മരണത്തിരകളൊഴിയാതെ മുതലപ്പൊഴി
മുതലപ്പൊഴിയിലെ കടലും തീരവും ഒരു പ്രേതഭൂമിയായ് മാറി നിലവിളിക്കുകയാണ്. ഒരുകാലത്ത് സഞ്ചാരികളുടെ പറുദീസയായിരുന്ന ഈ സുന്ദര തീരം ഇന്ന് മരണത്തിന്റെ നിഴലൊഴിയാത്ത കൂരിരുള്‍ പ്രദേശമായി മാറിയിരിക്കുന്നു. എട്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് തുറമുഖം പണി പൂര്‍ത്തിയായതു മുതല്‍ ഇവിടെ അപകടവും മരണവും നിത്യസംഭവങ്ങളാണ്. ഇക്കുറി കാലവര്‍ഷം ഇതുവരേയും ശക്തി പ്രാപിച്ചിട്ടില്ലെങ്കിലും കടലിനു കലിയടങ്ങുന്നില്ല. ശക്തമായ തിരമാലകള്‍ തുറമുഖത്തെ പുലിമുട്ടിനും പാറക്കഷണങ്ങള്‍ക്കുമിടയിലൂടെ ആഞ്ഞടിക്കുകയാണ്. തരംകിട്ടുമ്പോഴെല്ലാം തിര വിഴുങ്ങാനുള്ളതെല്ലാം വിഴുങ്ങുന്നു. തൊട്ടടുത്ത നിമിഷം ഒന്നുമറിയാത്ത ഭാവത്തില്‍ ശാന്തമായ് മയങ്ങുന്നു. വീണ്ടും ഇതിന്റെ തനിയാവര്‍ത്തനം...
എണ്‍പതിലേറെ ജീവനുകളെടുത്ത കടല്‍ വീണ്ടും വാപിളര്‍ന്ന് ആര്‍ത്തലച്ചെത്തുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് മത്സ്യത്തൊഴിലാളികളായ തീരദേശവാസികള്‍. ഈ വര്‍ഷം ഇതുവരെ നാലുപേര്‍ മാത്രമാണ് മരണപ്പെട്ടതെന്നത് ഒരു കെട്ടുകഥയായ് തോന്നാം. നിരവധി മനഷ്യജീവനുകള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മിക്കവാറും എല്ലാ ദിവസവും വള്ളങ്ങള്‍ മറിഞ്ഞ് തൊഴിലാളികള്‍ കടലില്‍ വീഴുന്നുണ്ട്. അപകടത്തില്‍പ്പെടുന്നവരെ ലൈഫ് ഗാര്‍ഡുകളും പ്രദേശത്തെ മറ്റുള്ള മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തുന്നതുകൊണ്ടാണ് കൂടുതല്‍ മരണങ്ങളുണ്ടാകാത്തത്. മൂന്നുദിവസം തുടര്‍ച്ചയായി അപകടമുണ്ടായ സ്ഥിതിവിശേഷവുമുണ്ട്. ഇക്കഴിഞ്ഞ ദിവസവും അഞ്ചു മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെടുകയുണ്ടായി. പുലര്‍ച്ചെ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് സംഭവം. അതിനും മൂന്നുദിവസം മുമ്പാണ് രണ്ടു വഞ്ചികള്‍ ഒന്നിച്ച് അപകടത്തില്‍പ്പെട്ടത്. അന്നു16 പേരാണ് അതിശയകരമായി രക്ഷപെട്ടത്. വള്ളവും വലയുമെല്ലാം നാമാവശേഷമായെങ്കിലും മനുഷ്യജീവനുകള്‍ രക്ഷിക്കാന്‍ കഴിഞ്ഞത് തീരത്തിനു ആശ്വാസമായി.
