
സ്ത്രീധനവും ഗാർഹിക പീഡന മരണങ്ങളും
വിവാഹജീവിതം ഒരു മനുഷ്യന്റെ വ്യക്തിഗത നിലയിൽ അത്യാവശ്യമായ കാര്യമല്ലെങ്കിലും, സാമൂഹിക ജീവിയായ മനുഷ്യൻ ജീവിതപങ്കാളിത്തം, കുടുംബം, സന്താനോത്പത്തി തുടങ്ങിയ ആശയങ്ങളെ പ്രാവർത്തികമാക്കുന്നതിനും, പുതിയ തലമുറയെ സൃഷ്ടിച്ച് സമൂഹത്തിന്റെ തുടർച്ച ഉറപ്പാക്കുന്നതിനും, വിവാഹം എന്ന വ്യവസ്ഥാപിത ഘടനക്ക് അത്യന്തം പ്രാധാന്യമുണ്ട്. ഈ ചിന്തയെ മുൻനിർത്തുമ്പോൾ, മാതാപിതാക്കൾ പെണ്മക്കൾക്കായി തിരഞ്ഞെടുത്ത വരന്മാരും സ്ത്രീകൾ സ്വയം തെരഞ്ഞെടുത്ത ജീവിതപങ്കാളികളും പിന്നീട് അവരുടെ തന്നെ ഘാതകരായി മാറുന്ന സ്ഥിതിയാണ് ഇന്നത്തെ സമൂഹത്തിൽ കണ്ടുവരുന്നത്. ഈ കഴിഞ്ഞ കുറച്ചു കാലഘട്ടങ്ങളിലെ കണക്കുകൾ എടുത്താൽ തന്നെ, ഭർതൃ വീട്ടിലെ പീഡനങ്ങളും മാനസിക സമ്മർദ്ദങ്ങളും മൂലം ആത്മഹത്യ ചെയ്ത സ്ത്രീകളുടെ കണക്ക് ഭയപ്പെടുത്തുന്നതാണ്.
നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ(NCRB) കണക്കനുസരിച്ചു, 2017നും 2022നും ഇടയിൽ 25197 സ്ത്രീകളാണ് വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ മുഖേന ആത്മഹത്യ ചെയ്തിട്ടുള്ളത്. രാജ്യത്ത് ആത്മഹത്യ ചെയ്യുന്ന 52 ശതമാനം സ്ത്രീകളും വിവാഹിതരാണ് എന്നതാണ് മറ്റൊരു കണക്ക്. 2023ലെ NCRBയുടെ കണക്കുകൾ പറയുന്നത്, ഇന്ത്യയിൽ 6000നു മുകളിൽ മരണങ്ങൾ സ്ത്രീധന കാരണത്താൽ നടന്നിട്ടുണ്ട് എന്നാണ്. കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും കൊണ്ടെത്തിക്കുന്ന പല കാരണങ്ങളിൽ പ്രധാനി സ്ത്രീധനം കുറഞ്ഞു പോയി എന്നതാണ്. സൗന്ദര്യം കൂടിയതു മൂലം ദുർനടപ്പിന്റെ പേരിൽ ആക്ഷേപിക്കപ്പെടുകയും കുറഞ്ഞതു മൂലം പങ്കാളിക്ക് കൂടെ കൊണ്ട് നടക്കാൻ നാണക്കേട് തോന്നുകയും ചെയ്യുന്ന വ്യത്യസ്ത അനുഭവങ്ങൾ കാണാൻ സാധിക്കും. വിദ്യാഭ്യാസവും ജോലിയുമുള്ള സാമ്പത്തികമായി സ്വയം പ്രാപ്തരായ സ്ത്രീകൾ ആണെങ്കിൽ പോലും അവരുടെ അഭിപ്രായങ്ങൾ മാനിക്കാത്ത പങ്കാളികളാണ് ഏറെയും. ഇത് രണ്ടുമില്ലാത്ത ആശ്രിതരായി ജീവിക്കുന്ന സ്ത്രീകളെ ചവിട്ടുമെത്തയായി കണക്കാക്കുന്ന പ്രവണതയാണുള്ളത്. പരസ്പ്പരം മനസ്സിലാക്കി ജീവിക്കുവാൻ കഴിയാതെ വരുമ്പോൾ സ്നേഹവും താങ്ങും കിട്ടുന്ന ബന്ധങ്ങളിലേക്ക് പങ്കാളികൾ പോവുകയും, ചതിക്കപ്പെടുന്നതിന്റെ വേദനയിൽ ആത്മഹത്യയിലും കൊലപാതകത്തിലും എത്തിപ്പെടുകയും ചെയ്യുന്നു.
