ഒരു സ്വപ്നാടനത്തിന്റെ ശേഷക്കാഴ്ചകള്‍
പാലാരിവട്ടത്തിന് അടുത്തായിരുന്നു സംവിധായകന്‍ കെ.ജി ജോര്‍ജ് താമസിച്ചിരുന്ന വീട്. അവസാനമായി കണ്ടത് അവിടെ വച്ചാണ്. കുറേക്കാലമായി ഉള്ളില്‍ ഉണ്ടായിരുന്ന ഒരു സംശയം നേരില്‍ ചോദിക്കാന്‍ അന്ന് തോന്നി. സ്വപ്നാടനം മുതല്‍ ഇലവന്‍കോട് ദേശം വരെയുള്ള സിനിമകളില്‍ ചിലതൊക്കെ കലാപരമായും സാമ്പത്തികമായും വിജയിച്ചപ്പോള്‍ ചിലത് എങ്ങും എത്താതെ പോയി. പൊതുവായി പറഞ്ഞാല്‍ കലാപരമായ സ്ഥിരത ഇല്ലാതെ പോയത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചു.
ഇരുത്തിയൊന്നു നോക്കിയിട്ട് അദ്ദേഹം പറഞ്ഞ മറുപടി:
''ഓരോ ചിത്രവും ഓരോ പരീക്ഷണം ആയിട്ടാണ് അഥവാ വെല്ലുവിളിയായിട്ടാണ് ഏറ്റെടുത്തത്. ഓരോ ചിത്രത്തിലൂടെയും സിനിമയെ കൂടുതല്‍ ആഴത്തില്‍ പഠിക്കാനും മനസ്സിലാക്കാനും ശ്രമിക്കുകയായിരുന്നു. അതിന്റെ ഭാഗമായി ചില ഏറ്റിറക്കങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നത് ശരിയാണ്. അതൊക്കെ അതിന്റെ ഭാഗമായി സംഭവിച്ചതാകാം.''
-വാസ്തവം. വേറിട്ട വഴികള്‍ കണ്ടെത്താനുള്ള ശ്രമങ്ങളാണ് മലയാളസിനിമ എക്കാലവും കണ്ട മികവുറ്റ ദൃശ്യാനുഭവങ്ങള്‍ ആയ യവനികയിലേക്കും മറ്റൊരാളിലേക്കും പഞ്ചവടി പാലത്തിലേക്കും മേളയിലേക്കും ഒക്കെ അദ്ദേഹത്തെ എത്തിച്ചത്. അതുകൊണ്ടുതന്നെ തബലിസ്റ്റ് അയ്യപ്പന്റെ ദുരൂഹമരണം കേവലമായ ഒരു കുറ്റാന്വേഷണ ചിത്രമായില്ല. മറിച്ച് അയാളുടെ വ്യക്തിത്വത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള വസ്തുനിഷ്ഠമായ വിശകലനമായി മാറുകയായിരുന്നു. ക്രൈം സ്റ്റോറി തന്നെ പ്രമേയമായുള്ള 'ഈ കണ്ണി കൂടി ആകട്ടെ' മറ്റൊരു രീതിയിലാണ് അവതരിപ്പിക്കപ്പെട്ടത്. വേറിട്ട ആശയങ്ങള്‍ക്കു വേണ്ടിയുള്ള അന്വേഷണമാണ് ഒരു കുള്ളന്റെ ദുരന്ത കഥയിലേക്കു അദ്ദേഹത്തെ എത്തിച്ചതും. സാധാരണ ഉയരമുള്ള ഒരു യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച കുള്ളന്‍.
ആഗോള രാഷ്ട്രീയ വ്യവസ്ഥിതിയുടെ തന്നെ രാഷ്ട്രീയം ഒരു ഉള്‍നാടന്‍ ഭൂമികയിലേക്ക് ഇറക്കി വെച്ചുകൊണ്ട് 'ഇരകള്‍' സൃഷ്ടിച്ചു. കാലത്തിലേക്ക് സഞ്ചരിച്ച സിനിമയാണ് 'ഇരകള്‍'. ഒരു മലയോര ക്രിസ്ത്യാനി കുടുംബത്തിലെ സാംസ്‌കാരിക തകര്‍ച്ചയ്ക്ക് അപ്പുറം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഹീനമായ കുടുംബ വാഴ്ചയുടെ മാരകഫലങ്ങളുടെ പ്രവചനാത്മകമായ കാഴ്ചകൂടി ഇരകള്‍ അന്ന് മുന്നോട്ടുവച്ചു. ബേബി എന്ന ഇരകളിലെ കേന്ദ്രകഥാപാത്രം പില്‍ക്കാലത്ത് ഇന്ത്യ കണ്ട, ഇന്നും കണ്ടുകൊണ്ടിരിക്കുന്ന യുവ തീവ്രവാദ പ്രസ്ഥാനങ്ങളുടെ ഒക്കെ ആദിരൂപം ആയിത്തന്നെ കാണണം. വൃദ്ധ നേതൃത്വങ്ങളുടെ മൂല്യച്യുതിയുടെ പാര്‍ശ്വഫലമായി തന്നെയാണ് അതിതീവ്ര ചിന്തകള്‍ രൂപംകൊണ്ടത് എന്ന് കെ.ജി ജോര്‍ജ് ഇരകളിലൂടെ കാണിച്ചുതന്നു.
