
വിദ്യാർത്ഥികളെ മരിക്കാൻ വിടുന്ന “വിദ്യാഭ്യാസ നയം”
ലോകമെമ്പാടും യുവതലമുറയുടെ മരണത്തിന് ഏറ്റവും പ്രധാന കാരണങ്ങളിലൊന്ന് റോഡ് അപകടങ്ങളാണെങ്കിൽ ഇന്ത്യയിൽ അത് ആത്മഹത്യകളാണ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) റിപ്പോർട്ട് പ്രകാരം 2022-ൽ 1.71 ലക്ഷം ആളുകൾ ഇന്ത്യയിൽ ആത്മഹത്യ ചെയ്തു. അവയിൽ ഏറ്റവും കൂടുതൽ 15-49 വയസ്സ് പ്രായക്കാരാണ്. റിപ്പോർട്ട് ചെയ്യാത്തവ വേറെയും ഉണ്ടാവും.
ഇന്ത്യയിലെ നാഷണൽ മെന്റൽ ഹെൽത്ത് സർവ്വേ 2015-16 സൂചിപ്പിക്കുന്നത് ഏറെക്കുറെ 15% മുതിർന്നവർ ഒന്നോ അതിൽ കൂടുതലോ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ ആവശ്യമായുള്ളവരാണ് എന്നാണ്. ഇന്ത്യയിൽ 20 പേരിൽ ഒരാൾക്ക് വിഷാദം (Depression) ഉണ്ട്. യൂനിസെഫി (UNICEF) ന്റെ 2021-ലെ സർവ്വേയിൽ ഇന്ത്യയിലെ 15-24 വയസ്സ് പ്രായക്കാരായ ഏതാണ്ട് 14% പേർ സ്ഥിരമായി വിഷാദമനുഭവപ്പെടുന്നതായി അഭിപ്രായപ്പെടുന്നു. ഇത് ഇന്ത്യൻ ജനസംഖ്യയുടെ 10% വരുന്ന പ്രായവിഭാഗമാണ്. ഈ കണക്കുകൾ നമ്മുടെ യുവാക്കളുടെ മാനസികാരോഗ്യത്തെക്കുറിച്ച് അപൂർണ്ണമെങ്കിലും ഒരു ചിത്രം തരുന്നു.
ലോകത്തെ തന്നെ ഏറ്റവും ഉയർന്ന ആത്മഹത്യാ നിരക്ക് ഇന്ത്യയിൽ ആണെന്ന് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. ആത്മഹത്യ ഒരിക്കലും ഒരു വ്യക്തിയിലേക്ക് ചുരുക്കേണ്ട പ്രശ്നമല്ല; വ്യക്തിപരമായ ദൗർബല്യവുമല്ല. അത് സാമൂഹികമായി നിർമ്മിക്കപ്പെടുന്ന ഒന്നാണ്. വിഷാദത്തിന്റെ കാര്യവും അതുതന്നെ. മാത്രമല്ല, വിഷാദം എന്ന മാനസികരോഗം രൂപപ്പെടുന്നതിനും സാമൂഹികമായ പങ്കാണ് കൂടുതൽ. ഇന്ത്യൻ യുവതയുടെ പരിതാപകരമായ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, ആരോഗ്യ അവസ്ഥയാണ് ഓരോ ആത്മഹത്യകൾക്കും പിന്നിൽ.REPRESENTATIVE IMAGE | WIKI COMMONS
വിഷാദത്തിന്റെയും ആത്മഹത്യകളുടെയും നിരക്ക് ഈ കണക്കുകളേക്കാൾ കൂടുതലാവാനേ സാധ്യതയുള്ളൂ. കാരണം, ഇതിന്റെ സാമൂഹികമായ കാരണങ്ങളെ പഠിച്ച് പരിഹരിച്ച് ഈ വിഷയത്തെ പ്രതിരോധിക്കാൻ മെന്റൽ ഹെൽത്ത് ആക്ടിന് അപ്പുറത്തേക്ക് കാര്യമായ ദേശീയ പദ്ധതിയൊന്നും നമുക്കില്ല. ആത്മഹത്യകൾ തടയാൻ നിലവിൽ ഉപയോഗിക്കുന്ന പദ്ധതികൾ അപഹാസ്യമാണ്. ആത്മഹത്യ വഴികളെ പ്രതിരോധിക്കാൻ കീടനാശിനികളുടെ ലഭ്യത കുറയ്ക്കുക, റെയിൽവേ പാളങ്ങളും പാലങ്ങളും ബാരിക്കേഡ് വച്ചു മറയ്ക്കുക, ഹോസ്റ്റലുകളിലെ ഫാനുകൾ അഴിച്ചുമാറ്റുക തുടങ്ങിയ “പരിഹാരനടപടികളാ”ണ് സ്വീകരിച്ചിരിക്കുന്നത്. ഇത് വ്യക്തമാക്കുന്നത് ഈ വിഷയത്തിനെ അതിന്റെ വേരിൽ പരിശോധിച്ചു പരിഹരിക്കാൻ ശ്രമമോ അതിനുള്ള ശേഷിയോ ഈ വ്യവസ്ഥക്ക് ഇല്ല എന്നതാണ്.
