
മറക്കാന്‍ എളുപ്പമാണ്, ഓര്‍മ്മിക്കാന്‍ പ്രയാസവും ലിയോനാര്‍ഡ് പെല്‍റ്റിയറിനു വേണ്ടി ഒരു പ്രാര്‍ത്ഥന
ലിയോനാര്‍ഡ് പെല്‍റ്റിയര്‍ തദ്ദേശീയ അമേരിക്കന്‍ രാഷ്ട്രീയ പ്രവര്‍ത്തകനും അമേരിക്കന്‍ ഇന്ത്യന്‍ മൂവ്മെന്റ് (എഐഎം) അംഗവുമാണ്. 1975 ജൂണ്‍ 26ന് സൗത്ത് ഡക്കോട്ടയിലെ പൈന്‍ റിഡ്ജ് ഇന്ത്യന്‍ റിസര്‍വേഷനില്‍ നടന്ന വെടിവെപ്പില്‍ രണ്ട് എഫ്ബിഐ ഏജന്റുമാര്‍ കൊല്ലപ്പെട്ടു. അതിന് അദ്ദേഹത്തെ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അദ്ദേഹം കുറ്റം നിഷേധിച്ചു. 2025 ജനുവരി 19ന്, പ്രസിഡന്റ് ജോ ബൈഡന്‍ ഓഫീസ് വിടുന്നതിന് തൊട്ടുമുമ്പ് പെല്‍റ്റിയറുടെ ശിക്ഷ അനിശ്ചിതകാല വീട്ടുതടങ്കലായി കുറച്ചു. ഫെബ്രുവരി 18ന്, പെല്‍റ്റിയറെ വിട്ടയച്ചു. പെല്‍റ്റിയറുടെ ഓര്‍മ്മക്കുറിപ്പായ പ്രിസണ്‍ റൈറ്റിംഗ്സ്: മൈ ലൈഫ് ഈസ് മൈ സണ്‍ ഡാന്‍സ് 2000 ത്തില്‍ പുറത്തു വന്നു. നെല്‍സണ്‍ മണ്ടേല, മദര്‍ തെരേസ, ദലൈലാമ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ മോചനത്തെ പിന്തുണച്ചിരുന്നു.
രാഷ്ട്രീയ തടവുകാരനായ ലിയോനാര്‍ഡ് പെല്‍റ്റിയര്‍ ഒടുവില്‍ ജയില്‍ മോചിതനായി. പ്രസിഡന്റ് ജോ ബൈഡന്‍ അവസാന നിമിഷം പെല്‍റ്റിയറിന്റെ ഇരട്ട ജീവപര്യന്തം തടവ് വീട്ടുതടങ്കലാക്കി മാറ്റി. ആരാണ് പെല്‍റ്റിയര്‍. അമേരിക്കയിലെ ആദിമ നിവാസികളായ റെഡ് ഇന്ത്യന്‍സ് എന്നറിയപ്പെടുന്ന ജനതയുടെ, അവരുടെ യഥാര്‍ത്ഥ വംശാവലി പോലും നമുക്ക് അറിയില്ല അവകാശങ്ങള്‍ക്കായി പോരാടിയതിന്റെ പേരില്‍ 50 വര്‍ഷത്തിലധികമായി തടവറയിലായ മനുഷ്യനാണ് പെല്‍റ്റിയര്‍. പെല്‍റ്റിയറുടെ മോചനത്തിനായി പതിറ്റാണ്ടുകളായി നടക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ സുപ്രധാന വിജയമാണ് മനസ്സില്ലാ മനസ്സോടെയാണെങ്കിലും ബൈഡന്‍ അംഗീകരിച്ച വീട്ടുതടങ്കല്‍. അദ്ദേഹത്തെ പൂര്‍ണ്ണമായും കുറ്റവിവിമുക്തനാക്കി മോചിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കിലും ചിപ്പേവയിലെ ടര്‍ട്ടില്‍ മൗണ്ടന്‍ ബാന്‍ഡില്‍ പ്രിയപ്പെട്ടവരുടെ ചുറ്റുപാടില്‍ തന്റെ ശേഷിച്ച ദിവസങ്ങള്‍ ചെലവഴിക്കാന്‍ 80കാരനായ പെല്‍റ്റിയറിന് കഴിയും. പക്ഷെ, അപ്പോഴും മറ്റൊരു കാര്യം ബാക്കിയാവുന്നു. പെല്‍റ്റിയറില്‍ നിന്നും അപഹരിക്കപ്പെട്ട അഞ്ച് പതിറ്റാണ്ടുകളുടെ ജീവിതത്തിന് ആരാണ് സമാധാനം പറയുക. എഫ്ബിഐ-യുടെ പതിറ്റാണ്ടുകള്‍ നീണ്ട ദുഷ്‌കൃത്യങ്ങള്‍ക്ക് ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക.
