TMJ
searchnav-menu
post-thumbnail

Outlook

വാമന മിത്തിനെ തള്ളിക്കളയുക.

04 Sep 2025   |   7 min Read
സിയര്‍ മനുരാജ്

ലോകത്തിന്‍റെ ഏത് കോണില്‍ ജീവിച്ചാലും മലയാളികള്‍, ജാതി മത ഭേദമന്യേ ആഘോഷിക്കുന്ന ഒരുത്സവമാണ്‌ ഓണം എന്നതാണ് ഇന്നത്തെ മലയാളിയുടെ ഓണത്തെ കുറിച്ചുള്ള ഒരു ധാരണ. ഒരല്‍പം മാത്രം പുറകോട്ട് പോയാല്‍ നമുക്ക് കാണാന്‍ കഴിയുന്ന കേരളത്തിന്‍റെ സാമൂഹ്യ മണ്ഡലത്തിന്‍റെ ഒരു ചിത്രം എന്നത് “എന്നെ തൊടരുത്, മാറി നില്‍ക്കടാ” എന്ന് ഒരു ചെറുവിഭാഗം വരുന്ന നമ്പൂതിരിമാര്‍ പറയുകയും അവരുടെ അധികാര ബലത്തെ ഭയന്ന് മറ്റ് വിഭാഗങ്ങള്‍ കൃത്യമായ അടി കണക്കില്‍ അകന്ന് മാറി നില്‍ക്കുകയും ചെയ്തിരുന്ന ഒരു കാലത്തെയാണ്. ഇത്തരമൊരു കാലത്ത് “എല്ലാവരേയും ഒന്നിപ്പിക്കുന്ന, എല്ലാവരിലും സാഹോദര്യഭാവം ഉള്ള ഒരു ഓണം മലയാളി ആഘോഷിച്ചിരുന്നു എന്ന് കരുതാന്‍ കഴിയില്ലല്ലോ. 

എല്ലാവര്‍ക്കും തുല്യമായ ഇടമുള്ള സ്കൂളുകള്‍ റോഡുകള്‍ തൊഴിലുകള്‍ കമ്പോളങ്ങള്‍ തുടങ്ങിയവ സ്വതന്ത്ര ഇന്ത്യയില്‍ ഭരണഘടനാ മൂല്യബോധത്തിന്‍റെ പിന്‍ബലത്തില്‍, നിയമവാഴ്ചയിലൂടെ ഉണ്ടായിവന്ന സാഹചര്യത്തില്‍ ആവണം ഓണവും എല്ലാവര്‍ക്കും ഇടമുള്ള ഒന്നായി വളര്‍ന്നത്. ഓണവുമായി ബന്ധപ്പെട്ട നിരവധി അനുഷ്ഠാനങ്ങള്‍ കേരളത്തില്‍ നിലനിന്നിരുന്നു. അത്തച്ചമയം, ഓണത്തപ്പന്‍, തൃക്കാക്കരയപ്പന്‍, ഓണപ്പൊട്ടന്‍, ഓണത്തുള്ളല്‍, തുയിലുണർത്ത് പാട്ട്, വില്ല് പൂജ, കാരണവര്‍ക്ക് വയ്ക്കല്‍ തുടങ്ങി നിരവധി അനുഷ്ഠാനങ്ങള്‍ ഓണവുമായി ബന്ധപ്പെട്ട് മലയാളിക്ക് ഉണ്ട്. തൃക്കാക്കരയപ്പനെ വയ്ക്കുക എന്നത് കേരളത്തില്‍ നമ്പൂതിരിമാരും നായന്മാരും ഈഴവരും എല്ലാം ചില വകഭേദങ്ങളോടെ ചെയ്തു കൊണ്ടിരുന്ന കാര്യമാണ്. പുലയര്‍ പോലുള്ള ജാതികള്‍ തൃക്കാക്കരയപ്പനെ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് അധികം കാലമൊന്നും ആയിട്ടില്ല. ഓരോ ജാതിക്കാരും ഉപയോഗിക്കുന്ന തൃക്കാക്കരയപ്പന്‍മാരുടെ എണ്ണത്തിലും വലിയ വ്യത്യാസം ഉണ്ട്. സാമൂഹ്യ വിഭാഗങ്ങള്‍ക്കിടയില്‍ ഉള്ള സാമ്പത്തിക അസമത്തം ആകാം ഈ വ്യത്യാസങ്ങളുടെ പുറകിലുള്ള കാരണം

