TMJ
searchnav-menu
post-thumbnail

Outlook

രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്‌

03 Feb 2024   |   4 min Read
മിസ്‌രിയ ചന്ദ്രോത്ത്

ഭാഗം 1

അടുത്ത പൊതുതെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്ന ശബ്ദകോലാഹലങ്ങള്‍ നിറഞ്ഞ ഒരുപക്ഷേ, ലോകത്തിലെ ഏറ്റവും ചിലവേറിയ ജനാധിപത്യ പ്രക്രിയയായി ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളെ വിശേഷിപ്പിക്കുക ഇപ്പോള്‍ വളരെ സ്വാഭാവികമായിരിക്കുന്നു. രാഷ്ട്രീയ കക്ഷികള്‍, നേതാക്കള്‍, തെരഞ്ഞെടുപ്പ് വിദഗ്ധര്‍, മാധ്യമങ്ങള്‍ തുടങ്ങിയ നിരവധിപേരടങ്ങുന്ന പെരുങ്കളിയാട്ടത്തിനുള്ള പ്രാഥമിക ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഏപ്രില്‍ 15 റഫറന്‍സ് തീയതിയായി കണക്കാക്കി ഒരുക്കങ്ങള്‍ നടത്താനുള്ള നിര്‍ദേശങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് അനുമാനിച്ചുകൊണ്ട് മുന്നൊരുക്കങ്ങള്‍ നടത്തണം എന്നാണ് നിര്‍ദേശം.

അതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ദ്രുതഗതിയിലുള്ള ചലനങ്ങളാണ് കാണാനാവുന്നത്. അതിലേറ്റവും പ്രധാനം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിജെപി മുന്നണിയായ എന്‍ഡിഎയ്ക്ക് ഒപ്പം ചേര്‍ന്ന് ബിഹാറില്‍ ഒമ്പതാം തവണയും മുഖ്യമന്ത്രിയായതാണ്. നിതീഷ് കുമാറിന്റെ ഇത്തരത്തിലുള്ള മലക്കംമറിച്ചിലുകള്‍ പുതുതല്ല. കഴിഞ്ഞ 5-6 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് നാലാം തവണയാണ് നിതീഷ് അത്തരത്തിലുള്ള മലക്കം മറിച്ചില്‍ നടത്തുന്നത്. എന്നാല്‍ ഇപ്പോള്‍ നടത്തിയ ഈ നീക്കം ഉളവാക്കുന്ന അങ്കലാപ്പ് വലുതാണ്.  പ്രതിപക്ഷ ഐക്യമായ ഇന്ത്യ മുന്നണി രൂപീകരിക്കാന്‍ ചുക്കാന്‍ പിടിച്ച ഒരാളെന്ന നിലയിലാണ് നിതീഷ് കുമാറിന്റെ ചുവടുമാറ്റം സൃഷ്ടിച്ച അങ്കലാപ്പ് വലുതാകുന്നത്.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപി നടത്തുന്ന ഓപ്പറേഷന്‍ താമരയില്‍ ആദ്യം വീണത് നിതീഷാണ്. മരിച്ചാലും എന്‍ഡിഎ യുടെ കൂടെ ചേരില്ല എന്ന തീരുമാനം കൈക്കൊണ്ട് ഒരുവര്‍ഷം തികയുന്നതിന് മുന്നേയാണ് നിതീഷ് ഇത്തരം കാലുമാറ്റം നടത്തിയിരിക്കുന്നത്. ഈ രാഷ്ട്രീയ കോലാഹലത്തോടെ തെരഞ്ഞെടുപ്പ് ചൂടിലേക്ക് രാജ്യം എത്തിയിട്ടുണ്ട്. നിതീഷിന്റെ മലക്കംമറിച്ചില്‍ മാധ്യമങ്ങളില്‍ നിറഞ്ഞുവെങ്കിലും തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം രാമക്ഷേത്ര നിര്‍മിതിയും പ്രതിഷ്ഠയും അതിന്റെ ഭാഗമായി രൂപപ്പെട്ട ഹിന്ദുവാദി രാഷ്ട്രീയവുമാണെന്ന കാര്യത്തില്‍ കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപിയില്‍ സംശയങ്ങളൊന്നുമില്ല. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തില്‍ തുടങ്ങി ബിജെപി തങ്ങളുടെ പൊളിറ്റിക്കല്‍ ഗെയിം ആരംഭിച്ചു കഴിഞ്ഞിരുന്നു. നിതീഷ് കുമാറിന്റെ കാലുമാറ്റത്തിലൂടെ ബിജെപി ആദ്യത്തെ ഭീമന്‍ ഗോള്‍ നേടുകയും ചെയ്തു.

