TMJ
searchnav-menu
post-thumbnail

Outlook

ദോഹ അക്രമണവും അമേരിക്കൻ ഇരട്ടത്താപ്പും

18 Sep 2025   |   3 min Read
സ്കറിയ ചെറിയാൻ

തിറ്റാണ്ടുകളായി അമേരിക്കയുമായി ഉറ്റബന്ധം പുലർത്തുന്ന ഗൾഫ് സഹകരണ കൗൺസിലിലെ (GCC) അംഗരാജ്യമാണ് ഖത്തർ. പശ്ചിമേഷ്യയിൽ പലയിടത്തും അമേരിക്കൻ വിരുദ്ധത ഉയർന്നെങ്കിലും ഖത്തർ അടക്കമുള്ള ജിസിസി, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അമേരിക്കയുടെ വിശ്വസ്തർ ആയിരുന്നു. 1971ൽ ബ്രിട്ടനിൽ നിന്നും പൂർണ്ണ സ്വാതന്ത്ര്യം ലഭിച്ച അന്നുമുതൽ ഇന്നുവരെ ഒരു കോട്ടവും തട്ടാതെ അമേരിക്ക കാത്ത് സൂക്ഷിച്ച ബന്ധത്തിനാണ് കഴിഞ്ഞ ആഴ്ചയിൽ ഇസ്രായേൽ ദോഹയിൽ നടത്തിയ ആക്രമണത്തോടെ വിള്ളൽ വീണിരിക്കുന്നത്. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഹമാസിന്റെ നേതൃത്വത്തെ ലക്‌ഷ്യം വച്ചുകൊണ്ട് ഭീകരമായ ബോംബിങ് ഇസ്രായേൽ നടത്തിയത് സെപ്റ്റംബർ ഒൻപതിന് ആയിരുന്നു. പശ്ചിമേഷ്യയിലെ അമേരിക്കയുടെ ദീർഘനാളത്തെ പങ്കാളി കൂടിയാണ് ഖത്തർ. 

കൂടാതെ ഈ മേഖലയിലെ ഏറ്റവും വലിയ സൈനിക താവളം ഉൾപ്പടെ 10,000 അമേരിക്കൻ പട്ടാളക്കാരെയും ഖത്തറിൽ അമേരിക്ക വിന്യസിപ്പിച്ചിട്ടുണ്ട്. തന്ത്രപരമായി ഏറ്റവും പ്രധാനപ്പെട്ട താവളമായും അമേരിക്ക ഇതിനെ കണക്കാക്കുന്നു. ഇറാഖിലേയും, അഫ്ഗാനിസ്ഥാനിലെയും യുദ്ധകാലത്തും അല്ലാത്തപ്പോഴും സൈനിക നീക്കങ്ങൾക്ക് പ്രധാനമായും അമേരിക്ക ഉപയോഗിച്ചതും ഖത്തറിലെ അമേരിക്കൻ താവളമായിരിന്നു. പ്രതിരോധത്തിലും, ആയുധ സഹകരണത്തിലും മാത്രമല്ല വ്യാപാര ബന്ധത്തിലും ഇരുരാജ്യങ്ങളും ശക്തമായ ബന്ധം പുലർത്തുന്നുണ്ട്. വ്യാവസായിക ഉൽപ്പന്ന വ്യാപാരത്തിലും, മിലിറ്ററി ഹാർഡ്‌വെയർ ഇറക്കുമതിയിലും, ബോയിങ് എയർക്രാഫ്റ്റ് ഇറക്കുമതിയിലും അമേരിക്കയുടെ ഏറ്റവും വലിയ പങ്കാളിയാണ് നിലവിൽ ഖത്തർ. 

REPRESENTATIVE IMAGE | WIKI COMMONS
അമേരിക്കൻ റിയൽ എസ്റ്റേറ്റിലും, സാങ്കേതികവിദ്യയിലും ഖത്തർ വലിയ നിക്ഷേപകരാണ്. അത്തരത്തിൽ ശക്തമായ ബന്ധം അമേരിക്കയുമായി പുലർത്തുന്ന ഒരു രാജ്യത്തിന് നേരെയാണ് അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷി കൂടിയായ ഇസ്രായേൽ ആക്രമണം നടത്തിയിരിക്കുന്നത്. ഇസ്രായേലിന്റെ അക്രമത്തിനെതിരെ ശക്തമായ പ്രതികരണമാണ് ഖത്തർ നടത്തിയത്. ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്നും, സമാധാനത്തിന്റെയും സഹകരണത്തിന്റെയും സാധ്യതകളെ തല്ലിക്കെടുത്തുന്ന പ്രവർത്തിയാണെന്നും കഴിഞ്ഞ ദിവസം നടന്ന അറബ്-ഇസ്ലാമിക്ക് ഉച്ചകോടിയിൽ കരട് പ്രമേയം അഭിപ്രായപ്പെട്ടു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കൂടുതൽ ശക്തമായ മിലിറ്ററി ബന്ധം സ്ഥാപിക്കണമെന്നും പ്രതിരോധ രംഗത്തെ സഹകരണം ശക്തമാക്കണമെന്നും ഖത്തറി എമിർ തമിം ബിൻ ഹമദ് അൽ താനി ആവശ്യപ്പെട്ടു. എന്നാൽ ഖത്തറിലേക്ക് ആക്രമണങ്ങൾ ഇനി ഉണ്ടാവില്ല എന്ന് ട്രംപ് ഉറപ്പിച്ചു പറയുന്നുണ്ടെങ്കിലും ഭീകരർക്ക് എതിരെ ഏത് രാജ്യത്തും ആക്രമണം തുടരുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാട്. ഇസ്രായേലിന്റെ ദോഹ ആക്രമണത്തിൽ അമേരിക്ക തുടരുന്ന തണുപ്പൻ സമീപനം അമേരിക്കയുടെ ഇസ്രായേൽ പക്ഷപാതിത്വം തുറന്നുകാട്ടുന്നതാണ്.

