TMJ
searchnav-menu
post-thumbnail

Outlook

കുകുച്ചകൾ വാഴും കാലം: മലയാളി കുലീനതയുടെ സൈബർ ഭീകരത

31 Aug 2023   |   11 min Read
ഡോ. അജയ് എസ്. ശേഖര്‍
ദാനംകൊടുത്ത സുമതി തന്റെ ശീര്‍ഷം ചവിട്ടായായാചകനും

സഹോദരനയ്യപ്പന്‍, ''ഓണപ്പാട്ട്'' 1934

ഹിന്ദുക്കളല്ലാത്തോര്‍ക്കു സഞ്ചരിക്കാമവര്‍ണ
ഹിന്ദുക്കള്‍ക്കില്ല മാമൂലാവഴി സഞ്ചരിക്കാന്‍
ഹിന്ദുസാമ്രാജ്യത്തില്‍ നിന്നിങ്ങനെ മറുപടി
ഹന്ത! കേട്ടീലേ പിന്നെയെന്തിനീഹിന്ദുമതം?

മൂലൂര്‍, ''ചിദംബരംപിള്ളയ്ക്കുള്ള മറുപടി'' 1924

കേരളത്തെ മാനവ തുല്യതാചിന്തയിലും ജനായത്ത സാമൂഹ്യവികസനത്തിലും വിദ്യാഭ്യാസത്തിലും ലോകോത്തരമാക്കുന്ന ലോകഗുരുവായ നാരായണ ഗുരുവിനെപ്പോലും ചെറുതാക്കാനും ലോകോത്തരനായ മനുഷ്യാവകാശപ്പോരാളിയും അടിസ്ഥാന ജനതയുടെ ഐതിഹാസിക നേതാവുമായ മഹാത്മാ അയ്യങ്കാളിയെപ്പോലും നിരന്തരം അപമാനിക്കാനും മടിക്കാത്തവരായി നമ്മുടെ ചില വരേണ്യ യുവജനങ്ങള്‍ മാറിക്കഴിഞ്ഞു. ഹൈന്ദവസനാതനപദ്ധതിയും അതിൻ്റെ വിദ്യാഭ്യാസ അജണ്ടകളും ഇന്ത്യയേയും കേരളത്തേയും പോലും അകത്താക്കാനായുകയാണ്. യൂണിയന്‍ ഭരണകൂട സമഗ്രാധീശ അജണ്ടകളെ കേരളം ഗുരുവിനേയും അയ്യനേയും ശിഷ്യഗണങ്ങളേയും അണിനിരത്തി ചെറുക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. ഏകലോകസന്ദേശവും ഏകമാനവസന്ദേശവും ലോകത്തിനുകൊടുത്ത വിശ്വഗുരുവിനേയും മനുഷ്യമോചനത്തെ അടിത്തട്ടില്‍ നിന്നു ചാലകമാക്കിയ മഹാത്മാവായ അയ്യങ്കാളിയേയും ഇതര ബഹുജനനേതാക്കളേയും കുറിച്ചുള്ള പാഠങ്ങളും മാധ്യമസംവാദങ്ങളും ഉയരേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. ഗുരു, അയ്യങ്കാളി, സഹോദരനയ്യപ്പന്‍ എന്നിവരുടെ ജന്മദിനങ്ങള്‍ ഒന്നിച്ചുവരുന്ന ഓണക്കാലം പ്രബുദ്ധമായ ജനായത്ത കേരളത്തെ നമ്മുടെ വിമര്‍ശജാഗ്രതയേറിയ ചരിത്രബോധവും ജനായത്ത സാക്ഷരതയുമുള്ള വിദ്യാഭ്യാസ, മാധ്യമ പ്രവര്‍ത്തനങ്ങളിലൂടെ വീണ്ടെടുക്കാനുളള അവസരം തരുന്നു.

കു ക്ലക്‌സ് ക്ലാന്‍ പോലുള്ള നവനാസികളും ഫാഷിസ്റ്റുകളും അമേരിക്കയിലും മറ്റും വര്‍ണവെറിയിലൂടെ കുപ്രസിദ്ധിനേടുന്നു. ആ മാതൃകയില്‍ ജാതിഹിംസയും കുലീനപ്രമത്തതയും അധികാര കുത്തകയും ഒളിഗാര്‍ക്കിയും പെരുക്കുകയാണ് എട്ടും പൊട്ടും തിരിയാത്ത മലയാളി കുലീനയുവാക്കളുടെ സൈബര്‍ ചങ്ങാതങ്ങളും ചങ്കങ്ങളും. കുകുച്ചകള്‍ എന്ന നവമാടമ്പിചങ്ങായികള്‍ അനവരതം അരങ്ങുവാഴുന്നു, നീതിനിയമവ്യവസ്ഥയെ കാറ്റില്‍പറത്തുന്നു. ഭരണകൂടംപോലും നിശ്ശബ്ദരായി അനുമതി നല്‍കുന്നു. മാനവരാശിക്കെതിരായ ഇന്ത്യന്‍ ഭരണഘടനയെ നോക്കുകുത്തിയാക്കുന്ന വംശീയ, ജാതിക്കുറ്റകൃത്യങ്ങള്‍ പെരുകുന്നു. കുറ്റവാളികള്‍ നിര്‍ബാധം കുലീനകുമാരന്മാരായി പൊതുസ്ഥാപനങ്ങളിലും ഉന്നതവിദ്യാകേന്ദ്രങ്ങിലും പോലും വിഹരിക്കുന്നു. അക്കാദമിക, മാധ്യമതിണ്ണകളെയും മേശകളേയും പൊതുനികുതിലാവണങ്ങളേയും കൈമിടുക്കിലൂടെയും ചതികളിലൂടെയും മാബലിയേ വാമനനെന്നപോലെ ചവിട്ടിത്താഴ്ത്തി കോളനീകരിച്ച വരേണ്യാഭിജാത മലയാളിശ്രീത്വം ഒളിഗാര്‍ക്കിയായി നടുനായകത്തമാടുന്നു. ബ്രാഹ്‌മണരേക്കാള്‍ വലിയ കുലീനഹിന്ദുക്കളായി ചമഞ്ഞുകൊണ്ട് ശൂദ്രരും ചില ചണ്ടാളരും കൂടി ഹൈന്ദവ ദേശീയാധികാര സന്ദര്‍ഭത്തില്‍ കേരളത്തെ ആക്രാമകമായി മനുസ്മൃതിയനുശാസിക്കുന്ന ദണ്ഡനീതിയിലൂടെ ഹൈന്ദവീകരിക്കുകയാണോ, കേരളം മലയാളികുലീനതയുടെ സ്വന്തരാജ്യവും രാമരാജ്യവുമായി മാറുകയാണോ. മണിപ്പൂരുകളും ഒഡീഷകളും ആവര്‍ത്തിക്കുകയാണോ. രാമാദികളുടെ കാലത്തെ ശൂദ്രാദികളായ ശംബുകന്മാരുടെ ഗതിയെക്കുറിച്ചോര്‍മിപ്പിച്ച ഗുരുവിനേയും തള്ളി അപശൂദ്രാധികരണമെഴുതി ചാതുര്‍വര്‍ണ്യത്തെ സ്ഥാപിച്ച ആദിശങ്കരനെ റിപ്പബ്ലിക് പരേഡില്‍പ്പോലും സ്ഥാപിച്ചു, പരശുരാമസ്തുതിഗീതത്തെ കേരളഗാനമാക്കി വാഴിക്കുകയാണോ ഹൈന്ദവീയമായ ക്ഷുദ്രത. ആത്മഹത്യാപരവും വംശഹത്യാപരവുമാണ് മലയാളികുലീനതയുടെ വര്‍ത്തമാനചരിത്രം.
REPRESENTATIONAL IMAGE : WIKI COMMONS
2018 ലെ ഭരണഘടനാ അട്ടിമറിയിലേക്കു കടന്ന ഒന്നാം വിശ്വാസിലഹള അഥവാ നാമജപ ഘോഷയാത്ര എന്നറിയപ്പെട്ട തീണ്ടാരിശൂദ്രലഹളയിലൂടെയാണ് ഇത്തരം വലതുപക്ഷ വംശീയത കേരളത്തില്‍ അഴിഞ്ഞാടി മുഖ്യമന്ത്രിയെ തന്നെ ജാതിത്തെറിവിളിച്ച് ലിംഗനീതിക്കും സാമൂഹ്യനീതിക്കുമായുള്ള സുപ്രീംകോടതിവിധി അട്ടിമറിക്കുകയും അതിന്‍ സമ്മര്‍ദ്ദപരിസരത്ത് ദേവസ്വം ബോഡിലെ സാമ്പത്തികസംവരണം പാസാക്കിയെടുക്കുകയും ചെയ്തു. 85 ശതമാനത്തിലധികം ഒറ്റജാതി ഹിന്ദുക്കളായിരുന്നു കേരള ദേവസ്വത്തില്‍. 2023 ലാണ് രണ്ടാംനാമജപ ഘോഷയാത്ര നായര്‍ സര്‍വീസ് സൊസൈറ്റി അഴിച്ചുവിട്ടത്. നിയമലംഘനങ്ങള്‍ ഭരണഘടനാവിരുദ്ധമായി നടത്തിയ ആയിരത്തിലധികം നായന്മാര്‍ക്കും അനുയായികള്‍ക്കുമെതിരായെടുത്ത കേസുകള്‍ തന്നെ സര്‍ക്കാര്‍ ലജ്ജാകരമായി പിന്‍വലിക്കുന്നതിലേക്കാണ് കാര്യങ്ങളെത്തുന്നത്. 
 
