
അന്‍വറിനെ തള്ളാനും കൊള്ളാനും വയ്യാതെ കോണ്‍ഗ്രസ്
രണ്ടുമുന്നണികളും ആഗ്രഹിക്കാതെ കടന്നുവന്നതാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളെല്ലാം നടന്നത് കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളിലായിരുന്നു. പിടിച്ചെടുത്താല്‍ ലാഭം, തോറ്റാലും നഷ്ടമൊന്നുമില്ല ഇതായിരുന്നു കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളെ സംബന്ധിച്ചിടത്തോളം ഇടതുമുന്നണിയുടെ മനോഭാവം. കോണ്‍ഗ്രസിനാണെങ്കില്‍ മൂന്നും ഏറെക്കുറെ ഉറപ്പുള്ള സീറ്റുകള്‍. മാധ്യമ കിടമത്സരങ്ങളിലൂടെ ചിത്രീകരിക്കപ്പെട്ട തീവ്രതയൊന്നും ഈ മൂന്ന് ഉപതിരഞ്ഞെടുപ്പിലും ഉണ്ടായിരുന്നില്ലെന്നതായിരുന്നു യാഥാര്‍ത്ഥ്യം. പാലക്കാട് മാത്രമായിരുന്നു ചെറിയൊരപവാദം. എന്നാല്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അങ്ങിനെയല്ല, 2016ലും 2021ലും പി വി അന്‍വറിലൂടെ ഇടതിന് ലഭിച്ച സീറ്റ് അന്‍വറിന്റെ തന്നെ രാജിയിലൂടെ ഒഴിവുവരികയായിരുന്നു. അന്‍വറിന്റെ രാജിയാകട്ടെ സിപിഎമ്മിനും ഇടതുമുന്നണിക്കും മേല്‍ കനത്ത ആഘാതമേല്‍പ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതുമായിരുന്നു. അതിബുദ്ധിമാനായ ബിസിനസുകാരനും മുന്‍ കോണ്‍ഗ്രസുകാരനും സര്‍വ്വോപരി പിണറായിയുടെ വിശ്വസ്തനുമായിരുന്ന പി വി അന്‍വര്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ തിരിഞ്ഞതിന് പിന്നില്‍ കേവലം രാഷ്ട്രീയമായ കാരണങ്ങളാണെന്ന് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള ആരും കരുതുന്നില്ല. എന്തായിരുന്നു അന്‍വര്‍ പിണറായിയുമായി വഴിപിരിയാനുള്ള കാരണം? എല്ലാവര്‍ക്കുമറിയാമെങ്കിലും അതാരും പറയില്ല എന്നതാണ് കേരളരാഷ്ട്രീയത്തിലെ കൗതുകകരമായ ഒരേട്.
പി വി അന്‍വറും പിണറായി വിജയനും | PHOTO : WIKI COMMONS
ഉപതിരഞ്ഞെടുപ്പിലേക്ക് തിരിച്ചുവരാം. സര്‍ക്കാരിനും സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ആരോപണശരമാരി വര്‍ഷിച്ചുകൊണ്ടാണ് എംഎല്‍എ സ്ഥാനം അന്‍വര്‍ രാജിവച്ചത്. ആര്‍എസ്എസ് ബന്ധം മുതല്‍ അഴിമതിയാരോപണങ്ങള്‍ വരെ അതിലുണ്ടായിരുന്നു. പ്രതിപക്ഷമായ യുഡിഎഫിനും കോണ്‍ഗ്രസിനും മികച്ച ആയുധമായിരുന്നു പി വി അന്‍വറിന്റെ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വരെ പിണറായിവിജയന്റെ വിശ്വസ്തന്റെ റോളിലായിരുന്ന, രാഹുല്‍ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്നുവരെയുള്ള വിവാദ പ്രസ്താവന നടത്തിയ പി വി അന്‍വര്‍ പെട്ടെന്നായിരുന്നു സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും കണ്ണിലെ കരടായത്. അതിന് ശേഷം സിപിഎം സ്വതന്ത്ര എംഎല്‍എയായി തുടരുന്നത് അത്ര സുഖകരമല്ലെന്ന് മനസിലാക്കിയ അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചുകൊണ്ട് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും കനത്ത ആഘാതമേല്‍പ്പിക്കാനാണ് ശ്രമിച്ചത്.
