TMJ
searchnav-menu
post-thumbnail

Outlook

സിപിഎമ്മിനെ ബാധിച്ചിരിക്കുന്നത് പ്രത്യയശാസ്ത്ര പ്രതിസന്ധി

07 Oct 2025   |   5 min Read
ജുനൈദ് ടി പി തെന്നല
കേരള രാഷ്ട്രീയത്തിലെ സാമുദായിക സമവാക്യങ്ങൾക്കും മുന്നണി കൂട്ടുകെട്ടിനും അപ്രതീക്ഷിത ആശയഭ്രമണം ഉണ്ടായിക്കൊണ്ടിരിക്കുന്ന സവിശേഷമായ ഒരു രാഷ്ട്രീയ കാലാവസ്ഥയിലാണ് കേരളം മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിന് വേദിയാവാനിരിക്കുന്നത്. 
 
ഒരിക്കലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം ചേരാൻ സാധ്യത ഇല്ലാതിരുന്ന കേരള കോൺഗ്രസ് മാണി വിഭാഗം ഇടതു മുന്നണിക്കൊപ്പം അഞ്ചുവർഷം പൂർത്തിയാക്കിയിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടികളുമായി എല്ലാ കാലത്തും രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങൾ നിലനിർത്തുകയും ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റിനെ അധികാര സ്ഥാനത്തുനിന്ന് പുറത്താക്കുന്നതിൽ അടക്കം നിർണായക പങ്കുവഹിക്കുകയും ചെയ്ത എൻഎസ്എസിന്റെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി സുകുമാരൻ നായർ ഇടതുപക്ഷത്തെ പുകഴ്ത്തി തുടങ്ങിയിരിക്കുന്നു. സിപിഎമ്മിൽ വിഭാഗീയത കൊടുമ്പിരി കൊണ്ട കാലത്തും വിഎസ് അച്യുതാനന്ദനും പിണറായി വിജയനും ഒരുപോലെ വിമർശിച്ചിരുന്ന എസ്എൻഡിപിയുടെ നേതാവ് വെള്ളാപ്പള്ളി നടേശനും ഇടത് അനുകൂല സമീപനങ്ങളിലേക്ക് മാറുന്നു.

പിണറായി വിജയനും, വെള്ളാപ്പള്ളി നടേശനും | PHOTO: WIKI COMMONS
മറുവശത്ത് മത മൗലികവാദത്തിന്റെ വക്താക്കളായി അറിയപ്പെടുന്ന ജമാഅത്തെ ഇസ്ലാമിയുമായി കോൺഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയും ഒത്തുതീർപ്പുകളിലേക്ക് എത്തിയിരിക്കുന്നു. നാളിതുവരെ കേരളത്തിൽ സംഭവിച്ച രാഷ്ട്രീയ വഴിമാറ്റങ്ങളിൽ ഏറെ അപകടം ജനിപ്പിക്കുന്ന ഒന്നായി ഈ മാറ്റങ്ങളെ അടയാളപ്പെടുത്തേണ്ടതുണ്ട്. വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കാനിരിക്കുന്നതും ഈ സാമുദായിക ധ്രുവീകരണം തന്നെയായിരിക്കും.
 