വളവുകളും തിരിവുകളും, വഞ്ചനകളും, വിജയങ്ങളും ഉള്‍പ്പെടുന്ന പെല്‍റ്റിയറുടെ പ്രസ്ഥാനത്തിന്റെ മുഴുവന്‍ ചരിത്രവും ഇതുവരെ എഴുതപ്പെട്ടിട്ടില്ല. 1975ല്‍ ഒഗ്ലാലയില്‍ നടന്ന വെടിവയ്പ്പില്‍ നിന്നും രക്ഷപ്പെട്ടവരുമായോ, 1973ല്‍ വൂണ്ടഡ് നീയിലെ 71 ദിവസത്തെ ഉപരോധത്തിനുശേഷം പൈന്‍ റിഡ്ജ് റിസര്‍വേഷനെ വിഴുങ്ങിയ 'ഭീകരഭരണകാലത്ത്' ജീവന്‍ നഷ്ടപ്പെട്ടവരുമായോ താരതമ്യപ്പെടുത്തുമ്പോള്‍ ഈ പ്രസ്ഥാനത്തിലെ എന്റെ പങ്കാളിത്തം തീരെ ചെറുതാണ്. അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി ജീവിതം മുഴുവന്‍ സമര്‍പ്പിച്ച പലരും പെല്‍റ്റിയറുടെ തിരിച്ചുവരവ് കാണാന്‍ ഇപ്പോള്‍ നമ്മോടൊപ്പമില്ല. അവരുടെ ത്യാഗങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവ് സംഭവിക്കുമായിരുന്നില്ല.ലിയോനാര്‍ഡ് പെല്‍റ്റിയര്‍ | PHOTO: WIKI COMMONS
2013 മുതലാണ് ലിയോനാര്‍ഡ് പെല്‍റ്റിയറെ മോചിപ്പിക്കാനുള്ള പ്രചാരണത്തില്‍ ഞാന്‍ പങ്കാളിയാവുന്നത്. ന്യൂ മെക്‌സിക്കോയിലെ അല്‍ബുക്കര്‍ക്കിയിലായിരുന്നു ഇന്റര്‍നാഷണല്‍ ലിയോനാര്‍ഡ് പെല്‍റ്റിയര്‍ ഡിഫന്‍സ് കമ്മിറ്റിയുടെ ആസ്ഥാനം. അവിടെയായിരുന്നു എന്റെ ബിരുദാനന്തര ബിരുദ പഠനം. അവിടുത്തെ ഫെഡറല്‍ കോടതിയില്‍ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന വാര്‍ഷിക പ്രകടനങ്ങള്‍ ഉണ്ടായിരുന്നു. ബരാക് ഒബാമയുടെ ഭരണകൂടം അവസാനിച്ചതോടെ, പ്രസിഡന്റിന്റെ ദയാഹര്‍ജിക്കുള്ള ശ്രമം ശക്തമായി. അതിന് പുറമെ, ഡക്കോട്ട ആക്‌സസ് പൈപ്പ്ലൈനിന്റെ നിര്‍മ്മാണത്തിനെതിരെ ഉയര്‍ന്നുവന്ന ശക്തമായ പ്രതിരോധ സമരമായ സ്റ്റാന്‍ഡിങ് റോക്കിലെ വാട്ടര്‍ പ്രൊട്ടക്ടര്‍ മൂവ്മെന്റ്, പെല്‍റ്റിയറുടെ കേസ് ദേശീയതലത്തില്‍ ഒരിക്കല്‍ക്കൂടി ചര്‍ച്ച ചെയ്യുന്നതിനും അമേരിക്കന്‍ ഇന്ത്യക്കാരുടെ അവകാശങ്ങളില്‍ അതിന്റെ സ്വാധീനം ചര്‍ച്ച ചെയ്യുന്നതിനുമുള്ള ഒരു അപൂര്‍വ അവസരം ഒരുക്കി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, എളുപ്പത്തില്‍ തള്ളിക്കളയപ്പെടുന്ന 'സ്വദേശ കഥകള്‍' കോര്‍പ്പറേറ്റ് മാധ്യമങ്ങളില്‍ ചെറുതായെങ്കിലും ഇടം പിടിച്ചു. 2016ന് മുമ്പ് അത്തരം ഇടങ്ങള്‍ ലഭിക്കുന്ന ഒരു കാലം എനിക്കോര്‍മ്മയില്ല.
