
സൈബർ സ്ലേവറിയും ഡിജിറ്റൽ എക്കണോമിയും
സൈബർ ക്രൈം എന്ന് കേട്ടാലുടൻ ഓർമ്മയിലെത്തുക ഓൺലൈൻ തട്ടിപ്പുകളാണ്. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുകളെന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്ന വിധത്തിൽ മോർഫിങ് പോലുള്ള ആൾമാറാട്ടങ്ങൾ മാറിയിരിക്കുന്നു. സൈബർ ഫേക്ക് എന്ന പ്രയോഗം തന്നെ ഭാഷയിൽ സാധാരണമായിരിക്കുന്നു. ഇതെല്ലം പ്രത്യക്ഷത്തിൽ അനുഭവേദ്യമായ സൈബർ കുറ്റകൃത്യങ്ങളുടെ ഗണത്തിൽ വരും. എന്നാൽ അത്ര പച്ചയായി നമ്മുടെ മുന്നിൽ അവതരിക്കാത്ത സൈബർ കുറ്റങ്ങളുടെ മറ്റൊരു ലോകമുണ്ട്. സംഘടിത കുറ്റകൃത്യങ്ങളുടെ പട്ടികയിലെ പുതിയ രൂപങ്ങളിൽ ഒന്നാണ് അത്.
ഇന്റർനെറ്റും, കമ്പ്യൂട്ടറും, ഹാക്കിങ് വിദഗ്ധനും കൈവശമുണ്ടെങ്കിൽ ലോകത്തിന്റെ ഏത് അറ്റത്തുള്ള മനുഷ്യരെയും കബളിപ്പിച്ച് സാമ്പത്തിക നേട്ടം ഉണ്ടാക്കാമെന്നുള്ള ക്രിമിനൽ സിൻഡിക്കേറ്റുകൾ സൈബർ ലോകത്തേക്ക് വിഹരിക്കുകയാണ്. അതിന്റെ ഭാഗമായി വ്യവസായ പാർക്ക് മോഡലിൽ സൈബർ സ്‌കാം പാർക്കുകൾ ഉയരുകയും, അവയുടെ പ്രവർത്തനത്തിനായി തൊഴിൽ അന്വേഷകരെ തട്ടിപ്പിലൂടെ വരുതിയിലാക്കി ഇത്തരം കേന്ദ്രങ്ങളിലെ അടിമകളാക്കുകയാണ്. ഇത്തരം തട്ടിപ്പിന് ഇരായാവുന്നവരുടെ അനുഭവങ്ങൾ ഞെട്ടിക്കുന്നതാണ്.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
സൈബർ സ്ലേവറി എന്ന പേരിൽ അത് ലോകത്തിന്റെ പല ഭാഗങ്ങളിലും മനുഷ്യരെ ചൂഷണം ചെയ്യുകയും മനുഷ്യ കടത്തിന് വിധേയരാക്കുകയും ചെയ്യുന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്. പ്രധാനമായും ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളെയാണ് ഇത്തരക്കാർ ലക്‌ഷ്യം വയ്ക്കുന്നത്. മെച്ചപ്പെട്ട തൊഴിൽ അന്വേഷിച്ച് നടക്കുന്ന ഏഷ്യയിലെയും, ആഫ്രിക്കയിലെയും യുവതീ-യുവാക്കളിൽ ഒരു ചെറിയ ഭാഗമെങ്കിലും ചെന്നെത്തുന്നത് സൈബർ തട്ടിപ്പുകാരുടെ അടിമ കേന്ദ്രങ്ങളിലേക്കാണ്.
മ്യാൻമറിലെ KK Park എന്ന് അറിയപ്പെടുന്ന സൈബർ തട്ടിപ്പ് കേന്ദ്രമാണ് ഇന്ന് ഏറ്റവും കൂടുതൽ മനുഷ്യരെ കടത്തുന്നതും സൈബർ തട്ടിപ്പിനായി ഉപയോഗിക്കുന്നതും. മ്യാന്മർ-തായ്‌ലൻഡ് അതിർത്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം കഴിഞ്ഞ 5 വർഷത്തിൽ അനിയന്ത്രിതമായ വളർച്ച കൈവരിച്ചു എന്നാണ് Australian Strategic Policy Institute (ASPI) അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ നാല് വർഷം കൊണ്ട് സൈബർ തട്ടിപ്പ് കേന്ദ്രങ്ങളുടെ എണ്ണം 11ൽ നിന്നും 30 എണ്ണമായി ഉയർന്നു എന്നും ASPIയുടെ റിപ്പോർട്ടുകൾ പറയുന്നു. ഏകദേശം 13 ഏക്കർ വിസ്‌തൃതിയിൽ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം രണ്ട് ലക്ഷത്തിൽ അധികം മനുഷ്യരെ തൊഴിൽ വാഗ്ദാനം ചെയ്ത് ഇവിടെ എത്തിക്കുകയും സൈബർ കുറ്റകൃത്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുകയും, അതിന് തയ്യാറാവാത്തവരെ അതിക്രൂരമായ പീഡനത്തിന് ഇരയാക്കുകയും ചെയ്യുന്നു എന്നാണ് പുറത്ത് വരുന്ന വാർത്തകളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
തട്ടിപ്പ് കേന്ദ്രങ്ങളുടെ പ്രവർത്തനം
മ്യാൻമറിൽ മാത്രമല്ല ലാവോസ്, കംബോഡിയ എന്നീ തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഇത്തരത്തിലുള്ള തട്ടിപ്പ് കേന്ദ്രങ്ങൾ സജീവമാണ്. ഒരു പതിറ്റാണ്ട് മുൻപ് ഇന്റർനെറ്റ് സേവനം തീർത്തും തുച്ഛമായ വിലയ്ക്ക് കംബോഡിയയിൽ ലഭ്യമായതിനെ തുടർന്നാണ് ഇത്തരത്തിലുള്ള നൂതന തട്ടിപ്പ് കേന്ദ്രങ്ങളുടെ ആരംഭം. ഇന്ന് ഇന്ത്യയിൽ വ്യാപകമായി നടക്കുന്ന സൈബർ അറസ്റ്റ് സ്‌കാം പോലെ കമ്പോഡിയയിൽ തുടങ്ങിയ ഈ പരിപാടി 10 വർഷം കൊണ്ട് മനുഷ്യക്കടത്തിനും ചൂഷണത്തിനുമുള്ള ഇടമായി വ്യാപിച്ചിരിക്കുകയാണ്. പല തരത്തിലുള്ള തൊഴിൽ വാഗ്ദാനം ചെയ്താണ് ആഫ്രിക്കയിൽ നിന്നും ഏഷ്യയിൽ നിന്നും ആളുകളെ ഇത്തരത്തിലുള്ള സൈബർ സ്‌കാം പാർക്കുകളിലേക്ക് എത്തിക്കുന്നത്. എന്നാൽ അവിടെ എത്തിയ ശേഷം മാത്രമാണ് തൊഴിൽ അന്വേഷികൾ ഇത്തരത്തിലുള്ള പാർക്കുകൾക്ക് പിന്നിലെ തട്ടിപ്പിന്റെ വ്യാപ്തി മനസിലാകുന്നത്. കെനിയൻ സ്വദേശിയും മ്യാന്മറിലെ KK പാർക്കിൽ നിന്നും രക്ഷപെട്ട ഡങ്കൻ ഒക്കുണ്ടോയുടെ അഭിപ്രായത്തിൽ അയാളുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള മേഖലയിൽ തൊഴിൽ വാഗ്ദാനം ചെയ്താണ് ഇവിടേക്ക് കൊണ്ടുവന്നത്.
