TMJ
searchnav-menu
post-thumbnail

Outlook

ഡിവോഴ്സും സമൂഹവും

15 Jun 2024   |   4 min Read
രാജേശ്വരി പി ആർ

(ഭാഗം നാല്)

മാ
റിയ കാലത്ത് വിവാഹം എന്ന കോണ്‍സെപ്റ്റിനോടുള്ള പുതുതലമുറയുടെ സമീപനം വളരെ വ്യത്യസ്തവും പുരോഗമനപരവുമായി തീര്‍ന്നിട്ടുണ്ട്. രണ്ട് വ്യക്തികളുടെ പൂര്‍ണ സ്വാതന്ത്ര്യത്താലുള്ള തിരഞ്ഞെടുപ്പാണ് വിവാഹം എന്ന ബോധ്യത്തിലേക്ക്, സമൂഹം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇനിയും പൂര്‍ണമായും തുടച്ചുനീക്കാന്‍ സാധിക്കാത്ത ചില സങ്കുചിത വ്യവസ്ഥിതികളും ശീലങ്ങളും വിവാഹബന്ധത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും ആ സംവിധാനത്തെ സ്ത്രീ സൗഹാര്‍ദപരമല്ലാതാക്കുകയും ചെയ്യുന്നുണ്ട്. വിവാഹ ജീവിതവും, വിവാഹ മോചനവും ഓരോ ആളുകളുടേയും വ്യക്തിപരമായതും സ്വയം തീരുമാനമെടുക്കേണ്ടതുമായ കാര്യമാണെന്നിരിക്കെ അതിന്മേലുള്ള ബന്ധുക്കളുടേയും സമൂഹത്തിന്റേയും ഇടപെടല്‍ പലപ്പോഴും പ്രശ്‌നങ്ങളും പ്രതിസന്ധികളും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഭൂരിപക്ഷം സാഹചര്യങ്ങളിലും ഈ ഇടപെടലുകള്‍ സ്ത്രീകള്‍ക്കുമേലാണ് ദോഷകരമായ പ്രതിസന്ധിയുണ്ടാക്കുന്നത്.  

ഒരു ബന്ധത്തില്‍ തുടരാനും തുടരാതിരിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളുന്നതിനുള്ള പൂര്‍ണാവകാശവും പൗരന്‍ എന്ന നിലയില്‍ ഇന്ത്യന്‍ ഭരണഘടന നമുക്ക് നല്‍കുന്നുണ്ട്. എന്നാല്‍ മുന്‍ ലേഖനങ്ങളില്‍ സൂചിപ്പിച്ചതുപോലെ വിവാഹാനന്തരം ഭര്‍തൃഗൃഹങ്ങളില്‍ ഗാര്‍ഹിക പീഡനം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് അത്തരം സാഹചര്യങ്ങളില്‍ നിന്നും ടോക്‌സിക്ക് ബന്ധങ്ങളില്‍ നിന്നും പലപ്പോഴും ഇറങ്ങിവരാന്‍ സാധിക്കാറില്ല. ഡിവോഴ്സ് എന്ന് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്ന കാലം മാറിയെങ്കിലും ടോക്‌സിക്ക് ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നതിന് പലപ്പോഴും സ്ത്രീകള്‍ക്ക് സാധിക്കാറില്ല. അതുകൊണ്ടുതന്നെ ദുസ്സഹമായ സാഹചര്യങ്ങളിലും വിവാഹമോചനം എന്ന ഉറച്ച തീരുമാനത്തിലേക്കെത്താന്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് സാധിക്കാത്ത അവസ്ഥയും സമൂഹത്തിലുണ്ട്.   
        