REPRESENTATIVE IMAGE | WIKI COMMONS
ഓണവുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം അത്തച്ചമയം ആണ്. കൊച്ചി രാജാവ് നടത്തിയിരുന്ന ഒരു അനുഷ്ഠാനമായിരുന്നു അത്തച്ചമയം. ഇതില്‍ പുലയരും, ക്രിസ്ത്യാനികളും മുസ്ലീമുകളും അരയന്മാരും ഒക്കെ ചില ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. അത്തച്ചമയമാണ് പിന്നീട് 1961 സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഓണാഘോഷം ആയി പരിവര്‍ത്തനപ്പെട്ടത്. ഓണവിളക്ക്, വിളക്കത്ത് വിളമ്പല്‍ ഒക്കെ ഓണവുമായി ബന്ധപ്പെട്ട മറ്റ് ചില അനുഷ്ഠാനങ്ങള്‍ ആയിരുന്നു. കത്തിച്ചുവെച്ച വിളക്കിനരികില്‍ ഇലയിട്ട് ഊണ് വിളമ്പുന്നത് സവര്‍ണ്ണര്‍ ഈശ്വരന് കൊടുക്കുന്നു എന്ന സങ്കല്‍പ്പത്തിലും അവര്‍ണ്ണര്‍ കാരണവന്മാര്‍ക്ക് കൊടുക്കുന്നു എന്ന സങ്കല്‍പ്പത്തിലും ആണെന്നത് സാമ്പ്രദായിക ദൈവങ്ങളെ ആരാധിക്കുന്നതില്‍ പങ്കാളിത്തമോ അനുവാദമോ ഇല്ലാതിരുന്ന ഒരു അവര്‍ണ്ണ ഭൂതകാലത്തിലേക്ക് സഞ്ചരിക്കാനുള്ള  ഒരു പാതയായി കൂടി കാണാവുന്നതാണ്. വണ്ണാന്മാരുടെ ഓണത്താര്‍, മലയരന്മാരുടെ ഓണപ്പൊട്ടന്‍, പാണന്മാരുടെ തുയിലുണര്‍ത്ത് പാട്ട്, വേലന്മാരുടെ വേലന്‍ തുള്ളല്‍ അല്ലെങ്കില്‍ ഓണത്തുള്ളല്‍ ഒക്കെ ഓണവുമായി ബന്ധപ്പെട്ട കീഴാള പാരമ്പര്യത്തെ മാത്രമല്ല അവരുടെ സാംസ്‌കാരിക വികാസത്തെയും സൂചിപ്പിക്കുന്നു. ഓണവുമായി ബന്ധപ്പെട്ട ഏറ്റവും മുഖ്യമായ ഒരു പ്രതീകം എന്നത് പൂക്കളമാണ്. കേരളത്തില്‍ ഏതാണ്ട് എല്ലായിടത്തും ആളുകള്‍ പൂക്കളം ഇടാറുണ്ട്.

വലിപ്പത്തിലും ഉപയോഗിക്കുന്ന പൂക്കളിലും എത്ര ദിവസം പൂക്കളം ഇടണം എന്നതിലൊക്കെ പ്രാദേശികമായ വ്യത്യാസങ്ങള്‍ ഉണ്ട്. പൂക്കള്‍ക്കും ജാതിയും പൂക്കളിലും ചാരിത്ര്യവതിയായ പൂക്കളും തേവിടിശ്ശിയായ പൂക്കളും ഉള്ളതായി മലയാളി സവര്‍ണ്ണര്‍ കരുതിയിരുന്നതായുള്ള സൂചനകള്‍ അത്തപ്പൂക്കളുമായുള്ള ബന്ധപ്പെട്ട നാടന്‍ പാട്ടുകളില്‍ കാണാം. പൂക്കളം നമ്പൂതിരിമാര്‍ക്ക് അത്ര പ്രധാനപ്പെട്ട ഒന്നായിരുന്നില്ല. തൃക്കാക്കരയപ്പനെ മൂടാനുള്ള ഉപാധി എന്ന നിലയില്‍ മാത്രമാണ് അവര്‍ തുമ്പപ്പൂക്കളെ ഉപയോഗിച്ചിരുന്നത്. ഓണപ്പൂക്കളം അനുഷ്ഠാനമായിരുന്നില്ല. അത് മുറ്റവും പൂവും ഉള്ളവര്‍ എല്ലാം ചെയ്തിരുന്ന ഒരു കാര്യമാണ്. ഇന്ന് പൂക്കളം ഓണക്കാലത്ത് വീടുകളില്‍ മാത്രമല്ല എല്ലാ പൊതു ഇടങ്ങളിലും എന്തിന് ക്ലബ്ബുകളുടെ മുറ്റത്ത് പോലും ഇടാറുണ്ട്. പൂക്കളം എന്നത് പൂക്കളുടെ ഒരു കൂട്ടായ്മയാണ്. അതുപോലെ തന്നെ ഇന്ന് പൊതു ഇടങ്ങളില്‍ പൂക്കളം ഇടുന്നതും ഒരു കൂട്ടായ്മയുടെ കൂടി പ്രതിഫലനമാണ്. 

REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഓണത്തിന്‍റെ മറ്റൊരു പ്രതീകം ഓണസദ്യയാണ്. ഓണസദ്യക്കും അനുഷ്ടാന പരമായ ഒരു പാരമ്പര്യം ഒന്നുമില്ല. മലയാളികളുടെ പല ദേശങ്ങളില്‍ അവരുടെ രുചി ഭേദങ്ങള്‍ അനുസരിച്ച് പച്ചക്കറികള്‍ മാത്രമുള്ള ഓണ സദ്യയും മാംസവും മീനും ഒക്കെയുള്ള ഓണ സദ്യയും വിളമ്പി വരുന്നു. ഓണവുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം ഓണപ്പുടവയാണ്. മലയാളികളുടെ വസ്ത്രധാരണ പാരമ്പര്യം ഓര്‍ത്താല്‍ തന്നെ അറിയാം ഓണപ്പുടവ എന്ന സങ്കല്‍പ്പമൊക്കെ പില്‍ക്കാലത്ത് ഉണ്ടായി വന്നതാകാനെ തരമുള്ളൂ. ജന്മിത്വ കേരളത്തില്‍ ഓണത്തിന് ദേശത്തിലെ ജന്മിക്ക് അയാളുടെ കീഴിലുള്ള വിവിധ ജാതിക്കാര്‍ അവരുടെ അധ്വാനത്തില്‍ ഉണ്ടാക്കുന്ന വസ്തുക്കളില്‍ ഒരു വീതം കൊടുക്കാറുണ്ട്. ഇതിനെ ആണ് ഓണക്കാഴ്ച എന്ന് വിളിച്ചിരുന്നത്. ഓണക്കാഴ്ച കൊടുക്കുന്നവര്‍ക്ക് ജന്മിയും തിരിച്ച് എന്തെങ്കിലും അവര്‍ക്കും കൊടുക്കുമായിരുന്നു. ഇതിനെ ‘’ഓണളവ്’’ എന്നാണ് അന്ന് വിളിച്ചിരുന്നത്. ഓണളവ് കിട്ടുന്ന ആളുടെ ജാതിക്ക് അനുസരിച്ച് കിട്ടുന്ന സാധനങ്ങളുടെ മൂല്യം വ്യത്യാസപ്പെട്ടിരുന്നു. ഗ്രാമത്തില്‍ ഉണ്ടാക്കുന്നതില്‍ ഏറ്റവും മികച്ചത് ജന്മിക്ക് എന്ന തത്വം ഓണക്കാഴ്ചയില്‍ പാലിച്ചിരുന്നു. മലയാളിയുടെ കാര്‍ഷിക പാരമ്പര്യത്തിലേക്ക് ഓണത്തെ കൃത്യമായി പ്രതിഷ്ഠിക്കുകയാണ് ഉണ്ടായത് എന്ന് കരുതാവുന്ന തെളിവുകള്‍ ചരിത്രത്തില്‍ ഉണ്ട്.

