TMJ
searchnav-menu
post-thumbnail

Outlook

രാഹുലിന്റെ 'അയോഗ്യത' 

25 Mar 2023   |   2 min Read
ബാലചന്ദ്രന്‍ വടക്കേടത്ത്

രാഹുലിനെ അയോഗ്യനാക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണ്. അഭിപ്രായം പറയുന്നത് നിഷേധിക്കാനുള്ള സംഘപരിവാറിന്റെ ശ്രമം നാം ഇതില്‍ കാണുന്നു. ചെയ്യാത്ത കുറ്റം ആരോപിച്ച് രാഹുലിനെ പോലെ ഉള്ള ഒരു രാഷ്ട്രീയ നേതാവിനെ തുറങ്കില്‍ അടയ്ക്കാനുള്ള നീക്കം ഈ രാജ്യം ഫാസിസ്റ്റ് ആയി എന്നതിന് ഉദാഹരണം ആണ്. ഫാസിസം വെറുപ്പിന്റെ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നു.

മോദി സര്‍ക്കാരും സംഘപരിവാറും രാഹുല്‍ ഗാന്ധിയെ വേട്ടയാടാന്‍ തുടങ്ങിയിട്ട് വളരെക്കാലം ആയി. കോണ്‍ഗ്രസ്സിനെ ഇല്ലാതാക്കുക; നെഹ്‌റു കുടുംബത്തെ രാഷ്ട്രീയമായി ശിഥിലമാക്കുക എന്ന ലക്ഷ്യമാണ് മോദിയുടേത്. അതിനുവേണ്ടി നിയമങ്ങളെ വളച്ചൊടിക്കാനും, ഭരണഘടനയെ മറികടക്കാനും സര്‍ക്കാര്‍ പാടുപെടുന്നു. ഈ ഫാസിസ്റ്റ് സംസ്‌കാരത്തോടൊപ്പം  ന്യായപീഠങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും നിലപാട് എടുക്കുന്നതാണ് വിചിത്രം. കോടതിവിധി പരിശോധിച്ച് നടപടി എടുക്കേണ്ടത് രാഷ്ട്രപതി ആണ്. എന്നാല്‍ രാഷ്ട്രപതിയുടെ ഉപദേശം ഇല്ലാതെ പാര്‍ലമെന്റ് സെക്രട്ടേറിയറ്റ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി. ഒരു വ്യക്തിയുടെ അഭിപ്രായം ആവശ്യപ്പെടുന്ന ഒരു സ്വാതന്ത്ര്യം ഉണ്ട്. രാഹുല്‍ ഗാന്ധി പറഞ്ഞത് ആ സ്വാതന്ത്ര്യത്തോടെ പരിശോധിക്കേണ്ടത് ആണ്. സാന്ദര്‍ഭികമായ തീരുമാനങ്ങളും വിയോജിപ്പുകളും ജനാധിപത്യത്തിന്റെ ആത്മാംശമാണ്. എന്നാല്‍ മോദി അത് അംഗീകരിക്കുന്നില്ല. തങ്ങള്‍ക്കെതിരെ വരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി ഇല്ല. മോദിയും അദാനിയും തമ്മിലുള്ള ബന്ധം പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോള്‍ ഗാന്ധിയുടെ പ്രസംഗം പോലും രേഖകളില്‍ നിന്ന് മാറ്റി. തുടര്‍ന്ന് ബിജെപിക്ക് വരും തിരഞ്ഞെടുപ്പില്‍ ഭീഷണി ഉയര്‍ത്തുന്ന ഒരു നേതാവിന് മത്സരിക്കാനുള്ള അവസരം നിഷേധിക്കാന്‍ കോടതിയെ ഉപയോഗിച്ചതാണോ എന്ന് സംശയിക്കുന്നു.

രാഹുല്‍ ഗാന്ധി | Image: PTI

അയോഗ്യതയും, അതിന് മുമ്പുള്ള സംഘപരിവാര്‍ പെരുമാറ്റവും, അദാനി കൊടുക്കുന്ന പിന്തുണയും ആഴത്തില്‍ പരിശോധിക്കേണ്ടതാണ്. ജനാധിപത്യ മതേതര ബോധത്തെ വ്യാജമെന്ന് പറയുന്ന സംഘപരിവാര്‍ ഇന്ത്യയെ ഫാസിസ്റ്റ്‌വത്കരിച്ച് കഴിഞ്ഞു. ഇനി അതിനെതിരായി പോരാടാന്‍ ഗാന്ധി പുനര്‍ജനിക്കേണ്ടി വരുന്നു. ഗാന്ധിയുടെ തിരിച്ചു വരവ് ഇന്ത്യന്‍ സമൂഹം ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയും ഉണ്ട്.

ഒരു വാര്‍ത്താസമ്മേളനത്തില്‍ ഞാന്‍ ഗാന്ധിയാണ്, സവര്‍ക്കര്‍ അല്ല എന്ന് രാഹുല്‍ഗാന്ധി പറഞ്ഞത് നാം ഓര്‍ക്കണം. ഗാന്ധിയന്‍ തിരിച്ചുവരവ് ആ വാക്കുകളില്‍ കാണുന്നു. സത്യം ദൈവമാണെന്ന് പറഞ്ഞ ഗാന്ധിയെ മനസ്സിലാക്കാന്‍ മോദിക്കാവില്ല. സംഘപരിവാറിനും ആവില്ല. ഫാസിസത്തിന്റെ കാഴ്ചപ്പാട് മാത്രമേ അവര്‍ക്കുള്ളൂ. അതിനാല്‍ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി രാജ്യവിരുദ്ധമാണ്. പ്രതികരിക്കാന്‍ ഓരോ വ്യക്തിയും തയ്യാറാകണം. പുതിയ രാഷ്ട്രീയം കോണ്‍ഗ്രസ്സും പ്രതിപക്ഷ കക്ഷികളും മുന്നോട്ടൂവയ്ക്കുന്നത് ഈ രാജ്യം പിളരാതിരിക്കാന്‍ കൂടിയാണെന്ന് മനസ്സിലാക്കണം. ജനങ്ങളെ വിഭാഗീകരിക്കാനും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ അധീശപ്പെടുത്താനും മോദി സര്‍ക്കാര്‍ തുനിയുന്നത് പ്രതിഷേധാര്‍ഹം തന്നെയാണ്. രാഹുല്‍ഗാന്ധി പോരാടുന്നത് ആ ഭരണകൂട ശൈലിക്ക് എതിരാണ്. ഭാവിയിലെ രാഷ്ട്രീയമുഖം രാഹുല്‍ ഗാന്ധിയിലൂടെ കുതിച്ച് വരികയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

 

 

Leave a comment