ദൂരദര്‍ശനും ഭരണകൂട പ്രചാരവേലയും: ഒരു രാഷ്ട്രീയചരിത്രം
ഇന്ത്യന്‍ പൊതുമണ്ഡലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ച സിനിമയാണ് 'കേരള സ്റ്റോറി'. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത സിനിമയില്‍ കേരളത്തെ കുറിച്ച് അപകീര്‍ത്തികരവും വിദ്വേഷ പ്രചരണത്തിന് വഴിവെക്കുന്നതുമായ പരാമര്‍ശങ്ങളുണ്ടായിരുന്നു. ഈ അടിസ്ഥാനത്തില്‍ സിനിമ സെന്‍സര്‍ ചെയ്യണമെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് കേരളമൊന്നാകെയും രാജ്യത്തെ പുരോഗമന ലിബറല്‍ ശക്തികളും രംഗത്തുവരികയുണ്ടായി. മറുഭാഗത്ത് പൊതുപ്രദര്‍ശനത്തിന് അനുമതി ലഭിച്ച ഒരു ചിത്രത്തെ നിയന്ത്രിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മുകളിലുള്ള കൈകടത്തലാണെന്ന് പറഞ്ഞ് ഹിന്ദുത്വശക്തികളും ശക്തിയായ പ്രചരണം അഴിച്ചുവിട്ടു. രാജ്യമെങ്ങും വലിയ ചര്‍ച്ചകള്‍ സൃഷ്ടിച്ച സിനിമയുടെ റിലീസിനെ സംബന്ധിച്ച് സുപ്രീംകോടതിയില്‍ വലിയ വാദപ്രതിവാദങ്ങളുണ്ടായി.
റിലീസ് ചെയ്ത് ഒരുവര്‍ഷത്തിന് ശേഷം 'കേരള സ്റ്റോറി' വീണ്ടും ചര്‍ച്ചാ വിഷയമായി. രാജ്യത്തെ ഔദ്യോഗിക വാര്‍ത്താസംപ്രേഷണ മാധ്യമമായ ദൂരദര്‍ശനില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്ന അറിയിപ്പ് വന്നതോടെയാണ് ചിത്രം വാര്‍ത്തകളില്‍ ഇടംനേടിയത്. ചിത്രം ഏപ്രില്‍ 5 ന് രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യുമെന്നാണ് അറിയിപ്പ് വന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വന്ന ഈ വാര്‍ത്ത വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി. 'കേരളത്തില്‍ നിന്നുള്ള നടുക്കുന്ന കഥ ദൂരദര്‍ശനില്‍' എന്ന ടാഗ്ലൈനോട് കൂടിയാണ് ഈ അറിയിപ്പ് വന്നത്. കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രം മതസ്പര്‍ദ്ധ വളര്‍ത്താനിടയാക്കുമെന്ന് പറഞ്ഞ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ രംഗത്തുവന്നു. ദൂരദര്‍ശന്‍ പോലൊരു പൊതു മാധ്യമത്തെ തെരഞ്ഞെടുപ്പ് കാലത്ത് ഈ സിനിമ പ്രദര്‍ശിപ്പിക്കാനുപയോഗിക്കുന്നത് വര്‍ഗീയ പ്രചരണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുകയെന്ന ഹീനമായ രീതിയാണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. തങ്ങളുടെ രാഷ്ട്രീയ, പ്രത്യയശാസ്ത്ര പ്രചരണത്തിന് ദൂരദര്‍ശനെ പ്രയോജനപ്പെടുത്തുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും ആവശ്യങ്ങള്‍ വന്നു. ഈ പ്രതിഷേധങ്ങള്‍ക്കിടയില്‍ ചിത്രം ഏപ്രില്‍ 5 ന് പ്രദര്‍ശിപ്പിച്ചു.
ദൂരദര്‍ശനെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കും പ്രത്യയശാസ്ത്ര പ്രചരണത്തിനും ഇന്ത്യ ഭരിച്ച (ഭരിക്കുന്ന) രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗപ്പെടുത്തുന്ന സംഭവം ഇതാദ്യമല്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്തരം ഒരുപാട് സംഭവങ്ങള്‍ കാണാന്‍ സാധിക്കും. ആധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള ഒരു നവ രാഷ്ട്രത്തെ നിര്‍മിക്കാനുള്ള ഉപകരണമായിട്ടാണ് ഈ ബ്രോഡ്കാസ്റ്റിംഗ് മാധ്യമത്തെ ഔദ്യോഗികമായി നിര്‍വചിച്ചിരിക്കുന്നത്. സര്‍ക്കാര്‍ പദ്ധതികളും ക്ഷേമ നടപടികളും സാധാരണക്കാരിലേക്ക് എത്തിക്കാനും ഈ അറിവുകളെ ക്രിയാത്മകമായി നടപ്പിലാക്കാന്‍ ശേഷിയുള്ള ആധുനിക പൗരന്മാരെ നിര്‍മിക്കാനുമാണ് ഇത്തരത്തിലുള്ള മാധ്യമങ്ങളുപയോഗിക്കേണ്ടതെന്നാണ് വാദം. എന്നാല്‍, ഈ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്ന് മാറി അവയ്ക്ക് കടകവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമായ കാര്യങ്ങള്‍ ദൂരദര്‍ശന്‍ പ്രദര്‍ശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന്റെ പിന്നിലെ രാഷ്ട്രീയമെന്താണ്? ദൂരദര്‍ശനുണ്ടെന്ന് അവകാശപ്പെടുന്ന സ്വയംഭരണാധികാരം ഒരു മിഥ്യ മാത്രമാണോ? നമുക്കൊന്ന് പരിശോധിക്കാം.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
പ്രചാരവേലയുടെ ആദ്യകാലവും അടിയന്തരാവസ്ഥയും
ഇന്ത്യയില്‍ ആകാശവാണി, ദൂരദര്‍ശന്‍ എന്നീ രണ്ട് നെറ്റ്വര്‍ക്കുകളിലൂടെയാണ് പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് പ്രധാനമായും നടക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്താണ് ആകാശവാണി രൂപീകരിക്കുന്നത് (1939). ഒരു ദേശീയ ടെലിവിഷന്‍ സംപ്രേഷണ മാധ്യമം 1959 ല്‍ പ്രവര്‍ത്തനമാരംഭിച്ചെങ്കിലും വിപുലമായ നെറ്റ്വര്‍ക്കുകളുടെ സഹായത്തോടെ ദൈനംദിന സംപ്രേഷണം തുടങ്ങുന്നത് 1965 ലാണ്. അന്ന് ഈ ടെലിവിഷന്‍ ഡിപ്പാര്‍ട്‌മെന്റ് ആകാശവാണിയുടെ കീഴിലായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇവയെ വിഭജിച്ച് രണ്ട് ഡിപ്പാര്‍ട്‌മെന്റുകളാക്കി മാറ്റി. അങ്ങനെയാണ് 'ദൂരദര്‍ശന്‍' രൂപീകരിക്കപ്പെടുന്നത്. ഈ ഒരു വിഭജനം തന്നെ പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് രംഗത്തെ വിവിധ ഡിപ്പാര്‍ട്‌മെന്റുകളാക്കി തിരിച്ചു നിയന്ത്രണ വിധേയമാക്കാനുള്ള നീക്കമായിരുന്നു. ആ അര്‍ത്ഥത്തില്‍ അടിയന്തരാവസ്ഥയുടെ ഉല്പന്നമാണ് ദൂരദര്‍ശനെന്നു പറയാം.
