TMJ
searchnav-menu
post-thumbnail

Outlook

മോദി കളം പിടിച്ചപ്പോള്‍ ഇന്ത്യ മുന്നണി മങ്ങിയോ?

12 Jul 2024   |   4 min Read
ടി ജെ ശ്രീലാൽ

മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ഒരു മാസം പിന്നിടുന്നു. കേവല ഭൂരിപക്ഷം നേടാനാകാതെ ഘടകകക്ഷികളുടെ ബലത്തിലാണ് മോദി മൂന്നാം തവണ അധികാരം നിലനിര്‍ത്തിയത്. വാടി തളര്‍ന്ന പ്രതിപക്ഷത്തിന് പുതിയ ഊര്‍ജ്ജവും കരുത്തും ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പ് പകര്‍ന്ന് നല്‍കുകയും ചെയ്തു. എന്നാല്‍ മാസം ഒന്ന് പിന്നിടുമ്പോള്‍ ഇരുപക്ഷത്തേയും ഊര്‍ജ്ജവും വീര്യവും എങ്ങനെയാണ്.

ബിജെപി 240 = 400

ഇത്തവണ നാനൂറ് സീറ്റ്. ഇതായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി ഉയര്‍ത്തിയ മുദ്രാവാക്യം. എന്നാല്‍ ജയിച്ചുകയറിയത് 240 സീറ്റില്‍ മാത്രം. കേവല ഭൂരിപക്ഷത്തിന് 32 സീറ്റ് കുറവ്. 2019 ല്‍ ബിജെപിക്ക് ഒറ്റയ്ക്ക് 303 സീറ്റും എന്‍ഡിഎക്ക് 353 സീറ്റുമുണ്ടായിരുന്നു. ഇതാണ് 400 ആക്കുമെന്ന് മോദി പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ച ലക്ഷ്യത്തിലെത്തിയില്ലെന്ന് മാത്രമല്ല കഴിഞ്ഞ തവണ സ്വന്തം നിലയ്ക്കുണ്ടായിരുന്ന ഭൂരിപക്ഷം നഷ്ടപ്പെടുകയും ചെയ്തു. തിരഞ്ഞെടുപ്പ് തിരിച്ചടി കഥമാറ്റിയെഴുതി നേട്ടമാക്കാന്‍ മോദിക്കും ബിജെപിക്കും അധികസമയം വേണ്ടിവന്നില്ല. ബിജെപിയെ കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ച നേതാവായിരുന്നു ഇതുവരെ മോദിയെങ്കില്‍ ഇത്തവണ ബിജെപിയുടെ സ്ഥാനത്ത് എന്‍ഡിഎ എന്നാക്കി. മൂന്നാമതും എന്‍ഡിഎയെ കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ച നേതാവായി മോദി. മൂന്നാം സര്‍ക്കാരിന്റെ ആദ്യ സമ്മേളനത്തോടെ അത് അരക്കിട്ട് ഉറപ്പിക്കുകയും മോദി പഴയ മോദിയാവുകയും ചെയ്തു. 

എന്‍ഡിഎ ഘടകകക്ഷികളെ കൂടി ഒപ്പം കൂട്ടി മുന്നോട്ട് പോകുന്ന സര്‍ക്കാരായിരിക്കുമെന്ന പ്രതീതിയാണ് മൂന്നാം മോദി സര്‍ക്കാര്‍ തുടക്കത്തില്‍ നല്‍കിയത്. പാര്‍ലമെന്റ് സമ്മേളനത്തോടെ ആ ധാരണ മാറി. ഭരണഘടന ആയുധമാക്കി സഭയിലെത്തിയ കോണ്‍ഗ്രസിനേയും ഇന്ത്യ സഖ്യകക്ഷികളേയും അടിയന്തരാവസ്ഥയുടെ ഓര്‍മ്മകള്‍ പുതുക്കി ഇരുചേരിയിലാക്കി മോദി. ഇതിനായി ലോക്‌സഭ സ്പീക്കറേയും രാഷ്ട്രപതിയേയും തന്നെ കരുക്കളാക്കി സര്‍ക്കാര്‍. പ്രതിപക്ഷത്തിന്റെ വജ്രായുധമായ മണിപ്പൂര്‍ കലാപം രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി വഴിമാറ്റി വിട്ടു. ക്രിസ്തീയ സഭകള്‍ക്ക് പോലും അത് ഏറ്റുപറയേണ്ടി വന്നു. പാര്‍ലമെന്റില്‍ പ്രതിപക്ഷവും രാജ്യത്താകെ യുവജനതയും പ്രതിഷേധിച്ചിട്ടും നീറ്റ്, നെറ്റ് ക്രമക്കേട് കേട്ടതായി പോലും മോദി നടിച്ചില്ല. തീവണ്ടികള്‍ കൂട്ടിയിടിച്ചതടക്കം അതീവ ഗൗരവമുള്ള വിഷയങ്ങളില്‍ പോലും പ്രതികരിക്കാന്‍ മോദി തയ്യാറായതുമില്ല. ചര്‍ച്ചയ്ക്ക് അവസരം നല്‍കാതെ ബില്ലുകള്‍ പാസാക്കി. പ്രതിപക്ഷത്തിന് പ്രതിഷേധിക്കാന്‍ പോലും അവസരം നിഷേധിക്കുന്ന മുന്‍ മോദി സര്‍ക്കാരുകളുടെ കാലത്തെ അതേ പാര്‍ലമെന്റ്. കര്‍ഷകസമരമടക്കമുള്ള ജനകീയ പ്രതിഷേധങ്ങളോട് മുമ്പ് സ്വീകരിച്ച അതേ നിലപാട് നീറ്റ്, നെറ്റ് സമരങ്ങളോടും മോദി സര്‍ക്കാര്‍ സ്വീകരിച്ചു. പഴയ വീഞ്ഞ് പഴയ കുപ്പിയില്‍ തന്നെയാണ്. കുപ്പി മാറ്റാന്‍ പോലും തയ്യാറല്ല. ആദ്യ പാര്‍ലമെന്റ് സമ്മേളനത്തോടെ മോദി സര്‍ക്കാര്‍ തെളിച്ചത് ഇതാണ്.
 
