സ്ത്രീധന പീഡനങ്ങളും കൊലപാതകങ്ങളും
(ഭാഗം രണ്ട്)
സ്ത്രീ പീഡനം, സ്ത്രീധന കൊലപാതകം തുടങ്ങിയ വാക്കുകള്‍ ഭാഷയില്‍ വ്യാപകമാവുന്നത് 1980 കളിലാണ്. ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുമായിരുന്നു അതിന്റെ പ്രഭവകേന്ദ്രങ്ങള്‍. സ്റ്റൗവ് പൊട്ടിത്തെറിച്ച് പെണ്‍കുട്ടി മരിച്ചു എന്ന വാര്‍ത്തയാണ് എണ്‍പതുകളോടെ സ്ത്രീധന പീഡനമായി പരിണമിക്കുന്നത്. സ്റ്റൗവ് പൊട്ടിത്തെറിയില്‍ ഭൂരിഭാഗവും ഭര്‍തൃവീട്ടുകാര്‍ നടത്തുന്ന ആസൂത്രിതമായ കൊലപാതകങ്ങള്‍ ആണെന്ന തിരിച്ചറിവാണ് ഭാഷയിലെ ഈ മാറ്റത്തിന്റെ പശ്ചാത്തലം. പക്ഷേ, അപ്പോഴും കേരളത്തില്‍ നിന്നും അത്തരം വാര്‍ത്തകള്‍ വന്നിരുന്നില്ല. സ്ത്രീധനത്തിന്റെ അഭാവമായിരുന്നില്ല അതിന്റെ കാരണം. പുറമെ പുരോഗമനവും അകമേ തികഞ്ഞ യാഥാസ്ഥിതികത്വവും പുലര്‍ത്തുന്നതില്‍ മലയാളികള്‍ പൊതുവെ ആര്‍ജിച്ച അസാധാരണമായ മെയ്വഴക്കം ഒരുപക്ഷേ, ഏറ്റവുമധികം പ്രകടമാവുന്ന ഒന്നാണ് വിവാഹവും സ്ത്രീധനവും.
വിവാഹത്തിന്റെ അവിഭാജ്യഘടകമായി സ്ത്രീധനം നിലനില്‍ക്കുന്നുവെങ്കിലും അതിന്റെ സാന്നിധ്യത്തെ അറിഞ്ഞില്ല എന്ന രീതിയിലാണ് കേരളീയ പൊതുബോധ നിര്‍മിതി. സ്ത്രീപീഡനത്തിന്റെ പേരില്‍ ശരാശരി 10 പെണ്‍കുട്ടികളെങ്കിലും കേരളത്തില്‍ ഓരോ വര്‍ഷവും മരിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളാ പോലീസിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 20,434 പേരാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ ഭര്‍തൃഗൃഹങ്ങളില്‍ പീഡനത്തിന് ഇരയായത്. ഇതില്‍ പകുതിയിലധികവും സ്ത്രീധനവുമായി ബന്ധപ്പെട്ടാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. പുറംലോകം അറിയാത്ത കണക്കുകള്‍ ഇതില്‍ കൂടുതല്‍ ഉണ്ടാകുമെന്നതിലും തര്‍ക്കമില്ല.
സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2016 മുതല്‍ 2024 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം സ്ത്രീധനത്തിന്റെ പേരില്‍ 97 ജീവനുകളാണ് പൊലിഞ്ഞത്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ നാലില്‍ മൂന്നും സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ടവയാണ്. നിയമം എത്ര തന്നെ ശക്തിപ്പെടുത്തിയാലും സമൂഹം കുറ്റകൃത്യത്തെ സാധുവാക്കിയാല്‍, തുടര്‍ച്ചയാകുമെന്നതിന് ഉദാഹരണമാണ് സ്ത്രീധന വിഷയം.