ഓണക്കാലത്ത് നടക്കുന്ന കളികളില്‍ ഒരു കാലത്ത്, അതില്‍ ആരൊക്കെ പങ്കെടുക്കണം എന്ന് നിശ്ചയിക്കുന്നതില്‍ കൃത്യമായ ജാതി ലിംഗ പരിഗണനകള്‍ ഉണ്ടായിരുന്നു. ഊഞ്ഞാലാട്ടം കൈകൊട്ടിക്കളി, ഓണത്തല്ല്, വള്ളം കളി, വട്ടക്കളി. വടംവലി, തുമ്പി തുള്ളല്‍, അമ്പെയ്ത്ത് പോലുള്ള കളികള്‍ ഉണ്ടായിരുന്നു. അവയില്‍ ചിലതൊക്കെ ഇന്ന് അന്യം വന്ന് പോയിട്ടുണ്ട്. ചിലതൊക്കെ രൂപം മാറിയിട്ടാണ് എങ്കിലും ഇന്നും തുടരുന്നു. കുമ്മാട്ടി പുലിക്കളി പോലുള്ള പ്രാദേശിക കളികള്‍ ഓണം ഒരു ദേശിയ ഉത്സവമായി മാറിയപ്പോള്‍ ഓണാഘോഷവുമായി ബന്ധിപ്പിച്ചിരുന്നു. ഇന്ന് ഓണത്തിന് വള്ളം കളി മാത്രമല്ല മദ്യ ഷോപ്പുകള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ‘’വെള്ളംകളിയും’’ ഉണ്ട്. ഓണവുമായി ബന്ധപ്പെട്ട മറ്റൊരു പ്രതീകം മാവേലിയാണ്. മാവേലിയെ ഒരു കാലത്ത് പൊണ്ണനും കുടവയറനും ആയ ഒരാളായാണ് സങ്കല്‍പ്പിച്ചത്. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഓണവുമായി ബന്ധപ്പെട്ട് ഉണ്ടായ കീഴാള ബദല്‍ വ്യവഹാരങ്ങളെ തുടർന്ന് കറുത്ത ഉറച്ച ശരീരമുള്ള തന്റേടമുള്ള മുഖഭാവവത്തോടുകൂടിയ കരുത്തനായ ഒരാളായി മാവേലിയെ സങ്കല്‍പ്പിക്കുന്ന പാരമ്പര്യം ഉണ്ടായി വന്നു. ഇത്തരം സോഷ്യല്‍ മീഡിയാ ചിത്രീകരണങ്ങളില്‍ എല്ലാം അറിഞ്ഞോ അറിയാതെയോ അയ്യങ്കാളിയുടെ സാദൃശ്യം കാണാന്‍ കഴിയും. തീര്‍ച്ചയായും എല്ലാവര്‍ക്കും അവകാശപ്പെട്ട പൊതുഇടത്തിനായി പൊരുതിയ അയ്യങ്കാളിയെ അല്ലാതെ മറ്റൊരാളെ മാവേലിയായി സങ്കല്‍പ്പിക്കാന്‍ കഴിയില്ല എന്നത് അയ്യങ്കാളി കേരളീയ ലിബറല്‍ പൊതു സമൂഹത്തില്‍ ആര്‍ജ്ജിച്ച സമ്മതിയുടെ പ്രതിഫലനം കൂടിയാണ്. 

ഓണസദ്യ | PHOTO : WIKI COMMONS
ഓണത്തെ ഗ്രാമീണ വിശുദ്ധിയുള്ള ഒരു കാര്‍ഷിക സംസ്കൃതിയുടെ ബാക്കിപത്രമായി കരുതാനാണ്‌ പല മലയാളികള്‍ക്കും ഇഷ്ടം. കേരളത്തിന്‍റെ ബഹുസ്വരമായ കാര്‍ഷിക പാരമ്പര്യത്തിനകത്ത് ഓണത്തെ പ്രതിഷ്ഠിക്കുന്നതിലൂടെ നവോഥാന കാലത്ത് മലയാളി സമൂഹം ആര്‍ജ്ജിച്ച സാമൂഹ്യ സാഹോദാര്യഭാവത്തെ കണ്ണിമുറിയാതെ നിലനിര്‍ത്താന്‍ നമുക്ക് കഴിയും. ജാതിക്കും മതത്തിനും അതീതമായി എല്ലാ മലയാളികളും ആഘോഷിക്കുന്ന ഒരുത്സവമായി ഓണത്തെ നിലനിര്‍ത്താന്‍ ഭരണകൂടവും പൊതു സമൂഹവും ശ്രമിക്കുമ്പോള്‍ ആണ് ഓണത്തെ ഒരു ഹിന്ദു അനുഷ്ഠാനമായി പരിവര്‍ത്തിപ്പിക്കാന്‍ സവര്‍ണ്ണ ഹിന്ദുത്വം ശ്രമിക്കുന്നത്. മഹാബലിയെന്ന രാജാവിനെ ചതിയിലൂടെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ വാമനനെ ദളിത് ജനവിഭാഗങ്ങള്‍ അവരുടെ സ്വാതന്ത്ര്യങ്ങളും മനുഷ്യര്‍ എന്ന നിലയിലുള്ള അവരുടെ അസ്തിത്വവും ഇല്ലാതാക്കിയ ജാതി വ്യവസ്ഥയുടെ പ്രതീകം ആയിട്ടാണ് കാണുന്നത്.  സ്വാഭിമാനത്തോടെ ജീവിച്ചിരുന്ന ഒരു ഭൂതകാല സൗഭാഗ്യത്തെയാണ് അവര്‍ മഹാബലിയിലൂടെ വീണ്ടെടുക്കുന്നത്. 

