TMJ
searchnav-menu
post-thumbnail

Outlook

പഠിക്കാൻ പഠിപ്പിക്കാത്ത വിദ്യാഭ്യാസവും അറിവിന്റെ ലോകവും

28 Jun 2024   |   13 min Read
ഡോ.വി. ശശി കുമാര്‍

കേരളത്തിലെ പ്രാഥമികവിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും ഒന്നാംതരമാണെന്ന അഭിപ്രായമാണ് സര്‍ക്കാരും ഭരിക്കുന്ന മുന്നണിയും പ്രചരിപ്പിക്കുന്നത്. എന്നാല്‍ അതിന് പല പ്രശ്‌നങ്ങളുമുണ്ട്. അതിനുള്ള ചില കാരണങ്ങളിലേക്കുള്ള ഒരു എത്തിനോട്ടമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഇവിടെ പറയുന്നതിനോടെല്ലാം എല്ലാവരും യോജിക്കണമെന്നില്ല. ഇതെല്ലാം ഗഹനമായ പഠനങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞവയല്ല എന്നുമാത്രമല്ല, അത്തരം പഠനങ്ങളില്‍ നിന്ന് സംസ്‌ക്കരിച്ചെടുത്തതുമല്ല. ഇതൊരു സംവാദത്തിന്റെ തുടക്കമായി മാത്രം കണ്ടാല്‍ മതി. ഇത്തരം അതിസങ്കീര്‍ണ്ണമായ കാര്യങ്ങള്‍ക്ക് ലളിതമായ ഉത്തരങ്ങള്‍ സാധ്യമാണോ എന്നുപോലും എനിക്ക്് സംശയമുണ്ട്. പ്രാഥമിക വിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും രണ്ട് വ്യത്യസ്ത സംവിധാനങ്ങളാണെന്ന് മാത്രമല്ല, രണ്ടു രീതിയിലാണ് അത് നടത്തുന്നത്. അവയുടെ ഉദ്ദേശ്യങ്ങളും വ്യത്യസ്തമാണ്. ഇക്കാരണത്താല്‍, അവയെ പ്രത്യേകമായി പരിശോധിക്കുന്നതിലേ അര്‍ത്ഥമുള്ളൂ. ആദ്യം പ്രാഥമികവിദ്യാഭ്യാസത്തിന്റെ കാര്യം പരിശോധിക്കാം.

പ്രാഥമികവിദ്യാഭ്യാസം

സ്‌കൂള്‍ വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത് പ്രാഥമികമായ അറിവ് നേടുക എന്നതാണ്. എന്താണ് പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍?
എന്‍.സി.ഇ.ആര്‍.ടിയുടെ അഭിപ്രായത്തില്‍ താഴെകൊടുത്തിരിക്കുന്നവയാണ് പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങള്‍.

1. സാക്ഷരത (literacy), സംഖ്യാശാസ്ത്രം (numeracy), കായികശേഷികള്‍ (manual skills) എന്നിങ്ങനെ ഔപചാരിക പഠനത്തിന് ആവശ്യമുള്ള ശേഷികള്‍ സ്വായത്തമാക്കുക.
2. കുടുംബം, വിദ്യാഭ്യാസം, സമൂഹം എന്നിവയ്ക്കുള്ളിലെ സഹകരണ സ്വഭാവങ്ങളുടെ ശീലങ്ങള്‍ നേടിയെടുക്കുക. 
3. ഈ ശീലങ്ങളിലൂടെ സാമൂഹിക ഉത്തരവാദിത്തം വളര്‍ത്തിയെടുക്കുക.
4. മറ്റ് മതങ്ങളുടെയും പ്രദേശങ്ങളുടെയും രാജ്യങ്ങളുടെയും സംസ്‌കാരത്തെയും ജീവിതരീതികളെയും വിലമതിക്കാന്‍ പഠിക്കുക. 


REPRESENTATIONAL IMAGE | WIKI COMMONS
NCERT പറഞ്ഞതുകൊണ്ട് ഇതുതന്നെയാണ് നമ്മുടെ പ്രാഥമികവിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍ എന്ന് തീരുമാനിക്കാം. അപ്പോള്‍ ഇതു സാധ്യമാക്കാനാണ് നമ്മുടെ പ്രാഥമിക വിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങളും പഠനക്രമവും രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് കരുതേണ്ടിവരും. അങ്ങനെ തന്നെ സങ്കല്‍പ്പിച്ചുകൊണ്ട് തുടങ്ങാം. സ്വാഭാവികമായും നമ്മുടെ പ്രാഥമികവിദ്യാഭ്യാസ സംവിധാനം ഈ ലക്ഷ്യങ്ങള്‍ നേടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. സത്യത്തില്‍ ഇത് നമ്മുടെ സര്‍ക്കാര്‍ തന്നെ ചെയ്യേണ്ടതല്ലേ? ഞാനൊരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകനാണ്, കൂടാതെ ലാറ്റെക്‌സ് (LaTeX) എന്ന പ്രോഗ്രാം പഠിപ്പിക്കാറുമുണ്ട്. ഈ ആവശ്യങ്ങള്‍ക്കായി കോളേജുകളില്‍ പോകാറുള്ള സന്ദര്‍ഭങ്ങളില്‍ പല കോളേജുകളില്‍ നിന്നും കേട്ട ഒരു പരാതിയാണ്, പുതിയ ബാച്ചുകളിലെ കുട്ടികള്‍ക്ക് പൊതുവില്‍ അടിസ്ഥാന ആശയങ്ങളില്‍ അറിവില്ല എന്നത്. അടിസ്ഥാന ആശയങ്ങള്‍ എന്ന് പറയുമ്പോള്‍ അവ പഠിപ്പിക്കേണ്ടത് പള്ളിക്കൂടത്തിലാണല്ലോ. അതുകൊണ്ട് ഞാന്‍ രണ്ട് സ്‌കൂളുകളില്‍ പോയി കുട്ടികളോട് സംസാരിച്ചു. ഒന്ന് ഹൈസ്‌ക്കൂളും മറ്റേത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമായിരുന്നു. രണ്ടിടത്തും കുട്ടികള്‍ക്ക് പലതും മനസ്സിലാക്കാന്‍ കാര്യമായ താല്‍പ്പര്യമുണ്ടായിരുന്നു. അവര്‍ കുസൃതിച്ചോദ്യങ്ങളുള്‍പ്പെടെ ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചു. സമയം പോയത് ആരും അറിയാഞ്ഞതിനാല്‍ ഒടുവില്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ സമയമായപ്പോള്‍ ടീച്ചര്‍ വന്ന് നിര്‍ത്തേണ്ടതായി വന്നു. ഹൈസ്‌ക്കൂളിലെ ഒരു കുട്ടി ചോദിച്ചത് 'സമാന്തര പ്രപഞ്ചങ്ങള്‍ (parallel universes) ' ഉണ്ടോ എന്നായിരുന്നു. ആ കുട്ടി സമാന്തര പ്രപഞ്ചങ്ങളെപ്പറ്റി കേട്ടിട്ടുണ്ട് എന്നതുതന്നെ എന്നെ അത്ഭുതപ്പെടുത്തി. ഒരുപക്ഷെ ആ സ്‌കൂളിലെ തന്നെ പല അദ്ധ്യാപകര്‍ക്കും ഈ ആശയം അജ്ഞാതമായിരിക്കാം. ഏതെങ്കിലും കുട്ടി ചോദിച്ചാല്‍ തന്നെ, ''പഠിക്കാനുള്ളത് പഠിക്കൂ കുട്ടീ''എന്നായിരിക്കാം മറുപടി. കുട്ടികളില്‍ സ്വാഭാവികമായുള്ള ജിജ്ഞാസയാണ് ഇത് കാണിക്കുന്നത്. ഏതാനും വര്‍ഷത്തെ സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞിട്ടും അത് അണഞ്ഞിട്ടില്ല എന്നത് ശുഭകരമായ കാര്യമാണ്.