സിപിഎമ്മിനും മുഖ്യമന്ത്രിക്കും കനത്ത ആഘാതമൊന്നുമായില്ലെങ്കിലും കോണ്‍ഗ്രസിനും യുഡിഎഫിനും അന്‍വര്‍-പിണറായി വഴിപിരിയല്‍ ലോട്ടറി അടിച്ചപോലെയായി. കാരണം മറ്റൊന്നുമല്ല, പിണറായി വിജയനും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരും തമ്മിലുണ്ടെന്നാരോപിക്കുന്ന അന്തര്‍ധാരയെക്കുറിച്ച് 2016 മുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നതാണ്. എന്നാല്‍ അതിനൊന്നും വിശ്വാസ്യത നേടിയെടുക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ പിണറായി- ആര്‍എസ്എസ് ബന്ധമെന്ന ആരോപണം പി വി അൻവർ ഉയര്‍ത്തിയപ്പോള്‍ മുസ്ലിം ന്യുനപക്ഷത്തിനിടയില്‍ അത് വലിയ തോതില്‍ പ്രതിഫലനം സൃഷ്ടിച്ചു. എഡിജിപി അജിത്കുമാര്‍ ആര്‍എസ്എസ് സർകാര്യവാഹക് ദത്താത്രേയ ഹൊസബാളയെ സന്ദര്‍ശിച്ച സംഭവം പുറത്തുവന്നതോടെ പിണറായി-ആര്‍എസ്എസ് ബന്ധമെന്ന ആരോപണത്തിന് ശക്തികൂടി. കഴിഞ്ഞ രണ്ട് തിരെഞ്ഞെടുപ്പുകളിലും സിപിഎമ്മിന് ആവോളം ലഭിച്ച മുസ്ലിം പിന്തുണ പതിയെ കുറഞ്ഞുവരാന്‍ തുടങ്ങി. അപകടം മനസിലാക്കിയ സിപിഎമ്മാകട്ടെ ഹിന്ദുപാര്‍ട്ടിയെന്ന പഴയ ലേബലിലേക്ക് കളം മാറാന്‍ തിരുമാനിച്ചു.
എഡിജിപി അജിത്കുമാര്‍ | PHOTO : WIKI COMMONS
പി വി അന്‍വര്‍ യുഡിഎഫിനെ പിന്തുണക്കാന്‍ തിരുമാനിച്ചത് ഒന്നും കാണാതെയല്ല. പിണറായിയെ പിന്തുണച്ചാലും സതീശനെ പിന്തുണച്ചാലും അന്‍വറിന് അതില്‍ ഒരു കച്ചവടക്കണ്ണുണ്ടാകും. ഒരു ഘടകകക്ഷിയായി യുഡിഎഫില്‍ കയറിപ്പറ്റുക എന്ന ലക്ഷ്യം അന്‍വറിനുണ്ട്. 2021ല്‍ പിണറായി വിജയന് ഭരണത്തുടര്‍ച്ച ലഭിച്ചപ്പോള്‍ മന്ത്രിസ്ഥാനം അന്‍വര്‍ ആഗ്രഹിച്ചിരുന്നു, എന്നാല്‍ അന്‍വറിനെ നന്നായി അറിയാവുന്ന പിണറായി, മുന്‍ കോണ്‍ഗ്രസുകാരന്‍ കൂടിയായ വി അബ്ദുള്‍ റഹിമാനെയാണ് മന്ത്രിയാക്കിയത്. അവിടം മുതല്‍ അന്‍വര്‍ തെറ്റിത്തുടങ്ങിയിരുന്നു.
