കാണാതെ പോകരുത് തേയിലക്കാടുകളിലെ ഈ ദുരിതക്കയങ്ങള്‍
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മലയാളി മഴക്കാലത്തെ അതിജീവിക്കുന്നത് അതി ശക്തമായ മഴ, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങി നൂറായിരം ആശങ്കകളും പേറിയാണ്. കാലാവസ്ഥ വ്യതിയാനം മൂലം മഴപ്പെയ്ത്തിലുണ്ടാകുന്ന അസ്ഥിരതയാണ് ഇതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നത്. കാലാവസ്ഥ വ്യതിയാനം ലോകം മുഴുവനും പല തരത്തിലുള്ള പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ മനുഷ്യ രാശിയുടെ പങ്ക് വലുതാണെന്ന കാര്യത്തില്‍ തര്‍ക്കങ്ങളുടെ ആവശ്യമില്ല. പക്ഷെ കാലാവസ്ഥ വ്യതിയാനത്തിന്റെ കാരണങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്ന ജന വിഭാഗം ഏതാണെന്നും അതിന്റെ തിക്ത ഫലങ്ങള്‍ അനുഭവിച്ച് തീര്‍ക്കേണ്ടി വരുന്നത് ആരാണെന്നതും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ പ്രൊഫസറായ ജെ ദേവികയുടെ അഭിപ്രായത്തില്‍ കേരളത്തിലെ മണ്‍സൂണ്‍ കാലത്തിന്റെ വ്യതിയാനം പ്രാഥമികമായി ബാധിക്കുന്നത് ചരിത്രപരമായി കേരളത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട് ജീവിക്കുന്ന വിഭാഗത്തിനെയാണ്. ദളിതരും പല രീതികളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ സമൂഹം പാരിസ്ഥിതികമായി ഏറ്റവും മോശം മേഖലകളിലാണ് ജീവിക്കുന്നത്. ഭൂപരിഷ്‌കരണം പോലെ കേരളത്തിലെ കൊട്ടിഘോഷിക്കപ്പെട്ട പല പദ്ധതികളും ഇത്തരം ജനങ്ങളില്‍ നിന്നും ഇന്നും അകലെയാണ്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും പോലുള്ള പ്രകൃതിദുരന്തങ്ങള്‍ കാര്യമായി ബാധിക്കുന്നത് ജാതി മത വര്‍ണ ലിംഗ ഭൂമിശാസ്ത്രപരമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളെ ആണെന്നും ദേവിക ഓര്‍മിപ്പിക്കുന്നു.
കേരളത്തിന്റെ ദുരന്ത ചിത്രങ്ങള്‍ നമുക്ക് വ്യക്തമാക്കി തരുന്നതും ഈ വസ്തുത തന്നെയാണ്. കേരളത്തില്‍ ഈ അടുത്ത കാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങള്‍ പരിശോധിച്ചാല്‍ എല്ലാം തന്നെ ബാധിച്ചത് ഏറ്റവും അടിസ്ഥാന വര്‍ഗത്തെയാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. അതില്‍ തന്നെ കേരളത്തിലെ പ്രധാന ഉരുള്‍ പൊട്ടലുകളുടെ കണക്കെടുത്താല്‍ മൂന്നെണ്ണം തേയിലത്തോട്ടം മേഖലകളിലാണ്. 