സമകാലിക ഇന്ത്യന്‍ ഭരണകൂടവും നീതിപീഠം നല്‍കുന്ന പ്രതീക്ഷയും
പതിനെട്ടാം ലോകസഭാ തിരഞ്ഞെടുപ്പ് അവസാനിച്ച ഈ ഘട്ടത്തില്‍, കഴിഞ്ഞ 10 വര്‍ഷം കൊണ്ട് രൂപപ്പെട്ടുവന്ന ചില നിയമ നടപടികള്‍ക്ക് മാറ്റംവരും എന്ന് കരുതുന്ന സൂചനകള്‍ തിരഞ്ഞെടുപ്പ് അവസാനിക്കാറായ ഘട്ടത്തില്‍ തന്നെ ഉണ്ടായിരുന്നു. ഒരു കൂട്ടുകക്ഷി ഭരണം കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമ്പോള്‍ ബിജെപി ഭരണസംവിധാനങ്ങളെ ഉപയോഗിച്ച് ഇന്നാളതുവരെ നടത്തിവന്നിട്ടുള്ള ഏതാനും പ്രവര്‍ത്തികളില്‍ നിന്നെങ്കിലും പുറകോട്ട് പോകേണ്ടിവരും. കരുതല്‍-കരി നിയമങ്ങള്‍ ഉപയോഗിച്ചും ഇ.ഡി, എന്‍.ഐ.എ മുതലായ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഭരണകൂടത്തിനെതിരെ നില്‍ക്കുന്നവരെ നിരന്തരമായി ജയിലില്‍ അടയ്ക്കുന്നത് അവസാനിക്കും എന്ന് പ്രത്യാശ നല്‍കുന്ന സന്ദര്‍ഭങ്ങളാണ് കോടതികളില്‍ നിന്ന് ഉണ്ടായത്.
ഇന്ത്യന്‍ രാഷ്ട്രീയത്തിലും നിയമരംഗത്തും സമീപകാലത്ത് വലിയ താല്‍പ്പര്യം ഉണര്‍ത്തിയ ഒരു വിഷയമാണ് ജാമ്യം. പലപ്പോഴും, രാഷ്ട്രീയക്കാരെയും പൊതുപ്രവര്‍ത്തകരെയും പിടികൂടി ജയിലില്‍ അടയ്ക്കുകയും തുടര്‍ന്ന് കോടതികള്‍ ജാമ്യം നിഷേധിക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. സര്‍ക്കാര്‍ വാദങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു കോടതികള്‍ പലപ്പോഴും ജാമ്യം നിഷേധിച്ചിരുന്നത്. ഈ സാഹചര്യത്തില്‍, മൂന്ന് പ്രധാന വിധികളിലൂടെ സുപ്രീം കോടതി ശ്രദ്ധേയമായ നിലപാട് സ്വീകരിച്ചു. ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്ഥയ്ക്ക് ജാമ്യം നല്‍കിക്കൊണ്ട് പറഞ്ഞ വിധിയോടൊപ്പം ഭീമാ കൊറേഗാവ് കേസിലെ ഗൗതം നവ്ലാഖയ്ക്കും മദ്യനയക്കേസിലെ അരവിന്ദ് കെജ്രിവാളിനും ജാമ്യം അനുവദിച്ച വിധികളാണിവ. ബഹുമാനപ്പെട്ട പരമോന്നത കോടതി വിധിയുടെ വെളിച്ചത്തില്‍ ഭരണകൂടത്തിന്റെ മര്‍ദ്ദക സ്വഭാവത്തെയും വിധിയുടെ ഉള്‍വെളിച്ചത്തെക്കുറിച്ചുള്ള ആലോചനയും പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.
