TMJ
searchnav-menu
post-thumbnail

Outlook

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിള്ളലും വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യവും

11 Jun 2023   |   2 min Read
റസ്‌നി ബായ്

രു വിദ്യാലയത്തിൽ നിന്നും ഒരു വിദ്യാർത്ഥിക്ക് കിട്ടാവുന്ന ഏറ്റവും കുറഞ്ഞ സന്തോഷമാണ് ഒരു പുഞ്ചിരി, ഏറ്റവും വലിയ സന്തോഷമാണ് എല്ലാ തരത്തിലും വിജയകരമായ ഒരു ഭാവി. എന്നാൽ  അച്ചടക്കവും, ഒതുക്കവും അടിച്ചേൽപ്പിക്കുന്ന, ടെക്സ്റ്റ് ബുക്ക് ഓറിയന്റ്ഡ് ആയിട്ടുള്ള ഒരു ചിട്ടയായ ക്ലാസ്മുറിയിൽ വീർപ്പ്മുട്ടി ഒരു പത്താംക്ലാസ് സർട്ടിഫിക്കറ്റിന് വേണ്ടിയോ, ഡിഗ്രിക്ക് വേണ്ടിയോ അലയേണ്ടവരാണോ നമ്മുടെ വരും തലമുറ.

ഒരു ക്ലാസ്മുറിയിലേക്ക് എന്തെല്ലാം വിഷയങ്ങൾ കടന്നു വരാം, സാമൂഹികവും, രാഷ്ട്രീയപരമായ, എല്ലാവർക്കും സംസാരിക്കാൻ ഒരുപോലെ അവസരം കിട്ടുന്നതുമായ എത്ര ക്ലാസ്മുറികൾ നമ്മുക്ക് പരിചയം ഉണ്ട്. അദ്ധ്യാപകർ മാത്രം സംസാരിക്കുന്ന ക്ലാസ്മുറികളിൽ വിദ്യാർത്ഥികൾ വെറും വസ്തുക്കളാണ്. അധ്യാപകരുടെ കാഴ്ച്ചപ്പാടുകൾ അടിച്ചേൽപ്പിക്കാൻ, സ്‌കൂളിന്റെയോ, കോളേജിന്റെയോ അച്ചടക്ക നിയമങ്ങൾ വള്ളി പുള്ളി വിടാതെ പാലിക്കാൻ, നിത്യവും ക്ലാസിൽ വെറും കേൾവിക്കാരായി മാത്രം ഇരിക്കാനുള്ള വസ്തുക്കൾ. ഞാനുൾപ്പടെ നമ്മളിൽ എത്ര പേർക്ക് അറിയാം എന്തും തുറന്നു പറയാൻ, ഓടി ചെല്ലാൻ, അത്രെയും അപ്രോച്ചബിൾ ആയിട്ടുള്ള അധ്യാപകരെ.

അധ്യാപകർ ക്ലാസിൽ കയറുമ്പോൾ തന്നെ എഴുന്നേറ്റ് നിൽക്കുന്ന വിദ്യാർത്ഥികൾ ഇല്ലേ, അത് തന്നെ ഒരു ജനാധിപത്യ രാജ്യത്തിനു ചേർന്നതാണോ? ഇന്നും നമ്മുടെയൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഗുരു ശിഷ്യ ബന്ധത്തിന്റെ ഒരു ഡിഫ്‌റെൻസിയേഷൻ കാണാൻ സാധിക്കുന്നില്ലേ. വിദ്യാർത്ഥികൾ അധ്യാപകരെ തൊഴുതു നിൽക്കുന്നവർ, അധ്യാപകർ അധികാരം ഉള്ളവർ എന്ന ഒരു വിവേചനാത്മകമായ രീതി ഇന്നും നമ്മുടെ വിദ്യാലയങ്ങളുടെ ഭാഗമാണ്.

ഒരു വിദ്യാർത്ഥി എന്നാൽ ഒരു വ്യക്തിയാണ്, ഒരു വ്യക്തിയുടെ സ്വകാര്യതയിൽ ഇടപെടാൻ യാതൊരുവിത അവകാശവും ഒരു അധ്യാപകർക്കും ഇല്ല. എന്നാൽ ആ വ്യക്തിയെ കുറച്ച് കൂടെ വളരാൻ, കാര്യങ്ങൾ മനസ്സിലാക്കി തീരുമാനങ്ങൾ വിവേചന ബുദ്ധിയോടെ എടുക്കാൻ പ്രാപ്തരാക്കാൻ ഒരു അധ്യാപകനാൽ സാധിക്കും.