ഇടത് നയം മാറ്റത്തിന് പിന്നിൽ
 
തങ്ങളുടെ രാഷ്ട്രീയം സമദൂര സിദ്ധാന്തമാണെന്ന് ആവർത്തിച്ചു പറയാറുള്ള എൻഎസ്എസ് പരമ്പരാഗതമായി യുഡിഎഫ് അനുകൂല നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. ശബരിമല സ്ത്രീ പ്രവേശന സർക്കാർ നിലപാടിൽ എൽഡിഎഫുമായി രൂക്ഷമായ പ്രശ്നങ്ങൾ ഉണ്ടാവുമെന്ന് കരുതിയെങ്കിലും രാഷ്ട്രീയമായി അപകടം മനസ്സിലാക്കി സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ അയഞ്ഞ നിലപാടിലേക്ക് എത്തിയത് വരെ എൻഎസ്എസിന്റെ നിലപാടിനോടുള്ള ഐക്യദാർഢ്യം എന്ന നിലക്ക് തന്നെയായിരുന്നു. മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് വേണ്ടി നടപ്പാക്കിയ സാമ്പത്തിക സംവരണവും (EWS) എൻഎസ്എസിനെ സിപിഎമ്മിലേക്ക് അടുപ്പിക്കാൻ കാരണമായി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തോട് സർക്കാർ സ്വീകരിച്ച നിലപാടിനെ ഹിന്ദു വിരുദ്ധ നിലപാടായി ചിത്രീകരിക്കാൻ ബിജെപിക്ക് കാര്യമായി കഴിഞ്ഞിട്ടുമുണ്ടായിരുന്നു. അത് പരമ്പരാഗതമായ ഇടതു വോട്ടുകളിലടക്കം ഉണ്ടാക്കിയ വിള്ളൽ ചെറുതായിരുന്നില്ല. ഇതിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമുദായ പാർട്ടികളുമായി സിപിഎം ഒത്തുതീർപ്പുകളിലേക്ക് എത്തുന്നത്.

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ | PHOTO: WIKI COMMONS
ശബരിമല സ്ത്രീ പ്രവേശന വിവാദത്തിന് മുൻപ് 10.5% മാത്രം വോട്ടുണ്ടായിരുന്ന ബിജെപി ഇപ്പോഴത് 16.7 ശതമാനത്തിലേക്ക് എത്തിച്ചിട്ടുണ്ട്, 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതു വോട്ട് പെട്ടിയിൽ നിന്നാണ് ഈ വോട്ട് ചോർച്ച കാര്യമായി ഉണ്ടായത്. ഇതിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇക്കഴിഞ്ഞ മാസം ഹിന്ദു വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ അയ്യപ്പ സംഗമം അടക്കം സംഘടിപ്പിച്ചതും. ശബരിമലയെ സുവർണാവസരമായി ഉപയോഗപ്പെടുത്തിയ ബിജെപിയിലേക്കുള്ള ഹിന്ദു വോട്ടിന്റെ ഒഴുക്ക് തടയാനുള്ള അടവ് നയത്തിന്റെ ഭാഗമായാണ് എസ്എൻഡിപി, എൻഎസ്എസ് തുടങ്ങിയ കേരളത്തിലെ രണ്ടു പ്രധാന സാമുദായിക സംഘടനകളെ സിപിഎം ഒപ്പം കൂട്ടുന്നത്. സിപിഎം നടത്തുന്ന ഈ അടവുനയത്തിൽ രാഷ്ട്രീയമായി ശരി കേടുകളില്ലെന്ന് പറഞ്ഞാലും പ്രത്യയശാസ്ത്രപരമായ വലിയ ചോദ്യങ്ങളെ നേരിടേണ്ടി വരുന്നുണ്ട്. നാളിതുവരെ സിപിഎം വെച്ചുവിളമ്പിയതിലത്രയും ഇപ്പോൾ വിഷം ചേർത്ത് വിളമ്പുന്നതായ പ്രതീതി ജനിപ്പിക്കുന്നുണ്ട്. കാരണം അത്രമാത്രം രൂക്ഷമായ ഒരു മത രാഷ്ട്രീയ ധ്രൂവീകരണത്തിലേക്കാണ് ഈ കൂട്ടുകെട്ട് കേരളത്തെ കൊണ്ടെത്തിക്കുന്നത്. വെള്ളാപ്പള്ളി നടേശന് ആവർത്തിച്ചു വർഗീയതയും അപര വിദ്വേഷവും പ്രചരിപ്പിക്കാൻ ധൈര്യം നൽകുന്നതും ഈ അവിശുദ്ധ കൂട്ടുകെട്ടാണ്.
 
വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം-ക്രിസ്ത്യൻ അപരവിദ്വേഷ പ്രചരണങ്ങൾക്ക് മറുത്തൊരു മറുപടിയോ പ്രതികരണമോ പോലും നടത്താതെ പിണറായി വിജയൻ തന്നെ വെള്ളാപ്പള്ളി നടേശനെ ആദരിക്കുകയും അയ്യപ്പ സംഗമം അടക്കമുള്ള വേദികളിലേക്ക് ആദരപൂർവ്വം ലജ്ജയില്ലാതെ ആനയിക്കുകയും ചെയ്യുന്നു എന്നത് സിപിഎം ഇപ്പോൾ കടന്നുപോകുന്ന രൂക്ഷമായ പ്രത്യയശാസ്ത്ര പ്രതിസന്ധിയുടെ അപകടം അടയാളപ്പെടുത്തുന്ന സൂചനകളാണ്. മാതാ അമൃതാനന്ദമയിയുടെ ജന്മദിനത്തിൽ മന്ത്രി സജി ചെറിയാൻ പോയി ഉമ്മ വെച്ചു കൊടുക്കുക കൂടി ചെയ്തത് ഈ പ്രതിസന്ധിയുടെ ആഴവും പരപ്പും എത്രമാത്രം ഭീകരമാണെന്ന് തെളിഞ്ഞു കാണിക്കുന്നുണ്ട്.
 
സജി ചെറിയാനും, മാതാ അമൃതാനന്ദമയിയും | PHOTO: WIKI COMMONS
കേരളം ശബരിമല സ്ത്രീ പ്രവേശന വിധിക്ക് മുമ്പും ശേഷവും എന്ന് സവിശേഷമായി അടയാളപ്പെടുത്താൻ പാകത്തിൽ കേരളത്തിന്റെ രാഷ്ട്രീയ സ്വഭാവം സാമുദായിക സംഘടനകൾ തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കുന്നതിൽ നിർണായകമാവാനിരിക്കുന്ന വസ്തുത.
കേരള രാഷ്ട്രീയം സാമുദായിക രാഷ്ട്രീയത്തിന് വലിയ വളക്കൂറുള്ള മണ്ണായി രൂപപ്പെടുന്നതിന്റെ സൂചനയായി ഈ മാറ്റങ്ങളെ അടയാളപ്പെടുത്തുക കൂടി ചെയ്യേണ്ടതുണ്ട്.
 
സിപിഎം പ്രതീക്ഷിക്കുന്നത്
 
ശബരിമല വിവാദത്തിനു ശേഷം ബിജെപിയിലേക്കുള്ള ഹിന്ദു വോട്ടിന്റെ ഒഴുക്കിനെ തടയാൻ എൻഎസ്എസുമായും എസ്എൻഡിപിയുമായുള്ള ബന്ധം സഹായിക്കും എന്നാണ് സിപിഎം കരുതുന്നത്. മാത്രമല്ല കേരള കോൺഗ്രസുമായി ഉണ്ടാക്കിയ സഖ്യം ക്രിസ്ത്യൻ വോട്ട് ബാങ്കിനെയും നിലനിർത്താൻ ആവുമെന്ന പ്രതീക്ഷ സിപിഎമ്മിൽ ഉണ്ട്. അതേസമയം മുസ്ലിം വോട്ട് ബാങ്ക് ആണ് സിപിഎമ്മിന് ഇത്തവണ വലിയ വെല്ലുവിളി സൃഷ്ടിക്കാനിരിക്കുന്നത്. കഴിഞ്ഞതവണ മലബാറിൽ അടക്കം വലിയ പിന്തുണ ലഭിക്കാൻ കാരണമായത് സി എ എ, എൻ ആർ സി വിഷയങ്ങളിൽ സിപിഎം സ്വീകരിച്ച ശക്തമായ നിലപാടുകൾ തന്നെയായിരുന്നു. എന്നാൽ ഇത്തവണ മുസ്ലീം വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പിന്റെ വീതം വെട്ടിക്കുറച്ചതും പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ്, വെള്ളാപ്പള്ളിയുടെ ആവർത്തിച്ചുള്ള വർഗീയ പരാമർശങ്ങൾ എന്നിവയോട് പ്രതികരിക്കുകയോ തിരുത്തുകയോ ചെയ്യാതെ ഒപ്പം കൂട്ടിയതും ഒടുവിൽ അൻവർ ഉയർത്തിയ പോലീസിനെതിരെയുള്ള ആരോപണങ്ങളിൽ അടക്കം പ്രതിരോധത്തിൽ ആയതും മലബാറിലെ മുസ്ലിം വോട്ട് ബാങ്കിനെ സ്വാധീനിക്കാൻ സാധ്യതയുള്ളവയാണ്.

