TMJ
searchnav-menu
post-thumbnail

Outlook

കറൻസിക്ക് മുകളിൽ തുടരുന്ന പരീക്ഷണങ്ങൾ

20 May 2023   |   4 min Read
അനിവർ അരവിന്ദ്

രു രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിൽ ഒന്നാണ് കറൻസി. ഒരു വീണ്ടുവിചാരവുമില്ലാതെ കറൻസിയുടെ മേൽ നടത്തുന്ന പരീക്ഷണങ്ങളാണ് 2016 ലും ഇപ്പോഴും  നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. വളരെ ബാലിശമായ നിലയിലാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. കറൻസിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ വരുത്തുന്നതിന് പല തരത്തിലുള്ള സമ്മർദ്ദങ്ങൾ ഉണ്ടായേക്കാം. പ്രത്യേകിച്ച് ഡിജിറ്റലൈസേഷനും പുതിയതരം രീതികളുമെല്ലാം സംഭവിക്കുന്ന കാലയളവിൽ  ഡിജിറ്റൽ രീതികൾ സ്വീകരിക്കാനുള്ള സാധ്യത സ്വാഭാവികമായും ഉണ്ടാവും. അതുപോലെ കള്ളപ്പണത്തെ ലക്ഷ്യം വെക്കുന്നു എന്നും പറയുന്നു. എന്നാൽ നോട്ട് നിരോധനം പോലുള്ള കാര്യങ്ങൾ നടപ്പിലാക്കുമ്പോൾ അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള  വിവരം (ഡാറ്റ ബാക്കിങ്) എത്രത്തോളം ഉണ്ടെന്ന കാര്യം പ്രധാനമാണ്.  അതിനെ അടിസ്ഥാനപ്പെടുത്തിയാവണം ഏത് ഗവൺമെന്റും വിഷയം  പരിഗണിക്കേണ്ടത്. അതായത് എന്താണ് പ്രശ്‌നം, എത്ര ശതമാനം കള്ളപ്പണമുണ്ട്, വിനിമയത്തിലുള്ള കറൻസി എത്ര,  അതിൽ കള്ളപ്പണത്തിന്റെ തോത്, അടുത്ത കാലത്ത് കണ്ടെത്തിയ കേസുകളുടെ എണ്ണം ഇങ്ങനെയുള്ള കാര്യങ്ങൾ അഭിമുഖീകരിക്കണം. എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ഒന്നും നോക്കാതെയാണ് 2016 ൽ നോട്ട് നിരോധനം നടത്തിയത്. പല സമ്മർദ്ദത്തിന്റേയും പ്രതീക്ഷകളുടേയും പുറത്തായിരിക്കണം ഈ തീരുമാനം എടുത്തത്. ആ സമയത്ത് ചാനൽ ചർച്ചകളിൽ ഉൾപ്പെടെ പലരും പറഞ്ഞുകൊണ്ടിരുന്നത് തിരിച്ചു വരാത്ത പണം ഉണ്ടായിരിക്കും എന്ന സാഹചര്യത്തിലാണ് നോട്ട് നിരോധനം നടന്നത് എന്നാണ്. എന്നാൽ പണം മുഴുവനും തിരിച്ചു വന്നുവെന്ന് മാത്രമല്ല നോട്ട് നിരോധനത്തിന് വേണ്ടി ചിലവാക്കിയ പണം പോലും നഷ്ടത്തിലാവുകയാണ് ചെയ്തത്.

രണ്ടായിരത്തിന്റെ നോട്ട് എന്ന് പറയുന്നത് ആയിരവും അഞ്ഞൂറും പിൻവലിച്ചപ്പോൾ ഒരു താല്കാലിക സംവിധാനമായി തീരുമാനിച്ചതാണ്. കാരണം മുൻകൂട്ടി തീരുമാനിക്കാത്ത പദ്ധതി ആയതുകൊണ്ട് അത്രയധികം നോട്ടുകൾ ലഭ്യമാക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. വലിയ തുകയ്ക്കുള്ള (ഡിനോമിനേഷൻ) ലഭ്യത വേഗത്തിൽ ആക്കാൻ പറ്റും എന്ന തോന്നലിന്റെ പുറത്താണ് ഒരു തയ്യാറെടുപ്പുകളും കൂടാതെ രണ്ടായിരത്തിന്റെ നോട്ട് അടിച്ചിറക്കിയത്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി രണ്ടായിരത്തിന്റെ നോട്ട്  അപ്രത്യക്ഷ്യമായിക്കൊണ്ടിരിക്കുകയാണ്. എടിഎമ്മിൽ നിന്ന് പതുക്കെ അപ്രത്യക്ഷമായിട്ടുണ്ടായിരുന്നു. അതുപോലെ തന്നെ ബാങ്കുകൾ പോലും രണ്ടായിരത്തിന്റെ നോട്ടുകൾ വാങ്ങുന്നത് കുറഞ്ഞുകൊണ്ടിരുന്നു. ഒരു ബാങ്കിൽ നിന്നും രണ്ടായിരത്തിന്റെ നോട്ട് കിട്ടില്ലായിരുന്നു. മാത്രമല്ല 2000 നോട്ടിന്റെ വിതരണം (സർക്കുലേഷൻ) എന്ന് പറയുന്നത് മൊത്തം നോട്ടിന്റെ പത്ത് ശതമാനത്തിൽ താഴെയായ ഒരവസ്ഥയാണ് ഇന്നുള്ളത്.