ആണ്‍ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്ന സ്ത്രീകഥാപാത്രങ്ങളാണ് ഇരകളിലും യവനികയിലും ആദമിന്റെ വാരിയെല്ലിലും ഒക്കെ കണ്ടത്. പുറമേക്ക് ശാന്തരാണ് അവര്‍. എല്ലാം ഉള്ളിന്റെ ആഴങ്ങളില്‍ ഒതുക്കിവയ്ക്കുന്നവര്‍. കായബലംകൊണ്ട് അവരെ അവരുടെ ആണുങ്ങള്‍ക്ക് കൈപിടിയില്‍ ഒതുക്കാന്‍ ആയെങ്കിലും അവരുടെ ആന്തരികമായ കരുത്തിനു മുന്നില്‍ പുരുഷന്മാര്‍ ഒന്നുമല്ലാതായി പോകുന്നത് പല സിനിമകളിലും കാണാം. അമ്മ തന്നെയായിരുന്നു ആ പെണ്‍ കഥാപാത്രങ്ങളുടെ ഒക്കെ പ്രാഗ്‌രൂപമെന്ന് അദ്ദേഹം അന്ന് പറഞ്ഞത് ഓര്‍ക്കുന്നു.
'ഇരകള്‍' | PHOTO: WIKI COMMONS
മലയാള സിനിമയിലെ പുതുനിര സംവിധായകരില്‍ മികവിലും മികവ് തെളിയിച്ചവരില്‍ ചിലരുടെയെങ്കിലും സര്‍ഗ്ഗപരമായ വിജയങ്ങള്‍ക്കു പിന്നില്‍ പ്രചോദനമൂലകമായി കെജി ജോര്‍ജ് എന്ന സര്‍ഗ്ഗധനനായ ചലച്ചിത്രകാരന്റെ സിനിമകളില്‍ ചിലതെങ്കിലും ഉണ്ടാകും. ഇനി വരാനിരിക്കുന്ന തലമുറയ്ക്കും കെജി ജോര്‍ജ് സിനിമകള്‍ പാഠപുസ്തകങ്ങള്‍ തന്നെയായിരിക്കും. കാല പരിണതികള്‍ക്കൊന്നും അത്ര എളുപ്പത്തില്‍ സ്പര്‍ശിക്കാനാവാത്ത അകലത്തിലാണ് ആ സംഭാവനകള്‍.
70 കളുടെ അന്ത്യം മുതല്‍ ഏതാണ്ട് 90 ന്റെ പകുതി വരെയുള്ള കാലത്ത് രൂപംകൊണ്ട മധ്യവര്‍ത്തി സിനിമകളുടെ മുന്‍നിരയില്‍ കെജി ജോര്‍ജിന്റെ എത്രയോ ചിത്രങ്ങളുണ്ട്. ഒരു സിനിമ പൂര്‍ത്തിയാകുന്നതോടെ ആ പ്രമേയവും അതിന്റെ അവതരണ രീതിയും അവിടെ ഉപേക്ഷിക്കുന്ന ശീലമായിരുന്നു... ഒരു പാറ്റേണിലെ ഒരു സിനിമയല്ലാതെ രണ്ടാമതൊന്ന് അദ്ദേഹത്തിന്റെ ശേഖരത്തില്‍ ഇല്ല. വിജയം സമ്മാനിച്ച സിനിമകളുടെ പോലും പിന്നാലെ നടക്കാന്‍ ഈ സംവിധായകന്‍ ഒരിക്കലും മെനക്കെട്ടില്ല. പഞ്ചവടി പാലം, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, മേള, മറ്റൊരാള്‍, ഇരകള്‍, യവനിക ഒക്കെ ഉദാഹരണം. സ്വയം ആവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ കെജി ജോര്‍ജ് എന്നും വേറിട്ടുനിന്നു. സ്വന്തം സിനിമകളിലൂടെ ഇതുപോലെ വ്യത്യസ്തമായ ലോകങ്ങള്‍ തേടിയ സംവിധായകര്‍ വളരെ വളരെ കുറവാണ്. അത് സ്വയം ഏറ്റെടുത്ത വെല്ലുവിളിയാണ്. അതിന്റെ ഭാഗമായി ചില പരാജയങ്ങളും ഉണ്ടായിട്ടുണ്ട്. എങ്കിലും ശ്രദ്ധിക്കപ്പെടാതെ പോയ അഥവാ സാമ്പത്തിക നഷ്ടമായിത്തീര്‍ന്ന കെജി ജോര്‍ജ് സിനിമകള്‍ പോലും കലാപരമായ വിജയം തന്നെയായിരുന്നു എന്നു പറയാം. അത്തരം സിനിമകളില്‍ പോലും ചലച്ചിത്രകല എന്ത് എന്നറിയാനുള്ള ഒരു വിദ്യാര്‍ത്ഥിയുടെ നിരന്തരമായ അന്വേഷണപരത വ്യക്തമായിരുന്നു. തനിക്ക് കാണാന്‍ വ്യത്യസ്തമായ ഒരു സിനിമ വേണം എന്ന നിര്‍ബന്ധബുദ്ധി ആവണം ഇതിന് പിന്നില്‍.