2019 ല്‍ വയനാട്ടിലെ പുത്തുമല, 2020 ല്‍ ഇടുക്കിയിലെ പെട്ടിമുടി, 2024 ല്‍ വയനാട്ടില്‍ പുത്തുമലക്ക് രണ്ടു കിലോമീറ്റര്‍ മാത്രം മാറി മുണ്ടക്കൈ. ചരിത്രപരമായി തന്നെ അവഗണന നേരിടുന്ന ജനതയാണ് തോട്ടം ഭാഗങ്ങളില്‍ തിങ്ങി പാര്‍ക്കുന്നതില്‍ ഏറിയ പങ്കും. തിരഞ്ഞെടുപ്പുകള്‍ക്ക് അവകാശമില്ലാത്ത പുറം ലോകവുമായി കാര്യമായ ബന്ധം സ്ഥാപിക്കാന്‍ പോലും സാധിക്കാതെ തേയില തോട്ടങ്ങള്‍ കൊണ്ട് തീര്‍ത്ത അദൃശ്യ കോട്ടയ്ക്കുള്ളില്‍ നിന്നും പുറത്തുവരാന്‍ കഴിയാത്ത ജനത.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ പരിമിതികള്‍ ഇന്നും നിലനില്‍ക്കുന്ന പ്രദേശങ്ങളാണ് കേരളത്തിലെ തേയിലത്തോട്ടം മേഖലകള്‍. തികച്ചും വാണിജ്യ സ്വാര്‍ത്ഥതയ്ക്ക് വേണ്ടി ബ്രിട്ടീഷ് ഗവണ്‍മെന്റ് കാലാവസ്ഥ അനുയോജ്യമായ ഇടങ്ങളില്‍ എല്ലാം തന്നെ തോട്ടങ്ങള്‍ ഉണ്ടാക്കി. തൊഴിലാളി ക്ഷാമം പരിഹരിക്കാനായി പലയിടങ്ങളില്‍ നിന്നായി തൊഴിലാളികളെ തോട്ടങ്ങളിലെത്തിച്ച് പാര്‍പ്പിച്ചു. തോട്ടം വിട്ടു പുറത്തുപോകാതിരിക്കാനും മറ്റുമായി പലവിധ നയങ്ങള്‍ തോട്ടങ്ങളില്‍ നടപ്പിലാക്കി. അടിമത്വത്തിന്റെ പല വിധ അവസ്ഥാന്തരങ്ങള്‍ തോട്ടം മേഖലകളില്‍ ഇപ്പോഴും നമുക്ക് കാണാന്‍ സാധിക്കും. പുതിയ തലമുറയെ പോലും തോട്ടങ്ങള്‍ക്ക് പുറത്തുള്ള ആകാശം കാണാന്‍ അനുവദിക്കാതെ തൊഴില്‍ ചൂഷണം തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ് മുതലാളിമാര്‍. ഇത്തരത്തില്‍ ജീവിച്ച ജനതയുടെ നാലാമത്തെയോ അഞ്ചാമത്തെയോ തലമുറകളില്‍ പെട്ടവരാണ് ഈ ദുരന്ത മേഖലകളില്‍ ദുരിതം അനുഭവിക്കുന്നവരില്‍ ഏറിയ പങ്കും. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത നിരവധി തൊഴിലാളി കുടുംബങ്ങളെ ഇന്നും തേയില തോട്ടങ്ങളില്‍ നമുക്ക് കാണാനാകും. ഒപ്പം മാനേജ്മന്റ് നല്‍കുന്ന പാടികള്‍ എന്നറിയപ്പെടുന്ന ഒറ്റമുറി വീടുകള്‍ കൈവിട്ടുപോകാതിരിക്കാനായി പുതിയ തലമുറയെ ഈ തൊഴിലിലേക്ക് തന്നെ തള്ളിവിടേണ്ടി വരുന്ന അനേകരെയും.
മുണ്ടക്കൈ ദുരന്തത്തിന് ശേഷം കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് നടത്തിയ പ്രസ്താവന ദുരന്തത്തില്‍ പെട്ടവര്‍ അനധികൃത കുടിയേറ്റക്കാരാണെന്നാണ്. തിരഞ്ഞെടുക്കല്‍ സാധ്യതകള്‍ പോലും ഇല്ലാത്ത ദിവസ വേതനക്കാരാണ് ദുരന്തത്തില്‍പ്പെട്ട ഭൂരിഭാഗം പേരും. ഒരായുസ്സ് മുഴുവന്‍ തേയില നുള്ളി കൂട്ടിയ സമ്പാദ്യം കൊണ്ട് മൂന്നോ നാലോ സെന്റ് ഭൂമിയില്‍ വീട് വെച്ചവര്‍. അല്ലെങ്കില്‍ നാലഞ്ച് തലമുറ തോട്ടങ്ങളില്‍ ജീവിച്ചുതീര്‍ത്തിട്ടും ഒറ്റമുറി വീടുകളില്‍ തന്നെ ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍.