ഇസ്രായേൽ നടത്തിയത് ഖത്തറിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമായിട്ടും ഇസ്രായേലിനെ തള്ളി പറയാൻ അമേരിക്ക ഇതുവരെ തയ്യാറാവാത്തതും അതുകൊണ്ടാണ്. ഖത്തറിനോട് അമേരിക്ക ചെയ്ത വിശ്വാസ വഞ്ചനയായും ഈ അക്രമത്തെ കാണാവുന്നതാണ്. ഇതിനുള്ള പ്രധാന കാരണം അമേരിക്കയുടെ പ്രധിരോധ വകുപ്പിന് കീഴിലെ അതിപ്രധാന വിഭാഗമായ United States Central Command(CENTCOM)ന്റെ പശ്ചിമേഷ്യയിലെ ഹെഡ് ക്വാർട്ടേഴ്‌സ് ഖത്തറിൽ ആയിരുന്നിട്ട് കൂടി ഇന്റലിജൻസ് വിഭാഗം ബോംബ് ആക്രമണത്തിന്റെ യാതൊരു സൂചനയും ഖത്തർ പ്രധിരോധ മന്ത്രാലയത്തിന് കൈമാറിയിരുന്നില്ല. എന്നാൽ ഖത്തറിലെ അമേരിക്കൻ താവളത്തിന് നേരെ ആക്രമണം നടത്താൻ 2023ൽ ഇറാൻ ശ്രമിച്ചതിനെ കൃത്യമായി ട്രാക്ക് ചെയ്യുവാനും പ്രധിരോധിക്കുവാനും CENTCOMന് സാധിച്ചിരുന്നു. 

സദ്ദാം ഹുസ്സൈൻ | PHOTO : WIKI COMMONS
ഈ സാഹചര്യത്തിലാണ് ഇസ്രായേലി ആക്രമണത്തെപ്പറ്റി ഖത്തറിനെ മുൻകൂട്ടി അറിയിക്കാഞ്ഞത് എന്ന ചോദ്യം ഉയരുന്നത്. ഖത്തറിന് അമേരിക്കയുടെ ഭാഗത്ത് നിന്നും ആദ്യമായാവാം ഇത്തരമൊരു അനുഭവം ഉണ്ടാവുന്നത്. അമേരിക്കയുടെ ഇരട്ടത്താപ്പും സ്വയം കേന്ദ്രീകൃത നയവും പതിറ്റാണ്ടുകൾക്ക് മുൻപേ ആരംഭിച്ചതാണെങ്കിലും മറ്റ് ജിസിസി രാജ്യങ്ങളെ പോലെ ഖത്തറും അമേരിക്കൻ താല്പര്യങ്ങൾക്ക് കൂടെ നിൽക്കുന്നവരാണ്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം ഇറാഖിൽ ആണവായുധ ശേഖരം ഉണ്ടെന്ന പേരിൽ നടത്തിയ അധിനിവേശവും സദ്ദാം ഹുസ്സൈന്റെ കൊലപാതകവുമാണ്. ഇറാഖിലെ ആണവായുധ ശേഖരം ജിസിസി രാജ്യങ്ങളുടെ നിലനിൽപ്പിന് വെല്ലുവിളി ഉയർത്തുമെന്ന് ആരോപിച്ചാണ് അന്ന് അമേരിക്ക ഇറാക്കിൽ യുദ്ധം ആരംഭിച്ചതും ജിസിസി രാജ്യങ്ങളെ ഇറാഖിന് എതിരാക്കിയതും. പിന്നീട് കണ്ടതാവട്ടെ ഇറാഖ് രാഷ്ട്രീയപരമായി അസ്ഥിരമാവുന്നതും സാമ്പത്തിക തകർച്ച നേരിടുന്നതും അതിനെല്ലാമപ്പുറം ISIS പോലെയുള്ള തീവ്രവാദ സംഘടനകൾ ഉയർന്നു വരുന്നതുമാണ്.

