TMJ
searchnav-menu
post-thumbnail

Outlook

രാഹുല്‍ഗാന്ധിയുടെ ഭ്രമണപഥത്തില്‍ കറങ്ങിത്തീരുന്ന കോണ്‍ഗ്രസ്

09 Apr 2025   |   3 min Read
ശ്രീകുമാർ മനയിൽ

ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന എഐസിസി സമ്മേളനം കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഒരു ദിശാസൂചകമായി മാറുമെന്ന പ്രതീക്ഷയൊന്നും ആര്‍ക്കുമില്ല. ഇതിന് മുമ്പ് നടന്ന എഐസിസി സമ്മേളനങ്ങളിലെ വമ്പന്‍ പ്രഖ്യാപനങ്ങളെല്ലാം  ഇപ്പോഴും കടലാസില്‍ മാത്രമൊതുങ്ങുന്ന സ്ഥിതിക്ക് അതിനപ്പുറമൊന്നും അഹമ്മദാബാദിലെ എഐസിസി സമ്മേളനവേദിയില്‍ സംഭവിക്കില്ലെന്ന ഉറപ്പാണ് പാര്‍ട്ടിയിലെ സമുന്നത നേതാക്കള്‍ പോലും നല്‍കുന്നത്. ബിജെപിക്ക് ബദലായുള്ള ഏക ദേശീയ മതേതര രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ നിന്നും ബിജെപിക്കെതിരായ ജനകീയമുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയകൂട്ടായ്മയുടെ നേതാവ് എന്ന തലത്തിലേക്ക് കോണ്‍ഗ്രസ് മാറി എന്നതാണ് കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് ആ പാര്‍ട്ടിക്കുണ്ടായ പ്രധാനമാറ്റം. ബിജെപിക്കെതിരായി നിലകൊള്ളുന്ന മറ്റു പാര്‍ട്ടികളുടെ, അവ പ്രാദേശികപാര്‍ട്ടികളായാല്‍ പോലും അവയുടെ രാഷ്ട്രീയാസ്ഥിത്വം അംഗീകരിക്കാനും അവര്‍ക്ക് ഇടം കൊടുക്കാനും കോണ്‍ഗ്രസ് സന്നദ്ധമാകുന്നുവെന്നത് വലിയൊരു മാറ്റം തന്നെയാണ്. 'ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി' എന്ന വിശേഷണത്തില്‍ മതിമറന്നിരുന്ന കാലമൊക്കെ പോയി എന്ന് കോണ്‍ഗ്രസ്  ദേശീയ നേതൃത്വം മനസിലാക്കുന്നുണ്ട്. യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയുന്നുണ്ട്. എന്നാല്‍ തിരിച്ചറിയുന്നതിനപ്പുറം  എന്തു ചെയ്യുന്നുവെന്നത് ചോദ്യചിഹ്നമായി നില്‍ക്കുകയാണ്.

രാഹുല്‍ഗാന്ധി എന്ന  നക്ഷത്രത്തിന് ചുറ്റുമുള്ള ഏക ഭ്രമണപഥത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി കറങ്ങിക്കൊണ്ടിരിക്കുന്നത്. 28 സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് ഒരു നേതാവേയുള്ളൂ, അതു രാഹുല്‍ഗാന്ധി മാത്രമാണ്. പണ്ഡിറ്റ് നെഹ്റുവിന്റെ കാലം മുതല്‍ കോണ്‍ഗ്രസിന്റെ ശക്തിയെന്നത് അതിശക്തരായ പ്രാദേശിക നേതാക്കളായിരുന്നു. ഇന്ദിരയുടെയും രാജീവിന്റെയും കാലത്തും ആ
'നാട്ടുരാജാക്കന്‍മ്മാരുടെ' സ്വാധീനം കോണ്‍ഗ്രസില്‍ തുടര്‍ന്നിരുന്നു. കേരളത്തില്‍ ആന്റണി- കരുണാകര്‍, തമിഴ്നാട്ടില്‍ ജികെ മൂപ്പനാര്‍- വാഴപ്പാട് രാമമൂര്‍ത്തി, കര്‍ണ്ണാടകത്തില്‍ ദേവരാജഅരശ്, ഗുണ്ടുറാവു, വീരേന്ദ്രപാട്ടില്‍, ആന്ധ്രയില്‍ ചെന്നറെഡ്ഡി വിജയഭാസ്‌കരറെഡ്ഡി, മഹാരാഷ്ട്രയില്‍ ചവാന്‍- ആന്തുലേ - വസന്തറാവുപാട്ടില്‍, മധ്യപ്രദേശില്‍ അര്‍ജ്ജുന്‍സിങ്- വി സി ശുക്ള, ഉത്തര്‍പ്രദേശില്‍ കമലാപതി ത്രിപാഠി, നാരായണ്‍ ദത്ത് തിവാരി, വി പി സിങ് ഇവരെല്ലാം വലിയ ജനകീയ നേതാക്കളായിരുന്നു. ഇവരുടെ കൈപ്പിടിയില്‍ കോണ്‍ഗ്രസ് ഒതുങ്ങിനിന്ന കാലത്താണ്  വലിയ തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ ഈ സംസ്ഥാനങ്ങളിലൊക്കെ കോണ്‍ഗ്രസിനുണ്ടായിരുന്നത്. എന്നാല്‍ ശക്തരായ പ്രാദേശിക നേതാക്കളുടെ അഭാവം ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നന്നായി ബാധിക്കുന്നുണ്ട്.