നരേന്ദ്ര മോദി | PHOTO :WIKI COMMONS
പ്രതിപക്ഷവും നേതാവും

തിരഞ്ഞെടുപ്പ് കാലത്ത് മാറ്റിവച്ച പ്രാദേശിക പ്രതിസന്ധികള്‍ ഐക്യം തകര്‍ക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധയോടെയാണ് ഇന്ത്യ മുന്നണിയിലെ കക്ഷികള്‍ ആദ്യ സമ്മേളനത്തിനെത്തിയത്. ബംഗാള്‍ തിരഞ്ഞെടുപ്പില്‍ നേര്‍ക്കു നേര്‍ ആയിരുന്നിട്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസും പാര്‍ലമെന്റില്‍ പ്രതിപക്ഷ സഖ്യത്തിന് ഒപ്പം നിന്നു. അങ്ങനെ പ്രതിപക്ഷത്തിന്റെ തുടക്കം ഗംഭീരമാക്കി. പ്രതിപക്ഷ ഐക്യം നല്‍കിയ വര്‍ദ്ധിച്ച ഊര്‍ജ്ജം പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്കുള്ള രാഹുല്‍ ഗാന്ധിയുടെ കന്നി പ്രസംഗത്തിന് വലിയ ഊര്‍ജ്ജം പകരുകയും ചെയ്തു. എന്നാല്‍ പ്രതിപക്ഷ നേതാവിന് വേണ്ട പക്വതയ്‌ക്കൊപ്പം നില്‍ക്കുന്നതായിരുന്നോ രാഹുലിന്റെ പ്രസംഗം എന്ന് സംശയിക്കുന്നവര്‍ സഭയ്ക്ക് അകത്തും പുറത്തുമുണ്ട്. പ്രധാനമന്ത്രി മോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും കടന്നാക്രമിക്കുകയുമൊക്കെ ചെയ്തു രാഹുല്‍ ഗാന്ധി. ഇതിലൊന്നും തര്‍ക്കവുമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ശരീര ഭാഷയും വാക്കുകളും പലപ്പോഴും ഇരുത്തം വന്ന നേതാവിന്റേതായിരുന്നില്ല എന്നത് ആ പ്രസംഗം കണ്ട ആര്‍ക്കും മനസിലാകുന്നതാണ്. ഭരണ-പ്രതിപക്ഷനിരയിലെ മറ്റ് നേതാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ രാഹുല്‍ ഗാന്ധി ചെറുപ്പമാണ്. എന്നാല്‍ അതിന്റെ പേരില്‍ ഈ പക്വതയില്ലായ്മ കണ്ടില്ലെന്ന് നടിക്കാനാകില്ല. ലോക്‌സഭയിലേക്ക് ഇത് മൂന്നാം തവണയാണ് രാഹുല്‍ വിജയിച്ചെത്തുന്നത്. ഇനിയും പരിചയ കുറവ് പറഞ്ഞ് ഒഴിയാനാകില്ല. രാഹുലിന്റെ പ്രസംഗത്തിനിടെ മോദിയും അമിത് ഷായും രാജ്‌നാഥ് സിംഗുമെല്ലാം എതിര്‍പ്പുമായി എഴുന്നേറ്റത് പ്രസംഗം മര്‍മത്ത് തന്നെ കൊണ്ടത് കൊണ്ടാണെന്ന് ഊറ്റം കൊള്ളുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ''ബാല ബുദ്ധിയെന്ന'' രണ്ട് വാക്കില്‍ മോദി അതിന് മറുപടി നല്‍കിയത് മറക്കരുത്. 