70 കളുടെ അവസാനത്തില്‍ 'സ്വപ്നാടന' ത്തില്‍ നിന്നു തുടങ്ങിയ യാത്ര. തുടര്‍ന്ന് കോലങ്ങള്‍, രാപ്പാടികളുടെ ഗാഥ, ഇനി അവള്‍ ഉറങ്ങട്ടെ, മണ്ണ്, ഓണപ്പുടവ, മേള, കഥയ്ക്ക് പിന്നില്‍, വ്യാമോഹം, ഉള്‍ക്കടല്‍, ഒരു യാത്രയുടെ അന്ത്യം, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, ഇരകള്‍, പഞ്ചവടി പാലം, ആദമിന്റെ വാരിയെല്ല്, യവനിക, ഈ കണ്ണി കൂടി, മറ്റൊരാള്‍ തുടങ്ങി ഇലവങ്കോട് ദേശം വരെ ആ ചലച്ചിത്ര ജീവിതം നീണ്ടുപോയി.
ആ ചിത്രങ്ങളിലൂടെ കഴിവുറ്റ എത്രയോ പുതിയ മുഖങ്ങളെ മലയാള സിനിമ കണ്ടു. കോലങ്ങളിലും യവനികയിലും കണ്ട തിലകനെയും ഉള്‍ക്കടലിലെ രതീഷിനെയും വേണുനാഗവള്ളിയെയും മേളയിലെ മമ്മൂട്ടിയെയും ഇരകളിലെ ഗണേഷ് കുമാറിനെയും ഒക്കെ ചലച്ചിത്രാസ്വാദകര്‍ അന്നേ നെഞ്ചിലേറ്റി. പെര്‍ഫെക്റ്റ് കാസ്റ്റിങ്ങായിരുന്നു ജോര്‍ജ് സിനിമകളുടെ സവിശേഷതകളില്‍ ഒന്ന്. അദ്ദേഹത്തിന്റെ ആഴമുള്ള നിരീക്ഷണ പാടവമായിരുന്നു അതിനു പിന്നില്‍. ആദ്യമായി കാണുമ്പോള്‍ തന്നെ നമുക്ക് നേരിടേണ്ടി വരിക ആത്മാവിലേക്ക് ആണ്ടിറങ്ങി എത്തുന്ന അദ്ദേഹത്തിന്റെ നോട്ടമാണ്. അതീവ ശാന്തമായ, ഇരുത്തമുള്ള നോട്ടം. ഒറ്റ നോട്ടത്തില്‍ തന്നെ നമ്മെ ഒരു പരിധിവരെ എങ്കിലും തിരിച്ചറിയാനാവുന്ന നോട്ടം. അതൊരു ശീലം തന്നെ ആയിരുന്നെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. - 'വഴിയിലും മറ്റും കാണുന്ന ആരെയും നിരീക്ഷിക്കുക. അവരെക്കുറിച്ച് ആലോചിക്കുക. അറിഞ്ഞോ അറിയാതെയോ ഉള്ള ആ ഒരു എക്‌സര്‍സൈസ് പിന്നീട് പടം എടുക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് ഗുണപ്പെട്ടിരിക്കാം' ഓരോ സിനിമകളിലെയും കഥാപാത്രങ്ങളില്‍ സമൂഹത്തിന് നേര്‍ക്കുള്ള ഈ ആഴമേറിയ നോട്ടം അന്തര്‍ലീനമാണ്.