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ തങ്ങളുടെ രാഷ്ട്രീയ, പ്രത്യയശാസ്ത്ര പ്രചരണത്തിനുള്ള ഉപാധിയായി ദൂരദര്‍ശനെ ഉപയോഗിക്കാന്‍ തുടങ്ങി. തങ്ങള്‍ക്ക് അനുകൂലമായ വാര്‍ത്തകളും പ്രധാന രാഷ്ട്രീയ നേതാക്കളുടെ പ്രചരണവും ദൂരദര്‍ശനിലൂടെ നല്‍കപ്പെട്ടു. ഇന്ദിരാ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും പരിപാടികളും വാര്‍ത്തകളും ദൂരദര്‍ശനിലൂടെ പ്രവഹിക്കാനാരംഭിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പാക്കിവരുന്ന ഇരുപതിന സാമ്പത്തിക പരിപാടിയോട് അനുബന്ധമായി സഞ്ജയ് ഗാന്ധി തന്റേതായ ഒരു അഞ്ചിന കോമണ്‍ പരിപാടി പ്രഖ്യാപിക്കുകയുണ്ടായി. ഈ അഞ്ചിന പരിപാടി ദൂരദര്‍ശനിലൂടെ നിരന്തരം സംപ്രേഷണം ചെയ്തിരുന്നു. ഇന്ദിരാ ഗാന്ധി സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെയും സമരങ്ങളെയും പൊലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് അടിച്ചമര്‍ത്തിയപ്പോള്‍ ദൂരദര്‍ശനില്‍ അക്കാലത്തെ പ്രധാന പോപ്പുലര്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് മാധ്യമങ്ങളെ തങ്ങളുടെ കളിപ്പാവയെ പോലെ ഉപയോഗിക്കുന്നതിനെ പറ്റി പ്രധാനമന്ത്രിയോട് ചോദിച്ചപ്പോള്‍ ദൂരദര്‍ശനും ആകാശവാണിയും സര്‍ക്കാരിന്റെ അധീനതയില്‍ തന്നെ നില്‍ക്കേണ്ടവയാണെന്നാണ് അവര്‍ പ്രതികരിച്ചത്. ഈ മാധ്യമങ്ങള്‍ക്ക് ആളുകള്‍ക്കിടയിലുള്ള പ്രചാരമാണ് അവരിലേക്കെത്താനുള്ള തങ്ങളുടെ രാഷ്ട്രീയ മാര്‍ഗമെന്ന് പറയാന്‍ ഇന്ദിരാ ഗാന്ധിക്ക് യാതൊരു മടിയുമുണ്ടായില്ല.
അന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം കൈകാര്യം ചെയ്തിരുന്ന വിസി ശുക്ല വാര്‍ത്തകളെയും മാധ്യമങ്ങളെയും നിശ്ശബ്ദമാക്കാനും നിയന്ത്രിക്കാനുമെടുത്ത പല നടപടികളും ഞെട്ടിപ്പിക്കുന്നതാണ്. ദൂരദര്‍ശനിലെ ഓരോ പരിപാടിയും പലകുറി പരിശോധിച്ചതിന് ശേഷം മാത്രമേ അന്ന് ബ്രോഡ്കാസ്റ്റ് ചെയ്യുമായിരുന്നുള്ളൂ. 1976 ല്‍ കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിന് അനശ്വര ഗായകന്‍ കിഷോര്‍ കുമാറിന്റെ ഗാനങ്ങള്‍ ദൂരദര്‍ശനിലും ആകാശവാണിയിലും സംപ്രേഷണം ചെയ്യേണ്ടതില്ലായെന്ന് വിസി ശുക്ല തീരുമാനിച്ചു. അങ്ങനെ ഒരു വര്‍ഷത്തോളം ഈ രണ്ട് മാധ്യമങ്ങളും കിഷോര്‍ കുമാറിന്റെ ഗാനങ്ങള്‍ എയര്‍ ചെയ്തില്ല. പാര്‍ട്ടിയുടെയും നേതാവായ ഇന്ദിരാ ഗാന്ധിയുടെയും പ്രചരണത്തിനായി ദൂരദര്‍ശനെ വേണ്ടരീതിയില്‍ ഉപയോഗിക്കുന്നില്ലെന്ന പരാതിപ്പുറത്തായിരുന്നു ശുക്ലയെ ഈ മന്ത്രാലയത്തിന്റെ ചുമതല നല്‍കുന്നത്. പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് മാധ്യമങ്ങളെയും മാധ്യമ മേഖലയെയും പൂര്‍ണമായി വരുതിയിലാക്കിയായിരുന്നു അടിയന്തരാവസ്ഥക്കാലത്ത് വിസി ശുക്ല പ്രവര്‍ത്തിച്ചത്.
