TMJ
searchnav-menu
post-thumbnail

Outlook

കേരളീയം കേരളദേശീയതയെ അപനിര്‍മ്മിക്കുമോ?

15 Nov 2023   |   3 min Read
ഡോ. വൈ ടി വിനയരാജ്

'ഭാരതമെന്ന പേരു കേട്ടാലഭിമാന പൂരിതമാകണം അന്തരംഗം,
കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍'

വരികള്‍ വള്ളത്തോള്‍ കുറിക്കുന്നത് സര്‍ സി പി രാമസ്വാമി അയ്യരുടെ സ്വതന്ത്ര തിരുവിതാംകൂര്‍ രൂപീകരണ ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ്. കേരളത്തിന്റെ വ്യതിരിക്തത നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇന്ത്യന്‍ യൂണിയന്റെ ഭാഗമായി മാറണമെന്ന ദേശീയബോധം നിഴലിക്കുന്ന വരികളായിട്ടാണ് ഇതിനെ വായിച്ചെടുക്കാന്‍ കഴിയുക. ഇന്ത്യയെന്ന ദേശീയ സ്വത്വവുമായി ബന്ധപ്പെട്ട്, കേരളത്തിന്റെ ദേശീയതയെ അടയാളപ്പെടുത്താനുള്ള ഒരു ദേശസ്‌നേഹിയുടെ ശ്രമമായി ഇതിനെ കാണാം. 1956  നവംബര്‍ ഒന്നിന്  കേരള സംസ്ഥാനം രൂപീകൃതമാകുന്നതുവരെയുള്ള ഐക്യകേരള ശ്രമങ്ങള്‍, രാജ്യത്ത് ഉടനീളമുണ്ടായ ദേശീയവാദ പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെയും ഭാഗമായി തന്നെയാണ് വിലയിരുത്തപ്പെടുന്നത്.  എന്നാല്‍, കേരള സംസ്ഥാന രൂപീകരണം മുതല്‍ ഇന്നുവരെയുള്ള ചരിത്രത്തില്‍ കേരളമെന്ന ദേശം അല്ലെങ്കില്‍ സംസ്‌കൃതി ആധുനികമായ ഏക/ മേലാള  ദേശീയ സ്വത്വബോധത്തിന്റെ പരിമിതികള്‍ക്കപ്പുറം മുന്നോട്ടുപോയിട്ടില്ലായെന്ന കീഴാള സാമൂഹ്യ ചിന്തകരുടെ വാദത്തെ നീതിമത്കരിക്കുന്ന പ്രവര്‍ത്തനമാണ് കേരള സര്‍ക്കാരിന്റെ ഇക്കഴിഞ്ഞ കേരളീയം പരിപാടിയില്‍ സംഭവിച്ചതെന്നാണ് ഇവിടെ പറയാന്‍ ശ്രമിക്കുന്നത്.

കേരളീയം പരിപാടി, കേരളത്തെ ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ  ശ്രമങ്ങള്‍ എന്ന നിലയില്‍  ഒട്ടും വിലകുറച്ചു കാണുന്നില്ല. വിഭാഗീയ ശ്രമങ്ങളും വെറുപ്പിന്റെ രാഷ്ട്രീയ/ സാംസ്‌കാരിക ക്രമങ്ങളും മത ശത്രുതയുടെ ഇടപെടലുകളും വളരുന്ന ഈ കാലത്തു ഒരു ഉത്തരവാദിത്ത ഭരണകൂടം ചെയ്യേണ്ട കാര്യങ്ങള്‍ തന്നെയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യുന്നതെന്ന ചിന്തയും ലേഖകനുണ്ട്. വിഭാഗീയതയുടെ കാലത്തു, ഒരുമയുടെ, അതിന്റെ ആഘോഷത്തിന്റെ പ്ലാറ്റുഫോമുകള്‍ സൃഷ്ടിക്കുന്നത് അഭിനന്ദനാര്‍ഹമായ കാര്യം തന്നെയാണ്. ആധുനിക ജീവിതത്തിന്റെ പിരിമുറുക്കങ്ങളും സംഘര്‍ഷങ്ങളും ലഘൂകരിക്കാന്‍ ഉത്സവത്തിന്റെ സാമൂഹ്യതയ്ക്കു കഴിയും എന്ന് തന്നെയാണ് ഉറച്ചുവിശ്വസിക്കുന്നത്. ഇവിടെ സര്‍ക്കാരിന്റെ സദുദ്ദേശത്തെ അംഗീകരിക്കുമ്പോഴും കേരളത്തിന്റെ പൊതുബോധം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞ ഒരു രാഷ്ട്രീയ സന്ദര്‍ഭമായിരുന്നു അത് എന്നാണ് കരുതുന്നത്. അത് ആദിമം എന്ന പേരില്‍ ആദിവാസി വിഭാഗങ്ങളുടെ പരമ്പരാഗത കലാരൂപങ്ങളും ജീവിതരീതിയും പ്രദര്‍ശനം ചെയ്യപ്പെട്ടു എന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്.