മുന്‍ ഭാഗങ്ങളില്‍ സൂചിപ്പിച്ചതുപോലെ സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്നത് മനുഷ്യത്വ വിരുദ്ധവും നിയമവിരുദ്ധവുമായ അതിക്രമമാണ്. ഇത്തരം വിഷയത്തില്‍ സമയബന്ധിതമായി നിയമനടപടികള്‍ സ്വീകരിച്ച് മാതൃകാപരമായ ശിക്ഷ നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയണം. ഡിവോഴ്സ് കേസുകള്‍ക്കായി ഫാസ്റ്റ് ട്രാക്ക് കോടതികള്‍ ഉണ്ടാവേണ്ടതുണ്ട്.
കോടതിയിലേക്ക് കേസ് എത്തിക്കുന്നതിന് മതിയായ തെളിവുകള്‍ ശേഖരിക്കാനും, പ്രതികള്‍ക്കെതിരായുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ കുറ്റമറ്റതാക്കാനും പോലീസ് ഉള്‍പ്പെടെയുള്ള നിയമസംവിധാനങ്ങളും കാര്യക്ഷമമാക്കേണ്ടതുണ്ട്. ടോക്സിക്കായ ബന്ധങ്ങള്‍ ഉപേക്ഷിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ കുടുംബ പശ്ചാത്തലവും സമൂഹവും മാറണം. ഇതിന് സമൂഹത്തില്‍ പൊതുവായി ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഉണ്ടാകണം.

REPRESENTATIVE IMAGE | WIKI COMMONS
''നമ്മുടെ സമൂഹം പെണ്‍കുട്ടികളെ സഹിക്കാനും ക്ഷമിക്കാനുമൊക്കെ അനാവശ്യമായി പഠിപ്പിക്കുന്നു. എല്ലാറ്റിനെയും തരണം ചെയ്യാനുള്ള കരുത്താണ് പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകേണ്ടത്. എട്ടാം ക്ലാസ് മുതല്‍ തന്നെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഔട്ട്‌ലൈന്‍ ചെയ്തിട്ടുള്ള ഔട്ട് സ്‌കില്‍സ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കുട്ടികളില്‍ പരിശീലിപ്പിക്കുകയാണെങ്കില്‍ അവര്‍ക്ക് പല കാര്യങ്ങളും മനസ്സിലാകും. എന്ത് ചെയ്യണം, എന്ത് ചെയ്യരുത്, എങ്ങനെ ചെയ്യണം, എങ്ങനെ പെരുമാറണം, എന്തൊക്കെ സഹിക്കണം, സഹിക്കേണ്ടാത്തത് എന്തൊക്കെ തുടങ്ങിയ കാര്യങ്ങളില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ കുട്ടികളുടെ പാഠ്യപദ്ധതി രൂപീകരിക്കേണ്ടതാണ്. ഒരു റിലേഷന്‍ഷിപ്പ് കൈകാര്യം ചെയ്യാനും അവനവന്റെ ലൈഫില്‍ ഞാനെന്ത് ചെയ്യരുതെന്നത് അറിയാനും കുട്ടികള്‍ പഠിക്കണം''
സൈക്കോളജിസ്റ്റ് ജി. സൈലേഷ്യ പറയുന്നു.

