TMJ
searchnav-menu
post-thumbnail

Outlook

വധശിക്ഷ കൊണ്ട് നടപ്പാക്കുന്നത് നീതിയല്ല, പ്രതികാരമാണ്

01 Dec 2023   |   4 min Read
അഡ്വ. ശരത് കൃഷ്ണന്‍ ആര്‍

ലുവയില്‍ ചാന്ദിനി എന്ന കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ അസ്ഫാക് ആലം എന്ന ബിഹാര്‍ സ്വദേശിക്ക് എറണാകുളം പോക്സോ കോടതി വധശിക്ഷ വിധിച്ച പശ്ചാത്തലത്തില്‍ വധശിക്ഷയുടെ നൈതികത വീണ്ടും ചര്‍ച്ചചെയ്യപ്പെടുകയാണ്. ലോകത്ത് 122 രാജ്യങ്ങള്‍ വധശിക്ഷ പാടെ നിരോധിച്ചുകഴിഞ്ഞു. 2022 ലെ കണക്കുകള്‍ പരിശോധിച്ചാല്‍, Iran, Saudi Arabia, Egypt, USA എന്നീ രാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കിയിട്ടുള്ളത്. രാഷ്ട്രീയ ആയുധമായിപോലും വധശിക്ഷ മാറുന്ന കാഴ്ച ലോകഭൂപടത്തില്‍ പുതിയതല്ല.
'Second Optional Protocol to the International Covenant on Civil and Political Rights, Protocol No. 6 to the European Convention on Human Rights, and Protocol No. 13 to the European Convention on Human Rights, The Protocol to the American Convention on Human Rights to Abolish the Death penalty' തുടങ്ങി വധശിക്ഷയുടെ നിരോധനം ആവശ്യപ്പെടുന്ന അനവധി അന്താരാഷ്ട്ര കരാറുകളും നിയമങ്ങളും ഉണ്ടെങ്കിലും ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും ഇന്നും വധശിക്ഷ നിലനിര്‍ത്തി പോരുന്നു. 2019 ല്‍ ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടര്‍ ആയ യുവതി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോള്‍ പാര്‍ലമെന്റ് പോലും ആ കുറ്റവാളികളുടെ രക്തത്തിനായി ദാഹിച്ചു. പൊതുമധ്യത്തില്‍ പ്രതികളെ തല്ലികൊല്ലണം എന്നാണ് ജയാ ബച്ചന്‍ വാദിച്ചത്. ഡിഎംകെ എംപി വില്‍സണ്‍ പ്രതികളെ വന്ധ്യംകരിക്കണം എന്ന പക്ഷക്കാരന്‍ ആയിരുന്നു. എല്ലാ കാലത്തും പല്ലിനു പല്ല് കണ്ണിന് കണ്ണ് എന്ന പ്രതികാര വാഞ്ഛ സമൂഹത്തിന്റെ പെട്ടെന്നുള്ള പ്രതികരണമാണ്.

ഇന്ത്യന്‍ പീനല്‍ കോഡില്‍ ബലാത്സംഗത്തിന് വധശിക്ഷ നല്‍കാത്തത്തില്‍ ഉണ്ടായ വിമര്‍ശനങ്ങള്‍ക്ക് തോമസ് ബാബിങ്‌ടോണ്‍ മെക്കാളെ നല്‍കിയ മറുപടി 'കുറഞ്ഞ പക്ഷം ഇരയുടെ ജീവന്‍ സംരക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞു' എന്നാണ്. തൂക്ക് കയറാണ് ശിക്ഷയെങ്കില്‍ പ്രതി തെളിവ് നശിപ്പിക്കാന്‍ ഇരയെ കൊന്നുകളയാനാണ് സാധ്യത എന്നത് ആ ദീര്‍ഘദര്‍ശി 1860 ല്‍ തന്നെ തിരിച്ചറിഞ്ഞിരുന്നു. കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെടുന്ന കേസുകളില്‍ വലിയൊരു ശതമാനവും ബന്ധുക്കളോ പരിചയക്കാരോ തന്നെയാവും പ്രതികള്‍. അതുകൊണ്ടുതന്നെ വധശിക്ഷ നിലനില്‍ക്കുന്ന പക്ഷം ആ കുറ്റകൃത്യം റിപ്പോര്‍ട് ചെയ്യപ്പെടാതെ ഇരിക്കാനുള്ള സാധ്യത ഏറുന്നു.

ഇരയുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി സ്റ്റേറ്റ് പ്രതികാരം ചെയുന്നു എന്നതില്‍ കവിഞ്ഞ് വധശിക്ഷ കൊണ്ട് യാതൊരു നീതിയും ഒരിടത്തും ഒരുകാലത്തും നടപ്പാകുന്നില്ല. വധശിക്ഷകൊണ്ട് കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി ഇന്നേവരെ ലോകത്തൊരിടത്തും യാതൊരു കണക്കുകളുമില്ല. ഹീനമായ കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ വധശിക്ഷക്ക് വേണ്ടി ജനമധ്യത്തില്‍ നിന്നുയരുന്ന മുറവിളി അവരുടെ വൈകാരിക പ്രതികരണം മാത്രമാണ്. അത് വളരെ സ്വാഭാവികവുമാണ്. എന്നാല്‍ അതിനെ ഒരു അവകാശമായി കണ്ട് വാലിഡേറ്റ് ചെയ്യുകയാണ് വധശിക്ഷയിലൂടെ സ്റ്റേറ്റ് ചെയുന്നത്. നാളെ അതു സ്വയം വിധി നടപ്പാക്കാനുള്ള ന്യായീകരണമായി ചിലരെങ്കിലും കണ്ടെന്നു വരാം. (ഉദാ: ദുരഭിമാന കൊലകള്‍). ശരീയത്ത് നിയമം പോലെ പരസ്യമായി പൊതുമധ്യത്തില്‍ തൂക്കിലേറ്റുകവഴി പൊതു ജനത്തിന്റെ വയലന്‍സിനോടുള്ള സംവേദനക്ഷമത ഇല്ലാതാക്കാനെ കഴിയുകയുള്ളു. കുട്ടികള്‍ പോലും ആ കാഴ്ചയെ ഇന്റേര്‍ണലൈസ് ചെയ്യുകയോ ആവര്‍ത്തിക്കാന്‍ ശ്രമിക്കുകയോ ചെയ്യുകയേ ഉള്ളു. നൂറു ദിവസങ്ങള്‍ക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി ഒരു ശിശു ദിനത്തില്‍ ശിക്ഷ വിധിക്കുമ്പോള്‍ കൈയ്യടി നേടാന്‍ വെമ്പുന്ന ഭരണകൂടത്തിനെ മാത്രമാണ് ഇവിടെ കാണാന്‍ കഴിയുന്നത്. സ്റ്റേറ്റ് അതിന്റെ മൗലികമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്. ഇരക്ക് നീതി എന്ന തലക്കെട്ടോടെയുള്ള മാധ്യമങ്ങളുടെ ആരവങ്ങള്‍ കാണുമ്പോള്‍ ചോദിക്കേണ്ടതുണ്ട് ഇത്രകണ്ട് ആഘോഷിക്കപ്പെടേണ്ട ഒന്നാണോ വധശിക്ഷ? 