PHOTO: KERALEEYAM 2023.IN
കേരള ഫോക്ലോര്‍ അക്കാദമിക്ക് നല്‍കിയ പ്ലോട്ടില്‍ കേരളത്തിലെ വിവിധ ആദിവാസി വിഭാഗങ്ങളുടെ പ്രതിനിധികളെ കൊണ്ടുവന്ന് ആദിവാസി ജീവിത ക്രമവും കലകളും പ്രദര്‍ശിപ്പിച്ചത് മനുഷ്യ മ്യൂസിയം നിര്‍മ്മിക്കാനുള്ള ശ്രമമായിട്ടാണ് കേരളത്തിലെ ഉദ്ബുദ്ധരായ കീഴാള സമൂഹം കണ്ടത്. എതിര്‍ രാഷ്ട്രീയ ചേരിയില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നത് രാഷ്ട്രീയ നേട്ടത്തിനാണെന്ന് നമുക്കറിയാം. എന്നാല്‍ കീഴാള സാമൂഹ്യ പ്രവര്‍ത്തകരും വൈജ്ഞാനികളും തുറന്നിട്ട ആശയം, കേരളം വേണ്ടത്ര ശ്രദ്ധ കൊടുത്ത് ചര്‍ച്ച ചെയ്തില്ല എന്നാണ് സൂചിപ്പിക്കാനുള്ളത്. ഭരണകൂടത്തിന്റെ ഭാഗമായ ഇടതുപക്ഷം പറയുന്നത് കേരളത്തിന്റെ സ്വത്വബോധത്തില്‍ ആദിവാസികളുടെയും ദളിതരുടെയും സംസ്‌കൃതികളും സ്വത്വ ദര്‍ശനങ്ങളും ഒഴിച്ചുകൂടാത്തവ ആയതുകൊണ്ട് അവ ഉള്‍ച്ചേര്‍ക്കുവാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ്. എന്നാല്‍ ഈ ഉള്‍ച്ചേര്‍ക്കല്‍ എന്തുകൊണ്ട് തുല്യതയുടെ പരിപ്രേക്ഷ്യത്തില്‍ ആയില്ല എന്നാണ് കീഴാള രാഷ്ട്രീയ സമൂഹം ചോദിക്കുന്നത്. ഇത് തുറന്നിടുന്നത്, ആധുനിക കേരളത്തിന്റെ ഇനിയും മാറിയിട്ടില്ലാത്ത പൊതുബോധമാണ്. ആദിവാസികളും ദളിതരും അടങ്ങുന്ന കീഴാള സമൂഹം സ്വയം പ്രതിനിധാനം ചെയ്യാന്‍ കഴിവില്ലാത്തവരാണെന്നും അവരെ പ്രതിനിധീകരിക്കുകയോ അല്ലെങ്കില്‍ അതിനുള്ള അവസരങ്ങള്‍ ഉണ്ടാക്കി കൊടുക്കുകയോ ചെയ്യേണ്ട ഉത്തരവാദിത്തം ഉപരി സമൂഹങ്ങള്‍ക്കാണെന്നുമുള്ള രക്ഷകര്‍ത്തൃത്വ മനോഭാവമാണ് ഇവിടെ വെളിപ്പെടുന്നത്. 

