TMJ
searchnav-menu
post-thumbnail

Outlook

CAA വിവേകത്തിന് വഴങ്ങാത്ത വിവാദങ്ങള്‍

16 Mar 2024   |   7 min Read
പ്രേംലാല്‍ കൃഷ്ണന്‍

ന്ത്യന്‍ ഭരണഘടനയുടെ 5 മുതല്‍ 11 വരെയുള്ള വകുപ്പുകളാണ് പ്രാഥമികമായി പൗരത്വം എങ്ങനെയാണ് അംഗീകരിക്കപ്പെടുന്നത് എന്ന് പറയുന്നത്. ഭരണഘടനയുടെ ആറാം വകുപ്പ് പ്രകാരം ഭരണഘടന നിലവില്‍ വരുന്ന സമയത്തിനുമുന്‍പ് പാക്കിസ്ഥാനില്‍ നിന്ന് കുടിയേറിയവരെ ചില നിബന്ധനകളോടുകൂടി ഇന്ത്യന്‍ പൗരനായി കണക്കാക്കാം എന്നും അതേസമയം ഭരണഘടനയുടെ 7-ാം വകുപ്പനുസരിച്ച് 1947 മാര്‍ച്ച് ഒന്നാം തീയതിക്ക് ശേഷം ഇന്ത്യ ഉള്‍പ്പെടുന്ന പ്രദേശത്തുനിന്ന് പാക്കിസ്ഥാനായി കണക്കാക്കുന്ന പ്രദേശത്തേക്ക് കുടിയേറിയവരെ ഇന്ത്യന്‍പൗരന്മാരായി കണക്കാക്കില്ല എന്നും നിഷ്‌കര്‍ഷിക്കുന്നു. അങ്ങനെ പാക്കിസ്ഥാനിലേക്ക് കുടിയേറിയവര്‍ സര്‍ക്കാര്‍ അനുമതിയോട് കൂടി സ്ഥിരതാമസക്കാരായി തിരിച്ച് ഇന്ത്യയിലേക്ക് വരുകയാണെങ്കില്‍ അവരെ 1948 ജൂലൈ മാസം 19-ാം തീയതിക്ക് ശേഷം കുടിയേറിയവരായി പ്രഖ്യാപിക്കും. ഇങ്ങനെ ഒക്കെ ആണെങ്കിലും ഭരണഘടനയുടെ 9-ാം വകുപ്പനുസരിച്ച് മറ്റൊരു രാജ്യത്തെ പൗരത്വം സ്വീകരിച്ച വ്യക്തിയെ ഇന്ത്യന്‍ പൗരനായി അംഗീകരിക്കില്ല. ഭരണഘടനയിലെ 5 മുതല്‍ 9 വരെ ഉള്ള മേല്‍പ്പറഞ്ഞ വകുപ്പുകള്‍ കൂടാതെ പൗരത്വം അംഗീകരിക്കപ്പെടുന്നതിനോ റദ്ദ് ചെയ്യുന്നതിനോ വേണ്ടി പാര്‍ലമെന്റ് പാസ്സാക്കുന്ന പ്രത്യേക നിയമപ്രകാരം വ്യക്തികള്‍ക്ക് ഇന്ത്യന്‍ പൗരന്മാരായി തുടരുകയോ അതല്ലെങ്കില്‍ പൗരത്വം റദ്ദ് ചെയ്യപ്പെടുകയോ ചെയ്യാം. ഭരണഘടനയുടെ 11-ാം വകുപ്പ് പ്രകാരം പൗരത്വം നേടുന്നതിനോ റദ്ദാക്കുന്നതിനോ നിയമം പാസ്സാക്കാനുള്ള അധികാരം പാര്‍ലമെന്റിനുണ്ട്. ഈ വകുപ്പ് പ്രത്യേകിച്ച് ഭരണഘടന നിലവില്‍ വന്നതിന് ശേഷം പൗരത്വ വിഷയവുമായി സംഭവിക്കാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളെ നേരിടാന്‍ നിയമനിര്‍മ്മാണം നടത്താനുള്ള പാര്‍ലമെന്റിന്റെ അധികാരമാണ്. അതുപ്രകാരം 1955 ഡിസംബര്‍ 30 ന് ആണ് ഇന്ത്യയില്‍ പൗരത്വനിയമം നിര്‍മ്മിക്കപ്പെട്ടത്.