REPRESENTATIVE IMAGE: UN
പൊതുബോധത്തിന് വിപരീതമായി നാവനക്കിയാല്‍ റേറ്റിംഗ് കുറയുമെന്ന് ഭയപ്പെടുന്ന മാധ്യമങ്ങളുടെ strategic bias ഇവിടെ കാണാം. കയ്യൂക്ക് കൊണ്ട് ഭയപ്പെടുത്തി കുറ്റകൃത്യങ്ങള്‍ കുറയ്ക്കാമെന്ന ഏതോ പ്രാകൃത ബോധ്യത്തില്‍ നിന്നുകൊണ്ട് സ്റ്റേറ്റ് അതിന്റെ വിധി നടപ്പാക്കുന്നു. അതില്‍ എവിടെയാണ് നീതി ? വധശിക്ഷക്ക് അത്തരം detterant effect ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് ഈ രാജ്യങ്ങള്‍ക്ക് എല്ലാ വര്‍ഷവും വധശിക്ഷ നടപ്പാക്കേണ്ടി വരുന്നു. ദളിതനും ന്യൂനപക്ഷവും ഉള്‍പ്പെടുന്ന സാമൂഹികമായി യാതൊരു അധികാരവുമില്ലാത്ത മനുഷ്യര്‍ മാത്രം ഇന്ത്യയില്‍ ഈ 'ഒടുക്കത്തെ ശിക്ഷക്ക്' വിധിക്കപ്പെടുന്നു എന്നതിന്റെ കാരണങ്ങള്‍ Delhi National Law Univisity യുടെ Death Penalty Project വിശദീകരിക്കുന്നുണ്ട്. സമൂഹത്തിലെ ബയസ് നീതിനിര്‍വഹണത്തിലും നിഴലിക്കുന്നു എന്ന് തന്നെയാണ് ഉത്തരം. ഇന്ത്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടു കഴിയുന്നവരില്‍ 79% പിന്നോക്ക ജാതികളില്‍ പെട്ടവരോ ന്യൂനപക്ഷവിഭാഗത്തില്‍ നിന്നുള്ളവരോ ആണ്. കേരളത്തില്‍ 60% ത്തില്‍ കൂടുതല്‍ മതന്യൂനപക്ഷങ്ങളാണ്. ഗുജറാത്തില്‍ ശിക്ഷിക്കപ്പെട്ട 19 ല്‍ 11 പേരും മുസ്ലിങ്ങളായിരുന്നു. FBI (Federal Beuro of Investigation ) യുടെ കണ്ടെത്തല്‍ അനുസരിച്ച് വധശിക്ഷ നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ കൊലപാതകങ്ങള്‍ കൂടുകയല്ലാതെ കുറഞ്ഞതായി കാണുന്നില്ല. 1973 ല്‍ അമേരിക്കയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട 191 പ്രതികളെയാണ് പിന്നീട് നിരപരാധികള്‍ എന്ന് കണ്ട് വെറുതെ വിട്ടത്. ഒരു കുറ്റമറ്റ നീതിന്യായ സംവിധാനം അമേരിക്ക പോലുള്ള വികസിത രാജ്യങ്ങള്‍ക്ക് പോലും അവകാശപ്പെടാനില്ല. അതുതന്നെയാണ് വധശിക്ഷക്ക് എതിരെയുള്ള പ്രധാന വാദമുഖം.

'അപൂര്‍വങ്ങളില്‍ അത്യപൂര്‍വം' എന്ന തത്വം പ്രായോഗിക തലത്തില്‍ ഇന്നും ജഡ്ജിമാരുടെ മനോധര്‍മം മാത്രമാണ്. ആ തത്വത്തിന് തന്നെ വ്യക്തത ഇല്ലെന്നും ഓരോരുത്തരും അവരവരുടെ രീതിയില്‍ വ്യാഖ്യനിക്കുകയാണെന്നും സുപ്രീം കോടതിയിലെ ന്യായാധിപന്‍മാര്‍ തന്നെ സമ്മതിക്കുന്നു. ഭരണഘടന ഉറപ്പു നല്‍കുന്ന ഒരവകാശത്തെ ഹനിച്ചുകൊണ്ട് സ്റ്റേറ്റ് ഒരുവന്റെ ജീവനെടുക്കാന്‍ ആശ്രയിക്കുന്നത് അത്രമേല്‍ ദുര്‍ബലമായ ഒരു തത്വത്തെയാണെന്നതാണ് ഐറണി. പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുമ്പോള്‍ നടത്തുന്ന കള്ളിങ്ങ് ഓഫ് പോലെ ചെയ്യേണ്ടതല്ല വധശിക്ഷ എത്രയോ അസ്ഫാക് ആലംമാര്‍ നമുക്കിടയില്‍ ഇനിയും ഉണ്ടാകാം. നമ്മുടെ വീട്ടകങ്ങളില്‍ ഉണ്ടാകാം. പ്രതികള്‍ ബന്ധുക്കള്‍ ആയതുകൊണ്ട് മാത്രം സെറ്റില്‍ ചെയ്ത് പോകുന്ന pocso കേസുകളുടെ കണക്ക് ഈ മുഖ്യധാരാ മാധ്യമങ്ങള്‍ പരിശോധിക്കണം. എന്നിട്ട് നമുക് വധശിക്ഷ നടപ്പാക്കം.