ഓണമെന്നത് ചെയ്യുന്ന ജോലികളില്‍ നിന്നുള്ള താല്‍ക്കാലികമായ ഒരു വിരാമം, കുടുംബത്തിലുള്ളവരുമായും, സുഹൃത്തുക്കളുമായുള്ള ഒത്തുകൂടല്‍, ഓണവുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തില്‍ നടക്കുന്ന ആഘോഷങ്ങളില്‍ പങ്കുകൊള്ളുക തുടങ്ങി പലതരത്തില്‍ നടത്തപ്പെടുന്ന ഒന്നാണ്. ഓണത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത എന്നത് അത് ഏതെങ്കിലും ഒരു മതത്തിന്‍റെ ആഘോഷമോ അനുഷ്ഠാനമോ ആയി ചുരുക്കാന്‍ പറ്റാത്ത തരത്തില്‍ ഇന്ന് കേരളത്തിന്‍റെ സെക്കുലര്‍ മനസാക്ഷിയില്‍ ഇടം നേടിയിട്ടുണ്ട് എന്നതാണ്. അഖിലേന്ത്യാ തലത്തില്‍ തന്നെ മതേതരത്വവും ബഹുസ്വരതയും മതമൈത്രിയും അനാവശ്യമായ ആര്‍ഭാടങ്ങള്‍ ആണെന്ന മട്ടിലുള്ള വ്യവഹാരങ്ങള്‍ വലതുപക്ഷ രാഷ്ട്രീയം വളര്‍ത്തുമ്പോള്‍ അതിനെ മതപരമായി പിന്തുണയ്ക്കാനുള്ള തന്ത്രമായി വാമനകഥകളെ നമ്മള്‍ വായിക്കണം. ജാതീയമായും മതപരമായും മലയാളി ചുരുങ്ങിപ്പോകുന്ന വര്‍ത്തമാന കാലത്ത് ജാതിക്കും മതത്തിനും അതീതമായി നിലകൊള്ളുന്ന പൊതു ഇടങ്ങളെ സ്കൂളുകള്‍, കോളേജുകള്‍, സര്‍ക്കാര്‍ സ്വകാര്യ തൊഴിലിടങ്ങള്‍, ക്ലബ്ബുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സന്നദ്ധ സംഘടനകള്‍, വായനശാലകള്‍, ആഘോഷങ്ങള്‍, കളികള്‍, മധ്യമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗമായി ഓണത്തെ ഉപയോഗിക്കേണ്ടത് ഇന്നത്തെ വലതുപക്ഷ രാഷ്ട്രീയത്തെ പ്രതിരോധിക്കാനുള്ള ജനാധിപത്യ വിശ്വാസികളുടെ ഒരു രാഷ്ട്രീയ ഉത്തരവാദിത്തം ആണ്.

അത്തച്ചമയം | PHOTO : WIKI COMMONS
വടക്കേയിന്ത്യന്‍ ഹിന്ദു സമൂഹത്തിലെ പട്ടികജാതി വിഭാഗം മനുഷ്യരെ പലവിധ മിത്തുകളിലൂടെ ഹിന്ദുത്വ ധാരയുമായി വിളക്കിച്ചേര്‍ക്കുന്ന രാഷ്ട്രീയം നമ്മുടെ മുന്‍പിലുണ്ട്. സവര്‍ണ്ണരുമായി സഹോദര്യത്തില്‍ എത്താന്‍ കഴിയുന്ന ഇടങ്ങള്‍ അവരുടെ മുന്‍പില്‍ ഉണ്ടാകുന്നില്ല എങ്കിലും അന്യമത വിരോധം അവരില്‍ കുത്തിവെച്ചുകൊണ്ട് അവരെ ഹിന്ദുത്വ കൂടാരത്തില്‍ ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കുന്നുണ്ട് എന്നാണ് ഉത്തരേന്ത്യന്‍ രാഷ്ട്രീയം വെളിവാക്കുന്നത്. ഈ സാഹചര്യത്തിലാണ് ഓണത്തെ സങ്കുചിതമായി ഒരു മതത്തിന്റെയോ ആ മതത്തിനകത്തെ പ്രബലമായ ജാതികളുടെയോ മാത്രം ആഘോഷം ആണെന്ന വാദം ഉയര്‍ത്തുന്നവരെ, അത്തരം വാദങ്ങള്‍ സ്ഥാപിക്കാന്‍ അവര്‍ ഉപയോഗിക്കുന്ന കെട്ടു കഥകളെ നമ്മള്‍ തള്ളിക്കളയേണ്ടതിന്‍റെ പ്രാധാന്യം കുടികൊള്ളുന്നത്. ഓണം ഞങ്ങളുടെ മാത്രമാണ്, വേറെ ആരുടെയും അല്ല എന്ന് പറയുന്നവരെയും ഓണം ഞങ്ങളുടെ അല്ല എന്ന് പറയുന്നവരെയും ഒരുപോലെ നമ്മള്‍ തള്ളിക്കളയേണ്ടതുണ്ട്.