REPRESENTATIVE IMAGE | WIKI COMMONS
അടിയന്തരാവസ്ഥയ്ക്ക് ശേഷം നാട്ടിലെങ്ങും കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ജനരോഷം ശക്തമായി. രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ പ്രതിരോധിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഐക്യത്തോടെ മുന്നേറാന്‍ തീരുമാനിച്ചു. 1977 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലി രാംലീലാ മൈതാനത്ത് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഈ പരിപാടിയില്‍ ജനപങ്കാളിത്തം കുറയ്ക്കാനായി ദൂരദര്‍ശനില്‍ അന്നത്തെ ഹിറ്റ് സിനിമയായ 'ബോബി' റാലി ദിവസം പ്രദര്‍ശിപ്പിച്ചു. എന്നാല്‍ രാജ്യമൊട്ടാകെ ഏറ്റെടുത്ത വലിയ മുന്നേറ്റമായി ആ റാലി മാറി. സര്‍ക്കാര്‍ (പാര്‍ട്ടി) വിരുദ്ധ വാര്‍ത്തകള്‍ നിയന്ത്രിക്കുന്നതിലും നിശ്ശബ്ദമാക്കുന്നതിലും മാത്രമല്ല, തങ്ങള്‍ക്കനുകൂലമായ കാര്യങ്ങള്‍ പ്രചരിപ്പിക്കാനും ദൂരദര്‍ശനെ ഉപയോഗിച്ചുവെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.
തെറ്റുതിരുത്തലോ പാഴ്‌വാക്കോ?
കോണ്‍ഗ്രസിതര ജനതാ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അടിയന്തരാവസ്ഥക്കാലത്തുണ്ടായ അടിച്ചമര്‍ത്തലുകളെ പറ്റി അന്വേഷണമുണ്ടായി. ഈ തെറ്റുതിരുത്തല്‍ നടപടികളുടെ ഭാഗമായി പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് രംഗത്ത് കൊണ്ടുവരേണ്ട മാറ്റങ്ങളെ കുറിച്ചും ചര്‍ച്ചയുയര്‍ന്നു. വിപുലമായ സംപ്രേഷണത്തിനുപയോഗിക്കുന്ന മാധ്യമങ്ങളെ അടിയന്തരാവസ്ഥക്കാലത്ത് വരിഞ്ഞുമുറുക്കിയതിനെതിരെ 1977 ല്‍ ഒരു ധവളപത്രം പുറത്തിറക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ഇതിനോടനുബന്ധമായി 1978 ല്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ബിജി വര്‍ഗീസിന്റെ കീഴില്‍ ഒരു സമിതിയെ ജനതാ സര്‍ക്കാര്‍ നിയമിക്കുകയുണ്ടായി. പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് മാധ്യമങ്ങള്‍ക്ക് പരിപൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യം വേണമെന്നതടക്കം ഗൗരവമായ ഒരുപാട് നിര്‍ദ്ദേശങ്ങള്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഭരണഘടനാ സംരക്ഷണവും ജുഡീഷ്യല്‍ അധികാരവുമുള്ള ഒരു സ്വയംഭരണാധികാര സ്ഥാപനത്തിന് കീഴില്‍ ദൂരദര്‍ശന്‍ അടക്കമുള്ള മാധ്യമങ്ങളെ കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ടായി. എന്നാല്‍ ജനതാ സര്‍ക്കാരിനകത്തുള്ള സംഘപരിവാര്‍ ശക്തികള്‍ ഈ റിപ്പോര്‍ട്ടിനെ തള്ളിപ്പറയുകയും അന്നത്തെ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി എല്‍കെ അദ്വാനി റിപ്പോര്‍ട്ട് നിരസിക്കുകയും ചെയ്തു. പിന്നീട് 1979 ല്‍ സര്‍ക്കാര്‍ പ്രസാര്‍ ഭാരതി ബില്‍ അവതരിപ്പിച്ചപ്പോള്‍ ഈ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും വിട്ടുകളയുകയാണുണ്ടായത്. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതോടെ ജനതാ സര്‍ക്കാര്‍ താഴെവീണു. ഇതോടേ ഈ ബില്ലും വിസ്മൃതിയിലേക്ക് പോയി.
1980 ല്‍ ഇന്ദിരാ ഗാന്ധി വീണ്ടും അധികാരത്തില്‍ വന്നു. ദൂരദര്‍ശന്റെയും ആകാശവാണിയുടെയും കാര്യത്തില്‍ നിലവിലുള്ള അവസ്ഥ അതുപോലെ തുടരുകയാണുണ്ടായത്. ഈ കടുത്ത നിയന്ത്രണങ്ങള്‍ കാരണം 1984 ല്‍ ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ട വാര്‍ത്ത ആകാശവാണി സംപ്രേഷണം ചെയ്തില്ല. രാജ്യത്തിന്റെ പ്രധാനമന്ത്രി കൊല്ലപ്പെട്ട വിവരം ഔദ്യോഗിക വാര്‍ത്താ സംപ്രേഷണ സംവിധാനത്തിലൂടെ നാടിനെ അറിയിച്ചില്ലെന്നത് ആ മാധ്യമങ്ങളുടെ നിലയെന്തായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. അതിനുശേഷം അധികാരത്തിലെത്തിയ രാജീവ് ഗാന്ധി പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് മാധ്യമങ്ങള്‍ക്ക് പ്രൊഫഷണലിസം വേണമെന്നാവശ്യപ്പെട്ട് പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത വീണ്ടെടുക്കണമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച നടപടി ക്രമങ്ങള്‍ക്ക് അങ്ങനെ 'ഓപ്പറേഷന്‍ ക്രെഡിബിലിറ്റി' എന്ന പേരും വീണു. ഐഎഎസ് ഉദ്യോഗസ്ഥനായ ഭാസ്‌കര്‍ ഖോസെയെ ഡയറക്ടര്‍ ജനറലാക്കി പ്രൊഫഷണല്‍ മാധ്യമപ്രവര്‍ത്തകരെ കൊണ്ട് ദൂരദര്‍ശനെ മുന്നോട്ടുകൊണ്ടുപോയി. സ്വകാര്യ വ്യക്തികളെയും മാധ്യമ കൂട്ടായ്മകളില്‍ നിന്നുമുള്ളവരെയും കൊണ്ടുവന്ന് ദൂരദര്‍ശന്റെ പരിപാടികളില്‍ വൈവിധ്യവല്‍ക്കരണത്തിന് ശ്രമം നടന്നു. എന്നാല്‍ ഇന്ത്യന്‍ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തില്‍ ദൂരദര്‍ശന്‍ വഴിയുണ്ടായ വലിയൊരു ആഘാതം ഇവിടെ പരിശോധിക്കേണ്ടതുണ്ട്.