ദയാഹര്‍ജി പ്രചാരണം ഊര്‍ജ്ജസ്വലമായിരുന്നു. സ്റ്റാന്‍ഡിങ് റോക്കിലെ വാട്ടര്‍ പ്രൊട്ടക്‌റ്റേഴ്സിന്റെ അനുഭവങ്ങളെ മുന്‍ തലമുറയിലെ റെഡ് പവര്‍ പ്രവര്‍ത്തകരുമായി അത് ബന്ധിപ്പിച്ചു, അവരില്‍ പലരും അപ്പോള്‍ വളരെ മുതിര്‍ന്നവരായിരുന്നു, കാനണ്‍ബോള്‍, മിസോറി നദികളുടെ സംഗമസ്ഥാനത്തുള്ള ഒസെറ്റി സകോവിന്‍ ക്യാമ്പിലേക്ക് തീര്‍ത്ഥാടനം നടത്തിയിരുന്നു. റെഡ് പവര്‍ പ്രസ്ഥാനത്തെപ്പോലെ തന്നെ വാട്ടര്‍ പ്രൊട്ടക്‌റ്റേഴ്സിനോടും പൊലീസ് പ്രതികരിച്ച രീതിയിലും സമാനതകള്‍ ഉണ്ടായിരുന്നു. വാട്ടര്‍ പ്രൊട്ടക്ടര്‍മാര്‍ക്കെതിരായ അക്രമാസക്തമായ അടിച്ചമര്‍ത്തല്‍ തദ്ദേശീയ രാഷ്ട്രീയ തടവുകാരുടെ ഒരു പുതിയ തലമുറയെ സൃഷ്ടിച്ചു. ഇന്ത്യന്‍ യുദ്ധങ്ങളും അമേരിക്കന്‍ ഇന്ത്യന്‍ ജനതയും വെറും ദുഃഖകരമായ ഭൂതകാലത്തിന്റെ അവശിഷ്ടങ്ങളല്ല എന്ന യാഥാര്‍ഥ്യം ലോകമെമ്പാടുമുള്ള പലരെയും അത് ബോധ്യപ്പെടുത്തി. ആ പോരാട്ടങ്ങള്‍ നമ്മുടെ ഇന്നത്തെ യാഥാര്‍ത്ഥ്യങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു. ഇപ്പോഴും തുടരുന്നു. ലിയോനാര്‍ഡ് പെല്‍റ്റിയറുടെ കേസും തുടര്‍ച്ചയായ പീഡനങ്ങളും ആ സത്യത്തെ ഉദാഹരിക്കുന്നു.REPRESENTATIVE IMAGE | WIKI COMMONS
നവംബര്‍ അവസാനം ലിയോനാര്‍ഡ് പെല്‍റ്റിയറുടെ മോചനത്തിനായി കോണ്‍ഗ്രസിന് അപേക്ഷ നല്‍കാന്‍ ഞാന്‍ വാഷിംഗ്ടണ്‍ ഡി സി യിലേക്ക് പോയി. നമ്മളെയും, നമ്മുടെ ജീവിതത്തെയും മനുഷ്യത്വരഹിതമാക്കിയവരുടെ മാനവികതയോടെ അഭ്യര്‍ത്ഥന നടത്തുകയെന്നത് എനിക്ക് എളുപ്പമുള്ള കാര്യമല്ല. പക്ഷേ, ചുമതലബോധം എന്നെ നിര്‍ബന്ധിതനാക്കി. ഒബാമ ഭരണകൂടം 'ഇന്ത്യന്‍ രാജ്യത്തിന്' നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. നമുക്ക് ഒരു അവസരം ലഭിച്ചുവെന്ന് ഞാന്‍ കരുതി.
