TMJ
searchnav-menu
post-thumbnail

Penpoint

ഡോൺ ക്വിക്‌സോട്ട് : ഒരു നീണ്ട കുറിപ്പ്

05 Jun 2023   |   4 min Read
എസ് ജോസഫ്

സെർവാന്റസിന്റെ ഡോൺ ക്വിക്‌സോട്ട് എന്ന പേർപെറ്റ നോവലിലൂടെ നാം കടന്നുപോകാതിരിക്കുന്നത് എന്തിനാണ്? നമ്മളത്ര മടിയുള്ളവരല്ലല്ലോ. ഡോൺ ക്വിക്സോട്ട് എന്ന നോവലിനെ കഴിഞ്ഞ ഒരു കൊല്ലമായി ഞാൻ കുറേശ്ശേ പിൻതുടർന്നുകൊണ്ടിരുന്നു. സ്പാനീഷ് ബൈബിൾ എന്ന് വിളിക്കുന്ന ഈ നോവൽ എനിക്കും ബൈബിളായി. അതുകൊണ്ട് നമ്മുടെ ഈ നേരത്തെയും ആളുകളെയും സ്പാനീഷ് പരപ്പിനെയും ഉൾക്കൊള്ളാൻ പറ്റി. അതിന്റെ പേരിൽ ഇത്തിരി നീണ്ട കുറിപ്പ് ഇവിടെ എഴുതുകയാണ്. ഡോൺ ക്വിക്‌സോട്ടിൽ അരക്കിറുക്കനായ ഒരു പോയറ്റ് ഉണ്ട് . എന്നിൽ ഒരു ക്വിക്‌സോട്ടും.

രണ്ട് വേളകളിലായിട്ടാണ് ഡോൺ ക്വിക്‌സോട്ട് എന്ന നോവൽ വെളിച്ചത്തുവന്നത്, 1605 ലും 1615 ലും. ആർതർ ഷോപ്പനോവർ എന്ന ഫിലോസഫർ ഇതിന്റെ മേന്മ തിരിച്ചറിഞ്ഞിട്ടുണ്ട്. കാർലോസ് ഫ്യുവന്റസ് , എല്ലാക്കൊല്ലവും റീഡ് ചെയ്യേണ്ട ബുക്ക് എന്നെഴുതിയിരിക്കുന്നു. ഒന്നാമതിറങ്ങിയപ്പോൾ ഇതിനെ ഒരു കോമാളിനോവലായാണ് ആളുകൾ കണ്ടത്. പിന്നീട് ഇതിനെ ഒരു വലിയ ട്രാജഡിയായി കണ്ടവരുമുണ്ട്. ഇതിന്റെ തുടക്കങ്ങൾ ലാ മാഞ്ചായിലെ ആർക്കൈവ്‌സിൽ നിന്നെടുത്തതായും ബാക്കി മൂറിഷ് എഴുത്തുകാരനിൽ നിന്നെടുത്തതായും നോവലിസ്റ്റ് പറയുന്നുണ്ട് . ഒരു തരം മെറ്റാ ഫിക്ഷണൽ എഴുത്താണല്ലോ അത്. തന്റെ അലച്ചിലിൽ ക്വിക്‌സോട്ട് ഒരു വഴിയമ്പലത്തിൽ (Inn) ചെല്ലുന്നു. വഴിവിട്ട പെണ്ണുങ്ങളെ, ആട്ടിടയന്മാരെ, പട്ടാളക്കാരെ, അച്ചൻമാരെ, തടവുചാടിയ കുറ്റവാളികളെ, തകർന്ന ഇണങ്ങരെ (Lovers) ഒക്കെ കണ്ടുമുട്ടുന്നു. ഇവരിൽ പലർക്കും പലതും പറയാനുണ്ടാകും. അതിനാൽ നേരാം വഴിയുള്ള പറച്ചിൽ മട്ടല്ല ഇതിലുള്ളത്. ക്വിക്‌സോട്ട് സ്‌പെയിനിലെ ഉയർന്ന വീട്ടിൽപ്പെട്ട ആളാണ്. ഒരു മരുമകളും വീടു നോക്കുന്ന ഒരു പെണ്ണാളും അങ്ങേർക്കുണ്ട്.