REPRESENTATIVE IMAGE | WIKI COMMONS
പ്രാദേശിക നേതാക്കളെ വിലപേശല്‍ ശക്തിയുള്ളവരാക്കിമാറ്റിയാല്‍ അവര്‍ ഹൈക്കമാന്‍മാഡിനെ ചോദ്യം ചെയ്യുമെന്ന ഭയം മൂലമാണ് അത്തരം നേതാക്കളെ വളര്‍ത്തിയെടുക്കുന്ന  കാര്യത്തില്‍  കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിമുഖത കാണിക്കുന്നതെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്. നെഹ്റുവിനും, ഇന്ദിരക്കും രാജീവിനും ഈ പ്രദേശിക നേതാക്കളുടെ വിലപേശലിനെ കൈകാര്യം ചെയ്യാനുള്ള  കഴിവും ജനപിന്തുണയുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ നേതൃത്വത്തിന് അതില്ല, മാത്രമല്ല പ്രമുഖരായ പ്രാദേശിക നേതാക്കളെ ബിജെപി നോട്ടമിടുകയും എന്ത് വിലകൊടുത്തും മറുകണ്ടം ചാടിക്കുകയും ചെയ്യും. അതുകൊണ്ട് അക്കാര്യത്തില്‍ 'റിസ്‌ക്' എടുക്കേണ്ട എന്നതാണ് നെഹ്‌റു കുടുംബത്തിന്റെ നയമെന്ന് തോന്നുന്നു.

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റിന്റെ തിളക്കത്തില്‍ അല്‍പ്പമൊന്ന് തലപൊക്കാന്‍ കഴിഞ്ഞെങ്കിലും പിന്നീട് നടന്ന മഹാരാഷ്ട്ര, ഹരിയാന, അവസാനം നടന്ന ഡല്‍ഹി തിരഞ്ഞെടുപ്പുകളിലൊക്കെ കോണ്‍ഗ്രസിന് വലിയ തിരച്ചിടിയേറ്റു. ഈ ആഘാതത്തില്‍ നിന്നും മുക്തിനേടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. 2025 അവസാനത്തോടെ ബീഹാറിലും, 2026 ആദ്യപാദത്തില്‍ കേരളത്തിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.  ഇതില്‍ കേരളത്തില്‍ മാത്രമാണ് പാര്‍ട്ടിക്ക് എന്തെങ്കിലും പ്രതീക്ഷയ്ക്ക് വകയുള്ളത്. അതിജീവനം തന്നെയാണ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ ഏറ്റവും വലിയ പ്രതിസന്ധി. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് ഇന്ത്യയില്‍ ഇനി എത്ര കണ്ട് മുന്നോട്ടുപോകാന്‍ കഴിയുമെന്നത് മില്യണ്‍ ഡോളര്‍ ചോദ്യമായി അവശേഷിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നിലനിര്‍ത്താന്‍ കഴിയാത്തത് എന്തുകൊണ്ട് എന്നതിനെക്കുറിച്ചൊരു ആത്മപരിശോധന നടത്തേണ്ടസമയം കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അതിക്രമിച്ചുകഴിഞ്ഞു. എന്നാല്‍, ആ വഴിക്കുള്ള ചര്‍ച്ചകളൊന്നും ഈ സമ്മേളനത്തില്‍ ഇതുവരെയുണ്ടായിട്ടില്ല.

