ദളിതര്‍ തല്ലുകൊള്ളേണ്ടവരല്ല
സനാതന ധര്‍മ്മത്തിന്റെ മഹത്വത്തെ പറ്റിയുള്ള വാഴ്ത്തുകള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് ശബരിമലയില്‍ ഉണ്ണിയപ്പം ഉണ്ടാക്കുന്നതിനുള്ള കരാര്‍ നേടിയ ദളിത് യുവാവിനു നേരെ ശാരീരികവും മാനസികവുമായ കയ്യേറ്റം നടന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ടെന്ററാണ് തിരുവനന്തപുരം സ്വദേശിയായ സുബി നേടിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസില്‍ സുബി കൊടുത്ത പരാതി പ്രകാരം ടെന്ററില്‍ പങ്കെടുത്ത ജഗദീഷ്, രമേശ് എന്നിവര്‍ ദേവസ്വം ബോര്‍ഡിന്റെ പാര്‍ക്കിങില്‍ വെച്ച് സുബിയെ തുപ്പുകയും മുഖത്തടിക്കുകയും ക്ഷേത്രം ഹിന്ദുക്കളുടേതാണ് പുലയരുടേതല്ല എന്ന് പറയുകയും ചെയ്തതായി പറയുന്നു. കേസിന്റെ അന്വേഷണം പതിവുപോലെ പുരോഗതിയിലാണ്.
ജാതി വെറുതെ ഇല്ലാതാകുന്നില്ല
ചന്ദ്രയാനും സൂര്യയാനും നടക്കുമ്പോഴും ജാതി ഇല്ലാതാകുന്നില്ലെന്നു ശബരിമല കരാറുമായി ബന്ധപ്പെട്ട അക്രമം വെളിവാക്കുന്നു. ജാതി മേന്മയില്‍ അഭിരമിക്കുന്ന സവര്‍ണ്ണതയുടെ അധികാരവും അധീശത്വവും ഇപ്പോഴും സ്വാഭാവികമായ ജീവിതക്രമമായി പൊതുബോധത്തില്‍ തുടരുന്നതിന്റെ തെളിവാണ് ഈ സംഭവത്തോടുള്ള കേരളത്തിലെ പ്രതികരണം. ജാതി മര്‍ദ്ദനത്തെ മറികടക്കുന്നതിനുവേണ്ടി മതപരിവര്‍ത്തനം നടത്തിയാലും ജാതി ഇല്ലാതാകില്ല എന്നും ചരിത്രം പഠിപ്പിക്കുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യത ഉയര്‍ത്തിപ്പിടിച്ചാലും ജാതി ഇല്ലാതാകുന്നില്ല.
കാളയ്ക്കു പകരം നുകം പേറേണ്ടി വന്ന ഒരു വിഭാഗം ജനങ്ങളെ മനുഷ്യരായി കണക്കാക്കപ്പെടുന്ന അവസ്ഥയിലേക്ക് എത്തിച്ചത് ഒട്ടനവധി പോരാട്ടങ്ങളിലൂടെയാണ്. അങ്ങനെ കരകയറിവന്നവരോടാണ് പുലയര്‍ക്കുള്ളതല്ല അമ്പലക്കരാര്‍ എന്ന് ആക്രോശിക്കുന്നത്. അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് കടുത്ത സവര്‍ണ്ണ ജാതിബോധം തന്നെയാണ്. ജി-20 ഉച്ചകോടി നടക്കുമ്പോള്‍ ചേരികള്‍ തുണികെട്ടി മറച്ചതുപോലെ മറച്ചുവെക്കാവുന്നതല്ല ഇന്ത്യയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ജാതിയുടെയും മതത്തിന്റെയും പേരിലുള്ള മര്‍ദ്ദനവും വിവേചനവും. അത് ശബരിമലയിലെ ഉണ്ണിയപ്പം കരാര്‍ ദളിതന്‍ നേടിയാല്‍ പുറത്തു ചാടുന്നതാണ്. ഉദാഹരണങ്ങള്‍ ഏറെയാണ്. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന പദ്ധതിയാണ് സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുക എന്നത്. പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കമിടുകയും ചെയ്തു. എന്നാല്‍ തൂത്തുക്കുടിയിലെ ഒരു സ്‌കൂളിലെ കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നു, കുട്ടികള്‍ ഭക്ഷണം കഴിക്കാത്തതിനു കാരണം ഭക്ഷണം പാകം ചെയ്യുന്നത് ദളിത് സ്ത്രീ ആയതാണ്. മാതാപിതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിഎംകെ നേതാവ് കനിമൊഴിയടക്കം പ്രസ്തുത സ്‌കൂളിലെത്തി പന്തിഭോജനം നടത്തി ഈ സ്ഥിതിവിശേഷം തല്‍ക്കാലം തരണം ചെയ്തു.