ഇന്ദിരാ ഗാന്ധി | PHOTO: WIKI COMMONS
രാമജന്മഭൂമി പ്രസ്ഥാനത്തിന് തിരികൊളുത്തിയ 'രാമായണ്‍' സംപ്രേഷണം
രാജീവ് ഗാന്ധി അധികാരത്തില്‍ വന്നതിന് തൊട്ടുപിന്നാലെയാണ് 1985 ല്‍ ഷാ ബാനോ കേസ് വിധി വരുന്നത്. വിവാഹബന്ധം വേര്‍പ്പെടുത്തിയ മുസ്ലിം ദമ്പതിമാരില്‍ സ്ത്രീക്ക് പുരുഷന്‍ ജീവനാംശം നല്‍കണമെന്ന ഈ വിധി തന്റെ വോട്ടുബാങ്ക് രാഷ്രീയത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഈ വിധിയെ മറികടന്നുകൊണ്ടുള്ള ഒരു നിയമം 1986 ല്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പാസാക്കി. ഇത് ന്യൂനപക്ഷ പ്രീണനമാണെന്ന് പറഞ്ഞ് മറുഭാഗത്ത് സംഘപരിവാര്‍ ശക്തികള്‍ അക്രമാസക്തമായ പ്രചരണം അഴിച്ചുവിട്ടു. രണ്ട് രീതിയിലാണ് രാജീവ് ഗാന്ധി ഈ ശക്തമായ പ്രചരണത്തെ കൈകാര്യം ചെയ്തത്. വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന അയോധ്യയിലെ ബാബ്റി മസ്ജിദ് ഹിന്ദു വിഭാഗത്തിനായി തുറന്നുകൊടുക്കണമെന്ന് ഫൈസാബാദ് ജില്ലാ കോടതിയില്‍ നിന്നും വിധി വരുന്നത് ഈ നിയമം പാസാക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പാണ്. വിധി വന്ന് അരമണിക്കൂറിനുള്ളില്‍ പള്ളിയുടെ ഗേറ്റിലെ താഴ് പൊലീസ് പൊളിച്ചുമാറ്റി. രാജീവ് ഗാന്ധിയുടെ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പ്രകാരം നടന്ന ഈ ചടങ്ങ് കവര്‍ ചെയ്യാന്‍ അന്ന് ദൂരദര്‍ശന്‍ അയോധ്യയിലുണ്ടായിരുന്നു. രാജ്യം മുഴുവന്‍ ലൈവായി ഈ കാഴ്ച ദൂരദര്‍ശനിലൂടെ കണ്ട്, ആഘോഷിച്ചു.
ഇതോടൊപ്പം പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്ന രണ്ടാമത്തെ കാര്യമാണ് 'രാമായണ്‍' എന്ന സീരിയലിന്റെ സംപ്രേഷണം. 1985 ല്‍ അധികാരത്തില്‍ വന്നയുടനെ രാജീവ് ഗാന്ധി രാമായണത്തെ അടിസ്ഥാനമാക്കി ഒരു സീരിയല്‍ നിര്‍മ്മിക്കാന്‍ ദൂരദര്‍ശന് നിര്‍ദ്ദേശം നല്‍കി. അതിന്‍പ്രകാരം 1987 ജനുവരി മുതല്‍ രാമാനന്ദ് സാഗര്‍ നിര്‍മ്മിച്ച 'രാമായണ്‍' ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാന്‍ ആരംഭിച്ചു. 1988 ല്‍ സംപ്രേഷണം അവസാനിപ്പിച്ചപ്പോഴേക്കും കാഴ്ചക്കാരുടെ എണ്ണത്തില്‍ സകല റെക്കോര്‍ഡുകളും ഈ സീരിയല്‍ ഭേദിച്ചു. അതോടൊപ്പം ഇന്ത്യയുടെ സാമൂഹിക, രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു സംഭവമായും ഈ സംപ്രേഷണം മാറി. ബാബ്റി മസ്ജിദ് നില്‍ക്കുന്നയിടം രാമ ജന്മസ്ഥലമാണെന്നും അത് ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ട ഭൂമിയാണെന്നും അവിടെ ക്ഷേത്രം പണിത് ആരാധന നടത്താന്‍ രാജ്യമെങ്ങുമുള്ള ഹിന്ദുക്കള്‍ ഒന്നിക്കണമെന്നുമുള്ള വാദങ്ങളുയര്‍ത്തി സംഘപരിവാര്‍ വര്‍ഗീയ പ്രചരണം നടത്തിവരുന്ന സമയമായിരുന്നു ഇത്. ഈ അക്രമാസക്തമായ പ്രചരണത്തിന് കോപ്പുകൂട്ടുന്ന നീക്കമായിരുന്നു രാമായണ്‍ സീരിയലിന്റെ സംപ്രേഷണം. ശരാശരി 8 കോടിയോളം മനുഷ്യര്‍ ഈ സീരിയലിന്റെ ഒരു എപ്പിസോഡ് എങ്കിലും കണ്ടുവെന്നാണ് കണക്കുകള്‍ പറയുന്നത്. അങ്ങനെ ദൂരദര്‍ശന്‍ ഒരു നിലയ്ക്ക് രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്ര പ്രചരണോപകരണമായി വര്‍ത്തിക്കുകയായിരുന്നു.