അരവിന്ദ് കെജ്രിവാള്‍ | PHOTO: FACEBOOK
ഭരണകൂടവും മര്‍ദ്ദക രാഷ്ട്രീയ പ്രയോഗവും
ഭിന്നാഭിപ്രായം, രാഷ്ട്രീയ വിയോജിപ്പ് എന്നിവയെ നേരിടാന്‍ പല തരത്തിലുള്ള മര്‍ദ്ദക ഉപാധികള്‍ ഭരണകൂടങ്ങള്‍ സ്വീകരിക്കാറുണ്ട്. രാഷ്ട്രത്തിന്റെ അത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്പുകളുംസംവാദങ്ങളും രാഷ്ട്രീയ പ്രക്രിയയില്‍ പുതുമയൊന്നുമല്ല. പക്ഷേ, വിമത ശബ്ദങ്ങളേയും വിരുദ്ധ രാഷ്ട്രീയ നിലപാടുകളേയും റദ്ദാക്കാനുള്ള നീക്കങ്ങള്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നു. പൗരന് അവകാശപ്പെട്ട സ്വാഭാവിക ജാമ്യവ്യവസ്ഥയെ ഭരണകൂടത്തിന്റെരാഷ്ട്രീയ നയവുമായി ബന്ധിപ്പിക്കുന്നു. ഇതുമൂലം രാഷ്ട്രീയവിയോജിപ്പ് പ്രകടിപ്പിക്കുന്ന പൊതുപ്രവര്‍ത്തകരെ തുറുങ്കിലടച്ചുകൊണ്ട് ജാമ്യം നിഷേധിക്കപ്പെടാനുള്ള രാഷ്ട്രീയനയം സമകാലിക ഇന്ത്യന്‍ ഭരണകൂടം തുടര്‍ച്ചയായി സ്വീകരിച്ചുപോരുന്നു. കോടതിയുടെ ഇടപാടുകള്‍ പ്രകാരമാണ് ജാമ്യം നിഷേധിക്കപ്പെടുന്നതെന്ന പൊതുനിര്‍മ്മിതി രാഷ്ട്രം പാകപ്പെടുത്തിയെടുക്കുന്നു; അതിനോടുള്ള സ്വീകാര്യതയും.
രാഷ്ട്ര സംവിധാനത്തിനുള്ളിലെ ചെറുത്തുനില്പുകളെയും ഭിന്നാഭിപ്രായങ്ങളെയും മെരുക്കിയെടുക്കാന്‍ ഏറ്റവും കൂടുതല്‍ പൊതുസ്വീകാര്യത ലഭിക്കുന്ന കോടതിയുടെ വ്യവഹാര പ്രക്രിയകളെയും നിയമപാലക സംവിധാനത്തെയും ഉപയോഗിക്കുകയാണിവിടെ. തുറുങ്കല്‍ശിക്ഷ, അടിച്ചമര്‍ത്തല്‍ എന്നിവയിലൂടെ വ്യക്തികളെ, സംഘടനകളെ നേരിട്ട് നിയന്ത്രിക്കാനുള്ള കഴിവാണ് ഇത്തരം സംവിധാനത്തിന്റെ മുഖ്യ സവിശേഷത. ഭയം ജനിപ്പിച്ചുംബലപ്രയോഗം നടത്തിയും ഒരു രാഷ്ട്രീയ/ സാമൂഹികക്രമം നിലനിര്‍ത്താനുള്ള കഴിവിലാണ് ഭരണകൂടത്തിന്റെ ശക്തി കുടികൊള്ളുന്നതെന്ന് പ്രമുഖ മാര്‍ക്‌സിയന്‍ ചിന്തകന്‍ ലൂയിസ് അല്‍ത്തൂസര്‍ സൈദ്ധാന്തവത്കരിക്കുന്നുണ്ട്.അല്‍ത്തൂസറിന്റെ അഭിപ്രായത്തില്‍, സമൂഹത്തിലെ മൂല്യങ്ങള്‍, വിശ്വാസങ്ങള്‍, മാനദണ്ഡങ്ങള്‍ എന്നിവ രൂപപ്പെടുത്തുന്നതില്‍ സാമൂഹിക സ്ഥാപനങ്ങളുടെ നിര്‍ണായക പങ്കിനെ കുറിച്ച് ഊന്നിപ്പറയുന്നുണ്ട്. ഇത്തരം സാമൂഹിക സ്ഥാപനങ്ങള്‍ രൂപപ്പെടുത്തുന്ന പ്രത്യയശാസ്ത്രങ്ങള്‍ ഭരണകൂടത്തിന്റെ ഉപകരണങ്ങളായി പ്രവര്‍ത്തിക്കുന്നു.ഇങ്ങനെയുള്ള പ്രത്യയശാസ്ത്ര പ്രയോഗങ്ങള്‍ക്കൊപ്പം നേരിട്ടുള്ള അധീശത്വ സ്ഥാപനങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്.ഇതുവഴി ഒരു മേല്‍ക്കോയ്മയുടെ രാഷ്ട്രീയത്തേയും അതിന്റെ പ്രയോഗത്തേയും രാഷ്ട്രത്തിനുള്ളില്‍ ഭരണകൂടം ഉറപ്പിച്ചുനിര്‍ത്തുന്നു.