REPRESENTATIVE IMAGE | PHOTO: WIKI COMMONS
എന്നാൽ സമസ്ത ഇ കെ വിഭാഗവും ലീഗും തമ്മിലുള്ള തർക്കം രൂക്ഷമായത് ചെറിയതോതിൽ എങ്കിലും ഇത്തവണ ഇടതുപക്ഷത്തെ സഹായിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന് അനുകൂലമായിരുന്ന ഇ കെ വിഭാഗത്തിന്റെ കേഡർ വോട്ടുകൾ ലീഗിന് ലഭിക്കാനിടയില്ല. കാരണം അത്രമാത്രം രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളിലാണ് ഇപ്പോൾ ലീഗും സമസ്തയും മുന്നോട്ട് പോകുന്നത്. ജിഫ്രി തങ്ങളും ഉമ്മർ ഫൈസിയും അടക്കം സമസ്ത മുശാവറയിലെ പ്രബല വിഭാഗം സമസ്തക്ക് സ്വതന്ത്രമായ രാഷ്ട്രീയ നിലപാടുകൾ ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ബഹാവുദ്ദീൻ നദ്‌വി, അബ്ദുസമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി തുടങ്ങിയ ലീഗ് അനുകൂല നേതാക്കൾക്ക് സമസ്തയിലെ സാധാരണ വോട്ടുകളെ സ്വാധീനിക്കാൻ കഴിഞ്ഞേക്കാം. 
 
സാമുദായിക സംഘടനകളിൽ നിന്ന് സിപിഎം പ്രതീക്ഷിക്കുന്ന വോട്ട് തെരഞ്ഞെടുപ്പ് ഗതിയെ നിർണയിക്കാൻ പാകത്തിലുള്ളതല്ല എന്നതാണ് വാസ്തവം. കാരണം നിശ്ചിത എണ്ണം കേഡർ വോട്ടുകൾക്കപ്പുറത്ത് ഈ സംഘടനകൾക്ക് കേരളത്തിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ചരിത്രം. സമുദായിക സംഘടനകളെ അമിതമായി താലോലിച്ച സമയങ്ങളിലെല്ലാം അതാത് പാർട്ടികൾക്കും മുന്നണികൾക്കും വലിയ ക്ഷീണം സംഭവിച്ചിട്ടുണ്ട് എന്ന യാഥാർത്ഥ്യവും മുന്നിലുണ്ട്.
 
പിണറായി വിജയനും, വെള്ളാപ്പള്ളി നടേശനും | PHOTO: WIKI COMMONS
മുസ്ലിം വോട്ടിൽ കണ്ണും നട്ടിരിക്കുന്ന യുഡിഎഫ്
 