ഈ കേരളം എങ്ങനെയുണ്ടായെന്നും ആരാണതിനായി ആയുസ്സും വപുസ്സും അര്‍പ്പിച്ചതെന്നും വരേണ്യതമറക്കുന്നു. അഥവാ സമ്മതഅജ്ഞതപുലര്‍ത്തി, ചരിത്രത്തെ മായിച്ചു, മാറ്റിയെഴുതുന്നു. ആധുനികകേരളത്തെ ജനായത്ത കേരളമാക്കിയ ചരിത്രകര്‍തൃത്വങ്ങളെ അപമാനിക്കുമ്പോള്‍ മൗനംപുലര്‍ത്താന്‍ ചരിത്രയാഥാര്‍ഥ്യബോധമുള്ളവര്‍ക്കാവില്ല. തികച്ചും പ്രതീകഹിംസയിലേക്കും വംശഹത്യാപരമായ വംശീയവിഷത്തിലേക്കും ഒളിഗാര്‍ക്കി എന്ന കുലീനരുടെ കുത്തകഭരണത്തിലേക്കുമാണ് സമകാലികകേരളത്തെ 2018 ലെ വിശ്വാസി, തീണ്ടാരി ലഹളകളിലൂടെ മാവാരതപട്ടത്താനികള്‍ ചവിട്ടിയൊതുക്കിയെടുത്തിരിക്കുന്നത്. പുരാണപട്ടത്താനങ്ങളും ഗീതാഗിരികളും ഭാഗവതസപ്താഹങ്ങളും കൂടി തികച്ചും ക്ഷുദ്രമായ ജനായത്തവിരുദ്ധമായ ശൂദ്രലഹളകളിലൂടെ പ്രാതിനിധ്യത്തിലടിയുറച്ച ജനായത്ത ഭരണഘടനയെ അട്ടിമറിക്കുന്നു. ശൂദ്രലഹളകളുടെ സാമൂഹ്യ സമവായവും ഹൈന്ദവസാമാന്യബോധവും മതാന്ധതയുടെ ഭക്തിവിശ്വാസ പ്രതലവുമൊരുക്കിയത് സാഹിത്യ ലേബലില്‍ നടത്തിയ മാവാരതഗീതാപട്ടത്താനങ്ങളാണ്. ഈ വിശ്വാസിപൊതുബോധത്തേയാണ് നായന്മാരുടെ നേതാവായ സുകുമാരന്‍ നായര്‍ ഇന്ന് ശാസ്ത്രീയമായ യുക്തികള്‍ക്കും മേലേയായി ഉയര്‍ത്തുന്നത്. ഈ ഹൈന്ദവസമവായവും സാമാന്യബോധവും നിരന്തരമായ സവര്‍ണകുലീനാഖ്യാനങ്ങളിലൂടെ ചരിത്രത്തേയും യാഥാര്‍ഥ്യത്തേയും സത്യനീതികളേയും മായിച്ചും മറച്ചും മാബലിരാജ്യമെന്ന പ്രക്തനജനായത്തം പോലെ ചതിച്ചുചവിട്ടിയമര്‍ത്തി നിര്‍മിച്ചെടുത്ത് ചവിട്ടിയുറപ്പിച്ചതാണ്. മനുഷ്യമോചനം സാധ്യമാക്കി ജാതിയുടെ ഇരുട്ടില്‍നിന്നും വര്‍ണാശ്രമധര്‍മത്തില്‍ നിന്നും കേരളത്തെ രക്ഷിച്ചെടുത്ത മഹാത്മാക്കളെ അസുരവല്‍കരിച്ച ബൗദ്ധനായ മഹാബലിയെയെന്ന പോലെ ചവിട്ടിത്തേച്ചുകൊണ്ടാണ് നവഹൈന്ദവ നവോത്ഥാന നായകന്മാരെ അരിയിട്ടുവാഴിക്കുന്നത്. 


സുകുമാരൻ നായർ | PHOTO: WIKI COMMONS
 
മഹാത്മാ അയ്യങ്കാളിയുടെ ചിത്രത്തെ തലവെട്ടിയെടുത്ത് പട്ടിയുടെ പടത്തിന്‍ കഴുത്തിലണിയിക്കുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ കുകുച്ച(*)യുടെ പടവെടിയും കുഴലൂത്തും വളഞ്ഞജാതിവാലില്‍ കുത്തിയുള്ള കുതിച്ചുചാട്ടവും അനുദിനം കയറുകയാണ്. അദ്ദേഹത്തെ പുലയരെന്ന ഒരു ജാതിയുടെ നേതാവായി മാത്രം തരംതാഴ്ത്തി പ്രചരിപ്പിക്കുന്നു. 1937 ല്‍ ഗാന്ധിയാണിതു തുടങ്ങിയത്. വെങ്ങാനൂരു വന്നു മഹാത്മാവിനെ കണ്ട മോഹനദാസ ഗാന്ധി, 1907 മുതല്‍ മൂന്നുപതിറ്റാണ്ടായി സാധുജന പരിപാലനസംഘത്തിന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന അയ്യനെ പുലയരാജാ എന്നു നിരവധി ഇതരദലിതനുയായികളുടെ മുന്നില്‍വച്ചു വിളിച്ചു ചെറുതാക്കി സംഘത്തെ ഇല്ലാതാക്കാനുള്ള വിഭജനവിത്തുപാകി. തിരുവിതാംകൂര്‍ ഭരണകൂടവും ഈ വിഭജനഭരണ ആന്തരാധിനിവേശതന്ത്രത്തിന്‍ ഭാഗമായിരുന്നു.
 
വിദ്യാഭ്യാസ, സംഘടനാസന്ദേശങ്ങളിലൂടെ അയ്യനും പ്രചോദനമാതൃകയായ ഗുരുവിനെ ഈഴവരുടേയും തീയരുടേയും ആത്മീയഗുരുവാക്കി ചുരുക്കുന്നു. 1924 ല്‍ യങ്ങിന്ത്യയിലെഴുതിയ ലേഖനത്തില്‍ ഗാന്ധിയാണിതിനും തുടക്കമിട്ടത്. തീയന്മാരുടെ ആത്മീയഗുരു കലാപത്തിനാഹ്വാനം  ചെയ്യുന്നു എന്ന മട്ടിലായിരുന്നു ഗാന്ധി ഗുരുവിന്‍ പ്രാതിനിധ്യ, പ്രവേശ സന്ദേശത്തെ ദുര്‍വ്യാഖ്യാനം ചെയ്തത്. ഫൂലേയുടെ സത്യശോധകസമാജത്തിനും പതിറ്റാണ്ടുമുമ്പ് 1836 ലെ സമത്വസമാജം ഭാവനചെയ്ത അയ്യാ വൈകുണ്ഠരെ കേവലം നാടാര്‍ നേതാവാക്കുന്നു. മറ്റു ചില പരിമിതരായ ജാതിഹിന്ദു ആചാര്യന്മാരെ നവോത്ഥാന നായകന്മാരാക്കി സ്ഥാപിക്കുന്നു. 1924 ലെ വൈക്കം പോരാട്ടത്തില്‍ നിന്നും ജോര്‍ജു ജോസഫടക്കമുള്ള ന്യൂനപക്ഷപ്പോരാളികളെ പറഞ്ഞുവിട്ടതും സവര്‍ണജാഥയുടെ ഉപജ്ഞാതാവും ഗാന്ധിതന്നെയായിരുന്നു. സര്‍ദാര്‍ കെ. എം. പണിക്കരും ഗാന്ധിയോടിതില്‍ ചേര്‍ന്നുവര്‍ത്തിച്ചു. സഹോദരന്‍ ഗാന്ധിസന്ദേശം എന്ന കവിതയില്‍ ചരിത്രവല്‍കരിച്ചപോലെ തന്നുടെ ശിഷ്യഗണം വൈക്കത്തു പോരാട്ടത്തില്‍ പൊരിയവേ കന്യാകുമാരി ക്ഷേത്രദര്‍ശനത്തിനുപോയി ഗാന്ധിജി ബ്രാഹ്‌മണപുരോഹിതാജ്ഞ ശിരസാവഹിച്ചുകൊണ്ട് തീണ്ടാപ്പാടകലത്തില്‍ നിന്നും തൊഴുത് തന്‍ വൈശ്യത്തം അംഗീകരിച്ചുകൊണ്ട് നല്ല വര്‍ണാശ്രമിയായി സ്വധര്‍മംപാലിച്ചു തിരിച്ചുപോന്നു. നായിലും നാണംകെട്ടുചവിട്ടുന്ന ബ്രാഹ്‌മണപാദം നക്കുന്നാഹന്തദയനീയം എന്നു സഹോദരനെഴുതി.
 