ഓണം എല്ലാ മലയാളികളുടെതും ആണ്. അതിന് യാതൊരുവിധ മത മിത്തുകളുടെ പിന്തുണയോ ഏതെങ്കിലും മതത്തിന്‍റെ ആചാരപരമോ അനുഷ്ഠാനപരമോ ആയ യാതൊരുവിധ പശ്ചാത്തലവും ആവശ്യമില്ല. ഇന്ത്യന്‍ ഭരണഘടനയിലെ പൗരത്വ സങ്കല്‍പ്പത്തെ മഹത്താക്കുന്ന പൗരാവകാശങ്ങള്‍ എല്ലാവര്‍ക്കും തുല്യമായി ലഭ്യമാകുന്ന ഒരു കാലത്തെയാണ് മാവേലിയുടെ വരവിലൂടെ മലയാളി ആഘോഷിക്കുന്നത്. മഹാബലി എന്നത് എന്നോ മണ്മറഞ്ഞു പോയ ഒരു മനോഹര ഭൂതകാലമല്ല മറിച്ച് അത് ഇനിയും നമ്മള്‍ നേടിയെടുത്തിട്ടില്ലാത്ത മനുഷ്യ സ്വാതന്ത്ര്യത്തിന്‍റെയും മനുഷ്യാന്തസ്സിന്‍റെയും പൂര്‍ണ്ണാവിഷ്കാരം സാധ്യമാകുന്ന ഒരു ഭാവികാലത്തെയാണ്.

REPRESENTATIVE IMAGE : WIKI COMMONS
നമ്മുടെ ഒരു പൊതു സ്വഭാവമാണ് എല്ലാ ആഘോഷങ്ങളെയും ഏതെങ്കിലും പൗരാണികമായ കഥയോടോ കഥാപാത്രങ്ങളോടോ കൂട്ടിച്ചേര്‍ക്കുക എന്നത്. ഓണത്തിന്‍റെ കാര്യത്തിലും അത് തന്നെയാണ് കാര്യം. പുരാണത്തിലെ അസുര ദേവ സംഘര്‍ഷത്തെ മുന്‍ നിര്‍ത്തി അസുര കുല പ്രാതിനിധ്യം മഹാബലിയിലും ദേവഗണ പ്രാതിനിധ്യം വാമനനിലും ചാര്‍ത്തിക്കൊണ്ട് അസുര- ദേവ സംഘര്‍ഷമോ അല്ലെങ്കില്‍ ആര്യ- ദ്രാവിഡ സംഘര്‍ഷമോ പശ്ചാത്തലമാക്കിയാണ് മഹാബലി- വാമന കഥ പ്രചരിച്ചത്. വാമനന്‍ മഹാബലിയെ ചതിച്ചതാണെന്നും അതല്ല വാമനന്‍ മഹാബലിക്ക് സംസാര സാഗരത്തില്‍ നിന്നും മോക്ഷം കൊടുത്തതാണെന്നും പറയുന്ന കഥകള്‍ ഉണ്ട്. വേദത്തിലും പുരാണത്തിലും ഉള്ള ത്രിവിക്രമ സങ്കല്‍പ്പവും ഓണവുമായി ബന്ധിപ്പിച്ച് ആളുകള്‍ പറയാറുണ്ട്. കീഴാള രാജാവായ മഹാബലിയെ ഇല്ലാതാക്കി സനാതന ധര്‍മ്മം പുനസ്ഥാപിക്കാന്‍ വേഷം മാറിവന്ന വിഷ്ണുവാണ് വാമനന്‍ എന്നതാണ് മുഖ്യധാരയില്‍ ഉള്ള ഒരു മഹാബലിക്കഥ. മറ്റൊരു പോപ്പുലര്‍ ഓണക്കഥ എന്നത് മഹാബലി രാജാവ് യജ്ഞം നടത്തുന്ന വേളയില്‍ വിഷ്ണു വാമനരൂപത്തില്‍ വരികയും രാജാവിനോട് മൂന്നടി മണ്ണ് ചോദിക്കുകയും ചെയ്തുവെന്നും ഒന്നാം അടിക്ക് സ്വര്‍ഗ്ഗവും രണ്ടാം അടിക്ക് ഭൂമിയും മൂന്നാം അടി വയ്ക്കാന്‍ ഇടം ഇല്ലാത്തതിനാല്‍ സ്വന്തം തലയില്‍ ചവിട്ടിക്കൊള്ളാന്‍ പറയുകയും ആ ചവിട്ടില്‍ പാതാളം എന്ന് പറയുന്ന ഒരിടത്തില്‍ എത്തുകയും ചെയ്തു എന്നുള്ളതാണ്.