നിതീഷ് കുമാര്‍ | PHOTO: FACEBOOK
ഇന്ത്യ മുന്നണി

2023 ജൂലൈ 18 നാണ് ഇന്ത്യ മുന്നണി രൂപീകൃതമാകുന്നത്. 28 ലധികം പാര്‍ട്ടികളുടെ കൂട്ടായ്മ ബിജെപിക്കും, ഹിന്ദുത്വ രാഷ്ട്രീയത്തിനുമെതിരായ ഒരു ബദലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ സാധ്യത കല്‍പ്പിച്ച ചുവടുവെയ്പ്പായിരുന്നു സഖ്യം. തുടക്കത്തിലെ ആവേശം ക്രമേണ ഇല്ലാതായതിന്റെ ചിത്രമാണ് ഇന്ത്യ മുന്നണി നല്‍കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലുങ്കാന, മിസോറം എന്നീ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളോടെ മുന്നണിയിലെ അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തുവന്നു. മധ്യപ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് സീറ്റുകള്‍ നല്‍കാത്ത കോണ്‍ഗ്രസിന്റെ തീരുമാനമാണ് പ്രശ്നങ്ങള്‍ രൂക്ഷമാക്കിയതിന്റെ മുഖ്യകാരണം. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി ഭോപ്പാലില്‍ ഇന്ത്യ മുന്നണിയുടെ സംയുക്ത റാലി നടത്തണമെന്ന തീരുമാനം അട്ടിമറിച്ചതും കോണ്‍ഗ്രസ്സായിരുന്നു.  
 
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ രണ്ടാംഘട്ടം ആരംഭിച്ചതോടെ ഇന്ത്യ മുന്നണിയിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാവുകയാണ്. നിതീഷ് കുമാര്‍ ബിജെപിയുടെ കൂടെ പോയപ്പോള്‍ പശ്ചിമ ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടിലുറച്ചാണ് മമതയുടെ നീക്കം. തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിയപ്പോള്‍ സംഘടനാ ശക്തി വര്‍ധിപ്പിക്കുകയെന്ന അപ്രഖ്യാപിത ലക്ഷ്യവുമായി കോണ്‍ഗ്രസ് മുന്നോട്ടു പോവുന്നത് ഗുണത്തേക്കാള്‍ ദോഷമാണ് വരുത്തുകയെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. സീറ്റ് വിഭജനമുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തേണ്ട സമയത്താണ് ന്യായ് യാത്രയുമായി കോണ്‍ഗ്രസ്സ് മുന്നോട്ടുപോകുന്നത്.

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണി സാധ്യതകള്‍ വകവെക്കാതെ കോണ്‍ഗ്രസ് എടുത്ത തീരുമാനവും സമയവും തന്നെ ഇന്ത്യ മുന്നണിയുടെ മുന്നോട്ടുപോക്കില്‍ വീണ കരടായിരുന്നു. നിരവധി വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ ബാധ്യത കൂടിയുള്ള കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്ന നീക്കങ്ങള്‍ ഇന്ത്യ മുന്നണിയില്‍ ഉണ്ടാക്കുന്ന വിള്ളലുകള്‍ വളരെ വലുതും നികത്താന്‍ സാധിക്കാത്തതുമാണ്. ആം ആദ്മി പാര്‍ട്ടിയുമായും തൃണമൂല്‍ കോണ്‍ഗ്രസുമായുമൊക്കെയുള്ള രാഷ്ട്രീയ- പ്രശ്‌നങ്ങള്‍ വളരെ പക്വതയോടെ പറഞ്ഞും കണക്കുകൂട്ടിയും തീര്‍ക്കാനുള്ള സമയം കോണ്‍ഗ്രസ് നേതൃത്വത്തിന് ഉണ്ടായിരുന്നു. കോണ്‍ഗ്രസ് അതുപയോഗിച്ചില്ലെന്നു മാത്രമല്ല, അതിനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇനിയുള്ള സമയവും സാഹചര്യവും കൃത്യമായ രാഷ്ട്രീയ ബോധ്യത്തോടെ ഉപയോഗിച്ചാല്‍ മാത്രമേ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിക്ക് എന്തെങ്കിലും സാധ്യതയുള്ളൂ.


ഭാരത് ജോഡോ ന്യായ് യാത്ര | PHOTO: FACEBOOK
രണ്ടാം മോദി ഗവണ്‍മെന്റ്

ഹിന്ദുത്വവും, തീവ്ര ദേശീയതയും, ന്യൂനപക്ഷ വിരുദ്ധതയുമെല്ലാം പയറ്റിയാണ് 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് എന്‍ഡിഎ നേടിയത്. 1984 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 2 സീറ്റ് മാത്രം നേടാനായ ബിജെപിക്ക് രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ 303 സീറ്റുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്നു. വെറും 33 വര്‍ഷം കൊണ്ടാണ് ബിജെപി ഇത്തരത്തിലൊരു വളര്‍ച്ച കൈവരിച്ചത്. 2014 ലെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ രാമക്ഷേത്രവും പൂര്‍ത്തീകരിച്ചാണ് മോദിയുടെ നേതൃത്വത്തില്‍ വീണ്ടും ബിജെപി മറ്റൊരു പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയതാകട്ടെ വെറും 52 സീറ്റുകളാണ്. കഴിഞ്ഞ പത്തുവര്‍ഷത്തെ മോദി ഗവണ്‍മെന്റിന്റെ റെക്കോര്‍ഡ് ഏറ്റവും മികച്ചതാണെന്ന് മോദിയുടെ കടുത്ത അനുയായികള്‍ പോലും അവകാശപ്പെടുമെന്നു തോന്നുന്നില്ല.  