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം  രാഹുല്‍ഗാന്ധിയുടെ നേതൃത്വം ചോദ്യം ചെയ്യപ്പെടാനാകാത്തതാണെന്നും മോഡിക്ക് ബദല്‍ രാഹുല്‍ എന്നതു തന്നെയാണ് കോണ്‍ഗ്രസ് മുന്നോട്ടുവയ്കുന്ന രാഷ്ട്രീയമെന്നും ( ഇന്ത്യാസഖ്യത്തിന്റെ നിലനില്‍പ്പിന് വേണ്ടി  ആ നിലപാടില്‍ വെളളം ചേര്‍ക്കാന്‍ തയ്യാറാണെങ്കിലും)  അഹമ്മദാബാദ് എഐസിസി സമ്മേളനം അസന്നിഗ്ധമായി പ്രഖ്യാപിക്കും.

Anti-Dalit mindset': Rahul Gandhi slams BJP amid 'temple purification' rowരാഹുല്‍ഗാന്ധി | PHOTO: WIKI COMMONS
പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേരിടുന്ന വലിയ പ്രതിസന്ധി എന്നത് പാര്‍ട്ടിയുടെ വോട്ട് ശതമാനത്തിലുള്ള വലിയ ഇടിവാണ്. 2025 ലെ ഗുജറാത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വോട്ട് ശതമാനം ഒറ്റ അക്കത്തിലൊതുങ്ങിയത് പാര്‍ട്ടി നേതൃത്വത്തെ അമ്പരപ്പിച്ചു. മഹാരാഷ്ട്രയിലും സീറ്റുകള്‍ കുറഞ്ഞ പോലെ തന്നെ  വോട്ട് ശതമാനവും താഴുന്നു. ഒറീസ പോലുള്ള സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഈ പ്രതിസന്ധിയെ നേരിടുന്നുണ്ട്. കുറഞ്ഞുവരുന്ന വോട്ട് ബേയ്‌സ് കുറഞ്ഞുവരുന്ന രാഷ്ട്രീയ പ്രാധാന്യത്തെയാണ് കാണിക്കുന്നത്. കോണ്‍ഗ്രസിന് ഇന്ത്യയില്‍ പ്രസക്തിയില്ലേ എന്ന  അപകടകരമായ ചോദ്യത്തിനെയാണ് പാര്‍ട്ടി ഇപ്പോള്‍ നേരിടുന്നത്.

കോണ്‍ഗ്രസിനെ ഇപ്പോഴും വോട്ടര്‍മാര്‍ സംശയത്തോടെ വീക്ഷിക്കുന്നത് എന്തുകൊണ്ട്? ബിജെപിക്കെതിരെ ഒരു ബദല്‍ എന്ന സങ്കല്‍പ്പത്തെപ്പോലും ഹിന്ദി ഹൃദയ ഭൂമിയിലെ വോട്ടര്‍മാര്‍ തള്ളിക്കളയുന്നതെന്ത് കൊണ്ട്? ഈ ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്താനുള്ള ശ്രമം അഹമ്മദാബാദ് എഐസിസിയിയിലുണ്ടാകുമോ? സാധ്യതയില്ലെന്ന് തന്നെയാണ് ഉത്തരം.

ഒരു കാലത്ത് ദേശീയ വികാരം എന്നത് കോണ്‍ഗ്രസിന്റെ കുത്തകയായിരുന്നു. ഇന്ദിരാഗാന്ധിയൊക്കെ അത് നന്നായി ഉപയോഗിക്കുകയും ചെയ്തു. ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകളുടെ കാലത്ത് ദേശീയത എന്ന സങ്കല്‍പ്പത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. അതിന് പകരം സാമൂഹിക വികസന പദ്ധതികളിലാണ് കോണ്‍ഗ്രസ് ശ്രദ്ധയൂന്നിയത്. ദേശീയതയെ കോണ്‍ഗ്രസ് കൈവിട്ടപ്പോള്‍ ബിജെപി അക്രമണോല്‍സുകയമായ രീതിയില്‍ അതിനെ ഏറ്റെടുത്തു. ഇവിടെയാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയം പാളിയത്. ബിജെപിയുടെ ഈ ദേശീയതയെ നേരിടാന്‍ എന്താണ് കോണ്‍ഗ്രസിന്റെ കയ്യിലുള്ളതെന്നചോദ്യം അഹമ്മദാബാദില്‍ നിന്നുയരുമോ? കോണ്‍ഗ്രസ് പോലുള്ള ഒരു പാര്‍ട്ടിയുടെ സമ്മേളനത്തില്‍ നിന്നും എല്ലാത്തിനുമുള്ള ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നത് അബദ്ധമാണ്.





#outlook
Leave a comment