ഈ പോരാട്ടചരിത്രങ്ങളെല്ലാം മറന്ന് തികഞ്ഞ ബ്രാഹ്‌മണികദാസ്യത്തില്‍ അനുദിനം ഭീകരവും സത്യനീതിവിരുദ്ധവുമായി മാറുകയാണ് കേരളത്തിലെ അധീശ ജാതിഹിന്ദുവ്യവഹാരം. ചരിത്രത്തിനും യാഥാര്‍ഥ്യത്തിനും നിരക്കാത്ത അധീശ സമവായവും കൗടില്യ ക്ഷുദ്രവ്യവഹാരവുമാണ് പെരുക്കുന്നത്. ഇന്ത്യയുടേയും കേരളത്തിന്റേയും ചരിത്രങ്ങളെക്കുറിച്ചുള്ള അജ്ഞതയാണിതിനു കാരണം. യാഥാര്‍ഥ്യവും ചരിത്രവും പഠിപ്പിക്കപ്പെടണം. കര്‍ണാടകയെപോലെ നവദേശീയവിദ്യാഭ്യാസനയം റദ്ദാക്കി കേരളത്തിനും തെറ്റുതിരുത്താം. ഗുരുവിനേയും സഹോദരനേയും മൂലൂരിനേയും പാഠ്യപദ്ധതിയില്‍ വിന്യസിക്കാം. കേരളത്തിന്‍ ആദിമ അശോകന്‍ സഭ്യതയെക്കുറിച്ചു ഇനിവരും തലമുറകളെയെങ്കിലും പഠിപ്പിക്കാം. സാരാനാഥിലെ  ചതുര്‍മുഖ അശോകന്‍ സിംഹങ്ങള്‍ വ്യക്തമാക്കുന്നപോലെ ലോകത്തിന്‍ നാലു ദിക്കുകളിലും പള്ളിശംഖുപോലെ മുഴങ്ങിയ സത്യനീതിയുടെ സിംഹനാദമായിരുന്നു അയ്യനായ പുത്തന്‍. ത്രിശരണങ്ങളെ സൂചിപ്പിക്കുന്ന പള്ളിശംഖും (സിംഹനാദമാര്‍ന്ന ബുദ്ധം) വീരമദ്ദളവും (പ്രതിധ്വനിക്കുന്ന ധമ്മം) വെള്ളമുത്തുമാലയും (സംഘം) ആയിരുന്നു കൊച്ചീരാജ്യത്തിന്‍ പൂര്‍ണത്രയി. പൂര്‍ണത്രയീശന്‍ അരിയ പുത്തനായിരുന്നു. ധര്‍മരാജ്യമായ തിരുവിതാംകൂറിന്‍ മുദ്രയും സിംഹനാദമാര്‍ന്ന മുഴങ്ങുന്ന പള്ളിശംഖും അതിനെ ഇരുവശവും നിന്നഭിവാദ്യം ചെയ്യുന്ന രണ്ടശോകന്‍ ഗജോത്തമന്മാരുമായിരുന്നു. തികച്ചും പ്രബുദ്ധനായ അശോകന്‍ ധമ്മസിംഹമായ അയ്യനെയാണ് വളഞ്ഞജാതിവാലാട്ടിക്കുരയ്ക്കുന്ന നായയാക്കുന്നത്. അയ്യനു വെങ്ങാനൂരെ പ്ലാവറത്തറയില്‍ ഉചിതമായ സ്മാരകമുയരേണ്ടതാണ്.


അയ്യങ്കാളി | PHOTO: WIKI COMMONS
ആധുനികകേരളത്തിലെ പൊതുവഴികളും കൃഷിയിടങ്ങളും പള്ളിക്കൂടങ്ങളും നിയമസഭയും പോലും പോരാട്ടത്തിലൂടെ നിര്‍മിച്ചെടുത്തത് ഈ അശോകന്‍ സിംഹമാണ്. ഭൂമിയില്‍ പണിയെടുത്തന്നമൂട്ടുന്ന അടിസ്ഥാന ജനതയ്ക്കു വഴിനടക്കാനും തുണിയുടുക്കാനും പള്ളിക്കൂടത്തില്‍ പഠിക്കാനുമായി ജീവന്‍പോലും പണയംവച്ചു സനാതനവര്‍ണാശ്രമധര്‍മത്തോടു പോരാടിയ ഗര്‍ജിക്കുന്ന അശോകന്‍ ധമ്മസിംഹമായ അയ്യങ്കാളിയെ പുലയരാജാവേ എന്നു വിളിച്ചുചുരുക്കിയതും മാരകമായപാരയും കഠാരയുമിറക്കിയതും എം. കെ. ഗാന്ധിയാണെന്നു നാം കണ്ടു. ലോകോത്തരനായ ധമ്മസിംഹത്തെ തങ്ങളുടെ കാലുനക്കുന്ന തെരുവുനായയാക്കാനാണ് നായിലും നാണംകെട്ടു ചവിട്ടുന്ന ബ്രാഹ്‌മണപാദം നക്കുന്ന ദയനീയരുടെ പടവെടിയും പുറപ്പാടും. കുകുച്ചകളെ കൂച്ചുവിലങ്ങണിയിക്കാതെ ജനതയടങ്ങില്ല.
 
വൈക്കം പോരാട്ടവേദിയില്‍ വന്നപ്പോള്‍ തിരുവിതാംകൂര്‍ സന്ദര്‍ശനത്തിനിടെ 1924 ല്‍ കന്യാകുമാരി അമ്പലത്തില്‍വച്ച് ബ്രാഹ്‌മണാജ്ഞ ശിരസാവഹിച്ച് വര്‍ണാശ്രമംപാലിച്ച് തീണ്ടാപ്പാടകലത്തുനിന്നുതൊഴുതുമടങ്ങിയ വ്യക്തിയാണുഗാന്ധി. അദ്ദേഹത്തിന്‍ ജീവിതകാലത്തു തന്നെയാണ് അയ്യനെ ജാതിരാജാവാക്കാനുള്ള പണികള്‍ തുടങ്ങിയത്. ഹിന്ദുസ്വരാജ്യവും ഗ്രാമസ്വരാജ്യവും വര്‍ണാശ്രമധര്‍മവും രാമരാജ്യവും ഹരിജനോദ്ധാരണവും പൂനപ്പട്ടിണിയും പോലെ അതിന്റെ പരിശുദ്ധ പിതൃത്വവും ഗാന്ധിക്കുതന്നെ. ഗാന്ധിയുടെ സത്യബോധമായാണ് ഇന്നത്തെ പ്രസംഗപൈങ്കിളിമാഷന്മാര്‍ രാമനെ കേരളത്തില്‍ അരിയിട്ടുവാഴിക്കുന്നത്. 1929 ല്‍ തിരുനക്കരവച്ചു സഹോദരന്‍ തിരസ്‌കരിച്ചതാണ് ഗാന്ധിയുടെ പൂനാപ്പട്ടിണിദല്ലാളായ ഹിന്ദുമഹാമണ്ഡലവീരനായ മദനമോഹനമാളവ്യയുടെ രാമമന്ത്രം. രാമന്‍ തലയറുത്തുകൊന്ന ശംബൂകനും ബാലിക്കും രാവണനും ജയഭേരിമുഴക്കുകയായിരുന്നു കേരളം ഗുരുവും സഹോദരനും നയിച്ച ജാതിവിരുദ്ധ ജനായത്തപ്പോരാട്ടത്തില്‍.
 
മനുഷ്യരെന്ന നിലയില്‍ പ്രവേശനം നിഷേധിക്കപ്പെടുന്നിടങ്ങളിലെല്ലാം കടന്നുകയറണമെന്നും മൂടിവച്ച പാല്‍പായസമെന്ന രാഷ്ട്രീയാധികാരം എടുത്തുകുടിക്കണമെന്നും ഗുരു 1924 ല്‍ വൈക്കം പോരാട്ടഭൂമികയില്‍ ബഹുജനങ്ങളോടാഹ്വാനം ചെയ്തു. ഇതുകേട്ടുപേടിച്ചു ഗുരുവിനെ കലാപാഹ്വാനംചെയ്യുന്ന തീയരുടെ ഗുരുവാക്കി ചുരുക്കിയെഴുതിയതും 1924 ല്‍ യങ്ങിന്ത്യയില്‍ ഗാന്ധിയാണ്. ഗാന്ധിക്കുവേണ്ടി 1932ല്‍ പൂനാപ്പട്ടിണിക്കരാറില്‍ അംബേദ്കറുമായി വിലപേശിയ മദനമോഹനമാളവ്യയുടെ ജയ്ശ്രീരാം വിളി 1929 ല്‍ത്തന്നെ മടക്കി തിരുനക്കരയില്‍ രാവണനുജയംവിളിച്ച നാടാണ് കേരളമെന്നും നാം കണ്ടു. കൊല്ലുന്നവന്‍ ദൈവംപോയിട്ടു മനുഷ്യന്‍പോലുമാകുന്നില്ല, അവന്‍ കേവലം മൃഗമെന്ന് ഗുരു ജീവകാരുണ്യപഞ്ചകത്തില്‍ 1914 ല്‍ തന്നെ എഴുതിയിരുന്നു. രാമാദികളുടെ കാലത്തെ ശൂദ്രാദികളുടെ ഗതിയേക്കുറിച്ചും ഗുരു നമ്മുടെ ഗുരുക്കന്മാര്‍ എന്ന സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ സഹോദരന്‍ ഗാന്ധിയോട് ലളിതമായുന്നയിച്ചത്, മി. ഗാന്ധി, താങ്കളുടെ ദൈവമായ കൃഷ്ണന്‍ ഒരു പരമ്പരക്കൊലയാളിയായിരുന്നില്ലേ എന്ന ഇതേ ചോദ്യമാണ്. ഹിംസയെക്കുറിച്ച് ഹിന്ദുമതഗ്രന്ഥങ്ങള്‍ എന്തുപറയുന്നു എന്ന സഹോദരചോദ്യത്തിനും ഗാന്ധിക്ക് വ്യക്തമായ ഉത്തരമില്ലായിരുന്നു.


ശ്രീ നാരായണ ഗുരു | PHOTO: WIKI COMMONS
പുലയരാജാവേയെന്നു ഗാന്ധിവിളിച്ചപ്പോള്‍ താനൊരു ജാതിരാജാവല്ലെന്നും സമുദായത്തില്‍ നിന്നു പത്തു ബിരുദധാരികളെ കാണുകയാണ് തന്റെ ആഗ്രഹമെന്നും അയ്യനും വ്യക്തമാക്കി. അധീശനാമകരണം ജാതിഹിന്ദുനേതാക്കള്‍ ബഹുജനങ്ങളുടെ ചിലവില്‍ നടത്തിവച്ചിരിക്കുന്ന കേരളത്തിലെ പല സര്‍വകലാശാലകള്‍ക്കും അയ്യന്റേയും ഗുരുവിന്റേയും അപ്പച്ചന്റേയും പേരിടേണ്ടിവരും. കാരണമവരാണ് വിദ്യാഭ്യാസത്തെ വിമോചനമാക്കിയത്. രാജാക്കന്മാര്‍ കിരീടം താഴെവച്ച് കപ്പക്കാലാവഴി ഓടുന്ന കാലമായി എന്ന് 1907 ല്‍ അയ്യങ്കാളിയുടെ സാധുജന പരിപാലന സംഘത്തില്‍ അംഗമായിരുന്ന പൊയ്കയില്‍ അപ്പച്ചന്‍ തിരുവിതാംകൂറില്‍ പാടിനടന്നിരുന്നു
 
ദലിത് ചരിത്രത്തേയും അക്ഷരങ്ങളേയും കുറിച്ചുപാടിയ പൊയ്കയാരേയും പറയരുടെ രാജാവാക്കാനും ശക്തമായ അത്തരം സമുദായങ്ങളെയൊക്കെ ഉപജാതിയും ഗോത്രവും പറഞ്ഞു പിളര്‍ത്താനും, അയ്യാ വൈകുണ്ഠരെ നാടാരുടെ മന്നരാക്കാനുമായിരുന്നു തിരുവിതാംകൂറിലെ മനുസ്മൃതിവാഴ്ച്ചക്കാര്‍ മിനക്കെട്ടത്. താനൊരു ജാതിയുടേയും രാജാവല്ല എന്നും കേരളത്തിലെ അധ്വാനിക്കുന്ന അടിസ്ഥാന ജനതയുടെ നേതാവാണെന്നും പ്രാതിനിധ്യമില്ലാതെ പിന്നാക്കമായ തന്‍സമുദായത്തില്‍ നിന്നും ഉന്നതവിദ്യാഭ്യാസമുള്ള യുവതലമുറ ഉയര്‍ന്നുവരണമെന്നുമായിരുന്നു അയ്യന്റെ വിദ്യാഭ്യാസ വിമോചനസ്വപ്നം. തൈക്കാടയ്യാ പ്രവചിച്ചപോലെ നിയമനിര്‍മാണസഭയും കലാശാലയുമായിരുന്നു അയ്യന്‍വഴി. അദ്ദേഹത്തെയാണ് പട്ടിപാലകര്‍ പോറ്റാന്‍ പണിയുന്നത്. തന്റെ വയനാടന്‍ ഫാം ഹൗസില്‍ പട്ടികളെ പോറ്റുന്നുണ്ടെന്നും അവ തന്നെ കാണുമ്പോള്‍ കുരയ്ക്കാറുണ്ടെന്നുമാണ് നവോത്ഥാനപ്പോരാട്ടത്തിന്‍ തുടക്കക്കാരനായ ആറാട്ടുപുഴയെക്കുറിച്ചുള്ള ജനപ്രിയചിത്രം ചവറാണെന്നുതള്ളിയ അക്കാദമി ചെയര്‍മാന്‍ 2022 ലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സന്ദര്‍ഭത്തില്‍ പറഞ്ഞത്. പള്ളിക്കൂടവും കൊട്ടകയും കത്തിച്ചവരും വൈക്കത്തെ തല്ലുകാരുമാരാണെന്ന് സവര്‍ണജാഥാ കമാണ്ടന്മാര്‍ അറിഞ്ഞമട്ടില്ല, കഷ്ടം.  
 
ബുദ്ധനേയും നവബുദ്ധനായി ജനതകാണുന്ന അംബേദ്കറേയും പോലെ പ്രജ്ഞയിലും കരുണയിലും മൈത്രിയിലുമൂന്നിയ മാനവമോചന വിശ്വദര്‍ശനമാണ് നിരക്ഷരനായിരുന്ന അയ്യനിലും പ്രവര്‍ത്തിച്ചത്. 1888 ലെ അരുവിപ്പുറം പ്രതിഷ്ഠയിലൂടെ പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ സനാതന വൈദിക വര്‍ണാശ്രമത്തെ അട്ടിമറിച്ചുകൊണ്ട് കേരളത്തെ ജാതിമതഭേദമില്ലാത്ത മാതൃകാസ്ഥാനമായി നൈതികഭാവനചെയ്തടിത്തറ പാകിയ ലോകത്തിനു ജനായത്ത വിദ്യാഭ്യാസ സംഘടനാ സന്ദേശം അരുളിയ ഗുരുവില്‍ നിന്നായിരുന്നു അയ്യന്‍ സംസാരിച്ചു പ്രചോദനം നേടിയത്. തന്റെ പള്ളിക്കൂട, വില്ലുവണ്ടി, സഞ്ചാരസ്വാതന്ത്ര്യ, കല്ലുമാല സമരപരമ്പരകളില്‍ ഗുരുവിനേയും ആശാനേയും നേരിട്ടുകണ്ടു ചര്‍ച്ചകള്‍ നടത്തി. വര്‍ക്കലയിലെ പൊതുവിടപ്രവേശന, പ്രാതിനിധ്യ മഹായോഗത്തില്‍ നേരിട്ടുപങ്കെടുത്താണ് അയ്യന്‍ തിരുവിതാംകൂറിനെ മാനവികവും ആധുനികവുമാക്കിയത്. മൂലൂരിന്റേയും ആശാന്റേയും ആംഗലഡയറികളില്‍ അയ്യങ്കാളിയുമായുള്ള കൂടിക്കാഴ്ച്ചകളും ഒന്നിച്ചുള്ള ദലിതരുടെ മഹായോഗങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. ഗുരുവിന്‍ വിദ്യാഭ്യാസ, സംഘടനാ നൈതിക സന്ദേശങ്ങളെ അടിസ്ഥാന ജനതയുടെ ജീവിതസമരമാക്കിയത് അയ്യനാണ്. ഗുരു മൂലൂരിലൂടെ വളര്‍ത്തിവിദ്യാഭ്യാസംചെയ്യിച്ചു പണ്ഡിതനും നിയമസഭാധ്യക്ഷനുമാക്കിയ മക്കപ്പുഴക്കാരന്‍ കേശവനെന്ന കേശവശാസ്ത്രികളാണ് അയ്യന്റെ മകളെ വിവാഹം ചെയ്തത്. അത്തരം നിരവധി ദലിതബാലകരെ ഗുരുവിദ്യയിലൂടെ പ്രബുദ്ധരാക്കി ലോകത്തിനു കൊടുത്തു. ആ മഹാഗുരുവിനെയാണ് ദലിതവിരോധിയും സ്ത്രീവിരോധിയുമായിപോലും ആധുനികോത്തരമലയാളികുലീനരും തല്‍പ്പരകക്ഷികളും ഇകഴ്ത്തുന്നത്. കുകുച്ചകളുടെ കുല്‍സിതവൃത്തി പെട്ടെന്നുണ്ടായതല്ല. സാക്ഷാല്‍ ഗുരുവിനേപ്പോലും ജാതിവാദിയായും സ്ത്രീവിരുദ്ധനായും വ്യാഖ്യാനിക്കുന്ന സത്യാനന്തരഗീര്‍വാണങ്ങള്‍ ചമച്ചവരാണ് മലയാളികുലീനബുദ്ധിജീവികള്‍. അതിനേക്കുറിച്ചുതന്നെ പഠനങ്ങള്‍ ആവശ്യമാണീ വംശഹത്യാപരമായ അപരവല്‍ക്കരണകാലത്ത്.