വിദ്യാർത്ഥി ആത്മഹത്യകളുടെ വർദ്ധിച്ചുവരുന്ന പ്രവണത അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്ന പ്രശ്നമാണ്. ജനസംഖ്യാ വർധനവിലെ നിരക്കിനെക്കാൾ വേഗതയിലാണ് നിലവിലെ വിദ്യാർത്ഥി ആത്മഹത്യാ നിരക്ക്. സമീപ വർഷങ്ങളിൽ ‘വിദ്യാർത്ഥി ആത്മഹത്യ’കളിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കർഷക ആത്മഹത്യകളെക്കാൾ കൂടുതലാണ് അവയിപ്പോൾ. എൻ സി ആർ ബി (NCRB) കണക്കുകൾ വെളിപ്പെടുത്തുന്നത്, 2021-ൽ മാത്രം 13,000ത്തിലധികം വിദ്യാർത്ഥി ആത്മഹത്യകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു എന്നാണ്. പ്രതിദിനം ശരാശരി 35ലധികം പേർ — ഓരോ 40 മിനിറ്റിലും ഒരു വിദ്യാർത്ഥി — ആത്മഹത്യ ചെയ്യുന്ന സാഹചര്യമാണുള്ളത്. 2013-22 ദശകത്തിൽ 1,03,961 വിദ്യാർത്ഥി ആത്മഹത്യകൾ രേഖപ്പെടുത്തപ്പെട്ടു; ഇത് 2003-12 ദശകത്തെ അപേക്ഷിച്ച് 64% വർദ്ധനവാണ് സൂചിപ്പിക്കുന്നത്. ഇന്ത്യൻ ഭരണകൂടത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക നയങ്ങളിൽ വന്ന മാറ്റവും വിദ്യാഭ്യാസരംഗത്തു വന്ന മാറ്റവും ഇതേ കാലയളവിൽ തന്നെയാണ് എന്നത് യാദൃച്ഛികത്വം ആകാൻ വഴിയില്ല.REPRESENTATIVE IMAGE | WIKI COMMONS
വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്നതിന് ഒരുപാട് കാരണങ്ങൾ നമുക്ക് കാണാൻ കഴിയും. ജാതി-മത-ലിംഗ-ലൈംഗികതയുടെ അടിസ്ഥാനത്തിലുള്ള വിവേചനവും അധിക്ഷേപവും, സാമ്പത്തിക ഞെരുക്കം (ഫീസുകൾ അടയ്ക്കാൻ പറ്റായ്ക), അദ്ധ്യാപകരുടെയോ മറ്റ് വിദ്യാർത്ഥികളുടെയോ ഭാഗത്തുനിന്നുമുള്ള മർദ്ദനം (റാഗിങ്), മാർക്ക് കുറയുന്നതും തുടർപഠനം മുടങ്ങുന്നതും, ഇഷ്ടമുള്ള വിഷയങ്ങൾ പഠിക്കാൻ പറ്റാത്തത്, പഠനസംബന്ധമായി വീട്ടിൽ നിന്നോ സ്‌കൂൾ/കോളേജ്/ യൂണിവേഴ്സിറ്റി യിൽ നിന്നോ ഉള്ള സമ്മർദ്ദം, പഠനം തുടരാൻ കഴിയാത്ത സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സാഹചര്യം തുടങ്ങി അനേകം കാരണങ്ങൾ പല ആത്മഹത്യാകുറിപ്പുകളിലും കാണാൻ കഴിഞ്ഞിട്ടുണ്ട്. ഇതിൽ പല വാർത്തകളും ദേശീയ ശ്രദ്ധ നേടിയവയും ആയിരുന്നു.