അതേ, ഇതൊരു നോവലാണോ? അതോ റൊമാൻസാണോ? രണ്ടുമാണ്. റൊമാൻസിനെതിരേയുള്ള നോവലിന്റെ വഴക്കാണ്. പാരഡിയാണ്. എല്ലാവർക്കും അറിയാവുന്നതാണ് ഈ കിത്താബിന്റെ ചുരുക്കം. ഇത് ചെറിയ ഒരു നോവൽ അല്ല. പറച്ചിലിന്റെ മുൻകൂട്ടി കരുതാനാവാത്ത എറെ വേളകൾ, ഇടങ്ങൾ ഈ വലിപ്പമേറിയ പണി (Work) യിലുണ്ട്.


IMAGE: WIKI COMMONS

ചെറിയ തോതിൽ, ഹിസ്റ്റോറിക്കൽ റൊമാൻസ് എന്താണെന്ന് നോക്കാം. സർ വാൾട്ടർ സ്‌കോട്ടിന്റെ ഐവാന്നോ എന്ന പണിയും അതിന്റെ വാങ്ങലുള്ള സി.വി.യുടെ ഒന്നാമത്തെ നോവലും നമുക്കറിയാം. നടന്നതും കിനാവു പോലെ നടക്കാത്തതും അവയിലുണ്ട്. ഇത്തരം ധാരാളം പുസ്തകങ്ങൾ യൂറോപ്പിലുണ്ടായിരുന്നു. അവയെല്ലാം പിൻതുടർന്ന്, ഉൾക്കൊണ്ട് വട്ടു കേറിയ ഒരു കിഴവനാണ് ഡോൺ ക്വിക്‌സോട്ട്. അയാൾ നേരം/ദുനിയാവ് മാറിയത് അറിയാതെ ദുനിയാവിനെ നന്നാക്കാൻ പുറപ്പെടുന്നു. പോണ വഴിയിൽ തന്റെ നാട്ടുകാരനായ വയൽപ്പണിക്കാരനായ സങ്കോ പാൻസാ എന്ന ഒരാളെയും ഗവർണർ ആക്കാം എന്ന് പറഞ്ഞ് കൊണ്ടുപോകുന്നു. ക്വിക്‌സോട്ട് കുതിരപ്പുറത്തും സാങ്കോ കഴുതപ്പുറത്തുമായാണ് പുറപ്പെടുന്നത്. അവരുടെ പോക്കും അവർക്ക് പറ്റുന്ന കുഴപ്പങ്ങളും പരിക്കുകളും അമളികളും ഒക്കെയാണ് ഈ നോവൽ കുറിച്ചു വയ്ക്കുന്നത്. സാങ്കോ ഒരു തീറ്റക്കാരനാണ്. ക്വിക്‌സോട്ടാകട്ടെ തീരെ കുറച്ചേ കഴിക്കാറുള്ളു. സാങ്കോ ഉണ്ടാകുന്ന തമാശകൾ, തകർന്നു തരിപ്പണമായി പരിക്കു പറ്റുന്ന ക്വിക്‌സോട്ടിന്റെ എടുത്തു ചാട്ടങ്ങൾ, രണ്ടു പേർക്കും പിണയുന്ന തെറ്റുകൾ ഇതൊക്കെ ആളുകളെ ചിരിപ്പിക്കും നമ്മെയും ചിരിപ്പിക്കും. അതു പോലുള്ള ചിലതെല്ലാം നമുക്കു ചുറ്റുമുണ്ടല്ലോ എന്നോർത്ത് വീണ്ടും ചിരിക്കാം.

