TMJ
searchnav-menu
post-thumbnail

Outlook

സിഎഎ യില്‍ മൗനവുമായി കോണ്‍ഗ്രസ്സ് മാനിഫെസ്റ്റോ

06 Apr 2024   |   2 min Read
K P Sethunath

വോട്ടെടുപ്പിന്റെ കാലങ്ങളിലെ അനുഷ്ഠാനമെന്നതിനുപരി തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോകള്‍ക്ക് രാഷ്ട്രീയ കക്ഷികള്‍ പൊതുവെ വലിയ വില കല്‍പ്പിക്കാറില്ല. ബിജെപി നേതാവാണെങ്കിലും അത്യാവശം നര്‍മ്മബോധം ഇപ്പോഴും ബാക്കിയുള്ള പിഎസ് ശ്രീധരന്‍ പിള്ള അടുത്തകാലത്ത് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം അക്കാര്യം പറയുകയും ചെയ്തു. മാനിഫെസ്റ്റോകളില്‍ പറയുന്ന കാര്യങ്ങള്‍ ആരെങ്കിലും ഗൗരവത്തിലെടുക്കുമോയെന്നായിരുന്നു അദ്ദേഹത്തിന്റെ സരസഭാഷണം. ഗവര്‍ണര്‍ പദവിയില്‍ നിന്നും അടുത്തൂൺപറ്റാന്‍ വര്‍ഷങ്ങള്‍ ഇനിയും ബാക്കിയുള്ള ഹിസ് എക്സലന്‍സി പിള്ളയ്ക്ക് അങ്ങനെ പലതും പറയാം. പക്ഷേ, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ സ്ഥിതി അതല്ല. അത്തരം തുറന്നുപറച്ചിലുകള്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ക്ക് ചിലപ്പോള്‍ ഇടയാക്കും. വെള്ളിയാഴ്ച്ച പുറത്തിറക്കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയെ ചൊല്ലിയുള്ള പുകിലുകള്‍ അതിന്റെ നല്ല ഉദാഹരണമാണ്. 48 പേജുകളിലായി നിറഞ്ഞുനില്‍ക്കുന്ന മാനിഫെസ്റ്റോയില്‍ സിഎഎ അഥവാ പൗരത്വ നിയമ ഭേദഗതിയെപ്പറ്റി ഒരു വാക്കുപോലുമില്ലെന്ന കാര്യം നിമിഷങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ വൈറലായി. ഈ വിഷയം ഇത്രയധികം ആവേശത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്ന ഇടം ഒരുപക്ഷേ, കേരളം മാത്രമാവും. ദേശീയതലത്തില്‍ ഈ വിഷയം ഏറ്റെടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സ് വിമുഖത പുലര്‍ത്തിയെന്ന കാര്യം പരസ്യമായ രഹസ്യമാണ്.

REPRESENTATIVE IMAGE | WIKI COMMONS
സിഎഎ വിഷയത്തില്‍ മൗനം പുലര്‍ത്തുന്നതാണ് അഭികാമ്യമെന്നായിരുന്നു ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും അടവുകളും രൂപീകരിക്കുന്ന വിദഗ്ധരുടെ അഭിപ്രായം. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം തീവ്രമാക്കുന്നതിനുവേണ്ടി ബിജെപി ബോധപൂര്‍വ്വം ഒരുക്കിയ കെണിയാണ് സിഎഎ നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത നടപടിയെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. അതിനാല്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസ്സ് ഫോക്കസ് ചെയ്യേണ്ടതില്ല എന്നായിരുന്നു അടവുകളും തന്ത്രങ്ങളും രൂപീകരിക്കുന്നവരുടെ നിഗമനം. സിഎഎ വിഷയത്തില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ പുലര്‍ത്തുന്ന അര്‍ത്ഥഗര്‍ഭമായ മൗനത്തിന്റെ പിന്നിലെ രഹസ്യം മേല്‍പ്പറഞ്ഞ വിശകലന വിശാരദരുടെ ഈ ഉപദേശമായിരുന്നു. എന്നാല്‍ 2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ ഈ ഉപദേശത്തെ നീതികരിക്കുമോയെന്ന ചോദ്യം കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളും അവരുടെ സഖ്യകക്ഷികളും അഭിമുഖീകരിക്കേണ്ടിവരും. 2019-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് കിട്ടിയ 52 ലേക്‌സഭ സീറ്റുകളില്‍ 16-ഉം കേരളത്തില്‍ നിന്നായിരുന്നു. അതായത് കോണ്‍ഗ്രസ്സിന് കിട്ടിയ സീറ്റുകളുടെ 31 ശതമാനവും കേരളത്തില്‍ നിന്നായിരുന്നു. സംസ്ഥാനത്തെ ജനസംഖ്യയുടെ 46 ശതമാനത്തിലധികം വരുന്ന മുസ്ലീം-ക്രിസ്ത്യന്‍ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഭാഗത്തു നിന്നും ഐക്യജനാധിപത്യ മുന്നണിക്ക് അനുകൂലമായുണ്ടായ അസാധാരണമായ ധ്രുവീകരണമായിരുന്നു കോണ്‍ഗ്രസ്സിന്റെയും സഖ്യകക്ഷികളുടെയും വിജയത്തിന്റെ ഒരു സുപ്രധാന കാരണം. ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിന്റെ അടവുകളും തന്ത്രങ്ങളും മെനയുന്നവര്‍ അത്തരമൊരു ഘടകത്തെ അവഗണിച്ചുവെന്നാണ് സിഎഎ വിഷയത്തില്‍ പുലര്‍ത്തിയ മൗനത്തില്‍ തെളിയുന്നത്. കോണ്‍ഗ്രസ്സിന് ഏറ്റവുമധികം സീറ്റുകള്‍ നല്‍കിയ കേരളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന രാഷ്ട്രീയ വിഷയങ്ങളിലൊന്നാണ് സിഎഎ എന്ന കാര്യം മേല്‍പ്പറഞ്ഞ വിദഗ്ധരുടെ ടെംപ്ലേറ്റില്‍ വേണ്ടതുപോലെ തെളിഞ്ഞില്ല. അതോടെ സിഎഎ മാനിഫെസ്റ്റോയില്‍ നിന്നും പുറത്തായി.