ആര് എന്ത് പറഞ്ഞാലും അതിനെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടായിരിക്കാം. അതാണ് ഒരു ജനാധിപത്യസമൂഹത്തിന് നല്ലത്. പക്ഷെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം മാത്രം ഉണ്ടായിട്ട് കാര്യമില്ല. അതിനുള്ള ശേഷി കൂടി എല്ലാവര്‍ക്കും ഉണ്ടായിരിക്കണം. ആ ശേഷി ഉണ്ടായി വരേണ്ടത് കുട്ടിക്കാലത്താണ്. എന്തും കണ്ണടച്ച് വിശ്വസിക്കാന്‍ പഠിക്കാതെ ചോദ്യം ചെയ്യാന്‍ പഠിക്കേണ്ടത് 
അക്കാലത്താണ്. കുട്ടികള്‍ക്കത് സ്വാഭാവികമായി ഉള്ളതാണ്. നാമാണ് അതിനെ ഇല്ലാതാക്കുന്നത്. ആര് എന്ത് പറഞ്ഞാലും അതേപടി വിശ്വസിക്കാന്‍ പഠിച്ചാല്‍ ഇത് സാധ്യമാവില്ല. അതേസമയം, ചില ചിട്ടകള്‍ ജീവിതത്തില്‍ ഉണ്ടാകേണ്ടതുണ്ട്. എങ്കിലേ സമൂഹത്തില്‍ ജീവിക്കാനാവൂ. അത്തരം കാര്യങ്ങളെ പരിധിവിട്ട് ചോദ്യം ചെയ്യുന്നത് നല്ലതാവണമെന്നില്ല. ഒരു ഉദാഹരണം. റോഡിന്റെ അരികിലൂടെ വേണം നടക്കാന്‍ എന്നൊരു നിയമമുണ്ടല്ലൊ. അതെന്തിനാണ് ഞാന്‍ നടുവിലൂടെ നടക്കട്ടെ, എന്ത് സംഭവിക്കുമെന്ന് കാണട്ടെ എന്നൊരാള്‍ ചിന്തിച്ചാല്‍ അയാള്‍ക്ക് തന്നെ അപകടമുണ്ടാകും. പണിയെടുക്കുന്നവര്‍ക്ക് കൂലി കൊടുക്കുക എന്നതാണല്ലൊ നാട്ടിലെ രീതി. എനിക്ക് ജീവിക്കണം, അതുകൊണ്ട് എനിക്ക് എല്ലാവരും പണം തന്നാലേ പറ്റൂ എന്നൊരാള്‍ ചിന്തിക്കുകയും എല്ലാവരില്‍ നിന്നും പണം പിടിച്ചുവാങ്ങുകയും ചെയ്താല്‍ അത് ഗുണ്ടായിസമായി കാണേണ്ടിവരും. 

അതേസമയം ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രാപ്തരായ കുട്ടിളുണ്ടാവുകയും ആ സ്വഭാവം നിലനിര്‍ത്തികൊണ്ട് വളരുകയും ചെയ്താലേ ശാസ്ത്രവും വളരുകയുള്ളൂ. മാത്രമല്ല, വളര്‍ന്ന് സ്വതന്ത്ര വ്യക്തികളായി ജീവിക്കുമ്പോള്‍ തട്ടിപ്പുകള്‍ക്ക് ഇരയാകാതിരിക്കൂ. ഇവ രണ്ടും പ്രധാനമാണെന്നത് അംഗീകരിക്കാമല്ലൊ. എന്നാല്‍, വീട്ടിലായാലും വിദ്യാലയത്തിലായാലും കുട്ടികളെ പഠിപ്പിക്കുന്നത് അന്ധമായി അനുസരിക്കാനാണ്, ചിന്തിക്കാനല്ല. ''പറയുന്നത് കേട്ടാല്‍മതി '' എന്നത് എല്ലായിടത്തും കേള്‍ക്കുന്ന ഒരു സ്ഥിരം പല്ലവിയാണ്. മറുചോദ്യം വല്ലതും കുട്ടി ചോദിച്ചാല്‍ ഉടനെവരും ശാസന. ''തര്‍ക്കുത്തരം പറയുന്നോ?'' എന്ന്. അതുപോലെതന്നെ, മാതാപിതാക്കള്‍ക്കായാലും അദ്ധ്യാപകര്‍ക്കായാലും ചോദ്യങ്ങള്‍ ചോദിക്കുന്ന കുട്ടികളെ ഇഷ്ടമല്ല. ചിലയവസരങ്ങളില്‍ ഈ ദേഷ്യം അതിരുകടന്നുപോകാറുമുണ്ട്. ക്ലാസില്‍ ചോദ്യങ്ങള്‍ ചോദിച്ചാല്‍ പുറത്തിറക്കി നിര്‍ത്തുന്നത് മുതല്‍ എനിക്ക് കേട്ടറിയാവുന്ന ഒരു കുട്ടിയുടെ കാര്യത്തില്‍ ''കുട്ടിക്ക് വട്ടാണ് ''എന്ന് മുദ്രകുത്തി മനശാസ്ത്രവിദഗ്ദ്ധന്റെയടുത്ത് അയക്കുന്നതുവരെ സംഭവിക്കാറുണ്ട്.


REPRESENTATIONAL IMAGE | WIKI COMMONS
കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ അദ്ധ്യാപകര്‍ ബുദ്ധിമുട്ടുന്നത് സ്വാഭാവികമാണ്. എന്തെന്നാല്‍, സ്വതന്ത്രമായി ചിന്തിക്കുന്ന കുട്ടികളില്‍ പുതിയ സംശയങ്ങളും പുതിയ ആശയങ്ങളും ഉയര്‍ന്നുവരും. അവയുമായി പൊരുത്തപ്പെടാന്‍ തന്നെ അദ്ധ്യാപകര്‍ക്ക് കഴിഞ്ഞെന്ന് വരില്ല. കൂടാതെ, ഇക്കാലത്താണെങ്കില്‍ വിവരങ്ങള്‍ സമ്പാദിക്കാന്‍ കുട്ടികള്‍ക്ക് ധാരാളം മാര്‍ഗ്ഗങ്ങളുമുണ്ട്. മൊബൈല്‍ ഫോണ്‍ മുതല്‍ കംപ്യൂട്ടര്‍ വരെ ഉപയോഗിക്കാന്‍ കുട്ടികള്‍ക്ക് അറിയാം. ചിലപ്പോഴെങ്കിലും അദ്ധ്യാപകര്‍ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ആശയങ്ങളും വിവരങ്ങളും കുട്ടികള്‍ക്ക് പരിചിതമായിരിക്കും. അപ്പോള്‍ അദ്ധ്യാപകരെന്ത് ചെയ്യും എന്നത് സ്വാഭാവികമായ പ്രശ്‌നമാണ്. എന്നാല്‍ അതിനുള്ള പരിഹാരം ''ഇയാള്‍ക്ക് വട്ടാണ് '' എന്നോ ''ശരിക്ക് പഠിക്കാത്തതിന്റെ കുഴപ്പമാണ് '' എന്നോ പറഞ്ഞ് കുട്ടിയെ നിരുത്സാഹപ്പെടുത്തുകയല്ല. മറിച്ച് ''ഉത്തരം കണ്ടുപിടിച്ചിട്ട് പറയാം'' എന്ന മറുപടിയാണ് നല്‍കേണ്ടത്. പിന്നീട്, വായിച്ചോ അറിയാവുന്നവരോട് ചോദിച്ചോ മനസ്സിലാക്കി ക്ലാസ്സില്‍ പോയി ശരിയായ ഉത്തരം പറഞ്ഞുകൊടുക്കുകയാണ് വേണ്ടത്. അങ്ങനെ പറയുന്നതില്‍ യാതൊരു നാണക്കേടുമില്ല എന്നത് മാത്രമല്ല, ആര്‍ക്കും എല്ലാം അറിയില്ല എന്നും അറിയാത്ത കാര്യത്തെ തന്നോടും മറ്റുള്ളവരോടും സമ്മതിക്കുകയും ഉത്തരം തേടിപ്പിടിക്കുകയുമാണ് ശരിയായ വഴി എന്ന് കുട്ടികളെ പഠിപ്പിക്കുകയുമാണ് ചെയ്യുന്നത്. അത് സാധ്യമാവണമെങ്കില്‍ അദ്ധ്യാപകര്‍ക്ക് ആത്മവിശ്വാസമുണ്ടാകണം. ആത്മവിശ്വാസമുണ്ടെങ്കില്‍ ''എനിക്കറിയില്ല'' എന്ന് പറയാന്‍ ഒരു പ്രയാസവുമുണ്ടാവില്ല. അതില്ലാത്തപ്പോഴാണ് ''അറിയില്ല'' എന്ന് പറയാന്‍ ബുദ്ധിമുട്ടാവുന്നത്. കംപ്യൂട്ടറോ സ്മാര്‍ട്ട് ഫോണോ ഉപയാഗിച്ച് വിദ്യാഭ്യാസം നടത്തിയത് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ്. എന്നാല്‍, പല കാരണങ്ങളാലും ഇത് ഇനിയും ആവശ്യമായി വരാന്‍ സാധ്യതയുണ്ടെന്ന് മാത്രമല്ല, ചില വിദ്യാലയങ്ങളിലെങ്കിലും അത് സാധാരണമാകാനും സാധ്യതയുണ്ട്. അതുകൊണ്ട്് കുട്ടികള്‍ കൂടുതലായി കംപ്യൂട്ടറിനെയും ഇന്റര്‍നെറ്റിനെയും ആശ്രയിച്ചാവും എല്ലാം ചെയ്യുക. പഠനവും കളിയും വിവരങ്ങള്‍ തേടലും എല്ലാം. അതുകൊണ്ട് അദ്ധ്യാപകര്‍ മിക്കവാറും കുട്ടിളെക്കാള്‍ പിന്നിലാവാനുള്ള സാധ്യതയാണുള്ളത്. അതായത് കുട്ടികളില്‍ നിന്ന് കൂടുതല്‍ വിഷമിപ്പിക്കുന്ന ചോദ്യങ്ങളാണ് ഭാവിയില്‍ അദ്ധ്യാപകര്‍ പ്രതീക്ഷിക്കേണ്ടത്. മറിച്ച് തങ്ങളുടെ സംശയങ്ങള്‍ക്ക് കുട്ടികള്‍ ഇന്റര്‍നെറ്റില്‍ നിന്ന് സ്വയം ഉത്തരം തേടാനുള്ള സാധ്യതയും തീര്‍ച്ചയായും ഉണ്ട്.