കേരളീയം വെളിപ്പെടുത്തേണ്ടത്, ഈ കാലമത്രയും ഇവിടത്തെ കീഴാള സമൂഹങ്ങള്‍ സ്വയാര്‍ജിത കര്‍ത്തൃത്വ ഭാവനകള്‍ എത്രമാത്രം നേടിയെടുത്തിട്ടുണ്ടെന്നും അല്ലെങ്കില്‍ ആ പ്രക്രിയയില്‍ അവര്‍ എവിടെ നില്‍ക്കുന്നുവെന്ന് സ്വയം പ്രഖ്യാപിക്കാനുള്ള അവസരമാണ്. അതിനുപകരം അവരെ പൂര്‍വ്വകാണ്ഡത്തിലെ അപരിഷ്‌കൃത ജന്മങ്ങളായി പുനരടയാളപ്പെടുത്തി, ഉപരി സമൂഹം എത്രമാത്രം പരിഷ്‌കൃതരായെന്ന് വ്യക്തമാക്കി, സാമൂഹ്യ പരിവര്‍ത്തന പ്രക്രിയയുടെ രക്ഷാകര്‍ത്തൃത്വം തുടര്‍ന്നും നിലനിര്‍ത്താനുള്ള കുല്‌സിത ശ്രമമായി മാത്രമേ ഇതിനെ കാണാനാവൂ. മാര്‍ക്‌സിസ്റ്റുകള്‍ അംബേദ്കറെ വായിക്കാന്‍ മറന്നതിന്റെ പ്രശ്‌നമാണിത്.  അംബേദ്കര്‍ പ്രതിനിധാനം ചെയുന്നത് സ്വയാര്‍ജിത കര്‍ത്തൃത്വ ബോധത്തിലേക്ക് വളരുന്ന ആധുനിക കീഴാള സമൂഹത്തെയാണ്. ദളിതരെയും ആദിവാസികളെയും ഒരു ആധുനിക സമൂഹമായി കാണാന്‍ കേരളത്തിലെ ലിബറല്‍ ബോധങ്ങള്‍ക്കു സാധിക്കുന്നില്ല എന്നതാണ് പ്രശ്‌നം. സ്വയം പരിവര്‍ത്തിക്കുന്ന സമൂഹം എന്ന നിലയില്‍ ഈ കീഴാള വിഭാഗങ്ങള്‍ എവിടെ നില്‍ക്കുന്നുവെന്ന് വ്യകതമാക്കാന്‍ അവരോടു ആവശ്യപ്പെടുക എന്ന കാര്യമാണ് കേരളീയത്തിന്റെ സംഘാടകര്‍ ചെയ്യേണ്ടിയിരുന്നത്. അങ്ങനെയായിരുന്നെങ്കില്‍, ധന്യാ രാമന്‍ ചൂണ്ടിക്കാണിച്ചതുപോലെ പരിപാടിയുടെ ഉദ്ഘാടന വേദിയില്‍ തന്നെ കമലാഹാസനോടും മമ്മൂട്ടിയോടും മോഹന്‍ലാലിനോടും ശോഭനയോടുമൊപ്പം സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിച്ചേര്‍ന്ന കീഴാള പ്രതിനിധികളും ഉണ്ടാകുമായിരുന്നു. 

PHOTO: KERALEEYAM 2023.IN
ആധുനിക ദേശീയവാദം  ചതിക്കുഴി ഉള്‍ക്കൊണ്ടിരിക്കുന്നുവെന്നു വ്യക്തമായി പറഞ്ഞത് ബി.ആര്‍ അംബേദ്കറാണ്. ദേശീയവാദം ഏകപക്ഷീയമായ വംശീയതയോ മതബോധമോ ഭാഷാരീതിയോ സങ്കുചിതമായ പ്രാദേശികവാദമോ പരിപോഷിക്കുന്നുണ്ടെന്നു അംബേദ്കര്‍ നിരീക്ഷിച്ചു. ഇന്ത്യയുടെ ദേശീയബോധം സവര്‍ണ ജാതി ബോധമാണെന്നും അത് എല്ലായ്‌പ്പോഴും കീഴാള സമൂഹങ്ങളെ അപര വത്കരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് മഹാത്മാ ഗാന്ധിക്കും ജവഹര്‍ലാല്‍ നെഹ്രുവിനും സര്‍ദാര്‍ വല്ലഭായ് പട്ടേലിനും ലഭിച്ച ദേശീയ നേതൃപദവി അംബേദ്കറിന് നല്‍കിയില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ഇന്ത്യന്‍ ദേശീയവാദ പ്രസ്ഥാനവും എല്ലാ കാലവും പ്രസ്തുത സവര്‍ണ ദേശീയതയുടെ പരികര്‍മികളായിരുന്നു എന്ന് നമുക്കറിയാം. ഇപ്പോളിത് ഏറ്റെടുത്തിരിക്കുന്നത് സംഘപരിവാര്‍ ശക്തികളാണെന്നും നമുക്കറിയാം. ഇത്തരം ഏക ശിലാത്മകമായ ദേശീയ ബോധമാണോ ഇവിടെ കേരളീയം പദ്ധതിയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതെന്ന് ഭരണകൂടം വ്യക്തമാക്കേണ്ടതുണ്ട്. മറ്റൊരു ആധിപത്യ ദേശീയതയാണ് ഇവിടെ ഉദ്ദേശിക്കുന്നതെങ്കില്‍ അത് തികച്ചും പ്രതിഷേധാര്‍ഹമാണ്. 