ഇക്കഥയില്‍ ഉള്ള ഒരു പ്രധാനകാര്യം എന്നത് “വന്നത് വാമന രൂപത്തില്‍ വിഷ്ണു തന്നെയാണെന്നും വന്നത് തന്നെ ചതിച്ച് പാതാളത്തിലേക്ക് അയക്കാന്‍ ആണെന്ന് മഹാബലിക്ക് നേരത്തെ അറിയുമായിരുന്നു എന്ന ഭാഗമാണ്.’’ അതായത് വന്നയാള്‍ തന്നെ ചതിക്കാന്‍ ആണ് പോകുന്നത് എന്നറിഞ്ഞിട്ടും അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കാത്ത ഒരാളായിട്ടാണ് ഇക്കഥ മഹാബലിയെ ചിത്രീകരിക്കുന്നത്. വാമനനെ എതിര്‍ക്കുക എന്നതാണ് താന്‍ ചെയ്യേണ്ടത് എന്നറിഞ്ഞിട്ടും അതിന് ശ്രമിക്കാതെ സ്വയം ബലിയായി മരിക്കാനുള്ള അവസ്സരം ഒരുക്കികൊടുക്കുന്ന ഒരാളായിട്ടാണ് ഇക്കഥ മഹാബലിയെ രേഖപ്പെടുത്തുന്നത്. ഒരു വ്യക്തി എന്ന നിലയില്‍ തന്‍റെ സ്വയം പ്രവര്‍ത്തന ശേഷിയെ ഉപയോഗപ്പെടുത്താത്ത ആളായാണ് കഥയില്‍ മഹാബലി വരുന്നത്. വാമനനെ പ്രതിനിധീകരിക്കുന്ന തൃക്കാക്കരയപ്പന്‍ സങ്കല്‍പ്പം ഇതോടു കൂടി ചേര്‍ത്ത് വായിക്കേണ്ട ഒരു കഥയാണ്. പാതാളത്തിലേക്ക് പോകുന്നതിന് മുന്‍പ് മഹാബലിയുടെ ആവശ്യപ്രകാരം വിഷ്ണു തന്‍റെ യഥാര്‍ത്ഥ രൂപം രാജാവിനെ കാണിച്ചു കൊടുത്തു എന്നാണ് കഥ. ആ രൂപമാണ്‌ തൃക്കാക്കരയിലെ വാമന മൂര്‍ത്തിയില്‍ കുടികൊള്ളുന്ന ചൈതന്യം എന്ന് ആളുകള്‍ കരുതുന്നു. 