നമ്മുടെ പൊതുമണ്ഡലത്തില്‍ ടെലിവിഷന്‍ കൊണ്ടുവന്ന ഏറ്റവും ആഴമേറിയ മാറ്റം രാമായണ്‍ സീരിയലിന്റെ ബ്രോഡ്കാസ്റ്റ് വഴിയാണ് സംഭവിച്ചതെന്ന് പ്രമുഖ മീഡിയ അക്കാദമീഷ്യന്‍ അരവിന്ദ് രാജഗോപാല്‍ വിലയിരുത്തുന്നുണ്ട് (Politics After Television: Hindu Nationalism and the Reshaping of the Public in India). സംഘപരിവാര്‍ ശക്തികള്‍ക്ക് പുതിയൊരു രാഷ്ട്രീയ ഭാഷ രൂപപ്പെടുത്തിയെടുക്കാന്‍ ഈ സംഭവങ്ങള്‍ വഴിവെച്ചു. വിപണിയിലെ സ്വതന്ത്രമായ മത്സരം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നവലിബറല്‍ സമ്പദ്വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പല പൊതുമേഖലകളിലും സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന സമയമായിരുന്നു അത്. ഉപഭോഗ സംസ്‌കാരം രൂഢമൂലമാകുന്നതിനാല്‍ ഹിന്ദുമതവുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും പ്രതീകങ്ങളും ഉപയോഗിച്ചുകൊണ്ടുള്ള ഉല്പന്നങ്ങള്‍ക്കായി വലിയ വിപണി ഉയര്‍ന്നുവന്നു. ഈ ഉല്പന്നങ്ങള്‍ വാങ്ങുന്നതും അവയുമായി ബന്ധപ്പെട്ട ടെലിവിഷന്‍ പരിപാടികള്‍ കാണുന്നതും അതുല്പാദിപ്പിക്കുന്ന ഭാഷ സംസാരിക്കുന്നതും നിത്യജീവിതത്തിന്റെ ഭാഗമായി. ഈ ഭാഷ രൂപീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും രാമായണ്‍ സീരിയല്‍ വലിയ പങ്കുവഹിച്ചതായി രാജഗോപാല്‍ നിരീക്ഷിക്കുന്നുണ്ട്. രാമന്റെ സ്റ്റിക്കറുകള്‍ക്കും, ത്രിശൂലങ്ങള്‍ക്കും, അമ്പിനും വില്ലിനുമെല്ലാം വിപണിയില്‍ വലിയ വില്പനയുണ്ടായി. ഉപഭോഗ സംസ്‌കാരത്തിന്റേതായ ഈ പുതിയ ഭാഷ സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിന്റെ പ്രചരണത്തിനും പുതിയ രീതികള്‍ സൃഷ്ടിച്ചു. രാമജന്മഭൂമി പ്രസ്ഥാനമെന്നാല്‍ രാമന്‍ വിഭാവനം ചെയ്ത ഹിന്ദുക്കളുടെ ഇന്ത്യയ്ക്ക് വേണ്ടിയുള്ള സമരമാണെന്നും ആ ലക്ഷ്യത്തിലേക്കുള്ള ഓരോ ഹിന്ദുവിന്റെയും സംഭാവനയാണ് ഈ പുതിയ സംസ്‌കാരത്തിന്റെ ഭാഗമാവുകയെന്നും പ്രചരണം ശക്തമായി. രാജ്യത്തെ വലിയൊരു ശതമാനം ഹിന്ദു വിശ്വാസികളിലേക്കെത്താനും അവരെ തങ്ങളുടെ പ്രത്യയശാസ്ത്ര പ്രചാരകരാക്കാനും ഇതുവഴി സാധിച്ചു. ഈ പുതിയ രാഷ്ട്രീയ, ഉപഭോഗ സംസ്‌കാരത്തിന്റെ ഭാഗമായി നിന്നുകൊണ്ട് രാമക്ഷേത്രം പണിയാനും ഹിന്ദു രാഷ്ട്രം നിര്‍മിക്കാനും സംഘപരിവാര്‍ നടത്തുന്ന നീക്കങ്ങളെ വിജയിപ്പിക്കാന്‍ ആഹ്വാനങ്ങളുയര്‍ന്നു. ശക്തമായ ഈ പ്രചരണത്തിന്റെ ബാക്കിയെന്നോണം 1989 ഓടുകൂടി അഖിലേന്ത്യാ തലത്തില്‍ രാമജന്മഭൂമി വലിയ ചര്‍ച്ചാ വിഷയമായി. അക്കൊല്ലം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി 85 സീറ്റുകള്‍ നേടി രാജ്യത്തെ മൂന്നാമത്തെ വലിയ കക്ഷിയായി മാറി. തങ്ങളുടെ പ്രചരണം കൂടുതല്‍ ശക്തമാക്കാനും അതുവഴി ധ്രുവീകരണത്തിനുള്ള പുത്തന്‍ സാദ്ധ്യതകള്‍ കണ്ടെത്താനും ബിജെപി 1990 ല്‍ രഥയാത്ര ആരംഭിച്ചു. ഈ രഥയാത്രയുടെ അവസാനമാണ് 1992 ല്‍ ബാബ്റി മസ്ജിദ് തകര്‍ക്കപ്പെടുന്നത്. അയോധ്യയില്‍ തടിച്ചുകൂടിയ കര്‍സേവകര്‍ മസ്ജിദ് തകര്‍ക്കുന്നത് രാജ്യം മുഴുവന്‍ നോക്കി നിന്നു. ഈ സംഭവത്തിന്റെ നാള്‍വഴികളിലെല്ലാം ഹിന്ദു സ്വത്വ പ്രചാരവേലയ്ക്ക് മുന്നില്‍ നിന്ന ദൂരദര്‍ശന്‍ ബാബ്റി മസ്ജിദിന്റെ ദാരുണവിധി സംപ്രേഷണം ചെയ്തില്ല എന്നതും ചരിത്രമാണ്. ആ അര്‍ത്ഥത്തില്‍ ഇന്ത്യന്‍ ചരിത്രത്തിലെ വലിയ ദുരന്തങ്ങളിലൊന്നായി മാറിയ ഈ സംഭവപരമ്പരകള്‍ക്ക് ദൂരദര്‍ശനും രാമായണ്‍ സീരിയലുമായുള്ള ബന്ധം വിസ്മരിച്ചുകൂടാ.