അവസാനം നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ മേധാവിത്വം യുഡിഎഫിന് വലിയ ആത്മവിശ്വാസവും പ്രതീക്ഷയും നൽകിയിട്ടുണ്ടെങ്കിലും പിണറായി 3.0 എന്ന മുദ്രാവാക്യം നേരത്തെ ഉയർത്തി ഒരു ഭരണ തുടർച്ചയുടെ സാധ്യതകളെ വീണ്ടും ഉയർത്തിക്കാണിക്കാൻ ഇടതുപക്ഷത്തിനായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് വരെ നിലനിർത്താനായ ഒടുവിൽ നടന്ന തെരഞ്ഞെടുപ്പുകളിലെ മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. മുസ്ലീങ്ങൾക്കെതിരെ ആവർത്തിച്ചു വർഗീയ വിദ്വേശ പ്രചരണം നടത്തിയ വെള്ളാപ്പള്ളിയുമായുള്ള സിപിഎമ്മിൻ്റെ കൂട്ട് കെട്ട് മലബാറിലെ മുസ്ലിം വോട്ട് യുഡിഎഫിന് അനുകൂലമാക്കി മാറ്റും. മലപ്പുറത്ത് ലീഗിന് ഇത്തവണ ലഭിക്കാൻ സാധ്യതയില്ലാത്ത ഇ കെ വിഭാഗം സമസ്തയിലെ ഉമർ ഫൈസിയും അമ്പലക്കടവും ഒക്കെ നേതൃത്വം നൽകുന്ന ഷജറ വിഭാഗത്തിന്റെ വോട്ടും കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് തന്നെ ലഭിക്കാൻ സാധ്യതയുണ്ട്. കാരണം അവർക്ക് അഭിപ്രായവ്യത്യാസം ഉള്ളത് ലീഗിനോട് മാത്രമാണ്. മാത്രവുമല്ല ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ പാർട്ടികളുടെയും വോട്ട് ഇത്തവണ യുഡിഎഫിന് ലഭിക്കാനാണ് സാധ്യത.

സിപിഎമ്മിന്റെ മൃദു ഹിന്ദുത്വ നിലപാടുകളിൽ അതൃപ്ത്തിയുള്ള സമസ്ത എപി വിഭാഗത്തിലെ ചെറിയൊരു ശതമാനം വോട്ടെങ്കിലും ഇത്തവണ യുഡിഎഫിന് ലഭിക്കാനിടയുണ്ട്. അങ്ങനെ വന്നാൽ ചരിത്രത്തിലെ ഏറ്റവും മികച്ച മുന്നേറ്റം ആയിരിക്കും മലബാർ മേഖലയിൽ യുഡിഎഫിന് ലഭിക്കാനിടയുള്ളത്. കോഴിക്കോട് ജില്ലയിൽ നിലവിൽ രണ്ട് സീറ്റ് മാത്രമാണ് യുഡിഎഫിനുള്ളത്. എം കെ മുനീറിന്റെ കൊടുവള്ളിയും കെ കെ രമയുടെ വടകരയും മാത്രമാണ്. 2011 മുതൽ മൂന്ന് സീറ്റിൽ കൂടുതൽ നേടാൻ ആവാത്ത യുഡിഎഫ് ജില്ലയിൽ മുസ്ലിം വോട്ട് ബാങ്ക് അനുകൂലമായാൽ യുഡിഎഫ് കാര്യമായ മുന്നേറ്റം നടത്തും. മലബാറിൽ ലഭിക്കുന്ന വോട്ടുകൾ ആയിരിക്കും യുഡിഎഫിൽ അധികാരം ലഭിക്കുകയാണെങ്കിൽ നിർണായകമാവുക. 
 