'Every time we teach a child something, we keep him from inventing it himself. On the other hand, that which we allow him to discover for himself will remain with him visible for the rest of his life' - Jean Piaget


ഷോൺ പിയാഷേ | PHOTO: WIKI COMMONS

മനഃശാസ്ത്രഞ്ജനും തത്വചിന്തകനുമായിരുന്ന ഷോൺ പിയാഷേ യുടെ വാക്കുകളാണിത്. കൂട്ടിലടച്ച് കുത്തിവെക്കേണ്ട ഒന്നല്ല വിദ്യ, അത് വിദ്യാർത്ഥികൾ സ്വയം നേടി എടുക്കേണ്ടതാണ് അതിന് വേണ്ടി അവരെ സഹായിക്കുന്ന, ഫെസിലെറ്റെറ്റേഴ്‌സ് ആവുക എന്നതാണ് അധ്യാപകരുടെ പ്രധാനമായ കടമ.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നമ്മുടെ അധ്യാപന രീതികൾ കുറ്റവും ശിക്ഷയും വിധിക്കുന്ന, കുട്ടികളെ മെരുക്കി എടുക്കുന്ന, ചോദ്യവും ഉത്തരവും മെക്കാനിക്കൽ ആയി കാണാതെ പഠിക്കുന്ന ഒരു കൂട്ടം കുട്ടികളെ വളർത്തി എടുക്കുക എന്നതിലുപരി പരസ്പരം മനസ്സിലാക്കുന്ന, സഹായിക്കുന്ന, വഴികാണിക്കുന്ന, അനുകമ്പയുള്ള മനുഷ്യർ തമ്മിലുള്ള മനോഹരമായ ഒരു ബന്ധമായി എന്ത് കൊണ്ട് മാറിക്കൂടാ.

എത്ര വിദ്യാർത്ഥികൾ ആഗ്രഹിച്ചു കാണും തങ്ങളെ മനസ്സിലാക്കുന്ന, അംഗീകരിക്കുന്ന, അനുകമ്പയുള്ള ഒരു അധ്യാപകനോ, അധ്യാപികയോ തങ്ങൾക്കുണ്ടായിരുന്നെങ്കിൽ എന്ന്. വിരട്ടി നിർത്തുന്നതിനു പകരം ചേർത്ത് നിർത്തലാണ് അവർക്കാവിശ്യം, ഗുരു ശിഷ്യ ബഹുമാനങ്ങൾക്കപ്പുറം പരസ്പരം മനസ്സിലാക്കാൻ സാധിക്കുന്ന സുഹൃത്തുക്കളെയാണ് അവർക്ക് ആവിശ്യം, അധ്യാപകർ മാത്രം സംസാരിക്കുന്ന ക്ലാസ്മുറികൾകളിൽ ശ്രദ്ധയോടെ കേട്ടിരുന്ന്  സർട്ടിഫിക്കറ്റുകൾ നേടുന്നതിലും, തുറന്ന വായനയിലൂടെയും, ചർച്ചകളിലൂടെ സ്വയം പ്രാപ്തരായ, സ്വന്തമായി രാഷ്ട്രീയ, സാമൂഹിക ബോധമുള്ള വ്യക്തിത്വങ്ങളായി മാറുന്നതിലുമാണ് അവരുടെ വിജയം.

തന്റെ സുഹൃത്തുക്കളുടെ മുന്നിൽ അപമാനിക്കപ്പെട്ടതിന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വിദ്യാർത്ഥിയെ എനിക്കറിയാം. സ്വന്തം മാതാപിതാക്കൾ തമ്മിൽ നിത്യവും വാക് തർക്കം ആയത് കൊണ്ട് ഞായറാഴ്ച്ചകളിലും സ്‌കൂളിൽ വരാൻ ആഗ്രഹിച്ച വിദ്യാർത്ഥിയെ എനിക്കറിയാം. സ്വന്തം അച്ഛൻ പത്രം ഇടാൻ പോകുന്നത് കൊണ്ട് സഹപാഠികളാലും, ക്ലാസ്സ് അദ്ധ്യാപികയാലും അപമാനിക്കപ്പെട്ട് തുടർന്നുള്ള പഠനം നിർത്താൻ തീരുമാനമെടുത്ത വിദ്യാർത്ഥിയെ എനിക്കറിയാം. നമ്മൾ ജീവിക്കാത്ത ജീവിതങ്ങൾ നമുക്ക് കെട്ട് കഥയാണ് എന്ന് പറയുന്നത് പോലെ ഓരോരുത്തരും ഓരോ കഥകളാണ്, ഇങ്ങനെയുള്ള വിദ്യാർത്ഥികൾ ഒക്കെയും തണൽ തേടി വരുന്ന ഒരു വിദ്യാലയം അവരെ എങ്ങനെ സ്വീകരിക്കണം എന്നത് വളരെ പ്രാധാന്യമേറിയ വിഷയമാണ്.

മാറ്റങ്ങൾ അനിവാര്യമാണ്. വിദ്യ വിനയമാണ് അവിടെ ഭരണം ഇല്ല, നീയും ഞാനും ഇല്ല, നമ്മൾ എല്ലാവരും ഒരുമിച്ച് പ്രയത്‌നിക്കുകയാണ് ഒരുപാട് കാര്യങ്ങൾ പുതുതായി പഠിക്കാൻ, ഉൾകൊള്ളാൻ, തെറ്റായി പഠിച്ചതൊക്കെയും തിരുത്തി പഠിക്കാൻ.

Learn, Unlearn, and Relearn.




Leave a comment