
അയ്യങ്കാളിയെ പരാജയപ്പെടുത്തുന്ന കേരളത്തിലെ ദളിതര്‍
ജാതി നിര്‍മ്മിതിക്കുള്ളിലാണ് ജന്മമെങ്കിലും അയ്യങ്കാളി തന്റെ ജീവിതം അടയാളപ്പെടുത്തുന്നത് ജാതിവ്യവസ്ഥക്കെതിരായ പോരാട്ടമുഖത്താണ്. സമ്പത്ത്, അധികാരം, പദവി, തൊഴില്‍, വിദ്യാഭ്യാസം എന്നിങ്ങനെ ജീവിതത്തിന്റെ മൗലിക ഘടകങ്ങളിലെല്ലാം ജന്മിത്തത്തിന്റെയും പാരമ്പര്യത്തിന്റെയും അടിസ്ഥാനത്തില്‍ ഘടനയുടെ മുകള്‍ത്തട്ടില്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന ഒരു സാമൂഹികവ്യവസ്ഥയ്‌ക്കെതിരെയുള്ള പോരാട്ടമായിരുന്നു അത്. പ്രായോഗികവും പ്രത്യയശാസ്ത്രപരവുമായ പോരാട്ടമായിരുന്നു അത്.
ഈ പോരാട്ടമുഖത്ത് നിന്ന് വേര്‍പ്പെടുത്തി ജാതിവ്യവസ്ഥയുടെ ഭാഗമായി അയ്യങ്കാളിയെ ചിത്രീകരിക്കുന്നൊരു പ്രവണത ഇന്ന് ശക്തമാണ്. ഹിന്ദുത്വയിലേക്ക് തുറക്കുന്ന പാതയാണിത്. അവിടെ അയ്യങ്കാളിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പോരാട്ടമുഖത്തുള്ള ആശയങ്ങളല്ല; വിഗ്രഹമാണ്; ആചാരങ്ങളും ചടങ്ങുകളുമാണ്. അതിന് നേതൃത്വം നല്‍കുന്നതാകട്ടെ അയ്യങ്കാളി സ്വപ്നംകണ്ട വിദ്യാസമ്പന്നരും. അയ്യങ്കാളിയെ കുറിച്ചു മാത്രമല്ല, അംബേദ്കറെ പോലുള്ളവരെയും വായിച്ചറിയാന്‍ അവസരം ലഭിച്ചവര്AYYANKALI | PHOTO : WIKI COMMONS
എല്ലാവര്‍ക്കും അറിയാവുന്നതുപോലെ അയ്യങ്കാളി നിരക്ഷരനായിരുന്നു. നിരക്ഷരരായൊരു ജനസഞ്ചയത്തിന്റെ പ്രതീകം. എന്നാല്‍, 2001-ല്‍ 'അയ്യങ്കാളിയുടെ ലോകവീക്ഷണം' എന്ന ലേഖനത്തില്‍ ഈ ലേഖകന്‍ ചൂണ്ടിക്കാണിച്ചതുപോലെ മറ്റുള്ളവരില്‍ അറിവ് വ്യവസ്ഥയുടെ വ്യഖ്യാതാവായി മാറാനും ബ്രാഹ്മണിസ്റ്റ് ജ്ഞാനവ്യവസ്ഥയ്‌ക്കെതിരായ പോരാട്ടമുഖത്ത് നിലയുറപ്പിക്കാനും കഴിഞ്ഞതുകൊണ്ടാണത്. അറിവെന്നത് അയ്യങ്കാളിക്ക് കണ്ടറിഞ്ഞതും, കേട്ടറിഞ്ഞതും അനുഭവിച്ചറിഞ്ഞതുമായിരുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലും മനുഷ്യനും മറ്റ് ജീവജാലങ്ങളും തമ്മിലുള്ള ബന്ധമായിരുന്നു. ഈ അറിവിനെ താന്‍ ഉള്‍ക്കൊള്ളുന്ന ജനസഞ്ചയത്തിന്റെ ആഗ്രഹാഭിലാഷങ്ങളുമായി ബന്ധിപ്പിക്കാനായി എന്നതായിരുന്നു അയ്യങ്കാളിയുടെ നേട്ടം. ഇതിന്റെ കരുത്ത് നാം കണ്ടത്, പ്രകൃത്യാതീതവും അതീന്ദ്രിയവുമായ ബ്രാഹ്മണിസ്റ്റ് ആശയലോകത്തിനും അതിന്റെ പ്രായോഗികാവിഷ്‌ക്കാരമായ ജാതിവ്യവസ്ഥയ്ക്കും എതിരായ പോരാട്ടത്തിലായിരുന്നു.