''നമ്മുടെ പാഠ്യപദ്ധതിയില്‍ കാതലായ മാറ്റം വരുത്തേണ്ടതുണ്ട്. പൊതുസമൂഹം പെണ്‍കുട്ടികളെ വളര്‍ത്തുന്നത് കേവലം വിവാഹകമ്പോളത്തിലെ ഉരുക്കളായി തന്നെയാണ്. 15 വയസ്സ് കഴിയുമ്പോള്‍ത്തന്നെ അവള്‍ കേള്‍ക്കുന്നത് നീ വിവാഹം കഴിച്ച് മറ്റൊരു വീട്ടില്‍ താമസിക്കേണ്ടവളാണ് എന്നാണ്. അരുതായ്കകള്‍ മാത്രമാണ് കേള്‍ക്കുക. ഇത് അവളുടെ ആത്മവിശ്വാസത്തെ തന്നെയാണ് തകര്‍ക്കുന്നത്. നീ സ്വന്തം കാലില്‍ നിന്ന് സമൂഹത്തിന് സേവനം ചെയ്ത്, സമൂഹത്തിലെ ഏറ്റവും ഉന്നതയായ വ്യക്തിത്വമായി മാറേണ്ടവളാണെന്ന് പറയുന്ന മാതാപിതാക്കള്‍ വളരെ കുറവാണ്. പെണ്‍കുട്ടികളുടെ ജീവിതത്തില്‍ പ്രാധാന്യം നല്‍കേണ്ടത് വിവാഹത്തിനല്ല. ജീവിതവിദ്യാഭ്യാസത്തിന് തന്നെയാണ്. ജീവിതത്തില്‍ കടന്നുവരുന്ന മറ്റ് സാഹചര്യങ്ങളില്‍ ഒന്നായി മാത്രം വിവാഹത്തെ കാണുകയാണ് വേണ്ടതെന്ന്'' ഡോ. ഷാഹിദ കമാല്‍ പറയുന്നു.

സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് നിരവധി സംഘടനകള്‍ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാന വനിതാ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള പല സംഘടനകളും പലപ്പോഴും പ്രശ്നങ്ങളില്‍ വേണ്ട രീതിയില്‍ ഇടപെടാതെ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തി പരാതികളില്‍ തീര്‍പ്പുകല്പിക്കുന്നതായി വ്യാപകമായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നിയമപരമായി പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ട വനിതാ കമ്മീഷന്‍ പല കേസുകളിലും ഒത്തുതീര്‍പ്പിലെത്തിക്കാനുള്ള ശ്രമമാണ് നടത്താറുള്ളത്.  കുടുംബം നിലനില്‍ക്കാന്‍, കുട്ടികള്‍ക്ക് രക്ഷിതാക്കളെ നഷ്ടപ്പെടാതിരിക്കാന്‍ തുടങ്ങിയ വാദങ്ങളാണ് കമ്മീഷന്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കൈക്കൊള്ളുന്നത്. അവിടെ പരാതിക്കാരിയായ സ്ത്രീ നിസ്സഹായയാവുന്നു. 

ജി. സൈലേഷ്യ | PHOTO: FACEBOOK
''അഞ്ചുവര്‍ഷക്കാലം ഞാന്‍ വനിതാ കമ്മീഷന്‍ അംഗമെന്ന നിലയില്‍ പ്രവര്‍ത്തിച്ചത് വച്ച് നോക്കുമ്പോള്‍, വനിതാ കമ്മീഷന്‍ മധ്യസ്ഥ റോളുകള്‍ തന്നെയാണ് വഹിക്കുന്നത്. പറഞ്ഞ് പരിഹരിക്കാന്‍ പറ്റുന്ന പ്രശ്‌നങ്ങള്‍ രമ്യതയിലെത്തിക്കാന്‍ കഴിയുന്നത് ആ കുടുംബത്തിന്റെ കെട്ടുറപ്പിനും രമ്യതയ്ക്കും അനിവാര്യമാണ്. അക്കാര്യത്തില്‍ വനിതാ കമ്മീഷന്റെ ഇടപെടലുകള്‍ വളരെ ഫലപ്രദവുമാണ്. മധ്യസ്ഥ ശ്രമത്തെ ചെറുതായി കാണേണ്ട ഒന്നല്ല. പെട്ടെന്നുള്ള വൈകാരികമായ പ്രതികരണങ്ങളാണ് ചിലപ്പോഴൊക്കെ ആത്മഹത്യകളിലേക്കും കൊലപാതകങ്ങളിലേക്കും പോകുന്നത്. വൈകാരികമായ അവസ്ഥയില്‍ തീരുമാനം എടുക്കാന്‍ പറ്റാതെ വരുമ്പോള്‍ ഒരാള്‍ സഹായിക്കാനുണ്ടെങ്കില്‍ തീര്‍ച്ചയായും അവരുടെ ആ തീരുമാനത്തെ മാറ്റാന്‍ കഴിയുമെന്നത് എന്റെ അനുഭവമാണ്''എന്നും ഷാഹിദ കമാല്‍ കൂട്ടിച്ചേര്‍ക്കുന്നു.