വള്ളം കളി | PHOTO : WIKI COMMONS
മഹാബലി വാമന മിത്തിനെ നമ്മള്‍ ആഴത്തില്‍ വായിക്കുമ്പോള്‍ മറ്റു ചില അര്‍ഥങ്ങള്‍ കൂടി കണ്ടെത്താന്‍ കഴിയും. മഹാബലിയെ ചതിച്ച് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി വിടുമ്പോഴും വാമനന്‍ മഹാബലിക്ക് ഒരു വരം കൊടുക്കുന്നുണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ തിരിച്ചുവന്ന് തന്‍റെ ജനങ്ങളെ കാണാനുള്ള അവസരമാണത്. വാമനന്‍ മഹാബലിക്ക് മോക്ഷം കൊടുത്ത് അദ്ദേഹം ബ്രഹ്മത്തില്‍ ലയിപ്പിച്ചു എന്ന കഥയുമായി ഈ ഓണമിത്ത് പൊരുത്തപ്പെടുന്നില്ല എന്നോര്‍ക്കുക. തിരിച്ചുവരാന്‍ ഒരു ദിവസം മഹാബലിക്ക് കൊടുക്കുന്ന വാമനന്‍റെ ദയവായ്പ്പ് എന്നത് ഇന്ത്യന്‍ ജാതി വ്യവസ്ഥയ്ക്ക് അകത്തുള്ള ഒരു കാര്യമാണ്. വര്‍ഷം മുഴുവന്‍ ജന്മിക്ക് വേണ്ടി അയാളുടെ ആട്ടും തുപ്പും ഏറ്റ് അടിമയെ പോലെ ജോലി ചെയ്യുന്ന കീഴാളന്‍ ഒടുവില്‍ ഓണക്കാഴ്ചയുമായി ജന്മിയെ കാണാന്‍ വരുമ്പോള്‍ അത് കൂടി വാങ്ങി പെട്ടിയില്‍ വെച്ചിട്ട് എന്തെങ്കിലും നക്കാപ്പിച്ച കീഴാള വിഭാഗങ്ങള്‍ക്ക് കൊടുക്കുന്നതിന്‍റെ ഒരു രൂപം മാത്രമാണ് മാവേലിക്ക് കിട്ടിയ ഒറ്റദിന പുനര്‍ സന്ദര്‍ശനം എന്നത്. ഒരു തലപ്പുലയനെ കൂടെ നിര്‍ത്തിക്കൊണ്ട് മുഴുവന്‍ പുലയരേയും വരുതിക്ക് നിര്‍ത്തുന്ന സവര്‍ണ്ണ ജന്മി കൗശലം തന്നെയാണ് മാവേലി മിത്തിലൂടെയും വെളിപ്പെടുന്നത്. പുലപ്പേടി മണ്ണാപ്പേടി എന്നൊക്കെയുള്ള സങ്കല്‍പ്പത്തിലും ഇതേ സവര്‍ണ്ണ കൗശലം തന്നെയാണ് കാണുന്നത്.

വാമന സങ്കല്‍പ്പത്തെ കീഴാള സമൂഹങ്ങള്‍ക്ക് കൂടി സ്വീകാര്യമാക്കി തീര്‍ക്കാനുള്ള ശ്രമമാണ് സവര്‍ണ്ണ സംഘങ്ങള്‍ ചെയ്യുന്നത്. വാമന സങ്കല്‍പ്പം മുന്നോട്ട് വയ്ക്കുന്നതിലൂടെ വാമനന്‍ മഹാബലിയെ ചതിക്കുക ആയിരുന്നില്ല മറിച്ച് അദ്ധേഹത്തെ മോക്ഷത്തിലേക്ക് നയിക്കുകയായിരുന്നു എന്ന കീഴാള വിരുദ്ധ കഥ അവരില്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. വാമനനെ സ്വീകരിക്കുമ്പോള്‍ രണ്ടു കാര്യങ്ങള്‍ സംഭവിക്കും.ഒന്ന് നമുക്ക് മഹാബലിയെ ഒരു തിന്മയായി കരുതേണ്ടി വരും. മറ്റൊന്ന് ആ തിന്മയെ ഇല്ലാതാക്കിയ നന്മയുടെ പ്രതിരൂപമായി വാമനനെ സ്വീകരിക്കേണ്ടി വരും. എങ്ങനെയാണോ വാമനനെ എതിര്‍ക്കാന്‍ കഴിയാത്ത വിധം മഹാബലിയെ സവര്‍ണ്ണ ഹിന്ദുത്വം സാംസ്കാരികമായി വന്ധ്യംകരിച്ചത് അതേ വിധി തന്നെ വാമനനെ അംഗീകരിക്കുന്നതിലൂടെ കേരളത്തിലെ കീഴാള സമൂഹങ്ങള്‍ക്കും വന്ന് ചേരും. വാമനനെ എതിര്‍ക്കുക എന്നത് ഇന്ന് കേരളത്തിലെ കീഴാള സമൂഹങ്ങള്‍ നേടിയെടുത്ത സാംസ്‌കാരിക മൂലധനമെങ്കിലും നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതം ആണ്. അല്ലെങ്കില്‍ സവര്‍ണ്ണ ഹിന്ദുത്വത്തിന്‍റെ പുറമ്പോക്കില്‍ അടിമകളെ പോലെ ജീവിക്കേണ്ടി വരും. വാമന സങ്കല്‍പ്പത്തെ പ്രതിരോധിക്കുക എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയെ പിന്തുണയ്ക്കുക എന്ന് കൂടി അര്‍ത്ഥമുണ്ട്. ഓണം കേരളത്തിന്‍റെ മതേതര ബഹുസ്വര പാരമ്പര്യത്തെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്. വാമന സങ്കല്‍പ്പം ആകട്ടെ നവോഥാന വിരുദ്ധ ജന്മിത്വ പാരമ്പര്യത്തെയാണ്‌.


#outlook
Leave a comment