REPRESENTATIVE IMAGE | WIKI COMMONS
സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2016 ല്‍ 25 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2017 ല്‍ 12, 2018 ല്‍ 17, 2019 ല്‍ 8, 2020 ല്‍ 6, 2021 ല്‍ 9, 2022 ല്‍ 11, 2023 ല്‍ 8, 2024 ല്‍ മാര്‍ച്ച് വരെ ഒരു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും അധികം സ്ത്രീധന മരണം നടന്നിരിക്കുന്നത് തെക്കന്‍ കേരളത്തിലാണ്. തിരുവനന്തപുരമാണ് മുന്നില്‍. വയനാടാണ് ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലെ 28 കുടുംബക്കോടതികളിലായി ഒന്നേകാല്‍ ലക്ഷം കേസുകളാണ് ഉള്ളത്. സ്ത്രീധനപീഡനം നേരിടുന്നവരില്‍ 78 ശതമാനവും തൊഴില്‍രഹിതരായ ഭാര്യമാരാണെന്ന് പഠനങ്ങള്‍ പറയുന്നു. സ്ത്രീധനത്തിന്റെ പേരില്‍ സംസ്ഥാനത്ത് പ്രതിവര്‍ഷം 5,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്
വിവാഹിതരായ പെണ്‍കുട്ടികളെ മരണത്തിലേക്ക് തള്ളിവിടുന്ന വിപത്തായി സ്ത്രീധനം മാറിയിട്ട് കാലങ്ങളേറെയായി. സമൂഹത്തില്‍ വിദ്യാസമ്പന്നരുടെ എണ്ണം വര്‍ധിച്ചെങ്കിലും കാലം മാറിയിട്ടും സ്ത്രീധന ചിന്തകളില്‍ കാര്യമായ മാറ്റങ്ങള്‍ പ്രകടമായിട്ടില്ല. സ്ത്രീപീഡനത്തിനും സ്ത്രീധനത്തിനും എതിരെ ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ സ്ത്രീകള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊടിയ മര്‍ദനങ്ങളേറ്റുവാങ്ങുകയും ചെയ്യുന്നത് ആവര്‍ത്തിക്കുന്നത് അതിശയകരമാണ്.
ആത്മഹത്യ ചെയ്യുന്ന പെണ്‍കുട്ടികളില്‍ അധികവും ഉയര്‍ന്ന വിദ്യാഭ്യാസവും മികച്ച കുടുംബപശ്ചാത്തലവുമുള്ളവരാണ് എന്നതാണ് മറ്റൊരു വൈരുദ്ധ്യം. സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍ ഭാര്യയെ കെട്ടിത്തൂക്കിയും തീകൊളുത്തിയും പട്ടിണിക്കിട്ടും കൊല്ലുന്നതിനൊക്കെ പുറമെ പാമ്പിനെകൊണ്ട് കടുപ്പിച്ച് കൊന്ന അപൂര്‍വ സംഭവത്തിനും കേരളം സാക്ഷിയായി. രണ്ടുലക്ഷം സ്ത്രീധനം വൈകിയതിനാണ് ഓയൂരില്‍ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മയായ തുഷാരയെ ഭര്‍ത്താവ് പട്ടിണിക്കിട്ട് കൊന്നത്. മരിക്കുമ്പോള്‍ 20 കിലോയായിരുന്നു തുഷാരയുടെ ഭാരം. 150 പവനും ഒരേക്കര്‍ ഭൂമിയും ഒന്നരക്കോടി രൂപയും ബിഎംഡബ്ല്യൂ കാറുമാണ് ഡോ. ഷഹനയുടെ വീട്ടുകാരോട് ഡോ. റുവൈസ് ആവശ്യപ്പെട്ടത്. കൊട്ടക്കണക്കിന് സ്ത്രീധനം നല്‍കാനില്ലെന്ന് എഴുതിവച്ച ഷഹനയും ഒരിക്കലും തീരാത്ത സ്ത്രീധനക്കൊതിയുടെ ഇരയായി മാറി. എല്ലാവര്‍ക്കും പണമാണ് വലുതെന്ന ആത്മഹത്യാ കുറിപ്പ് എഴുതിവച്ചാണ് ഷഹന മരിച്ചത്.
REPRESENTATIVE IMAGE | WIKI COMMONS
2023 ജൂലൈയില്‍ തിരുവനന്തപുരം കാട്ടാക്കടയില്‍ 22 കാരി സോന ആത്മഹത്യ ചെയ്ത കേസില്‍ 2024 ജനുവരിയിലാണ് ഭര്‍ത്താവ് വിപിന്‍ അറസ്റ്റിലായത്. 2023 ജൂണിലായിരുന്നു വിപിന്റെയും സോനയുടെയും വിവാഹം. വിവാഹം നടന്ന് പതിമൂന്നാം ദിവസം സോന ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഒന്നരവര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയവിവാഹമായിരുന്നെങ്കിലും വിപിന്‍ സ്ത്രീധനം ആവശ്യപ്പെട്ട് സോനയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. ഇവരൊക്കെ മലയാളികള്‍ക്ക് മുന്നില്‍ സ്ത്രീധനത്തിന്റെ ഇരകളായി അവശേഷിക്കുമ്പോഴും സമൂഹത്തിന് സ്ത്രീധന ചിന്തയില്‍ യാതൊരു മാറ്റവും ഉണ്ടാകുന്നില്ല.