ജീവിതവുമായുള്ള ബന്ധം

കുട്ടികളുടെ പഠനത്തിലെ മറ്റൊരു പ്രശ്‌നം ഇതാണ്: പഠിക്കുന്ന പാഠവും നിത്യജീവിതവുമായുള്ള ബന്ധം പലപ്പോഴും ഉണ്ടാകുന്നില്ല എന്നതാണ്. പഠിക്കുന്നതിന് ജീവിതവുമായി ബന്ധമില്ലെങ്കില്‍ അത് മനസ്സിലാക്കാനും ആ അറിവ് ജീവിതത്തില്‍ ഉപയോഗിക്കാനും പഠിതാവിന് കഴിയാതാകും. അതിനും എന്റെ അനുഭവത്തില്‍ നിന്ന് ഒരു ഉദാഹരണം പറയട്ടെ. ഞാന്‍ ഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ ജോലിക്കായി തിരുവനന്തപുരത്ത് എത്തിയ സമയമാണ്. എന്റെ ഒരു പഴയ സഹപാഠിയുണ്ട്. അക്കാലത്ത് തിരുവനന്തപുരത്ത് തന്നെ ജോലിയുമായി ബന്ധപ്പെട്ട് താമസിച്ചിരുന്നതിനാല്‍ ഞങ്ങള്‍ പതിവായി വൈകുന്നേരങ്ങളില്‍ കാണുമായിരുന്നു. അങ്ങനെ ഒരു വൈകുന്നേരം അദ്ദേഹം എന്നോട് ഏതാണ്ട് ഇങ്ങനെ ചോദിച്ചു. ''എടോ താന്‍ അന്തരീക്ഷശാസ്ത്രത്തിലല്ലെ ഇപ്പോള്‍ ഗവേഷണം നടത്തുന്നത്? അപ്പോള്‍ ഒന്നു പറയൂ എന്തുകൊണ്ടാണ് ആകാശം നീല നിറത്തില്‍ കാണുന്നത്?'' അതിനുള്ള വിശദീകരണം ഞങ്ങള്‍ എംഎസ്സി ക്ലാസ്സില്‍ പഠിച്ചതാണ്. അതുകൊണ്ട് ഞാന്‍ പറഞ്ഞു, ''അത് ലളിതമാണ്. നമ്മള്‍ പഠിച്ചത് ഓര്‍മ്മിക്കുന്നില്ലേ? റാലേ സ്‌കാറ്ററിങ് ( Rayleigh Scattering) എന്നൊരു പ്രതിഭാസം?  നമ്മള്‍ പഠിച്ചതനുസരിച്ച് അന്തരീക്ഷത്തിലെ തന്മാത്രകളില്‍ തട്ടി സൂര്യപ്രകാശത്തിലെ നീലനിറമാണ് കൂടുതല്‍ ചിതറുന്നത്. അതുകൊണ്ടാണ് നാം ആകാശത്തേക്ക് നോക്കുമ്പോള്‍ നീലനിറം കാണുന്നത്.' അയാള്‍ക്ക് ഇതറിയില്ല എന്നതിനേക്കാള്‍ എന്നെ അത്ഭുതപ്പെടുത്തിയത് ഭൗതികശാസ്ത്രത്തില്‍ എംഎസ്സി ഫസ്റ്റ് ക്ലാസില്‍ പാസായ അയാളുടെ അടുത്ത ചോദ്യമാണ്. അതിങ്ങനെയായിരുന്നു, '' ഓ, അതുശരി. അപ്പോള്‍ അതൊക്കെ ശരിക്ക് ഉള്ളതാണല്ലേ?''. അതായത് അയാള്‍ ധരിച്ചിരുന്നത് മത്സരപരീക്ഷകള്‍ക്ക് പഠിക്കുന്നതുപോലെ എന്തൊക്കെയോ കുറേ കാര്യങ്ങള്‍ കാണാതെ പഠിച്ചാല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്നും പരീക്ഷയില്‍ ജയിക്കുക എന്നൊഴിച്ചാല്‍ അതിനൊന്നും പ്രായോഗികതലത്തില്‍ യാതൊരു പ്രസക്തിയും ഇല്ല എന്നുമാവണം! നമുക്ക് ചുറ്റുമുള്ള പ്രകൃതിയുമായും നമ്മുടെ ജീവിതവുമായും പഠിക്കുന്ന കാര്യങ്ങള്‍ക്കുള്ള ബന്ധം ഉള്‍ക്കൊള്ളുന്നതല്ല വിദ്യാഭ്യാസം എന്നുണ്ടെങ്കില്‍ ഇതാണ് സംഭവിക്കുക. കുഞ്ഞുണ്ണിമാഷ് പറയുന്ന ഒരു കാര്യമുണ്ടായിരുന്നു, '' നാമുണ്ണുന്ന ചോറ് നമ്മളാകുന്നതുപോലെ നാം പഠിക്കുന്നതും നമ്മളാവണം. നമ്മള്‍ കഴിക്കുന്ന ചോറും കറികളുമൊക്കെ നമ്മുടെ ദേഹത്ത് പറ്റിപിടിച്ചിരിക്കുകയല്ലല്ലോ, അതൊക്കെ നമ്മുടെ ശരീരത്തിന്റെ ഭാഗമാവുകയല്ലേ? അതുപോലെ നാം പഠിക്കുന്നതും നമ്മുടെ പുറത്ത് പറ്റിപിടിച്ചിരിക്കുന്നതും നമ്മുടെ ഭാഗമായിത്തീരണം.''

അതുമാത്രമല്ല, ജീവിതവുമായി ബന്ധപ്പെടുത്തിയാണ് പഠിക്കുന്നതെങ്കില്‍ ജീവിതത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി നേടിയ അറിവുകള്‍ ഉപയോഗിക്കാന്‍ എളുപ്പമാകും. പ്രഷര്‍ കുക്കറില്‍ വേവിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടാകുന്നത് ഉയര്‍ന്ന മര്‍ദ്ദത്തില്‍ വെള്ളം തിളയ്ക്കുന്നതിന് നൂറ് ഡിഗ്രിയില്‍ കൂടിയ താപനില ആവശ്യമാണ് എന്നതാണ്. ഉയര്‍ന്ന താപനിലയില്‍ ഭക്ഷണം കൂടുതല്‍ വേഗത്തില്‍ വെന്തുകിട്ടും എന്നതുകൊണ്ടാണ് പ്രഷര്‍ കുക്കറില്‍ ഭക്ഷണം വേഗത്തില്‍ വെന്തുകിട്ടുന്നത്. ഒരു ദ്രാവകം തിളയ്ക്കാനാവശ്യമായ ഊഷ്മാവ് മര്‍ദ്ദത്തിനെ ആശ്രയിച്ചിരിക്കുന്നു എന്ന ഭൗതികശാസ്ത്രതത്വം അറിയാത്ത വ്യക്തിക്ക് പ്രഷര്‍ കുക്കറിന്റെ ഉപയോഗം മനസ്സിലാവില്ല. ജീവിതവുമായി ബന്ധിപ്പിക്കുമ്പോള്‍ ശാസ്ത്രത്തിന്റെ തത്വങ്ങള്‍ ഓര്‍മ്മയിലിരിക്കാനും സഹായിക്കും. എന്തെന്നാല്‍ ഈ പ്രക്രിയകള്‍ ദിവസവും ചുറ്റിലും കാണുന്നതാണല്ലോ. പഠിക്കുന്ന വിഷയങ്ങളിലെ കുറേ കാര്യങ്ങള്‍ ഓര്‍മ്മയിലിരിക്കുക എന്നതല്ല വിദ്യാഭ്യാസം. അവ ജീവിതത്തില്‍ ഉപയോഗിക്കാനാവുകയും ചെയ്യുക എന്നതാണ് പ്രധാനം. 

ഈ ലക്ഷ്യംവച്ചുകൊണ്ടാണ് കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിന്റെ പ്രാഥമികവിദ്യാഭ്യാസത്തിന്റെ രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയത്. കാലിപ്പാത്രങ്ങളായ വിദ്യാര്‍ത്ഥികളുടെ മനസില്‍ അദ്ധ്യാപകര്‍ അറിവുകൊണ്ടുവന്ന് നിറയ്ക്കുകയാണ് ക്ലാസുകളില്‍ ചെയ്യേണ്ടതെന്ന പുതിയ ആശയമാണ് സോഷ്യല്‍ കണ്‍സ്ട്രക്ടിവിസം (social constructivism) എന്നത്. ഏതാണ്ട് ഇതേ കാലത്ത് തന്നെയാണ് അദ്ധ്യാപനത്തിലും അദ്ധ്യയനത്തിലും ഐടി സാങ്കേതികവിദ്യ ഉപയോഗിക്കുക എന്ന ആശയവുമായി ഐടി@സ്‌കൂള്‍ എന്ന പ്രൊജക്ട് തുടങ്ങിയത്. രണ്ടാമത് പറഞ്ഞതില്‍ ഞാന്‍ പങ്കെടുത്തിരുന്നതിനാല്‍ പുതിയ രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സവിശേഷതകള്‍ ഞാന്‍ മനസിലാക്കിയിട്ടുണ്ട്. പത്രങ്ങള്‍ മുതല്‍ പുസ്തകങ്ങള്‍ വരെ വായിച്ചും മുതിര്‍ന്നവരോട് സംശയങ്ങള്‍ ചോദിച്ചും പ്രൊജക്ടുകള്‍ ചെയ്തുമാണ് ഓരോ പാഠഭാഗവും  വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടത്. മാത്രമല്ല, ചെറിയ ഗ്രൂപ്പുകളായാണ് ഇതെല്ലാം ചെയ്യേണ്ടത്. ഇത് പരസ്പരസഹകരണം പഠിപ്പിക്കും എന്ന് മാത്രമല്ല, ചുറ്റുമുള്ളവരുടെ ജീവിതത്തില്‍ നിന്നാണ് പ്രൊജക്ടുകള്‍ ഉരുത്തിരിയേണ്ടത് എന്നതിനാല്‍ പാഠഭാഗത്തെ പ്രകൃതിയുമായും ജീവിതവുമായും ബന്ധിപ്പിക്കുകയും ചെയ്യും.