ആധുനികവും ജനായത്തപരവുമായ കേരള സമൂഹത്തിനും പൊതുമണ്ഡലത്തിനും വിദ്യാഭ്യാസരംഗത്തിനും അടിത്തറപാകിയ ഗുരുവിനേയും അയ്യനേയുമെല്ലാം നിരന്തരം പരദൂഷണത്തിലും ഏഷണികളിലൂടെയും അപഖ്യാതികളിലൂടെയും വ്യക്തിഹത്യനടത്തുകയും അപവാദപ്രചരണങ്ങളിലൂടെ ഇകഴ്ത്താനും ഇല്ലാതാക്കാനുള്ള ശ്രമങ്ങളും അവരുടെ കാലത്തുതന്നെ ജാതിഹിന്ദുത്തം കൊണ്ടുപിടിച്ചു നടത്തിയതാണ്. തിരുവിതാംകൂര്‍ ഭരണകൂടവും ബ്രാഹ്‌മണിക ദിവാന്മാരും അമാത്യന്മാരും അതു ചെയ്തു. അവരെ ഉപജാപത്തിലും വിഭജനഭരണത്തിലും ബ്രാഹ്‌മണ്യത്തിനും രാജാധികാരത്തിനും നല്ലപിള്ളകളായി പിന്തുടര്‍ന്ന 1891 ലെ മലയാളി ശൂദ്രമെമ്മോറിയലിലൂടെ പ്രാതിനിധ്യവാദം പറഞ്ഞ് കടന്നുകയറി കുത്തകയാക്കിയ മലയാളിശൂദ്രരും ഇക്കാര്യത്തില്‍ ഏറെ മുന്നാക്കമായിരുന്നു. 
 
ജനായത്തവ്യവസ്ഥയില്‍ മുന്നാക്കമെന്നാല്‍ അമിത പ്രാതിനിധ്യം എന്നാണര്‍ഥമാക്കുന്നത്. കേരളത്തില്‍ ദേവസ്വം ബോഡാണ് ഉദാഹരണം. അവിടെ 2018 ല്‍ തൊണ്ണൂറു ശതമാനത്തോളം മലയാളി ശൂദ്രരും സവര്‍ണരുമായിരുന്നു. പന്ത്രണ്ടോ പതിനാലോ ശതമാനമുള്ള കുത്തകാധികാരവിഭാഗം എല്ലാ പൊതുസേവന, വിദ്യാഭ്യാസ രംഗങ്ങളിലും അമിതപ്രാതിനിധ്യത്തിലാണ്. അതാണവരെ ഭരണഘടനാപരമായി മുന്നാക്കം എന്നു വിളിക്കുന്നത്. ഭരണഘടനയുടെ ജനായത്ത സാമൂഹ്യ പ്രാതിനിധ്യ വ്യവസ്ഥയ്ക്കും സാമൂഹ്യനീതിയാധാരത്തിനും നിരക്കാത്ത സാമ്പത്തിക മാനദണ്ഡം പറയുന്ന സാമ്പത്തിക സംവരണം നടപ്പാക്കി 2018 ലെ ശബരിമല ശൂദ്രലഹളയുടെ പശ്ചാത്തലത്തില്‍ അവര്‍ പത്തുശതമാനം വീണ്ടും കവര്‍ന്നെടുത്ത് പ്രാതിനിധ്യ കുത്തക നൂറുശതമാനമാക്കി. ബഹുജനങ്ങളുടെ നികുതിപ്പണംകൊണ്ടു പ്രവര്‍ത്തിക്കുന്ന അക്കാദമികളേയും അക്കാദമിക മാധ്യമ സ്ഥാപനങ്ങളേയും കുത്തകവല്‍കരിച്ചു നടത്തിയ നിരന്തര പുരാണ പട്ടത്താനങ്ങളിലൂടെയാണ് തീണ്ടാരി, വിശ്വാസി, ശൂദ്രലഹളകളുടെ അധീശസമവായം ഒരുക്കിയത്. 

ശബരിമല ക്ഷേത്രം | PHOTO: WIKI COMMONS
സാമൂഹ്യനീതിക്കും ജനായത്ത പ്രാതിനിധ്യത്തിനുമായി ജീവിതമര്‍പ്പിച്ച ജ്ഞാനരൂപങ്ങളായ ഗുരുവിനേയും അയ്യനേയും ചെറുതാക്കാനും ഇകഴ്ത്താനും കുലീനകര്‍തൃത്വങ്ങളെ ഊതിവീര്‍പ്പിച്ച് ഇവരുടെ നിര്‍ണായക പ്രാധാന്യത്തെ ഇല്ലാതാക്കാനുമുള്ള മാധ്യമ അക്കാദമിക പ്രചാരവേലകളും നിരന്തരം നടന്നുപോന്നു. മാവാരത, രാമായണ, ഗീതാ പട്ടത്താനങ്ങളും വേദോച്ചാരണ യാഗയോഗങ്ങളും പോലെ സവര്‍ണസമ്മതവും ശൂദ്രാഭിമതവുമായ ചില നാടന്‍പാട്ടുകളും പോക്കുലോറും ശൂദ്രപ്രമാണിമാര്‍ പടച്ച ആധുനികാനന്തരകാവ്യാഖ്യാനങ്ങളും അപരരാമായണങ്ങളും മറ്റും ആഘോഷിക്കപ്പെട്ടു. അവര്‍ണരെ തമ്മില്‍ വിഭജിപ്പിച്ചു ഭരിക്കുകയാണിവിടെ സവര്‍ണത നടപ്പാക്കിയതന്ത്രം. കേരളത്തിലെ ഇടതിലൂടെ തന്നെ ഭരണഘടനയുടെ സാമൂഹ്യപ്രാതിനിധ്യത്തെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണമെന്ന സവര്‍ണരുടെ സാമ്പത്തിക ദൗര്‍ബല്യവാദം നൂറ്റിമൂന്നാം ഭേദഗതിയിലൂടെ നടപ്പാക്കിയെടുത്ത് മാരകവിഷവും അര്‍ബുദവും ചെലുത്തി ഇന്ത്യയുടെ പരമോന്നത നൈതികക്കരാറിനെ കശാപ്പു ചെയ്തുകഴിഞ്ഞു.
 
