TMJ
searchnav-menu
post-thumbnail

Outlook

അര്‍ഹതയില്ലാത്ത പുരസ്‌കാരത്തിന് ആള്‍ക്കൂട്ടത്തിന്റെ കൈയ്യടി

21 Jun 2025   |   4 min Read
സുജീഷ്

ല പുരസ്‌കാരങ്ങളും അനര്‍ഹരായവരുടെ കൈകളിലേക്കു ചെന്നെത്തുക പതിവുള്ള കാര്യമാണ്. അധികാരം, സ്വാധീനം, പണം മുതലായ പലതരം കാര്യങ്ങള്‍ ഇതിനു പിന്നിലുണ്ടാകാം. ഇന്ത്യയിലെ 24 ഭാഷകളില്‍ നിന്നുള്ള യുവ എഴുത്തുകാര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി നല്‍കിവരുന്ന യുവ പുരസ്‌കാര്‍ അത്തരത്തിലുള്ള അവാര്‍ഡുകളിലൊന്നാണ്. ഓരോ ഭാഷയിലെയും 35 വയസ്സില്‍ താഴെയുള്ള എഴുത്തുകാരില്‍ നിന്നും വിശിഷ്ടമായ ഒരു കൃതി കണ്ടെത്തി അതിന്റെ എഴുത്താള്‍ക്ക് നല്‍കുന്ന പുരസ്‌കാരം എന്ന നിലയ്ക്കാണ് ഈ പുരസ്‌കാരം 2011 മുതല്‍ വര്‍ഷാവര്‍ഷം നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇന്നോളമുള്ള അതിന്റെ ചരിത്രം പരിശോധിച്ചാല്‍ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ മിക്കപ്പോഴും സാഹിത്യമേന്മയെക്കാള്‍ മറ്റു പലതുമാണ് മാനദണ്ഡമായിരിക്കുന്നതെന്നു കാണാനാകും. സാഹിത്യ-സാംസ്‌കാരിക മേഖലയില്‍ ഏതെങ്കിലും രീതികളില്‍ പ്രാധാന്യമുള്ള വ്യക്തികളല്ല വിധികര്‍ത്താക്കളായും വരാറുള്ളത്. ഒരു പുരസ്‌കാരത്തിന്റെ മേന്മ നിര്‍ണ്ണയിക്കപ്പെടുന്നത്, അത് ഒരു രാഷ്ട്രത്തിന്റേതായാല്‍ പോലും, അത് ആര്‍ക്കൊക്കെ ലഭിച്ചു എന്ന ചരിത്രത്തെ കൂടി മുന്‍നിര്‍ത്തിയാകും. അങ്ങനെയൊരു പ്രസക്തി ഈ പുരസ്‌കാരത്തിന് ഇല്ലാത്തതിനാല്‍ത്തന്നെ പൊതുവെ ശ്രദ്ധേയമായ പുരസ്‌കാരങ്ങളിലൊന്നായി പൊതുജനങ്ങള്‍ക്കിടയില്‍ ഇത് അറിയപ്പെട്ടിരുന്നില്ല. അതിനാല്‍ത്തന്നെയാകും പലതരം സ്വാധീനങ്ങള്‍ക്ക് വിധേയപ്പെട്ട് ഈ പുരസ്‌കാരം അനര്‍ഹരായവരുടെ കൈകളില്‍ ചെന്നെത്തിയപ്പോഴും സംഘ് പരിവാറിനുവേണ്ടി ഓര്‍ഗനൈസര്‍ അടക്കമുള്ള മാധ്യമങ്ങളില്‍ ഹിന്ദുത്വ അജണ്ടകള്‍ മുന്‍നിര്‍ത്തിയുള്ള ലേഖനങ്ങള്‍ നിരന്തരം എഴുതിക്കൊണ്ടിരുന്ന ആള്‍ക്ക് 2023ല്‍ ഇതേ പുരസ്‌കാരം ലഭിച്ചപ്പോഴും നമ്മുടെ ശ്രദ്ധയില്‍ ഇതൊന്നും വരാതിരുന്നതും ചര്‍ച്ചയാകാതിരുന്നതും.