രാമായണ്‍ സീരിയല്‍ | PHOTO: FACEBOOK
കുത്തക മാധ്യമങ്ങളുടെ വരവും ബിജെപിയെന്ന രാഷ്ട്രീയ ശക്തിയുടെ വളര്‍ച്ചയും
സാറ്റലൈറ്റ് ബ്രോഡ്കാസ്റ്റിംഗ് വലിയ രീതിയില്‍ പ്രചരണം നേടുകയും സ്വകാര്യ ടിവി സ്ഥാപനങ്ങള്‍ക്ക് സുപ്രീംകോടതി ഉത്തരവ് പ്രകാരം ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനുള്ള സാധ്യതകള്‍ വലിയ തോതില്‍ വര്‍ദ്ധിക്കുകയും ചെയ്തു. കൂടുതല്‍ നാടകീയവും കണ്ണഞ്ചിക്കുന്നതുമായ ആഖ്യാനരീതിയായിരുന്നു ഈ പുതിയ മാധ്യമങ്ങള്‍ പിന്തുടര്‍ന്നത്. മത്സരം ശക്തമായതോടെ ദൂരദര്‍ശന്‍ പഴഞ്ചനാവാന്‍ തുടങ്ങി. ഈ പശ്ചാത്തലത്തില്‍ ദൂരദര്‍ശനെ കൂടുതല്‍ സ്വയംഭരണാധികാരമുള്ള സ്ഥാപനമാക്കി പ്രൊഫഷണലിസം കൊണ്ടുവരാന്‍ ചര്‍ച്ചകളുയര്‍ന്നു. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴില്‍ വരുന്ന ദൂരദര്‍ശനെയും ആകാശവാണിയെയും അതില്‍ നിന്ന് മാറ്റി പ്രസാര്‍ ഭാരതിയെന്ന സ്വതന്ത്രാധികാരങ്ങളുള്ള സ്ഥാപനത്തിന്റെ കീഴില്‍ കൊണ്ടുവരാനായിരുന്നു പദ്ധതി. ലോക പ്രശസ്ത മാധ്യമസ്ഥാപനമായ ബിബിസിയുടെ രൂപത്തില്‍ ഒരു ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍ തുടങ്ങണമെന്നായിരുന്നു നിര്‍ദ്ദേശങ്ങളുയര്‍ന്നത്. ഇതിന്റെ ഭാഗമായി 1990 ല്‍ പ്രസാര്‍ ഭാരതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കി. എന്നാല്‍ 1997 ലാണ് ഇതൊരു നിയമമായി മാറിയത്. വലിയ കൊട്ടിഘോഷങ്ങളോടെ നിലവില്‍ വന്നെങ്കിലും ഈ സ്ഥാപനവും അധികാരമാളുന്ന കക്ഷികള്‍ക്ക് അനുകൂലമായ വാര്‍ത്തകളും വിവരങ്ങളും നല്‍കാനുള്ള പ്രചരണോപകരണമായി വര്‍ത്തിക്കുകയായിരുന്നു.
രാജ്യത്ത് 1998 ല്‍ ബിജെപിക്ക് അധികാരം കൈവന്നപ്പോള്‍ അവരും മുന്‍ മാതൃക പിന്തുടര്‍ന്ന് ദൂരദര്‍ശന് കൂച്ചുവിലങ്ങിടാന്‍ തയ്യാറായി. ലോകമാദരിക്കുന്ന ചരിത്രകാരി റൊമീലാ ഥാപ്പറിനേയും എഴുത്തുകാരന്‍ രാജേന്ദ്ര യാദവിനെയും പ്രസാര്‍ ഭാരതിയുടെ ബോര്‍ഡില്‍ നിന്ന് പുറത്താക്കിയത് ഇതിന്റെ ഭാഗമായാണ്. മതനിരപേക്ഷതയിലും ജനാധിപത്യ മൂല്യങ്ങളിലും അടിയുറച്ച ഇരുവരുടെയും നിലപാടുകളാണ് പ്രസാര്‍ ഭാരതി ബോര്‍ഡിനും ബിജെപി സര്‍ക്കാരിനും തലവേദനയായത്. കൊട്ടിഘോഷങ്ങളോടെ കൊണ്ടുവന്ന പ്രസാര്‍ ഭാരതിയും അതിന്റെ സ്വയംഭരണാധികാരവും അങ്ങനെ വെറും കണ്‍കെട്ടായിരുന്നുവെന്ന് തെളിഞ്ഞു.
ബിജെപി അധികാരത്തില്‍ വന്നതിനുശേഷം 2002 ലാണ് ദൂരദര്‍ശന്റെ ദയനീയാവസ്ഥ വെളിപ്പെടുത്തുന്ന മറ്റൊരു സംഭവമുണ്ടാകുന്നത്. ഗുജറാത്ത് കലാപം നടന്നതിന് ശേഷമുണ്ടായ ഒരു പാര്‍ലമെന്റ് സമ്മേളനത്തില്‍ കലാപത്തിലെ ബിജെപിയുടെയും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെയും പങ്ക് കാണിച്ചുകൊണ്ടുള്ള മാധ്യമ വാര്‍ത്തകളെ തള്ളിപ്പറഞ്ഞ് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് രോഷാകുലനായി. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ ലൈവ് നല്‍കുന്ന ദൂരദര്‍ശന്‍ പക്ഷേ ഈ സംഭവം അറിഞ്ഞതേയില്ല. തങ്ങളുടെ ലോ ട്രാന്‍സ്മിഷന്‍ നെറ്റ്വര്‍ക്ക് (low transmission network) വഴി ഈ സംഭവം സംപ്രേഷണം ചെയ്തതായി ദൂരദര്‍ശന്‍ മറുപടി നല്‍കി. പാര്‍ലമെന്റിന് ചുറ്റുവട്ടത്ത് മാത്രം സംപ്രേഷണം ചെയ്യുന്ന ഈ നെറ്റ്‌വര്‍ക്ക് വഴി വാര്‍ത്ത നല്‍കിയെന്നത് ഒരു മുടന്തുന്യായം മാത്രമായിരുന്നു. ഈ നീക്കത്തിലൂടെ വാജ്പേയ് സര്‍ക്കാരിനോടുള്ള തങ്ങളുടെ കൂറ് വെളിപ്പെടുത്തുകയായിരുന്നു ദൂരദര്‍ശന്‍.
അടല്‍ ബിഹാരി വാജ്‌പേയ് | PHOTO: FACEBOOK
ബിജെപി സര്‍ക്കാരിന് ശേഷം 2004 ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഒരു കൂട്ടം പാര്‍ട്ടികളുടെ മുന്നണിയായി അധികാരത്തില്‍ വന്നതിനാല്‍ കോണ്‍ഗ്രസിന് ഈ സമയത്ത് തങ്ങളുടെ രാഷ്ട്രീയ അജണ്ടകള്‍ പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാന്‍ വലിയ തോതില്‍ സാധിച്ചില്ല. എങ്കിലും സര്‍ക്കാരിന്റെ നേട്ടങ്ങളും പ്രധാന ഭരണകക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിനെയും ഊതിപ്പെരുപ്പിച്ചു കാണിക്കുന്ന പരിപാടികള്‍ ദൂരദര്‍ശനില്‍ വന്നുകൊണ്ടിരുന്നു. വികസനാവശ്യങ്ങള്‍ക്കും രാഷ്ട്ര നിര്‍മാണത്തിനുമായി മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച് കേന്ദ്രത്തിന്റെ നിലപാടിലും മാറ്റംവന്നു. പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് മാധ്യമങ്ങളെക്കാള്‍ വിപണി കേന്ദ്രിത സ്വകാര്യ മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിന്റെ ലാളന കൂടുതലായി ലഭിച്ചു തുടങ്ങി. ഇതും ദൂരദര്‍ശന്റെ പ്രാമുഖ്യത്തിന് വലിയ ഇടിച്ചിലുണ്ടാക്കി.