ഡിസംബര്‍ ഒമ്പതിന് രാവിലെ, പെല്‍റ്റിയറുടെ മകന്‍ വഹാകങ്ക പോള്‍ ഷീല്‍ഡ്‌സ് എന്റെ തൊട്ടടുത്ത മുറിയില്‍ മരിച്ചുവെന്ന ഹൃദയഭേദകമായ വാര്‍ത്ത കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. ജയിലില്‍ ആയിരിക്കുമ്പോള്‍ മാത്രം പരിചയപ്പെട്ട പിതാവിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയാണ് അദ്ദേഹം അന്തരിച്ചത്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ മരണം പിതാവിനെ മോചിപ്പിക്കാന്‍ അധികാരമുള്ളവരില്‍ ഒരു സഹതാപവും ഉളവാക്കിയില്ല. ഞങ്ങളോടുള്ള പ്രതികരണങ്ങള്‍ തണുത്തതായിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ പ്രസിഡന്റ് സ്ഥാനം വലിയ തോതില്‍ ഉയര്‍ന്നുവന്നപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സഖ്യകക്ഷികള്‍ എന്ന് വിളിക്കപ്പെടുന്നവരെ ഭയം പിടികൂടി. അവരുടെ സമീപനം എത്ര ക്രൂരമാണെന്ന് ഞാന്‍ ചിന്തിച്ചു. ആദിമ ജനതയുടെ മുഖം അവര്‍ക്ക് ഒരു മികച്ച ഫോട്ടോക്കുള്ള അവസരം മാത്രമാണ്. കുടിയേറ്റക്കാരുടെ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ നേരംകൊല്ലികളായ ഒരു അസൗകര്യം മാത്രം. കോളനിവാഴ്ചക്കാരന്റെ തോളില്‍ ചാരി കരയുന്നത് നമ്മളെ തന്നെ കൊല്ലുമെന്നാണ് അതില്‍ നിന്നും ഞാന്‍ പഠിച്ച പാഠം. നമ്മളുടെ മനുഷ്യത്വം അവര്‍ തിരിച്ചറിയുന്നതുവരെ മരിക്കാനാവും നമ്മുടെ വിധി. കോണ്‍ഗ്രസ് ജീവനക്കാരുടെ മുന്നില്‍ ഞങ്ങളുടെ ശ്രമങ്ങള്‍ അപമാനകരമായിരുന്നു. ഞങ്ങള്‍ക്ക് മുന്‍ഗണന ഉണ്ടായിരുന്നില്ല.REPRESENTATIVE IMAGE | WIKI COMMONS
പെല്‍റ്റിയറെ മോചിപ്പിക്കാനുള്ള പ്രസ്ഥാനത്തിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടങ്ങളില്‍ നൂറു കണക്കിന്, ചിലപ്പോള്‍ ആയിരക്കണക്കിന് ആളുകള്‍ അദ്ദേഹത്തിന് വേണ്ടി പ്രകടനം നടത്തിയപ്പോള്‍ വ്യത്യസ്തമായി, 2016 ഡിസംബറില്‍ ഞങ്ങളില്‍ കുറച്ചുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ: പെല്‍റ്റിയറുടെ നിരവധി കുട്ടികള്‍ - ചൗന്‍സി, കാത്തി; പീറ്റര്‍ ക്ലാര്‍ക്ക്, എഡ ഗോര്‍ഡന്‍, സൂസി ബെയര്‍ തുടങ്ങിയ ദീര്‍ഘകാല വക്താക്കള്‍; അദ്ദേഹത്തിന്റെ ആത്മീയ ഉപദേഷ്ടാവ് ലെന്നി ഫോസ്റ്റര്‍; ഒഗ്ലാല വെടിവയ്പ്പില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് പേര്‍ - നോര്‍മന്‍ പാട്രിക് ബ്രൗണ്‍, ജീന്‍ റോച്ച് - അക്കാലത്ത് അവര്‍ കൗമാരക്കാരായിരുന്നു, പക്ഷേ ഇപ്പോള്‍ മുതിര്‍ന്നവരാണ്. ഞങ്ങള്‍ ലക്ഷ്യമിട്ടത് നേടിയില്ലെങ്കിലും അത് ഒരു താഴ്ന്ന നിലയായിരുന്നില്ല. അതുമായി ബന്ധപ്പെട്ട സംഭാഷണങ്ങള്‍ എന്നെ സംബന്ധിച്ചിത്തോളം അങ്ങേയറ്റം പ്രബുദ്ധമായിരുന്നു. മറ്റെല്ലാവരും എന്നെക്കാള്‍ പതിറ്റാണ്ടുകള്‍ കൂടുതല്‍ അനുഭവമുള്ളവരായിരുന്നു. പങ്കിട്ട അറിവിനപ്പുറം, ലിയോനാര്‍ഡ് പെല്‍റ്റിയര്‍ ഒരു ആത്മീയ തടവുകാരനെപ്പോലെ തന്നെ ഒരു രാഷ്ട്രീയ തടവുകാരനാണെന്ന് വളരെ വ്യക്തമായിരുന്നു. പഴയതും പുതിയതുമായ ഇന്ത്യന്‍ യുദ്ധങ്ങള്‍, തദ്ദേശീയ ജനതക്ക് നേരെയുള്ള രാഷ്ട്രീയ അധിനിവേശവും, ആത്മീയ യുദ്ധവും ആയിരുന്നു. കനലുകളായി ചുരുങ്ങിയെങ്കിലും ചെറുത്തുനില്‍പ്പിന്റെ ചെറുതിരി പോലും കെടുത്താനായിരുന്നു എപ്പോഴും ശ്രമം.
ഒരു പ്രസ്ഥാനത്തിന്റെ സ്വത്വത്തെയും അതിജീവനത്തെയും നിര്‍ണ്ണയിക്കുന്നതിനുള്ള മാനദണ്ഡം അത് ഒരു നിശ്ചിതഘട്ടത്തില്‍ കൈവരിക്കുന്ന ഔന്നത്യമോ, ബഹുജന പ്രകടനങ്ങളുടെ വര്‍ണ്ണശബളമായ കാഴ്ചകളോ മാത്രമല്ലെന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. പ്രചാരണ-പ്രവര്‍ത്തനങ്ങള്‍ പ്രധാനമാണ്. പക്ഷേ, വര്‍ഷങ്ങളോളം ഒരു പ്രസ്ഥാനത്തെ നിലനിര്‍ത്തുന്നവയല്ല അവ. പ്രത്യേകിച്ച് വിജയം വിദൂരമോ, അപ്രാപ്യമോ ആണെന്ന് തോന്നുമ്പോള്‍, തിരിച്ചടികളുടെയും, പ്രതികരണങ്ങളുടെയും കാലഘട്ടങ്ങളിലൂടെയാണ് പ്രസ്ഥാനങ്ങളുടെ സ്വത്വവും അതിജീവനവും രൂപപ്പെടുന്നത്. അമേരിക്കന്‍ ഇന്ത്യന്‍ ജനത, നമ്മെ ഇല്ലാതാക്കാനും, നമ്മുടെ അസ്തിത്വം മായ്ക്കാനും ശ്രമിക്കുന്ന ഒരു കുടിയേറ്റ സമൂഹത്തില്‍ ഈ യാഥാര്‍ത്ഥ്യം മിക്കവാറും എല്ലാ ദിവസവും അഭിമുഖീകരിക്കുന്നു. വംശഹത്യയും, ഉന്മൂലനവും, നേരത്തെ ഉണ്ടായിരുന്നതിനെ, നിലനില്‍ക്കുന്നതിനെ ഇല്ലായ്മ ചെയ്യലും മറ്റുള്ളവരുടെ ഭൂമിയും വിഭവങ്ങളും അവകാശപ്പെടുന്നതും എളുപ്പമാക്കുന്നു.REPRESENTATIVE IMAGE | WIKI COMMONS
ലിയോനാര്‍ഡ് പെല്‍റ്റിയറുടെ പ്രസ്ഥാനം അസാധ്യമാണെന്നും അതൊരു വിഡ്ഢിയുടെ ദൗത്യമായിരുന്നുവെന്നും പലരും കരുതി. അദ്ദേഹം ഒരിക്കലും പുറത്തുവരില്ലെന്ന് നിരവധി വിമര്‍ശകര്‍ പറഞ്ഞു. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ, ഇപ്പോഴും ജയിലിലാണോ എന്നിങ്ങനെ സഹതാപമുള്ള ആളുകള്‍ ചിലപ്പോള്‍ ആശ്ചര്യപ്പെട്ടിരുന്നു. അവര്‍ അദ്ദേഹത്തെ മറന്നുപോയിരുന്നു. ഒരു പക്ഷേ, നമ്മളെക്കുറിച്ചും, നമ്മുടെ തുടര്‍ച്ചയായ നിലനില്‍പ്പിനായി പോരാടുന്ന പ്രസ്ഥാനങ്ങളെക്കുറിച്ചും. ഒരുപക്ഷേ, അവര്‍ തെറ്റായ കാലഗണനകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കാം. മറക്കാന്‍ എളുപ്പമാണ്. ഓര്‍മ്മിക്കാന്‍ പ്രയാസമാണ്. നമ്മുടെ മറവിയും, മായ്ക്കലും സ്വാഭാവികമാണെന്ന തോന്നലുളവാക്കുന്ന ഒരു ചരിത്രത്തിന്റെ ഗതി തിരിച്ചുവിടുന്നത് അതിലും ബുദ്ധിമുട്ടാണ്. തടങ്കല്‍ പാളയങ്ങളുടെ കനത്ത മതില്‍ക്കെട്ടുകള്‍ക്ക് പിന്നിലെ പെല്‍റ്റിയറുടെ പോരാട്ടം ആത്മീയമായിരുന്നു. ചരിത്രത്തിലും, ജനങ്ങളിലും പ്രസ്ഥാനത്തിലുമുള്ള വിശ്വാസം അത് നിലനിര്‍ത്തി. മതില്‍ക്കെട്ടിന് പുറത്തുള്ള നമ്മുടെ പ്രതിബദ്ധതയ്ക്ക് ആ നിലവാരവുമായി പൊരുത്തപ്പെടേണ്ടി വന്നു.
വിമോചനത്തിനായി നമുക്ക് എന്താണ് ചെയ്യാനാവുക? ആഴത്തിലുള്ള രാഷ്ട്രീയവും ആത്മീയവുമായ ഒരു ചോദ്യമാണത്. വിനാശകരമായ ഉപരോധങ്ങളും, വംശഹത്യ യുദ്ധങ്ങളും അതിജീവിക്കുകയും പോരാട്ടം തുടരാനുള്ള വിപ്ലവകരമായ കടമ നിലനിര്‍ത്തുകയും ചെയ്യുന്ന സഖാക്കള്‍ എന്നെ വിനയാന്വിതനാക്കുന്നു. ലിയോനാര്‍ഡ് പെല്‍റ്റിയര്‍ അഞ്ച് പതിറ്റാണ്ട് ജയില്‍ മുറിയില്‍ ജീവിച്ചു. അദ്ദേഹത്തിന്റെ പോരാട്ടം ആത്മീയമായിരുന്നു.