മുണ്ടക്കൈ മേഖലയിലെ ചിത്രങ്ങളിലൂടെ കണ്ണോടിച്ചാല്‍ മനസിലാകും മണ്ണ് മൂടി പോയ ആ പ്രദേശം ജനങ്ങള്‍ തിങ്ങി താമസിച്ച ഇടങ്ങളാണെന്ന്. ബാക്കി വിശാലമായ തേയില തോട്ടങ്ങള്‍ പരന്നു കിടക്കുകയാണ്. നിത്യ വരുമാനത്തിന് തേയില തോട്ടങ്ങളെ ആശ്രയിക്കുന്ന മനുഷ്യന് ജീവിക്കാന്‍, വീട് വെക്കാന്‍ മറ്റൊരിടം തിരഞ്ഞെടുക്കാനുള്ള അവകാശമില്ല. അവരെ കൊണ്ട് മറ്റിടങ്ങള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുകയും ഇല്ല. തലമുറകളായി തോട്ടങ്ങളില്‍ പണിയെടുത്ത് ജീവിക്കുന്ന തങ്ങളുടെ തൊഴിലാളികള്‍ക്ക് യാതൊരു വിധ ആനുകൂല്യങ്ങളും നല്‍കാന്‍ തോട്ടമുടമകള്‍ തയ്യാറാകുന്നുമില്ല. വയനാട്ടിലെ തേയില തോട്ടം തൊഴിലാളികളെ പറ്റി പഠനം നടത്തിയ വി ആര്‍ നജീബ് നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്.
MUNDAKKAI LANDSLIDE | PHOTO : WIKI COMMONS
'' കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നുവെന്ന കാരണം പറഞ്ഞ് തോട്ടമുടമകള്‍ ഭൂപരിഷ്‌കരണത്തില്‍ നിന്നും വിട്ടുനിന്നു. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ തോട്ടം തൊഴിലാളികള്‍ക്ക് വീട് വെക്കാന്‍ എസ്റ്റേറ്റ് ഉടമസ്ഥതയിലുള്ള തരിശു ഭൂമി ഉപയോഗിക്കണം എന്ന നിര്‍ദേശം വെച്ചപ്പോള്‍ ആ ഭൂമിയില്‍ മരങ്ങള്‍ നട്ട് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി''. ഒപ്പം പ്ലാന്റേഷന്‍ ലേബര്‍ ആക്ട് 1951 ല്‍ അനുശാസിക്കുന്ന നയങ്ങള്‍ പൂര്‍ണമായി നടപ്പാക്കാനും തോട്ടം മുതലാളികള്‍ തയ്യാറാകുന്നില്ല. ഇതേ സ്ഥിതിവിശേഷം തന്നെയാണ് പെട്ടിമുടിയിലും കാണാന്‍ കഴിയുക. 2020 ല്‍ പെട്ടിമുടിയില്‍ മരണപ്പെട്ട എല്ലാവരും തന്നെ തമിഴ് തോട്ടം തൊഴിലാളികള്‍ ആയിരുന്നു. ലയങ്ങളില്‍ താമസിക്കുന്ന എഴുപതോളം പേരാണ് അന്ന് മരണത്തിന് കീഴടങ്ങിയത്.
എന്തുകൊണ്ട് തോട്ടം മേഖലകള്‍ ഇത്തരത്തിലുള്ള വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകുന്നു? പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലയാണ് ഇവിടങ്ങളെല്ലാം തന്നെ എന്ന വസ്തുത നിലനില്‍ക്കെ മുതലാളിത്ത താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി കാട് വെട്ടിയുണ്ടാക്കിയവയാണ് തേയില തോട്ടങ്ങളെല്ലാം എന്നതും, ഇത് മണ്ണിന്റെ സ്വാഭാവിക ഘടനയില്‍ മാറ്റം വരാന്‍ കാരണമായി എന്നതും ഇത്തരം ദുരന്തങ്ങളുടെ ആക്കം വര്‍ദ്ധിപ്പിക്കുന്നുവെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
TEA PLANTATION | PHOTO : WIKI COMMONS
സാമൂഹികമായും സാമ്പത്തികമായും ഭൂമിശാസ്ത്രപരമായും ദുര്‍ബലമായ പ്രദേശങ്ങളിലെ ദുരന്തങ്ങള്‍ അതിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നുവെന്നും, വ്യക്തികള്‍ ദുര്‍ബലരാണെങ്കില്‍ അവര്‍ ദുരന്തങ്ങള്‍ക്കിരയാക്കപ്പെടാനുള്ള സാധ്യതകളും കൂടുതലാണെന്നും (ഗ്രീന്‍, 2007) വാദിക്കുന്നുണ്ട്. തേയില തോട്ടങ്ങള്‍ ഇത്തരത്തില്‍ എല്ലാ രീതിയിലും ദുര്‍ബലമായ പ്രദേശങ്ങളാണ്. സാമൂഹികമായും സാമ്പത്തികമായും ഭൂമിശാസ്ത്രപരമായും തോട്ടങ്ങള്‍ അവഗണനകള്‍ നേരിടുന്നു. അത് പ്രത്യക്ഷമായി തന്നെ അവിടുത്തെ ജന ജീവിതത്തെ കൂടി ബാധിക്കുന്നു. ഇത്തരത്തിലുള്ള ദുരിതങ്ങളുടെ തീവ്രത വര്‍ദ്ധിപ്പിക്കുകയും സാധ്യത കൂട്ടുകയും ചെയ്യുന്നു.