പൗരത്വ നിയമ ഭേദഗതി, മണിപ്പൂര്‍ കലാപം, വനിതാ ഗുസ്തി താരങ്ങള്‍ നേരിട്ട ലൈംഗിക ചൂഷണം, മാധ്യമ വേട്ട, കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള പ്രതിപക്ഷ വേട്ട, മത-ന്യൂനപക്ഷങ്ങളെ വേട്ടയാടല്‍, ഭരണഘടനാപരമായ അവകാശങ്ങളുടെ ശോഷണം, സാമ്പത്തിക മേഖലയിലെ മന്ദഗതി, തൊഴില്‍ വിപണിയിലെ മന്ദത തുടങ്ങി സര്‍ക്കാരിന് എതിരെ ഉയര്‍ത്താവുന്ന നിരവധി വിഷയങ്ങള്‍ ഉണ്ടെന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ പിന്തുടരുന്നവര്‍ സമ്മതിക്കും. എന്നാല്‍ അതെല്ലാം പരവതാനിക്കടിയിലാക്കി രാമക്ഷേത്രമെന്ന ഒറ്റ ചിഹ്നത്തില്‍ തങ്ങളുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ കേന്ദ്രീകരിക്കുകയാണ് ബിജെപി.  

കേരളത്തിലെ സ്ഥിതി  

2019-ല്‍ 20-ലോക്സഭാ സീറ്റുകളില്‍ 19 ലും യുഡിഎഫ് ആണ് വിജയിച്ചത്. ആലപ്പുഴ മണ്ഡലം മാത്രമാണ് എല്‍ഡിഎഫിന് നേടാനായത്. കേരളത്തിലെ തെരഞ്ഞെടുപ്പിനെ നിയന്ത്രിച്ച പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളായിരുന്നു വയനാട് നിയോജക മണ്ഡലത്തിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവും ശബരിമല വിഷയവും. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിച്ചത് മുസ്ലീം-ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമായി ഏകീകരിക്കുന്നതിലേക്ക് നയിച്ചു. ശബരിമല സിപിഎം-ന്റെ പരമ്പരാഗത വോട്ടുകളില്‍ പോലും വിള്ളലുണ്ടാക്കി. ഈ രണ്ടു ഘടകങ്ങളും യുഡിഎഫിന് അനുകൂലമായി വന്നു. എന്നാല്‍ രാജ്യത്തൊട്ടാകെ അലയടിച്ച മോദി പ്രഭാവം കേരളത്തെ ബാധിച്ചില്ല. പതിവുപോലെ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിച്ചില്ല.

REPRESENTATIVE IMAGE: WIKI COMMONS
വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രധാനപ്പെട്ട ചോദ്യങ്ങളിലൊന്ന് ബിജെപി അക്കൗണ്ട് തുറക്കുമോ എന്നാണ്. സുരേഷ് ഗോപി തൃശ്ശൂര്‍ പിടിക്കുമോ എന്നതാണ് അതുമായി ബന്ധപ്പെട്ട അനുബന്ധ ചോദ്യം. പ്രധാനമന്ത്രിയെ മകളുടെ കല്യാണത്തില്‍ പങ്കെടുപ്പിച്ച് സുരേഷ് ഗോപി ഗെയിം ഓണ്‍ ചെയ്തു കഴിഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന വീണ വിജയന് വേണ്ടി പിണറായി തൃശ്ശൂര്‍ സീറ്റ് ബലികൊടുക്കുമെന്ന പ്രചാരണം കോണ്‍ഗ്രസ് ഇതിനകം തുടങ്ങിക്കഴിഞ്ഞു. തിരുവനന്തപുരം ഉറപ്പിക്കുന്നതിനുള്ള ആദ്യപടിയായി രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സോഷ്യല്‍ മീഡിയ പോസ്റ്റിട്ടുകൊണ്ട് ശശി തരൂരും രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിലും തെരഞ്ഞെടുപ്പ് ചൂട് ആരംഭിച്ച സാഹചര്യത്തില്‍ കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ രാഷ്ട്രീയ ഗതിയും ചരിത്രവും വിവരിക്കുന്ന അവലോകനം തുടര്‍ന്നുള്ള ദിവസങ്ങളില്‍ നല്കുന്നതാണ്.


(തുടരും)

#outlook
Leave a comment