മുതലപ്പൊഴി
അപകടവും മരണവും നിത്യസംഭവങ്ങളാണെങ്കിലും വിഴിഞ്ഞത്തെ അദാനി പോര്‍ട്ടിനുവേണ്ടി ഇവിടെ നിന്നും പാറക്കല്ലുകള്‍ കൊണ്ടുപോകാന്‍ തുടങ്ങിയതാണ് അപകടങ്ങള്‍ വര്‍ധിക്കാനുള്ള കാരണമെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. തുറമുഖ നിര്‍മാണത്തിന്റെ ഭാഗമായി കടലിലേക്കു നീട്ടിയിട്ട പാറക്കഷണങ്ങളും പുലിമുട്ടുകളും ഇളക്കിമാറ്റി കൂറ്റന്‍ ബാര്‍ജ് സ്ഥാപിച്ചാണ് കപ്പലുകളില്‍ കല്ലുകള്‍ കൊണ്ടു പോകാന്‍ തുടങ്ങിയത്. പകരം സമയബന്ധിതമായി ഡ്രഡ്ജിങ്ങ് നടത്തി മണല്‍നീക്കം ചെയ്തുകൊള്ളാമെന്നു സര്‍ക്കാരുമായി അദാനി സംഘം കരാര്‍ ഒപ്പിടുകയും ചെയ്തിരുന്നു. ഡ്രഡ്ജിങ് നടത്തിയിരുന്ന സമയത്ത് അപകടങ്ങള്‍ കുറവായിരുന്നു. എന്നാല്‍ കഴിഞ്ഞ എട്ടു മാസത്തോളമായി ഇവിടെ നിന്നും വിഴിഞ്ഞത്തേക്കു പാറനീക്കം നടക്കുന്നില്ല. അതിനാല്‍ തന്നെ അവര്‍ ഡ്രഡ്ജിങ് നിര്‍ത്തിവയ്ക്കുകയും ചെയ്തു. തന്മൂലം കടലിലേക്കുള്ള പ്രവേശന കവാടത്തിന്റെ ഒരുവശത്ത് മണലടിഞ്ഞ് അഴിമുഖത്തിന്റെ വീതി നന്നായി ചുരുങ്ങുകയും ചെയ്തു, ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ആരും ചെവിക്കൊണ്ടില്ല.
കാലവര്‍ഷം എത്തിയപ്പോള്‍ പതിവുപോലെ കടല്‍ ക്ഷോഭിക്കുകയും ഈ വര്‍ഷവും വള്ളങ്ങള്‍ മറിഞ്ഞ് അപകടങ്ങള്‍ തുടര്‍ക്കഥയാവുകയും ചെയ്തു. ഇപ്പോള്‍ അപകടങ്ങള്‍ പതിവിലേറെ വര്‍ധിച്ചിരിക്കുകയാണ്. നിരവധി വള്ളങ്ങളാണ് നിത്യവും തിരയില്‍പ്പെട്ട് മറിയുന്നത്. ജീവാപായം കുറവാണെങ്കിലും വള്ളവും വലയുമെല്ലാം നഷ്ടപ്പെട്ട് ലക്ഷക്കണക്കിന് രൂപയാണ് നഷ്ടം സംഭവിക്കുന്നത്. ഇത് തീരത്തെ പട്ടിണിയിലേക്കും മോചനമില്ലാത്ത കടബാധ്യതയിലേക്കും തോരാത്ത കണ്ണുനീരിലേക്കും തള്ളിവിടുന്നു. പട്ടിണിക്കും മരണഭയത്തിനുമിടയില്‍ വീര്‍പ്പുമുട്ടുന്ന പാവം മത്സ്യത്തൊഴിലാളികളുടെ അവസ്ഥ നാള്‍ ചെല്ലുന്തോറും സങ്കീര്‍ണമായി മാറുകയാണെങ്കിലും സമുദായ സ്‌നേഹം പ്രസംഗങ്ങളിലും പ്രസ്താവനകളിലുമൊതുക്കുന്ന നേതാക്കന്മാരെ ഈ വഴിക്കൊന്നും കാണാനേയില്ല.
നാടിനെ നടുക്കിയ നാലു മത്സ്യത്തൊഴിലാളികളുടെ ദാരുണാന്ത്യത്തോടെയാണ് ഈ കാലവര്‍ഷം മുതലപ്പൊഴിയിലെ മരണവൃത്താന്തത്തിന് തുടക്കം കുറിച്ചത്. പതിവില്‍ കവിഞ്ഞ പ്രതിഷേധവും മാധ്യമശ്രദ്ധയും ഈ സംഭവത്തിനു ലഭിക്കുകയുണ്ടായി. മന്ത്രിമാരും ജനപ്രതിനിധികളും ആത്മീയ നേതൃത്വവും സമുദായ നേതാക്കളുമടങ്ങിയ വന്‍ ജനാവലി മുതലപ്പൊഴിയിലേക്ക് ഒഴുകിയെത്താന്‍ തുടങ്ങി. എണ്‍പതോളം മരണങ്ങള്‍ നടന്ന ഇവിടെ ഈ നാലുമരണങ്ങള്‍ സൃഷ്ടിച്ച ചലനം അവിശ്വസനീയമായിരുന്നു. എന്നാല്‍ ഒരുപരിധി കഴിഞ്ഞപ്പോള്‍ ഇതെല്ലാം രാഷ്ട്രീയമായും മറ്റുമുള്ള ഒരുതരം മുതലെടുപ്പിലേക്കു തരംതാഴുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. മന്ത്രിമാര്‍ക്കെതിരെയുള്ള ആക്രോശവും തടഞ്ഞുവയ്ക്കലുമെല്ലാം ഓഖി സമയത്ത് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്കു നേരെ വിഴിഞ്ഞത്ത് ഉണ്ടായ സംഭവത്തിന്റെ തനിയാവര്‍ത്തനം പോലെയാണ് തോന്നിയത്.