പ്രധാനമായും പൗരത്വനിയമം വിവക്ഷിക്കുന്നത് മൂന്ന് കാര്യങ്ങള്‍ ആണ്.
1. എങ്ങനെയാണ് പൗരത്വം സമ്പാദിക്കുന്നത്?
2. എങ്ങനെ ഒക്കെയാണ് പൗരത്വം നഷ്ടമാകുന്നത്?
3. പൗരത്വവും ഭരണഘടനയും തമ്മിലുള്ള ബന്ധം എന്താണ്?

നിലവില്‍ വന്നതിന് ശേഷം പത്ത് തവണ പൗരത്വനിയമം ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്. 1957 ഡിസംബര്‍ 27-ാം തീയതി ആദ്യത്തെ ഭേദഗതി കൊണ്ടുവന്നുവെങ്കിലും 1960, ഡിസംബര്‍ 26 ന് ആദ്യ ഭേദഗതി പിന്‍വലിച്ചു. അടുത്ത ഭേദഗതി കൊണ്ടുവന്നത് ആസാം സ്റ്റുഡന്‍സ് യൂണിയന്‍ 1979 ല്‍ ആരംഭിച്ച, ഏകദേശം ആറുകൊല്ലം നീണ്ടുനിന്ന സമരങ്ങളുടെ ഭാഗമായാണ്.

അനധികൃത കുടിയേറ്റശല്യം ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടത് ആസാമിലായിരുന്നു. അതുകൊണ്ട് തന്നെ കുടിയേറ്റക്കാരെ (ആസാമില്‍ നിന്ന് പുറത്താക്കാന്‍) 1950 ല്‍ നിയമം കൊണ്ടുവരാനും ദേശീയ പൗരത്വ പട്ടിക NRC (National Register for citizens) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പട്ടിക 1951 ലെ ജനസംഖ്യാ അടിസ്ഥാനത്തില്‍ തയ്യാറാക്കാനും തീരുമാനിച്ചു. പക്ഷേ, നടപ്പിലാക്കപ്പെട്ടില്ല. അനധികൃത കുടിയേറ്റ പ്രശ്‌നം 1979 ല്‍ ഒരു പ്രക്ഷോഭമായി മാറി. അനധികൃതമായി കുടിയേറിയവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. ഇന്ദിരാ ഗാന്ധിയുടെ മരണശേഷം രാജീവ് ഗാന്ധി സമരം ഒത്തുതീര്‍ക്കുന്നതിന് വേണ്ടി ആസാം അക്കോര്‍ഡില്‍ ഒപ്പുവെച്ചു. അതുപ്രകാരം 1965 ഡിസംബര്‍ 31 വരെ ആസാമില്‍ പ്രവേശിച്ച അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വവും വോട്ടവകാശവും നല്‍കി. 1966 ജനുവരി 1 നും 1971 മാര്‍ച്ച് 24 നും ഇടയില്‍ അസാമില്‍ പ്രവേശിച്ച അനധികൃത കുടിയേറ്റക്കാരെ ഫോറിനേഴ്‌സ് നിയമം 1946 അനുസരിച്ച് കണ്ടെത്താനും അവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചു.  അതിന്റെ അടിസ്ഥാനത്തില്‍ 1985 ഡിസംബര്‍ 7 നാണ് മൂന്നാം ഭേദഗതി പൗരത്വ നിയമത്തില്‍ കൊണ്ടുവരുന്നത്. ശേഷം 1986 ജനുവരി 14-ാം തീയതി കൊണ്ടുവന്ന നിയുക്ത നിയമനിര്‍മ്മാണ സമിതിയുടെ ഭേദഗതിപ്രകാരം 18-ാം വകുപ്പില്‍ 4-ാം ഉപവകുപ്പ് കൊണ്ടുവന്നു.