നിലവാരമില്ലാത്ത ഉത്പ്പന്നങ്ങള്‍ വിപണി കൈയ്യടക്കുന്നത് പതിവുള്ളതാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പാനീയം കൊക്കകോളയും പെപ്‌സിയുമാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകം അഖില്‍ പി. ധര്‍മജന്റെ റാം C/o ആനന്ദി എന്ന നോവല്‍ ആണെന്നു ആളുകള്‍ വിശ്വസിക്കുന്നു. ഒരു ഉല്‍പ്പന്നത്തിന്റെ വില്‍പ്പനയാകട്ടെ നിലവാരത്തിന്റെ മാത്രമല്ല ഉപയോഗപ്രദമാണോ എന്നതിന്റെ പോലും മാനദണ്ഡമാകണമെന്നില്ല. പ്രതീതിനിര്‍മ്മിതിയെന്ന കൗശലമാണ് വിപണിയില്‍ സ്വാധീനമുറപ്പിക്കാന്‍ ഇക്കാലത്ത് ഏറ്റവും ഫലപ്രദമായ തന്ത്രം. ആ തന്ത്രം കൃത്യമായി പ്രാവൃത്തികമാക്കാന്‍ അഖില്‍ പി. ധര്‍മജനും അദ്ദേഹത്തിന്റെ പ്രസാധകരായ ഡിസി ബുക്ക്‌സിനും ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. അതേസമയം ഇത്തരമൊരു കൃതി, നേരത്തെ പറഞ്ഞമട്ടില്‍ പലതരം സ്വാധീനത്താല്‍ നേടിയെടുക്കാവുന്ന ഒരു പുരസ്‌കാരം കൂടി സ്വന്തമാക്കിയതോടെ പലതരത്തിലുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ ഉണ്ടാകുകയുണ്ടായി. ഇതിനോട് അനുബന്ധിച്ചുണ്ടായ ചര്‍ച്ചകളില്‍ ഉന്നയിക്കപ്പെട്ട ചില വാദങ്ങള്‍, പ്രത്യേകിച്ച് റാം C/o ആനന്ദി ഈ പുരസ്‌കാരലബ്ദിയോടെ മികച്ച സാഹിത്യസൃഷ്ടിയായി മാറിക്കഴിഞ്ഞുവെന്ന ധാരണയുണ്ടാക്കി തങ്ങളുടെ ഭാവുകത്വന്യൂനതകളെ മികവായി ആഘോഷിക്കുന്നവരും മറ്റും ഉന്നയിച്ച വാദങ്ങള്‍, അഭിസംബോധന ചെയ്യപ്പെടേണ്ടതുണ്ടെന്നു തോന്നുന്നു.

REPRESENTATIVE IMAGE | WIKI COMMONS
വാദം: റാം C/o ആനന്ദിയെ എതിര്‍ക്കുന്നവരുടേത് വരേണ്യചിന്തയാണ്