2002 ലാണ് ഈ തുറമുഖത്തിന്റെ നിര്‍മാണം ആരംഭിക്കുന്നത്. ചെന്നൈ ഐ.ഐ.ടിയിലെ സുന്ദര്‍ എന്ന എന്‍ജിനീയറുടെ നേതൃത്വത്തിലായിരുന്നു മുതലപ്പൊഴി തുറമുഖം വിഭാവനം ചെയ്യപ്പെട്ടത്. തുറമുഖം പണി ആരംഭിച്ച് അധികനാള്‍ പിന്നിടുന്നതിനു മുമ്പു തന്നെ നിര്‍മാണത്തിലെ അശാസ്ത്രീയതയെപ്പറ്റി സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ശേഷം തുറമുഖ വകുപ്പും കല്‍ക്കട്ട ഐ.ഐ.റ്റിയും അശാസ്ത്രീയത തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാവുകയാണുണ്ടായത്. പാറക്കല്ലുകള്‍ കവാടത്തിനടിഭാഗത്ത് അവിടവിടെയായി ചിതറിക്കിടക്കുന്നത് വന്‍ വെല്ലുവിളി ഉയര്‍ത്തുന്നു. കാലങ്ങളായി ഇവിടെ ജീവിച്ചു മീന്‍പിടിക്കുന്ന ചേലാളി (കടലിന്റെ മാറ്റങ്ങള്‍ അറിയുന്നവര്‍) കളോടും മറ്റും കൂടിയാലോചിച്ചിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നുവെന്നാണ് പ്രദേശവാസികളുടെ പക്ഷം.
മുതലപ്പൊഴി
മുതലപ്പൊഴിയിലെ അപകടങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് തീരദേശവാസികള്‍ ഉയര്‍ത്തിയ പ്രതിഷേധ സമരങ്ങളുടെ ഫലമായി, അപകടങ്ങളെക്കുറിച്ച് പഠിക്കുന്നതിന് പൂനയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്റ് പവര്‍ സ്റ്റേഷനെ (സി.ഡബ്ല്യു.പി.ആര്‍.എസ്) സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയുണ്ടായി. അവര്‍ 2011 ജനുവരിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് 'ബ്രേക്ക് വാട്ടര്‍ (പുലിമുട്ട്) കടലിന്റെ സ്വാഭാവിക ഒഴുക്കിനു തടസ്സം സൃഷ്ടിക്കുന്നതിനാല്‍ തെക്കുനിന്ന് ഒഴുകിയെത്തുന്ന മണല്‍ തെക്കേ പുലിമുട്ടിന്റെ തെക്കുഭാഗത്ത് വന്ന് അടിയുന്നു എന്നാണ്. വടക്കുഭാഗത്തെ ബ്രേക്ക് വാട്ടറില്‍നിന്ന് കടലൊഴുക്കില്‍ മണല്‍, വടക്കുഭാഗത്ത് സഞ്ചരിക്കുന്നതിനാല്‍ വടക്കേ പുലിമുട്ടിന്റെ ഭാഗത്ത് തീരശോഷണം (erosion) ഉണ്ടാകുന്നു. ഇത് പരിഹരിക്കണമെങ്കില്‍ മണല്‍ ക്രമാതീതമായി വന്നടിയുന്ന തെക്കുഭാഗത്തുനിന്ന് മണല്‍ ശേഖരിച്ച് തീരനഷ്ടം സംഭവിക്കുന്ന വടക്കുഭാഗത്ത് നിക്ഷേപിക്കണം. 'സാന്‍ഡ് ബൈപ്പാസിങ്' എന്നാണ് ഇതിനെ പറയുന്നത്. ഇവിടെ കടലൊഴുക്ക് രൂക്ഷമായതിനാല്‍ 'സാന്‍ഡ് ബൈപ്പാസിങ്' തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ഊന്നിപ്പറയുന്നു. തീരത്തു നിന്നും 600 മുതല്‍ 700 മീറ്റര്‍ വരെ മണലൊഴുക്കു നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നുണ്ട്. മാത്രവുമല്ല, കടലൊഴുക്കിലൂടെ മണല്‍ അഴിമുഖംവഴി പ്രവേശന കവാടത്തില്‍ വന്ന് അടിയുകയും പുലിമുട്ട് നിര്‍മാണത്തിലെ അശാസ്ത്രീയത കാരണം ഇരുവശത്തെ പുലിമുട്ടുകളുടെ വിടവുകളിലൂടെയും മറ്റും മണല്‍ തുറമുഖത്തിനുള്ളില്‍ വന്നടിയുന്നു. ഇതുമൂലമുണ്ടാകുന്ന ആഴക്കുറവ് കാരണമാണ് അതിശക്തമായ തിരമാലകള്‍ അഴിമുഖത്ത് ആഞ്ഞടിക്കുന്നത്.