ലാ മാൻ ചായിലെ ഡോൺ ക്വിക്‌സോട്ട് എന്നാണ് മാടമ്പിയുടെ (Knight) പേര്. അമ്പതോടടുത്തയാൾ. മെയ്ക്കരുത്തുണ്ട്. മെല്ലിച്ച എല്ലുമാണി. അങ്ങനെ ബുക്കുകൾ തിന്ന് വട്ടു കേറി ഒരുക്കങ്ങളോടെ വീടിറങ്ങുകയാണ് ക്വിക്‌സോട്ട്. ഉലകത്തിന്റെ കുറ്റങ്ങൾ തീർക്കാൻ പടക്കോപ്പണിഞ്ഞ്, പടത്തൊപ്പിയണിഞ്ഞ് കുന്തവും തടക്കോപ്പും (Shield) കൈയ്യിലെടുത്ത് പുറപ്പെട്ടു. പുള്ളിയുടെ കുതിരയുടെ പേര് റോസിനാന്റേ. ചിറ്റം വേണമല്ലോ അവളുടെ പേര് ദുൾ സീനേയാ ഡെൽ തൊ ബോസോ. അയലത്തുള്ള ഒരു വയൽപ്പണിക്കാരിയാണ്. (പുള്ളിക്കാരൻ അങ്ങനെ കാണുകയാണ്. അവൾ ഇതൊന്നും അറിഞ്ഞിട്ടേയില്ല. എല്ലാവർക്കും എപ്പോഴുമുള്ള തോന്നലായി ഒരു പെണ്ണോ/ആണോ ഉള്ളിൽ കാണുമല്ലോ).

തുടക്കത്തിലെ ഒരു പുകില് ഒരു വഴിയമ്പലം കാണുന്നതാണ്. ക്വിക്‌സോട്ട് കരുതിയത് അതൊരു കോട്ടയാണെന്നാണ്. അവിടെ നിന്ന പെൺകുട്ടികൾ ഇയാളെക്കണ്ട് പേടിച്ചു. അവർ പ്രോസ്റ്റിറ്റിയൂട്ട്‌സ് ആയിരുന്നു. അവരെ ലേഡീസ് എന്നാണ് പുള്ളി വിളിച്ചത്. പിന്നെ അവർ അയാളുടെ പരുവം കണ്ട് ചിരിച്ച് മണ്ണു കപ്പി. ഇതുപോലെ ചെല്ലുന്നിടത്തെല്ലാം പൊട്ടത്തരങ്ങൾ കാട്ടി. അവിടം നോക്കി നടത്തുന്നയാൾ ആ കോട്ട വാഴുന്ന ആളാണെന്നുകരുതി തന്നെ മാടമ്പിയായി വാഴിക്കാൻ ക്വിക്‌സോട്ട് താണുപറയുന്നുണ്ട്. ഒഴിവാക്കാനായി അയാൾ അങ്ങനെ ചെയ്തു കൊടുക്കുന്നു.

ക്വിക്‌സോട്ട്, തടിയോട് ചേർത്ത് കെട്ടിയിട്ട ഒരു പയ്യനെ ഇടപെട്ട് അവന്റെ മാസ്റ്ററെക്കൊണ്ട് കുട്ടിയെ തല്ലരുതെന്ന് ആണയിടീക്കുന്നു. ക്വിക്സോട്ടു പോയപ്പോൾ ഇരട്ടിത്തല്ലായി. ടോളെ ഡോയിൽ നിന്ന് എത്തിയ കച്ചവടക്കാർ ഡുൾസീനിയയെ താഴ്ത്തിക്കെട്ടുന്നു. ക്വിക്‌സോട്ട് അവരോട് വഴക്കിടുന്നു. എന്നാൽ പുള്ളിയാണ് അടി കൊണ്ട് വഴിയരികിൽ വീണത്. ക്വിക്‌സോട്ട് ഉറങ്ങുമ്പോൾ പള്ളിയിലെ അച്ചനും മരുമോളും ഒക്കെച്ചേർന്ന് ബുക്കുകൾ കത്തിക്കുന്നു. ഇതിൽ സെർവാന്റസിന്റെ ഒരു പണി (Work) കത്തിക്കാതിരിക്കുന്നുണ്ട്. ഇതൊരു വിസാർഡിന്റെ പണിയാണെന്ന് അങ്ങേർ കരുതുന്നു.


