TMJ
searchnav-menu
post-thumbnail

Outlook

കോൺഗ്രസ് പ്രവർത്തക സമിതി : നേട്ടം, പരിമിതി, പ്രതിസന്ധി

23 Aug 2023   |   4 min Read
ടി ജെ ശ്രീലാൽ

കോൺഗ്രസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട്, പത്ത് മാസം കഴിഞ്ഞ ശേഷമാണ് മല്ലികാർജ്ജുൻ ഖർഗെ പ്രവർത്തക സമിതി പ്രഖ്യാപിച്ചത്. പ്രവർത്തക സമിതി അംഗങ്ങളെ പ്രഖ്യാപിക്കാനായത് തന്നെ വലിയ നേട്ടം എന്നാകും ഖർഗെയും കോൺഗ്രസിന്റെ ഡൽഹി നേതൃത്വവും ആശ്വസിക്കുന്നത്. ഇങ്ങനെ ആശ്വാസം കണ്ടെത്തുന്ന നടപടികളാണ് പാർട്ടിയെ ഇന്നത്തെ നിലയിൽ എത്തിച്ചത്. 23 ൽ നിന്ന് അംഗങ്ങളുടെ എണ്ണം 35 ആക്കിയിട്ടും പ്രവർത്തക സമിതിക്ക് പുതിയ മുഖം നൽകാൻ പുതിയ പ്രസിഡണ്ടിനായില്ല എന്നതാണ് വാസ്തവം. പുതിയ സമിതിയിലെ മുപ്പത്തിഅഞ്ചിൽ ഇരുപത്തിഅഞ്ചു പേരും പഴയ മുഖങ്ങൾ തന്നെയാണ് എന്നതു തന്നെ കാര്യം. മല്ലികാർജ്ജുൻ ഖർഗെയുടെ തിരഞ്ഞെടുപ്പ് അംഗീകരിക്കാൻ റായ്പൂരിൽ ചേർന്ന പ്ളീനറി സമ്മേളനത്തിൽ പിന്നാക്ക, വനിത, ന്യൂനപക്ഷ, യുവ അംഗങ്ങൾക്കായി അൻപത് ശതമാനം നീക്കി വച്ചിരുന്നു. ഇതിൽ യുവ പ്രാതിനിധ്യം കുറഞ്ഞെങ്കിലും പാർട്ടി ഭരണഘടന നിർദ്ദേശിക്കുന്നരീതിയിൽ തന്നെ മറ്റ് വിഭാഗങ്ങളെ ഉൾപ്പെടുത്താൻ ഖർഗെയ്ക്ക് കഴിഞ്ഞു.

