
തെരഞ്ഞെടുപ്പ് ചിത്രം; തൃശൂര്‍ ലോക്സഭ മണ്ഡലം
(ഭാഗം 6)
തെരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ തുടങ്ങുന്നതിനും ഏറെമുന്നേ പ്രധാനമന്ത്രി നേരിട്ടെത്തി അനൗദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച മണ്ഡലമാണ് തൃശൂര്‍ ലോക്സഭ മണ്ഡലം. കേരളത്തിലെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലൊന്ന് തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ ആര് ജയിക്കും എന്നതാണ്. ശക്തമായ ത്രികോണ മത്സരം നടക്കും എന്ന കാര്യത്തില്‍ സംശയമില്ല. യുഡിഎഫിന് വേണ്ടി ടി എന്‍ പ്രതാപന്‍ വീണ്ടും മത്സരത്തിനിറങ്ങും എന്നാണ് എല്ലാവരും കരുതിയിരുന്നത്. പ്രതാപന്‍ പ്രചരണവും ആരംഭിച്ചതാണ്. എന്നാല്‍ അപ്രതീക്ഷിതമായി കെ മുരളീധരനാണ് തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരിക്കുന്നത്. എല്‍ഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത് ശക്തനായ എതിരാളി വി എസ് സുനില്‍ കുമാറിനെയാണ്. തൃശൂരെടുക്കാന്‍ 2019 ല്‍ നടത്തിയ ശ്രമം ഫലം കണ്ടില്ലെങ്കിലും വീണ്ടും പരീക്ഷണത്തിനിറങ്ങിയിരിക്കുകയാണ് സുരേഷ് ഗോപി.
രാഷ്ട്രീയ കൂറുമാറ്റം നടത്തിയ പത്മജ എഫക്ട് അവസാനനിമിഷം സ്റ്റീറിങ് കമ്മിറ്റിയില്‍ പ്രതിഫലിച്ചുവെന്ന് കാണണം. വടകര സിറ്റിംഗ് എംപിയും വടകരയില്‍ ഇത്തവണയും പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ഏറെ മുന്നോട്ടുപോയ കെ മുരളീധരനെ തൃശൂരില്‍ യുഡിഫ് സ്ഥാനാര്‍ഥിയാക്കിയത് അപ്രതീക്ഷിത ട്വിസ്റ്റ് ആയിരുന്നു. വര്‍ക്ക് അറ്റ് ഹോം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നു എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്ന പത്മജയുടെ തൃശൂരിലെ സ്വാധീനത്തെ നിലവില്‍ 93,000 വോട്ടിന്റെ ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ് ശരിക്കും ഭയന്നിട്ടാണോ സഹോദരന്‍ കെ മുരളീധരനെ കൊണ്ടുവന്നിട്ടുള്ളത് എന്ന ചോദ്യം ഉയരുന്നുണ്ട്. ഇങ്ങനെ ഒരു മണ്ഡലമാറ്റം തൃശൂര്‍ 2014 ലും കണ്ടതാണ്. ചാലക്കുടി സിറ്റിംഗ് എംപി കെപി ധനപാലനും പിസി ചാക്കോയും തമ്മിലുള്ള മണ്ഡലമാറ്റ ധാരണയില്‍ രണ്ടു സീറ്റും കോണ്‍ഗ്രസിന് നഷ്ടമാണ് ഉണ്ടാക്കിയത്. കേരളത്തില്‍ യുഡിഫ് എംപിമാര്‍ ഏറ്റവും ആദ്യം പ്രചരണരംഗത്തിറങ്ങിയ രണ്ടു മണ്ഡലങ്ങളാണ് വടകരയും തൃശൂരും. ചുവരെഴുത്തുകള്‍ വരെ പൂര്‍ത്തീകരിച്ച മണ്ഡലമാണ് തൃശൂര്‍. അവിടെയാണ് ഈ യുഡിഎഫ് ട്വിസ്റ്റ് സംഭവിച്ചിരിക്കുന്നത്. കെ മുരളീധരന്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്നതിനായി കാത്തിരിക്കുന്നു എന്നാണ് പ്രതാപനടക്കമുള്ള കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. കരുണാകരന്‍ കണ്ണൂരില്‍ നിന്നും തൃശൂര്‍ വന്നിറങ്ങിയതിനു ശേഷമാണ് രാഷ്ട്രീയ കേരളം കണ്ട ലീഡര്‍ ആയി പരിണമിച്ചത്. മുരളീധരന് കോഴിക്കോട് പോലെ തന്നെ സ്വന്തമെന്നു പറയാവുന്ന മണ്ഡലമാണ് തൃശൂര്‍ ലോക്സഭ മണ്ഡലവും. ഒരു മണ്ഡലത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന നേതാവല്ല മുരളീധരന്‍. കേരളത്തില്‍ മുഴുവന്‍ വലിയ സ്വീകാര്യത അദ്ദേഹത്തിനുണ്ട്.പത്മജ വേണുഗോപാൽ | PHOTO: WIKICOMMONS
തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ 2004 ല്‍ മുരളീധരനെ എ സി മൊയ്തീന്‍ പരാജയപ്പെടുത്തിയിട്ടുണ്ട്. കെ കരുണാകരനും വി വി രാഘവനോട് ലോക്സഭ മല്‍സരത്തില്‍ തൃശൂരില്‍ പരാജയപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ബിജെപിയിലുള്ള സഹോദരി പത്മജ വേണുഗോപാലും തൃശൂരില്‍ യുഡിഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടിട്ടുള്ളതാണ്. ഇതിനെയെല്ലാം മറികടക്കുന്ന ഒരു പൊളിറ്റിക്കല്‍ വില്‍ പവര്‍ ഉള്ള നേതാവാണ് ഇന്നത്തെ കെ മുരളീധരന്‍. ഏതവസ്ഥയിലും നിര്‍ജീവമായ കോണ്‍ഗ്രസ് സംഘടനാശക്തിയെ പുനരുജ്ജീവിപ്പിക്കുന്ന തരത്തിലുള്ള ഒരു ലീഡർഷിപ് ക്വാളിറ്റി ഉള്ള നേതാവാണദ്ദേഹം. അത് നേമത്തും വടകരയിലും കേരളം കണ്ടതാണ്.
മോദി കി ഗ്യാരണ്ടി
2019 ല്‍ വളരെ വൈകി മാത്രമാണ് തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായത്. ആ തെരഞ്ഞെടുപ്പില്‍ 17.07 % ത്തോളം വോട്ട് വിഹിതം ഒറ്റയടിക്ക് വര്‍ധിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അതോടെയാണ് തൃശൂര്‍ ലോക്സഭ മണ്ഡലം കേരളത്തില്‍ ബിജെപിക്ക് വിജയപ്രതീക്ഷ നല്‍കിത്തുടങ്ങിയത്. അതിനുശേഷം ബിജെപി കേന്ദ്ര നേതൃത്വം കൃത്യമായ പ്ലാനുകള്‍ ആണ് തൃശൂര്‍ പിടിക്കുന്നതിനായി ആസൂത്രണം ചെയ്ത് വെച്ചിട്ടുള്ളത്. രാജ്യസഭ എംപി എന്ന നിലയില്‍ തൃശൂര്‍ മണ്ഡലം കേന്ദ്രീകരിച്ച് സുരേഷ് ഗോപി നടത്തിയ പ്രവര്‍ത്തനങ്ങളും, വാര്‍ത്താ പ്രാധാന്യമുള്ള നിലപാടുകളും മണ്ഡലത്തില്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കി. രാജ്യസഭാ കാലാവധി തീര്‍ന്നത് മുതല്‍ തൃശൂര്‍ കേന്ദ്രീകരിച്ചുള്ള തുടര്‍പ്രവര്‍ത്തനങ്ങളാണ് സുരേഷ് ഗോപി നടത്തിയിരുന്നത്. ഓണപ്പുടവ വിതരണവും വിഷുകൈനീട്ടവും, പുനപ്രതിഷ്ഠ ചടങ്ങുകളും മാര്‍ക്കറ്റില്‍ നിന്നും മീന്‍ വാങ്ങലുമൊക്കെയായി സുരേഷ് ഗോപിയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ തൃശൂരിനെ അങ്ങ് എടുക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ എ ക്ലാസ്സ് മണ്ഡലമായ തൃശൂരില്‍ പ്രധാനമന്ത്രി നേരിട്ടെത്തിയാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. ആ നീക്കം വെറുതെയല്ല, തൃശൂര്‍ എടുക്കാന്‍ തന്നെയാണെന്നാണ് ബിജെപി ക്യാമ്പില്‍ നിന്നുയരുന്ന ആവേശം. ഈ വര്‍ഷം ജനുവരി മൂന്നിനാണ് ആദ്യം പ്രധാനമന്ത്രി തൃശൂരിലെത്തിയത്. ബിജെപി സംഘടിപ്പിച്ച വനിതാ സംഗമത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു ആ സന്ദര്‍ശനം. രണ്ടുലക്ഷം സ്ത്രീകളാണ് ആ ചടങ്ങില്‍ പങ്കെടുത്തത് എന്നാണ് ബിജെപിയുടെ അവകാശവാദം. തുറന്ന വാഹനത്തില്‍ സുരേഷ് ഗോപിയെ കയറ്റിക്കൊണ്ടുള്ള അന്നത്തെ റോഡ് ഷോ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയുള്ള ശക്തി പ്രകടനം തന്നെയായിരുന്നു. രണ്ടാമതെത്തിയത് രണ്ടാഴ്ചയ്ക്ക് ശേഷം നിയുക്ത സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍. സുരേഷ് ഗോപി എന്ന വ്യക്തിയോടും താരത്തോടുമുള്ള വ്യക്തിബന്ധം കൊണ്ടല്ല പ്രധാനമന്ത്രി ആ വിവാഹത്തില്‍ പങ്കെടുത്തതെന്നും അതൊരു തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണ് എന്ന് കരുതുന്നവരും കുറവല്ല. തൃശൂരിന് ഒരു കേന്ദ്ര മന്ത്രി മോദിയുടെ ഗ്യാരന്റി - എന്ന സന്ദേശമാണ് ഈ നടപടികളിലൂടെ മോദി നല്‍കിയതെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആണയിടുന്നു.നരേന്ദ്ര മോദി | PHOTO: FACEBOOK
മണ്ഡല ചരിത്രം
1951 മുതല്‍ 2019 വരെ നടന്ന പൊതുതെരഞ്ഞെടുപ്പുകള്‍ പരിശോധിക്കുമ്പോള്‍ തൃശൂര്‍ ലോക്സഭ മണ്ഡലം പത്തുതവണ തുണച്ചത് ഇടുപക്ഷത്തെയാണ്. ഏഴുതവണ കോണ്‍ഗ്രസ് പ്രതിനിധികളും തൃശൂരില്‍ നിന്ന് ലോക്സഭയിലെത്തി. 1957 ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പിലാണ് തൃശൂര്‍ ആദ്യമായി ചുവന്നത്. കെ കൃഷ്ണ വാര്യരിലൂടെയായിരുന്നു അത്. പിന്നീട് 1962, 1967,1971, 1996,1998, 2004 എന്നീ വര്‍ഷങ്ങളില്‍ നടന്ന പൊതുതെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി തന്നെയാണ് വിജയിച്ചത്. സി കെ ചന്ദ്രപ്പനെയും വി വി രാഘവനെയും പോലുള്ള സിപിഐ നേതാക്കളെ ലോക്‌സഭയിലേക്കയച്ച തൃശൂര്‍ മണ്ഡലം നിലവില്‍ ഇടതുമുന്നണിയില്‍ സിപിഐ മത്സരിക്കുന്ന ഒരു മണ്ഡലമാണ്.
ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് എന്നീ ഏഴ് നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് തൃശൂര്‍ ലോക്സഭ മണ്ഡലം. 2021 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ ഏഴു മണ്ഡലങ്ങളിലും വിജയിച്ചത് ഇടതുപക്ഷമാണ്. ഒല്ലൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന റവന്യൂ മിനിസ്റ്റര്‍ കെ രാജനും ഇരിങ്ങാലക്കുട മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ബിന്ദുവുമായിരിക്കും ഇത്തവണ തൃശൂര്‍ ലോക്‌സഭ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം 2009 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പിസി ചാക്കോ എല്‍ഡിഎഫിന്റെ സിഎന്‍ ജയദേവനെ 25,151 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. എന്നാല്‍ 2014 ല്‍ സി എന്‍ ജയദേവന്‍ തന്നെ മണ്ഡലം തിരിച്ചുപിടിച്ചു. യുഡിഎഫിന് വേണ്ടി അന്ന് കളത്തിലിറങ്ങിയത് ചാലക്കുടി സിറ്റിംഗ് എംപി യായിരുന്ന കെപി ധനപാലനാണ്. 42.33% വോട്ട് വിഹിതത്തോടെ 38,227 വോട്ടിന്റെ ഭൂരിപക്ഷമാണ് ജയദേവന് അന്ന് ലഭിച്ചത്. അന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെപി ശ്രീശന്‍ നേടിയത് 1,02,681 വോട്ടുകളാണ്.
2019 ല്‍ തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ നടന്ന പൊതുതെരഞ്ഞെടുപ്പ് ശ്രദ്ധിക്കപ്പെട്ടത് സുരേഷ് ഗോപി എന്ന സിനിമാ താരം ബിജെപി ക്ക് വേണ്ടി കളത്തിലിറങ്ങിയതുകൊണ്ട് കൂടിയാണ്. ശബരിമല വിഷയം കത്തിനിന്ന ആ തെരഞ്ഞെടുപ്പില്‍ അതിന്റെ ഗുണഫലങ്ങള്‍ മുഴുവന്‍ സുരേഷ് ഗോപിക്ക് സ്വരൂപിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും 2019 ല്‍ താരതമ്യേന മികച്ച പ്രകടനമാണ് തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ സുരേഷ് ഗോപി നടത്തിയത്. 2,93,822 വോട്ടുകളാണ് 2019 ല്‍ ബിജെപി നേടിയത്. 2014 ല്‍ ബിജെപി നേടിയതിനേക്കാള്‍ 1,02,681 വോട്ടുകളുടെ വര്‍ധനവ് തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ അന്നുണ്ടായി. 2014 ലെ NDA മുന്നണി നേടിയ 11.01% ല്‍ നിന്നും 2019 ലെത്തുമ്പോള്‍ 28.24 % ആയി ഉയര്‍ത്താന്‍ സുരേഷ് ഗോപിക്കായി. എന്നാല്‍ അതിനുശേഷം 2021 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നും മത്സരിച്ചപ്പോഴും സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് തന്നെയായിരുന്നു. അന്ന് തൃശൂര്‍ പിടിച്ചത് സിപിഐയുടെ പി ബാലചന്ദ്രനാണ്. രണ്ടാമതെത്തിയത് കോണ്‍ഗ്രസിന്റെ പത്മജ വേണുഗോപാലും. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകള്‍ കൂടിയായ പത്മജ 2024 ലോക്‌സഭ തെരഞ്ഞെടുപ്പെത്തിയപ്പോഴേക്കും ബിജെപിയിലെത്തിയിട്ടുണ്ട്. ബിജെപി പത്മജയ്ക്ക് നല്‍കിയ വാഗ്ദാനം ഒന്നുകില്‍ ചാലക്കുടി ലോക്‌സഭ മണ്ഡലം, അല്ലെങ്കില്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും ഒരു സീറ്റ്. സുരേഷ് ഗോപിക്ക് വേണ്ടി ഇക്കുറി പത്മജ പ്രചാരണത്തിനിറങ്ങുമോ എന്നും കണ്ടറിയണം. സുരേഷ് ഗോപി | PHOTO: FACEBOOK
2019 ലെ ലോക്‌സഭ മത്സരത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപന്‍ 39.89% വോട്ട് വിഹിതത്തോടെ ആകെ 4,15,089 വോട്ടുകള്‍ നേടി തൃശൂര്‍ എല്‍ഡിഎഫില്‍ നിന്നും തിരിച്ചുപിടിച്ചു. രാജാജി മാത്യൂ തോമസായിരുന്നു എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. 30. 89% വോട്ട് വിഹിതത്തോടെ അദ്ദേഹം നേടിയത് 3,21,456 വോട്ടുകള്‍ മാത്രമാണ്. 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 11.44% വോട്ട് വിഹിതത്തിന്റെ കുറവാണ് 2019 ല്‍ എല്‍ഡിഎഫിനുണ്ടായത്. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്‍തൂക്കം നേടിയ ഏഴു മണ്ഡലങ്ങളിലും കൃത്യമായ മുന്നേറ്റമുണ്ടാക്കാന്‍ പ്രതാപന് കഴിഞ്ഞു. രാഹുല്‍ എഫക്റ്റും ശബരിമല വിഷയവും സംസ്ഥാനത്തുണ്ടാക്കിയ യുഡിഎഫ് അനുകൂല ട്രെന്‍ഡില്‍ ടിഎന്‍ പ്രതാപന്‍ കഴിഞ്ഞതവണ നേടിയ 93,633 വോട്ടിന്റെ കൂറ്റന്‍ ഭൂരിപക്ഷം മറികടക്കാന്‍ എതിരാളികള്‍ക്ക് സാധിക്കുമോ എന്ന ചോദ്യമാണ് തൃശൂരിലെ പോരാട്ടത്തെ പ്രസക്തമാക്കുന്നത്.
ഇനിയൊരു ലോക്‌സഭയിലേക്ക് മത്സരത്തിനില്ലെന്ന പ്രതാപന്റെ തുറന്നുപറച്ചില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചെങ്കിലും വിജയസാധ്യത പ്രതാപന് തന്നെയെന്ന വിലയിരുത്തലില്‍ തന്നെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി പ്രതാപന്‍ തന്നെ സ്ഥാനാര്‍ത്ഥി എന്ന തീരുമാനം എടുത്തിരുന്നത്. മണ്ഡലത്തിലെ വികസന കാര്യങ്ങളും സഭയിലുന്നയിച്ച ചോദ്യങ്ങളും മോദിക്കെതിരെ നടത്തിയ ഇടപെടലുകളുമെല്ലാം നിരത്തിക്കൊണ്ട് പ്രതാപന്‍ ശക്തമായ പ്രചാരണവും ആരംഭിച്ചിരുന്നു. മണ്ഡലത്തില്‍ സ്‌നേഹജാഥ എന്ന പേരില്‍ ഒരു കാല്‍നട ജാഥ നടത്തുകയും ചുവരെഴുത്തുവരെ പൂര്‍ത്തിയാകുകയും ചെയ്ത സമയത്താണ് പ്രതാപനല്ല മുരളീധരനാണ് സ്ഥാനാര്‍ത്ഥി എന്ന വാര്‍ത്ത പുറത്തുവന്നത്.