REPRESENTATIONAL IMAGE | WIKI COMMONS
കുട്ടികള്‍ ചെയ്യുന്ന പ്രൊജക്ടുകളുടെ മത്സരം എല്ലാ വര്‍ഷവും അവരുടെ ശാസ്ത്രമേളയില്‍ നടത്താറുണ്ട്. അത്തരം മത്സരങ്ങളില്‍ വിധികര്‍ത്താവായി പങ്കെടുക്കാനും ഒന്നാംതരം പ്രൊജക്ടുകള്‍ കേള്‍ക്കാനുമുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്. അതില്‍ ഒരെണ്ണത്തെപ്പറ്റി പറയട്ടെ. വയനാട്ടിലെ ഒരു പഞ്ചായത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടിയാണ് അത് ചെയ്തത്. താന്‍ വസിക്കുന്ന പഞ്ചായത്തിലെ വാഴപ്പഴങ്ങളുടെ തരങ്ങളെപ്പറ്റിയായിരുന്നു പഠനം. ആ പഞ്ചായത്തില്‍ ഇരുപത്തിയാറോളം തരം വാഴപ്പഴങ്ങള്‍ ഉണ്ട് എന്ന ആ കുട്ടിയുടെ കണ്ടുപിടിത്തം ഞങ്ങളെ അത്ഭുതപ്പെടുത്തി. അവയിലെ പല തരം വാഴകളുടെ പ്രത്യേകതകളും ആ കുട്ടി വിശദീകരിക്കുകയും ഞങ്ങളുടെ ചോദ്യങ്ങള്‍ക്കെല്ലാം ഒരു സംശയവുമില്ലാതെ കൃത്യമായി ഉത്തരം പറയുകയും ചെയ്തപ്പോള്‍ കുട്ടി തന്നെ ചെയ്ത പ്രൊജക്ടാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായി. ആ കുട്ടിക്ക് തന്നെയാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നാണ് ഓര്‍മ്മ. 

ഇതെല്ലാം നല്ലതുതന്നെ. പക്ഷെ നമ്മുടെ സമൂഹം ഇത്തരം നല്ല കാര്യങ്ങളെ വേഗത്തില്‍ ഇല്ലാതാക്കും. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സ്‌കൂള്‍ കുട്ടിയോട് ഞാന്‍ സംസാരിച്ചപ്പോള്‍ മനസിലായത് ഇങ്ങനെയാണ്. ഏറ്റവും നന്നായി പഠിപ്പിക്കുന്ന ടീച്ചര്‍ കണക്ക് ടീച്ചറാണ്. അവര്‍ പഠിപ്പിക്കുന്നത് പുതിയ രീതിയിലാണ്. എന്നാല്‍ എല്ലാവരും അങ്ങനെയല്ല. പഴയതുപോലെ ക്ലാസില്‍ വന്ന് പ്രസംഗിച്ചിട്ട് പോവുകയാണ് മിക്കവരും ചെയ്യുന്നത്. അങ്ങനെ വലിയൊരു വിഭാഗം ടീച്ചര്‍മാരുടെയും സംഭാവനയായിരുന്ന ആ രീതി ക്ലാസ് റൂമില്‍ ഏതാണ്ട് ഇല്ലാതായി. അവിടെയും തീരുന്നില്ല. നല്ല മാര്‍ക്ക് കിട്ടാനായി പല കുട്ടികളുടെയും പ്രൊജക്ട് ചെയ്യുന്നത് മാതാപിതാക്കളോ മറ്റ് ബന്ധുക്കളോ ആണ്. 

അദ്ധ്യാപകര്‍ പുതിയ രീതി സ്വീകരിക്കാത്തതിന് അവരുടേതായ കാരണമുണ്ട്. ആ രീതിയില്‍ അദ്ധ്യാപനം നടത്തിയാല്‍ സിലബസ് പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്നതാണ്. അങ്ങനെയൊരു പ്രശ്‌നമുണ്ടെങ്കില്‍ മേലധികാരികള്‍ ഇക്കാര്യം പരിശോധിച്ച് വേണമെങ്കില്‍ പാഠഭാഗങ്ങള്‍ കുറയ്ക്കുകയാണ് വേണ്ടത്. എന്തൊക്കെയോ കുറേ കാര്യങ്ങള്‍ ആര്‍ക്കും മനസ്സിലാകാതെ പഠിപ്പിച്ചു എന്നത് കൊണ്ട് കുട്ടിയുടെ പഠനം പൂര്‍ത്തിയായി എന്ന് തീരുമാനിക്കുന്നതിലും ഭേദം കുറച്ച് കാര്യങ്ങള്‍ നന്നായി പഠിപ്പിക്കുകയാണ്. മാത്രമല്ല, ഇന്നത്തെ കാലത്ത് വിവരങ്ങള്‍ ലഭിക്കാന്‍ കുട്ടികള്‍ക്ക് പോലും ഒരു പ്രയാസവുമില്ല എന്ന് നമുക്കെല്ലാം അറിയാവുന്ന സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ അറിയാത്ത കുറേ വിവരങ്ങള്‍ കുട്ടികളെ കാണാതെ പഠിപ്പിച്ചിട്ട് യാതൊരു പ്രയോജനവുമില്ല. പകരമായി, പഠിക്കാന്‍ പഠിപ്പിക്കുകയും വിവരങ്ങള്‍ എവിടെ ( ഇന്റര്‍നെറ്റിലും പുസ്തകങ്ങളിലും) നിന്ന് ലഭിക്കുമെന്നും അവയില്‍ നിന്ന് സത്യസന്ധമായ വിവരങ്ങള്‍ എങ്ങനെ തിരഞ്ഞെടുക്കാമെന്നും ജീവിതത്തില്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്നും പഠിപ്പിക്കുകയാണ് വേണ്ടത്. പഠനകാലം ഒരിക്കലും കഴിയരുത്. എന്തെന്നാല്‍ തൊഴില്‍ മേഖല അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. കൂടാതെ, ഓരോ മനുഷ്യനും ജീവിതകാലം മുഴുവന്‍ പഠിക്കാന്‍ തയ്യാറായിരിക്കണം. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, ലോകം അതിവേഗം മാറുകയാണ്. ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പോലും ഒപ്പമെത്താന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന വേഗത്തോടെയാണ് ഈ മാറ്റം. രണ്ട്, പഠനം എന്നത് മാനസികമായ വ്യായാമമാണ്. അത്തരം വ്യായാമങ്ങളില്‍ മുഴുകിയിരിക്കുന്നത് ശാരീരികവ്യായാമം നല്‍കുന്ന ഗുണം പോലെ തന്നെ മനസ്സിന് ഗുണം ചെയ്യുമെന്നാണ് ഇപ്പോള്‍ കണ്ടുപിടിച്ചിരിക്കുന്നത്. പഠനം, സൃഷ്ടിപരമായ കാര്യങ്ങള്‍, ചെസ്സ് പോലെയുള്ള കളികള്‍ എന്നിവയില്‍ മുഴുകുന്നവര്‍ക്ക് അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങളില്‍ നിന്ന് രക്ഷപ്പെടാം എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 


REPRESENTATIONAL IMAGE | WIKI COMMONS
ലോകം മാറുന്നതനുസരിച്ച് നമ്മുടെ ശേഷികളും മാറേണ്ടതുണ്ട്. എങ്കിലേ പുതിയ തൊഴില്‍ ലഭിക്കൂ. ഇന്നുള്ള എണ്‍പത് ശതമാനം തൊഴിലുകളും ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഉണ്ടാവില്ല എന്നാണല്ലോ വിദഗ്ദ്ധര്‍ പറയുന്നത്. ഇന്ന് സ്‌കൂളില്‍ പഠിക്കുന്ന പലരും നേരിടേണ്ടി വരുന്നത് അത്തരമൊരു സമൂഹത്തെയായിരിക്കും. അതുകൊണ്ട് ഇന്നുള്ള കുറേ വിവരങ്ങള്‍ അവരില്‍ കുത്തിനിറച്ചിട്ട് യാതൊരു ഗുണവും ഉണ്ടാവില്ല. ഒരു ജോലി കിട്ടിയാല്‍ പത്ത് വര്‍ഷം കഴിയുമ്പോഴേക്ക് ആ ജോലി ഇല്ലാതാകും. പുതിയൊരു തൊഴില്‍ തന്നെ കണ്ടെത്തേണ്ടതായി വരാം. ഇതിന് ഇന്നുള്ളവരാരും തയ്യാറല്ല. അതിനുള്ള ശേഷിയുമില്ല. അഞ്ച് വയസ്സുമുതല്‍ ഇരുപത്തിരണ്ട് വയസ്സുവരെയോ മറ്റോ വിദ്യാഭ്യാസം, അത് കഴിഞ്ഞാല്‍ ജോലി എന്നൊരു സമയക്രമം ജനങ്ങള്‍ സ്വീകരിച്ചിരിക്കുകയാണ്. തുടര്‍ന്ന് വിവാഹം, കുടുംബം, മക്കള്‍, അങ്ങനെ നീളും. പക്ഷെ പിന്നീട് വിദ്യാഭ്യാസമെന്നോ പുതിയൊരു തൊഴില്‍ പഠിക്കണമെന്നോ ഉള്ള ആശയം നമ്മുടെ ഇടയില്‍ വളര്‍ന്നിട്ടില്ല. അധികം വൈകാതെ അങ്ങനെയൊരു സാഹചര്യം വരും. അന്ന് മദ്ധ്യവയസ്സിലോ ഏത് പ്രായത്തിലോ വിദ്യാഭ്യാസം സാര്‍വ്വത്രികമാക്കേണ്ടിവരും. നമ്മള്‍ അതിന് തയ്യാറെടുക്കുന്നുണ്ടോ?