എന്നാൽ ഇവയിലെ ഏറ്റവും പ്രധാന വെല്ലുവിളി വിദ്യാഭ്യാസരംഗത്ത് മുന്നേറാൻ നേരിടേണ്ടി വരുന്ന സമ്മർദ്ദമാണ് എന്നത് വ്യക്തമാണ്. കോച്ചിങ് സെന്ററുകളിലെ വിദ്യാർത്ഥി ആത്മഹത്യകൾ ഇതിന്റെ ഒരു തെളിവാണ്. അതിലേക്ക് സൂചന നൽകുന്ന കണക്കുകളാണ് 2019-20 കാലഘട്ടത്തിൽ വിദ്യാർത്ഥി ആത്മഹത്യകളിൽ 25% കുറവും 2020-21 ൽ 21% കുറവും ഉണ്ടായിരുന്നു എന്നത്. മത്സര പരീക്ഷകളൊക്കെ നിർത്തി വച്ച കോവിഡ് കാലമായിരുന്നു ഇത്. എന്നാൽ ഡിജിറ്റൽ സംവിധാനത്തിലേക്ക് പഠനം മാറ്റിയതിനാൽ പുറന്തള്ളപ്പെട്ടതിന്റെ പേരിലുള്ള വിദ്യാർത്ഥി ആത്മഹത്യകളും ഉണ്ടായിട്ടുണ്ട്.
വിദ്യാഭ്യാസരംഗത്ത് വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കുവാനും നല്ല ശമ്പളമുള്ള ജോലി നേടാനും വലിയ സമ്മർദ്ദമാണ് ഇന്ന് യുവതലമുറ നേരിടുന്നത്. പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഭരണകൂടനീക്കങ്ങൾ വിദ്യാഭ്യാസത്തെ ചെലവേറിയതാക്കുന്നു. ഇത് താങ്ങാൻ കഴിയുന്നവരല്ല ഇന്ത്യയുടെ ഭൂരിഭാഗം വരുന്ന ദരിദ്രജനത. വിദ്യാഭ്യാസ വായ്പകൾ എടുത്തും മറ്റ് രീതികളിൽ കടം വാങ്ങിയും തുടർപഠനത്തിന് പോകുന്നവർ ആജീവനാന്ത കടക്കെണിയിൽ പെട്ടുപോകുന്ന അവസ്ഥയാണുള്ളത്. അല്ലാത്തവർ കടബാധ്യതയുടെ കുരുക്കിൽ പെട്ട് അവരുടെ നല്ലകാലം മുഴുവൻ ചെലവഴിക്കേണ്ടി വരുന്നു. ഓരോ വർഷവും പലവിധ കോഴ്‌സുകൾ പഠിച്ചിറങ്ങുന്നവർക്ക് കൊടുക്കാൻ ഈ രാജ്യത്ത് ജോലിയില്ല എന്നതാണ് മറ്റൊരു വസ്തുത. തങ്ങൾ പഠിച്ചിറങ്ങിയ കോഴ്സിൽ ആയിരിക്കില്ല ഭൂരിഭാഗം പേരും ജോലിക്ക് പോകേണ്ടി വരുന്നത്. അവരുടെ നൈപുണ്യം കമ്പോളത്തിനനുസരിച്ചു വികസിപ്പിക്കാൻ വീണ്ടും പഠിക്കാൻ പോകാൻ ഇവർ നിർബന്ധിതരാകുന്നു. ഈ ഓട്ടമത്സരത്തിൽ കുഴഞ്ഞുവീണു മരിക്കുന്നവരാണ് “വിദ്യാർത്ഥി ആത്മഹത്യ”യുടെ ഓരോ ഇരകളും. സത്യത്തിലിത് കൊലപാതകമാണ്.REPRESENTATIVE IMAGE | WIKI COMMONS