PHOTO: PTI
തമിഴ്‌നാട്ടിലെ പ്രധാന പത്രങ്ങളിലൊന്നായ ദിനമലര്‍ പ്രഭാത ഭക്ഷണ പദ്ധതിയെ പറ്റി അധിക്ഷേപകരമായി ഒന്നാം പേജില്‍ നല്‍കിയ വാര്‍ത്ത ഇതിനകം കുപ്രസിദ്ധമാണ്. 'വിദ്യാര്‍ത്ഥികള്‍ ഇരട്ടി ഭക്ഷണം കഴിക്കുന്നതിനാല്‍ സ്‌കൂളുകളിലെ ശുചിമുറികള്‍ നിറയുന്നു' എന്നായിരുന്നു അവരുടെ കണ്ടുപിടുത്തം. ഇപ്പോഴത്തെ സനാതന ധര്‍മ്മ ചര്‍ച്ചകളുടെ തുടക്കം ഈ വാര്‍ത്തയില്‍ നിന്നായിരുന്നു. മനുഷ്യന്‍ ചന്ദ്രനില്‍ കാലു കുത്തുന്ന ഇക്കാലത്തും സനാതനികള്‍ പുലര്‍ത്തുന്ന ജാതിബോധത്തിന്റെ ലക്ഷണമൊത്ത മാതൃകയായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ദിനമലര്‍ വാര്‍ത്തയെ വിശേഷിപ്പിച്ചതാണ് അതിന്റെ തുടക്കം. ജാതി മര്‍ദ്ദനത്തിനും അധീശത്വത്തിനും ആധാരമായ സനാതന ധര്‍മ്മത്തിന് എതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ജാതിയെ ഉന്മൂലനം ചെയ്യുന്നതിനുള്ള ഏക പോംവഴി. ഈ പോരാട്ടങ്ങളാണ് ഇന്ത്യയുടെ സാമൂഹ്യ ചരിത്രത്തെ ചലനാത്മകവും സജീവവുമാക്കുന്ന ശക്തി. ചാര്‍വാകന്മാര്‍ മുതല്‍ ബുദ്ധ-ജൈനരും വരെയും, ബസവണ്ണ മുതല്‍ ശ്രീനാരായണന്‍ വരെയും അയ്യങ്കാളി മുതല്‍ അംബേദ്കര്‍ വരെയുമുള്ള നിരവധി ധാരകളിലെ പോരാട്ടങ്ങളെ മാറ്റി നിര്‍ത്തിയുള്ള ഇന്ത്യാ ചരിത്രം എത്ര ശുഷ്‌ക്കമായിരിക്കുമെന്നു പ്രത്യേകം പറയേണ്ടതില്ല. സമ്പന്നമായ ഈ ചരിത്രത്തെ തിരിച്ചുപിടിക്കുമ്പോഴാണ് സനാതനികള്‍ക്ക് നില തെറ്റുന്നത്.
പൗരാണിക കാലത്തെ പരിമിതമായ പ്രപഞ്ച സങ്കല്‍പ്പങ്ങളെ ഉദാത്തമായ ആത്മീയ ചിന്തയുടെ ഉന്നത മാതൃകകളായി അവതരിപ്പിക്കുന്നതിലൂടെ സ്വന്തം അധീശത്വം നിലനിര്‍ത്തുന്ന ഒരു രീതി സനാതനികള്‍ വികസിപ്പിച്ചിട്ടുണ്ട്. സവര്‍ണ്ണതയ്ക്ക് എതിരായ സാര്‍ത്ഥകമായ കലാപങ്ങളെ കാലക്രമേണ സ്വാംശീകരിച്ച് നിര്‍വീര്യമാക്കുന്നതിന് ആത്മീയതയുടെ ഈ പുറംപൂച്ചുകള്‍ സനാതനികള്‍ ഉപയോഗപ്പെടുത്തുന്നതിന്റെ നിരവധി ഉദാഹരണങ്ങളും ചരിത്രത്തില്‍ കാണാനാവും. 'നാനാത്വത്തില്‍ ഏകത്വം' മുതല്‍ 'വസുധൈവ കുടുംബകം' വരെ അതിന്റെ ഉദാഹരണങ്ങളാണ്. സനാതനികളുടെ അടിത്തറയായി വര്‍ത്തിക്കുന്ന ബ്രാഹ്‌മണ്യത്തിന്റെ അധീശത്വം അലോസരപ്പെടുത്താത്ത നാനാത്വമാണ് എപ്പോഴും നിലനിന്നിട്ടുള്ളത്. അല്ലാത്തവയെ ബോധപൂര്‍വം ഇല്ലാതാക്കുന്നതിന് സനാതനികള്‍ ഒരിക്കലും പിന്നിലായിരുന്നില്ല.