കുട്ടികൾ ഉണ്ടാകുവാൻ വൈകുകയോ കുട്ടികൾ ഉണ്ടാവാതെ ഇരിക്കുകയോ ചെയ്താൽ സമൂഹത്തിന്റെ വിചാരണക്ക് ഇരയാകുന്നത് എപ്പോഴും സ്ത്രീകളാണ്. പ്രസവാനന്തരം അനുഭവിക്കുന്ന പോസ്റ്റ് പാർട്ടം ഡിപ്രഷനും കുഞ്ഞുങ്ങളുടെ ദൈന്യംദിന പരിപാലനങ്ങളിൽ പങ്കാളികളുടെ അഭാവവും സ്ത്രീകളെ അഗാതമായ മാനസ്സിക പ്രശ്നങ്ങളിൽ കൊണ്ടെത്തിക്കുന്നു. നല്ല ഭാര്യ ആയിരിക്കുവാൻ പലതും സഹിക്കേണ്ടതുണ്ട് പൊറുക്കേണ്ടതുണ്ട് എന്ന സമൂഹത്തിന്റെ പ്രതീക്ഷ നിറവേറ്റുവാനും, മക്കൾക്ക് മാതാപിതാക്കളുടെ രണ്ട് പേരുടെയും സ്നേഹവും സംരക്ഷണവും ലഭിക്കുവാനുമായി പല സ്ത്രീകളും സ്വന്തം അഭിമാനം പണയം വച്ചാണ് ഭർതൃവീടുകളിൽ കഴിഞ്ഞു പോകുന്നത്. മദ്യപാനികളായ പങ്കാളികളുടെ ശാരീരിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകൾ പലപ്പോഴും ഈ സത്യം പുറത്തു പറയുക പോലുമില്ല. വർഷങ്ങളോളം നീണ്ടു നിൽകുന്ന പീഡനങ്ങൾ സഹിച്ച് ഗതിമുട്ടുമ്പോളാണ് ജീവത്യാഗം ചെയ്യാൻ സ്ത്രീകൾ തീരുമാനിക്കുന്നത്.
REPRESENTATIVE IMAGE | WIKI COMMONS
വിവാഹമെന്ന സ്ഥാപനത്തിൽ സംഭവിക്കുന്ന ഇത്തരത്തിലുള്ള മരണങ്ങളെ കൊലപാതകങ്ങളായി തന്നെ കണക്കാക്കേണ്ടതുണ്ട്. 2020 മുതൽ 2025 വരെ വാർത്തകളിലും ചർച്ചകളിലും ഇടം നേടിയ ഇത്തരം ആത്മഹത്യകളും കൊലപാതകങ്ങളും ഇവിടെ സൂചിപ്പിക്കുന്നു.
മെയ് 7, 2020ലാണ് ഉത്ര എന്ന 25 വയസ്സുള്ള പെൺകുട്ടിയെ കൊല്ലത്ത് അവളുടെ സ്വന്തം വീട്ടിൽ വെച്ചു തന്നെ, ഭർത്താവ് സൂരജ്, മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുന്നത്. സൂരജിന് ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കുവാൻ വേണ്ടി ചെയ്തതാണിത്. ഇതിനു മുൻപ് അണലിയെ കൊണ്ടും ഉത്രയെ കടിപ്പിച്ചിരുന്നു. സംശയം തോന്നിയ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയും അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിയുകയും സൂരജ് കുറ്റം സമ്മതിക്കുകയും ചെയ്തു. 21 ജൂൺ 2021ലാണ് ആയുർവേദ മെഡിക്കൽ വിദ്യാർഥിനിയായിരുന്ന വിസ്മയ എന്ന 22 വയസ്സുകാരി പെൺകുട്ടി കൊല്ലത്ത് ആത്മഹത്യ ചെയ്തത്. സ്ത്രീധനത്തെ ചൊല്ലിയുള്ള നിരന്തരമായ പീഡനത്തെ തുടർന്ന് മനം നൊന്ത്, ഭർതൃ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് കിരൺ കുമാറിനെ ശിക്ഷിച്ചു.