ഏറ്റവും താഴെ തട്ടിൽ നോക്കിയാൽ, മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ചും ആത്മഹത്യകളെ കുറിച്ചുമുള്ള സാമൂഹിക അവബോധം ഉണ്ടാവേണ്ടതുണ്ട്. വിദ്യാർത്ഥികളോട് ഏറ്റവും അടുത്ത് ഇടപഴകുന്നവർ എന്ന നിലയിൽ അധ്യാപകർ മാനസികാരോഗ്യത്തെ പറ്റിയും അത് നേരിടാനുള്ള വഴികളെ പറ്റിയും അറിഞ്ഞിരിക്കേണ്ടതുണ്ട്. എന്നാൽ, പലപ്പോഴും സംഭവിക്കുന്നത് ഇവരാണ് വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നതിൽ മുൻപന്തിയിൽ ഉണ്ടാവുന്നത് എന്നതാണ്. വിദ്യാർത്ഥികളെ അടിക്കുക, ചീത്ത/തെറി വിളിക്കുക, വിവേചനം കാണിക്കുക, ഭീഷണിപ്പെടുത്തുക, വരുതിക്ക് നിൽക്കാത്തവരുടെ മാർക്ക് കുറയ്ക്കുക, വീട്ടിൽ വിളിച്ചു ഭീതിപ്പെടുത്തുക തുടങ്ങി പലവിധ അക്രമങ്ങളാണ് അധ്യാപകർ വിദ്യാർത്ഥികളോട് കാണിക്കുന്നത്. ഇത് പലപ്പോഴും “മാതാ പിതാ ഗുരു ദൈവം” എന്ന ബ്രാഹ്മണ്യമനോഭാവത്തിന്റെ പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളും കുടുംബങ്ങളും നൽകുന്ന അധികാരത്തിന്റെ ബലത്തിലും സാമൂഹികമായി ലഭിച്ചിട്ടുള്ള അംഗീകാരത്തിന്റെ ഹുങ്കിലും ഒക്കെയാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ, വിദ്യാർത്ഥികളുടെ സുഹൃത്തുക്കളും സഹായികളും ആവേണ്ടവർ അവരുടെ കൊലയാളികളാകുന്ന അവസ്ഥയുണ്ടാവുന്നു.
മാത്രമല്ല, അധ്യാപകർക്ക് മാനസികാരോഗ്യ അവബോധം നൽകാൻ ലക്ഷ്യം വയ്ക്കുന്ന വീക്ഷണം ഇന്ത്യൻ വിദ്യാഭ്യാസ വ്യവസ്ഥയ്ക്ക് ഉണ്ടോ എന്ന് സംശയമാണ്. രാജ്യവ്യാപകമായിത്തന്നെ സ്‌കൂൾ/കോളേജ് കൗൺസിലർമാരെ നിയമിക്കുന്നതിൽ വലിയ വീഴ്ച സംഭവിക്കുന്നുണ്ട്. ഓരോ വിദ്യാർത്ഥിയേയും സവിശേഷമായി മനസ്സിലാക്കി കൈകാര്യം ചെയ്യാനുള്ള നൈപുണ്യവും കൗൺസിലർമാർക്കോ പൊതുവിൽ അധ്യാപകർക്കോ ഇല്ല.