REPRESENTATIONAL IMAGE: PHOTO: WIKI COMMONS
അഞ്ചാമത്തെ ഭേദഗതി കൊണ്ടുവരുന്നത് 1986 നവംബര്‍ 28 നാണ്. ഭരണഘടനയില്‍ പറഞ്ഞതുപോലെ 1950 ജനുവരി 26 ന് ശേഷം ഇന്ത്യയില്‍ ജനിച്ച എല്ലാവര്‍ക്കും പൗരത്വം കൊടുക്കുന്നത് ശരിയല്ല എന്നും അങ്ങനെ ജനിക്കുന്നവരുടെ മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ ഇന്ത്യന്‍ പൗരന്‍ ആണെങ്കില്‍ മാത്രമേ ജനനത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം കൊടുക്കാന്‍ പാടുള്ളൂ എന്നും  ചര്‍ച്ച വന്നതിന്റെ അടിസ്ഥാനത്തില്‍ പൗരത്വ നിയമം വകുപ്പ് 3, 5 എന്നിവകളിലും 3-ാം പട്ടികയിലും ഭേദഗതി കൊണ്ടുവന്നു.  അതിനുശേഷം 1992 ഡിസംബര്‍ 10 ന് ആറാം ഭേദഗതി കൊണ്ടുവന്നു. അതുപ്രകാരം പുറംലോകത്ത് ജനിച്ചെങ്കിലും മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ക്ക് കുട്ടിയുടെ ജനന സമയത്ത് ഇന്ത്യന്‍ പൗരത്വം ഉണ്ടെങ്കില്‍ ആ കുട്ടിക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും എന്ന വ്യവസ്ഥ കൊണ്ടുവന്നു.

1998 ല്‍ പൗരത്വ നിയമം പരിശോധിക്കാന്‍ പി.സി ജയിന്റെ നേതൃത്വത്തില്‍ ഒരു കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്‍ ചില രാജ്യങ്ങളിലെ ഇന്ത്യന്‍ വംശജരായ പൗരന്മാര്‍ക്ക് ഇരട്ട പൗരത്വം അംഗീകരിച്ചു കൊണ്ടുള്ള ഭേദഗതിക്ക് ശുപാര്‍ശ ചെയ്തു. ആ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പദ്ധതി തയ്യാറാക്കി അര്‍ഹതയുള്ളവര്‍ക്ക് നാഷണല്‍ ഐഡന്റി കാര്‍ഡ് കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അങ്ങനെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ ഒഴിച്ചുള്ള 16 രാജ്യങ്ങളില്‍ താമസിക്കുന്ന PIO ക്ക് (persons of Indian origin)  OCI (overseas citizenship of India നിലവില്‍ വന്നു.  2004 ജനുവരി 7-ാം തീയതി പൗരത്വ നിയമത്തിലെ ഏഴാം ഭേദഗതിയും 2005 ആഗസ്റ്റ് 24-ാം തീയതി എട്ടാം ഭേദഗതിയും നിലവില്‍ വന്നു. ശേഷം 2015 ജനുവരി 7 ന്  PIO യെ ഓവര്‍സീസ് ഇന്ത്യ കാര്‍ഡ് ഹോള്‍ഡര്‍ ആയി കണക്കാക്കാന്‍ 9-ാം ഭേദഗതിയും  കൊണ്ടുവന്നു.  മേല്‍പറഞ്ഞ എല്ലാ ഭേദഗതിയും അറിയപ്പെടുന്നത് CAA (citizenship amendment Act) എന്ന് തന്നെയാണ്.

അവസാനമായി 2019 ഡിസംബര്‍ 9 ന് ലോക്‌സഭയിലും 2019 ഡിസംബര്‍ 11 ന് രാജ്യസഭയിലും പൗരത്വ നിയമ ഭേദഗതി കൊണ്ടുവരുകയും അതേ ദിവസങ്ങളില്‍ തന്നെ പാസാവുകയും ചെയ്തു. ഇന്ന് വിവാദമായി മാറിയിരിക്കുന്ന ഈ നിയമ ഭേദഗതി ഒരു സുപ്രഭാതത്തില്‍ കൊണ്ടുവന്നതല്ല. അതിന്റെ പശ്ചാത്തലം പഴക്കംചെന്നതാണ്.