ദുരന്തത്തിന് ശേഷമുള്ള തോട്ടങ്ങളിലെ മനുഷ്യരെ നമുക്ക് രണ്ടായി തരം തിരിക്കാം. ദുരന്തം ബാധിച്ചവരും അല്ലാത്തവരും. ഈ രണ്ട് കൂട്ടരും അരക്ഷിതാവസ്ഥയില്‍ തന്നെയാണ് ജീവിതം മുന്നോട്ട് തള്ളി നീക്കുന്നത്. പെട്ടിമുടിയിലും പുത്തുമലയിലും ദുരന്തത്തില്‍ പെട്ട ആളുകളില്‍ പല ആളുകള്‍ക്കും ഇന്നും പ്രഖ്യാപിച്ച സഹായങ്ങളില്‍ പലതും കിട്ടിയിട്ടില്ല. പുത്തുമല ദുരന്തത്തില്‍ ഇരയായവരില്‍ 51 കുടുംബങ്ങള്‍ക്ക് ഹര്‍ഷം എന്ന പദ്ധതിയിലൂടെ വീട് ലഭിക്കുകയും ബാക്കിയുള്ളവര്‍ക്ക് പ്രഖ്യാപിച്ച തുക ലഭിക്കുകയും ചെയ്തു. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാതെ പാടികളില്‍ താമസിക്കുന്ന ആളുകള്‍ ഇതില്‍ നിന്നും ഒഴിവാക്കപ്പെട്ടു. ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ട എല്ലാവരും തന്നെ തോട്ടം തൊഴിലാളികളാണ്. നിലവില്‍ വയനാട്ടില്‍ കഴിയുന്ന ദുരന്ത ബാധിതര്‍ക്കും ഇത്തരം കാര്യങ്ങളിലുള്ള ആശങ്കകള്‍ വലുതാണ്. ഒപ്പം തോട്ടം തൊഴിലാളികളെ സംബന്ധിച്ചിടത്തോളം നിലവില്‍ ജീവിച്ചിരുന്ന ഇടങ്ങളില്‍ നിന്നും മാറിയാല്‍ തൊഴില്‍ എങ്ങനെ നിലനിര്‍ത്തും എന്നതും വലിയ ചോദ്യമാണ്.
PUTHUMALA LANDSLIDE | PHOTO : WIKI COMMONS
കഴിഞ്ഞുപോയ ദുരന്തങ്ങളില്‍ പുനരധിവാസ സഹായം ലഭിച്ച ആളുകളുടെയും ഏറ്റവും വലിയ പ്രശ്‌നം തൊഴില്‍ തന്നെയാണ്. തലമുറകള്‍ക്ക് മുന്നേ പലവിധ കാരണങ്ങളാല്‍ പല സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്ത മത ജാതി ഭാഷകളില്‍ ഉള്‍പ്പെടുന്ന വ്യക്തികള്‍ തൊഴിലിനായി ഒരിടത്ത് എത്തിപ്പെടുകയും പതിയെ ഒരു ജീവിത സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു. സാമൂഹിക സാമ്പത്തിക സാംസ്‌കാരിക തുലനം ക്രമേണ കൈവരിച്ച് ജീവിതം കരുപിടിപ്പിക്കുമ്പോഴാണ് വീണ്ടും ഒന്നുമില്ലായ്മയിലേക്ക്, പരിചിതമല്ലാത്ത സ്ഥലങ്ങളിലേക്ക് ഇക്കൂട്ടര്‍ പറിച്ചു നടപ്പെടുന്നത്. ഈ സാഹചര്യം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ വളരെ വലുതാണ്. പുതിയ തൊഴിലിടങ്ങള്‍ കണ്ടെത്തുക അല്ലെങ്കില്‍ തോട്ടം തൊഴില്‍ നിലനിര്‍ത്തുക എന്നിവ വലിയ കടമ്പകളായി മാറുന്നു. ഇതിനെല്ലാം പുറമെ ദുരന്തം ഏല്‍പ്പിച്ച മാനസികാഘാതം പേറി ജീവിതം മുന്നോട്ടുകൊണ്ടുപോവുക എന്നതും പ്രയാസകരമാണ്.