ലൂയിസ് അല്‍ത്തൂസര്‍ | PHOTO: WIKI COMMONS
രാഷ്ട്രത്തിന്റെ സ്വഭാവ പ്രക്രിയയെപ്പറ്റി ഈജിപ്ഷ്യന്‍ സാമൂഹിക ചിന്തകനായ നാസിഹ് അയൂബിയുടെപരാമര്‍ശവും ശ്രദ്ധേയമാണ്.രാഷ്ട്രം പലപ്പോഴുംഅതിന്റെ ഏതെങ്കിലും അവസ്ഥയോ കഴിവുകളോ പെരുപ്പിച്ചുകാണിക്കുകയോ ആലങ്കാരികതസൃഷ്ടിക്കുകയോ (Overstating the State) ചെയ്യാറുണ്ട്.പലപ്പോഴും അത് യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ആകര്‍ഷണീയ പ്രാധാന്യമുള്ള പ്രതീതി സൃഷ്ടിക്കുന്നു.പൊതുജന പിന്തുണ നേടുന്നതിനുള്ള അമിത ഇടപെടലുകളാണിവ. രാഷ്ട്രം സ്വാഭാവികമായും അതിന്റെ സാമൂഹിക-സാമ്പത്തിക ചരിത്രത്തില്‍ നിന്നോ സാംസ്‌കാരിക പാരമ്പര്യത്തില്‍ നിന്നോ, ബൗദ്ധികശേഷിയില്‍ നിന്നോ വളര്‍ച്ച ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ഭരണകൂടം സ്വാഭാവികമായും ബലപ്രയോഗമോ ഭീഷണിയോ അവലംബിക്കുന്നു. നിയമസാധുതയോ ധാര്‍മ്മിക പരിഗണനകളോ കണക്കിലെടുക്കാതെ ഭീഷണികള്‍, അക്രമം അല്ലെങ്കില്‍ മറ്റ് തരത്തിലുള്ള ആക്രമണാത്മക പ്രവര്‍ത്തനങ്ങളില്‍ ഭരണകൂടം ഇടപെടുന്നു.ഇമ്മട്ടിലുള്ള രീതികള്‍, കേവല ബലപ്രയോഗത്തിലൂടെയുള്ള അധികാരം പ്രയോഗിക്കലാണെന്ന് ഗ്രാംഷിയുടെ ആശയത്തെ മുന്‍നിര്‍ത്തി അയൂബി നിരീക്ഷിക്കുന്നു.മേല്‍പ്പറഞ്ഞ സൈദ്ധാന്തിക പരിസരത്തുനിന്ന് സമകാലിക ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഇടപെടലുകളെ നോക്കിക്കാണാവുന്നതാണ്.ഈ രീതിയില്‍ രാഷ്ട്രീയസ്വഭാവം കൈവരിച്ച ഭരണകൂടങ്ങളാണ് ബലപ്രയോഗത്തിലൂടെയുള്ള രാഷ്ട്രീയനീക്കങ്ങള്‍ നടത്തുന്നത്. അത്തരം അമിതാധികാര പ്രയോഗത്തിനെതിരെയുള്ള നീതിയുടെ നിലപാടുകളാണ് സമകാലിക ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥകളില്‍നിന്നും വന്നുകൊണ്ടിരിക്കുന്നത്.