4 ഡിസംബർ 2023ലാണ് ആയഞ്ചേരി സ്വദേശിനി ഷബ്‌ന ഓർക്കാട്ടേരിയിലെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചത്. ഭർത്താവിന്റെ അമ്മാവൻ ഹനീഫ മർദ്ധിച്ചതിനു പിന്നാലെയായിരുന്നു ആത്മഹത്യ. 4 ജനുവരി 2025ൽ മലപ്പുറം കൊണ്ടോട്ടിയിൽ 19 വയസുള്ള ഷഹാന മുംതാസ് എന്ന പെൺകുട്ടി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഭർത്താവും വീട്ടുകാരും ചേർന്ന് നിരന്തരം ഷഹാനയുടെ നിറത്തെ കുറ്റപ്പെടുത്തുകയും വിവാഹമോചനത്തിന് പ്രേരിപ്പിക്കുകയും ചെയ്തതാണ് മരണ കാരണം. 28 ഫെബ്രുവരി 2025ലാണ് ഷൈനി കുര്യാക്കോസ്സ് എന്ന നാല്പത്തിരണ്ട് വയസ്സുകാരി തന്റെ മക്കളായ അലീനയേയും(11) ഇവാനയേയും(10) കൊണ്ട് കോട്ടയത്ത് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ഗാർഹിക പീഡനം മൂലം ഭർത്താവുമായി 8 മാസം പിരിഞ്ഞു താമസിച്ചതിന്റെ ഒടുവിലാണ് ഷൈനി, മുന്നിൽ ഒരു വഴിയും കാണാതെ ആത്മഹത്യ ചെയ്യുവാൻ തീരുമാനിക്കുന്നത്. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവ് നോബിക്കെതിരെ പൊലീസ് കേസ് എടുത്തു. 15 ഏപ്രിൽ 2025ലാണ് 34 വയസ്സുകാരിയായ ജിസ്മോൾ തന്റെ അഞ്ചും മൂന്നും വയസ്സ് പ്രായമുളള നേഹയും പൊന്നുവും എന്ന പെൺമക്കളെയും എടുത്തു കൊണ്ട് മീനച്ചിൽ ആറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. കേരള ഹൈക്കോടതിയിലെ വക്കീലും കോട്ടയം മുത്തോലി ഗ്രാമ പഞ്ചായത്തിന്റെ മുൻ പ്രസിഡന്റുമായിരുന്നു ജിസ്മോൾ. ക്നാനായ സഭയിൽ പെട്ട ഭർതൃ കുടുംബക്കാർ ജിസ്മോളുടെ നിറം പോരായെന്ന് പറഞ്ഞു കുറ്റപ്പെടുത്തുമായിരുന്നു. അതിനാൽ കൂടുതൽ സ്ത്രീധനം വേണമെന്നവർ ആവശ്യപ്പെട്ടു. കൂടാതെ ഭർത്താവിൽ നിന്നും ജിസ്മോൾ ശാരീരിക പീഡനം അനുഭവിച്ചിട്ടുണ്ടെന്ന് ജിസ്മോളുടെ പിതാവ് സാക്ഷ്യപ്പെടുത്തി. തന്റെ നിറത്തിലുള്ള മക്കൾക്കും ഭാവിയിൽ ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ ഉണ്ടാവാതെ ഇരിക്കുവാൻ ജിസ്‌മോൾ അവരെയും മരണത്തിൽ കൂടെ കൂട്ടി.