കെനിയയിലെ വർധിച്ച് വരുന്ന തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയുമാണ് ഒക്കുണ്ടോയെപോലെ ഉള്ളവരെ വിദേശത്തേക്ക് ജോലിക്ക് പോകാൻ പ്രേരിപ്പിച്ചത്. എന്നാൽ തായ്‌ലൻഡിലെ ബാങ്കോക്കിൽ വന്നിറങ്ങിയ ഒക്കുണ്ടോയെയും കൂടെ വന്നവരെയും ഒരു വാനിൽ കയറ്റി പാസ്സ്പോർട്ട് പിടിച്ചെടുക്കുകയും ടൂറിസ്റ്റുകൾ ആണെന്ന് തായ് ഉദ്യോഗസ്ഥരെ ധരിപ്പിച്ച് മ്യാന്മറിലേക്ക് എത്തിക്കുകയായിരുന്നു എന്ന് ഒക്കുണ്ടോ പറയുന്നു. മ്യാന്മറിൽ എത്തിയത് മുതൽ അമേരിക്കൻ റിയൽ എസ്റ്റേറ്റ് കച്ചവടക്കാരെ അമേരിക്കൻ നിക്ഷേപകർ എന്ന വ്യാജേന ഫെയ്ക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ബന്ധപ്പെടാനും ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ പെടുത്തി സാമ്പത്തിക നേട്ടമുണ്ടാക്കുക എന്നതായിരുന്നു ഒക്കുണ്ടോയ്ക്ക് നൽകിയ ജോലി. കൃത്യമായ ടാർഗറ്റ് വെച്ചുകൊണ്ടുള്ള ഈ പരിപാടിയിൽ ടാർഗറ്റ് എത്തിക്കാൻ പറ്റാതെ വരുമ്പോഴൊക്കെ ഒക്കുണ്ടോ ഉൾപ്പടെ അവിടെ കുടുങ്ങി കിടക്കുന്ന മനുഷ്യർ എല്ലാ തരത്തിലുള്ള അവകാശങ്ങളും നിഷേധിക്കപ്പെട്ട് അതി ക്രൂരമായ പീഡന മുറകൾക്ക് വിധേയരാവുകയായിരുന്നു. ഇലക്ട്രിക്ക് ഷോക്ക് നൽകുന്നത് മുതൽ ലൈംഗീക ചൂഷണത്തിന് വരെ ആളുകൾ വിധേയരാക്കപ്പെട്ടിരുന്നു എന്നും ഒക്കുണ്ടോ ഓർമ്മിക്കുന്നു.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
സമാനമായ തട്ടിപ്പിന് കേരളത്തിൽ നിന്ന് പോലും ആളുകൾ ഇരയായത് ഏതാനും മാസങ്ങൾക്ക് മുൻപ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഓസ്‌ട്രേലിയയിലും ബ്രിട്ടനിലും ജോലി വാഗ്ദാനം ചെയ്ത് ബാങ്കോക്കിൽ എത്തിക്കുകയും അവിടെ ഏതാനും മാസം ട്രെയിനിംഗിൽ ഏർപ്പടണമെന്നുമുള്ള വ്യാജ വാഗ്ദാനങ്ങളിലൂടെയുമാണ് മലയാളികൾ അടങ്ങുന്ന നാല്പത്തിയൊന്നോളം ഇന്ത്യക്കാരെ മ്യാന്മറിലെ സൈബർ തട്ടിപ്പുകാർ കുടുക്കിയത്.ഇവരും സമാനമായ മനുഷ്യത്ത രഹിതമായ ശിക്ഷകൾക്കും, നടപടികൾക്കും വിധേയരായിരുന്നു. ഐക്യ രാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം 120,000 ആളുകൾ മ്യാൻമറിലെ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ മാത്രം കുടുങ്ങി കിടപ്പുണ്ട്. ഈ കേന്ദ്രങ്ങളിൽ അകപ്പെട്ട മനുഷ്യർ എല്ലാ തരത്തിലും അടിമകളാക്കപ്പെടുന്നു. തങ്ങൾ ചെയ്യുന്ന ജോലി ആർക്ക് വേണ്ടിയാണെന്നോ, അതിലൂടെ തങ്ങൾക്ക് എന്ത് മെച്ചമാണ് ലഭ്യമാകുന്നതെന്നോ പോലും ഈ മനുഷ്യർ അറിയുന്നില്ല.