പുതിയ പ്രസിഡണ്ടും പഴയ നേതൃത്വവും

ഇരുപത്തിഅഞ്ച് വർഷത്തിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരു നേതാവ് കോൺഗ്രസ് പ്രസിഡണ്ട് ആകുന്നത്. പക്ഷെ ഇപ്പോഴും ഗാന്ധി കുടുംബം തന്നെയാണ് പാർട്ടിയെ നയിക്കുന്നതെന്ന് ഒറ്റ നോട്ടത്തിൽ വ്യക്തമാകുന്നതാണ് പുതിയ പ്രവർത്തകസമിതി. ദേശീയ രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങുകയാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും അത് കേന്ദ്ര നേതൃത്വത്തെ അറിയിച്ച ശേഷം സജീവരാഷ്ട്രീയത്തിൽ നിന്ന് മാറിനിന്ന മൂന്ന് നേതാക്കൾ പുതിയ പട്ടികയിലുണ്ട്. തൊണ്ണൂറു വയസ് കടന്ന മൻമോഹൻ സിങും, എൺപത്തി മൂന്നാകുന്ന എ കെ ആന്റണിയും, എൺപത്തി ഒന്ന് കഴിഞ്ഞ അംബിക സോണിയുമാണ് ഈ മൂവർ. ഇവരിൽ റായ്പൂർ പ്ളീനറി സമ്മേളനത്തിൽ കൊണ്ട് വന്ന ഭരണഘടന ഭേദഗതി അനുസരിച്ച് മുൻപ്രധാനമന്ത്രിയെന്ന നിലയ്ക്ക് മൻമോഹൻ സിങ് സമിതിയിൽ ഉണ്ടായേ തീരു. പക്ഷെ എ കെ ആന്റണിയേയും അംബികാ സോണിയേയും ഉൾപ്പെടുത്തിയത് പ്രത്യേക താല്‍പര്യപ്രകാരമാണ്. സോണിയ ഗാന്ധിയുടെ താൽപര്യപ്രകാരമാണ് ഇവരെ പ്രവർത്തക സമിതിയിൽ തന്നെ ഉൾപ്പെടുത്തിയത്. അനാരോഗ്യം ഉൾപ്പടെയുള്ള പ്രതിസന്ധികൾ കാരണം തിരുവനന്തപുരത്തേക്ക് താമസം മാറ്റിയ എ കെ ആന്റണി ഇനി പ്രവർത്തക സമിതി യോഗങ്ങൾക്കെല്ലാം ഡൽഹിയിൽ എത്തണം. അല്ലാത്തപക്ഷം മുതിർന്ന നേതാവെന്ന നിലയ്ക്ക് അദ്ദേഹത്തെ ഉൾപ്പെടുത്തിയതിന്റെ ഗുണം ലഭിക്കാതെ പോകും. വിശ്രമ ജീവിതത്തിലായിരുന്ന അംബികാ സോണിയെ സ്വന്തം സംസ്ഥാനമായ പഞ്ചാബിലെ വമ്പൻ തോൽവിക്ക് പിന്നാലെ പ്രവർത്തക സമിതിയിൽ എത്തിച്ചതിന് പ്രത്യേക താൽപര്യം എന്നല്ലാതെ മറ്റൊരു ന്യായീകരണവും കോൺഗ്രസ് നേതൃത്വത്തിന് ഇല്ലതാനും. ഇവരെ സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയിലേക്കോ, പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയിലേക്കോ മാറ്റിയിരുന്നെങ്കിൽ പോലും പുതിയ പ്രസിഡണ്ടിന്റെ പട്ടികയെന്ന് അവകാശപ്പെടാനെങ്കിലും ആകുമായിരുന്നു. പ്രവർത്തക സമിതിയിൽ മാത്രമല്ല മുപ്പത്തിരണ്ട് അംഗ സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയിലും പകുതിയിൽ കൂടുതൽ പഴയമുഖങ്ങൾ തന്നെ. 

മല്ലികാർജ്ജുൻ ഖർഗെ | PHOTO: PTI
പുതിയ സമിതിയിലെ കേരളം

കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മല്ലികാർജ്ജുൻ ഖർഗെയ്ക്കെതിരെ മത്സരിച്ച തിരുവനന്തപുരം എം പി ശശി തരൂരിനെ പ്രവർത്തക സമിതിയിൽ കൊണ്ട് വന്നതാണ് ഖർഗെയുടെ വിശാല രാഷ്ട്രീയ മുഖമുദ്രയായി വടക്ക് കോൺഗ്രസ് നേതാക്കൾ പാടി പുകഴ്ത്തുന്നത്. ഭാഗ്യം! കേരളത്തിൽ ഇത്തരമൊരു നിലപാട് പാർട്ടിയിൽ ആരും പങ്കുവെച്ചില്ല. കന്യാകുമാരി മുതൽ കശ്മീർ വരെ ഭാരത് ജോഡോ യാത്ര നടത്തിയ രാഹുൽ ഗാന്ധിക്ക് ശേഷം പാർട്ടിയെ ചലിപ്പിച്ച ഏകനേതാവ് ശശി തരൂരാണ്. തിരഞ്ഞെടുപ്പ് തീയതിയും ഫലവും ഒന്നിച്ച് പ്രഖ്യാപിച്ച് വെറും ചടങ്ങ് മാത്രമായി മാറുമായിരുന്ന കോൺഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് രാജ്യത്താകെ ചർച്ചയായി മാറിയത് മല്ലികാർജ്ജുൻ ഖർഗെയെ എതിർക്കാൻ തരൂർ മത്സര രംഗത്ത് ഇറങ്ങിയതോടെയാണ്. ജനാധിപത്യ രീതിയിലാണ് പ്രസിഡണ്ടിനെ തിരഞ്ഞെടുത്തതെന്ന് പറഞ്ഞ് ബിജെപിയെ പരിഹസിക്കാൻ കോൺഗ്രസ് നേതാക്കൾക്ക് കഴിയുന്നതും തരൂരിന്റെ ആ തീരുമാനം കൊണ്ടാണ്. അനായാസം വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നിട്ട് പോലും വോട്ടർപട്ടിക മുതൽ പ്രചാരണത്തിൽ വരെ ഔദ്ദ്യോഗിക അനൗദ്ദ്യോഗിക വേർതിരിവുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷവും അത് തുടർന്നു. ഇതിനെല്ലാം അവസാനമാണ് തരൂരിനെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയത്. മറ്റ് വഴിയില്ലാതെയായിരുന്നു ഇതെങ്കിലും ഇപ്പോൾ അത് പുതിയ പ്രസിഡണ്ടിന്റെ വിശാല ചിന്താഗതിയുടെ ഭാഗമാണ് ദേശീയതലത്തിൽ. 