ഡോൺ ക്വിക്‌സോട്ടും സാങ്കോ പാൻസയും | PHOTO: ARTSTOR

ഇനിയാണ് അയൽക്കാരനും വയൽപ്പണിക്കാരനുമായ സാങ്കോ പാൻസയേയും കൂട്ടിപ്പോകുന്നത്. സാങ്കോ കുറച്ചു കൂടി മൂളയുള്ള ആളാണ്. ഇനിയാണ് ഇവരുടെ ശരിക്കുമുള്ള വൻപരിപാടികൾ തുടങ്ങുന്നത്. ചെല്ലുന്നിടെത്തെല്ലാം കുഴപ്പങ്ങളും തമാശകളും ഉണ്ടാക്കുകയാണ് രണ്ടു പേരും. നല്ലതായ ചിലതും ഇവർ ചെയ്യുന്നുണ്ട്. പലരുടേയും വാഴ്‌വിലെ വരും വരായ്കകളും ഇവർ അറിയുന്നു. അങ്ങനെയിരിക്കേ വഴിയിൽ വച്ച് ഇവർ കറങ്ങുന്ന കാറ്റാടികൾ കാണുന്നു. അത് ചെകുത്താൻമാരാണെന്ന് കരുതി അവയുമായി ഏറ്റുമുട്ടുന്നുണ്ട് ഇവർ. ഇതേപ്പറ്റി മറ്റൊരു മട്ടിൽ മിലാൻ കുന്ദേര പറഞ്ഞിട്ടുണ്ട്. മാറിയ ദുനിയാവിനെ തിരിച്ചറിയാൻ പറ്റാത്ത വേള . നമ്മുടെ നാട്ടിലെ ആളുകൾ ദുനിയാവ് മാറിയത് അറിയാറില്ലല്ലോ. പഴഞ്ചൻ പരിപാടികളുമായി വീണ്ടും വീണ്ടും ഇറങ്ങുകയാണല്ലോ.

ഡോൺ ക്വിക്‌സോട്ട് വെറും കൂതറയാണെന്ന് കരുതരുത്. പുള്ളിയുടെ കനവുകളിൽ തെറ്റൊന്നുമില്ല. ഒരു കണക്കിന് ഒരു വലിയ ആൾ തന്നെയാണ് ക്വിക്‌സോട്ട് . ഇത് സെർവാന്റസ് എടുത്തു പറയുന്നുണ്ട്. നേരം തെറ്റിപ്പോയി, മറ്റൊരു നേരത്ത് പിറക്കേണ്ട, കഴിയേണ്ട ആളായിരുന്നു അയാൾ. നമ്മളും നേരം തെറ്റിയോ ഇടം തെറ്റിയോ പിറന്നവരല്ലേ? ദുനിയാവിൽ ചിരി പടർത്തുക എന്നതായിരുന്നു ക്വിക്‌സോട്ടും കൂട്ടുകാരൻ സാങ്കോയും ചെയ്ത പരിപാടി. അത് അത്ര ചെറിയ കാര്യമല്ലതാനും. ഇവരുടെ നാട്ടിലെ പള്ളീലച്ചനും മറ്റും ചേർന്ന് ഇയാളുടെ കൊച്ചുമോൾ പറഞ്ഞതുകൊണ്ട് ഇവരെ ഡാവിൽ വീട്ടിൽ തിരിച്ചെത്തിച്ചെങ്കിലും ഇവർ രണ്ടാമതൊരു പോക്ക് പോകുകയാണ്. ഈ പോക്കിൽ അവർ എത്തിപ്പെടുന്ന ഒരു ഇടമുണ്ട്. അവിടുള്ള വലിയ കോയിയും (Duke) പെമ്പറന്നോരും ഇവരെ കോമാളികളാക്കുന്നുണ്ട്. അതിന്റെ കൂടെ സാങ്കോ ഒരു വെള്ളത്തിട്ടിന്റെ (Island) ഗവർണർ ആകുന്നു. അയാളെ അവരെല്ലാവരും കളിപ്പിക്കുകയായിരുന്നു എന്നവർ തിരിച്ചറിഞ്ഞില്ല. എന്നാൽ നല്ല വാഴ്ചയായിരുന്നു സാങ്കോയുടേതെന്ന് നാം ഓർക്കേണ്ടതുണ്ട്. പണത്തിനുപകരം വടി എന്ന സ്റ്റോറി ഇവിടെയാണുള്ളത്. ക്വിക്‌സോട്ട് അപ്പോൾ സാങ്കോയോട് ഗവർണറെന്ന നിലയിൽ എങ്ങനെയെല്ലാം പെരുമാറണമെന്ന് പറയുന്നുണ്ട്. അറിവുള്ള ഒരാളെ നാം പലപ്പഴും ക്വിക്‌സോട്ടിൽ കാണുന്നു. ഗവർണർ കസേര പോയ സാങ്കോയും കഴുതയും ഒരു കുഴിയിൽ ചെന്നു വീഴുന്നുണ്ട്. ക്വിക്‌സോട്ടാണ് അയാളെ പിടിച്ചെഴുന്നേല്പിക്കുന്നത്. അത്തരക്കാരുടെയെല്ലാം വീഴ്ച കുഴിയിലേക്കാണല്ലോ ഈ നാളിലും.