REPRESENTATIONAL IMAGE: PTI
പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിങ്ങനെ ഇന്ത്യ വിഭജിക്കപ്പെടുകയും ആ രാജ്യങ്ങള്‍ ഒരു പ്രത്യേക മത രാജ്യങ്ങളായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തതോടെ അവിടങ്ങളില്‍ താമസിച്ചിരുന്ന ചില ഇതര മതക്കാര്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുകയും ഇന്ത്യയിലേക്ക് അഭയംതേടി വരുകയും ചെയ്തു. നിലവില്‍ ഉള്ള പാസ്‌പോര്‍ട്ട്‌സ് (എന്‍ട്രി ഇന്‍ടു ഇന്ത്യ) ആക്ട് 1920 എന്ന നിയമപ്രകാരമാണ് ഇന്ത്യയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നത്. ഈ നിയമം അനുസരിച്ച് നിയമസാധുത ഉള്ള പാസ്‌പോര്‍ട്ടില്ലാതെ ആര്‍ക്കും ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ല. അങ്ങനെ അനധികൃതമായി പ്രവേശിച്ച ആളെ അറസ്റ്റ് ചെയ്തു വിചാരണ ചെയ്യാന്‍ ഈ നിയമം നിഷ്‌കര്‍ഷ ചെയ്യുന്നുണ്ട്. ഇത്തരം അനധികൃത കുടിയേറ്റക്കാരില്‍ 2014 ഡിസംബര്‍ 31 ന് മുന്‍പ് ഇന്ത്യയില്‍ അഭയം പ്രാപിച്ച അയല്‍ രാജ്യങ്ങളിലെ ന്യൂനപക്ഷ സമുദായക്കാര്‍ക്ക് സാധുത ഉള്ള വിസ ഇല്ലാതെ തന്നെ ഇന്ത്യയില്‍ തുടരാന്‍ സഹായിക്കുന്ന രീതിയില്‍ 1920 ലെ ഈ നിയമത്തിനായി 1950 ല്‍ പാസാക്കിയ നിബന്ധനകളില്‍ ചില ഇളവുകള്‍ കൊണ്ടുവന്നു.

ഫോറിനേഴ്‌സ് ആക്ട് 1946 അനുസരിച്ച് ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന വിദേശ പൗരന്‍മാരെ തടവിലാക്കി വിചാരണയ്ക്ക് ശിക്ഷ വിധിക്കുകയാണെങ്കില്‍ ശിക്ഷാകാലാവധി കഴിഞ്ഞാല്‍ അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കണം എന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അവര്‍ക്കെതിരെ നടപടി എടുക്കാനുള്ള അധികാരം 1958 മുതല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നല്‍കിയിട്ടുണ്ട്. പരമോന്നത കോടതി 2012 ഫെബ്രുവരി മാസത്തില്‍ പ്രൊഫസര്‍ ബിം സിംഗ് vs യൂണിയന്‍ ഓഫ് ഇന്ത്യ എന്ന കേസിന്റെ വിധിന്യായത്തില്‍, അനധികൃത കുടിയേറ്റത്തിന് ശിക്ഷ അനുഭവിച്ച് കഴിഞ്ഞ വിദേശ പൗരന്മാരെ ജയില്‍ മോചിതരാക്കി അവരവരുടെ രാജ്യങ്ങളിലേക്ക് എത്രയുംവേഗം മടക്കി അയക്കണം എന്ന് നിര്‍ദ്ദേശിച്ചു. അതുപോലെ തന്നെ അനധികൃത കുടിയേറ്റത്തിന് വിചാരണ നേരിടുന്നവരെ തടവില്‍ പാര്‍പ്പിക്കാന്‍ വെള്ളവും, വെളിച്ചവും മറ്റു സൗകര്യങ്ങളുമുള്ള വൃത്തിയുള്ള തടവ് മുറികള്‍ ഉണ്ടാക്കണം എന്നും നിര്‍ദ്ദേശിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് വേണ്ടി പ്രത്യേകം തടവുമുറികള്‍ സജ്ജമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ പല സംസ്ഥാനങ്ങളും അത്തരം ഡിറ്റന്‍ഷെന്‍ സെന്ററുകള്‍ പണിതിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായി 2019 ല്‍ WP 1045/2018 എന്ന കേസില്‍ മൂന്ന് കൊല്ലമോ അതിലധികമോ കാലം ഇത്തരം തടവറകളില്‍ കഴിഞ്ഞ അനധികൃത കുടിയേറ്റക്കാരെ മോചിപ്പിക്കാനുള്ള മാനദണ്ഡം നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് പരമോന്നത കോടതി ആവശ്യപ്പെടുകയും ആസാം സര്‍ക്കാര്‍ അത്തരം തടവുകാരെ മോചിപ്പിക്കാനുള്ള മാനദണ്ഡം നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. CAA യും ഇത്തരം തടവുമുറികളും തമ്മില്‍ നേരിട്ട് ബന്ധമൊന്നുമില്ല. പക്ഷേ, അനധികൃത കുടിയേറ്റത്തിനെതിരെ വിചാരണ നേരിടുന്ന പലരും ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് മതപരമായ പീഡനങ്ങള്‍ സഹിക്കാന്‍ വയ്യാതെ ഇന്ത്യയില്‍ അഭയംതേടി വന്നവരാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. അവരെ തിരിച്ച് അയയ്ക്കുക എന്നത് മനുഷ്യത്വഹീനമായ പ്രവര്‍ത്തിയായിരിക്കും എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വിഭാഗത്തില്‍പ്പെട്ട അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ടത്.