സാമൂഹികമായി ഒരു സവിശേഷ പശ്ചാത്തലത്തില്‍ നില്‍ക്കുന്നതിനാല്‍ ചിലര്‍ക്ക് മാത്രം പ്രാപ്യമായ ശേഷികള്‍ തങ്ങളുടെ യോഗ്യതയും നേട്ടവുമായി കരുതി മറ്റുള്ളവരെ ഇകഴ്ത്തുന്ന ബോധമാണ് വരേണ്യത. പുസ്തകവായന അഥവാ ഒരാളുടെ ബൗദ്ധികനിലയെ സംബന്ധിച്ചിടത്തോളം സമകാലീന മനുഷ്യര്‍ക്ക് ആവശ്യമായിട്ടുള്ളത് പുസ്തകം വാങ്ങാനുള്ള പണവും വായിക്കാനുള്ള സമയവുമാണ്. ഇതാണ് വായനയെ സംബന്ധിച്ച വിശേഷഭാഗ്യം. അതിന്റെ ആനുകൂല്യം ലഭ്യമായവരാണ് റാം C/o ആനന്ദി പോലെയുള്ള പുസ്തകത്തിന്റെയും വായനക്കാര്‍. ചേതന്‍ ഭഗത്തിനെ പോലെയുള്ളവരുടെ കൃതികളുടെ വായനക്കാരില്‍ ഭൂരിപക്ഷവും സാമ്പത്തികവും സാമൂഹികവുമായ ചുറ്റുപാടുകള്‍ കൊണ്ട് വരേണ്യരായിരുന്നു. അത്തരക്കാരെത്തന്നെയാണു റാം C/o ആനന്ദി എന്ന പുസ്തകവും ലക്ഷ്യമിട്ടതും അവരുടെ പ്രീതിയാണ് സ്വായത്തമാക്കിയതും. ഇത്തരത്തിലുള്ള നേരംകൊല്ലി പുസ്തകങ്ങള്‍ വാങ്ങാനും വായിക്കാനും സൗകര്യമുണ്ടായിരിക്കെ, അതേ സൗകര്യമോ അതില്‍ കുറഞ്ഞ സൗകര്യമോ സ്വന്തമായുള്ള മനുഷ്യര്‍ നിലവാരമുള്ള പുസ്തകങ്ങള്‍ വായിച്ചിരിക്കാനിടയുണ്ട്. ഇത്തരം പുസ്തകങ്ങളെപ്പറ്റി വിമര്‍ശനവും അവര്‍ ഉന്നയിക്കാം. ആ വിമര്‍ശനത്തെ വരേണ്യതയെന്നു മുദ്രകുത്തുന്ന ബോധനില ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. എന്തെന്നാല്‍ അതിന്റെ വേര് ഇറങ്ങി നില്‍ക്കുന്നത് വരേണ്യബോധത്തില്‍ തന്നെയാണെന്നതുതന്നെ കാരണം. നിലവാരമെന്നത് വരേണ്യതയുടെ ലക്ഷണമായിട്ടാണു ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ കരുതുന്നതെന്ന അനുമാനത്തിലേക്കാണ് ഇത് നമ്മളെ നയിക്കുന്നത്. ഇത് ഇത്തരകകരുടെ വാദത്തെ സ്വയം റദ്ദ് ചെയ്യുക മാത്രമല്ല, പ്രശ്‌നവത്കരിക്കേണ്ടതുമാണ്. നിലവാരമില്ലെന്നു വിലയിരുത്തപ്പെടുന്ന പുസ്തകങ്ങള്‍ വാങ്ങാനും വായിക്കാനും സാധിക്കുന്നെങ്കില്‍ നിലവാരമുള്ള പുസ്തകങ്ങള്‍ അവരുടെ പരിഗണനയില്‍ വരുന്നില്ലെന്നത് ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പിന്റെ മാത്രം കാര്യമാണ്. 

വാദം: മനുഷ്യര്‍ക്ക് മനസ്സിലാകാത്ത കൃതികളാണ് ബുദ്ധിജീവികള്‍ക്ക് വേണ്ടത്, റാം C/o ആനന്ദിയിലൂടെ അംഗീകരിക്കപ്പെടുന്നത് സാധാരണ വായനക്കാരാണ്.