7 തവണ എംഎല്‍എയും സിറ്റിംഗ് എംപിയുമായ പ്രതാപന് മണ്ഡലത്തിലെ ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം വളരെ വലുതാണ്. സാമുദായിക വോട്ടുകള്‍ നിലനിര്‍ത്താനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളും പ്രതാപന്റെ ഭാഗത്തുനിന്നും ഉണ്ടാവാറുണ്ട്. ഗുരുവായൂര്‍, നാട്ടിക, മണലൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലെ നിര്‍ണായകമായ മുസ്ലീം വോട്ടുകള്‍ കഴിഞ്ഞതവണ പ്രതാപനൊപ്പമായിരുന്നു. കൂടാതെ തീരദേശത്തുള്ള ധീവര, മുസ്ലീം വോട്ടുകളും പരമ്പരാഗതമായി പ്രതാപനോടൊപ്പമാണ് നിലകൊണ്ടിട്ടുള്ളത്. ഈ വോട്ട് ഭിന്നിപ്പിക്കുന്നതിനായാണ് തീവ്ര നിലപാടുള്ള മുസ്ലീം സംഘടനകളുമായിട്ടാണ് ടിഎന്‍ പ്രതാപന്റെ ബന്ധം എന്ന ബിജെപിയുടെ പ്രചരണം. ഇത് മണ്ഡലത്തിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ മുന്നിൽകണ്ടുള്ള ബിജെപിയുടെ പ്രചാരണമാണ് എന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. പ്രതാപനനുകൂലമായ വോട്ടുകളും 2019 ല്‍ അദ്ദേഹം നടത്തിയ പ്രകടനവും ഇത്തവണ മുരളീധരനെയും തുണയ്ക്കുമെന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. ടിഎന്‍ പ്രതാപന്‍ | PHOTO: WIKI COMMONS
വി എസ് സുനില്‍ കുമാര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തൃശൂരില്‍ ലഭിച്ച ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥിയാണ്. അദ്ദേഹവും പ്രചരണരംഗത്ത് സജീവമായിട്ടുണ്ട്. ജനകീയനായ എംഎല്‍എ ആയും മന്ത്രിയായും തിളങ്ങിയിട്ടുള്ള അദ്ദേഹത്തിന്റെ ക്ലീന്‍ ഇമേജ് തൃശൂരില്‍ ഇത്തവണ വലിയ ഘടകമാകും. എന്നാല്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് തൃശൂരില്‍ ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിക്കൊണ്ട് കരുവന്നൂര്‍ വിഷയത്തില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ എന്തെങ്കിലും നീക്കങ്ങള്‍ നടത്താതിരിക്കില്ല.
ജില്ലയിലെ ഇടതുപക്ഷത്തിന്റെ കരുത്തുറ്റ സംഘടനാ ശക്തിയെ ചലിപ്പിക്കാന്‍ പറ്റിയ ഒരു ലീഡര്‍ തന്നെയാണ് വി എസ് സുനില്‍കുമാര്‍. മത്സരരംഗത്ത് ഇതുവരെ പരാജയം അറിയാത്ത ഒരു നേതാവ് കൂടിയാണ് അദ്ദേഹം. തൃശൂരില്‍ നിര്‍ണായകമാകുന്ന ക്രിസ്ത്യന്‍ സഭ നേതൃത്വവുമായി നല്ല ബന്ധം പുലര്‍ത്തുന്നയാള്‍. ഈഴവ വോട്ടര്‍മാര്‍ക്കും നിര്‍ണായക സ്വാധീനമുള്ള തൃശൂര്‍ മണ്ഡലത്തില്‍ BDJS ഒരു നിര്‍ണായക സഖ്യകക്ഷി തന്നെയാണ് പക്ഷേ ഇതെല്ലാം വി എസ് സുനില്‍കുമാര്‍ എന്ന ജനകീയനില്‍ തട്ടി വീഴുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ.
(തുടരും)