ഡിഎംകെ അഥവാ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്ന പാര്‍ട്ടിയുമായി കളം പിടിക്കാന്‍ പി വി അൻവർ ശ്രമിച്ചങ്കിലും നടക്കുന്നകാര്യമല്ലെന്ന് പെട്ടെന്ന് തന്നെ അൻവറിന് ബോധ്യമായി. പിന്നീടാണ് തൃണമൂല്‍ കോണ്‍ഗ്രസിലേക്കു ചേക്കേറിയത്. നിലമ്പൂരില്‍ അന്‍വറിന്റെ വലിയ എതിരാളി 2016ല്‍ അദ്ദേഹത്തോട് തോറ്റ ആര്യാടന്‍ ഷൗക്കത്താണ്. ഷൗക്കത്തിന്റെ പിതാവ് ആര്യാടന്‍ മുഹമ്മദിനോടുള്ള എതിര്‍പ്പാണ് പി വി അന്‍വറിനെയും വി അബ്ദുള്‍ റഹിമാനെയും പോലുള്ളവരെ കോണ്‍ഗ്രസില്‍ നിന്നും ഇടതിലെത്തിച്ചത്. ആര്യാടന്‍ മുഹമ്മദ് ജീവിച്ചിരിക്കുന്ന കാലത്തോളം മലപ്പുറം ജില്ലയില്‍ മുസ്ലിം സമുദായത്തില്‍ നിന്നും ഒരു കോണ്‍ഗ്രസ് നേതാവ് ഉയര്‍ന്നുവരില്ലെന്ന് അദ്ദേഹം ഉറപ്പ് വരുത്തിയിരുന്നു. മലപ്പുറത്ത് കോണ്‍ഗ്രസിനെ കുളിപ്പിച്ച് കിടത്തിയതിന്റെ ക്രെഡിറ്റ് ആര്യാടന് അവകാശപ്പെട്ടതാണ്. അതേസമയം മുസ്ലിം ലീഗിനെ നിരന്തരം വെല്ലുവിളിച്ച് അദ്ദേഹം കോണ്‍ഗ്രസിലെ മതേതരനേതാവായി തിളങ്ങുകയും ചെയ്തു. മുസ്ലിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയാല്‍ ഉമ്മന്‍ചാണ്ടി കേരളത്തില അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരിക്കുമെന്ന് പ്രവചനാത്മകമായി മുന്നറിയിപ്പ് നല്‍കിയ നേതാവ് കൂടിയാണ് ആര്യാടന്‍.
ആര്യാടന്‍ മുഹമ്മദ് | PHOTO : WIKI COMMONS
ആര്യാടന്‍ ഷൗക്കത്തിന് സീറ്റുനല്‍കുകയും അദ്ദേഹം അവിടെ വിജയിക്കുകയും ചെയ്താല്‍ പിന്നെ പി വി അന്‍വറിന് മലപ്പുറം ജില്ലയില്‍ പണിയൊന്നുമുണ്ടാകില്ല. എന്നാല്‍ വി എസ് ജോയിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നതും ജയിക്കുന്നതുമെങ്കില്‍ ആ സീറ്റ് അന്‍വറിന് പിന്നീട് തിരിച്ചെടുക്കാന്‍ എളുപ്പമാണ്. നിലമ്പൂരിലെ എംഎല്‍എ പണി രാജിവയ്ക്കുന്ന വേളയില്‍ തന്നെ വി എസ് ജോയിയെ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് അന്‍വര്‍ വാദിച്ചതിന്റെ ഗുട്ടന്‍സിതാണ്. അതോടൊപ്പം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി തന്നെ പിന്തുണക്കാന്‍ നിര്‍ബന്ധിതമാക്കുക എന്ന തന്ത്രവും അന്‍വര്‍ പ്രയോഗിച്ചു. നിലമ്പൂര്‍ സീറ്റ് പിടിക്കേണ്ടത് സിപിഎമ്മിന്റെയല്ല കോണ്‍ഗ്രസിന്റെ ജീവന്മരണപ്രശ്‌നമാണെന്ന് അന്‍വറിന് നന്നായി അറിയാം. ഒരു വെടിക്ക് രണ്ടുപക്ഷിയെന്ന പോലെ ആര്യാടന്‍ ഷൗക്കത്തിനെ നിലമ്പൂരില്‍ നിന്നും എന്നെന്നേക്കുമായി അകറ്റാം. അതോടൊപ്പം കോണ്‍ഗ്രസിനും യുഡിഎഫിനും അവഗണിക്കാന്‍ വയ്യാത്ത സാന്നിധ്യമായി അൻവർ മാറുകയും ചെയ്യും.