വിസ്മയ | PHOTO : WIKI COMMONS
8 ജൂലൈ 2025ലാണ് ഭർത്താവുമൊത്തു ഷാർജയിൽ കഴിഞ്ഞിരുന്ന വിപഞ്ചിക മണിയൻ എന്ന 33 വയസ്സുകാരി തന്റെ 18 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതിനു ശേഷം ആത്മഹത്യ ചെയ്തത്. പൊലീസ് കണ്ടെത്തിയ മരണക്കുറിപ്പിൽ ഭർത്താവു നിധീഷ് മോഹനും കുടുംബവുമാണ് മരണത്തിന് പ്രേരിപ്പിച്ചത് എന്ന് വിപഞ്ചിക എഴുതിവെച്ചിട്ടുണ്ട്. ശാരീരികവും മാനസികവുമായ പീഡനങ്ങൾക്കു വിപഞ്ചിക ഇരയായിട്ടുണ്ടെന്ന് അവളുടെ വീട്ടുകാർ ആരോപിച്ചു. 19 ജൂലൈ 2025ലാണ് ഭർത്താവുമൊത്തു ഷാർജയിൽ കഴിഞ്ഞിരുന്ന അതുല്യയെന്ന 30 വയസ്സുള്ള കൊല്ലം സ്വദേശിനിയെ തങ്ങളുടെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. അമിത മദ്യപാനിയായ ഭർത്താവ് സതീഷ് പലപ്പോഴും വധഭീഷണി മുഴക്കിയിട്ടുള്ളതായി അതുല്യ സ്വന്തം വീട്ടുകാരോടും കൂട്ടുകാരോടും പറഞ്ഞിട്ടുണ്ടായിരുന്നു. എന്നിട്ടും ആർക്കും അവളെ മരണത്തിൽ നിന്നും രക്ഷിക്കാനായില്ല. 7 സെപ്റ്റംബർ 2025ലാണ് കാസർഗോഡുള്ള കെ. നന്ദനയെന്ന 21 വയസ്സുകാരിയായ നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. റിപ്പോർട്ട് ചെയ്തതും അല്ലാത്തതുമായ എണ്ണമറ്റ കേസുകൾ ഇനിയും ഒരുപാടുണ്ട് എന്നത് വസ്തുതയാണ്.
മേല്പറഞ്ഞ ഉദാഹരണങ്ങളിൽ നിന്നും വിവാഹിതയായ സ്ത്രീകളുടെ ആത്മഹത്യക്ക് പ്രധാനമായ ഒരു കാരണം സ്ത്രീധനമാണെന്ന് കാണാം. 1961 ലെ സ്ത്രീധന നിരോധന നിയമ പ്രകാരം സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ് എന്നിരിക്കെ, പ്രത്യക്ഷത്തിൽ തന്നെ "നിങ്ങളുടെ മകൾക്കു നിങ്ങൾ എന്ത് കൊടുക്കും?" എന്ന് ചോദിച്ചു തന്നെ ഇന്നും സ്ത്രീധനം കൈപറ്റുന്നവരുണ്ട്. സ്ത്രീധനം കൊടുക്കുന്ന മാതാപിതാക്കളാകട്ടെ, വിവാഹ ദിവസം മകൾ അണിയുന്ന സ്വർണ്ണാഭരണങ്ങളുടെ ഭാരത്തിലും പിന്നെ കൊടുക്കുന്ന വാഹനങ്ങൾ മുതലായ സമ്മാനങ്ങളിലുമാണ് തങ്ങളുടെ അഭിമാനം നിലകൊള്ളുന്നത് എന്ന് വിശ്വസിക്കുന്നവരാണ്. കണ്ണു പൊലിക്കുന്ന എല്ലാ സമ്മാനങ്ങളുമായി ചെന്നാലും ഭൂരിഭാഗം വീടുകളിലേയും സ്വീകരണം മനം മടുപ്പിക്കുന്നതാണ്. സ്ത്രീധനത്തിന്റെ പേരിൽ പങ്കാളിയുടെ ഭാഗത്തു നിന്നു മാത്രമല്ല, അയാളുടെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും പിന്നെ മറ്റു ബന്ധുമിത്രാദികളുടെയും പീഡനങ്ങൾക്കും ഇരയാകേണ്ടി വരുന്ന സ്ഥിതി വിശേഷമാണ് കാണപ്പെടുന്നത്. സൗന്ദര്യം കൂടിയതും കുറഞ്ഞതും, വണ്ണം കൂടിയതും കുറഞ്ഞതും, വിദ്യാഭാസവും ജോലിയും ഉള്ളതും ഇല്ലാത്തതും, കുട്ടികൾ ഇല്ലാത്തതും, പെൺകുട്ടി ആയിപോയതും തുടങ്ങി സ്ത്രീകളെ പീഡിപ്പിക്കാൻ സർവ്വത്ര കാരണങ്ങളും കണ്ടെത്താൻ ഈ പുരുഷാധിപത്യ വ്യവസ്ഥിതിക്ക് യാതൊരു ബുദ്ധിമുട്ടുകളുമില്ല.