കടലിന്റെ ആഴമുള്ള ഭാഗങ്ങളില്‍ സാധാരണയായി വലിയ തിരമാലകള്‍ ഉണ്ടാകാറില്ല. ക്രമാതീതമായി മണല്‍ വന്നടിയുന്നതും കടലിന്റെ സ്വാഭാവിക ഒഴുക്കിന് തടസ്സം നേരിടുന്നതും മൂലം കടലിന്റെ സന്തുലനാവസ്ഥ നഷ്ടപ്പെടുന്നു. തല്‍ഫലമായി ഉണ്ടാകുന്ന കടല്‍ക്ഷോഭം ചുഴികളുണ്ടാക്കാന്‍ പര്യാപ്തമായ വന്‍ തിരമാലകള്‍ സൃഷ്ടിക്കുന്നു. ഇതിനു പരിഹാരമായാണ് ഡ്രഡ്ജിങ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. പക്ഷേ, ഡ്രഡ്ജിങിനുള്ള സ്ഥിരം പദ്ധതിയൊരുക്കി തുറമുഖത്തിന്റെ ആഴം നിലനിര്‍ത്താന്‍ ഇതുവരെ സാധിക്കാത്തതാണ് ഇത്രയേറെ അപകടങ്ങളുണ്ടാകാന്‍ കാരണം. തന്നെയുമല്ല, പുലിമുട്ടിന്റെ നീളം കൂട്ടണമെന്ന പഠന നിര്‍ദേശം നിലവിലിരിക്കെയാണ് വിഴിഞ്ഞം അദാനി പോര്‍ട്ടിലേക്ക് കടലിലൂടെ പാറക്കഷണങ്ങള്‍ കൊണ്ടുപോകാന്‍ വേണ്ടി 170 മീറ്റര്‍ പുലിമുട്ടു മുറിച്ചുമാറ്റി ബാര്‍ജ് ഉണ്ടാക്കിയത്. ഇതു പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കിയെന്നു പറയേണ്ടതില്ലല്ലോ. എങ്കിലും തുറമുഖത്തിന് 240 മീറ്റര്‍ വീതി നിര്‍ദേശിക്കപ്പെട്ടിടത്ത് 65 മീറ്റര്‍ വീതി മാത്രമേ സൃഷ്ടിക്കാന്‍ കഴിഞ്ഞുള്ളൂവെന്നതാണ് ഏറ്റവും വലിയ പോരായ്മ!
മുതലപ്പൊഴി ഇന്നു ലോകത്തിലെ തന്നെ ഒരു ദുരന്ത പ്രതിഭാസമായി തുടരുമ്പോഴും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ ഇരുട്ടില്‍ തപ്പുകയാണ്. നിലവില്‍ സംസ്ഥാനം ഭരിക്കുന്നവരുടെ തലയില്‍ ഇതെല്ലാം കെട്ടിവയ്ക്കാനാവില്ലെങ്കിലും ആവര്‍ത്തിച്ചു നടക്കുന്ന ദുരന്തങ്ങളില്‍ നിന്നുമൊളിച്ചോടാന്‍ അവര്‍ക്കു കഴിയില്ല. മരണങ്ങള്‍ നടക്കുമ്പോള്‍ ഓടിക്കൂടുകയും പ്രതിഷേധമുയര്‍ത്തുകയും ചെയ്യുന്നതു ഇതര രാഷ്ട്രീയ നേതൃത്വത്തിന്റെയും തീരദേശ വിഷയങ്ങളുമായ് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെയും ആത്മാര്‍ത്ഥതയില്ലായ്മയാണ് സൂചിപ്പിക്കുന്നത്.