എന്നാല്‍, പി വി അന്‍വറിന്റെ നീക്കങ്ങളെ ആദ്യമേ സംശയത്തോടെ വീക്ഷിച്ചിരുന്ന മുസ്ലിം ലീഗ് അല്‍പ്പമൊന്നു കടുപ്പിക്കാന്‍ തുടങ്ങി. മലപ്പുറത്ത് മുസ്ലിം രാഷ്ട്രീയം കളിക്കാന്‍ ദൈവം തിരഞ്ഞെടുത്ത പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്നും, മറ്റാര് അതിന് ശ്രമിച്ചാലും ലീഗ് അവരെ ചുരുട്ടിക്കൂട്ടി മൂലക്കിടുമെന്നതും ഒരു പ്രപഞ്ച സത്യമാണ്. പിണറായി വിജയനെതിരെ ആര്‍എസ്എസ് ആരോപണവുമായി പി വി അന്‍വര്‍ രംഗത്തുവന്നതും, അതിന് വലിയ മാധ്യമശ്രദ്ധയും പൊതുജനശ്രദ്ധയും ലഭിച്ചത് ലീഗിനെ തെല്ലൊന്ന് അങ്കലാപ്പിലാക്കിയിരുന്നു. പിണറായിക്കെതിരെ ഇത്രയും കടുത്ത നിലപാട് അന്‍വര്‍ കൈക്കൊള്ളുമെന്നും, അതിന് ലീഗ് അണികളില്‍ നിന്നടക്കം പിന്തുണ ലഭിക്കുമെന്നും ആ പാര്‍ട്ടി പ്രതീക്ഷിച്ചില്ല. അന്‍വറിന്റെ മുസ്ലിം രാഷ്ട്രീയം മലപ്പുറത്ത് തങ്ങളുടെ അടിവേരിളക്കുമോ എന്ന് ഭയന്ന മുസ്ലിം ലീഗ് പതിയെ ആര്യാടന്‍ ഷൗക്കത്തിനെ കളത്തിലിറക്കാന്‍ ശ്രമിച്ചു. നിലമ്പൂരില്‍ ഒരു ക്രിസ്ത്യന്‍ സ്ഥാനാർത്ഥി വരുന്നതിനെക്കാള്‍ നല്ലത് ആര്യാടന്‍ ഷൗക്കത്ത് തന്നെയാണെന്ന നിഗമനത്തില്‍ ലീഗ് എത്തുകയും, അത് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.
ആര്യാടന്‍ ഷൗക്കത്ത് | PHOTO : WIKI COMMONS
താന്‍ അനിവാര്യനാണെന്ന് കോണ്‍ഗ്രസിനെ ബോധ്യപ്പെടുത്താനുള്ള നീക്കങ്ങളാണ് അന്‍വര്‍ നടത്തുന്നത്. എന്നാല്‍ കോണ്‍ഗ്രസാകട്ടെ ചെകുത്താനും കടലിനും നടുക്കാണ്. അന്‍വര്‍ പറയുന്നത് കേട്ടു വി എസ് ജോയിയെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയാല്‍ ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി അവതരിക്കുമോ എന്ന ഭയം കോണ്‍ഗ്രസിന് നന്നായുണ്ട്. അങ്ങിനെ സംഭവിച്ചാല്‍ പിന്നെ കോണ്‍ഗ്രസ് നേതാക്കളെല്ലാം തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും. അന്‍വറിനെ തള്ളാനും കൊള്ളാനും വയ്യാത്ത നിലയിലാണ് കോണ്‍ഗ്രസ്. തൃണമൂല്‍ കോണ്‍ഗ്രസുമായി അൻവർ വരുന്നത് ഒരു കീറാമൂട്ടിയായിരിക്കുകയാണ്.
സിപിഎമ്മിനല്ല, കോണ്‍ഗ്രസിനാണ് പി വി അന്‍വര്‍ ഇപ്പോള്‍ തലവേദനയായിരിക്കുന്നത്. ചാടിക്കയറി അന്‍വറിനെ എടുത്ത് തലയില്‍ വയ്ക്കാൻ ആ പാര്‍ട്ടി മടിക്കുന്നതും അതുകൊണ്ടാണ്. മീനുള്ള കുളത്തിലെ അന്‍വറിനെപ്പോലുള്ള ബുദ്ധിമാനായ വീശുകാരന്‍ വലയെറിയൂ. കോണ്‍ഗ്രസിന് അത് നന്നായി അറിയാം. പക്ഷെ നിലമ്പൂര്‍ കൈവിടുന്ന കാര്യം ഇപ്പോഴുള്ളവർക്ക് ആലോചിക്കാനേ വയ്യ. അത് തന്നെയാണ് അന്‍വറിന്റെ ഏറ്റവും വലിയ പിടിവള്ളിയും.