2014 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരേയളവില്‍ കവറേജ് നല്‍കാന്‍ ദൂരദര്‍ശന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അവരോധിച്ച നരേന്ദ്ര മോദിയുടെ അഭിമുഖം ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ചു. ഇതില്‍ പ്രിയങ്കാ ഗാന്ധിയെ കുറിച്ച് മോദി പറയുന്ന ഒരു ഭാഗം ദൂരദര്‍ശന്‍ കാണിച്ചില്ല. കോണ്‍ഗ്രസ് തങ്ങളുടെ രാഷ്ട്രീയാവശ്യങ്ങള്‍ക്കായി ദൂരദര്‍ശനെന്ന പൊതുമാധ്യമത്തെ ഉപയോഗിക്കുന്നുവെന്ന് അന്ന് ബിജെപി വലിയ പ്രചരണമുയര്‍ത്തിക്കൊണ്ടുവന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ കോണ്‍ഗ്രസ് മോദിയെ ഭയക്കുന്നുവെന്ന ഈ പ്രചരണവും സ്വകാര്യ മൂലധനമൊഴുക്കിക്കൊണ്ട് കുത്തക മാധ്യമങ്ങളില്‍ നിറഞ്ഞുകവിഞ്ഞ മോദി സ്തുതിയും ബിജെപിക്ക് വലിയ ഗുണമുണ്ടാക്കി. വലിയ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ച 2014 ല്‍ ബിജെപി അധികാരത്തിലെത്തി, മോദി പ്രധാനമന്ത്രിയായി.
മോദിക്കാലത്തെ ദൂരദര്‍ശന്‍: പ്രചാരവേലയുടെ പുത്തന്‍ രീതികള്‍
വലിയ അഴിച്ചുപണികള്‍ ആവശ്യമുണ്ടെങ്കിലും ദൂരദര്‍ശന്‍ അടക്കമുള്ള പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് മാധ്യമങ്ങളെ തങ്ങളുടെ സര്‍ക്കാരിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പ്രചരണത്തിനായി ഉപയോഗിക്കണമെന്നായിരുന്നു മോദി സര്‍ക്കാരിന്റെയും നിലപാട്. അതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ സകല പരിപാടികളും വലിയ കൊട്ടിഘോഷങ്ങളോടെ പ്രദര്‍ശിപ്പിക്കാനാരംഭിച്ചു. ആകാശവാണി വഴി എയര്‍ ചെയ്യുന്ന പ്രധാനമന്ത്രിയുടെ 'മന്‍ കി ബാത്ത്' നിലവില്‍ വരുന്നത് അങ്ങനെയാണ്. അതോടൊപ്പം ദൂരദര്‍ശനില്‍ ഈ പ്രഭാഷണങ്ങള്‍ സംപ്രേഷണം ചെയ്യാനുമാരംഭിച്ചു. ബിജെപി അധികാരത്തില്‍ വന്ന 2014 ല്‍ ഇന്ത്യന്‍ ചരിത്രത്തിലാദ്യമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ വിജയദശമി പ്രഭാഷണം ദൂരദര്‍ശനില്‍ ലൈവായി കാണിച്ചു. സംഘടനാസ്ഥാപന ദിനത്തില്‍ തന്റെ അണികള്‍ക്കായി ഒരു നേതാവ് നടത്തുന്ന പ്രഭാഷണം പൊതു മാധ്യമമായ ദൂരദര്‍ശനിലൂടെ പ്രദര്‍ശിപ്പിച്ചതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നുവരികയുണ്ടായി. വര്‍ഗീയപ്രത്യയശാസ്ത്ര മേല്‍ക്കോയ്മ നേടി കയ്യൂക്കിന്റെ ബലത്തില്‍ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഒരു സംഘടനയുടെ നേതാവിനെ ഭയഭക്തി ബഹുമാനത്തോടെ ദൂരദര്‍ശന്‍ ലൈവായി കാണിച്ചുവെന്നത് വലിയ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. എല്ലാ കൊല്ലവും തുടര്‍ന്നുവരുന്ന ഒരു ആചാരമായി ഇത് മാറിയെന്നതും ഇവിടെ ഓര്‍ക്കാം.
മന്‍ കി ബാത്ത് | PHOTO: FACEBOOK
2017 ല്‍ അന്ന് ത്രിപുര മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിന അഭിസംബോധന ദൂരദര്‍ശന്‍ പ്രദര്‍ശിപ്പിച്ചില്ല. സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുന്ന പതിവ് രീതി പ്രകാരം മുന്‍കൂട്ടി തയ്യാറാക്കി വെച്ചിരുന്ന പ്രഭാഷണമാണ് സംപ്രേഷണം ചെയ്യില്ലെന്ന് തീരുമാനിച്ചത്. ചില ഭാഗങ്ങള്‍ വെട്ടിത്തിരുത്തിയതിന് ശേഷമേ അഭിസംബോധനാ പ്രസംഗം കാണിക്കാവൂ എന്നായിരുന്നു പ്രസാര്‍ ഭാരതിയുടെ വിശദീകരണം. ഈ നീക്കം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു. ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ അഭിസംബോധന സംപ്രേഷണം ചെയ്യില്ലെന്ന നിലപാട് രാജ്യത്തിന്റെ അടിത്തറയായ ഫെഡറലിസത്തോടുള്ള സംഘപരിവാര്‍ നിലപാടിന്റെ പ്രതിഫലനമായിരുന്നു.