REPRESENTATIVE IMAGE | PHOTO: WIKI COMMONS
ബിജെപിയുടെ സ്വപ്നം
 
ചരിത്രത്തിൽ ആദ്യമായി ലഭിച്ച നിയമസഭാ സീറ്റ് കഴിഞ്ഞതവണ സിപിഎം പിടിച്ചെടുത്തെങ്കിലും ഇത്തവണ തിരുവനന്തപുരത്ത് തന്നെ രണ്ടോ മൂന്നോ സീറ്റുകളിൽ ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. നേമവും കഴക്കൂട്ടവും കൃത്യമായ സമുദായിക ധ്രുവീകരണം ഉണ്ടാവുകയും അത് ബിജെപിക്ക് അനുകൂലമാവുകയും ചെയ്യും. ബിജെപിയിൽ കാര്യമായി വിഭാഗീയ പ്രശ്നങ്ങൾ ഇല്ലാതിരുന്നാൽ ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖറും അടുത്ത നിയമസഭയിൽ ഉണ്ടാകും എന്നാണ് ബിജെപി ഉറച്ച് വിശ്വസിക്കുന്നത്. തിരുവനന്തപുരം കൂടാതെ തൃശ്ശൂർ, ആലപ്പുഴ ജില്ലകളിലും ബിജെപി പ്രതീക്ഷ പുലർത്തുന്നുണ്ട്. കേരള കോൺഗ്രസ് വഴി ഇടതുപക്ഷത്തിന് ലഭിച്ചേക്കുമെന്ന് കരുതുന്ന ക്രിസ്ത്യൻ വോട്ട് ബാങ്കിലും ബിജെപി കാര്യമായി വിള്ളൽ വീഴ്ത്താൻ സാധ്യതയുണ്ട്.

ക്രിസ്ത്യൻ തീവ്ര വലതുപക്ഷ സംഘടനയായി പ്രവർത്തിക്കുന്ന കാസ സാമൂഹിക മാധ്യമങ്ങളിൽ അടക്കം സംഘപരിവാറിനൊപ്പം തന്നെ. മുസ്ലിം അപരത്വം പ്രചരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇസ്രയേൽ പലസ്തീൻ വിഷയത്തിൽ പോലും കേരളത്തിലെ വലിയൊരു വിഭാഗം ക്രിസ്ത്യാനികൾ ഇസ്രയേലിന് അനുകൂലമായി സംസാരിക്കുന്നതിലടക്കം കാസയുടെ ഇടപെടലുകൾ കാരണമായിട്ടുണ്ട്. അത് തീവ്ര വലതുപക്ഷ ക്രിസ്ത്യൻ വോട്ട് ബാങ്കിനെ കാര്യമായി ബിജെപിക്ക് അനുകൂലമാക്കി മാറ്റിയേക്കാം. അതേസമയം മണിപ്പൂർ അടക്കമുള്ള രാജ്യത്തെമ്പാടും ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ സാധാരണ ക്രിസ്ത്യൻ വോട്ടുകൾ കോൺഗ്രസിനും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കുമായി വിഭജിച്ചു പോവുകയും ചെയ്യും. കേരളത്തിൽ 10 സീറ്റുകളിലെങ്കിലും കാര്യമായ മത്സരം നടത്താനുള്ള ശേഷി ഇന്ന് ബിജെപിക്കുണ്ട്. ജമാഅത്തെ ഇസ്ലാമിയുമായി ഉണ്ടാക്കിയ ധാരണ മുന്നോക്ക ഹിന്ദു ക്രിസ്ത്യൻ വോട്ടുകൾ യുഡിഎഫിൽ നിന്ന് അകറ്റാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ബിജെപി 20% വോട്ട് പിടിച്ചെടുത്താലും അത്ഭുതപ്പെടേണ്ടതില്ല. ഈ തെരഞ്ഞെടുപ്പിൽ കൂടി യുഡിഎഫിന് അധികാരം ലഭിക്കാതിരുന്നാൽ ലീഗ് ഇടതുമുന്നണിയിലേക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അങ്ങനെ സംഭവിച്ചാൽ കോൺഗ്രസ് കൂടുതൽ ദുർബലമാവുകയും 50 ലധികം മണ്ഡലങ്ങളിലെങ്കിലും ഭൂരിപക്ഷ വിഭാഗത്തിെന്റെ വോട്ടുകൾ മാത്രം വിധി നിർണയിക്കുന്ന അപകടകരമായൊരു രാഷ്ട്രീയ കീഴ്വഴക്കം സൃഷ്ടിക്കപ്പെടും. കേരളത്തിന്റെ മതനിരപേക്ഷ രാഷ്ട്രീയ ചട്ടക്കൂടിന് അതുണ്ടാക്കുന്ന പരിക്ക് ചെറുതായിരിക്കില്ല. 
#outlook
Leave a comment