സ്ത്രീധന നിരോധന നിയമം
ആറ് പതിറ്റാണ്ടിലേറെയായി സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നിട്ട്. 1961 ലാണ് സ്ത്രീധന നിരോധന നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ 1992 ല്‍ ചട്ടങ്ങള്‍ രൂപീകരിക്കുകയും 2004 ല്‍ പുതിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ചട്ടം പരിഷ്‌കരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നാളിതുവരെ പിന്നിട്ടിട്ടും സ്ത്രീധന സമ്പ്രദായത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞിട്ടില്ല.
വിവാഹവേളയില്‍ ലഭിക്കുന്ന സമ്മാനങ്ങളുടെ ഏകദേശമൂല്യം ലിസ്റ്റ് ചെയ്ത് സമര്‍പ്പിക്കണമെന്ന് 1985 ലെ കേന്ദ്രനിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാരാകട്ടെ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം ഭാര്യയുടെ ഒപ്പ് സഹിതം മേലധികാരിക്ക് സമര്‍പ്പിക്കണമെന്നും നിയമമുണ്ട്. പക്ഷേ, നമ്മുടെ നാട്ടില്‍ ഇത് എത്രത്തോളം പ്രാവര്‍ത്തികമാകുന്നുണ്ട് എന്ന് പരിശോധിക്കേണ്ടതാണ്. സ്ത്രീധന പീഡന പരാതികള്‍ ലഭിച്ചാല്‍ ഉടനെതന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സുപ്രീംകോടതി വിധി വന്നത് 2020 ലാണ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തെ സ്ത്രീധന മുക്തമാക്കുമെന്ന് 2019 ല്‍ പ്രഖ്യാപനവും വന്നിരുന്നു. എന്നാല്‍ അത് ഫലപ്രാപ്തിയിലെത്തിയിട്ടില്ല. പാഴ്വാക്കാകുന്ന പ്രഖ്യാപനങ്ങള്‍ക്കൊപ്പം ഇതും ചേരുന്നു.
REPRESENTATIVE IMAGE | WIKI COMMONS
നിലവില്‍ കേരളത്തിലെ കുടുംബക്കോടതികളില്‍ ഒരു ലക്ഷത്തിലധികം സ്ത്രീപീഡന കേസുകളാണ് കെട്ടിക്കിടക്കുന്നത്. വിദ്യാസമ്പന്നരായിട്ടും സ്ത്രീധനത്തിനും സ്ത്രീ പീഡനത്തിനും എതിരെ എവിടെ എങ്ങനെ പരാതിപ്പെടണം എന്നറിയാത്ത യുവത്വമാണ് നിലവിലുള്ളത്. സ്‌കൂള്‍തലം മുതല്‍ കുട്ടികളില്‍ ഇത്തരം കാര്യങ്ങളില്‍ ബോധവത്കരണം നടത്തേണ്ടത് അനിവാര്യമാണ്.
സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും നിയമപരമായി കുറ്റകരമാണെങ്കിലും കാലാകാലങ്ങളായി പുരുഷന്റെ കുടുംബത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സ്ത്രീധനം നല്‍കി വരുന്നു. എന്നാല്‍ കാലം മാറിയതോടെ സ്ത്രീധനമെന്ന പേരില്‍ മാത്രം മാറ്റം വന്നു. സ്ത്രീധനം കുറ്റകരമായതുകൊണ്ട് തന്നെയാണ് വിവാഹസമ്മാനമെന്ന വാക്കിലേക്ക് എത്തപ്പെട്ടത്. ഇതോടെ കാര്യങ്ങളും കൂടുതല്‍ സൗകര്യമായി. സംസ്ഥാനത്ത് സ്ത്രീധനപീഡന മരണങ്ങളില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും സ്ത്രീധന പീഡനങ്ങള്‍ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ദൈന്യംദിന വാര്‍ത്തകളില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.