പുതിയ ചില വിധികളും മാറുന്ന കാഴ്പ്പാടുകളും
2023 ഒക്ടോബറിലാന്ന് ന്യൂസ് ക്ലിക്കിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കയസ്തയെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ട് (യുഎപിഎ) പ്രകാരം ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇന്ത്യയുടെ പരമാധികാരം, ഐക്യം, സുരക്ഷ എന്നിവ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനധികൃതമായി വിദേശഫണ്ട് സ്വീകരിക്കുകയും അവ ഉപയോഗിക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം. തന്റെ അറസ്റ്റിനെയും റിമാന്‍ഡിനെയും ചോദ്യം ചെയ്ത് പൂര്‍കയസ്ഥ സുപ്രീം കോടതിയില്‍ സമീപിച്ചു. 2024 മെയ് മാസത്തില്‍ പുറപ്പെടുവിച്ച ഒരു വിധിന്യായത്തില്‍, നടപടിക്രമ ലംഘനം കാരണം അദ്ദേഹത്തിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. കസ്റ്റഡിയില്‍ എടുക്കുന്നതിന് മുമ്പ് പുര്‍കയസ്തയെ അറസ്റ്റ് ചെയ്യാനുള്ള കാരണം അറിയിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ ഒഴിവാക്കല്‍ ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യത്തിനുള്ള അദ്ദേഹത്തിന്റെ മൗലികാവകാശത്തെ ലംഘിക്കുന്നതാണന്ന് കോടതി നിരീക്ഷിച്ചു. പല കാരണങ്ങളാല്‍ സുപ്രീം കോടതിയുടെ തീരുമാനം പ്രാധാന്യമര്‍ഹിക്കുന്നു. അറസ്റ്റിലും തടങ്കലില്‍ വയ്ക്കുമ്പോഴും ശരിയായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഇത് വീണ്ടും ഉറപ്പിക്കുന്നു. വ്യക്തികളുടെ സ്വാതന്ത്ര്യം ഏകപക്ഷീയമായി ഭരണകൂടങ്ങള്‍ ലംഘിക്കുന്നില്ല എന്ന് ഒരിക്കല്‍ കൂടി കോടതി ഉറപ്പാക്കുകയും, ആ ദിശയിലുള്ള ഭരണകൂട പ്രവര്‍ത്തങ്ങള്‍ക്ക് തട ഇടുകയും ചെയ്യുന്നു. മാധ്യമങ്ങളിലെ വിമര്‍ശനശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമമായാണ് പുര്‍ക്കയസ്തയുടെ അറസ്റ്റ് പൊതുവില്‍ വിലയിരുത്തപ്പെട്ടത്. മാധ്യമസ്വാതന്ത്ര്യവും മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനുള്ള നടപടിയായുമാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ച കോടതി വിധിയെ കാണാന്‍ കഴിയുക. കൂടാതെ യുഎപിഎ അല്ലെങ്കില്‍ മറ്റ് കരിനിയമങ്ങള്‍ പ്രകാരം അറസ്റ്റുകള്‍ ഉള്‍പ്പെടുന്ന ഭാവി കേസുകള്‍ക്ക് ഈ വിധി ഒരു മാതൃകയാണ്. ദേശീയ സുരക്ഷാ ആശങ്കകളും വ്യക്തിഗത അവകാശങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥയുടെ ആവശ്യകത ഈ വിധിയില്‍ കോടതി ഊന്നിപ്പറയുന്നു.