വിവാഹം കഴിഞ്ഞ സ്ത്രീകൾ ഭർത്താവിന്റെ അടിമയായി ഇരിക്കേണ്ടതുണ്ട് എന്ന ചിന്തയിൽ നിന്നു കൊണ്ട് അധികാരം സ്ഥാപിക്കൽ നടത്തുന്ന പങ്കാളികളാണ് ഏറെയും. ഭർത്താവിനെ 'കുടുംബത്തിന്റെ തലവൻ' എന്നും, ഭാര്യയെ 'അനുസരിപ്പിക്കേണ്ട വ്യക്തി' എന്നും കാണുന്ന സംസ്കാരപരമായ ദൃഷ്ടികോണം, അനവധി സ്ത്രീകളുടെ സ്വതന്ത്രജീവിതത്തിനു തടയിടുന്നു. സാമ്പത്തികമായി സ്വതന്ത്രയായ സ്ത്രീയെയും, വിദ്യാഭ്യാസമുള്ള സ്ത്രീയെയും പോലും, വിവാഹബന്ധം ഒരു 'അടിമത്തത്തിന്റെ പുതപ്പിൽ' ഒതുക്കാനുള്ള ശ്രമങ്ങൾ പല വീടുകളിലും കാണാം.
അത്തരത്തിലുള്ള ബന്ധങ്ങളിൽ, ഭർത്താവ് സ്വയം ഒരു മേൽക്കോയ്മ സ്ഥാപിക്കാൻ ശ്രമിക്കുന്നു — അത് വാക്കുകൾ മുഖേനയും, സാമ്പത്തിക നിയന്ത്രണത്തിലൂടെയും, മാനസിക പീഡനത്തിലൂടെയും, ചിലപ്പോൾ ശാരീരിക അതിക്രമത്തിലൂടെയും പ്രത്യക്ഷപ്പെടുന്നു. ഈ അധികാരാഭിലാഷം, സ്ത്രീയുടെ സ്വതന്ത്രമായ ചിന്തയെയും വ്യക്തിത്വത്തെയും ഇല്ലാതാക്കുന്നു. മനശാസ്ത്രപരമായി നോക്കുമ്പോൾ, ഇത്തരം ബന്ധങ്ങളിൽ ഭർത്താവിന് ഉണ്ടാകുന്ന 'അധികാരബോധം' അവിശ്വാസം, പുരുഷാധിപത്യ സംസ്കാരം, സാമൂഹിക സമ്മർദം, എന്നിവയുടെ കൂട്ടായ ഫലമാണ്. ഭാര്യയെ നിയന്ത്രിക്കുന്നതിലൂടെ തനിക്ക് മാനസികമായ ആത്മവിശ്വാസം ലഭിക്കുന്നു എന്നതാണ് ഭൂരിഭാഗം പുരുഷന്മാരുടെ അവബോധാതീത മനോഭാവം. ഇത് ഒടുവിൽ വിവാഹ ബന്ധം സ്നേഹത്തിന്റെയോ കൂട്ടായ്മയുടെയോ പേരിൽ നിലനിൽക്കാതെ, ഭയം, നിയന്ത്രണം, അനുസരണം എന്നീ മൂല്യങ്ങളിലാണ് നിലനിർത്തുന്നത്. അത്തരം ബന്ധങ്ങളാണ് പലപ്പോഴും ആത്മഹത്യയിലേക്കോ, കൊലപാതകത്തിലേക്കോ സ്ത്രീകളെ നയിക്കുന്നതും.