ജനുവരി 20ന്, വൈറ്റ് ഹൗസ് പ്രസ് ബ്രീഫിംഗ് വെബ്സൈറ്റില്‍ ഞാന്‍ റിഫ്രഷ് അടിച്ചുകൊണ്ടിരുന്നു. ട്രംപ് സ്ഥാനാരോഹണ ചടങ്ങുകള്‍ അതിനകം ആരംഭിച്ചിരുന്നു, ബൈഡന് പെല്‍റ്റിയറിനോട് ദയ കാണിക്കാനുള്ള സമയം അതിക്രമിച്ചുകൊണ്ടിരുന്നു. വെബ്‌സൈറ്റില്‍ അപ്ഡേറ്റുകളൊന്നും തെളിയുന്നുണ്ടായിരുന്നില്ല. ജയിൽ മോചിതനായി ലിയോനാർഡ് പെൽറ്റിയർ | PHOTO: WIKI COMMONS
നിരാശയോടെ, ഇരുപത്തിമൂന്ന് ഡിഗ്രി തണുപ്പില്‍ ഞാന്‍ പുറത്തേക്ക് കാലെടുത്തുവച്ചു. ആകാശം തെളിഞ്ഞതായിരുന്നുവെങ്കിലും തണുപ്പുള്ളതിനാല്‍ വായുവിലെ ഈര്‍പ്പം ഐസായി മാറിയത് നേരിയ മഞ്ഞുവീഴ്ചയുടെ പ്രതീതി ഉളവാക്കി. ഐസ് കണികകളിലൂടെ ഒഴുകിവന്ന സൂര്യപ്രകാശം ഒരു മഴവില്‍ തിളക്കത്തിന്റെ പ്രഭാവം സൃഷ്ടിച്ചു. മിസിസിപ്പി നദിക്കരയിലൂടെ ഞാന്‍ ഒരു കഴുകന്റെ കൂടു തേടി നടന്നു. കഴുകന്‍ എന്റെ ദൂതനാകുമെന്ന പ്രതീക്ഷയോടെ പുകയില വഴിപാടോടെ ഞാന്‍ പ്രാര്‍ത്ഥിച്ചു.
നദിക്കരയില്‍ നിന്ന് മടങ്ങിയെത്തി നിമിഷങ്ങള്‍ക്കുള്ളില്‍, എന്റെ ഫോണ്‍ പ്രകമ്പനം കൊണ്ടു. 'അവന്‍ വീട്ടിലേക്ക് വരുന്നു.'
റെഡ് സ്‌കെയറില്‍ വന്ന ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം.
ലോവര്‍ ബ്രൂള്‍ സിയോക്‌സ് ഗോത്രത്തിലെ പൗരനാണ് നിക്ക് എസ്റ്റസ്. പത്രപ്രവര്‍ത്തകനും ചരിത്രകാരനും റെഡ് നേഷന്‍ പോഡ്കാസ്റ്റിന്റെ സഹ-അവതാരകനുമാണ്. ഔര്‍ ഹിസ്റ്ററി ഈസ് ദി ഫ്യൂച്ചര്‍: സ്റ്റാന്‍ഡിംഗ് റോക്ക് വേഴ്‌സസ് ദി ഡക്കോട്ട ആക്സസ് പൈപ്പ്ലൈന്‍, ആന്‍ഡ് ദി ലോംഗ് ട്രഡിഷന്‍ ഓഫ് ഇന്‍ഡിജിനസ് റെസിസ്റ്റന്‍സ് എന്നീ പുസ്തകങ്ങളുടെ രചയിതാവാണ് അദ്ദേഹം.