മറ്റൊന്ന്, കുട്ടികളെ ചിന്തിക്കാന്‍ പഠിപ്പിക്കുക എന്നതാണ്. എന്റെ ഒരു അനുഭവം പറയട്ടെ. ഹൈസ്‌ക്കൂള്‍ കുട്ടികളോട് ശാസ്ത്രത്തെപ്പറ്റി സംസാരിക്കാന്‍ ഒരു സംഘടന എന്നെ ക്ഷണിച്ചു. ഞാന്‍ തുടങ്ങിയത് മിന്നലിനെക്കുറിച്ച് ചോദിച്ചുകൊണ്ടായിരുന്നു. എന്തെന്നാല്‍ മിന്നലുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലാണ് ഞാനന്ന് ഗവേഷണം ചെയ്തിരുന്നത്. '' മിന്നലെങ്ങനെയാണ് ഉണ്ടാകുന്നതെന്നറിയാമോ?'' ഞാന്‍ ചോദിച്ചു. ഉത്തരം ഉടനെ വന്നു. '' അറിയാം മേഘങ്ങള്‍ കൂട്ടിയിടിക്കുമ്പോള്‍! '' ''അതിന് മേഘങ്ങള്‍ കട്ടിയുള്ള ഖരവസ്തുക്കളാണോ ഇതുപോലെ ശബ്ദമുണ്ടാക്കാന്‍?'' ഞാന്‍ മേശപ്പുറത്ത് ഇടിച്ചുകൊണ്ട് ചോദ്യം തുടര്‍ന്നു. ''അല്ല''. ഉത്തരം ഉടനെ വന്നു." പിന്നെ? '' ഞാനും വിട്ടില്ല. '' ജലകണങ്ങളാണ്''. വീണ്ടും ഉത്തരം പെട്ടെന്നായിരുന്നു. '' പിന്നെ എങ്ങനെ അവ കൂട്ടിയിടിക്കുമ്പോള്‍ തീയും വലിയ ശബ്ദവും ഉണ്ടാകും?'' ഞാന്‍ ചോദ്യങ്ങള്‍ തുടര്‍ന്നു. '' അത് ശരിയാ. അപ്പോള്‍ പിന്നെ എങ്ങനെയാണ് മിന്നലുണ്ടാകുന്നത്?'' അവര്‍ക്ക് സംശയമായി. നോക്കു, കുട്ടികളോട് ശരിയായ ചോദ്യങ്ങള്‍ ചോദിക്കുമ്പോഴാണ് അവര്‍ ചിന്തിക്കുന്നത്. അപ്പോള്‍ അവര്‍ നേടിയിട്ടുള്ള അറിവുകള്‍ ഉപയോഗിക്കുന്നു. ഈ പ്രക്രിയ ചെറുപ്രായം മുതല്‍ തന്നെ നടക്കണം. അതിനുപകരം വെറുതെ കുറേ വസ്തുക്കള്‍ കാണാതെ പഠിപ്പിച്ചതുകൊണ്ട് കുട്ടികള്‍ ഒന്നും പഠിക്കുന്നില്ല. കുട്ടികളെ ചെറുപ്രായത്തിലേ കാര്യങ്ങള്‍ മനസ്സിലാക്കാനും ചിന്തിക്കാനും പഠിപ്പിച്ചാല്‍ പിന്നെ അവര്‍ക്ക് തന്നെ പഠിക്കാനുള്ള ശേഷിയുണ്ടാകും. പുതിയ രീതിയില്‍ പഠിപ്പിക്കുമ്പോള്‍ പാഠഭാഗങ്ങള്‍ തീര്‍ക്കാനാവുന്നില്ലെങ്കില്‍ സാരമില്ല. കുട്ടികള്‍ കുറേ ഭാഗങ്ങള്‍ നന്നായി മനസ്സിലാക്കുകയും അവ പ്രയോഗിക്കാന്‍ പഠിക്കുകയും ചെയ്യും.

മറ്റൊരു അനുഭവം കൂടി പറയട്ടെ. ഇതൊരു പ്രത്യേകമായ സ്‌കൂളിനെപ്പറ്റിയാണ്. അവിടെ ഏഴാം ക്ലാസുവരെ പ്രത്യേക സിലബസ് ഒന്നുമില്ല. ഓരോ കുട്ടിയും ഇഷ്ടമുള്ളത് ചെയ്യും. ആ ചെയ്യുന്നതിനെ അടിസ്ഥാനമാക്കി അദ്ധ്യാപകര്‍ പഠിപ്പിക്കണം. ഉദാഹരണമായി കുട്ടി ഒരു പൂച്ചെടിയുടെ അടുത്ത് പോയി പൂവോ ഇലയോ പറിക്കുകയോ പരിശോധിക്കുകയോ ചെയ്യുകയാണെന്ന് കരുതുക. അപ്പോള്‍ അദ്ധ്യാപിക ചെടിയെയും പൂവിനെയും പറ്റി പറഞ്ഞുകൊടുക്കണം. അങ്ങനെ വരുമ്പോള്‍ ഒരു സമയത്ത് ഓരോ കുട്ടിക്കും കൂടെ ഒരു അദ്ധ്യാപിക ഉണ്ടാവണം. അതുകൊണ്ട് വളരെ ചെലവേറിയ വിദ്യാലയമാണിത്. എന്നാല്‍, അവിടെയുള്ള കുട്ടികള്‍ പഠിക്കുന്ന കാര്യങ്ങള്‍ ഭംഗിയായി മനസ്സിലാക്കുകയും അത് ജീവിതത്തില്‍ പ്രയോഗിക്കുകയും ചെയ്യാന്‍ പ്രാപ്തരാണ്. ഇതിനൊരു ഉദാഹരണം അവിടെയുള്ള ടീച്ചര്‍ തന്നെ പറയുകയുണ്ടായി. അഞ്ചാം ക്ലാസിലെ ഒരു കുട്ടിയുടെ അമ്മയാണ് അവരോട് സംഭവത്തെക്കുറിച്ച് പറഞ്ഞത്. ഒരു ദിവസം അടുപ്പില്‍ തീ ശരിയായി കത്താത്തതിനാല്‍ അമ്മ കഷ്ടപ്പെടുകയായിരുന്നു. അപ്പോള്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന  മകന്‍ വന്ന് പറഞ്ഞു, ' അമ്മേ, ഈ വിറകുകള്‍ ഇങ്ങനെ വച്ചാല്‍ തീ കത്താന്‍ ആവശ്യമായ ഓക്‌സിജന്‍ കിട്ടില്ല.' എന്നിട്ട് ആ കുട്ടി വിറകുകൊള്ളികള്‍ അല്‍പം മാറ്റി അടുക്കിവച്ചു. അതോടെ തീ നന്നായി കത്തുകയും ചെയ്തു. ഈ കഥ കേട്ട ടീച്ചര്‍ക്ക് അന്ന് മനസ്സിലായി, തങ്ങളുടെ പ്രയത്‌നം ഫലം ചെയ്യുന്നുണ്ടെന്ന്.