REPRESENTATIVE IMAGE | WIKI COMMONS
വിവാഹിതരായ പെണ്മക്കൾ അച്ഛനമ്മമാരെ വിളിച്ച് ഭർതൃ വീടുകളിലെ പീഡനങ്ങളുടെയും ജീവിത പിരിമുറുക്കങ്ങളുടെയും ഭാണ്ഡം തുറക്കുമ്പോൾ അവരെ കേൾക്കാൻ കൂടുതലും മാതാപിതാക്കൾ തയ്യാറാവുന്നില്ല. കേട്ടാൽ തന്നെ, സ്വന്തം വീട്ടിൽ തിരിച്ചു വന്നു നിൽക്കുന്നതിന്റെ അഭിമാന ക്ഷതമോർത്ത്, പെണ്മക്കളോട് 'പൊരുത്തപ്പെട്ടു' ജീവിക്കുവാൻ ഉപദേശിക്കുന്ന അച്ഛനമ്മമാരാണ് ഈ സമൂഹത്തിൽ കൂടുതലും ഉള്ളത്. ഉത്തരവാദിത്തങ്ങൾ ഒതുക്കാനും 'ഭാരം' ഒഴിവാക്കാനുമാണ് മിക്ക പെൺകുട്ടികളെയും വിവാഹം കഴിപ്പിക്കുന്നത്. അപ്പോൾ വിവാഹ മോചിതയായി മകൾ ഒറ്റക്കോ കുട്ടികളുമായോ തിരികെ വരുകയാണെങ്കിൽ വീണ്ടും ഭാരമാവുകയാണല്ലൊ! ഈ പെൺകുട്ടികൾക്ക് എവിടെയാണ് സ്വന്തമായി ഒരിടമുള്ളത് ? ജനിച്ചു വളർന്ന വീട്ടിൽ അതിഥിയാണ്, വിവാഹം കഴിച്ചെത്തിയ വീട്ടിൽ വന്നു കയറിയവളും. അനുഭവിക്കുന്ന കൊടും ക്രൂരതകളിൽ നിന്നും രക്ഷപ്പെട്ടു കയറി ചെല്ലാൻ ഒരിടം ഇല്ലായെന്നും സ്വീകരിക്കാൻ ഒരാള് പോലുമില്ലയെന്നുമുള്ള തിരിച്ചറിവിൽ നിന്നുമാണ് സ്വയം ജീവനെടുക്കാനുള്ള തീരുമാനത്തിൽ എത്തുന്നത്.
ഓരോ സ്ത്രീ മരണപ്പെടുമ്പോഴും, 'മരണപ്പെട്ട മകളേക്കാൾ നല്ലതാണു വിവാഹ മോചിതയായ മകൾ' എന്ന ഹാഷ്‌ടാഗോടു കൂടി സമൂഹ മാധ്യമങ്ങളിൽ എല്ലാവരും സുദീർഘമായ ചർച്ചകൾ നടത്തും. എന്നിരുന്നാലും മരണങ്ങൾ സംഭവിച്ചു കൊണ്ടേയിരിക്കുയാണ്. ആദ്യമായി തന്നെ സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും അവസാനിപ്പിക്കുക. ചന്തയിലെ ചരക്കുകൾ പോലെ പെൺകുട്ടികളെ വിലപേശി കച്ചവടം നടത്താതെയിരിക്കുക. പെൺമക്കളുടെ ജീവിതം സുരക്ഷിതമാക്കുവാൻ അവർക്കു വിദ്യാഭാസം നൽകുക, ജോലി സമ്പാദിച്ചു സ്വന്തം കാലിൽ നിൽക്കുവാൻ പ്രാപ്തരാക്കുക. സമ്മാനങ്ങൾ നൽകുവാൻ പാങ്ങുള്ളവർ സ്വന്തം പെണ്മക്കളുടെ പേരിൽ വീട് കെട്ടി കൊടുക്കുകയോ സ്ഥലം വാങ്ങി കൊടുക്കുകയോ ബാങ്കിൽ പണം നിക്ഷേപിക്കുകയോ ചെയ്യുക. ഭാവിയിൽ ആവശ്യങ്ങൾ വരുമ്പോൾ അവർക്ക് വേറെ ആരെയും ആശ്രയിക്കാതെ ജീവിക്കാൻ സാധിക്കും. പെൺകുട്ടികൾ അവരുടെ പങ്കാളികളെ സ്വയം തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിക്കുക. ഡേറ്റ് ചെയ്തും ലിവിങ് ടുഗെതെർ ചെയ്തും തമ്മിൽ അത്രമേൽ വിശ്വാസ്യത കൈവന്നതിനു ശേഷം അവർ കുടുംബം തുടങ്ങട്ടെ. വിവാഹത്തിന് മുൻപ് തന്നെ വൈവാഹിക ജീവിതത്തെ കുറിച്ചുള്ള അവബോധം പെൺകുട്ടികൾക്ക് നൽകുക. അതിനായി പ്രൊഫഷണൽ കൗൺസിലിങ് നൽകാവുന്നതാണ്. വിവാഹ ശേഷം പെണ്മക്കൾ അറിയിക്കുന്ന പരാതികൾ ഗൗരവമായി എടുക്കുകയും അതിനെ പറ്റി അനേഷിക്കുകയും ചെയ്യുക. അവരെ കേൾക്കാൻ ആളുണ്ടെന്നും എന്ത് വന്നാലും ചേർത്ത് നിർത്താൻ വീട്ടുകാരുണ്ടെന്നും വന്നു കയറാൻ ഒരിടം ഉണ്ടെന്നും അവർക്കു മനസ്സിലാക്കി കൊടുക്കുക. വിവാഹ മോചനം ഒരു കുറവോ കുറ്റമോ അല്ലെന്നും അവരോടു പറയുക. മാനസിക സമ്മർദ്ദത്തിലാണ് പെണ്മക്കൾ എന്നറിഞ്ഞാൽ അവർക്ക് വൈദ്യസഹായം നൽകുക.
REPRESENTATIVE IMAGE | WIKI COMMONS
നിയമങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കേണ്ടതുണ്ട്. പെൺകുട്ടികൾക്ക് പേടികൂടാതെ, ഗാർഹിക പീഡനങ്ങൾ റിപ്പോർട്ട് ചെയ്യാൻ സാധിക്കണം. നീതി ലഭിക്കുവാൻ കാലതാമസം ഉണ്ടാവാതിരിക്കണം. പൊലീസിനേയും ആംബുലൻസിനേയും വിളിക്കാനുള്ള നമ്പരുകൾ പോലെ ഗാർഹിക പീഡനങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള ഹെല്പ്ലൈൻ നമ്പറുകളും എല്ലാവർക്കും സുപരിചിതമാക്കണം. സ്ത്രീകൾക്ക് വേണ്ടിയുള്ള`ഷെൽട്ടർ ഹോമുകളെ കുറിച്ച് എല്ലാവരിലും അവബോധം ഉണ്ടാക്കുക. സാമ്പത്തിക സ്വാതന്ത്ര്യത്തിനായി ജോലി ഉറപ്പു വരുത്തുക. അതിനായി സ്കിൽ-ട്രെയിനിങ്ങും മറ്റും നൽകുക. സൗജന്യമായി നിയമ സഹായങ്ങൾ നൽകുക. ഇത്തരത്തിലുള്ള ഇടപെടലുകൾ ഒരു പരുതി വരെയെങ്കിലും വിവാഹിതയായ സ്ത്രീകളുടെ ആത്മത്യയുടെ എണ്ണം കുറക്കാൻ സാധിക്കും. അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന് ഇപ്പോൾ അഹങ്കരിക്കുന്ന കേരളത്തിൽ സ്ത്രീകൾക്കും സുരക്ഷിതരായി, അഭിമാനത്തോടെ ജീവിക്കുവാൻ അവകാശമുണ്ട്, അവർ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.