REPRESENTATIONAL IMAGE: WIKI COMMONS
കേന്ദ്ര ആഭ്യന്തര വകുപ്പ് 2015 ഡിസംബര്‍ 7-ാം തീയതി പുറപ്പെടുവിച്ച GSR 685(E), GSR 686(E) എന്നീ വിജ്ഞാപനങ്ങള്‍ അനുസരിച്ച് വന്ന ഭേദഗതികള്‍ പ്രകാരം ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷമായ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജയിന്‍, പാര്‍സി, ക്രിസ്ത്യന്‍ സമുദായക്കാര്‍ മതത്തിന്റെ പേരില്‍ വേട്ടയാടപ്പെട്ട് 2014 ഡിസംബര്‍ 31 ന് മുന്‍പ് ഇന്ത്യയില്‍ അഭയം തേടാന്‍ നിര്‍ബന്ധിതരായിട്ടുള്ളവര്‍ ആണെങ്കില്‍ അവരുടെ കൈവശം സാധുവായ പാസ്‌പോര്‍ട്ടോ സഞ്ചരിക്കാനാവശ്യമായ മറ്റ് കടലാസുകളോ ഇല്ലെങ്കില്‍ പോലും ഇളവുകളുടെ അടിസ്ഥാനത്തില്‍ അവരെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കപ്പെടും. അങ്ങനെ ഇളവുകളിലൂടെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കപ്പെട്ട അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ത്ഥികളായി എത്തിയ അവിടുത്തെ ന്യൂനപക്ഷക്കാരായ ആളുകള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ അവസരം കൊടുക്കുന്നതിന് വേണ്ടി 2016 ല്‍ ബില്‍ നമ്പര്‍ 172/2016 ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ടു. പ്രസ്തുത ബില്‍ പ്രകാരം പൗരത്വ നിയമത്തിലെ വകുപ്പ് രണ്ടില്‍ ഭേദഗതി വരുത്തി മേല്‍പറഞ്ഞ ന്യൂനപക്ഷക്കാര്‍ ഇന്ത്യയില്‍ താമസിക്കുന്നത് നിയമ വിരുദ്ധമല്ല എന്നും അതിനോടനുബന്ധമായി സിറ്റിസണ്‍ഷിപ്പ് റൂള്‍സ് 2009 ലെ മൂന്നാം പട്ടികയിലെ പൗരത്വത്തിനായുള്ള അപേക്ഷയില്‍ അപേക്ഷകന്‍ അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് കുടിയേറിപാര്‍ത്ത ഹിന്ദു, സിഖ്, ജയിന്‍, പാര്‍സി, ബുദ്ധിസ്റ്റ്, ക്രിസ്ത്യന്‍ മതക്കാരാണോ എന്ന് വ്യക്തമാക്കാന്‍ 8 A എന്ന ഒരു പുതിയ ചോദ്യം കൂടി കൂട്ടിച്ചേര്‍ക്കാനുള്ള നിയമ ഭേദഗതിയും നിര്‍ദ്ദേശിച്ചു.