REPRESENTATIVE IMAGE |  WIKI COMMONS
കോണ്‍ഗ്രസ്സും അതിന്റെ സഖ്യകക്ഷികളും കേരളത്തില്‍ ഈ വിഷയത്തില്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പിണറായി വിരുദ്ധതയെന്ന ടെംപ്ലേറ്റില്‍ കേരളത്തിലെ പ്രചാരണം പ്രധാനമായും കേന്ദ്രീകരിക്കുന്ന കോണ്‍ഗ്രസ്സും ഐക്യ ജനാധിപത്യ മുന്നണിയും സിഎഎ വിഷയത്തില്‍ മാനിഫെസ്റ്റോ പുലര്‍ത്തുന്ന നിശ്ശബ്ദതയെ ന്യായീകരിക്കുവാന്‍ പറ്റിയ നറേറ്റീവുകള്‍ നിര്‍മ്മിക്കുവാന്‍ നിര്‍ബന്ധിതമാകും. മുസ്ലീം ന്യൂനപക്ഷങ്ങളില്‍ അനാവശ്യമായ ഭീതിയുണ്ടാക്കുന്ന പ്രവര്‍ത്തനമാണ് സിഎഎ വിഷയത്തില്‍ സിപിഎം-നടത്തുന്നതെന്ന ഒരു നറേറ്റീവ് ഇപ്പോള്‍ തന്നെ വ്യാപകമായി അന്തരീക്ഷത്തിലുണ്ട്. വരാനിരിക്കുന്ന നാളുകളില്‍ അതും സമാനമായ മറ്റുള്ള ആഖ്യാനങ്ങളുടെയും തീവ്രത കൂടുതല്‍ വ്യാപകമാവുമെന്ന് കരുതാവുന്നതാണ്.

സിഎഎ യുടെ കാര്യത്തിലെ നിശ്ശബ്ദത ഒഴിവാക്കിയാല്‍ കോണ്‍ഗ്രസ്സിന്റെ പ്രകടനപത്രികയില്‍ അസാധാരണമായ വാഗ്ദാനങ്ങളൊന്നും കാണാനില്ല. ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന സാഹചര്യം ഇല്ലാതാക്കുമെന്നും അത്തരം സാഹചര്യങ്ങളെ സഹായിക്കുന്ന നിയമങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കുമെന്നും പറയുന്നതല്ലാതെ കൃത്യതയോടെ അവയെ അടയാളപ്പെടുത്തുന്ന സമീപനം മാനിഫെസ്റ്റോയില്‍ കാണാനാവില്ല. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങളുടെയും സംവരണത്തിന്റെ പരിധി 50 ശതമാനമായി നിജപ്പെടുത്തുന്ന ഇപ്പോഴത്തെ സ്ഥിതി അവസാനിപ്പിക്കുന്നതിനായി ഭരണഘടന ഭേദഗതി നടപ്പിലാക്കുമെന്നതാണ് ഒരു പ്രധാന വാഗ്ദാനം. ജാതി സെന്‍സസ് നടത്തുമെന്ന വാഗ്ദാനവും മാനിഫെസ്റ്റോ മുന്നോട്ടുവയ്ക്കുന്നു. കോണ്‍ഗ്രസ്സ് നല്‍കുന്ന വാഗ്ദാനങ്ങളെക്കാള്‍ കേരളത്തിലെ തെരഞ്ഞെടുപ്പിലും ബന്ധപ്പെട്ട രാഷ്ട്രീയ ചര്‍ച്ചകളിലും സജീവമാവുക മാനിഫെസ്റ്റോയില്‍ ഇടംപിടിക്കാതെ പോയ വിഷയങ്ങളാവുമെന്ന് കരുതിയാല്‍ അതില്‍ പ്രഥമസ്ഥാനം സിഎഎ ക്കായിരിക്കുമെന്നും സംശയിക്കേണ്ടതില്ല.




#outlook
Leave a comment