'സ്ത്രീധന നിരോധന നിയമം നിലവില്‍ വന്ന് ആറ് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇപ്പോഴും നമ്മള്‍ സ്ത്രീധനത്തിന്റെ പേരില്‍ വിലപിക്കുകയാണ്. സാക്ഷരസമൂഹമായ കേരളത്തിലെ അവസ്ഥ വളരെ പരിതാപകരം തന്നെയാണ്. സ്ത്രീധന വിഷയത്തില്‍ കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമായി നിലനില്‍ക്കുമ്പോള്‍ സമൂഹം കൊടുക്കാന്‍ തയ്യാറാകുന്നത് കൊണ്ടാണല്ലോ വാങ്ങുന്നത്. വിവാഹകമ്പോളത്തില്‍ വില പേശുമ്പോള്‍ വേണ്ടത് മകള്‍ക്ക് ഒരു ഭര്‍ത്താവിനെയും ജീവിതപങ്കാളിയെയുമാണ്. ഇത് തുറന്നുപറയാന്‍ എന്ന് നമ്മുടെ പെണ്‍മക്കളുടെ അച്ഛനമ്മമാര്‍ തയ്യാറാകുന്നുവോ അന്നേ ഇതിന് ആദ്യപടിയായ മാറ്റം വരുത്താന്‍ സാധിക്കുകയുള്ളൂ. സ്ത്രീധനം ചോദിച്ച് വിവാഹം കഴിക്കാന്‍ വരുന്ന പുരുഷന്മാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയാണ് പെണ്‍മക്കളുടെ മാതാപിതാക്കള്‍ ചെയ്യേണ്ടത്. സംസ്ഥാനത്തെ 14 ജില്ലകളിലും സ്ത്രീധന നിരോധനവുമായി ബന്ധപ്പെട്ട് ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. ഒരു പെണ്‍കുട്ടിയെ വിവാഹം ആലോചിച്ച് വരുമ്പോള്‍ സ്ത്രീധനം ചോദിച്ചാല്‍ ആ വിവരം കൃത്യമായി ജില്ലാ ഓഫീസര്‍മാരെ അറിയിച്ചാല്‍ അയാളെ അറസ്റ്റ് ചെയ്യാനും ആ കുടുംബത്തെ നിയമനടപടിക്ക് വിധേയമാക്കാനും കഴിയുന്ന നിയമങ്ങള്‍ നിലവിലുണ്ട്. അത് എത്രപേര്‍ ചെയ്യുന്നുണ്ട് എന്നതാണ് ഏറ്റവും പ്രധാനമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അംഗവും പത്തനാപുരം ഗാന്ധിഭവന്‍ ചെയര്‍പേഴ്സണുമായ ഡോ. ഷാഹിദ കമാല്‍ പറയുന്നു.
REPRESENTATIVE IMAGE | WIKI COMMONS
ഒരു ആത്മഹത്യയോ കൊലപാതകമോ നടക്കുമ്പോഴാണ് 100 പവനും കാറും ഇത്ര രൂപയും കൊടുത്തുവെന്നെല്ലാം പൊതുസമൂഹം അറിയുന്നത്. ഇത് കൊടുക്കുന്നതിന് മുമ്പ് വിവാഹവേളയില്‍ വധുവിന്റെ വീട്ടുകാര്‍ ആരോടെങ്കിലും പറയുന്നുണ്ടോ ഞങ്ങള്‍ ഇത്ര കൊടുക്കുന്നുവെന്ന്? പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വിവാഹത്തിന് സമ്മാനം കൊടുക്കാം. പക്ഷേ, ഇന്ന് സ്ത്രീധനം എന്ന വാക്ക് മറച്ചുപിടിച്ച് സമ്മാനം എന്ന ഓമനപ്പേരിലാണ് സ്ത്രീധനം കൊടുക്കുന്നത്. നിശ്ചിതമായ അളവില്ലാതെ സ്ത്രീധനം കൊടുക്കുകയും പ്രശ്നങ്ങള്‍ വരുമ്പോള്‍ മാത്രം ഇത്ര സ്ത്രീധനം കൊടുത്തുവെന്ന് പറയുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രവണത ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും' ഡോ. ഷാഹിദ കമാല്‍ കൂട്ടിച്ചേര്‍ക്കുന്നു.
1961 ലെ സ്ത്രീധന നിരോധന നിയമത്തിലെ നാലാം വകുപ്പ് പ്രകാരം സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാര്‍ഹമാണ്. ആറ് മാസം മുതല്‍ രണ്ടുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഭര്‍തൃഗൃഹങ്ങളിലെ ശാരീരിക മാനസിക പീഡനങ്ങള്‍ 2005 ലെ പ്രൊട്ടക്ഷന്‍ ഓഫ് വിമണ്‍ ഫ്രം ഡൊമസ്റ്റിക് വയലന്‍സ് ആക്ട് പ്രകാരവും കുറ്റകരമാണ്. 1961 മുതല്‍ നിലവിലുണ്ട് സ്ത്രീധന നിരോധന നിയമം. നിയമം കാറ്റില്‍ പറത്തി മാതാപിതാക്കള്‍ സ്ത്രീധനം നല്‍കിക്കൊണ്ടേയിരിക്കുന്നു. സ്ത്രീധന നിരോധന നിയമത്തിന്റെ മൂന്നാം വകുപ്പ് പ്രകാരം സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും അതിന് പ്രേരിപ്പിക്കുന്നതും അഞ്ച് വര്‍ഷത്തില്‍ കുറയാത്ത തടവും 15,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. സ്ത്രീധനമായി വാങ്ങുന്നത് മൂന്ന് മാസത്തിനകം വധുവിന് തിരികെ നല്‍കണം. അല്ലാത്തപക്ഷം ആറ് മാസത്തില്‍ കുറയാത്തതും രണ്ട് വര്‍ഷം വരെ തടവും 5,000 മുതല്‍ 10,000 രൂപ വരെ പിഴയും ലഭിക്കും.