ഇതിനോടകം ഇവർ എങ്ങും അറിയപ്പെട്ടിരുന്നു. അവരെക്കുറിച്ച് പുസ്തകം പോലുമിറങ്ങി. അതുകൊണ്ട് കള്ളമാർക്കുവരെ അവർ ചങ്ങാതികളായി. പുസ്തകങ്ങളിൽ എഴുതിയത് ശരിയല്ല എന്നാണ് ഇവർ പറയുന്നത്. എന്നാൽ ആർക്കും തന്നെ വേണ്ടവണ്ണം ക്വിക്‌സോട്ടിനെ പിടി കിട്ടുന്നേയില്ല. ഉള്ളുള്ളവനാണെന്ന് ചിലപ്പോൾ തോന്നും വട്ടുള്ളവനാണെന്ന് മറ്റു ചിലപ്പോൾ തോന്നും.

ഒടുവിൽ അവർ സ്വന്തം നാട്ടിലെത്തുന്നതും ക്വിക്‌സോട്ട് മരിക്കുന്നതുമൊക്കെ പറഞ്ഞു കൊണ്ട് നോവൽ തീരുന്നു. തന്റെ വക കുറച്ചു പണം കൂട്ടുകാരനായ സാങ്കോയ്ക്ക് കൊടുക്കുന്നുണ്ട്. താൻ പിൻതുടർന്നതു പോലുള്ള കിത്താബുകൾ പിൻതുടരുന്ന ഒരാളെ മകൾ കെട്ടിയാൽ അവൾക്ക് തന്റേതായ ഒന്നും കൊടുക്കുകയില്ല എന്നും വിൽക്കടലാസ് എഴുതി വച്ചു.

റൊമാൻസല്ല നോവൽ. റൊമാൻസിന്റെ തകർച്ചയാണ് നോവൽ. അതുകൊണ്ടാണ് ഈ ബുക്ക് റൊമാൻസിനോട് പിണങ്ങുനത്. നോവൽ ഇടനിലക്കാരുടെ വാഴ്‌വാണ്. Modern epic ആണ്. ഇതും epic തന്നെ. ഒരു പോസ്റ്റു മോഡേൺ എപ്പിക്ക്. എനിക്ക് തോന്നുന്നത് ഇതിലെ റൊമാൻസ് നോവലിനെ തിരിച്ചും പൊളിക്കുന്നുണ്ടെന്നാണ്. അങ്ങോട്ടും ഇങ്ങോട്ടും. കൊള്ളാം. അതാണ് ഇതിനെ ആഴവും പരപ്പുമുള്ളതാക്കുന്നത്. ഒരു വലിയ ചുറ്റുവട്ടം ഈ പുസ്തകത്തിലുണ്ട്. അത് സ്‌പെയിൻ എന്ന നാടിന്റെ പരപ്പ് മുഴുവനും ഉൾക്കൊള്ളുന്നു.


#Penpoint
Leave a comment