ഈ കാലത്തിലെ കേരളസ്വത്വം ബഹുസ്വരാത്മകവും തുല്യതയുടെയും സഹോദര്യത്തിന്റയും മൂല്യങ്ങളെ പരിപോഷിപ്പിക്കുന്നതും ആയിരിക്കേണ്ടതുണ്ട്. അതിനു എല്ലാത്തിനെയും ഒരു ഏകപക്ഷീയമായ ലിബറല്‍ സ്വത്വ ബോധത്തില്‍ കൂട്ടിക്കെട്ടുകയോ അല്ലെങ്കില്‍ ഓരോന്നിന്റെയും വ്യതിരിക്തത നിഷേധിക്കുകയോ അല്ല; മറിച്ചു വൈവിധ്യതയുടെ മഴവില്ലായി സ്വയം മാറുകയെന്നതാണ്. കേരളത്തിന്റെ ഈ കാലമൊക്കെയുമുള്ള വളര്‍ച്ചയുടെ പന്ഥാവില്‍ വൈദേശിക കുടിയേറ്റ സമൂഹങ്ങളുടെയും അവരുടെ  വൈദേശിക  വ്യാപാര ബന്ധങ്ങളുടെയും മത ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക വ്യവഹാരങ്ങളും നിര്‍മ്മിച്ചെടുത്ത മൂലധനങ്ങള്‍ പ്രധാനമായിരുന്നു. ഇപ്പോഴും വിദേശ കുടിയേറ്റത്തിന്റെയും തൊഴില്‍-വ്യാപാര ബന്ധങ്ങളുടെയും ഗുണഫലം അനുഭവിക്കുന്ന ദേശമാണ് കേരളം. ഉപരി സമൂഹങ്ങളുടെ മാത്രമല്ല ഈ നാട്ടിലെ കീഴാള സമൂഹങ്ങളുടെയും അധ്വാനവും വിയര്‍പ്പും സ്വയാര്‍ജിത കര്‍ത്തൃത്വത്തിലേക്കുയരാന്‍ അവര്‍ നടത്തിയ ചെറുത്തുനില്പുകളുടെയും പ്രതിരോധങ്ങളുടെയും അടയാളപ്പെടുത്തലുകളും  ഇവിടെ  ഉണ്ട്.  ഇവിടെ ഒരു ചോദ്യമാണ് പ്രധാനമായും ഉന്നയിക്കാനുള്ളത്:  കേരളത്തെ, തുറന്നതും പരസ്പരം (വിഭവ) പങ്കാളിത്തത്തിന്റെതുമായ  ബഹുസ്വരാത്മകമായ സമൂഹമായിട്ടാണോ അതോ കീഴാള അപരവത്കരണത്തിന്റെയും സാമൂഹ്യ രക്ഷാകര്‍ത്തൃത്വ മേലാള മനോഭാവത്തിന്റെയും ആയ സങ്കുചിത സമൂഹമായിട്ടാണോ വിവക്ഷിക്കുന്നത്? അങ്ങനെയെങ്കില്‍ കേരളീയം ഉന്നംവയ്ക്കുന്നത് അടഞ്ഞ ദേശീയതയുടെ-കേരള  ദേശീയതയുടെ ആവര്‍ത്തനം തന്നെയായിരിക്കും. അതുണ്ടാക്കുന്ന പ്രതിസന്ധികളും ഭയാനകമായിരിക്കും.


#outlook
Leave a comment