ഈ രീതിയിലുള്ള അദ്ധ്യാപനം സാധാരണ സ്‌കൂളുകളില്‍ സാധ്യമല്ല എന്നത് വ്യക്തമാണ്. എന്നാലും ഇത് നമ്മെ പഠിപ്പിക്കുന്നൊരു കാര്യമുണ്ട്. ശരിയായി പഠിപ്പിച്ചാല്‍ കുട്ടികള്‍ക്ക് ആ അറിവ് സ്വായത്തമാക്കാനും ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാനും കഴിയും. കേരളം തുടങ്ങിവച്ച പുതിയ അദ്ധ്യയനരീതിക്ക് ഇത് സാധ്യമാക്കാനാകും എന്നാണ് എന്റെ വിശ്വാസം. പക്ഷെ അത് ഫലപ്രദമായി നടപ്പിലാക്കണം. അത് സാധ്യമാക്കാനായി അദ്ധ്യാപകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം. വേണ്ടിവന്നാല്‍ പാഠഭാഗങ്ങള്‍ കുറയ്ക്കണം. എന്തായാലും പഠിക്കുന്ന പാഠങ്ങള്‍ കുട്ടികള്‍ക്ക് നന്നായി മനസ്സിലാകണം. അല്ലാതെ, പോര്‍ഷന്‍ തീര്‍ക്കാനായി പ്രസംഗിച്ച് പോയിട്ട് യാതൊരു കാര്യവുമില്ല. വിശേഷിച്ച് ഇനി വരുന്ന കാലത്തേക്ക്. അദ്ധ്യാപകരില്‍ തന്നെ പലരും പുതിയ രീതി പിന്തുടരുന്നുണ്ട് എന്നാണ് മനസിലാകുന്നത്. അവരുടെ സഹായത്തോടെ മറ്റുള്ളവര്‍ക്ക് പരിശീലനം നല്‍കണം. ചുരുക്കിപറഞ്ഞാല്‍ പുതിയ രീതി പിന്തുടരാന്‍ വേണ്ടതെല്ലാം ചെയ്യണം. അതോടൊപ്പം ചെയ്യേണ്ട ഒരു കാര്യമുണ്ട്. കുട്ടികള്‍ സമര്‍പ്പിക്കുന്ന പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ അവര്‍ തന്നെ ചെയ്യുന്നതാണെന്ന് ഉറപ്പുവരുത്തുകയും പുസ്തകങ്ങളില്‍ നിന്ന് പകര്‍ത്തിയതാണെങ്കിലോ മാതാപിതാക്കള്‍ ചെയ്തതാണെങ്കിലോ മാര്‍ക്കുകള്‍ കുറയ്ക്കുകയും വേണം. ഇതില്‍ ആദ്യത്തെ ഭാഗം ചെയ്യാന്‍ വലിയ പ്രയാസമുണ്ടാവില്ല. എന്തെന്നാല്‍ കടയിലുള്ള പുസ്തകങ്ങള്‍ വിദ്യാലയത്തില്‍ വാങ്ങിവയ്ക്കുകയും അദ്ധ്യാപകര്‍ അതെല്ലാം പരിശോധിക്കുകയും ചെയ്താല്‍ തന്നെ മതിയാകും. ഒരുപക്ഷെ അത്തരം പുസ്തകങ്ങള്‍ നിരോധിക്കേണ്ടതായിപ്പോലും വരാം ( പുസ്തകങ്ങളോ മറ്റെന്തുമോ നിരോധിക്കുന്നതിനെ ഞാന്‍ പൊതുവില്‍ അനുകൂലിക്കാറില്ല എന്ന് കൂടി പറയട്ടെ). 


REPRESENTATIONAL IMAGE | WIKI COMMONS
ഇതുവരെ പറഞ്ഞ മാറ്റങ്ങള്‍ അദ്ധ്യാപകരില്‍ മാത്രം വന്നാല്‍ പോര, മാതാപിതാക്കളിലും കഴിവതും എല്ലാ മുതിര്‍ന്നവരിലും ഉണ്ടാകണം. ഇന്നത്തെ ലോകത്ത് സര്‍ട്ടിഫിക്കറ്റിനല്ല വില എന്ന് എല്ലാവരും മനസ്സിലാക്കണം. അതുകൊണ്ട് വലിയ മാര്‍ക്കോ റാങ്കോ വാങ്ങുന്നതിലല്ല പ്രാധാന്യം, കാര്യങ്ങള്‍ മനസ്സിലാക്കുന്നതിലാണ്. അത് സ്‌കൂളില്‍ നിന്ന് തുടങ്ങണം. എഞ്ചിനീയറിങ്ങോ മെഡിസിനോ നല്ല നിലയില്‍ പാസായാല്‍ മാത്രം പോര, ആ വിഷയത്തില്‍ അറിവ് കൂടി ഉണ്ടാവണം. ഉന്നത വിദ്യാഭ്യാസത്തെപ്പറ്റി പറയുമ്പോള്‍ ഇത് കൂടുതല്‍ വിശദീകരിക്കാം. അപ്പോള്‍ ഉയരുന്ന ഒരു ചോദ്യമാണ്, ' വിഷയത്തില്‍ അറിവില്ലാതെ എങ്ങനെ നല്ല മാര്‍ക്കും റാങ്കും വാങ്ങാനാകും?'എന്നത്. നിര്‍ഭാഗ്യവശാല്‍, അത് സാധ്യമാണെന്നാണ് നാമിന്ന് കാണുന്നത്. എന്തെന്നാല്‍ പരീക്ഷയ്ക്ക് വരാന്‍ സാധ്യതയുള്ള ഏതാനും ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും കാണാതെ പഠിച്ചാല്‍ ഒരാള്‍ക്ക് ഇന്ന് നല്ല മാര്‍ക്ക് വാങ്ങാനാകും എന്നതില്‍ സംശയമില്ല. കൂടാതെ, മുകളില്‍ വിശദീകരിച്ചതുപോലെ മാര്‍ക്ക് വാങ്ങാന്‍ മാത്രമായുള്ള ( അതായത്, കാര്യമായി ഒന്നും മനസ്സിലാക്കാതെ) ഒരുപാട് സംവിധാനങ്ങള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ വിഷയങ്ങള്‍ ശരിയായി മനസ്സിലാക്കാനുള്ള അധികം സൗകര്യങ്ങള്‍ സമൂഹം ലഭ്യമാക്കുന്നില്ല. പ്രത്യേകിച്ച് പരീക്ഷ എഴുതുന്നതിന് മുന്‍പ്. തിരുവനന്തപുരത്തെ ശാസ്ത്രസാങ്കേതിക മ്യൂസിയവും കാഴ്ചബംഗ്ലാവും വാനനിരീക്ഷണകേന്ദ്രവും പോലെയുള്ള ചില സംവിധാനങ്ങള്‍ വിസ്മരിക്കുന്നില്ല. എന്നാല്‍ വിദ്യാര്‍ത്ഥികളില്‍ എത്ര ശതമാനത്തിന് ഇവയൊക്കെ ഉപയോഗിക്കാനാകും? അതേസമയം സ്‌കൂള്‍ കുട്ടികള്‍ക്കും എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കും പ്രൊജക്ട് ചെയ്തുകൊടുക്കാനായി എല്ലാ സൗകര്യങ്ങളും എല്ലായിടത്തും ലഭ്യമാണ്. ഇത് വിദ്യാഭ്യാസത്തെ നശിപ്പിക്കുന്നതാണ്. ഇവയെ നേരിടാന്‍ സര്‍ക്കാരിന് എളുപ്പമായ വഴിയൊന്നും ഞാന്‍ കാണുന്നില്ല. അതുകൊണ്ട്, സമൂഹം തന്നെ ഇതിനെയെല്ലാം എതിര്‍ത്ത് തോല്‍പ്പിക്കണം. സ്‌കോറല്ല അറിവാണ് പ്രധാനം എന്ന് മനസ്സിലാക്കിയാല്‍ ഇത് സ്വയം സംഭവിക്കും എന്നാണ് എനിക്ക് തോന്നുന്നത്. ഇല്ലെങ്കില്‍ ഇന്ന് കാണുന്ന 'വിദ്യാഭ്യാസ സംരക്ഷണ' പ്രസ്ഥാനങ്ങള്‍ ചെയ്യേണ്ടത് ഇതൊക്കെയാണ്. ഗവര്‍ണറുമായോ മറ്റാരെങ്കിലുമായോ വഴക്കിടുകയല്ല.