Representational Image: PTI

തിരക്കുപിടിച്ച് ഇങ്ങനെയൊരു തീരുമാനം എടുത്തത് എന്തുകൊണ്ടാണ് എന്നതിൽ ഒരു സംശയം ഉണ്ട്. നോട്ട് നിരോധനം എന്തായിരുന്നു എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞ ഒരു കാലംകൂടിയാണിത്. നോട്ട് നിരോധനത്തിൻ്റെ ലക്ഷ്യങ്ങൾ പലതായിരുന്നു. കള്ളപ്പണം ഉണ്ടെന്നും അതിനെ ലക്ഷ്യം വച്ചുകൊണ്ടാണ് നിരോധനം എന്നൊക്കെയുള്ള വിശദീകരണമായിരുന്നു ഒരുഭാഗത്ത്. മറ്റൊരു ഭാഗത്ത് ഡിജിറ്റലൈസേഷനു വേണ്ടിയുള്ള  സമ്മർദ്ദമായിരുന്നു. ഗവൺമെന്റിന്റെ നിരീക്ഷണം (സർവൈലൻസ്) ഏർപ്പെടുത്തി കഴിഞ്ഞാൽ എന്തു സാധനവും വിൽക്കാൻ കഴിയും എന്നുള്ള സാധ്യത ഈ നാട്ടിലുണ്ട്. ഡിജിറ്റൽമണി എന്നതിനേക്കാൾ കൂടുതൽ രണ്ട് പേരുടെ ബാങ്ക് അക്കൗണ്ടുകൾ തമ്മിലുള്ള ട്രാൻസാക്ഷനിൽ അതുവരെ ഇല്ലാതിരുന്ന നിരവധി ഇടപാടുകാർക്ക് നേരത്തെ പറഞ്ഞ ട്രാൻസാക്ഷൻ  ഡാറ്റയുടെ മുഴുവൻ കോപ്പി ലഭ്യമാകുന്ന നില വരികയും ചെയ്തു. ഡാറ്റാ എക്കണോമിയുടെ മേഖലയിൽ രംഗപ്രവേശം ചെയ്തവർ അവർക്കുവേണ്ടി ജനറേറ്റ് ചെയ്യുന്ന പുതിയ തരം ഡാറ്റ എക്കണോമിയുടെ എക്സർസൈസ് ആയി നോട്ട് നിരോധനനം പരിണമിച്ചു. Paytm പോലുള്ളവർക്ക് പ്രയോജനം ഉണ്ടാകുന്നതായി അത് മാറി. അത് എക്കണോമിക്ക് നല്ലതാണോ മോശമാണോ എന്നുള്ള ചോദ്യങ്ങൾ ഉണ്ട്. അവ മാറ്റി നിർത്തിയാൽ, സംഭവിച്ചത് എന്താണെന്ന് വച്ചാൽ വലിയ തരത്തിലുള്ള ഡാറ്റാ എക്കണോമി കുത്തകകൾ അതായത് Goole Pay യും Amazon Pay യും Paytm Phonepe യും പോലുള്ളവർക്ക് വേണ്ടിയാണ് ഒരു തരത്തിൽ ഈ ഓപ്പറേഷൻ ഇവിടെ വിജയിച്ചത്. അതായത് ഇന്ത്യക്ക് വേണ്ടി, ഇന്ത്യക്കാർക്ക് വേണ്ടി എന്നൊക്കെ പറയുമെങ്കിലും അടിസ്ഥാനപരമായി വൻകിട കുത്തകകൾക്ക് ഇന്ത്യയുടെ കൊടുക്കൽവാങ്ങൽ (പെയ്മെന്റ് സെഗ്മെന്റിൽ) ആധിപത്യം കൊടുക്കുക എന്നു പറയുന്ന ഓപ്പറേഷനാണ് അതിന്റെ ഭാഗമായി ഉണ്ടായത്. ഇത്തരത്തിലുള്ള ഡിജിറ്റൽ ചർച്ചകൾ ഒരുഭാഗത്ത് ഇപ്പോഴും നടക്കുന്നുണ്ട്.