കെ.ജി ജോര്‍ജ് | PHOTO: WIKI COMMONS
പലപല നാടുകളില്‍ കണ്ട മനുഷ്യരിലൂടെ ഗോപിയെയും തിലകനെയും ശ്രീവിദ്യയെയുമൊക്കെ തന്റെ സിനിമയ്ക്ക് ആവശ്യമുള്ള കേവലം ഉപകരണങ്ങള്‍ ആക്കി മാറ്റാന്‍ കഴിഞ്ഞു. അവരെല്ലാവരും നടി നടന്മാരായിട്ടല്ല പച്ച മനുഷ്യരായി തന്നെയാണ് ഇന്നും നമ്മുടെ ഓര്‍മ്മകളില്‍ നിലനില്‍ക്കുന്നത്. അപ്പോഴും ആ പ്രതിഭാശാലികളുടെ മികവിനെ ആദരിക്കാന്‍ അദ്ദേഹം മടിച്ചിരുന്നില്ല.
'അസാധാരണമായ കഴിവുള്ള നടനാണ് തിലകന്‍. എടുക്കുന്ന കഥാപാത്രത്തെ കുറിച്ച് കാഞ്ഞ ആലോചനയും വ്യക്തമായ കാഴ്ചപ്പാടും തിലകന് ഉണ്ടായിരുന്നു. ശ്രീവിദ്യ സിന്‍സിയര്‍ ആക്ടറസ് ആയിരുന്നു. പ്രൊഫഷനോടുള്ള അവരുടെ ആത്മാര്‍ത്ഥത എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്.' ഗോപിയെ ജോര്‍ജ് വിലയിരുത്തിയത് ഇങ്ങനെ. 'അഭിനയത്തിന് ആവശ്യമായതെന്തും ഗോപി പഠിച്ചെടുക്കും. തബലയടിയൊക്കെ പഠിച്ച് ഒറ്റ ടേക്കില്‍ തന്നെ ഒക്കെയാക്കിയിരുന്നു.'
സംഗീത സംവിധാനത്തിലും ഛായാഗ്രഹണ സംവിധാനത്തിലും പ്രഗത്ഭരായിരുന്ന എംബി ശ്രീനിവാസനും രാമചന്ദ്ര ബാബുവും ജോര്‍ജ് സിനിമകളുടെ ശാക്തിക ഘടകങ്ങളായിരുന്നു. കുട്ടിക്കാലം തൊട്ട് ഉണ്ടായിരുന്ന സംഗീത താല്‍പര്യം തന്റെ സിനിമകളില്‍ നല്ല ഗാനങ്ങള്‍ ചേര്‍ക്കാന്‍ അദ്ദേഹത്തിന് തുണയായി. പാട്ടിനെ സംബന്ധിച്ച തന്റെ ഉള്ളിലെ താല്‍പ്പര്യം തിരിച്ചറിഞ്ഞ് അത് അപൂര്‍വ്വ സുന്ദരമായഗാനങ്ങള്‍ ആക്കി തിരികെ തരുമായിരുന്നു എംബി ശ്രീനിവാസന്‍ എന്ന് അദ്ദേഹം അന്ന് പറഞ്ഞത് ഓര്‍ക്കുന്നു. രാമചന്ദ്രബാബുവുമായി സഹപാഠി എന്ന നിലയില്‍ ആരംഭിച്ച അഗാധമായ ആത്മബന്ധം പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ സിനിമകളുടെ കലാപരമായ വിജയത്തിന്റെ ഭാഗമായി മാറി. ഓരോ സൃഷ്ടിയിലും വേറിട്ടവഴി കണ്ടെത്തുന്നതും അതിലേ നടക്കുന്നതും ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമല്ല. പക്ഷേ, കെജി ജോര്‍ജ് എന്ന സംവിധായകന്‍ അത് സാധ്യമാണെന്ന് തെളിയിച്ചു. സ്വപ്നാടനം എന്ന തന്റെ ആദ്യ സിനിമ മുതല്‍ ഇലവങ്കോട് ദേശം എന്ന അവസാന സിനിമ വരെ.
നടപ്പ് വഴികളില്‍ നിന്ന് മാറി നടക്കുക. പുതിയ വഴി വെട്ടിപ്പിടിക്കുക - ഓരോ പുതുകാല സംവിധായകനോടും ഇങ്ങനെ പറയാന്‍ കെജി ജോര്‍ജ് എന്ന അനശ്വര സംവിധായകന്റെ സിനിമകള്‍ ഇവിടെ എന്നും ഉണ്ടായിരിക്കും.