ഉന്നതവിദ്യാഭ്യാസം

പുതിയ വിദ്യാഭ്യാസത്തിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അവയില്‍ കാര്യവുമുണ്ട്. എന്നാല്‍ ആ നയരേഖകളില്‍ പറയുന്ന ഒരു കാര്യത്തോട് യോജിക്കാതിരിക്കാനാവില്ല. അതിങ്ങനെയാണ്. ' കലയും ശാസ്ത്രവും തമ്മില്‍, പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍, തൊഴിലധിഷ്ഠിതവും അക്കാദമികവുമായ സ്ട്രീമുകള്‍ക്കിടയില്‍ വിവിധ പഠന മേഖലകള്‍ക്കിടയിലുള്ള ഹാനികരമായ ശ്രേണികള്‍ ഇല്ലാതാക്കുന്നതിനായി കഠിനമായ വേര്‍തിരിവുകള്‍ പാടില്ല'. ഒരു പൂര്‍ണ മനുഷ്യനാകണമെങ്കില്‍ എല്ലാ കാര്യങ്ങളിലും അത്യാവശ്യത്തിനുള്ള അറിവുണ്ടായിരിക്കണം. വിശേഷിച്ച് ഒരു ജനാധിപത്യസമൂഹത്തില്‍ ജീവിക്കുമ്പോള്‍ ( ഭാരതസമൂഹത്തില്‍ ജനാധിപത്യബോധം പൂര്‍ണ വളര്‍ച്ച എത്തിയോ എന്ന കാതലായ പ്രശ്‌നം അവശേഷിക്കുന്നുണ്ട്. അതവിടെ നില്‍ക്കട്ടെ). ശാസ്ത്രസാങ്കേതിക വിഷയങ്ങളും കലാസാംസ്‌കാരിക വിഷയങ്ങളും തമ്മിലുള്ള അന്തരത്തെപ്പറ്റി പണ്ട് മുതലേ ചര്‍ച്ച ചെയ്യുന്നതാണല്ലോ. കലാസാംസ്‌കാരിക രംഗങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി പിന്‍വാങ്ങി ജീവിക്കുന്നവര്‍ക്ക് പല പ്രശ്‌നങ്ങളുമുണ്ടാകാം. വലിയ ശാസ്ത്രജ്ഞര്‍ പലരും കലാസാംസ്‌കാരികരംഗങ്ങളിലും പ്രാഗത്ഭ്യം തെളിയിച്ചവരാണ്. നമ്മുടെ ഹോമി ഭാഭ തന്നെയാണ് അതിനുള്ള ഉദാഹരണം. അദ്ദേഹം ഉന്നത ശ്രേണിയിലുള്ള ശാസ്ത്രജ്ഞനാണ്. കൂടാതെ കവിയും ചിത്രക്കാരനും ആയിരുന്നു. ശാസ്ത്രവും കലയും ഒരുമിച്ചുപോകില്ല എന്നുള്ള വിശ്വാസം അബദ്ധമാണ്. മനുഷ്യന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയും മാനവരാശിയുടെ സമാധാനപരമായ ജീവിതത്തിനും കല അത്യന്താപേക്ഷികമാണ്. പുരോഗമനത്തിന് ശാസ്ത്രം എന്നത് പോലെ. അതുകൊണ്ട് ശാസ്ത്രമോ സാങ്കേതികവിദ്യയോ പഠിക്കാന്‍ പോകുന്നത് കൂടുതല്‍ നല്ലതാണെന്നോ അവര്‍ കൂടുതല്‍ സമര്‍ത്ഥരാണെന്നോ ഉള്ള സമൂഹത്തിന്റെ ചില ധാരണകള്‍ അബദ്ധമാണെന്ന് മാത്രമല്ല, അത് വ്യക്തികള്‍ക്കും സമൂഹത്തിനും ദോഷം ചെയ്യുന്നതുമാണ്. തന്റെ താല്‍പര്യവും ശേഷിയും അനുസരിച്ചാണ് ഓരോ വ്യക്തിയും തന്റെ പ്രവര്‍ത്തന മേഖല തിരഞ്ഞെടുക്കേണ്ടത്. നല്ല തൊഴില്‍ കിട്ടുമോ, ഉയര്‍ന്ന വരുമാനമുണ്ടാകുമോ എന്ന ശങ്ക ഇക്കാലത്ത് അസ്ഥാനത്താണ് എന്നാണ് എനിക്ക് തോന്നുന്നത്. എന്തെന്നാല്‍ എന്ത് തൊഴിലും നന്നായി ചെയ്യാനറിയുന്നവര്‍ക്ക് ഇക്കാലത്ത് നല്ല വരുമാനമുണ്ടാകും. നോക്കൂ, നന്നായി കളിക്കാനറിയുന്നവര്‍ എത്ര പണമാണ് ഉണ്ടാക്കുന്നതെന്ന്. അതുകൊണ്ട് എഞ്ചിനീയറോ ഡോക്ടറോ ആയാലേ നന്നായി ജീവിക്കാനാവൂ എന്ന് കരുതുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ട് താല്‍പ്പര്യവും ശേഷിയുമുള്ള മേഖല തിരഞ്ഞെടുത്താല്‍ ഇഷ്ടമുള്ള തൊഴില്‍ ചെയ്ത് ജീവിക്കാം. ഇഷ്ടമുള്ള തൊഴിലാകുമ്പോള്‍ അത് നന്നായി ചെയ്യാനാകും എന്ന് മാത്രമല്ല, ജോലി ഒരു ഭാരമായി തോന്നുകയുമില്ല.  


REPRESENTATIONAL IMAGE | WIKI COMMONS
സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ സമൂഹം സ്വീകരിക്കേണ്ട ചില നിലപാടുകളെപ്പറ്റി മുകളില്‍ ചര്‍ച്ച ചെയ്തല്ലോ. മാര്‍ക്കെന്ന പേരിലോ സ്‌കോര്‍ എന്ന പേരിലോ അറിയപ്പെടുന്ന വിദ്യാര്‍ത്ഥികളെ വിലയിരുത്തുന്നഫലമല്ല പ്രധാനം. മറിച്ച് മനസ്സിലാക്കുക എന്നതാണ് പ്രധാനം. അക്കാര്യം ഉന്നതവിദ്യാഭ്യാസത്തിലും വളരെ പ്രസക്തമാണ്. പരീക്ഷയ്ക്ക് വേണ്ടി മാത്രം പഠിക്കുന്നതിന്റെ പ്രശ്‌നങ്ങള്‍ ഇന്ന് ഉന്നതവിദ്യാഭ്യാസത്തിലും കാണാം. ഇവിടെ എനിക്ക് പരിചയമുള്ളത് ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും കാര്യങ്ങളാണ്. എന്നാല്‍, വൈദ്യശാസ്ത്രത്തിലും ഇതേ പ്രശ്‌നങ്ങളുണ്ടാവണം എന്ന് എനിക്ക് ഉറപ്പുണ്ട്. ഒന്നുരണ്ട് അനുഭവങ്ങള്‍ താഴെ പറയട്ടെ.

ശാസ്ത്രത്തിന്റെ കാര്യം ആദ്യം പറയാം. ഒരനുഭവം മുകളില്‍ എഴുതിയിട്ടുണ്ട്. അതുകൂടാതെ എന്റെ ഒരു സഹപ്രവര്‍ത്തകനുണ്ടായ അനുഭവം കൂടി പറയാം. അദ്ദേഹത്തിന്റെ പേര് സൗകര്യത്തിന് ശ്രീ എന്ന് വയ്ക്കാം. ഭൗതികശാസ്ത്രത്തില്‍ എംഎസ്സി പാസായ ശേഷം വീട്ടിലിരിക്കെ വഴിയെ പോയ ഒരു സൈക്കിള്‍ കണ്ടപ്പോള്‍ ശ്രീയ്ക്ക് ഒരു സംശയം തോന്നി. ' സൈക്കിള്‍ ചവിട്ടുമ്പോള്‍ എങ്ങനെയാണ് മറിഞ്ഞു വീഴാതെ പോകാനാകുന്നത്? അതിന്റെ പിന്നില്‍ എന്തോ ശാസ്ത്രമുണ്ടാകണമല്ലോ!' എന്ന്. അടുത്തൊരു ദിവസം പുറത്തുപോയപ്പോള്‍ ശ്രീയെ കോളേജില്‍ പഠിപ്പിച്ച ഒരദ്ധ്യാപകനെ കണ്ടു. പരസ്പരം കുശലം പറഞ്ഞതിന് ശേഷം ശ്രീ ചോദിച്ചു, '' സര്‍, സൈക്കിള്‍ ചവിട്ടുന്നതിലെ ഭൗതികശാസ്ത്രം എന്താണ്?''. ശ്രീയെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ധ്യാപകന്റെ മറുപടി ഇങ്ങനെയായിരുന്നു. '' സൈക്കിള്‍ ചവിട്ടുന്നതില്‍ എന്ത് ഭൗതികശാസ്ത്രമാണുള്ളത്? ഒന്നുമില്ല'. തന്റെ അത്രയും തന്നെ അറിവ് ഇക്കാര്യത്തില്‍ തന്റെ അദ്ധ്യാപകന് ഇല്ല എന്ന് നിരാശയോടെ മനസ്സിലാക്കിയ ശ്രീ ഇന്റര്‍നെറ്റിനെ ആശ്രയിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് അമേരിക്കയിലെ ഒരു യൂണിവേഴ്‌സിറ്റി അദ്ധ്യാപകന്‍ ഇക്കാര്യത്തെപ്പറ്റി വിശദമായി പഠിച്ച് തയ്യാറാക്കിയ വെബ്‌പേജ് കാണാനിടയായതും പ്രശ്‌നത്തിന്റെ സങ്കീര്‍ണത മനസ്സിലാക്കിയതും. ഇനി സാങ്കേതികവിദ്യയുടെ  ഒരു സംഭവവും  വിവരിക്കാം. ഞാനും കൂടി ചേര്‍ന്ന് നടത്തിയിരുന്ന ഒരു സ്ഥാപനത്തില്‍ ഏതാനും പ്രോഗ്രാമര്‍മാരെ തിരഞ്ഞെടുക്കാനുള്ള ഇന്റര്‍വ്യൂ ആണ് രംഗം. എംസിഎയും ബിടെക്കും പാസായ യുവാക്കളും യുവതികളും വന്നിട്ടുണ്ട്. അവര്‍ തന്നെ ചെയ്യേണ്ടതാണ് പാഠ്യപദ്ധതിയുടെ ഭാഗമായുള്ള പ്രൊജക്ട് എന്നതിനാല്‍, അതേപ്പറ്റി അവര്‍ക്ക് നല്ല നിശ്ചയമുണ്ടാകണം എന്നതിനാല്‍ പ്രൊജക്ടിനെ അടിസ്ഥാനമാക്കിയാണ് കൂടുതലും ചോദ്യങ്ങള്‍ ചോദിച്ചത്. ഒരു കുട്ടിയുമായുള്ള ചോദ്യോത്തരം ഏതാണ്ട് ഇപ്രകാരമായിരുന്നു.