എന്തുകൊണ്ട് അധ്യാപകർ ഇത്രയും അലസമായി വിദ്യാർത്ഥികളെ കൈകാര്യം ചെയ്യുന്നു എന്ന ചോദ്യത്തിൽ നിന്ന് നമുക്ക് ഈ പ്രശ്നത്തിന്റെ അടുത്ത പടിയിലേക്ക് കടക്കാൻ കഴിയും. ഇന്ത്യൻ വിദ്യാഭ്യാസ വ്യവസ്ഥ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നതാണ് ആ പ്രശ്നം. വളരെ ചെറിയ പ്രായം മുതൽ വലിയതോതിലുള്ള സമ്മർദ്ദമാണ് പഠനവുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ എത്തുന്നതോടെ അത് വീണ്ടും രൂക്ഷമാവുന്നു. വാസ്തവത്തിൽ പഠനം പൂർത്തിയാക്കി ഇറങ്ങുന്ന യുവാക്കൾക്ക് നൽകാനുംമാത്രം ജോലികൾ ഈ രാജ്യത്തില്ല. സർക്കാർ കണക്കുകൾ മാറ്റിവെച്ചാൽ, കടുത്ത തൊഴിലില്ലായ്മയിലൂടെയാണ് ഇന്ത്യൻ ജനത വർഷങ്ങളായി കടന്നുപോകുന്നത് എന്ന് കാണാനാകും. എന്തെങ്കിലും ജോലി കിട്ടാനുള്ള തത്രപ്പാടിലാണ് വിദ്യാർത്ഥികളും അവരുടെ കുടുംബങ്ങളും വിദ്യാഭ്യാസ രംഗത്ത് മുതൽമുടക്കുന്നത്. അവരെ എങ്ങനെയെങ്കിലും പരീക്ഷകളിൽ ജയിപ്പിക്കാൻ രാപ്പകൽ പണിയെടുക്കാൻ ചൂഷണം ചെയ്യപ്പെടുകയാണ് അധ്യാപകരും. സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകരോളം ചൂഷിതരായിട്ടുള്ള വിദ്യാസമ്പന്നരായിട്ടുള്ള വിഭാഗം മറ്റൊന്നുണ്ടാവില്ല. തുച്ഛമായ വേതനവും ഭീമമായ ജോലിഭാരവും. ഇതിന് ഇടയിൽ വിദ്യാർത്ഥികളുടെ ആരോഗ്യാവസ്ഥയേ പരിഗണിക്കുന്ന സമീപനം ലാഭക്കച്ചവടം അല്ലെന്നതാണ് വസ്തുത. അതിവേഗത്തിൽ പൂർണ്ണമായ സ്വകാര്യവൽക്കരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസരംഗം വിദ്യാർത്ഥി ആത്മഹത്യകളിൽ ഇനിയും വർദ്ധനവിന് സാക്ഷിയായാൽ അത്ഭുതപ്പെടേണ്ടതില്ല.