2016 ജൂലൈ 19 നാണ് ലോക്സഭയില്‍ ഈ ബില്‍ അവതരിപ്പിച്ചത്. അത് പാര്‍ലമെന്റിന്റെ ജോയിന്റ് കമ്മിറ്റിക്ക് വിശദ പരിശോധനയ്ക്ക് വിട്ടുകൊടുക്കാന്‍ അന്നത്തെ ആഭ്യന്തരമന്ത്രി ആയിരുന്ന രാജ്‌നാഥ് സിംഗ് പ്രമേയം കൊണ്ടുവന്നു. 2016 ആഗസ്റ്റ് 12 ന് സഭ ആ പ്രമേയത്തിന് അംഗീകാരം കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ 20 അംഗങ്ങള്‍ ലോക്‌സഭയില്‍ നിന്നും പത്ത് അംഗങ്ങള്‍ രാജ്യസഭയില്‍ നിന്നുമായി 30 അംഗ ജോയിന്റ് കമ്മിറ്റി രൂപീകരിക്കപ്പെട്ടു. കമ്മിറ്റി 14 തവണ ഒത്തുകൂടി ചര്‍ച്ച ചെയ്ത് ശുപാര്‍ശ ചെയ്യപ്പെട്ട നിയമഭേദഗതി ഓരോന്നും പരിശോധിച്ച് 2019 ജനുവരി 7 ന് ലോക്‌സഭയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആ റിപ്പോര്‍ട്ട്,  ചെറിയ ചില പുനര്‍ഭേദഗതി നിര്‍ദ്ദേശത്തോടെ ശുപാര്‍ശ ചെയ്യപ്പെട്ട പൗരത്വ നിയമ ഭേദഗതികള്‍ അംഗീകരിച്ചു കൊണ്ടുള്ളതായിരുന്നു. 2019 ജനുവരി 8-ാം തീയതി ലോക്‌സഭയില്‍ ബില്‍ പാസായെങ്കിലും ലോക്‌സഭ പിരിച്ചുവിട്ടതുകൊണ്ട് അത് അസാധുവായി. അതിനുശേഷം 2019 ഡിസംബറില്‍ ബില്‍ വീണ്ടും കൊണ്ടുവരുകയും പാസാക്കുകയും ചെയ്തു. പഴയ കലാപങ്ങള്‍ കണക്കിലെടുത്ത് ആസാം, മേഘാലയ, മണിപ്പൂര്‍, നാഗാലാന്റ്,  അരുണാചല്‍, ത്രിപുര, മിസോറാം എന്നിവിടങ്ങളില്‍ നിയമഭേദഗതി ബാധകമാക്കാതെയാണ് ബില്‍ നിയമമായത്. 

പൗരത്വ നിയമത്തിലെ ഈ ഭേദഗതികള്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. വിവാദങ്ങള്‍ക്ക് അടിസ്ഥാനമായി പറയുന്നത് ഈ ഭേദഗതി പ്രത്യേകിച്ച് അയല്‍ രാജ്യങ്ങളിലെ ന്യൂനപക്ഷ മതക്കാര്‍ എന്നത് ഭരണഘടനയുടെ 14-ാം വകുപ്പിന്റെ ലംഘനമാകുമെന്നതാണ്. ഒരു മതത്തിലും പെടാത്ത നിരീശ്വരവാദികള്‍ക്ക് ഈ ഭേദഗതികളുടെ ഗുണം കിട്ടുകയുമില്ലത്രെ. ആ അര്‍ത്ഥത്തില്‍ ഭരണഘടനാ ലംഘനമാണ് ഇപ്പോള്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി എന്നാണ് വാദം. ഭരണഘടനയുടെ 14-ാം വകുപ്പില്‍ പറയുന്നത് നിയമത്തിന് മുന്നില്‍ എല്ലാവരേയും തുല്യരായി കണക്കാക്കും എന്നും ഇന്ത്യാ രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ എല്ലാവര്‍ക്കും ഒരുപോലെ സംരക്ഷണം നല്‍കും എന്നാണ്.