നമുക്കറിയാം കഴിഞ്ഞ നോട്ട് നിരോധനത്തിന്റെ പിന്നിൽ ഒരു ലോബി ഗ്രൂപ്പുണ്ടായിരുന്നു. ഇപ്പോൾ നോട്ട് നിരോധനത്തിന്റെ സമയത്ത് ഒരു ലോബി ഗ്രൂപ്പ് ജി 20 ചർച്ചകളിൽ സജീവമായി ഇടപെടുകയും പരാജയപ്പെടുകയും ചെയ്തിരുന്നു. ഗവൺമെന്റിന്റെ സാമ്പത്തിക പദ്ധതികളുടെ പുറത്താണ് അതുണ്ടായത്. എത്രത്തോളം രണ്ടായിരം നോട്ടുകൾ മാർക്കറ്റിൽ ആക്റ്റീവാണ് എന്നതാണ് പരിശോധിക്കേണ്ട മറ്റൊരു കാര്യം. ആ ഡാറ്റ പുറത്തു വന്നിട്ടുണ്ട്. അതായത് മുഴുവൻ കറൻസി സർക്കുലേഷന്റെ പത്ത് ശതമാനത്തിൽ താഴെയാണ് രണ്ടായിരത്തിന്റെ നോട്ടുകളുടെ മൂല്യം. അത് കുറഞ്ഞു വരുകയാണ്. രണ്ടായിരം നോട്ടുകൾ ഉപയോഗിക്കപ്പെടുന്നുണ്ടോ? ഉണ്ടെങ്കിൽ എവിടെ? നോട്ടുകൾ അല്ലെങ്കിൽ കള്ളപ്പണം പൂഴ്ത്തിവെക്കുന്നു എന്ന ധാരണയുടെ പുറത്താണ് ഇങ്ങനെ ഒരു നരേറ്റീവ് ഉണ്ടാവുന്നത്. അങ്ങനെ കള്ളപ്പണം ഉണ്ടോ, ഉണ്ടെങ്കിൽ ആരുടെ കയ്യിൽ എന്നുള്ള ഒരു ചോദ്യം ഉണ്ട്. സെപ്റ്റംബർ വരെ നോട്ട് മാറാൻ സമയം കൊടുത്തിരിക്കുന്നത് ബാങ്കിങ് സിസ്റ്റത്തിലേക്ക് പണം തിരിച്ചെത്തിക്കാനുള്ള നടപടി എന്ന നിലയിലാണ്. എന്തിന് ബാങ്കിങ് സിസ്റ്റത്തിലേക്ക്  തിരിച്ചെത്തിക്കണം എന്നതൊരു പൊളിറ്റിക്കൽ ചോദ്യം കൂടിയാണ്. ആ ചോദ്യത്തിനുത്തരം എന്താണെന്ന് വച്ചാൽ പണത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുന്നതിനാണ്. ഇതിന്റെ അടിസ്ഥാനത്തിൽ പറയുമ്പോൾ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളാണ്  ഡിസംബറോടു കൂടി വരാനിരിക്കുന്നത്. കർണാടകയിൽ കണ്ട ഒരു കാര്യം കാലങ്ങളായി ഇന്ത്യയിലെ ഏത് തെരഞ്ഞെടുപ്പിലും ഏറ്റവും കൂടുതൽ പണം വരുന്ന പാർട്ടി ബിജെപിയാണ്. അത് ഇലക്ടോറൽ ബോണ്ടുകളായിട്ടാവാം, വലീയ രീതിയിലുള്ള സംഭാവനകളായിട്ടാവാം. സംഭാവനകളുടെ സിംഹഭാഗവും ബിജെപിക്ക് കിട്ടുന്ന പ്രവണതയിൽ നിന്ന് ഒരുമാറ്റം ഈ പ്രാവശ്യം കർണാടകയിൽ കാണാൻ സാധിച്ചു. അങ്ങനെയൊരു മാറ്റം ഇനി ഇല്ലാതിരിക്കാനുള്ള മുൻകരുതൽ, അതായത് പണത്തിന്റെ ഇടപാടുകൾ നടക്കുകയാണെങ്കിൽ അത് നേരിട്ട് സംഭാവനയായി പോകുന്നതിനു പകരം അത് ബാങ്കിങ്ങ് സിസ്റ്റത്തിലേക്ക് എത്തുകയാണെങ്കിൽ പണമൊഴുക്കിനെ തടയാം എന്നുള്ള ഒരു ഉദ്ദേശം കൂടി ഇതിനു പിന്നിൽ കണ്ടുകൂടായ്കയില്ല. പ്രത്യേകിച്ചും തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ. പക്ഷേ അതുകൊണ്ട് കള്ളപ്പണം തടയൽ നടക്കില്ല. കാരണം മൂന്നു മാസത്തിനുള്ളിൽ പണം മാറ്റിയെടുക്കാൻ ഇഷ്ടംപോലെ സമയം ഉണ്ട്.