മതം വജ്രായുധമാക്കി തിരഞ്ഞെടുപ്പിനെ നേരിടുന്നവരെ തോല്‍പിക്കാന്‍ ദൈവങ്ങളെ കൂട്ടുപിടിച്ചാലെ സാധിക്കുകയുള്ളൂവെങ്കില്‍ അതാകാം, പക്ഷെ അതില്‍ മാത്രം ഊന്നി മുന്നോട്ട് പോകുന്നത് എല്ലായ്‌പ്പോഴും ഗുണം ചെയ്യുമെന്ന് കരുതരുത്. പരമശിവനേയും മറ്റ് ദൈവങ്ങളേയും തരം പോലെ സഭയില്‍ എടുത്തിട്ടായിരുന്നില്ല രാഹുല്‍ ഗാന്ധി, പ്രതിപക്ഷ നേതാവെന്ന നിലയില്‍ സര്‍ക്കാരിനെ തല്ലിയിരുത്തേണ്ടിയിരുന്നത്. ജനകീയ പ്രശ്‌നങ്ങളും പ്രതിസന്ധികളും സഭയില്‍ വയ്ക്കാന്‍ വരെ രാഹുല്‍ ദൈവങ്ങളെ കൂട്ടുപിടിച്ചു. പലപ്പോഴും അദ്ദേഹത്തിന്റെ പ്രയോഗങ്ങള്‍ സഭയുടെ കീഴ്‌വഴക്കങ്ങള്‍ക്കും മര്യാദകള്‍ക്കും ചേര്‍ന്നതായിരുന്നുമില്ല. കന്നി പ്രസംഗത്തില്‍ ഇതൊക്കെ കൈയ്യടി നേടികൊടുക്കുമെങ്കിലും പ്രതിപക്ഷ നേതാവെന്ന നിലയ്ക്കുള്ള കര്‍ത്തവ്യം നിറവേറ്റാന്‍ ഇതൊന്നും പോര. 

രാഹുല്‍ ഗാന്ധി | PHOTO WIKI COMMONS
പാര്‍ലമെന്റിന് പുറത്തെ ഇന്ത്യ മുന്നണി

സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലടക്കം പ്രതിപക്ഷത്ത് ഭിന്ന അഭിപ്രായമുണ്ടായിരുന്നെങ്കിലും പാര്‍ലമെന്റിന്റെ ഇരുസഭകളിലും ആദ്യ സമ്മേളനത്തില്‍ ഇന്ത്യ മുന്നണി ഒറ്റക്കെട്ടായി തന്നെ സര്‍ക്കാരിനെ എതിര്‍ത്തു. പൊതുതിരഞ്ഞെടുപ്പില്‍ മുന്നണിക്ക് ലഭിച്ച സ്വീകാര്യതയും ബിജെപിക്ക് ഏറ്റ തിരിച്ചടിയുമൊക്കെ ഇതിന് കാരണമായിട്ടുണ്ട്. രാഷ്ട്രപതിയുടെ നയ പ്രഖ്യാപനവും അതിനുള്ള മറുപടിയുമാണ് എല്ലാ സര്‍ക്കാരിന്റെയും ആദ്യ സമ്മേളനത്തിലെ കാര്യപരിപാടി. സര്‍ക്കാരിന്റെ അജണ്ഡ പ്രഖ്യാപിക്കുന്നതാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം. അതിനുള്ള മറുപടിയാണ് നന്ദി പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷം നല്‍കുക. അതുകൊണ്ട് തന്നെ പ്രതിപക്ഷനിരയിലെ എല്ലാ പാര്‍ട്ടികള്‍ക്കും ഒരേ നിലപാടാകും ഉണ്ടാവുക. ഇതും ആദ്യ സമ്മേളനത്തിലെ പ്രതിപക്ഷ ഐക്യത്തിന് വലിയ സഹായം ചെയ്തിട്ടുണ്ട്. പക്ഷെ ഇനിയുള്ള സമ്മേളനങ്ങള്‍ അങ്ങനെയാകില്ല. പ്രത്യേകിച്ച് അടുത്ത ബജറ്റ് സമ്മേളനം. ഇന്ത്യ സഖ്യത്തിലെ ഭൂരിപക്ഷം പാര്‍ട്ടികള്‍ക്കും പ്രാദേശിക രാഷ്ട്രീയമുണ്ട്. സഖ്യമായി ഡല്‍ഹിയില്‍ നിലനില്‍ക്കുന്നതിനേക്കാള്‍ വലുതാണ് അവര്‍ക്ക് അവരുടെ സംസ്ഥാനത്തിലെ നിലനില്‍പ്. സ്വന്തം സംസ്ഥാനത്തിന് ആവശ്യമായ ഫണ്ടും പദ്ധതികളും പൊതുബജറ്റിലൂടെ നേടിയെടുക്കുക എന്നത് തന്നെയാകും അവരുടെ പരമപ്രധാനമായ ലക്ഷ്യം. അത് ലഭിച്ചാല്‍ അവര്‍ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള ആക്രമണം തല്‍ക്കാലത്തേക്കെങ്കിലും തണുപ്പിക്കും. അത് കൂടി മുന്നില്‍ കണ്ടുള്ള നടപടികള്‍ പ്രതിപക്ഷ നേതാവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സ്വീകരിക്കേണ്ടി വരും. 

