസ്തകവായനയില്‍ നാം മറ്റുള്ളതെല്ലാം വിസ്മരിച്ച് വായനയില്‍ തന്നെ മുഴുകുന്നു. സാധാരണ ഒരേ സമയം പാട്ടുകേള്‍ക്കാനും വണ്ടിയോടിക്കാനും നമുക്കു കഴിയും. അല്ലെങ്കില്‍ റേഡിയോ കേട്ട് അടുക്കളപ്പണി ചെയ്യാന്‍ കഴിയും. എന്നാല്‍ പുസ്തക വായന നൂറു ശതമാനം ബാഹ്യലോകവിസ്മൃതി ആവശ്യപ്പെടുന്നു. പുസ്തകം ഒരു റേഡിയോയോ ടി.വിയോ പോലെ ഒരു ഉപകരണം ആണ്. റേഡിയോ, ടി.വി എന്നിവ നമ്മെ മറ്റു കാര്യങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. റേഡിയോ റേഡിയോ അല്ല, ടി.വി ടി.വിയല്ല. പുസ്തകം പുസ്തകവുമല്ല. പുസ്തകം പുസ്തകമല്ലെന്ന് ദല്യൂസ് ആന്റി ഈഡിപ്പസില്‍ എഴുതുന്നുണ്ട്. പുസ്തകത്തിലെ വാക്കുകള്‍ കുട്ടിവായിച്ച് നാം ഉണ്ടാക്കുന്ന ആശയങ്ങളോ സംഭവങ്ങളോ ഒക്കെ പുസ്തകത്തിന് പുറത്ത് നമ്മുടെ ചിന്തയിലാണ്, ഭാവനയിലാണ് രൂപം കൊള്ളുന്നത്. ചുരുക്കത്തില്‍ പുസ്തകം ഒരു മാധ്യമം ആണ് എന്നു പറയാം. മധ്യേയുള്ളതാണ് മാധ്യമം.
എനിക്ക് പുസ്തകം ഒരു രഹസ്യ പേടകമായിത്തോന്നുന്നു. അറിവുകളിലേക്കുള്ള ഒരു ചിഹ്നവ്യവസ്ഥയാണ് ഭാഷ. പുസ്തകത്തിലെ ഭാഷ നാം വായിക്കുമ്പോള്‍ അത് ചരിത്രത്തിലേക്കും മനുഷ്യാനുഭവങ്ങളിലേക്കും നമ്മെ കൊണ്ടുപോകുന്നു. ഒരു സംഗീതോപകരണം വായിച്ച് നാം സംഗീതം ആസ്വദിക്കുന്നു. സംഗീതത്തിലൂടെ നാം സമൂര്‍ത്തവും അമൂര്‍ത്തവുമായ അനുഭവങ്ങളിലേക്ക് എത്തുന്നു. പുസ്തകവും അങ്ങനെ തന്നെ. ചുരുക്കത്തില്‍ പുസ്തകം ഒരു ഇന്‍സ്ട്രമെന്റ് ആണ്.
REPRESENTATIVE IMAGE | WIKI COMMONS
ഇന്ന് പുസ്തങ്ങളില്‍ മാത്രമല്ല വായന നില്‍ക്കുന്നത്. വാട്‌സ്ആപ്, എഫ്.ബി, ഇന്‍സ്റ്റാഗ്രാം, ഓണ്‍ലൈന്‍ മാസികകള്‍ എന്നിവയിലൊക്കെയും വായന വ്യാപകമായിട്ടുണ്ട്. മനുഷ്യര്‍ നിരന്തരമായി വായിക്കുന്നുമുണ്ട്. പുസ്തകവായനയും നടക്കുന്നുണ്ട്. നോവലുകള്‍, ചെറുകഥകള്‍, ആത്മകഥകള്‍, യാത്രാവിവരണം, കവിതകള്‍ എന്നിവയാണ് ആളുകള്‍ കൂടുതലയായി വായിക്കുന്നത്. വായനയെ നാം എഴുത്തുമായി ബന്ധപ്പെടുത്തിയാണ് കാണേണ്ടത്. ഹരിത സാവിത്രിയുടെ സിന്‍ എന്ന നോവല്‍ തുര്‍ക്കിയിലെ കുര്‍ദുകളുടെ രാഷ്ട്രീയാസ്ഥയാണ് വിവരിക്കുന്നത്. അതിന്റെ കേന്ദ്രം ഒരു മലയാളി പെണ്‍കുട്ടിയാണ്. എം. ആര്‍ വിഷ്ണുപ്രസാദിന്റെ മത്തിയാസ് എന്ന നോവലിന്റെ പശ്ചാത്തലം ജര്‍മ്മനിയാണ്. കേരളവുമായി ഈ നോവലിനുള്ള ബന്ധം അതിന്റെ ഭാഷ മലയാളമാണ് എന്നുള്ളതാണ്. മുറിവേറ്റ ശരീരാവയവത്തിലെ തുന്നിക്കെട്ടു വിദ്യയാണ് വിഷയം. കാറല്‍ മാര്‍ക്‌സ് അതിലൊരു കഥാപാത്രമാണ്. ഒരു പാകിസ്താനിയുടെ കഥ എന്ന മനോഹരന്‍ വി. പേരകത്തിന്റെ നോവല്‍ പാകിസ്താന്‍, ഗള്‍ഫ് എന്നീ രാജ്യങ്ങളിലെ ജീവിതം പറയുന്നു. മലയാളി ലോകവ്യാപകമായ ഒരു പൗരത്വത്തിലേക്ക് വളരുന്നു ഇത് സൂചിപ്പിക്കുന്നത്. പാകിസ്താനി സംഗീതത്തിന്റെ വിവരണവും നോവലിനെ വിലപ്പെട്ടതാക്കുന്നു. പി.