REPRESENTATIVE IMAGE | WIKI COMMONS
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അവസ്ഥയാണ് ഇന്ത്യയുടെ വിദ്യാഭ്യാസ വ്യവസ്ഥയിലും പ്രതിഫലിക്കുന്നത്. മുതലാളിമാർക്ക് ഭീമമായ ലാഭം ഉണ്ടാക്കാനും അവരുടെ കിട്ടാകടങ്ങൾ എഴുതിത്തള്ളാനും കാണിക്കുന്ന വ്യഗ്രത വിദ്യാർത്ഥികളുടെ കാര്യത്തിൽ ഇല്ല. മാത്രമല്ല എങ്ങനെ വിദ്യാർത്ഥികളെ ചൂഷണം ചെയ്തുകൊണ്ട് സ്വകാര്യകുത്തകകൾക്ക് ലാഭം ഉണ്ടാക്കികൊടുക്കാം എന്നും ഭരണകൂടം ശ്രമിക്കുന്നു. വിദ്യാഭ്യാസത്തിന്റെ ചിലവേറുന്നത് പരിഹരിക്കാൻ പല നിർദേശങ്ങളും മുന്നോട്ട് വയ്ക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിനെ ചെവിക്കൊള്ളാൻ ഭരണകൂടം തയ്യാറായിട്ടില്ല. വിവേചനം കൂടാതെ സാർവ്വത്രികമായി വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനു പകരം വിദ്യാഭ്യാസ ഉന്നമനത്തിനായുള്ള ബജറ്റ് നീക്കിയിരുപ്പ് കുറയ്ക്കുന്നതായി കാണാം. 2015-24 വരെ ഏറെക്കുറെ 4.1% മുതൽ 4.5% വരെയാണ് വിദ്യാഭ്യാസത്തിനായി വകയിരുത്തിയിരുന്നത്. ജിഡിപി-യുടെ 10% വിദ്യാഭ്യാസത്തിനായി മാറ്റി വയ്ക്കണം എന്ന ആവശ്യം ഭരണകൂടം വകവയ്ക്കുന്നില്ല.
ഇത് നിലവിലെ വിദ്യാഭ്യാസപരമായ ആവശ്യങ്ങളെ നിറവേറ്റാൻ പര്യാപ്തമല്ല. വിദ്യാർത്ഥികൾക്ക് നൽകേണ്ട സ്കോളർഷിപ്പുകൾ, ഫെല്ലോഷിപ്പ്, ഈ-ഗ്രാന്റ്സ് എന്നിവയും സ്ഥിരമായി മുടങ്ങുന്നു. മാത്രമല്ല, ഇതിന് പുറമേ സംസ്ഥാന-കേന്ദ്ര സർക്കാറുകൾക്ക് ലാഭം ഉണ്ടാക്കികൊടുക്കുന്ന പലനീക്കങ്ങളും സർവ്വകലാശാലകളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നുണ്ട്. വിദ്യാഭ്യാസത്തെ ഒരു കച്ചവടമേഖലയാക്കി ലാഭം ഉണ്ടാക്കാനാണ് തുടർന്നങ്ങോട്ട് ശ്രമിക്കാൻ പോകുന്നതും.
പരീക്ഷ ഫീസ്, മെസ്സ് ബില്ലുകൾ തുടങ്ങി അനേകം ചെലവുകൾ പൊതുവിദ്യാഭ്യാസത്തിൻകീഴിൽ പഠിക്കുന്നവർക്ക് തന്നെ വഹിക്കേണ്ടിവരുമ്പോൾ സ്വകാര്യസ്ഥാപനങ്ങളിൽ പഠിക്കുന്നവരുടെ കാര്യം വളരെ കഷ്ടമാണ്. ജോലി ചെയ്യുന്ന റോബോട്ടുകളെയാണ് ഇന്നത്തെ വ്യവസ്ഥിതിക്ക് ആവശ്യം. അതിനുവേണ്ടി വിദ്യാഭ്യാസ മേഖലയെ ഉടച്ചുവാർക്കുമ്പോൾ കൊഴിഞ്ഞുപോകുന്നവരാണ് ആത്മഹത്യയ്ക്ക് ഇരയാവുന്നവരിൽ ഏറെയും. വിദ്യാഭ്യാസ മേഖലയെ ശാസ്ത്രീയമായി പുനഃസംഘടിപ്പിച്ച് മുഴുവൻ വിദ്യാഭ്യാസവും സൗജന്യവും സാർവ്വത്രികവുമാക്കേണ്ടതുണ്ട്. അതല്ലാതെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരമാവില്ല.