ശശി തരൂരിനെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയതല്ല അദ്ദേഹത്തെ ഉൾപ്പെടുത്തേണ്ടി വന്നതാണ് എന്ന് പറയുന്നതാകും കൂടുതൽ ശരി. പ്രസിഡണ്ട് സ്ഥാനത്തേക്ക് നാളിതുവരെ നടന്ന തിരഞ്ഞെടുപ്പുകളിൽ വച്ച് മികച്ച പ്രകടനമായിരുന്നു ശശി തരൂരിന്റേത്. അതുകൊണ്ട് തന്നെ പ്രവർത്തക സമിതിയിലേക്കും മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നാമനിർദ്ദേശത്തിലൂടെ പ്രവർത്തക സമിതി അംഗങ്ങളെ കണ്ടെത്താൻ തീരുമാനിച്ചതോടെ തരൂരും നിലപാട് കടുപ്പിച്ചിരുന്നു. പ്രവർത്തക സമിതിയിലേക്ക് ക്ഷണമില്ലെങ്കിൽ പാർട്ടി വിടുമെന്ന സൂചന പോലും അദ്ദേഹത്തോട് അടുത്തവൃത്തങ്ങളിൽ നിന്നുണ്ടായി. ഇതാണ് ഒടുവിൽ തരൂരിനെ അക്കോമഡേറ്റ് ചെയ്യാനുള്ള കാരണങ്ങളിൽ ഒന്ന്. അതിലും വലിയ ദീർഘാലോചനകൾ ഉണ്ട് എന്നാണ് പല നേതാക്കളും നൽകുന്ന സൂചന. രമേശ് ചെന്നിത്തല സ്ഥിരം ക്ഷണിതാവ് സ്ഥാനത്തേക്ക് തള്ളിപ്പോയതും ഈ ദീർഘാലോചന കൊണ്ട് തന്നെയാണ്. 