പ്രബിര്‍ പുര്‍കയസ്ത | PHOTO: FACEBOOK
2023 മെയ് 11 ന്, ഭീമാ കൊറേഗാവ് കേസില്‍ പ്രതിയായ ഗൗതം നവ്ലാഖയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 2018 ജനുവരി 1 ന് മഹാരാഷ്ട്രയിലെ ഭീമാ കൊറേഗാവ് ഗ്രാമത്തില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ടാണ് നവ്ലാഖയെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ നിരവധി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു, അവരില്‍ പലരും ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. നവ്ലാഖയ്ക്ക് ജാമ്യം അനുവദിച്ച വിധിയില്‍, സുപ്രീം കോടതി ചില കാര്യങ്ങള്‍ ഊന്നി പറയുക ഉണ്ടായി. നവ്ലാഖയ്‌ക്കെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് കോടതി അംഗീകരിച്ചു. എന്നിരുന്നാലും, ഗുരുതരമായ കുറ്റകൃത്യം ആരോപിക്കപ്പെട്ടവര്‍ക്ക് പോലും ജാമ്യത്തിനുള്ള അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. വ്യക്തിസ്വാതന്ത്ര്യം ഒരു അടിസ്ഥാന അവകാശമാണെന്നും അതിന് ശക്തമായ കാരണങ്ങളില്ലാതെ അത് നിഷേധിക്കാന്‍ കഴിയില്ലെന്നും കോടതി വിശദീകരിച്ചു. നവ്ലാഖയുടെ വിചാരണം ആരംഭിക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരുമെന്നും ഈ കാലയളവില്‍ അദ്ദേഹത്തെ ജയിലില്‍ തടയുന്നത് നീതിയുക്തമല്ലെന്നും കോടതി കണ്ടെത്തി.2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവ് ഗ്രാമത്തില്‍ പൊട്ടിപ്പുറപ്പെട്ട അക്രമവുമായി ബന്ധപ്പെട്ടതാണ് ഭീമ കൊറേഗാവ് കേസ്. ആക്ടിവിസ്റ്റുകളായ പ്രകാശ് അംബേദ്കര്‍, വരവര റാവു, സുധാ ഭരദ്വാജ്, ഗൗതം നവ്ലാഖ, ആനന്ദ് തെല്‍തുംബ്‌ഡെ, വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിവരെയാണ് പൂനെ പോലീസ് അറസ്റ്റ് ചെയ്തത്. 2017 ഡിസംബര്‍ 31 ന് നടന്ന എല്‍ഗര്‍ പരിഷത്ത് യോഗത്തില്‍ പോലീസ് ഇടപെട്ടതാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് പൊതുപ്രവര്‍ത്തകര്‍ കൂട്ടമായി അറസ്റ്റ് ചെയ്യപ്പെട്ടത്.
ഭീമ കൊറേഗാവ് കേസില്‍ ജാമ്യം ലഭിച്ച പതിനാറ് പ്രതികളില്‍ ഏഴാമത്തെയാളാണ് നവ്ലാഖ. സുധ ഭരദ്വാജിന് (2021) സ്ഥിരജാമ്യം ലഭിച്ചപ്പോള്‍ ആനന്ദ് തെല്‍തുംബ്‌ഡെ (2022), വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര (2023) എന്നിവര്‍ക്ക് മെറിറ്റുകളുടെ അടിസ്ഥാനത്തില്‍ ജാമ്യം ലഭിച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ വരവര റാവുവിന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞമാസം പ്രൊഫസര്‍ ഷോമ സെന്നിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. മഹേഷ് റാവുത്തിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ഉത്തരവുകള്‍ ഹൈക്കോടതി തന്നെ സ്റ്റേ ചെയ്യുകയും സുപ്രീം കോടതി സ്റ്റേ ഉത്തരവ് നീട്ടുകയും ചെയ്തു. മറ്റൊരു പ്രതിയായ ഫാദര്‍ സ്റ്റാന്‍ സ്വാമി 2021 ജൂലൈയില്‍ കസ്റ്റഡിയില്‍ ഇരിക്കെ ജയിലില്‍ വെച്ച് ആരോഗ്യ കാരണങ്ങളാല്‍ മരിച്ചിരുന്നു. പാര്‍ക്കിന്‍സണ്‍ രോഗിയായ സ്റ്റാന്‍ സ്വാമിക്ക് വെള്ളം കുടിക്കാന്‍ ഒരു സ്‌ട്രോ നല്‍കാന്‍ പോലും തയ്യാറാകാതിരുന്ന അധികാരികളുടെ നടപടിയില്‍ വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. എന്നിട്ടും കോടതി ആ വിഷയങ്ങളില്‍ ഇടപെടാന്‍ വിസമ്മതിക്കുകയാണ് ഉണ്ടായത്.