വി ഷാജികുമാറിന്റെ മരണവംശം അതിമനോഹരമായ ഭാഷയില്‍ എഴുതപ്പെട്ട, രാഷ്ട്രീയ കൊലപാതകങ്ങളുടെ കാസര്‍ഗോഡന്‍ ചരിത്രമാണ് വിവരിക്കുന്നത്. മനോജ് കുറൂറിന്റെ മണല്‍പ്പാവ സംഗീതം, നക്‌സലിസം, ഡ്രഗ്‌സ് എന്നിവയെല്ലാം നിറയുന്ന നോവലാണ്. എസ്.ഹരീഷിന്റെ പട്ടുനൂല്‍പ്പുഴു മരിച്ചു പോയവരുടെ ഓര്‍മ്മകളെ വീണ്ടെടുക്കുന്നുണ്ട്. പ്രാദേശിക ജീവിതമാണ് വിഷയം. ആര്‍.രാജശ്രീയുടെ ആത്രേയകം മഹാഭാരതത്തിന്റെ വേറിട്ട ഒരു പാഠം നിര്‍മ്മിക്കുന്നു. ഗംഭീരഭാഷയാണ് നോവലിന്റേത്. അഭയാര്‍ത്ഥി പ്രശ്‌നമാണ് ഇ. സന്തോഷ് കുമാറിന്റെ തപോമയിയുടെ അച്ഛനില്‍ ഉള്ളത്. മൃദുലിന്റെ കുളെ, കാവ്യ അയ്യപ്പന്റെ ഒറവകുത്തി എന്നീ കൃതികള്‍ കഥയുടെ പുതു പ്രതീക്ഷകള്‍ ആകുന്നു. കവിതയെ അമ്മു ദീപ, ഷാജു വി. വി, അഭിറാം, നിഷാനാരായണന്‍, എസ്. കലേഷ്, വിഷ്ണുപ്രസാദ് എന്നിവര്‍ മുന്നോട്ടു കൊണ്ടു പോകുന്നു. എന്റെ വായനാ ലോകത്തെക്കുറിച്ചു കൂടി പറഞ്ഞു കൊണ്ട് ഈ എഴുത്ത് അവസാനിപ്പിക്കാം.
ഞാന്‍ കഴിഞ്ഞ നാലഞ്ചുവര്‍ഷങ്ങളായി ജിപ്‌സികളെക്കുറിച്ചും ലോകചിത്രകലയെക്കുറിച്ചും എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. അതിനായി ഒരുപാട് പുസ്തകങ്ങള്‍ എനിക്ക് വായിക്കേണ്ടി വന്നിട്ടുണ്ട്. എല്ലാം തന്നെ ഇംഗ്ലീഷ് പുസ്തകങ്ങള്‍ ആണ്. ബുദ്ധനെക്കുറിച്ചും ധാരാളം പുസ്തകങ്ങള്‍ വായിച്ചിരുന്നു. ഇക്കാലത്ത് മൂന്നു തവണ ഞാന്‍ വായിച്ചത് രണ്ട് പുസ്തകങ്ങളാണ്. ഓര്‍ഹന്‍ പാമുക്കിന്റെ മഞ്ഞും കോവിലന്റെ ഭരതനും. ഇഡിയറ്റ് എന്ന ഡോള്‍സ്റ്റോവ്‌സ്‌കിയുടെ നോവല്‍ രണ്ടാം തവണ വായിക്കാനെടുത്തു. സരമാഗുവിന്റെ ക്രിസ്തുവിന്റെ സുവിശേഷം, കായേന്‍ എന്നിവ ഇഷ്ടപ്പെട്ട നോവലുകള്‍ ആണ്. അദ്ദേഹത്തിന്റെ Journey to Potugal വളരെ ഇഷ്ടപ്പെട്ട ഒരു യാത്രാവിവരണം ആണ്. അതുപോലെ ഒന്നാണ് സക്കറിയയുടെ ആഫ്രിക്കന്‍ യാത്ര. അത് എസ്. കെ. പൊറ്റക്കാട് പോയ വഴികള്‍ പിന്തുടരുന്നു. ഫൂക്കോയുടെ ബയോ പൊളിറ്റിക്‌സ്, ആഗംബന്റെ ഓപ്പണ്‍, ഹോമോസേക്കര്‍, നെഗ്രിയുടേയും ഹാര്‍ട്ടിന്റെയും എംപയര്‍ എന്നിവ ഇംഗ്ലീഷില്‍ തന്നെയാണ് വായിച്ചത്. മലയാളത്തില്‍ നോണ്‍ഫിക്ഷനായൊരു കൃതിയും ഇക്കാലത്ത് എന്നെ അത്ര സ്വാധീനിച്ചില്ല. എങ്കിലും മാര്‍ക്‌സിസത്തെക്കുറിച്ചുള്ള ഒരു പുസ്തകവും ( Edited by T.V Madhu ) അതിലെ കെ.എസ് മാധവന്റെ അംബേഡ്കറെയും മാര്‍ക്‌സിസത്തെയും താരതമ്യം ചെയ്യുന്ന ലേഖനവും ഏറെ സന്തോഷിപ്പിച്ചു. ചിലപ്പതികാരവും മെറ്റമോര്‍ഫോസിസും ( ഓവിഡ് ) ഞാനിപ്പോള്‍ വായിക്കുന്നുണ്ട്. ഇക്കാലത്ത് ഇറങ്ങിയ നോവലുകള്‍ വായിച്ചു തീര്‍ന്നില്ല. ഒന്നും വായിക്കാതെ ഒരു ജീവിതം എനിക്കില്ല.