മാറേണ്ടത് മനോഭാവം
'സ്ത്രീധനം നല്‍കുന്നത് പെണ്‍കുട്ടികളുടെ വീട്ടുകാര്‍ ഡോക്യുമെന്റ് ചെയ്യണം. വിവാഹസമ്മാനം എന്ന പേരില്‍ നല്‍കാതെ കൃത്യമായ കണക്കുകള്‍ ഉണ്ടാക്കി എഗ്രിമെന്റ് ചെയ്താല്‍ അത് തിരിച്ചുപിടിക്കാന്‍ എളുപ്പമാകും. സ്ത്രീധനത്തിന്റെ കാര്യത്തില്‍ പെണ്‍കുട്ടികളെക്കാള്‍ ആണ്‍കുട്ടികളാണ് ഉറച്ച തീരുമാനം എടുക്കേണ്ടത്. സ്ത്രീധനത്തോട് പെണ്‍കുട്ടികള്‍ അല്ല നോ പറയേണ്ടത്. സ്ത്രീധനം വാങ്ങി കല്യാണം കഴിക്കില്ലെന്ന ശക്തമായ നിലപാട് എടുക്കേണ്ടത് ആണ്‍കുട്ടികളാണ്. വിവാഹജീവിതത്തില്‍ പുരുഷന് വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടായാല്‍ ഒരുപരിധി വരെ പ്രശ്‌നങ്ങളെ ചെറുക്കാം.' സാമൂഹിക പ്രവര്‍ത്തകയും സംസ്ഥാന ബാലാവകാശ കമ്മീഷന്‍ മുന്‍ അംഗവും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ സഖിയുടെ സെക്രട്ടറിയുമായ അഡ്വ. ജെ സന്ധ്യ പറയുന്നു.
സ്ത്രീധന വ്യവസ്ഥയിലൂടെ മാതാപിതാക്കള്‍ പെണ്‍മക്കളെ വില്‍പന ചരക്കാക്കുകയാണ്. തങ്ങളുടെ സമ്പത്തിന്റെ മൂല്യം നാട്ടുകാരെയും ബന്ധുക്കളെയും കാണിക്കാനുള്ള പ്രദര്‍ശന വേദിയായി കൂടി ചില മാതാപിതാക്കള്‍ വിവാഹത്തെ കാണുന്നു. മകള്‍ അണിയുന്ന സ്വര്‍ണത്തിന്റെ തിളക്കമാണ് തങ്ങളുടെ സമ്പത്തെന്ന് പറയാതെ പറയുകയാണ് ഇത്തരക്കാര്‍. വിവാഹമല്ല അന്തിമമായ ജീവിതമെന്ന് പെണ്‍കുട്ടികളും മനസ്സിലാക്കണം. സ്ത്രീധനം ആവശ്യപ്പെടുന്നവരെ വേണ്ടെന്നുവയ്ക്കാനുള്ള ആര്‍ജവം നമ്മുടെ പെണ്‍കുട്ടികള്‍ക്കും ഉണ്ടാകണമെന്നതാണ് ഓരോ ആത്മഹത്യയും നമ്മെ ഓര്‍മിപ്പിക്കുന്നത്.
REPRESENTATIVE IMAGE | WIKI COMMONS
ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരമുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയിലെ വിവാഹിതരായ സ്ത്രീകളില്‍ 32 ശതമാനം പേരും ഗാര്‍ഹികപീഡനം നേരിടുന്നുണ്ട്. അതിലേറെയും സ്ത്രീധനവുമായി ബന്ധപ്പെട്ടാണ്. റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ എത്ര ശതമാനം ശിക്ഷിക്കപ്പെടുന്നുണ്ട് എന്നതുകൂടി ഇതിനൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. നാല് ശതമാനത്തിലും താഴെയാണെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
(തുടരും)