പിന്നീട് പശ്ചിമേഷ്യയിലാകെ ആഞ്ഞടിച്ച അറബ് വസന്തത്തിന് ശേഷം ഉണ്ടായ രാഷ്ട്രീയ അസന്തുലിതാവസ്ഥയെ അമേരിക്ക മുതലെടുക്കുകയും ചെയ്തിരുന്നു എന്ന് വേണം മനസിലാക്കാൻ. ജനാധിപത്യം സ്ഥാപിക്കാനെന്ന പേരിൽ ലിബിയയിലും, സിറിയയിലും, യെമനിലും ആഭ്യന്തര കലാപത്തിന് തുടക്കം കുറിച്ചതും അമേരിക്കയുടെ കാർമികത്വത്തിൽ ആയിരിന്നു. ഇവിടെയെല്ലാം തുടങ്ങിയ സംഘർഷം സ്ഥിരതയുണ്ടായിരുന്ന, സാമ്പത്തികമായി വളർന്നുകൊണ്ടിരുന്ന ഈ രാജ്യങ്ങളെ അസ്ഥിരതയിലേക്കും, അമേരിക്കൻ ആശ്രിത ഭരണത്തിലേക്കും എത്തിച്ചു. ഏറ്റവും ഒടുവിലായി അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ പട്ടാളം പിൻവാങ്ങിയതും, താലിബാൻ ഭരണത്തിൽ തിരിച്ചെത്തിയതും അമേരിക്കയുടെ അവസാനിക്കാത്ത ഇരട്ടത്താപ്പിന്റെ ഉദാഹരണമാണ്. സിറിയയിൽ പട്ടാള അട്ടിമറിയെ തുടർന്ന് ഭരണത്തിൽ എത്തിയ ഭീകര സംഘടനയുടെ നേതാവായ അഹമ്മദ് അൽ ഷരായ്ക്ക് പിന്തുണ നൽകിയതും മറ്റൊരു ഉദാഹരണം. ഇസ്രായേൽ ആക്രമണത്തെപ്പറ്റി ഖത്തറിന് മുന്നറിയിപ്പ് നൽകാഞ്ഞത് അമേരിക്കയുടെ ഇസ്രായേലിനോടുള്ള ചങ്ങാത്തത്തെയും, തന്ത്രപരമായ ബന്ധത്തിനും അടിവരയിടുന്നു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞത് ഇസ്രായേലുമായുള്ള ബന്ധത്തിന് യാതൊരു കോട്ടവും തട്ടില്ല എന്നാണ്. അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ജോൺ മെയ്‌ഷെമെർ അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് നിലവിൽ അമേരിക്ക ഇസ്രായേലിനെ അല്ല, മറിച്ച് ഇസ്രായേൽ അമേരിക്കയെയാണ് നിയന്ത്രിക്കുന്നതെന്നാണ്.

ബെഞ്ചമിൻ നെതന്യാഹു | PHOTO : WIKI COMMONS
പശ്ചിമേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്വവും ഇസ്രായേലിന്റെ മേഖലയിലെ ആക്രമണ പരമ്പരകളും മെയ്‌ഷെമെറിന്റെ വാദങ്ങളെ സാധൂകരിക്കുന്നതാണ്. ബാലൻസ് ഓഫ് പവറിന്റെ കാര്യത്തിലും നെതന്യാഹു ട്രംപിനെക്കാൾ ശക്തനെന്നാണ് മെയ്‌ഷെമെർ അഭിപ്രായപ്പെട്ടത്. അതുകൊണ്ട് തന്നെയാവണം മറ്റ് രാജ്യങ്ങളുടെ മേൽ നടത്തുന്ന കടന്നുകയറ്റം ഇസ്രായേലിനുമേൽ നടത്താത്തതും. ഇസ്രായേൽ മുന്നോട്ട് വയ്ക്കുന്ന Greater Israel പദ്ധതിക്ക് അമേരിക്ക സഹായകരമായി പ്രവർത്തിക്കുന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. ഇരുരാജ്യങ്ങളും ചേർന്ന് പശ്ചിമേഷ്യയെ മുഴുവനായി ഒരു ബിസിനസ്സ് പ്രൊജക്ടറ്റായി മാറ്റുവാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് വേണം മനസിലാക്കാൻ.

രാജ്യാന്തര രാഷ്ട്രീയത്തിലെ അമേരിക്കയുടെ ഇരട്ടത്താപ്പും, ആഗോള തലത്തിൽ ഹെജിമോണായി നിൽക്കാനുള്ള അമേരിക്കയുടെ താല്പര്യങ്ങളും പൂർണ്ണമായും മറനീക്കി പുറത്ത് വരുന്ന സാഹചര്യമാണ് ദോഹയിലെ ആക്രമണത്തിലൂടെ പുറത്ത് വരുന്നത്. ഏഷ്യയിലും, ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും അമേരിക്ക നേരിട്ടും അല്ലാതെയും നടത്തി വരുന്ന അധിനിവേശം ആഗോള മൂലധന ശക്തികളുടെ താൽപ്പര്യത്തിന് വേണ്ടിയാണെന്ന വാദത്തെ സാധൂകരിക്കുന്ന സംഭവവികാസങ്ങളാണ് പശ്ചിമേഷ്യയിൽ ദൃശ്യമാവുന്നത്.


#outlook
Leave a comment