ശശി തരൂർ | PHOTO: PTI
1982 ൽ എൻ എസ് യു ദേശീയ പ്രസിണ്ടായി ദേശീയ രാഷ്ട്രീയത്തിൽ എത്തിയ നേതാവാണ് രമേശ് ചെന്നിത്തല. 85 ൽ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായി. 89 ൽ എംപി. ഇതിനിടെ കെ കരുണാകരൻ മന്ത്രിസഭയിലെ ചെറുപ്പക്കാരനായ മന്ത്രിയായി. 2001 ൽ എഐസിസി ജനറൽ സെക്രട്ടറിയായി. 2004 ൽ സ്ഥിരം ക്ഷണിതാവായി പ്രവർത്തകസമിതിയിലും എത്തി. പുതിയ പ്രവർത്തക സമിതിയിലെ പല നേതാക്കളും ദേശീയ രാഷ്ട്രീയത്തിലെത്തുന്നതിന് പതിറ്റാണ്ടുകൾക്ക് മുമ്പ് കേരളത്തിൽ നിന്ന് ദേശീയ രാഷ്ട്രീയത്തിലെത്തിയ നേതാവാണ് രമേശ് ചെന്നിത്തല. എന്നിട്ടും 2004 ൽ വഹിച്ച പദവിയിലേക്ക് തന്നെയാണ് ഏതാണ്ട് രണ്ട് പതിറ്റാണ്ടിന് ശേഷം അദ്ദേഹത്തെ തിരിച്ചു കൊണ്ട് വന്നിരിക്കുന്നത്. അതും കോൺഗ്രസ് പാർട്ടി അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ. ഇത് അംഗീകാരമാണെന്ന് നേതൃത്വം അവകാശപ്പെടുമെങ്കിലും രമേശ് ചെന്നിത്തലയ്ക്കും ഒപ്പം നിൽക്കുന്നവർക്കും സാധാരണ പ്രവർത്തകർക്കും അങ്ങനെ തോന്നാൻ ഇടയില്ല. അതിൽ തെറ്റുമില്ല. ചെന്നിത്തലയ്ക്ക് പരിഭവമുണ്ടാകാൻ ഇടയില്ലെന്നും അങ്ങനെയുണ്ടെങ്കിൽ അത് പരിഹരിക്കുമെന്ന് സംഘടന ചുമതലയുള്ളവർ പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാവുകയും ചെയ്തു. പരിഹാരക്രിയയായി രമേശ് ചെന്നിത്തലയ്ക്ക് ഇനി എന്ത് അധിക പദവി നൽകിയാലും അത് അറിഞ്ഞ് നൽകുന്ന ആനുകൂല്യമേ ആകൂ. അർഹിക്കുന്ന നേട്ടമാകില്ല. വൈകിപ്പോയെന്ന് പരാതി പറയുമെങ്കിലും പ്രത്യേക ക്ഷണിതാവായി പ്രവർത്തക സമിതിയിലേക്ക് എത്തിയത് കൊടിക്കുന്നിൽ സുരേഷിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം തന്നെയാണ്. 