വൈക്കം പോരാട്ടഭൂമികയില്‍ 1925 ല്‍ മാനവികവും ജനായത്തപരവുമായ പ്രാതിനിധ്യവാദമുന്നയിച്ച ഗുരുവിനെ, മനുഷ്യരെന്ന നിലയില്‍ പ്രവേശനം നിഷേധിക്കുന്നിടത്തെല്ലാം കടന്നുകയറണമെന്നും ഏതുപന്തിയിലും കടന്നിരിക്കണമെന്നും ആരുമെന്നുമെപ്പോഴും കയറണമെന്നും വേലികെട്ടിയാല്‍ അതിനുമീതേകൂടി കയറണമെന്നും മൂടിവച്ച പായസം എടുത്തുകുടിക്കണമെന്നും പറഞ്ഞഗുരുവിനെ തീയന്മാരുടെ ഗുരു കലാപത്തിനാഹ്വാനം ചെയ്യുന്നു എന്ന മട്ടിലാണ് ഗാന്ധി യങ്ങിന്ത്യയില്‍ എഴുതിയപമാനിച്ചത്. ഈ ചരിത്ര സന്ദര്‍ഭങ്ങളെല്ലാം പഠിക്കുകയും വിമര്‍ശവിശകലനം ചെയ്യുകയും മലയാളികുലീനതയും അവരുടെ അനുകര്‍ത്താക്കളായ ചില ചണ്ടാളപ്രമുഖരും (ഗുരുവിനെക്കുറിച്ച് പുന്നശേരിനമ്പിയുടെ പ്രയോഗം) തെറ്റുകള്‍ ഏറ്റുപറഞ്ഞുതിരിത്തുകയും ചെയ്യേണ്ടതുണ്ട്. 
അയ്യനേയും ഗുരുവിനേയും ശിഷ്യരേയും അവരുടെ ജീവിതകാലത്തു തന്നെ തീണ്ടലിനു വിധേയമാക്കിയിരുന്നു. 1920 കളുടെ തുടക്കത്തില്‍ വൈക്കത്തിനടുത്തു തലയോലപ്പറമ്പില്‍ നടന്ന പുലയലഹളയില്‍ അയ്യന്‍ വില്ലുവണ്ടിയിലെത്തി ജാതിവിരുദ്ധപ്പോരാട്ടം നടത്തുന്ന ജനങ്ങളെ സംബോധന ചെയ്തു സംസാരിക്കുമ്പോള്‍ 1893 ല്‍ ചാലിയത്തെരുവിലെന്നപോലെ ജീവനു ഭീഷണിയുണ്ടായിരുന്നു. വൈക്കത്ത് 1920 കളിലും ഗുരുവിന്‍ വഴിയും റിക്ഷാവണ്ടിയും തടഞ്ഞു നമ്പ്യാതിരിയായ ഇണ്ടന്‍തുരുത്തിയുടെ കാവലാളുകളായ കാലാളുകള്‍. വേറൊരുസന്ദര്‍ഭത്തില്‍ ഗുരുവിന്‍ കാറിന്റെ ഡ്രൈവറുടെ ലൈസന്‍സ്‌പോലും റദ്ദാക്കപ്പെട്ടു. ബോധമുള്ള അവര്‍ണരായ പൂര്‍വബൗദ്ധരുടെ ചാലകതയാണ് ജാതിഹിന്ദുത്തത്തിന്‍ ഉള്‍ക്കിടിലം. അവര്‍ സംഘടിച്ചുവന്നു ദളവാക്കുളം പോരാട്ടംപോലെ അവരുടേതായിരുന്ന കാവുകളും അമ്പലങ്ങളും പള്ളികളും തിരിച്ചുപിടിക്കുമോ എന്നാണാശങ്ക.
 
മൂലൂര്‍ സാഹോദര്യം, ചിദംബരംപിള്ളയ്ക്കുള്ള മറുപടി എന്നിങ്ങനെ രണ്ടു കവിതകളിലൂടെ വൈക്കം പോരാട്ടത്തെ ചരിത്രവല്‍ക്കരിച്ചു. ''വേമ്പനാട്ടുകായലില്‍ മുങ്ങിമരിക്കാനുമിണ്ടംതുരുത്തിതന്‍ ചീട്ടുകിട്ടണോ'' എന്നും അടിച്ചുനിരത്താവേലിപ്പത്തലുകളെന്നും മൂലൂര്‍ കവിതയിലെഴുതി. പ്രത്യഗ്രബുദ്ധനായ ഗുരുവിന്‍ ധമ്മശാസനകേട്ട സിംഹളരേ നിങ്ങള്‍ സിംഹതുല്യരായ്‌നില്‍ക്കൂ എന്നുമൂലൂര്‍.  ആശാന്റെ സിംഹനാദംപോലെ മൂലൂരും ശാക്യസിംഹന്റെ നാമത്തിലാണ് സിംഹജരായ സഹജാതരോടുള്ള കാവ്യഭാഷണം ഭാവിയിലേക്കായി നടത്തിയത്.  സഹോദരന്റെ ഗാന്ധിസന്ദേശവും വൈക്കം പോരാട്ട പശ്ചാത്തലത്തില്‍ ഗാന്ധിയുടെ കന്യാകുമാരി ക്ഷേത്രത്തിലരങ്ങേറിയ തീണ്ടലുമായി ബന്ധപ്പെട്ടതാണ്. പാണാപള്ളി കൃഷ്ണന്‍ വൈദ്യരുടെ വരിക വരിക സഹജരേ... എന്ന കാല്‍നടപ്പാട്ടും വൈക്കം പോരാട്ടഭൂമികയില്‍ 1924 ല്‍ രചിച്ചതാണ്. 1919 ലെ ആശാന്റെ സിംഹനാദവും സഹോദരനുവേണ്ടി സഞ്ചാരസ്വാതന്ത്ര്യവിഷയത്തെ ഊന്നിയെഴുതിയതും കെ.ആര്‍. നാരായണന്‍ 1922 ലെ തലയോലപ്പറമ്പ് അടിയംലഹളയിലും ബോധാനന്ദരുടെ ധമ്മഭടസംഘം 1919 മുതല്‍ 1920 കളോളം നീണ്ട ചേലൂര്‍, ആറാട്ടുപുഴ, താന്നിശേരി ജാതിവിരുദ്ധ പോരാട്ടങ്ങളിലും പാടിപ്പോരാടിയതുമാണ്. 

മൂലൂർ എസ് പത്മനാഭ പണിക്കർ | PHOTO: WIKI COMMONS
ഗുരുവിനും തീണ്ടലോ എന്നു ഗര്‍ജിച്ചുകൊണ്ടാണ് ടി.കെ. മാധവന്‍ തിരുനെല്‍വേലിയിലും കാക്കിനാദയിലുമെല്ലാം പോയി വൈക്കം ജാതിവിരുദ്ധപോരാട്ടം ദേശീയമായി സംഘടിപ്പിച്ചത്. ഗാന്ധി ആദ്യം അനുമതി പോലും നിഷേധിച്ച ഈ സമരത്തിനായി ഗാന്ധിയേയും കോണ്‍ഗ്രസിനേയും പെരിയോരേയും വൈക്കത്തു കൊണ്ടുവന്നു തളച്ചു എന്നതാണ് ടി.കെ. മാധനവന്റെ മികവ് എന്ന് സഹോദരന്‍തന്നെ വിലയിരുത്തി. ആശാന്റേയും സി. വി. കുഞ്ഞുരാമന്റേയും 1917 മുതലുള്ള മുഖപ്രസംഗങ്ങളും പ്രജാസഭാ പോരാട്ടങ്ങളും സഞ്ചാരസ്വാതന്ത്ര്യത്തിനും പ്രാതിനിധ്യത്തിനും ആരാധനാലയ പ്രവേശനങ്ങള്‍ക്കുമായി മുഴങ്ങി.  
 
1919 ല്‍ സഹോദരന്‍ മാസികയ്ക്കായി എഴുതിനല്‍കിയ സിംഹനാദം എന്ന കവിതയിലെ ഉണരിനുണരിനാത്മശക്തി പ്രണയമെഴും സഹജാതരേ ത്വരിപ്പിന്‍... എന്ന വരികളുദ്ധരിച്ച് കലാപാഹ്വാനം ചെയ്തു എന്നു പറഞ്ഞാണ് 1922 ലെ തലയോലപ്പറമ്പ് അടിയംലഹളയില്‍ ടി. കെ. യുടെ ശിഷ്യനും പിന്നീട് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിയും നിയമസഭാംഗവും ആയിരുന്ന കെ.അര്‍. നാരായണനേയും പിതാവിനേയും അടക്കം 57 പേരെ അറസ്റ്റു ചെയ്തത്. 1923 ല്‍ ആശാന്‍ നേരിട്ടു വൈക്കം വടയാറു വന്നു നടത്തിയ 1806 ലെ ദളവാക്കുളം ധീരരക്തസാക്ഷികളെ കുറിച്ചുനടത്തിയ ''ഓര്‍ത്താല്‍ വീരപുളകമുണര്‍ത്തുന്ന ധീരകൃത്യമാണ് നമ്മുടെ പൂര്‍വചിന്തകര്‍ ചെയ്തത്'' എന്ന 1923 ലെ വടയാര്‍ പ്രസംഗം ചരിത്രത്തില്‍ എന്നെന്നും ഓര്‍ക്കേണ്ടതാണ്. 1924 ജനുവരിയില്‍ പല്ലനയാറ്റില്‍ 51 വയസ്സില്‍ പരിനിബാണമടഞ്ഞില്ലായിരുന്നെങ്കില്‍ ആശാന്‍ തീര്‍ച്ചയായും മാര്‍ച്ചുമാസം അന്ത്യത്തില്‍ വൈക്കം പ്രക്ഷോഭവേദിയിലെത്തി ഒരു രണ്ടാം വടയാര്‍ പ്രസംഗം ദളവാക്കുളം ധീരരക്തസാക്ഷികളെ കുറിച്ചു നടത്തിയേനേ.
 