ഇനി ദുരന്തത്തില്‍ പ്രത്യക്ഷത്തില്‍ പ്രശ്‌നങ്ങള്‍ സംഭവിക്കാത്ത ഒരു കൂട്ടം മനുഷ്യര്‍ തോട്ടങ്ങളില്‍ കുന്നിന് മുകളിലോ ചരിവുകളിലോ അങ്ങിങ്ങായി കാണുന്ന പാടികളില്‍ തന്നെ ഇപ്പോഴും ജീവിക്കുന്നുണ്ട്. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം എന്ന ഭയത്താല്‍, പതിവില്‍ കൂടുതല്‍ നേരം മഴ പെയ്താല്‍ ഉറങ്ങാതെ രാവ് വെളുപ്പിക്കുന്ന കൂട്ടര്‍. കൊളോണിയല്‍ കാലത്തുണ്ടാക്കിയ നിലവില്‍ ഒട്ടും സുരക്ഷിതമല്ലാത്ത പാടികളില്‍, ഇടിഞ്ഞു വീഴാറായ ഒറ്റമുറി വീടുകളില്‍ ജീവിക്കേണ്ടി വരുന്നവര്‍. പാടികള്‍ ആവശ്യാനുസരണം അറ്റകുറ്റപണികള്‍ നടത്തണം എന്ന നിയമം നിലനില്‍ക്കെ തന്നെ യാതൊരു വിധ സഹകരണവും മിക്ക മാനേജ്മെന്റുകളും ചെയ്യുന്നില്ല എന്നതാണ് വസ്തുത. ഒപ്പം ഏത് കാലാവസ്ഥയിലും കിലോമീറ്ററുകളോളം നടന്ന് വന്ന് കുന്നും മലയും കയറി പണിയെടുക്കുന്ന ഇവര്‍ക്ക് എന്ത് സുരക്ഷയാണ് ജീവിതത്തില്‍ ഉള്ളത്? കൂട്ടത്തില്‍ അതിരൂക്ഷമായ വന്യജീവി ശല്യവും.
ഇനിയെങ്കിലും ഈ ജനതയുടെ അരക്ഷിതാവസ്ഥ പരിഹരിക്കപ്പെടേണ്ടതാണ്. ജീവിത നിലവാരത്തിന്റെ കാര്യത്തില്‍ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളോട് കിടപിടിക്കുന്ന കേരളത്തില്‍ ജീവിക്കുന്ന അവരിപ്പോഴും മിനിമം കൂലി 500 ലേക്കെത്താന്‍ സമരം ചെയ്യേണ്ട അവസ്ഥയാണ്. ജീവിക്കാനാവശ്യമായ മാന്യവും സുരക്ഷിതവുമായ പാര്‍പ്പിടം, ഭക്ഷണം, തൊഴില്‍ സാഹചര്യം തുടങ്ങിയവ ഒരു പൗരന്റെ അടിസ്ഥാന അവകാശങ്ങളാണ്. സ്വാതന്ത്ര്യം കിട്ടി എഴുപതു വര്‍ഷങ്ങള്‍ക്കിപ്പുറം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഈ അവകാശങ്ങളിപ്പോഴും വിദൂര സ്വപ്നങ്ങളായുള്ള, അടിമ ജീവിതം നയിക്കുന്ന, എപ്പോള്‍ വേണമെങ്കിലും മണ്ണിടിഞ്ഞു പോകാം എന്ന ഭയത്താല്‍ ജീവനും കയ്യില്‍ പിടിച്ചു ജീവിക്കുന്ന ഒരു ജനതയുണ്ടെന്ന് നാം കാണാതെ പോകരുത്.