REPRESENTATIVE IMAGE: WIKI COMMONS
പര്യാപ്തമായ നിയമ സഹായം ലഭ്യമാകാത്തതും എല്ലാവിധ മനുഷ്യാവകാശവും കാറ്റില്‍ പറത്തി കൊടിയ പീഡനത്തിലൂടെ പോലീസ് നടത്തുന്ന നീതിപൂര്‍വമല്ലാത്ത തെളിവ് ശേഖരണവും, നിഷ്പക്ഷമല്ലാത്ത വിചാരണാരീതികളും വധശിക്ഷയിലേക്ക് നയിക്കുന്നു. പരിചയ സമ്പന്നനായ അഭിഭാഷകന്റെ സേവനം ലഭ്യമാകാത്തത് കൊണ്ടോ സര്‍ക്കാരിന്റെ സൗജന്യ നിയമ സഹയത്തിന്റെ കാര്യക്ഷമതക്കുറവ് കൊണ്ടോ കൂടിയാണ് പലപ്പോഴും ഇന്ത്യയില്‍ ഒരു പ്രതി വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നത് എന്ന് death penalty project കണ്ടെത്തുന്നു. നീതി നിര്‍വഹണത്തിലെ ഈ അപര്യാപ്ത്തതകളെയും പരിമിതികളേയും ഉള്‍കൊള്ളുന്നത് കൊണ്ടാണ് മാപ്പ് നല്‍കാനുള്ള അധികാരം ജുഡീഷ്യറിയില്‍ നിന്ന് മാറി ഭരണഘടനയുടെ അനുഛേദം 72 പ്രകാരം എക്‌സിക്യൂട്ടീവിന് നല്‍കിയിരിക്കുന്നത് (executive clemency). ഭാരതീയ നാഗരിക് സുരക്ഷ സംഹിത ബില്ലിന്റെ 473-ാം വകുപ്പ് ഇപ്രകാരമാണ് 'No appeal shall lie in any court against the order of the president made under Article 72 of the constitution and it shall be final, and any question as to the arriving of the decision by the President shall not be enquired into in any court' രാഷ്ട്രപതി ദയാഹര്‍ജി തള്ളിയാല്‍ അതിന്മേല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുവാനുള്ള അവകാശം ഇല്ലാതെയാകുന്നു. അതായത് ദയാഹര്‍ജി തള്ളുന്ന പക്ഷം സ്റ്റേറ്റിന് വളരെ വേഗം എക്‌സിക്യൂഷന്‍ നടപ്പിലാക്കാം. ദയാ ഹര്‍ജിയിലെ രാഷ്ട്രപതിയുടെ തീരുമാനമെന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനമാണ് എന്നത് ബില്ലിലെ പ്രസ്തുത വകുപ്പിന്റെ അപകടം വര്‍ധിപ്പിക്കുന്നു.

സാമൂഹിക സാഹചര്യങ്ങളും വയലന്‍സും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക മുതല്‍ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുക എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലൂടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക വഴി ഇത്തരം ക്രിമിനല്‍ ബിഹേവിയര്‍ തടയാന്‍ സാധിക്കുമെന്ന് തെളിയിക്കപെട്ടിട്ടുണ്ട്. പീഡോഫീലിയ ഒരു രോഗമാണ്. അവരെ കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കണം. തെറാപ്പികളും കെമിക്കല്‍ കാസ്‌ട്രെഷന്‍ പോലെയുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവയുടെ നൈതികത മുന്‍നിര്‍ത്തി ഉപയോഗപ്പെടുത്തി, കുറ്റകൃത്യം തടയാനുള്ള മാര്‍ഗങ്ങളാണ് തേടേണ്ടത് സാങ്കേതിക വിദ്യ ഇത്രമേല്‍ പുരോഗമിച്ചകാലത്ത് ഇവരെ കണ്ടെത്തുവാന്‍ സാധിക്കണം. അത്തരം താല്പര്യങ്ങള്‍ ഉള്ളവര്‍ അവരുടെ ഐഡന്റിറ്റി വെളുപ്പെടുത്താന്‍ തയ്യാറാകില്ല അവിടെ സമൂഹത്തിന്റെ തന്നെ ശക്തമായ സപ്പോര്‍ട്ട് അവര്‍ക്ക് നല്‍കുക എന്നതാണ് പോംവഴി. Virtuous pedophiles പോലുള്ള സപ്പോര്‍ട്ടിങ് ഗ്രൂപ്പുകള്‍ ആ മേഖലയില്‍ പ്രവര്‍ത്തിച്ചു വിജയം കണ്ടിട്ടുണ്ട്. Irrevocable ആയ വധശിക്ഷയുടെ നൈതികതയെ സംബന്ധിച്ച ചര്‍ച്ചയില്‍ ആദ്യമായും അവസാനമായും ഉയരേണ്ട ചോദ്യമിതാണ് കുറ്റമറ്റതല്ലെന്ന് സ്വയം സമ്മതിക്കേണ്ടി വരുന്ന ഒരു നീതിന്യായ വ്യവസ്ഥക്ക് ഒരാളുടെ ജീവനെടുക്കാന്‍ എന്താവകാശമാണുള്ളത് ?


#outlook
Leave a comment