മ്യാൻമറിലെ രാഷ്ട്രീയ അസ്ഥിരതയും, പട്ടാള ഭരണവും ഇത്തരത്തിലുള്ള സൈബർ സ്‌കാം കേന്ദ്രങ്ങളുടെ വളർച്ചയ്ക്ക് ഗുണകരമായി എന്ന് വേണം മനസിലാക്കാൻ. ASPIയുടെ പഠനത്തിൽ നിന്നും പട്ടാള ഭരണത്തിന് ക്രിത്യമായി ഈ ക്രിമിനലുകളെ ട്രാക്ക് ചെയ്യാൻ സാധിക്കുന്നില്ല എന്നും, വേണ്ട രീതിയിലുള്ള തിരുത്തൽ നടപടികൾക്ക് തയ്യാറാവുന്നില്ല എന്നതും മ്യാന്മറിനെ സൈബർ സ്കാമിന്റെ കേന്ദ്രവുമാക്കി മാറ്റുകയാണ്. ചൈനീസ് ക്രിമിനൽ ഗ്യാങ്ങുകളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഇത്തരം കേന്ദ്രങ്ങൾക്ക് ബാങ്കോക്ക് ഒരു ഇടത്താവളമായി പ്രവർത്തിക്കുന്നെന്നും, തായ് വിമാനത്താവളത്തിലെ ഇമ്മിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് ഈ തട്ടിപ്പിൽ പങ്കുണ്ടെന്നും റോയിറ്റേഴ്‌സ് അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരത്തിൽ ഉദ്യോഗസ്ഥ സഹായത്തോടെ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളെ പൂർണ്ണമായും പൂട്ടിക്കുക മ്യാന്മാറിന്റെ രാഷ്‌ടീയ സാഹചര്യത്തിൽ എളുപ്പവുമല്ല.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
തെക്കനേഷ്യൻ രാജ്യങ്ങളെ ലക്‌ഷ്യം വച്ചുകൊണ്ട് തുടങ്ങിയ ഈ പാർക്കുകളിൽ, ഇന്നിപ്പോൾ സാമ്പത്തികമായും രാഷ്ട്രീയപരമായും അസന്തുലിതാവസ്ഥ തീവ്രമായിരിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളിലെ ആളുകളാണ് ഈ ക്രിമിനൽ സിണ്ടിക്കേറ്റിന്റെ ഇരകൾ. മെച്ചപ്പെട്ട ഒരു ജീവിതം കെട്ടിപ്പടുക്കാം എന്ന് വിചാരിച്ച് ഉള്ളതെല്ലാം വിറ്റ് ജോലി തേടി വിമാനം കയറുന്ന ഗ്ലോബൽ സൗത്തിലെ നിസ്സഹായരായ മനുഷ്യർ പ്രാകൃത കാലത്തേക്കാൾ ഹീനമായ ഉപദ്രവങ്ങൾക്കും ശിക്ഷകൾക്കും വിധേയരാവുകയാണ്. അടിസ്ഥാനപരമായി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മുതലാളിത്തിന്റെ പ്രശ്നമായി കാണാനാവണം.
മുതലാളിത്ത പ്രതിസന്ധി സൃഷ്ടിച്ച പ്രശ്നങ്ങളിൽ നിന്നും പുറത്ത് കടക്കാൻ വെമ്പുന്നവർ ഒരു ഭാഗത്തും, ഏത് വിധേനയും മനുഷ്യനെ ചൂഷണം ചെയ്ത് ലാഭം കൊയ്യാനുള്ള ക്രിമിനലുകൾ മറുഭാഗത്തും എന്നതാണ് സ്ഥിതി. സൈബർ കുറ്റകൃത്യങ്ങളെ എങ്ങനെ കൃത്യമായി ട്രാക്ക് ചെയ്യണെമെന്നതിലുള്ള ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും അജ്ഞതയും സൈബർ ക്രൈം ഗ്യാങ്ങുകളെ ശക്തരാക്കുന്നുണ്ട്.