പാര്‍ലമെന്റിനകത്ത് ഇന്ത്യ സഖ്യം അതിശക്തമായി തന്നെ കേന്ദ്രസര്‍ക്കാരിനെ നേരിട്ടെങ്കിലും പുറത്ത് പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് കാലത്തെ ഐക്യത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയിട്ടുണ്ട്. ഡല്‍ഹി തന്നെ ഉദാഹരണം. തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റിലും കോണ്‍ഗ്രസ്-ആംആദ്മി സഖ്യം തോറ്റതോടെ വലിയ വിള്ളലാണ് സഖ്യത്തിലുണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പിനിടെ തന്നെ സഖ്യത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാജിവച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഈ വിള്ളല്‍ ശക്തിപ്പെട്ടുവെന്ന് മാത്രമല്ല ഡല്‍ഹിയിലെ ആംആദ്മി സര്‍ക്കാരിനെതിരെ കുടിവെള്ളക്ഷാമം ഉയര്‍ത്തി കോണ്‍ഗ്രസ് സമരത്തിനിറങ്ങുകയും ചെയ്തു. മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലുള്‍പ്പെടെ സഖ്യം വേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും. ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ ജയില്‍ മോചിതനായതും വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും ആഘോഷമാക്കാന്‍ ഇന്ത്യമുന്നണി കാര്യമായ താല്‍പര്യം എടുത്തില്ല. ഹേമന്ത് സോറന്റേയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെയും അറസ്റ്റ് മോദിയുടെ ഏകാധിപത്യത്തിന്റെ ഉദാഹരണമായി ഉയര്‍ത്തികാട്ടി ഇന്ത്യ സഖ്യം വലിയ പ്രചാരണമാണ് തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയത്. 

ഇന്ത്യമുന്നണി | PHOTO: WIKI COMMONS
വെല്ലുവിളി

നയം മാറില്ലെന്നും നിലപാട് മാറ്റില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ സഖ്യവും ഐക്യവും നിലനിര്‍ത്തുക എന്നതാകും ഇന്ത്യമുന്നണി നേരിടുന്ന ഏറ്റവും കടുത്ത വെല്ലുവിളി. മുന്നണിയിലേക്ക് കൂടുതല്‍ കക്ഷികളെ ചേര്‍ക്കാന്‍ എളുപ്പമാവില്ല. അതേസമയം മുന്നണിയില്‍ നിന്ന് കക്ഷികളെ അടര്‍ത്തിയെടുക്കാന്‍ സര്‍ക്കാരിന് അധികം കഷ്ടപ്പെടേണ്ടി വരില്ല. ഈ യാഥാര്‍ത്ഥ്യം മുന്നില്‍ കണ്ടുള്ള നയപരിപാടികള്‍ക്കും വിട്ടുവീഴ്ചകള്‍ക്കും പ്രതിപക്ഷത്തെ പാര്‍ട്ടികളും അവരെ നയിക്കുന്ന കോണ്‍ഗ്രസും തയ്യാറാകേണ്ടി വരും. നിയമസഭ തിരഞ്ഞെടുപ്പുകളാകും ഇക്കാര്യത്തില്‍ ഇനി പ്രതിപക്ഷസഖ്യം നേരിടാന്‍ പോകുന്ന കടമ്പ. ഇതില്‍ ആദ്യത്തേത് ഒക്ടോബറില്‍ നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പാകും. പിന്നാലെ ബിഹാര്‍ അടക്കമുള്ള സംസ്ഥാന തിരഞ്ഞെടുപ്പുകളുമെത്തും. പൊതുതിരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം ആവേശമാക്കി മുന്നോട്ട് പോകണമെങ്കില്‍ മോദി വിരുദ്ധത മാത്രം മതിയാകില്ല. പ്രാദേശിക രാഷ്ട്രീയം മാറ്റിവച്ചുള്ള വിട്ടുവീഴ്ചകളും ഐക്യം നിലനിര്‍ത്താനുള്ള തന്ത്രങ്ങളും വേണ്ടിവരും.




#outlook
Leave a comment