നമ്മുടെ പോലീസ് സ്റ്റേഷനുകളിലെ അവസ്ഥയും സമാനമാണ്. ഗാര്‍ഹിക പീഡനത്തിനെതിരെ ഒരു സ്ത്രീ പരാതിയുമായി ചെന്നാല്‍ പോലും നിയമ നടപടികള്‍ക്ക് പകരം ഒത്തുതീര്‍പ്പു ചര്‍ച്ചകളാണ് നടക്കാറുള്ളത്. എഫ്‌ഐആര്‍ തയ്യാറാക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ പലപ്പോഴും തയ്യാറാവാറില്ല. മിക്ക ഇടങ്ങളിലും മത പുരോഹിതരും, പള്ളിക്കമ്മറ്റികളുമൊക്കെയാണ് പീഡനങ്ങള്‍ പുറത്തുവരാത്ത വിധത്തിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കുന്നത്.

ഡോ. ഷാഹിദ കമാല്‍ | PHOTO: FACEBOOK
എവിടെയെല്ലാം പരാതിപ്പെടാം

''ഇത്തരത്തില്‍ പീഡനങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്കായി കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സഖി. കേരളത്തിലെ എല്ലാ ജില്ലയിലും ഇത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിലൂടെ സ്ത്രീകള്‍ക്ക് പരാതിപ്പെടാനും നാലോ അഞ്ചോ ദിവസം അവിടെ താമസിക്കാനും കഴിയും. കുടുംബശ്രീയുടെ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് ആണ് സ്‌നേഹിത. അവിടെയും സ്ത്രീകള്‍ക്ക് പരാതി നല്‍കി കുറച്ച് ദിവസത്തേക്ക് നില്‍ക്കാന്‍ കഴിയും. പക്ഷേ, ഇവയൊക്കെ കുറച്ച് ദിവസത്തേക്ക് മാത്രമുള്ള ആശ്രയകേന്ദ്രങ്ങളാണ്. ഇതിനുശേഷം ഇവര്‍ എങ്ങോട്ട് പോകുമെന്നത് പ്രശ്‌നമാണ്. കൂടാതെ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഓരോ ജില്ലയിലും ഉണ്ട്. അവര്‍ കോടതി വഴി നമുക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുതരും'' കേരള മഹിള സമഖ്യ സൊസൈറ്റി മുന്‍ ഡയറക്ടര്‍ പി ഇ ഉഷ പറയുന്നു.

''ധാരാളം കൗണ്‍സിലിങ് സെന്ററുകള്‍ ഉള്‍പ്പെടെ ഒട്ടേറെ സ്ഥാപനങ്ങള്‍ സ്ത്രീ സൗഹൃദത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ 14 ജില്ലകളിലും ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. ഈ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍ക്ക് നേരിട്ട് പരാതി നല്‍കാനും സാധിക്കും. സൗജന്യ സേവനവും ലഭ്യമാണ്. കൂടാതെ കേരളത്തില്‍ നൂറോളം സര്‍വീസ് പ്രൊവൈഡിങ് സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ ഒരു അഡ്വക്കേറ്റും ഉണ്ട്. അവിടെയും സൗജന്യ സേവനം ലഭ്യമാണ്. വനിത കമ്മീഷനില്‍ പരാതി നല്‍കിയാല്‍ ചെറിയ പ്രശ്നങ്ങളാണെങ്കില്‍, മജിസ്ട്രേറ്റ് അത് പരിഹരിക്കും. അതുപോലെ വനിതാ സെല്ലുകളും, വനിതാ പോലീസ് സ്റ്റേഷനുകളുമുണ്ട്. ഇതെല്ലാം സ്ത്രീകള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. വനിതാ കമ്മീഷന്റെ ഏറ്റവും താഴെത്തട്ടിലുള്ള ഘടകമാണ് ജാഗ്രതാ സമിതി. എല്ലാ പഞ്ചായത്തിലും ജാഗ്രതാ സമിതിയുണ്ട്. വാര്‍ഡ്, പഞ്ചായത്ത്, ജില്ലാതല ജാഗ്രതാ സമിതികള്‍ ഉണ്ട്. ജാഗ്രതാ സമിതിയില്‍ പരാതി നല്‍കാന്‍ അംഗന്‍വാടികള്‍ക്ക് മുമ്പില്‍ പരാതിപ്പെട്ടികളും സ്ഥാപിച്ചിട്ടുണ്ട്.