Representational Image: PTI

ഇതിനോടൊപ്പം ചേർത്തുവായിക്കേണ്ടത് ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു വർഷമാണ് 2023 എന്ന് ലോകബാങ്ക് പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലും സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ സജീവമാണ്. സാമ്പത്തിക മാന്ദ്യത്തിന്റെ വളർച്ചാ നിരക്കിന്റെ ഒന്നാമത്തെ ക്വാർട്ടർ ആണ് പുതിയ സാമ്പത്തിക വർഷത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ഒന്നാമത്തെ ക്വാട്ടർ പൊതുവേ മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇന്റസ്ട്രികളിൽ മുഴുവൻ കണ്ടുകൊണ്ടിരിക്കുന്നത്. സാമ്പത്തിക മാന്ദ്യം ജൂൺ-ജുലൈ മാസങ്ങളോടു കൂടി സജീവമാകും എന്നാണ് വിലയിരുത്തുന്നത്. മാന്ദ്യം എന്ന് പറയുന്നത് മുന്നിൽ നിൽക്കുന്ന ഒരു സമയത്ത് കറൻസി എന്ന് പറയുന്ന ഒരടിത്തറയെ കുലുക്കുന്ന ഒരു സമീപനം എന്തിനാണ് സ്വീകരിക്കുന്നത് എന്നത് വീണ്ടും ഒരു ചോദ്യമായി മാറുകയാണ്. കറൻസി എന്ന അടിത്തറ കുലുക്കുമ്പോൾ മാന്ദ്യം കൊണ്ടുണ്ടാവുന്ന പ്രശ്നം കൂടുകയാണ്. ഇത്തരത്തിലുള്ള ഒരുപാട് സാധ്യതകളാൽ സമ്പന്നമായ ചർച്ചകളാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. അടിസ്ഥാനപരമായി ഇന്ത്യ കറൻസിക്ക് മേലുള്ള വിശ്വാസം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം തന്നെ കഴിഞ്ഞ മൂന്നുമാസക്കാലമായി ഇന്ത്യ ശ്രമിച്ചുകൊണ്ടിരുന്നത് രൂപയെ അന്താരാഷ്ട്ര തലത്തിൽ വിനിമയ മൂല്യമുള്ള കറൻസിയാക്കി മാറ്റാനായിരുന്നു. അതായത് രൂപയിൽ തന്നെ അന്താരാഷ്ട്ര വാണിജ്യം നടത്താൻ പറ്റുമോ എന്നുള്ള ശ്രമങ്ങൾ. ഈ ശ്രമങ്ങൾ വലീയ രീതിയിൽ മുന്നോട്ടു പോയില്ല. ഒരു കറൻസിയിൽ അന്താരാഷ്ട്ര നിലയിൽ വിശ്വാസം നേടിയെടുക്കുക എന്ന് പറയുന്നത് വളരെ വലീയ കാര്യമാണ്. എന്നാൽ ഇടയ്ക്കിടെ നോട്ടുനിരോധനം നടത്തിക്കൊണ്ടിരുന്നാൽ ആ വിശ്വാസം നഷ്ടപ്പെടും. ഒരുതരത്തിലുള്ള കാഴ്ചപ്പാടുമില്ലാത്ത വളരെ പരിതാപകരമായ ഒരു 'ടിൻ പോട്ട്' ഡമോക്രസി എന്ന് പറയാൻ പറ്റുന്ന അവസ്ഥയിലേക്കാണ് ഇന്ത്യ പോയിക്കൊണ്ടിരിക്കുന്നത്.

#outlook
Leave a comment