സാഹിത്യത്തെ സംബന്ധിച്ച ഒരു മിത്താണ് വായിച്ചാല്‍ മനസ്സിലാകാത്തതോ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളതോ ആണ് ഉത്കൃഷ്ടരചനകള്‍ എന്നത്. ഈ തെറ്റിദ്ധാരണ കൊണ്ടുനടക്കുന്നവരെ നമുക്ക് രണ്ടായി തിരിക്കാം. സ്വയംപ്രഖ്യാപിത ബുദ്ധിജീവികള്‍ എന്നും തങ്ങളുടെ ബുദ്ധി ഉപയോഗിക്കാന്‍ മടിയുള്ളവരെന്നും. റാം C/o ആനന്ദി എല്ലാവര്‍ക്കും മനസ്സിലാകുന്ന പുസ്തകമാണെങ്കില്‍ അത് ആ പുസ്തകത്തിന്റെ മേന്മയോ ദോഷമോ അല്ല. വൈക്കം മുഹമ്മദ് ബഷീറും, ഓ ഹെന്റിയും, ഏണസ്റ്റ് ഹെമിംഗ്വേയും ജീവിതത്തില്‍ ആദ്യമായി പുസ്തകം വായിക്കുന്നയാളെപ്പോലും സ്വാധീനിക്കാന്‍ കെല്‍പ്പുള്ളവരാണ്. എന്നാല്‍ വായനക്കാരുടെ സാമാന്യബോധത്തെപ്പോലും പരിഹസിക്കുന്ന വിധത്തിലുള്ള കഥാപാത്രസൃഷ്ടിയും ഭാഷാവൈകല്യങ്ങളും യുക്തിഭംഗങ്ങളും നിങ്ങള്‍ക്ക് ആ കൃതികളില്‍ കാണാന്‍ ആകുന്നില്ല എന്നതുകൊണ്ടാണ് ചിന്താശേഷിയുള്ള മനുഷ്യര്‍ക്ക് അവ മെച്ചപ്പെട്ട കൃതികളായി അനുഭവപ്പെടുന്നത്. ഇതേ മാനദണ്ഡങ്ങള്‍ വെച്ച് നോക്കുമ്പോഴാണ് റാം C/o ആനന്ദി ഒരു മോശം രചനയായി വായനക്കാരാല്‍ വിലയിരുത്തപ്പെടുന്നതും. സാക്ഷരത ഒരാളെ എഴുതാനും വായിക്കാനും ശേഷിയുള്ള ഒരാളാക്കും. എന്നാല്‍ ചിന്തിക്കാനും വിശകലനം ചെയ്യാനും ശേഷിയുള്ളവരാകണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും തീരുമാനമാണ്. സാക്ഷരതയാണ് അഖില്‍ പി ധര്‍മജനെ വായിക്കാനും വൈക്കം മുഹമ്മദ് ബഷീറിനെ വായിക്കാനും ആവശ്യമായുള്ള അടിസ്ഥാനശേഷി. ആ ശേഷിയുണ്ടായിരിക്കുന്ന സാധാരണക്കാര്‍ തന്നെയാണ് എല്ലാ വായനക്കാരും.

അഖില്‍ പി ധര്‍മജന്‍ | PHOTO: WIKI COMMONS
വാദം: അഖില്‍ പി ധര്‍മജന്റെ എഴുത്ത് നന്നെന്ന് പ്രശസ്ത എഴുത്തുകാരും പറയുന്നുണ്ടല്ലോ.