REPRESENTATIONAL IMAGE: WIKI COMMONS
അത്തരം ഒരു വാദത്തിന് എത്രമാത്രം പ്രസക്തി ഉണ്ട് എന്ന് തീരുമാനിക്കേണ്ടത് പരമോന്നത നീതിപീഠമാണ്. പക്ഷേ, ഒറ്റനോട്ടത്തില്‍ കാമ്പില്ലാത്ത ആരോപണമായേ ഇത് തോന്നുകയുള്ളൂ. കാരണം ഭരണഘടനയുടെ ആനുകൂല്യങ്ങള്‍ നിയമലംഘനം നടത്തിയവര്‍ക്ക് നല്‍കാനുള്ളതല്ല. അനധികൃത കുടിയേറ്റക്കാര്‍ കുറ്റവാളികള്‍ ആണ്, കുറ്റവാളികള്‍ക്ക് പരിരക്ഷ കൊടുക്കാനുള്ളതല്ല ആര്‍ട്ടിക്കിള്‍ 14. കുറ്റവാളികളായി കോടതി കണ്ടെത്തിക്കഴിഞ്ഞാല്‍ വിധിക്കുന്ന ശിക്ഷ അനുഭവിക്കുക എന്നാണ് നിയമം അനുശാസിക്കുന്നത്. പിന്നെ പൗരത്വം സ്വീകരിക്കപ്പെട്ടതിന് ശേഷം മാത്രം ലഭിക്കുന്ന മൗലീക അവകാശങ്ങള്‍ ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ക്ക് നേടാനാവില്ല. വിഭജനത്തിന്റെ തിക്താനുഭവങ്ങളിലൂടെ കടന്നുപോവുകയും വിഭജിക്കപ്പെട്ട രാജ്യങ്ങളില്‍ അകപ്പെട്ട ഇതരമതക്കാര്‍ എന്ന കാരണത്താല്‍  ദ്രോഹിക്കപ്പെട്ട് എല്ലാം ഇട്ടെറിഞ്ഞ് ഓടേണ്ടി വരികയും ചെയ്ത ഇവരില്‍ പലരും വിഭജനകാലത്ത് ഇന്ത്യയില്‍ തന്നെ കഴിയേണ്ടവരായിരുന്നുവെന്നും അവര്‍ യഥാര്‍ത്ഥത്തില്‍ ഒരു മുന്‍ ഇന്ത്യന്‍  പൗരനായിരുന്നുവെന്നും ഓര്‍ക്കണം. മതത്തിന്റെ പേരില്‍ ക്രൂശിക്കപ്പെട്ട അത്തരക്കാര്‍ക്ക് തിരിച്ച് ഇന്ത്യയിലേക്ക് വരുക മാത്രമേ നിവൃത്തി ഉണ്ടായിരുന്നുള്ളൂവെന്നതും തിരിച്ചറിയേണ്ടതില്ലേ? നിരീശ്വരവാദം ഒരു മതമല്ല. ദൈവത്തില്‍ വിശ്വസിക്കാതിരിക്കുക എന്നതില്‍ നിന്ന് മതത്തിനെതിരെ എന്ന് പറയാന്‍ കഴിയില്ല. ഹിന്ദു മതത്തിനെ സംബന്ധിച്ച് വിശ്വാസിയും അവിശ്വാസിയും ഒരുപോലെയാണ്.

പൗരത്വ നിയമത്തിലെ മറ്റൊരു ഭേദഗതി ഓവര്‍സീസ് സിറ്റിസണ്‍ കാര്‍ഡ് പിന്‍വലിക്കാം എന്നതാണ്. അതിനുള്ള കാരണമാകട്ടെ OCI കിട്ടി അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ടോ അതിലധികമോ വര്‍ഷം ജയില്‍ ശിക്ഷ കിട്ടിയാലായിരുന്നു. ഭേദഗതിയില്‍ മറ്റൊരു കാരണം കൂടി ചേര്‍ത്തു. അഞ്ച് വര്‍ഷത്തിനുള്ളില്‍ എന്തെങ്കിലും കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാലും ഓവര്‍സീസ് സിറ്റിസണ്‍സ് കാര്‍ഡ് റദ്ദാക്കാം. അങ്ങനെ എങ്കില്‍ ആദ്യത്തെ കാരണമായ രണ്ട് കൊല്ലമോ അതിലധികമോ കാലത്തെ ശിക്ഷ എന്ന കാരണത്തിന് പ്രസക്തി ഇല്ലാതായി.