പിഇ ഉഷ | PHOTO: FACEBOOK
ഇതിനെല്ലാം പുറമെ കേരളത്തിലെ 14 ജില്ലകളിലും ഷെല്‍ട്ടര്‍ ഹോമുകള്‍ ഉണ്ട്. അതായത് ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് സൗജന്യമായി ഇവിടെ താമസിക്കാവുന്നതാണ്. ഒരേസമയം 30 പേരെയാണ് അവിടെ താമസിപ്പിക്കുന്നത്. ഇത് താല്കാലികമാണെന്ന് മാത്രം. ഇവര്‍ക്ക് നിയമസഹായമുള്‍പ്പെടെ എല്ലാം സൗജന്യമായി നല്‍കും. കേരളത്തിലല്ലാതെ ഇന്ത്യയില്‍ മറ്റൊരിടത്തും അത്തരമൊരു സംവിധാനം ഇല്ല. സാമൂഹ്യക്ഷേമ ബോര്‍ഡില്‍ ഞാന്‍ അംഗമായിരിക്കുന്ന കാലത്താണ് ഞങ്ങള്‍ ഇത്തരം ഷെല്‍ട്ടര്‍ ഹോമുകള്‍ കൊണ്ടുവന്നതെന്നും''ഡോ. ഷാഹിദ കമാല്‍ വ്യക്തമാക്കുന്നു.

മാറ്റങ്ങള്‍ വരേണ്ടത്, സാമൂഹികമായ ചിന്താഗതികളിലാകമാനമാണ്. പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാനല്ല, പ്രശ്‌നങ്ങളെ അതിജീവിച്ച് ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള ആത്മവിശ്വാസം ഓരോ വ്യക്തിക്കും നല്‍കുകയാണ് ഒരു പുരോഗമന സമൂഹത്തിന്റെ ഉത്തരവാദിത്തം. സ്ത്രീപുരുഷ സമത്വം ഉറപ്പാക്കുന്ന തരത്തില്‍ നമ്മുടെ സാമൂഹിക സാഹചര്യങ്ങളില്‍ കാലാതീതമായ മാറ്റങ്ങള്‍ വരേണ്ടതുണ്ട്. ലിംഗസമത്വത്തിനായി നിയമ സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ട്. വിവാഹകമ്പോളത്തില്‍ വിലപേശി വില്‍ക്കാനുള്ളതോ, വാങ്ങാനുള്ളതോ ആയ ഉത്പന്നങ്ങളല്ല ഒരു സ്ത്രീ എന്ന സാമൂഹിക അവബോധമാണ് സമൂഹത്തില്‍ ഉണ്ടാകേണ്ടത്. നമ്മുടെ സാമൂഹിക പാഠങ്ങളില്‍ പ്രഥമപരിഗണന നല്കപ്പെടേണ്ട ഗൗരവമായ വിഷയമാണത്.




#outlook
Leave a comment