ദളിതരുടെ ജീവനെടുക്കുന്ന ക്യാമ്പസുകള്‍
അതിന്റെ പുതിയ മാതൃകകളാണ് ഐ ഐ ടി കള്‍ പോലുള്ള സ്ഥാപനങ്ങളില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ സ്വയം ജീവനൊടുക്കുന്ന അവസ്ഥ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന ജാതി വിവേചനം ആധുനിക സമൂഹത്തിന് യോജിച്ചതല്ല. ഈ സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്ന ജാതി ബോധത്തിന്റെ ഭാഗമായി ദളിത്-ആദിവാസി പിന്നാക്ക സമൂഹങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ കൊടിയ വിവേചനങ്ങളും മാനസിക പീഡനവും സമ്മര്‍ദ്ദവുമാണ് അനുഭവിക്കുന്നത്. 2019 ല്‍ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം രാജ്യസഭയില്‍ നല്‍കിയ കണക്കുകള്‍ പ്രകാരം ഐഐടി കളില്‍ നിന്നും 2400 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞു പോയതായി പറയുന്നു. ഇതില്‍ വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികളും ദളിത് വിഭാഗത്തില്‍ നിന്നുള്ളവരാണ്. ജാതി, സാമ്പത്തിക പ്രശ്‌നങ്ങള്‍, ഇംഗ്ലീഷ് പരിജ്ഞാനമില്ലായ്മ എന്നിവയാണ് വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കിനു പ്രധാന കാരണമായി പറയുന്നത്.
REPRESENTATIONAL IMAGE : PTI
ആത്മഹത്യകള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ദളിത് വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദവും അന്യവത്കരണവും ഒരു പ്രശ്‌നമായി സ്ഥാപനങ്ങള്‍ മിക്കപ്പോഴും കണക്കിലെടുക്കാറില്ല. പ്രതിബന്ധങ്ങളെ തരണം ചെയ്തു മുന്നോട്ടുപോകാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരിക്കലും തുല്യനീതി ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രമല്ല, ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ സമൂഹത്തിലെ എല്ലാ ഭാഗങ്ങളിലും നടക്കുന്നുണ്ട്. കൂലി കൂടുതല്‍ ചോദിച്ചപ്പോള്‍ ആക്രമിക്കപ്പെട്ട ബാബുവും മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടമര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിശ്വനാഥനും ജാതീയമായ അസഹിഷ്ണുതയുടെ ഇരകളാണ്.
രോഹിത് വേമുലയുടെ മരണത്തിലൂടെയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇടയില്‍ നിലനില്‍ക്കുന്ന വിവേചനങ്ങള്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. രോഹിത് വേമുലയുടെ മരണത്തിന് സമാനമായി ഇന്ത്യയിലെ മറ്റുന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഏകദേശം ഇരുപത്തി മൂന്നിലധികം വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടിട്ടുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഒരിക്കലും സംവരണത്തില്‍ സംരക്ഷണം ലഭിക്കുന്നില്ല മറിച്ച് അവര്‍ നിരന്തരം ഇന്ത്യന്‍ ക്യാമ്പസുകളില്‍ അപകീര്‍ത്തിപ്പെട്ടുകൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. കേരളത്തിലടക്കം അത് നിലനില്‍ക്കുന്നുവെന്ന് കെ.ആര്‍.നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി സമരം ഉദാഹരണമാണ്.
ദളിതര്‍ തല്ലുകൊള്ളുന്നതും മാറ്റിനിര്‍ത്തപ്പെടുന്നതും അപഹാസ്യരാവുന്നതും കാലാകാലങ്ങളായി നടക്കുന്നതാണെന്ന ധാരണയെ തിരുത്തുന്ന തരത്തിലുള്ള പ്രതിഷേധങ്ങളും ചെറുത്തുനില്‍പ്പുകളും വ്യാപകമാവുന്നതിന്റെ നിരവധി ഉദാഹരണങ്ങളും ഇപ്പോള്‍ ലഭ്യമാണ്. ചെറുതും വലുതുമായ അത്തരം ഉയര്‍ത്തെഴുന്നേല്‍പ്പുകള്‍ സനാതന സംരക്ഷകരെ കൂടുതല്‍ വിറളി പിടിപ്പിക്കുന്നു. ഭരണകൂടാധികാരത്തിന്റെ പിന്‍ബലത്തില്‍ ഈ ഉയര്‍ത്തെഴുന്നേല്‍പ്പുകളെ ഇല്ലാതാക്കാമെന്ന അവരുടെ വ്യാമോഹം ഹിംസാത്മകമായ വലതുപക്ഷ രാഷ്ട്രീയമായി ഇപ്പോള്‍ പ്രകടമാവുന്നു.