മതപരമായി വിഭജിക്കപ്പെട്ട രാജ്യത്ത് നിന്ന് അന്യവല്‍കരിക്കപ്പെടുകയും ഒരു പ്രത്യേക മതവിഭാഗത്തിന്റെ ഭാഗമല്ലാത്തതിന്റെ പേരില്‍ മാത്രം പിറന്ന മണ്ണ് ഉപേക്ഷിക്കേണ്ടി വരുകയും ചെയ്തവര്‍ക്ക് ഒരു കാലത്ത് ഒരേ രാജ്യക്കാരായിരുന്നവര്‍ എന്ന നിലയില്‍ അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പൗരത്വത്തിന് അപേക്ഷിക്കാനുള്ള അവസരമാണ് പൗരത്വ ഭേദഗതിയിലൂടെ കൊണ്ടുവന്നിരിക്കുന്നത്. അതിനപവാദമായി നില്‍ക്കുന്നത് അഫ്ഗാനിസ്ഥാനാണ്. താലിബാനിസത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ തകര്‍ന്നുപോയി ഇന്ത്യയില്‍ അഭയംപ്രാപിച്ച അവിടുത്തെ ന്യൂനപക്ഷങ്ങളേയും പൗരത്വത്തിന്റെ സുരക്ഷയ്ക്ക് കീഴില്‍ എത്തിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് അതിന്റെ സവിശേഷത.

മതത്തിന്റെ പേരില്‍ രൂപീകരിക്കപ്പെട്ട നമ്മുടെ അയല്‍ രാജ്യങ്ങളിലെ ഭൂരിപക്ഷ സമുദായക്കാര്‍ എന്തായാലും മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നില്ല. അവരെ സംരക്ഷിക്കേണ്ട ചുമതല ആ രാജ്യങ്ങള്‍ക്കാണ്. യഥാര്‍ത്ഥത്തില്‍ അവിടത്തെ ന്യൂനപക്ഷങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പക്ഷേ, ഭരണകൂടങ്ങള്‍ അത്തരം സംരക്ഷണം നല്‍കുന്നതില്‍ പരാജിതരായാല്‍ എണ്ണത്തില്‍ കുറഞ്ഞ അവര്‍ എന്തുചെയ്യും?  ജീവഭയത്താല്‍ രക്ഷപ്പെട്ട് 2014 ഡിസംബര്‍ 31 ന് മുന്‍പ് ഇന്ത്യയില്‍ എത്തി സ്ഥിരതാമസമാക്കിയവര്‍ക്കായി മാത്രമായി ചെയ്യുന്ന ഒരാനുകൂല്യം. അതില്‍ കവിഞ്ഞൊന്നും ഈ പൗരത്വ ഭേദഗതി നിയമത്തിലില്ല. അത് ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ എന്നോ അവരെ ഉള്‍പ്പെടുത്താത്തത് ഭരണഘടനാ ലംഘനമാണ് എന്നോ മേല്‍പറഞ്ഞ കാരണങ്ങളാല്‍ പറയാന്‍ കഴിയില്ല. മാത്രവുമല്ല ഇപ്പോള്‍ കൊണ്ടുവന്ന നിയമഭേദഗതിയിലൂടെ ആരുടേയും പൗരത്വം റദ്ദ് ചെയ്യപ്പെടുന്നില്ല. അത്തരം ഭീതിപരത്തി നാട്ടില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ വെള്ളം കലക്കി മീന്‍പിടിക്കാന്‍ ശ്രമിക്കുന്നവര്‍ മാത്രമാണ്.

2016 ല്‍ കൊണ്ടുവന്ന് ജോയിന്റ് പാര്‍ലമെന്റ് കമ്മിറ്റി പരിശോധിച്ച് ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പാസാക്കിയ ഈ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കേണ്ടത് പരമോന്നത കോടതിയാണ്. പാര്‍ലമെന്റില്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് രാജ്യതാല്പര്യത്തിനല്ലാത്ത നിയമനിര്‍മ്മാണങ്ങളെ എതിര്‍ത്ത് തോല്പിക്കുന്നതിന് പകരം ഭരണഘടനാ പ്രകാരം പാസായ നിയമത്തിനെ തെരുവില്‍ നേരിടുന്ന രീതി എത്രമാത്രം ശരിയാണെന്ന് സ്വയം വിമര്‍ശനപരമായി ജനങ്ങള്‍ തന്നെ നോക്കി കാണേണ്ടിയിരിക്കുന്നു. പൗരത്വ നിയമഭേദഗതിയുടെ ഭരണഘടനാ സാധുത പരിശോധിക്കാന്‍ പല രാഷ്ട്രീയകക്ഷികളും പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്ന ഈ അവസരത്തില്‍ ആ വിധി വരുന്നതുവരെ കാത്തിരിക്കുക എന്നത് മാത്രമാണ് ഭരണഘടനാപരമായി നമുക്ക് ചെയ്യാനുള്ളത്.

#outlook
Leave a comment