ഗുരുവിന് ജീവിതാന്ത്യത്തിലും തീണ്ടല്‍ നേരിടേണ്ടിവന്നു. 1926 ല്‍ ലങ്കയിലേക്കുള്ള രണ്ടാം യാത്രയില്‍ രാമേശ്വരം അമ്പലത്തില്‍ അദ്ദേഹം ചെന്നപ്പോളായിരുന്നു അത്. ജീവിതാന്ത്യം വരേയും അദ്ദേഹത്തെ ജാതിഹിന്ദുത്തം തൊട്ടുകൂടാത്തവനായിക്കണ്ടു. മുഖ്യമന്ത്രിമാരേ പോലും തെരുവില്‍ ജാതിത്തെറിവിളിക്കുന്ന മലയാളികുലീനമാര്‍ ഗുരുവിനേയും ചോവന്മാരുടെയാശാനായേ ഇന്നും കണക്കാക്കിയിട്ടുള്ളു. 2018 ല്‍ കേരളമുഖ്യനായ അവര്‍ണപുരുഷനെ തെരുവില്‍ ജാതിത്തെറിവിളിച്ച മലയാളി കുലീനവനിതയായ മണിപ്പിള്ളയുടെ മണിപ്രവാളം വ്യക്തമാണ്. ഇത്തരം കൊടിയ ഭരണഘടനാവിരുദ്ധ കുറ്റകൃത്യങ്ങളെ കണ്ണടച്ചുതള്ളുന്നതും മാതൃകാപരമായ ശിക്ഷകൊടുക്കാത്തതുമാണ് കുകുച്ചകളെ വളര്‍ത്തുന്നത്. വിശ്വാസിശൂദ്രലഹളകളിലെ ആയിരക്കണക്കായ കേസുകള്‍ റദ്ദാക്കുന്നതും ഇത്തരം കുലീനഭരണത്തിനിടയാക്കും.
 
1926 ല്‍ രണ്ടാം ലങ്കാ  സന്ദര്‍ശനവേളയില്‍ ഗുരു തീര്‍ത്തുപറഞ്ഞു മലയാളിജാതികുലീനതയുടെ സ്വരാജ്യമായ മലയാളത്തിലേക്കു നാമിനിയില്ല. ശിഷ്യര്‍ ഒരുവിധത്തില്‍ തിരികെയെത്തിക്കുകയായിരുന്നു. 1928 ല്‍ അദ്ദേഹം സഹോദരന്റെ ചരമപദ്യം പറയുന്നപോലെ ജരാരുജാമൃതിഭയമെഴാത്ത യശോനിര്‍വാണത്തെയടഞ്ഞു. ജാതിക്കെതിരായ ആ വലിയപടത്തലവന്‍ നയിച്ച പോരാട്ടം സഹോദരനിലും മൂലൂരിലും കറുപ്പനിലും കൂടി തുടരുന്നു. ഇവരെല്ലാം കേരളത്തിന്‍ പുതുബോധനനയത്തിലേക്കു കടന്നുവരണം, നവദേശീയവിദ്യാഭ്യാസ ആഭാസനയം തിരുത്തണം.
 
വരേണ്യരായ ആഭിജാതമന്യരായ മണിപ്പിള്ളമാരേപ്പോലുള്ള മലയാളന്മാരുടെ കുലീനത ഗുരുവിനേയും ശിഷ്യരേയും ഒരിക്കലും കൈവിട്ടില്ല. സി. വി. മുതല്‍ സി. കേശവന്‍ വരെ ചിലന്തിയെന്നും കൊട്ടിയെന്നും വിളികേട്ടു. ആശാന്‍ തോട്ടത്തിലെ എട്ടുകാലി എഴുതേണ്ടി വന്നു. മരണശേഷവും ഗുരുവിനേയും ആശാനേയും അംബേദ്കറേയും പോലും സാമ്രാജ്യത്തപാദസേവകരെന്നു പറഞ്ഞുപരത്തി ബ്രാഹ്‌മണികാണ്‍കോയ്മയുടെ പുരോഹിതമന്യര്‍. സഹോദരന്റെ ജീവനു പോലും ഭീഷണിയുണ്ടായിരുന്നു. ഇന്നും ഗുരുവിനേയും ശിഷ്യരേയും ചിലന്തികളും സ്‌പൈഡികളുമാക്കുന്ന ക്ഷുദ്രവ്യവഹാരം ക്ഷുദ്രമായ നാട്ടുനടപ്പാണ്. തികഞ്ഞ ബ്രാഹ്‌മണിക ഭൃത്യജനസമാജമായി മലയാളി ശൂദ്രത്തം പകര്‍ന്നാടുകയാണ്. കേരളത്തെ മണിപ്പൂരാക്കിയേ അവര്‍ അടങ്ങൂ. അപരവല്‍ക്കരണവും അപമാനവീകരണവും പ്രതീകഹിംസകളും പ്രതിനിധാനഹിംസകളും കുകുച്ചകള്‍ നടത്തുന്നത് വലിയ രോഗലക്ഷണമാണ്.

ബി.ആർ അംബേദ്‌കർ | PHOTO: WIKI COMMONS
ബ്രാഹ്‌മണ്യത്തിനു സൈനിക, ലൈംഗിക കോളനിയാകാതെ ചെറുത്തുനിന്ന പ്രബുദ്ധജനതയെ മൃഗവല്‍കരിക്കുന്ന പന്നിപ്പേറു പ്രസംഗം ഭരണഘടനയെ മൂകസാക്ഷിയാക്കി ആധുനിക കേരളത്തില്‍ നടത്തിയ സവര്‍ണജാഥാക്കമാണ്ടറെ നവോത്ഥാന നായകനാക്കിവാഴിച്ചു പൊതു അവധി കൊടുക്കവേ, ബ്രാഹ്‌മണ്യത്തിന്‍ ജാതിവര്‍ണ ഇരുട്ടില്‍ നിന്നു കേരളത്തെ മോചിപ്പിച്ച് മതേതര മാനവികസന്ദേശം പ്രാവര്‍ത്തികമാക്കി കേരളത്തെ കേരളമാക്കിയ ഗുരുവിനെ ഇകഴ്ത്താനും ഗുരുഹത്യനടത്താനും മത്സരിക്കുകയാണ് മലയാളി കുലീനത. അയലുതഴയ്ക്കാന്‍ പ്രയത്‌നിക്കണമെന്നെഴുതിയ ഗുരുവിന്റെ പാഠങ്ങളെപ്പോലും അയലുതകര്‍ക്കുന്നതാക്കി മാറ്റിയെഴുതിയടിച്ചു വിടുന്നു. സഹയാത്രികരായ ചട്ടമ്പികളെ ഗുരുവിന്‍ ഗുരുക്കന്മാരാക്കി സ്ഥാപിക്കുന്നു. മലയാളി കുലീനതയെന്ന കള്ളം ചെയ്യാത്ത കൃത്രിമങ്ങളില്ല.
 
നായന്മാര്‍ ജന്മനാ മഹാന്മാരാണെന്നും നായന്മാരുടെ സിരകളിലോടുന്നത് ദളവാവേലുവിന്‍ രക്തമാണെന്നും വരെ നവ നവോത്ഥാന നായകന്‍ വംശഹത്യാപരമായ കൊലവിളി നടത്തി. പത്രാധിപര്‍ സുകുമാരന്‍ അര്‍ഹമായ മറുപടിയും കൊടുത്തു. ഹിന്ദുക്കളുടെ ആശാകേന്ദ്രം സ്വയംസേവകസംഘമാണെന്നും ഗുരുജി ഗോള്‍വള്‍ക്കറെ കേരളത്തില്‍ കൊണ്ടുവന്നു മാലയിട്ടു പൂജിച്ചുകൊണ്ടീ മഹാന്‍ മൊഴിഞ്ഞു. സവര്‍ക്കറെ കേരളത്തില്‍ സ്ഥാപിക്കാന്‍ യത്‌നിച്ചതും ഇം.എം.എസ്സിന്‍ സാമ്പത്തികസംവരണവാദം ഉടനടിയേറ്റുപിടിച്ചതും പ്രാതിനിധ്യജനായത്തത്തിനേതിരേ വ്യവഹാരപരമ്പരകള്‍ തുടങ്ങുന്നതും ഇദ്ദേഹമാണ്. ഇദ്ദേഹത്തെ നവോത്ഥാന നായകനാക്കി പൊതു അവധികൊടുത്തതാണ് കേരളം പുനഃപരിശോധിക്കേണ്ടത്. 
 