അഖില്‍ പി ധര്‍മ്മജനും ലാജോ ജോസും ശ്രീപാര്‍വ്വതിയും വന്നതോടെ കെ ആര്‍ മീരയ്ക്കും ബെന്യാമിനും അര്‍ഹിക്കുന്നതിലേറെ പരിഗണന ലഭിച്ച ഒരു സാഹിത്യലോകമാണ് നമ്മുടേത്. പൊതുവെ ഭാവുകത്വ വ്യതിയാനത്തിലേക്ക് നയിക്കുന്നതോ മികവുറ്റതോ ആയ സാഹിത്യസൃഷ്ടികള്‍ പ്രസിദ്ധീകരിക്കപ്പെടാത്ത അന്തരീക്ഷത്തില്‍ ഇടത്തരം എഴുത്തുകാര്‍ മെച്ചപ്പെട്ട എഴുത്തുകാരായി അറിയപ്പെടുന്ന ഒരു സ്ഥിതിവിശേഷം മലയാളത്തിലുണ്ട്. സാഹിത്യത്തിന്റെ മേന്മയുമായി ബന്ധപ്പെട്ട് നേരിടേണ്ടി വരുമായിരുന്ന വെല്ലുവിളികളൊന്നും ഒരു ഇടത്തരം സാഹിത്യമെഴുത്താള്‍ക്കും നേരിടേണ്ടി വരുന്നില്ല. ആള്‍ക്കൂട്ട പിന്തുണയുള്ള എഴുത്തുകാരുമായി ചേര്‍ന്നു നില്‍ക്കുന്നതോടെ ആ ആള്‍ക്കൂട്ട പിന്തുണ തനിക്കും നേടിയെടുക്കാമെന്ന ധാരണയും ഇവരില്‍ പ്രബലമാണ്. അതിലുപരി വിപണി കൈയ്യാളുന്ന പ്രസാധകര്‍ക്ക് തങ്ങളെക്കാള്‍ താല്പര്യം ഇത്തരം എഴുത്തുകാരിലാണെന്ന തിരിച്ചറിവും അത്തരം പ്രസാധക കുത്തകകളുടെ പിന്തുണയില്ലാതെ എഴുത്തില്‍ നിലനില്‍ക്കാന്‍ തങ്ങള്‍ക്കാകില്ലെന്ന തിരിച്ചറിവും ഇടത്തരം എഴുത്തുകാര്‍ക്കുണ്ടാകും. ചുരുക്കത്തില്‍ നിലവാരമുള്ള എഴുത്തുകളുടെ വരവോടെ തങ്ങള്‍ അപ്രസക്തരാകുമെന്ന ഭയം ഉള്ളില്‍ക്കൊണ്ടു നടക്കുന്നവര്‍ക്ക് മികച്ച എഴുത്തുകാരുടെ വരവിനു തടയിടാനും അതിനു അനുകൂലമായ സാംസ്‌കാരികാന്തരീഷം രൂപപ്പെടാതെ നോക്കാനും അഖില്‍ പി ധര്‍മജനെ പോലെയുള്ളവരെ നിലനിര്‍ത്തേണ്ടതുണ്ട്. ഒപ്പം ഇത്തരക്കാര്‍ ഉണ്ടാക്കുന്ന പ്രവണതകള്‍ അല്‍പ്പകാലത്തേക്കേ നിലനില്‍ക്കൂ അതിനുശേഷം ഈ ആള്‍ക്കൂട്ടം തങ്ങളെ വായിക്കുമെന്ന പ്രതീക്ഷയും ഉണ്ടായിരിക്കാം.

വാദം: ചുരുക്കപ്പട്ടികയില്‍ വന്ന പുസ്തകങ്ങളില്‍ മികച്ചത് ഈ പുസ്തകം ആകാമല്ലോ

യുവകവികള്‍ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ സ്വന്തമാക്കിയ ആദിയും അലീനയും പ്രസ്തുത ചുരുക്കപ്പട്ടികയില്‍ ഉണ്ടായിരുന്നു. ഭാഷാപരവും ഭാവനാപരവും ആയ മാനദണ്ഡങ്ങളില്‍ അഖില്‍ പി ധര്‍മജനെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ എഴുതുന്ന മൃദുല്‍ വി എം, ദുര്‍ഗാപ്രസാദ് എന്നിവരും ചുരുക്കപ്പട്ടികയില്‍ ഇടം നേടിയവരാണ്. പുതിയകാല രാഷ്ട്രീയ സാംസ്‌കാരിക അന്തരീക്ഷത്തില്‍ നിന്നുള്ള ഭാവുകത്വമായിരുന്നു മാനദണ്ഡമെങ്കില്‍ ക്വിയര്‍ കവി ആദിയും ദളിത് ജീവിതപരിസരങ്ങളില്‍ നിന്നുള്ള കവിതകള്‍ എഴുതുന്ന അലീനയുമായിരുന്നു ആദ്യ പരിഗണനയില്‍ വരേണ്ടത്. സാഹിത്യഗുണമായിരുന്നു മാനദണ്ഡമെങ്കില്‍ അഖില്‍ പി ധര്‍മജന് അവാര്‍ഡ് നല്‍കാന്‍ ഉന്നയിക്കുന്ന ഏത് വാദവും മേല്‍പ്പറഞ്ഞവരെ മുന്‍നിരയില്‍ എത്തിക്കും. ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ പുസ്തകത്തിന്റെ രചയിതാവ് എന്ന ന്യായത്തില്‍ മാത്രമാണ് അഖില്‍ പി ധര്‍മജന് പുരസ്‌കാരം നല്‍കാന്‍ സാധിക്കുകയുള്ളൂ.