പുതിയ സമിതിയും ദേശീയ കാഴ്ചപ്പാടും

നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുന്ന രാജസ്ഥാനിലേയും ഛത്തീസ്ഗഡിലേയും ഉൾപാർട്ടി പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കാൻ ഈ പ്രഖ്യാപനത്തിലൂടെ കഴിഞ്ഞു എന്നതാണ് ദേശീയതലത്തിലെ ഏറ്റവും വലിയ നേട്ടം. രാജസ്ഥാനിൽ കലാപമുയർത്തിയ സച്ചിൻ പൈലറ്റും ഛത്തീസ്ഗഡിൽ പ്രതിസന്ധിയായി നിന്ന ആഭ്യന്തരമന്ത്രി തമരാധ്വജ് സാഹുവും പ്രവർത്തക സമിതിയിൽ എത്തിയതോടെ മയപ്പെട്ടു. കൂടാതെ ജി23 കൂട്ടായ്മയുടെ ഭാഗമായി നിന്ന നേതാക്കളിൽ ബാക്കിയുണ്ടായിരുന്ന തരൂർ ഉൾപ്പടെയുള്ള അഞ്ചു പേരേയും പ്രവർത്തകസമിയിൽ ഉൾപ്പെടുത്തി. ഇങ്ങനെ ഉൾപാർട്ടി പ്രതിസന്ധി പരിഹരിക്കാൻ ഇടപെടലുണ്ടായി. പക്ഷെ അതുകൊണ്ട് മാത്രം മറികടക്കാനാകുമോ കോൺഗ്രസ് പാർട്ടി ഇന്ന് നേരിടുന്ന വെല്ലുവിളി. അൻപത്തി രണ്ട് എംപിമാർ മാത്രമുള്ള ലോക്സഭയിൽ നിന്ന് പ്രവർത്തകസമിതിയിൽ എത്തിയത് ആകെ അഞ്ചു പേരാണ്. 29 അംഗങ്ങളുള്ള രാജ്യസഭയിൽ നിന്ന് പത്തുപേരും. കോൺഗ്രസ് ഭരണഘടന പ്രകാരം പ്രവർത്തക സമിതിയിൽ ഉൾപ്പെടേണ്ട പാർട്ടി പ്രസിഡണ്ട്, മുൻപ്രസിഡണ്ടുമാർ, മുൻപ്രധാനമന്ത്രി, ലോക്സഭയിലേയും രാജ്യസഭയിലേയും കക്ഷി നേതാക്കൾ എന്നിവരൊഴികെ പ്രവർത്തക സമിതിയിലെ ബാക്കിയുള്ള 35 പേരിൽ 19 പേർ ഇതുവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തവരോ മത്സരിച്ചിട്ടും ജയിക്കാത്തവരോ ആണ്. അതായത് 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിലടക്കം പാർട്ടിയുടെ തന്ത്രങ്ങൾ മെനയാനും പാർട്ടിയെ വീണ്ടും പഴയ പ്രതാപത്തിലെത്തിക്കാനും നിയോഗിക്കപ്പെട്ട പരമോന്നത സമിതിയിലെ പകുതിയിലധികം പേർ ഇതുവരെ ജനങ്ങളുടെ അംഗീകാരം ലഭിക്കാത്തവരാണ്. ജനഹിതം അറിയാത്തവരോ, അറിയാൻ ശ്രമിച്ച് പരാജയപ്പട്ടവരോ ആണ്. സ്വന്തമായി ഒരു മണ്ഡലമോ, അവിടത്തെ ജനങ്ങളുടെ പിന്തുണയോ ഇല്ലാത്തവരാണ്. അതിലെ ശരിയും തെറ്റും വിചാരണ ചെയ്യാൻ നിൽക്കുന്നില്ല.

രാഹുൽ ഗാന്ധി | PHOTO: FACEBOOK
പുതിയ സമിതിയും വിലയിരുത്തലും

രാഹുൽ ഗാന്ധിക്കൊപ്പം ജോഡോ യാത്രയിൽ കെ സി വേണു ഗോപാൽ നടന്നപ്പോൾ രമേശ് ചെന്നിത്തല പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഖർഗെയ്ക്കൊപ്പം നടന്നു. കോൺഗ്രസ് പാർട്ടിയിൽ ഇപ്പോഴും ആർക്കൊപ്പമാണ് നടക്കേണ്ടത് എന്ന രാഷ്ട്രീയ തിരിച്ചറിവ് നൽകുന്നതാണ് പുതിയ അംഗങ്ങളുടെ പട്ടിക. പ്രവർത്തക സമിതിയിൽ സ്ഥിരം അംഗമാകാൻ യോഗ്യതയുള്ള ചില നേതാക്കളെ സ്ഥിരം ക്ഷണിതാക്കളാക്കിയും സ്ഥിരം ക്ഷണിതാക്കളാകേണ്ട നേതാക്കളെ സ്ഥിരം അംഗമാക്കിയുമുള്ള ആശ്രിത നിയമനവും ശത്രു സംഹാരവുമൊക്കെ ഇത്തവണയും നടന്നിട്ടുണ്ട്. ഒരു കാര്യം കൂടി. ശശി തരൂർ കോൺഗ്രസ് ടിക്കറ്റിൽ തന്നെ തിരുവനന്തപുരത്ത് വീണ്ടും മത്സരിക്കുമെന്ന് ഈ പട്ടികയിലൂടെ ഉറപ്പായി. പക്ഷെ പ്രവർത്തക സമിതി അംഗത്തെ സംസ്ഥാനത്തെ തരൂർ വിരുദ്ധർ തള്ളുമോ അതോ പുതിയ തരൂർ ഗ്രൂപ്പ് കൂടി ഉണ്ടാകുമോയെന്ന് കൂടി അറിയേണ്ടതുണ്ട്. കാത്തിരുന്ന് കാണാം.


#outlook
Leave a comment