ഇങ്ങനെ വിവിധ രീതിയില്‍ തങ്ങളുടെ പ്രത്യയശാസ്ത്ര പ്രചരണത്തിനും രാഷ്ട്രീയാവശ്യങ്ങള്‍ക്കുമായി ദൂരദര്‍ശനെ ഉപയോഗിക്കുന്നത് ബിജെപി സര്‍ക്കാര്‍ നിരുപാധികം തുടര്‍ന്നു. 2019 ലെ തെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വന്നു. ദൂരദര്‍ശനും ആകാശവാണിയും പൊതുമേഖലാ സ്ഥാപനങ്ങളാക്കി മാറ്റി പ്രസാര്‍ ഭാരതിയെ എടുത്തുകളയാനുള്ള ചര്‍ച്ചകള്‍ അതോടെ സജീവമായി. സ്വകാര്യ കുത്തക മാധ്യമങ്ങളോടുള്ള വിപണി മത്സരത്തില്‍ ദൂരദര്‍ശന്‍ പിന്നിലാകുന്നതിനുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ ചര്‍ച്ചയാക്കുന്നതിന് പകരം കൂടുതല്‍ സ്വകാര്യ നിക്ഷേപം പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് രംഗത്ത് കൊണ്ടുവരാന്‍ ശ്രമങ്ങളാരംഭിച്ചു. നഷ്ടത്തിന്റെ പടുകുഴിയിലായ ദൂരദര്‍ശനെ തിരിച്ചുകൊണ്ടുവരാന്‍ മോദിയുടെ പരിപാടികള്‍ കൂടുതല്‍ ഊര്‍ജ്ജിതമായി നല്‍കാനും തീരുമാനങ്ങളുണ്ടായി.
ഇങ്ങനെ സര്‍ക്കാരിന്റെ പ്രിയ സംപ്രേഷണ മാധ്യമമായി മാറിയ ദൂരദര്‍ശന്റെ പുതിയൊരു മുഖമാണ് അയോധ്യയില്‍ ബാബ്റി മസ്ജിദ് തകര്‍ത്തയിടത്ത് നിര്‍മിച്ച രാമക്ഷേത്രത്തിന്റെ ഉദ്ഘാടന സമയത്ത് നാം കണ്ടത്. പള്ളി പൊളിച്ചയിടത്ത് പ്രധാനമന്ത്രി മോദി ക്ഷേത്രം പണിയാനുള്ള തറക്കല്ലിട്ടത് ലൈവായി മുഴുവന്‍ ദിവസവും ദൂരദര്‍ശന്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്നു. അതിനുശേഷവും അയോധ്യയില്‍ നിന്നും തുടര്‍ച്ചയായി വാര്‍ത്തകളും സ്‌പെഷ്യല്‍ പ്രോഗ്രാമുകളും വന്നുകൊണ്ടേയിരുന്നു. രാമക്ഷേത്ര ഉദ്ഘാടനത്തിന് 21 ദിവസങ്ങള്‍ ശേഷിക്കേ തങ്ങളുടെ ബ്രോഡ്കാസ്റ്റിംഗ് സമയത്തിന്റെ വലിയ ശതമാനവും ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കും പരിപാടികള്‍ക്കും മാറ്റിവെക്കാനായി ഔദ്യോഗിക തീരുമാനമായി. രാമഭക്തിയും ഹിന്ദു അഭിമാനവും കുത്തിവെക്കുന്ന പരിപാടികളാല്‍ ദൂരദര്‍ശന്‍ നിറയുന്ന അവസ്ഥ സംജാതമായി. ജനുവരി 22 ന് രാമക്ഷേത്ര ഉദ്ഘാടന പരിപാടികള്‍ ദൂരദര്‍ശന്‍ തുടര്‍ച്ചയായി കാണിച്ചുകൊണ്ടിരുന്നു. കാഴ്ചക്കാരുടെ എണ്ണത്തില്‍ വലിയ കുറവ് നേരിട്ടിരുന്ന ദൂരദര്‍ശനില്‍ ആ ദിവസം ഒരു കോടിക്ക് മുകളില്‍ കാഴ്ചക്കാരുണ്ടായി. ഇത് പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് മാധ്യമങ്ങള്‍ക്കുള്ള ഒരു വലിയ മുന്നറിയിപ്പ് കൂടിയായിരുന്നു. സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര പ്രചരണത്തിനായി തങ്ങളുടെ മാധ്യമത്തെ ഉപയോഗപ്പെടുത്തുന്നതിന് വിപണിപരമായും ഗുണമുണ്ടെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞു. രാമക്ഷേത്രത്തിലെ പൂജാവൃത്തികള്‍ ദൂരദര്‍ശനിലൂടെ സംപ്രേഷണം ചെയ്യുന്നത് ഒരു നിത്യസംഭവമായി മാറി. ആ അര്‍ത്ഥത്തില്‍ സംഘപരിവാറിന്റെ കാല്‍ക്കീഴിലൊതുങ്ങുന്ന മാധ്യമ സ്ഥാപനമായി ദൂരദര്‍ശന് രൂപമാറ്റം സംഭവിക്കുകയായിരുന്നു.
REPRESENTATIVE IMAGE | FACEBOOK
-----------------------------------------------------------------------------------------------------
ദൂരദര്‍ശനെന്ന പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് മാധ്യമത്തിന്റെ പുതിയ രൂപമാറ്റത്തിന്റെ ബാക്കിപത്രമാണ് 'കേരള സ്റ്റോറി' സിനിമയുടെ സംപ്രേഷണം. ഈ ടെലിവിഷന്‍ മാധ്യമത്തിന്റെ ചരിത്രം ഇത്തരത്തിലുള്ള ധാരാളം സംഭവങ്ങളാല്‍ നിറഞ്ഞതാണ്. അടിയന്തരാവസ്ഥക്കാലം ഇന്ദിരാ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും പ്രതിച്ഛായ മെച്ചപ്പെടുത്താനായി നിലവില്‍ വന്നതാണ് ദൂരദര്‍ശന്‍. അന്നുമുതലിന്നുവരെ രാഷ്ട്രീയ, പ്രത്യയശാസ്ത്ര പ്രചാരവേലയ്ക്ക് വേണ്ടി ദൂരദര്‍ശന്റെ പ്രവര്‍ത്തനം പല രീതിയില്‍ വളച്ചൊടിക്കപ്പെട്ടു. ഒരു പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് മാധ്യമമെന്നതിനുപരി വെറുമൊരു ഭരണകൂടോപകരണമായി ദൂരദര്‍ശന്‍ മാറി. ആര്‍ജ്ജവവും പുരോഗമന, ജനാധിപത്യ പ്രത്യയശാസ്ത്രവുമുള്ള ഒരു പുതിയ രാഷ്ട്രീയ നേതൃത്വത്തിന് മാത്രമേ ദൂരദര്‍ശനെയും ആകാശവാണിയെയും മാറ്റിത്തീര്‍ക്കാന്‍ സാധിക്കുകയുള്ളൂ. ഇതിനായി രാജ്യത്തെ എല്ലാവരും ഒന്നിച്ചണിനിരക്കേണ്ടതുണ്ട്.