REPRESENTATIVE IMAGE | WIKI COMMONS
വാദം: ജനപ്രിയസാഹിത്യത്തിന് എന്തുകൊണ്ട് അവാര്‍ഡ് കിട്ടിക്കൂടാ

മെച്ചപ്പെട്ട വായനാസമൂഹത്തില്‍ നിന്നും മികച്ച കൃതികള്‍ ജനപ്രിയ സാഹിത്യമായി മാറാം. നമ്മുടേത് അങ്ങനെയൊരു അന്തരീക്ഷമല്ല നിലവില്‍. അതിലുപരി ഭൂരിപക്ഷ ജനങ്ങളുടെ ഇഷ്ടത്തിന് ഒപ്പം നില്‍ക്കുക എന്നതാണ് ജനാധിപത്യരീതി എന്നത് ജനാധിപത്യം എന്ന ആശയത്തെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാത്തവരുടെ വാദമാണ്. ഭൂരിപക്ഷാധിപത്യത്തെ ജനാധിപത്യമായി തെറ്റിദ്ധരിക്കുന്നതിലാണ് അങ്ങനെ സംഭവിക്കുന്നത്. ഇത്തരം തിരിച്ചറിവ് ആവശ്യമുള്ള ഒരു രാഷ്ട്രീയന്തരീക്ഷത്തിലൂടെയാണു നമ്മള്‍ കടന്നുപോകുന്നത്. ആ തിരിച്ചറിവിലേക്ക് നയിക്കാന്‍ ചിന്താശേഷിയും വിശകലനബുദ്ധിയും ആവശ്യവുമാണ്. അതിലേക്ക് നയിക്കാന്‍ ഇടനല്‍കുന്ന വായന പോലെയുള്ള പ്രവൃത്തികളെ ഇന്നോളം നമ്മള്‍ കണ്ടിട്ടുള്ള സമഗ്രാധിപത്യ പ്രവണതയുള്ള ഭരണകൂടങ്ങള്‍ കൗശലപൂര്‍വ്വം തങ്ങളുടെ പരിധിയിലാക്കിയത് ചരിത്രത്തില്‍ കാണാം. തങ്ങളുടെ പ്രചാരണ പ്രവര്‍ത്തനത്തിനോ കേവല വൈകാരികതയില്‍ അഭിരമിക്കാനോ ഇടനല്‍കുന്ന സാഹിത്യരചനകളെ മഹത്തായ കലകളായി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു കൊണ്ടായിരുന്നു ഈ നീക്കമത്രയും. അത്തരമൊരു ശ്രമം മാത്രമായി വിലയിരുത്തേണ്ട ഒരു പുരസ്‌കാരത്തെ ഒരു ആള്‍ക്കൂട്ടം കൈയ്യടിച്ച് അഭിനന്ദിക്കുകയാണ്. മനുഷ്യര്‍ക്ക് ബുദ്ധിയുള്ളത് എന്തോ കഴിവുകേടാണെന്ന വാദം വരെ ഉയര്‍ന്നുകേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. അര്‍ഹതയില്ലാത്തവര്‍ക്ക് നിരവധി സാഹിത്യ പുരസ്‌കാരങ്ങള്‍ ഇതിനോടകം ലഭിച്ചിരിക്കാമെങ്കിലും നമ്മുടെ കാലത്ത് ഇത്രത്തോളം ആഘോഷിക്കപ്പെട്ട ഒരു അര്‍ഹതയ്ക്കല്ലാതെയുള്ള അംഗീകാരം സാഹിത്യത്തില്‍ ഇത് ആദ്യമാകാം.








#outlook
Leave a comment