ജാതിഘടനയുടെ അടിത്തട്ടില്‍ നിന്ന് അയ്യങ്കാളിയെ പോലുള്ളവര്‍ നടത്തിയ പോരാട്ടങ്ങളുടെ സന്ദേശങ്ങളായിരുന്നു സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും. എല്ലാം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന ജാതിഘടനയുടെ മുകള്‍ത്തട്ടിലുള്ള മനുഷ്യരെ പങ്കിട്ടുജീവിക്കാന്‍ പ്രേരിപ്പിച്ചത് ഇത്തരം പോരാട്ടങ്ങളായിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ തുല്യതാസങ്കല്‍പ്പം ഇത്തരം പോരാട്ടങ്ങളുടെ വ്യാഖ്യാനമാണ്. ഈ തുല്യതാസങ്കല്‍പ്പത്തില്‍ നിന്നാണ് ആഗസ്റ്റ് ഒന്നിന് സുപ്രീം കോടതി പട്ടികജാതി, പട്ടികവര്‍ഗ സംവരണത്തില്‍ ഉപസംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിധി പ്രഖ്യാപിച്ചത്.
ദുഃഖകരമായൊരു കാര്യം പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ നിന്ന് ഈ വിധിക്കെതിരെ രാജ്യവ്യാപകമായി ഉയര്‍ന്നു വന്നിരിക്കുന്ന പ്രതിഷേധങ്ങളാണ്. 2024 അഗസ്റ്റ് 21 ന് നടന്ന ഭാരത് ബന്ദിലേക്കും കേരള ഹര്‍ത്താലിലേക്കും അത് നയിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തെമ്പാടുമുള്ള ദളിത്- ആദിവാസി രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക പ്രസ്ഥാനങ്ങളും ചിന്തകരും എഴുത്തുകാരുമെല്ലാം അതിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഈ വിധി ഭരണഘടനാവിരുദ്ധവും ദളിത് ഐക്യത്തെ തകര്‍ക്കുന്നതുമാണെന്ന്, വിധിയെ എതിര്‍ക്കുന്നവര്‍ കേരളത്തില്‍ പോലും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഏഴര പതിറ്റാണ്ടായിട്ടും പട്ടികജാതി, പട്ടികവര്‍ഗ ലിസ്റ്റുകളില്‍ സംവരണത്തിന്റെ നേട്ടങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നവരും അതിന്റെ ചെറിയൊരംശം പോലും ലഭിക്കാത്തവരും തമ്മിലുള്ള അന്തരം ഇവര്‍ക്ക് കാണാന്‍ കഴിയുന്നില്ല. തങ്ങളോടൊപ്പം ജീവിക്കേണ്ട സമൂഹങ്ങള്‍, തങ്ങളേക്കാള്‍ ബഹുദൂരം പിന്നിലാണെന്നറിഞ്ഞിട്ടും അവര്‍ക്കിടയിലെ ഉദ്ബുദ്ധരായ വ്യക്തികള്‍ക്കുപോലും അതൊരു നൊമ്പരമായി തോന്നാത്തത് എന്തുകൊണ്ടാണ്. തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങളുടെ ഒരംശം പോലും ഇപ്പോഴും ലഭിക്കാത്ത തങ്ങളുടെ സഹോദരങ്ങള്‍ക്ക് പങ്കിട്ടു നല്‍കുവാനുള്ള വിമുഖതയാണിത്. പട്ടികജാതി- പട്ടികവര്‍ഗങ്ങള്‍ക്കിടയിലെ ജാതിയാണിത്. മനുഷ്യാര്‍ജ്ജിതമായതെല്ലാം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന ഘടനയുടെ മുകള്‍ത്തട്ടിലുള്ള മനുഷ്യരെ പങ്കിട്ടുജീവിക്കാന്‍ പ്രേരിപ്പിച്ച അയ്യങ്കാളിയെ കേരളത്തിലെ ദളിതര്‍ പരാജയപ്പെടുത്തുകയാണ്.