കേരളത്തിലെമ്പാടും ഉയര്‍ന്ന ഗുരുശില്പങ്ങളെ പരിഹസിച്ച് ഗുരുവിനെ സിമന്റു നാണു എന്നും മഞ്ഞ നാണു എന്നും നാണ്വേട്ടനെന്നും മഞ്ഞക്കൊണദോഷി എന്നും മഞ്ഞക്കൊണവതികാരി എന്നും പണ്ട് ബുദ്ധനെ അപരവല്‍കരിക്കാനുപയോഗിച്ച അതേവാക്കുകളും പ്രയോഗങ്ങളും ഉപയോഗിക്കുന്നു. ഗുരുവിന്റെ ജന്മദിനപ്പായസം പോലും മലയാളികുലീനര്‍ക്ക് ചക്കരക്കഞ്ഞിയും തേങ്ങാക്കഞ്ഞിയും മഞ്ഞവെള്ളവുമാണ്. പൗരോഹിത്യ ആണ്‍കോയ്മയായ ബ്രാഹ്‌മണിസത്തിന്‍ മലയാളിരൂപമായ നമ്പൂരിത്തവും അതിന്‍ വിശ്വസ്ത പാദസേവനഭൃത്യജനസമാജമായ പടയാളി ആണത്തചങ്ങാത്തമായ ശൂദ്രത്തമെന്ന നായനിസവും സൈനിക, ലൈംഗിക സമന്വയത്തിലൂടെ സംബന്ധമരുമക്കത്തായവ്യവസ്ഥയെ നാട്ടുനടപ്പാക്കിയെടുത്ത ബുദ്ധിസത്തിന്‍ നിഷ്‌കാസനത്തെ ഓര്‍മിപ്പിക്കുന്ന അതേ അപരവല്‍കരണ വ്യവഹാരങ്ങളാണ് ഗുരുവിനേയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ജാതിവിരുദ്ധ ജനായത്ത മതേതര മാനവിക നൈതിക പ്രസ്ഥാനത്തേയും വെടക്കാക്കാനും ഇല്ലാതാക്കാനും മലയാളി സവര്‍ണത ഇന്നും പ്രയോഗിക്കുന്നത്. ബ്രാഹ്‌മണ്യത്തിന്‍ ശൂദ്രിമ അഥവാ ബ്രാഹ്‌മണീയമായ ശൂദ്രത്തമെന്ന നായത്തം എന്നും വിജയന്‍ ശൈലിയിലെഴുതാം. നായകളേയും പന്നികളേയും കുറിച്ചുള്ള പാരഞ്ചിത്ത് പള്ളിക്കൂടത്തിലെ പുത്തന്‍ തിരപ്പടവീരനായ മാരിസെല്‍വരാജിന്‍ മാമന്നന്‍ എന്ന പുത്തന്‍പടം ഓര്‍മവരുന്നു. ഓര്‍വെല്ലിയന്‍ ശൈലിയില്‍ പന്നികള്‍, അല്ല പട്ടികള്‍ കൂടുതല്‍ തുല്യരത്രേ. മലയാളി ബ്രാഹ്‌മണനെ മാത്രം തന്ത്രിയും മേല്‍ശാന്തിയുമാക്കുന്ന വര്‍ണവെറി ഇന്നും നഗ്‌നമായി പൊതുചെലവില്‍ അരങ്ങേറുകയാണ്. മംഗലാപുരത്ത് ഗുരുസ്ഥാപിച്ച കുദ്രോളിയമ്പലത്തില്‍ വിധവകളായ രണ്ടു ദലിത് സ്ത്രീകള്‍ പൂജ ചെയ്യുമ്പോഴും കേരളത്തിലെ അവര്‍ണരായ ചുരുക്കം പൂജാരിമാര്‍ക്ക് പലയമ്പലങ്ങളിലും കയറാനാകുന്നില്ല. അയ്യാവൈകുണ്ഠരുടെ സമുദായക്കാരനായ ഒരവര്‍ണശാന്തി ആത്മഹത്യയും ചെയ്തു. മലയാളികുലീനരായ ശൂദ്രര്‍ക്കുപോലും പൂജാരിവിലക്ക്. സഹോദരന്‍ 1930 കളില്‍ എഴുതിയപോലെ അതിനെതിരേ പോലും ഉരിയാടാത്ത ശൂദ്രകുലീനരാണ് ഗുരുവിനേയും അയ്യനേയും ഇകഴ്ത്താനായി പണിയെടുക്കുന്നത്. ചെറിയ മനസ്സുകളായ മനുസ്മൃതിയുടെ പുഴുക്കളും അവരുടെ കൂടെയുണ്ട്. 


കുദ്രോളി ഗോകർണനാഥേശ്വര ക്ഷേത്രം | PHOTO: WIKI COMMONS
വിഭജനഭരണമാണ് ഹൈന്ദവ സാമ്രാജ്യത്തത്തിന്‍ അടിസ്ഥാന ക്രിയാതന്ത്രം. 1924 ലെ മൂലൂരിന്‍ സാഹോദര്യം എന്ന കവിതയില്‍ ഹൈന്ദവസാമ്രാജ്യത്തേക്കുറിച്ചു പരാമര്‍ശിക്കുന്നു. എന്തിനീ ഹിന്ദുമതം എന്നദ്ദേഹം ചോദിക്കുന്നു. ഗുരുവിനുപോലും തീണ്ടലുണ്ടാക്കുന്ന ഹിന്ദുമതത്തെ ആര്‍ക്കാണു വേണ്ടത്. അതു തിരിച്ചറിഞ്ഞ് ഇത്തരം കുപ്രചരണങ്ങളേയും അധീശ വ്യവഹാരങ്ങളേയും വിമര്‍ശബോധത്തോടെ ചെറുക്കുകയാണ് ബഹുജനങ്ങള്‍ക്ക് ചെയ്യാവുന്നത്. അടിയന്തിരമായി ഗുരുവിന്‍ ചരിത്രവിമര്‍ശ സംഭാഷണങ്ങളും വചനങ്ങളും ജാതിഹിന്ദുഹിംസയ്‌ക്കെതിരായ രചനകളും സഹോദരന്റെ പദ്യകൃതികളും മൂലൂരിന്‍ ധര്‍മപദവും, പുലവൃത്തങ്ങളും സാമൂഹ്യരാഷ്ട്രീയ രചനകളും ആശാന്റെ ജാതിവിരുദ്ധകവിതകളും ശ്രീബുദ്ധചരിതവും ചണ്ടാലഭിക്ഷുകിയും കരുണയും കറുപ്പന്‍മാഷുടെ ജാതിവിരുദ്ധകവിതകളുമെല്ലാം സിലബസിലേക്കു കൊണ്ടുവന്ന് ഹൈന്ദവദേശീയവാദകക്ഷിയുടെ നവദേശീയനയത്തെ അടിയന്തരമായി റദ്ദാക്കി കേരളത്തിന്‍ പുതുപൊതുബോധനയം ആവിഷ്‌കരിക്കേണ്ടതുണ്ട്. കേരളത്തിന്‍ അടിസ്ഥാന അശോകന്‍ പ്രബുദ്ധസംസ്‌കാരാടിത്തറയെ തിരിച്ചറിഞ്ഞു വിദ്യാഭ്യാസത്തിലുള്‍ച്ചേര്‍ത്തുകൊണ്ടേയതു സാധിക്കൂ. മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രാതിനിധ്യ ജനായത്തത്തെ കുറിച്ചും ജാതിവിരുദ്ധ ജനായത്തസംസ്‌കാരധാരകളേക്കുറിച്ചും കേരളത്തിന്‍ പ്രബുദ്ധതയേക്കുറിച്ചും പുതുബോധനവും ബോധോദയവും പകരേണ്ടതുണ്ട്. സവര്‍ണവും കുലീനവുമായ ബോധനതന്ത്രവും പാഠ്യപദ്ധതിയും അവസാനിപ്പിച്ചേ നീതിയും സത്യവും പുലരൂ. കുകുച്ചകളുടെ കിരാതവാഴ്ച്ചയും പ്രതിനിധാനഹിംസകളും ഇങ്ങനെ അടിയന്തരമായി തടഞ്ഞില്ലെങ്കില്‍ ഫലം ഭീകരമാകും. നീതിയും സത്യവും വാഴട്ടെ. നിയമം അടിയന്തരമായി നടപ്പാക്കപ്പെടട്ടേ. ശൂദ്രലഹളകളും പുരാണപട്ടത്താനങ്ങളും ഗീതാഗിരിശിബിരങ്ങളും തകര്‍ത്ത ആധുനിക ജനായത്ത മതേതര കേരളത്തെ ഗുരുവിലൂടെയും ശിഷ്യഗണങ്ങളിലൂടെയും അയ്യങ്കാളിയുടേയും അപ്പച്ചന്റേയും അയ്യാ വൈകുണ്ഠരുടേയും അവസാനിക്കാത്ത ജനായത്ത പോരാട്ടങ്ങളിലൂടെയും വീണ്ടെടുക്കാം. 
 
(* അയ്യങ്കാളിയെ അപമാനിച്ചുള്ള ചിത്രങ്ങളും മീമുകളും പ്രസിദ്ധീകരിച്ച ഫെയ്സ്ബുക്ക് ഗ്രൂപ്പിന്റെ പേരാണ് കുകുച്ച)
#outlook
Leave a comment