ചോദ്യം: '' എന്തായിരുന്നു പ്രൊജക്ട്?''
ഉത്തരം: '' കടയിലെ ബില്ലിങ് സോഫ്റ്റ്‌വെയറായിരുന്നു സര്‍''
ചോദ്യം: '' ഏതായിരുന്നു പ്രോഗ്രാമിങ് ലാംഗ്വേജ്?''
ഉത്തരം: '' PHP'' 
ചോദ്യം: '' PHP യുടെ ഏത് വേര്‍ഷനാണ് ഉപയോഗിച്ചത്?''
അല്‍പം ആലോചിച്ചിട്ട് ഉത്തരം: '' വേര്‍ഷന്‍ 4 സാര്‍''
ചോദ്യം: '' PHP യുടെ വേര്‍ഷന്‍ എങ്ങനെയാണ് കണ്ടുപിടിക്കുക?''
ഉത്തരം : '' PHP വേര്‍ഷന്‍ എന്ന് ടൈപ്പ് ചെയ്യണം''.
ചോദ്യം: '' എവിടെ ടൈപ്പ് ചെയ്യണം?''
ഉത്തരം : '' ടെക്സ്റ്റ് എഡിറ്ററില്‍ ''

കംപ്യൂട്ടറിനെപ്പറ്റി അറിയാത്തവര്‍ക്കുവേണ്ടി പറയട്ടെ, ടെക്സ്റ്റ് എഡിറ്റര്‍ എന്നത് വാചകങ്ങള്‍ എഴുതാനുള്ള ആപ്ലിക്കേഷനാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു കടലാസില്‍ പേനകൊണ്ട് ഒരു ചോദ്യമെഴുതിയാല്‍ അതിന്റെ ഉത്തരം കിട്ടും എന്ന് പറയുന്നതുപോലെയായിരുന്നു ആ ഉദ്യോഗാര്‍ത്ഥിയുടെ ഉത്തരം. അതായത് ആ ഉദ്യോഗാര്‍ത്ഥിക്ക് അടിസ്ഥാനപരമായ കാര്യങ്ങള്‍ പോലും അറിയില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? എന്റെ രോഗനിര്‍ണ്ണയം പറയട്ടെ. അദ്ധ്യാപകന് സൈക്കിള്‍ ചവിട്ടുന്നതിന്റെ ഭൗതികശാസ്ത്രം മനസ്സിലാവാത്തതിന്റെ കാരണം ടെക്സ്റ്റ്  ബുക്കില്‍ എഴുതിയിട്ടുള്ള കുറേ പരീക്ഷണങ്ങളും ഗണിതവും മാത്രമാണ് ഭൗതികശാസ്ത്രം എന്ന വിശ്വാസമാണ്. അതല്ല, നമ്മള്‍ ചെയ്യുന്ന കാര്യങ്ങളിലും പ്രകൃതിയില്‍ സംഭവിക്കുന്ന കാര്യങ്ങളിലും എല്ലാം ശാസ്ത്രമുണ്ട് എന്ന ബോധം അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍ ശ്രീയുടെ ചോദ്യം കേട്ട് അന്തംവിട്ട് നില്‍ക്കില്ലായിരുന്നു. അതുപോലെ, കംപ്യൂട്ടറില്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ എന്താണ് ചെയ്യുന്നത് എന്ന് മനസിലാക്കാന്‍ ആ ഉദ്യോഗാര്‍ത്ഥി ശ്രമിച്ചിരുന്നെങ്കില്‍ ഇത്രവലിയ അബദ്ധം പറയില്ലായിരുന്നു. എവിടെ എന്താകും സംഭവിച്ചിരിക്കുക എന്ന് എനിക്ക് ഊഹിക്കാം. എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊജക്ട് ചെയ്തുകൊടുക്കുന്ന സ്ഥാപനങ്ങള്‍ എല്ലാ കോളേജിന് സമീപത്തും ഉണ്ട്. അവര്‍ക്ക് പണം നല്‍കിയാല്‍ മാത്രം മതി. പ്രൊജക്ട് റിപ്പോര്‍ട്ടും, അവതരിപ്പിക്കാനുള്ള മള്‍ട്ടിമീഡിയ പ്രസന്റേഷനും, ഐടിയാണെങ്കില്‍ പ്രോഗ്രാമിന്റെ മൂലവും എല്ലാം അവര്‍ തയ്യാറാക്കി തരും. പിന്നെയെന്തുവേണം? പക്ഷെ കുഴപ്പമെന്താണ് ? ആ പ്രൊജക്ട് ചെയ്തതിനെപ്പറ്റി എന്തെങ്കിലും ചോദിച്ചാല്‍ ഒന്നും പറയാനില്ല. ഉദാഹരണമായി, ഇത് ചെയ്തപ്പോള്‍ എന്തെല്ലാം ബുദ്ധിമുട്ടുകളാണ് നേരിട്ടത് എന്ന് ചോദിച്ചെന്ന് കരുതാം. ആ വിദ്യാര്‍ത്ഥി യാതൊരു ബുദ്ധിമുട്ടും നേരിടാത്ത സ്ഥിതിക്ക് എന്ത് പറയാന്‍! ഇനി എങ്ങനെയും പരീക്ഷ പാസായി എന്ന് കരുതാം. ഒരു സ്ഥാപനത്തില്‍ ജോലി കിട്ടിയെന്നും കരുതാം. ഒരു പ്രത്യേക ആവശ്യത്തിനുള്ള പ്രോഗ്രാം തയാറാക്കാന്‍ പറഞ്ഞാല്‍ ഇയാള്‍ക്ക് വല്ലതും ചെയ്യാനാകുമോ? ഇല്ല എന്നത് ഉറപ്പാണ്. അതുകൊണ്ടാണ് കേരളത്തിലെ എഞ്ചിനീയറിങ് കോളേജുകളില്‍ നിന്നും പാസായി വരുന്നവരില്‍ വലിയ ശതമാനവും ഒരു ജോലിയില്‍ നിയമിക്കാനാകാത്തവരാണ് എന്ന പരാതി ഉയരുന്നത്. ഇന്നത്തെക്കാലത്ത്, വിശേഷിച്ച് ഐടി മേഖലയില്‍ മാര്‍ക്കോ സ്‌കോറോ അല്ല പ്രധാനം. കാര്യങ്ങള്‍ ചെയ്യാനുള്ള അറിവും ശേഷിയുമാണ്. ഒരു പ്രശസ്തമായ ഉദാഹരണം മൈക്രോസോഫ്റ്റ് തുടങ്ങാനായി മുന്‍കൈയെടുത്ത ബില്‍ ഗേറ്റ്‌സ് ആണ്. ലോകപ്രശസ്ത സര്‍വ്വകലാശാലയായ ഹാര്‍വഡില്‍ നിന്ന് രണ്ടുവര്‍ഷത്തെ അദ്ധ്യയനത്തിനുശേഷം പഠനം നിര്‍ത്തിപോയി സുഹൃത്തായ പോള്‍ അല്ലനോടൊപ്പം മൈക്രോസോഫ്റ്റ് എന്ന കമ്പനി തുടങ്ങിയതാണ്.

ഇനി നമ്മുടെ അടുത്ത് നിന്നുള്ള ഒരു കഥ പറയട്ടെ. എനിക്ക് നേരിട്ടറിയാവുന്ന വ്യക്തിയാണ്. എന്റെ മകന്റെ സുഹൃത്തായ ഈ യുവാവ് കേരളത്തില്‍ നിന്ന് BCom പാസായ ശേഷം ബാംഗ്ലൂരില്‍ ജോലി അന്വേഷിച്ച് പോയതാണ്. അവിടെ കോള്‍ സെന്ററില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ പകല്‍ ഒരു കംപ്യൂട്ടര്‍ കോഴ്‌സിന് ചേര്‍ന്ന് പഠിച്ചു. തുടര്‍ന്ന് ഒരു കംപ്യൂട്ടര്‍ സെന്ററില്‍ ജോലി നേടി. അവിടെ ഇരുന്നുകൊണ്ട് കൂടുതല്‍ പഠിച്ചു. ഇന്ന് അയാള്‍ യാഹുവിലാണ് ജോലി ചെയ്യുന്നത്. ലോകമെമ്പാടുമുള്ള അവരുടെ നൂറ് സെര്‍വ്വറുകള്‍ നോക്കിനടത്തുന്നതിന്റെ ഉത്തരവാദിത്തം അയാള്‍ക്കാണ്. ബംഗ്ലൂരില്‍ ഫ്‌ലാറ്റ് വാങ്ങിച്ചു, കാര്‍ വാങ്ങിച്ചു, മാതാപിതാക്കളെ നാട്ടില്‍നിന്ന് കൊണ്ടുവന്നു. ഓര്‍ക്കുക, ഇദ്ദേഹത്തിന് എഞ്ചിനീയറിങ്ങിലോ മറ്റോ ഒരു ബിരുദവുമില്ല! പക്ഷെ കാര്യങ്ങള്‍ ചെയ്യാനറിയാം. അതാണ് ഇന്നത്തെ കമ്പനികള്‍ക്ക് വേണ്ടത്. 



ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ ശാസ്ത്രജ്ഞനും ഫ്രീ സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമായിരുന്നു ലേഖകന്‍. 2024 മെയ് 23 ന് അന്തരിച്ചു.





#outlook
Leave a comment