ഗൗതം നവ്ലാഖ | PHOTO: FACEBOOK
ഇതോടൊപ്പം കൂട്ടിച്ചേര്‍ത്ത് കാണേണ്ടുന്ന ഒരു വിധിന്യായമാണ് കഴിഞ്ഞമാസം മദ്യനയക്കേസില്‍ അരവിന്ദ് കെജ്രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ചത്. കെജ്രിവാളിനെ പ്രചാരണത്തിന് അനുവദിച്ചുകൊണ്ട് നീതിയുക്തമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിലാണ് കോടതി ശ്രദ്ധിച്ചത്. ജാമ്യത്തിന് കോടതി കര്‍ശന ഉപാധികള്‍ ഏര്‍പ്പെടുത്തിയെങ്കിലും, ജാമ്യം നല്‍കുന്നത് പൊതുജനങ്ങള്‍ക്ക് നാശനഷ്ടമുണ്ടാക്കുമെന്ന് വ്യക്തമായ തെളിവില്ലാതെ സര്‍ക്കാരിന് വാദിക്കാന്‍ കഴിയില്ലെന്ന് കോടതി ഓര്‍മിപ്പിച്ചു. ജാമ്യം അനുവദിക്കുന്നത് രാഷ്ട്രീയക്കാര്‍ക്ക് പ്രത്യേക പദവി നല്‍കുമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദങ്ങള്‍ കോടതി തള്ളി. തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് മൗലികാവകാശമാണെന്ന് കോടതി പറഞ്ഞില്ലെങ്കിലും അതിന്റെ പ്രാധാന്യം കോടതി അടിവരയിട്ട് പറയുകയാണ് ഉണ്ടായത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു നിര്‍ണായക ശക്തിയായ കെജ്രിവാള്‍ തിരഞ്ഞെടുപ്പ് സമയത്ത് ജയിലില്‍ കിടക്കുന്നതിലെ യുക്തിയും, അദ്ദേഹത്തിന്റെ തിരഞ്ഞടുപ്പില്‍ പങ്കെടുക്കാനുള്ള മൗലിക അവകാശത്തെയും കോടതി ഈ വിധിയിലൂടെ ഓര്‍മപ്പെടുത്തി.
ഭരണകൂടത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും അതിന്റെ നിയന്ത്രണ സംവിധാനങ്ങളെക്കുറിച്ചും വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതാണ് ലൂയിസ് അല്‍ത്തൂസര്‍, നാസിഹ് അയൂബി എന്നിവരുടെ വിശകലനങ്ങള്‍.ഇത്തരം ഉള്‍ക്കാഴ്ചയിലൂടെ രാഷ്ട്രത്തിനുള്ളിലെ വിമത ശബ്ദള്‍ക്കുമേലുള്ള അധികാരപ്രയോഗവും അതിന്റെ പരിപാലനവും എങ്ങനെയെന്ന്മനസ്സിലാക്കാന്‍ കഴിയും. സാമാന്യബോധത്തില്‍നിന്ന് വ്യത്യസ്തമായി മുദ്രാവാക്യങ്ങള്‍, പ്രതിഷേധങ്ങള്‍, പ്രസംഗങ്ങള്‍, എഴുത്തുകള്‍ എന്നിവ ഉണ്ടാകുമ്പോള്‍ ദേശവിരുദ്ധരെന്ന് മുദ്രകുത്തുന്ന നയം ഭരണകൂടം പിന്തുടരുമ്പോള്‍ജനാധിപത്യത്തിന്റെ അടിസ്ഥാനപ്രമാണങ്ങളില്‍ ഒന്നായ അഭിപ്രായ സ്വാതന്ത്ര്യത്തെയാണ് ഭരണകൂടം വിലങ്ങുവയ്ക്കുന്നത്.ഇന്ത്യന്‍ ഭരണകൂടം തുടര്‍ന്നുകൊണ്ടിരിക്കുന്ന ഇപ്രകാരമുള്ള മര്‍ദ്ദക രീതികളെ അല്പമെങ്കിലും തുറന്നുകാട്ടുന്ന വിധിന്യായങ്ങളാണ്പ്രബീര്‍ പുര്‍കയസ്ത ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകരുടെജയില്‍ മോചനവുമായി ബന്ധപ്പെട്ടിരിക്കുന്നത്. മാറുന്ന സാഹചര്യത്തില്‍ മര്‍ദ്ദക ഭരണകൂടത്തിന്റെ സ്വഭാവത്തില്‍ മാറ്റം വരുമെന്നും കോടതികള്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുകളിലേക്ക് എത്തുമെന്നും നമുക്ക് പ്രത്യാശിക്കാം.